ഒന്ന്: ഈമാനും (വിശ്വാസം) സൽകർമ്മങ്ങളും
കുടുംബ സന്തോഷത്തിന്റെ കാരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണമുണ്ട്. അത് എല്ലാ സന്തോഷത്തിന്റെയും അടിസ്ഥാനവും, സത്തും, ആത്മാവുമാണ്. അത് ജീവിതത്തിന്റെ രഹസ്യമാണ്, സമാധാനത്തിന്റെ രഹസ്യമാണ്, മനഃശാന്തിയുടെ രഹസ്യമാണ്. ആർക്കത് ലഭിച്ചുവോ അവന് ധാരാളം നന്മകൾ ലഭിച്ചു. അല്ലാഹുവിന്റെ അടിമകളേ, അത് മറ്റൊന്നുമല്ല: കുടുംബത്തിലെ ഓരോ അംഗവും ഈമാൻ സാക്ഷാത്കരിക്കാനും സൽകർമ്മങ്ങൾ ചെയ്യാനും പരിശ്രമിക്കുക എന്നതാണ്.
സന്തുഷ്ട ജീവിതം അല്ലാഹുവിന്റെ വാഗ്ദാനം
തീർച്ചയായും, അതാണ് സന്തുഷ്ട ജീവിതത്തിന്റെ അടിസ്ഥാനം. അല്ലാഹു പറയുന്നു:
مَنْ عَمِلَ صَـٰلِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُۥ حَيَوٰةً طَيِّبَةً ۖ وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُوا۟ يَعْمَلُونَ
ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്ന പക്ഷം തീര്‍ച്ചയായും ആ വ്യക്തിക്ക് ഒരു നല്ല ജീവിതം നാം നല്‍കുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസരിച്ച് അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും. (ഖുർആൻ:16/97)
ഇതൊരു നിബന്ധനയാണ്. ആരാണിത് നിബന്ധന വെക്കുന്നത്? ലോകരക്ഷിതാവായ അല്ലാഹു. എന്താണ് ആ നിബന്ധന? “സൽകർമ്മം പ്രവർത്തിക്കുക”. എന്താണ് സൽകർമ്മം? സൽകർമ്മം എന്നാൽ അതിന്റെ പ്രവർത്തകൻ രണ്ട് ചിറകുകളോടെ പറക്കുന്നതാണ്:
ഒന്ന്, അല്ലാഹുവിനോടുള്ള ഇഖ്‌ലാസ് (നിഷ്കളങ്കത). അവൻ തന്റെ കർമ്മത്തിൽ അല്ലാഹുവിന് നിഷ്കളങ്കനായിരുന്നു.
രണ്ട്, അല്ലാഹുവിന്റെ റസൂൽ ﷺ യോടുള്ള പിൻപറ്റൽ. ആ കർമ്മം അല്ലാഹുവിന്റെ ഗ്രന്ഥത്തിലോ അല്ലാഹുവിന്റെ റസൂൽ ﷺ യുടെ സുന്നത്തിലോ കൽപ്പിക്കപ്പെട്ടതായിരിക്കണം. ഇതാണ് സൽകർമ്മം.
{ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്ന പക്ഷം} അങ്ങനെ ഈമാനും അതോടൊപ്പമുള്ള സൽകർമ്മവും യാഥാർത്ഥ്യമാക്കിയാൽ, എന്താണ് നിബന്ധനയുടെ മറുപടി? എന്താണ് അതിനുള്ള പ്രതിഫലം? {തീര്‍ച്ചയായും ആ വ്യക്തിക്ക് ഒരു നല്ല ജീവിതം നാം നല്‍കുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസരിച്ച് അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും.}
അല്ലാഹു ഒരാൾക്ക് നല്ല ജീവിതം നൽകുന്നുവെങ്കിൽ, ആരാണ് അവന്റെ ജീവിതം ദുരിതപൂർണ്ണമാക്കുക? കാര്യങ്ങളുടെയെല്ലാം നിയന്ത്രണം കയ്യിലുള്ള അല്ലാഹു അവന്റെ ജീവിതം നല്ലതാക്കിയിട്ടുണ്ടെങ്കിൽ, ആർക്കാണ് അവന്റെ ജീവിതം ദുരിതപൂർണ്ണമാക്കാൻ കഴിയുക? മനുഷ്യരും ജിന്നുകളും ഒരുമിച്ച് അവന്റെ ജീവിതം ദുരിതപൂർണ്ണമാക്കാൻ ശ്രമിച്ചാലും, അവന്റെ നല്ല ജീവിതത്തിൽ ഒരു മാറ്റവും വരുത്താൻ അവർക്ക് കഴിയില്ല. കാരണം, അവന്റെ ജീവിതം നല്ലതാക്കിയത് അല്ലാഹുവാണ്.
ഹൃദയത്തിന്റെ സമാധാനം
ഇഹത്തിലും പരത്തിലും അല്ലാഹു അവന് ഏറ്റവും നല്ല പ്രതിഫലം നൽകുന്നു. ദുൻയാവിൽ അവന്റെ ജീവിതം നല്ലതാക്കിക്കൊണ്ടും, പരലോകത്ത് സ്വർഗ്ഗാവകാശിയാക്കിക്കൊണ്ടും. ഇത് അല്ലാഹുവിന്റെ വാഗ്ദാനമാണ്.
അല്ലാഹു ആർക്ക് നല്ല ജീവിതം നൽകുന്നുവോ, അവന് അല്ലാഹു സംതൃപ്തി നൽകും. അങ്ങനെ ലഭിക്കുന്ന നന്മയിൽ അവൻ സംതൃപ്തനാകും. അല്ലാഹു അവന് മനഃസമാധാനം നൽകും. അങ്ങനെ സന്തോഷം അവന്റെ ഹൃദയത്തിൽ കുടികൊള്ളുകയും, വീട്ടിൽ വ്യാപിക്കുകയും, ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കുകയും ചെയ്യും. അവന്റെ വീട്ടിലും കുടുംബത്തിലും സന്തോഷം കണ്ടാൽ അവൻ നന്ദി കാണിക്കും, ചുറ്റുമുള്ളവർക്ക് നന്മകൊണ്ട് പ്രതിഫലം നൽകും. ഇനി കുടുംബത്തിലും ചുറ്റുമുള്ളവരിലും പ്രയാസം കണ്ടാൽ അവൻ ക്ഷമിക്കുകയും, കുടുംബത്തിൽ നിന്ന് തെറ്റ് ചെയ്തവരോട് വിട്ടുവീഴ്ച ചെയ്യുകയും ചെയ്യും. ഇത് സത്യവിശ്വാസിക്കല്ലാതെ മറ്റാർക്കുമില്ല. നബി ﷺ പറയുന്നു:
عَجَبًا لِأَمْرِ الْمُؤْمِنِ، إِنَّ أَمْرَهُ كُلَّهُ لَهُ خَيْرٌ! إِنْ أَصَابَتْهُ سَرَّاءُ شَكَرَ؛ فَكَانَ خَيْرًا لَهُ، وَإِنْ أَصَابَتْهُ ضَرَّاءُ صَبَرَ؛ فَكَانَ خَيْرًا لَهُ، وَلَيْسَ ذَلِكَ إِلَّا لِلْمُؤْمِنِ.
സത്യവിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ! അവന്റെ എല്ലാ കാര്യങ്ങളും അവന് നന്മയാണ്. അവനൊരു സന്തോഷം ലഭിച്ചാൽ അവൻ നന്ദി കാണിക്കും, അതവന് നന്മയായി ഭവിക്കും. അവനൊരു പ്രയാസം നേരിട്ടാൽ അവൻ ക്ഷമിക്കും, അതും അവന് നന്മയായി ഭവിക്കും. ഇത് സത്യവിശ്വാസിക്കല്ലാതെ മറ്റാർക്കുമില്ല. (മുസ്‌ലിം:2999)
അതിനാൽ, ആർ ഈമാൻ യാഥാർത്ഥ്യമാക്കുന്നുവോ, അവന് ഈ മഹത്തായ കാര്യത്തിൽ സന്തോഷം കൈവരുന്നു.
ഇബ്നുൽ ഖയ്യിം رَحِمَهُ الله പറഞ്ഞു: “ഹൃദയത്തിൽ ഒരു ചിതറിയ അവസ്ഥയുണ്ട്, അല്ലാഹുവിലേക്ക് മുന്നിടുന്നത് കൊണ്ടല്ലാതെ അത് ഒരുമിച്ചു കൂട്ടാനാവില്ല. അതിൽ ഒരു ഏകാന്തതയുണ്ട്, അല്ലാഹുവുമായുള്ള അടുപ്പം കൊണ്ടല്ലാതെ അത് നീക്കാനാവില്ല. അതിൽ ഒരു ദുഃഖമുണ്ട്, അല്ലാഹുവിനെക്കുറിച്ചുള്ള അറിവും അവനുമായുള്ള ഇടപാടുകളിലെ സത്യസന്ധതയും കൊണ്ടുള്ള സന്തോഷത്തിനല്ലാതെ അത് ഇല്ലാതാക്കാനാവില്ല. അതിൽ ഒരു അസ്വസ്ഥതയുണ്ട്, അവനിലേക്ക് ഒരുമിച്ചുകൂടുന്നതിനും അവനിലേക്ക് ഓടിയടുക്കുന്നതിനും അല്ലാതെ അത് ശമിപ്പിക്കാനാവില്ല. അതിൽ ഖേദത്തിന്റെ തീനാളങ്ങളുണ്ട്, അവന്റെ കൽപ്പനയിലും വിധിയിലുമുള്ള തൃപ്തിയും, അവനെ കണ്ടുമുട്ടുന്ന സമയം വരെ അതിൽ ക്ഷമയോടെ മുറുകെ പിടിക്കുന്നതും കൊണ്ടല്ലാതെ അത് അണക്കാനാവില്ല. അതിൽ ഒരു ദാരിദ്ര്യമുണ്ട്, അവനെ സ്നേഹിക്കുന്നതും, അവനിലേക്ക് ഖേദിച്ചുമടങ്ങുന്നതും, അവനെ നിരന്തരം സ്മരിക്കുന്നതും, അവനോടുള്ള നിഷ്കളങ്കതയും കൊണ്ടല്ലാതെ അത് നികത്താനാവില്ല. ദുൻയാവും അതിലുള്ളതും നൽകപ്പെട്ടാലും ആ ദാരിദ്രയം ഒരിക്കലും നികത്തപ്പെടുകയില്ല.” (മദാരിജുസ്സാലികീൻ :3/156)
അതിനാൽ, ഹൃദയത്തെ അസ്വസ്ഥമാക്കുകയും വിഷമിപ്പിക്കുകയും, അതിന്റെ തെളിമ നഷ്ടപ്പെടുത്തുകയും ചെയ്യുന്ന കാര്യങ്ങൾ ഇല്ലാതാക്കുന്നത് സൽകർമ്മങ്ങളുമായി അല്ലാഹുവിലേക്ക് മുന്നിടലാണ്.
രണ്ട്: ദീനിന്റെ അടിസ്ഥാനത്തിൽ ഇണകളെ തിരഞ്ഞെടുക്കൽ
കുടുംബ സന്തോഷത്തിലെ ഈ അടിസ്ഥാന തത്വവുമായി (ഈമാനും സൽകർമ്മങ്ങളും) ബന്ധപ്പെട്ട ഒരു കാര്യമാണ്, ജീവിതം പങ്കുവെക്കുന്ന ഇണയെ തിരഞ്ഞെടുക്കുമ്പോൾ മനുഷ്യന് ആവശ്യമായ മറ്റു കാര്യങ്ങളെ അവഗണിക്കാതെ, ദീൻ (മതബോധം) അടിസ്ഥാനമാക്കുക എന്നത്. നബി ﷺ നമ്മെ നയിച്ചത് ഈ കാര്യത്തിലേക്കാണ്.
ഭക്തയായ സ്ത്രീയെ തിരഞ്ഞെടുക്കുക
നബി ﷺ പറയുന്നു:
تُنْكَحُ امْرَأَةِ لِأَرْبَعِ : لِمَالِهَا وَلِحَسَبِهَا وَلِجَمَالِهَا ولِدِينِهَا، فَاغْفَرْ بِذَاتِ الدِّينِ تَرِبَتْ يَدَاكَ.
ഒരു സ്ത്രീ നാല് കാര്യങ്ങൾക്കായി വിവാഹം ചെയ്യപ്പെടുന്നു: അവളുടെ സമ്പത്ത്, അവളുടെ തറവാട്, അവളുടെ സൗന്ദര്യം, അവളുടെ ദീൻ. അതിനാൽ നീ ദീനുള്ളവളെ തിരഞ്ഞെടുത്ത് വിജയിക്കുക. (അല്ലാത്തപക്ഷം) നിന്റെ കൈകളിൽ മണ്ണ് പുരളട്ടെ. (ബുഖാരി :5090, മുസ്‌ലിം :1466)
ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നതിലെ പരിഗണനകൾ അവളുടെ സമ്പത്തും, സൗന്ദര്യവും, തറവാടും, ദീനുമാണെന്ന് നബി ﷺ അറിയിച്ചു. എന്നാൽ വിജയിച്ചവൻ ദീനുള്ളവളെ നേടിയവനാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു കവി എത്ര മനോഹരമായി പറഞ്ഞിരിക്കുന്നു:
ഒരു പെൺകുട്ടിയുടെ മഹത്വം അവളുടെ സമ്പത്തിലോ സൗന്ദര്യത്തിലോ അല്ല, അതുമല്ല, പിതാക്കന്മാരുടെ മഹിമയിലുമല്ല. മറിച്ച്, അവളുടെ ചാരിത്ര്യത്തിലും, പരിശുദ്ധിയിലുമാണ്, ഭർത്താവിനും മക്കൾക്കുമുള്ള അവളുടെ നന്മയിലുമാണ്. അവളുടെ വീട്ടുജോലികൾ നിർവഹിക്കുന്നതിലും, സന്തോഷത്തിലും സന്താപത്തിലും നിന്നെ പരിപാലിക്കുന്നതിലുമാണ്. അറിയില്ലെനിക്ക്, ഈ നീലാകാശത്തിന് കീഴിൽ ഇത്തരം പെൺകുട്ടികളെ എവിടെയാണ് കണ്ടെത്താനാവുക?! തീർച്ചയായും, അവർ സ്വർണ്ണം കൊടുത്തും, നിധികൾ കൊടുത്തും അന്വേഷിക്കേണ്ട പെൺകുട്ടികളാണ്.
ഭക്തനായ പുരുഷനെ തിരഞ്ഞെടുക്കുക
നബി ﷺ പറയുന്നു:
إِذَا أَتَاكُمْ مَنْ تَرْضَوْنَ دِينَهُ وَخُلُقَهُ، فَزَوِّجُوهُ، إِلَّا تَفْعَلُوهُ، تَكُنْ فِتْنَةٌ فِي الْأَرْضِ، وَفَسَادٌ عَرِيضُ.
നിങ്ങൾ തൃപ്തിപ്പെടുന്ന ദീനും സ്വഭാവവുമുള്ള ഒരാൾ (വിവാഹാന്വേഷണവുമായി) നിങ്ങളെ സമീപിച്ചാൽ, നിങ്ങൾ അവന് വിവാഹം കഴിപ്പിച്ചു കൊടുക്കുക. അപ്രകാരം ചെയ്യുന്നില്ലെങ്കിൽ ഭൂമിയിൽ ഫിത്നയും (കുഴപ്പവും) വലിയ നാശവും ഉണ്ടാകും.” (തിർമിദി :1085, ബൈഹഖി :827. തിർമിദി ‘ഹസൻ ഗരീബ്’ എന്ന് പറഞ്ഞു. അൽബാനി മറ്റു റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇത് ‘ഹസൻ’ ആണെന്ന് വിലയിരുത്തി.)
ഭർത്താവിനെ തിരഞ്ഞെടുക്കുന്നത് അവന്റെ ദീനിന്റെയും സ്വഭാവത്തിന്റെയും അടിസ്ഥാനത്തിലായിരിക്കണമെന്ന് നബി ﷺ പഠിപ്പിച്ചു. ഫിത്നകളെ തടയുന്നതിനും, ഭൂമിയെയും വീടുകളെയും നന്നാക്കുന്നതിനും ഏറ്റവും മഹത്തായ മാർഗ്ഗം ഇതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
നബി ﷺ പറഞ്ഞു:
تَزَوَّجُوا الْوَدُودَ الْوَلُودَ؛ فَإِنِي مُكَاثِرٌ بِكُمُ الْأُمَمَ.
നിങ്ങൾ സ്നേഹിക്കുന്നവളെയും ധാരാളം പ്രസവിക്കുന്നവളെയും വിവാഹം ചെയ്യുക. നിശ്ചയം, മറ്റു സമുദായങ്ങൾക്ക് മുന്നിൽ നിങ്ങളുടെ എണ്ണക്കൂടുതൽ കൊണ്ട് ഞാൻ അഭിമാനിക്കുന്നതാണ്. (അബൂദാവൂദ് :2050, നസാഇ :3227, ഇബ്നു ഹിബ്ബാൻ :4056. അൽബാനി ഇതിനെ ‘ഹസൻ’ എന്ന് വിലയിരുത്തി.)
മനുഷ്യപ്രകൃതിയെ പരിഗണിക്കൽ
ഈ മഹത്തായ മാർഗ്ഗനിർദ്ദേശത്തോടൊപ്പം, ഒരു മനുഷ്യനെന്ന നിലയിൽ ജീവിതം ഭദ്രമാവാൻ ആവശ്യമായ കാര്യങ്ങളെ നബി ﷺ അവഗണിച്ചില്ല. അതുകൊണ്ടാണ്, സഹോദരന്മാരേ, അബൂഹുറൈറ رَضِيَ اللَّهُ عَنْهُ പറയുന്നത്: ഞാൻ നബി ﷺ യുടെ അരികിലിരിക്കുകയായിരുന്നു. അപ്പോൾ ഒരാൾ വന്ന് താൻ അൻസ്വാരികളിൽ നിന്നൊരു സ്ത്രീയെ വിവാഹം കഴിക്കാൻ പോകുകയാണെന്ന് (വിവാഹാലോചന നടത്തിയെന്ന്) അറിയിച്ചു. അപ്പോൾ അല്ലാഹുവിന്റെ റസൂൽ ﷺ അദ്ദേഹത്തോട് ചോദിച്ചു: أَنظَرْتَ إِلَيْهَا؟ (നീ അവളെ കണ്ടുവോ?) അദ്ദേഹം പറഞ്ഞു: “ഇല്ല.” അപ്പോൾ നബി ﷺ പറഞ്ഞു:
فَاذْهَبْ فَانْظُرْ إِلَيْهَا، فَإِنَّ فِي أَعْيُنِ الْأَنْصَارِ شَيْئًا
നീ പോയി അവളെ കാണുക. കാരണം, അൻസ്വാരികളുടെ കണ്ണുകളിൽ ചില പ്രത്യേകതകളുണ്ട്. (മുസ്‌ലിം:1424)
ഈ വ്യക്തി മുഹാജിറുകളിൽ പെട്ടയാളാണ്. അദ്ദേഹം അൻസ്വാരികളിൽ നിന്നൊരു സ്ത്രീയെ വിവാഹം ഉറപ്പിച്ചു. എന്നിട്ട് നബി ﷺ യെ വിവരമറിയിക്കാൻ വന്നു. അപ്പോൾ നബി ﷺ ചോദിച്ചു: “നീ അവളെ കണ്ടുവോ?”. അദ്ദേഹം പറഞ്ഞു: “ഇല്ല.” നബി ﷺ പറഞ്ഞു: “നീ പോയി അവളെ കാണുക”. എന്തിനാണ്? കാരണം അദ്ദേഹം ഒരു മുഹാജിറാണ്. അൻസ്വാരികളുടെ കണ്ണുകൾക്ക് അല്പം ചെറുപ്പമുണ്ടായിരുന്നു. ഒരുപക്ഷേ അത് ആ മുഹാജിറിന് ഇഷ്ടപ്പെട്ടുകൊള്ളണമെന്നില്ല. ഒരു മനുഷ്യനെന്ന നിലയിൽ അദ്ദേഹത്തിന് മനസ്സന്തോഷം നൽകുന്ന കാര്യത്തിലേക്ക് നബി ﷺ എങ്ങനെയാണ് മാർഗ്ഗനിർദ്ദേശം നൽകിയതെന്ന് നോക്കൂ! ഈ വശം അദ്ദേഹം അവഗണിച്ചില്ല.
മുഗീറ ബിൻ ശുഅ്ബ رَضِيَ اللَّهُ عَنْهُ ഒരു സ്ത്രീയെ വിവാഹാലോചന നടത്തിയപ്പോൾ അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
اذْهَبْ فَانْظُرْ إِلَيْهَا، فَإِنَّهُ أَحْرَى أَنْ يُؤْدَمَ بَيْنَكُمَا
നീ പോയി അവളെ കാണുക. കാരണം, അത് നിങ്ങൾക്കിടയിൽ ഇണക്കം ഉണ്ടാകാൻ കൂടുതൽ സാധ്യത നൽകുന്നതാണ്. (അഹ്മദ് :4/244, തിർമിദി:1087, നസാഇ :3235, ഇബ്നുമാജ:1866. തിർമിദി ‘ഹദീഥുൻ ഹസൻ’ എന്ന് പറഞ്ഞു.)
അദ്ദേഹം പോയി അവളെ കണ്ടു. സഹോദരന്മാരേ, നോക്കൂ! മുഗീറയോട് താൻ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്ന സ്ത്രീയെ പോയി കാണാൻ നബി ﷺ നിർദ്ദേശിച്ചു. അതിന് ശേഷം അതിന്റെ യുക്തിയും പറഞ്ഞു, അത് നിങ്ങൾക്കിടയിൽ ഇണക്കവും സന്തോഷപൂർണ്ണമായ ജീവിതം നിലനിൽക്കാനും കൂടുതൽ സഹായകമാകുമെന്ന്. പുരുഷൻ വിവാഹാലോചന നടത്തുന്ന സ്ത്രീയുടെ ദീനിനെക്കുറിച്ച് അറിയുന്നതുകൊണ്ട് മാത്രം നബി ﷺ മതിയാക്കിയില്ല. മറിച്ച്, മനുഷ്യന്റെ സ്വാഭാവികമായ ആവശ്യങ്ങളെയും അദ്ദേഹം പരിഗണിച്ചു.
തന്റെ ജീവിതത്തിൽ കൂടെയുണ്ടാകുന്ന വ്യക്തിയിൽ ഒരാൾക്ക് സംതൃപ്തി ലഭിക്കുന്നതിന് വേണ്ടിയാണിത്. കുടുംബ ഭദ്രതയുടെ ഏറ്റവും വലിയ കാരണങ്ങളിലൊന്നാണിത്. അതിനാൽ ഒരു പുരുഷൻ ദീനുള്ള ഒരു സ്ത്രീയെ വിവാഹം കഴിക്കുകയും, അവളിൽ അയാൾക്ക് സംതൃപ്തി തോന്നുകയും ചെയ്താൽ, അത് അയാളുടെ കുടുംബത്തിന് സന്തോഷത്തിനും ദാമ്പത്യ ബന്ധത്തിന്റെ നിലനിൽപ്പിനും കാരണമാകും.
മൂന്ന്: വീടുകളിൽ അല്ലാഹുവിനെ സ്മരിക്കൽ
കുടുംബ സന്തോഷത്തിനുള്ള കാരണങ്ങളിൽ പെട്ട ഒന്നാണ്, ഇന്ന് പല വീടുകളിലും നഷ്ടപ്പെട്ടുപോയ, വീടുകളിൽ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ (ദിക്ർ) നിലനിർത്തുക എന്നത്. ഖേദകരമെന്ന് പറയട്ടെ, ഈ കാലഘട്ടത്തിൽ നമ്മുടെ ആളുകളിൽ പലർക്കും വീടുകളിൽ അല്ലാഹുവിനെ സ്മരിക്കുന്ന പതിവ് നഷ്ടപ്പെട്ടിരിക്കുന്നു. അവരുടെ വീടുകളിൽ ഖുർആൻ പാരായണം ചെയ്യപ്പെടാറേയില്ല. ചില വീടുകളിൽ അല്ലാഹുവിനെ സ്മരിക്കാറേയില്ല. മിക്ക വീടുകളിലും പിശാചുക്കളുടെ സ്മരണകളായ പാട്ടും സംഗീതവും വ്യാപിച്ചിരിക്കുന്നു. ഇത് വീടുകളിൽ ധാരാളം ദുരിതങ്ങൾക്ക് കാരണമായിട്ടുണ്ട്. സഹോദരന്മാരേ, അല്ലാഹുവിനെ സ്മരിക്കുന്നത് പതിവാക്കുന്നത് ഹൃദയത്തിന് വിശാലത നൽകുകയും മനസ്സിന് സമാധാനം നൽകുകയും ചെയ്യും. നമ്മുടെ രക്ഷിതാവ് പറഞ്ഞിട്ടില്ലേ:
أَلَا بِذِكْرِ ٱللَّهِ تَطْمَئِنُّ ٱلْقُلُوبُ
അറിയുക, അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്. (ഖുർആൻ:13/28)
നാം ഉറച്ചു വിശ്വസിക്കുന്നവരല്ലേ? നാം മുഅ്മിനുകളല്ലേ? അല്ലാഹുവിനെ സ്മരിക്കുന്നത് കൊണ്ട് ഹൃദയങ്ങൾ ശാന്തമാകും. വീട്ടിൽ അല്ലാഹുവിനെ സ്മരിച്ചാൽ വീടുകൾക്ക് സമാധാനം ലഭിക്കും.
ഹൃദയത്തിന് സമാധാനം നൽകുന്ന ദിക്ർ
അല്ലാഹുവിനെ സ്മരിക്കുന്നതിന് ഹൃദയത്തിന് വിശാലത നൽകുന്നതിലും, ദുഃഖവും വിഷമവും നീക്കുന്നതിലും അത്ഭുതകരമായ സ്വാധീനമുണ്ട്. അതുകൊണ്ടാണ് നബി ﷺ പറഞ്ഞത്:
مَثَلُ الَّذِي يَذْكُرُ رَبَّهُ، وَالَّذِي لَا يَذْكُرُ رَبَّهُ، مَثَلُ الْحَيِّ وَالْمَيِّتِ
തന്റെ രക്ഷിതാവിനെ സ്മരിക്കുന്നവന്റെയും സ്മരിക്കാത്തവന്റെയും ഉപമ ജീവിച്ചിരിക്കുന്നവനെയും മരിച്ചവനെയും പോലെയാണ്. (ബുഖാരി:6407)
അല്ലാഹുവിനെ സ്മരിക്കുന്നവൻ ജീവിച്ചിരിക്കുന്നവനാണ്. അല്ലാഹുവിനെ സ്മരിക്കാത്തവൻ മരിച്ചവനാണ്, അവൻ ജനങ്ങൾക്കിടയിലൂടെ നടന്നാലും ശരി. അവന്റെ ജീവിതത്തിൽ ജീവനില്ല, അവന്റെ വീട്ടിൽ ആത്മാവില്ല. കാരണം അവൻ അല്ലാഹുവിനെ സ്മരിക്കുന്നില്ല.
അല്ലാഹുവിന്റെ സംരക്ഷണം
ദിക്റിന്റെ നന്മ മഹത്തരമാണ്. അത് കാരണമുള്ള അല്ലാഹുവിന്റെ അനുഗ്രഹം വ്യാപകമാണ്. സന്തോഷം കൊണ്ടുവരുന്ന ഏറ്റവും വലിയ കാരണങ്ങളിലൊന്നാണത്. എന്തുകൊണ്ടെന്നാൽ, അല്ലാഹുവിന്റെ അടിമേ, നീ അല്ലാഹുവിനെ സ്മരിച്ചാൽ അല്ലാഹു നിന്നെ സംരക്ഷിക്കുന്നവനായിരിക്കും. അല്ലാഹു നിന്നെ സംരക്ഷിക്കുന്നുണ്ടെന്ന് നിനക്കറിയാമെങ്കിൽ നിന്റെ ഹൃദയം സമാധാനമുള്ളതായിരിക്കില്ലേ? സംരക്ഷകനും സർവ്വജ്ഞനുമായ അല്ലാഹു നിന്റെ സംരക്ഷകനാണെന്ന് നീ മനസ്സിലാക്കിയാൽ നിന്റെ ഹൃദയം ശാന്തമാകില്ലേ?
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഒരു പിശാച് അദ്ദേഹത്തോട് പറഞ്ഞു: “താങ്കൾ ഉറങ്ങാൻ കിടക്കുമ്പോൾ ആയത്തുൽ കുർസിയ്യ് അവസാനം വരെ ഓതുക. എങ്കിൽ അല്ലാഹുവിൽ നിന്നുള്ള ഒരു സംരക്ഷകൻ താങ്കളുടെ മേൽ ഉണ്ടായിരിക്കും. പ്രഭാതമാകുന്നതുവരെ ഒരു പിശാചും താങ്കളെ സമീപിക്കുകയുമില്ല.” അബൂഹുറൈറ رَضِيَ اللَّهُ عَنْهُ ഈ വിവരം നബി ﷺ യെ അറിയിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: صَدَقَكَ وَهُوَ كَذُوبٌ (അവൻ നിന്നോട് സത്യം പറഞ്ഞിരിക്കുന്നു, അവൻ കള്ളം പറയുന്നവനാണെങ്കിലും.) (ബുഖാരി:2311)
സൂറത്തുൽ ബഖറയിലെ അവസാനത്തെ രണ്ട് ആയത്തുകൾ ഓതുന്ന ഒരു മുസ്‌ലിമിന്റെ ഹൃദയം അല്ലാഹുവിന്റെ സംരക്ഷണം കൊണ്ട് എങ്ങനെയാണ് ശാന്തമാകാതിരിക്കുക? നബി ﷺ പറഞ്ഞു:
مَنْ قَرَأَ بِالْآيَتَيْنِ مِنْ آخِرِ سُورَةِ الْبَقَرَةِ فِي لَيْلَةٍ كَفَتَاهُ
ആരെങ്കിലും ഒരു രാത്രിയിൽ സൂറത്തുൽ ബഖറയിലെ അവസാനത്തെ രണ്ട് ആയത്തുകൾ ഓതിയാൽ അത് അവന് മതിയാകുന്നതാണ്. (ബുഖാരി:5008, മുസ്‌ലിം :807)
അവന് മതിയാകും’ എന്നാൽ രാത്രിയിലെ ആരാധനയായി അത് മതിയാകും, അതൊരു മഹത്തായ ആരാധനയാണ്. അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് എല്ലാ തിന്മകളിൽ നിന്നും അത് അവനെ സംരക്ഷിക്കും.
ഒരു മുസ്‌ലിമിന്റെ ഹൃദയം എങ്ങനെയാണ് സമാധാനവും സന്തോഷവും നേടാതിരിക്കുക, അവൻ എല്ലാ പ്രഭാതത്തിലും പ്രദോഷത്തിലും മൂന്നു തവണ ഇങ്ങനെ പറയുമ്പോൾ:
مَنْ قَالَ {بِسْمِ اللهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الْأَرْضِ، وَلَا فِي السَّمَاءِ، وَهُوَ السَّمِيعُ الْعَلِيمُ} ثَلَاثَ مَرَّاتٍ، لَمْ تُصِبْهُ فَجْأَةٌ بَلاء، حَتَّى يُصْبِحَ، وَمَنْ قَالَهَا حِينَ يُصْبِحُ ، ثَلَاثَ مَرَّاتٍ، لَمْ تُصِبْهُ فَجْأَةُ بَلَاءِ، حَتَّى يُمْسِيَ
ആരെങ്കിലും {അല്ലാഹുവിന്റെ നാമത്തിൽ, അവന്റെ നാമത്തോടൊപ്പം ഭൂമിയിലോ ആകാശത്തോ യാതൊന്നും ഉപദ്രവിക്കുകയില്ല. അവൻ എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാണ്} എന്ന് മൂന്നു തവണ പറഞ്ഞാൽ, പ്രഭാതമാകുന്നതുവരെ അവന് പെട്ടെന്നുള്ള വിപത്തുകൾ ബാധിക്കുകയില്ല. ആരെങ്കിലും പ്രഭാതത്തിൽ അത് മൂന്നു തവണ പറഞ്ഞാൽ, പ്രദോഷമാകുന്നതുവരെ അവന് പെട്ടെന്നുള്ള വിപത്തുകൾ ബാധിക്കുകയില്ല. (അഹ്മദ് (1/62), അബൂദാവൂദ് (5088), തിർമിദി (3388), ഇബ്നു മാജ (3869). തിർമിദി ‘ഹസൻ’ എന്നും അൽബാനി ‘സ്വഹീഹ്’ എന്നും രേഖപ്പെടുത്തി.)
പ്രഭാതത്തിൽ ഇത് പറഞ്ഞാൽ പ്രദോഷം വരെ അല്ലാഹു അവനെ പെട്ടെന്നുള്ള വിപത്തുകളിൽ നിന്ന് സംരക്ഷിക്കും. പ്രദോഷത്തിൽ പറഞ്ഞാൽ പ്രഭാതം വരെയും. അപ്പോൾ ഈ കാര്യം കൊണ്ട് ഹൃദയം എങ്ങനെയാണ് ശാന്തമാകാതിരിക്കുക? ഒരു മുസ്‌ലിമിന്റെ ഹൃദയം എങ്ങനെ സമാധാനിക്കാതിരിക്കും, അവൻ എല്ലാ പ്രഭാതത്തിലും പ്രദോഷത്തിലും മൂന്നു തവണ സൂറത്തുൽ ഇഖ്ലാസും മുഅവ്വിദതൈനിയും (സൂറത്തുൽ ഫലഖ്, സൂറത്തുന്നാസ്) ഓതുമ്പോൾ? നബി ﷺ പറയുന്നു:
قُلْ : قُلْ هُوَ اللَّهُ أَحَدٌ وَالمُعَوَّذَتَيْنِ حِينَ تُمْسِي، وَحِينَ تُصْبِحُ ثَلَاثَ مَرَّاتٍ، تَكْفِيكَ مِنْ كُلِّ شَيْءٍ
നീ പറയുക: ‘ഖുൽ ഹുവല്ലാഹു അഹദ്’ഉം മുഅവ്വിദതൈനിയും നീ പ്രദോഷത്തിലും പ്രഭാതത്തിലും മൂന്നു തവണ ചൊല്ലുക. അത് എല്ലാ കാര്യങ്ങളിൽ നിന്നും നിനക്ക് മതിയാകുന്നതാണ്. (അബൂദാവൂദ്:5082, തിർമിദി:3575, തിർമിദി ‘ഹസൻ സ്വഹീഹ്’ എന്നും അൽബാനി ‘ഹസൻ സ്വഹീഹ്’ എന്നും പറഞ്ഞു.)
നിന്റെ ഹൃദയത്തിൽ സന്തോഷം എങ്ങനെ കുടികൊള്ളാതിരിക്കും, ദുഃഖവും ഉത്കണ്ഠയും എങ്ങനെ നീങ്ങാതിരിക്കും, നീ اللَّهُ رَبِّي لَا شَرِيكَ لَهُ (അല്ലാഹുവാണ് എന്റെ രക്ഷിതാവ്, അവന് പങ്കുകാരില്ല) എന്ന് പറയുമ്പോൾ? ഈ വാചകം മനഃപാഠമാക്കാൻ പ്രയാസമുണ്ടോ? നബി ﷺ പറഞ്ഞു:
مَنْ أَصَابَهُ هَمْ، أَوْ غَمٌ، أَوْ سَقَمٌ، أَوْ شِدَّةٌ، فَقَالَ: اللَّهُ رَبِّي لَا شَرِيكَ لَهُ، كُشِفَ ذَلِكَ عَنْهُ.
ആർക്കെങ്കിലും ദുഃഖമോ, വിഷാദമോ, രോഗമോ, പ്രയാസമോ ബാധിക്കുകയും, എന്നിട്ടവൻ ‘അല്ലാഹു റബ്ബീ ലാ ശരീക്ക ലഹു’ എന്ന് പറയുകയും ചെയ്താൽ, അത് അവനിൽ നിന്ന് നീക്കപ്പെടുന്നതാണ്. (ത്വബ്റാനി:24/396, ബൈഹഖി. അൽബാനി ‘സ്വഹീഹ’യിൽ ഇതിന്റെ പരമ്പര ‘ഹസൻ’ ആണെന്ന് രേഖപ്പെടുത്തി.)
സന്തോഷത്തിനുള്ള എത്ര മഹത്തായ കാരണമാണിത്, പക്ഷേ നാം അതിനെക്കുറിച്ച് അശ്രദ്ധരാണ്.
പിശാചുക്കളെ വീട്ടിൽ നിന്ന് അകറ്റുന്നു
സൂറത്തുൽ ബഖറ ഓതുന്ന വീട്ടിൽ നിന്ന് പിശാചുക്കൾ ഓടിപ്പോകും. (മുസ്‌ലിം :780). എന്നാൽ ഇന്ന് ആരാണ് തന്റെ വീട്ടിൽ സൂറത്തുൽ ബഖറ ഓതുന്നത്? വളരെ കുറച്ച് ആളുകൾ മാത്രം. അതുകൊണ്ടാണ് പല വീടുകളിലും പിശാചുക്കൾ താവളമടിച്ചിരിക്കുന്നത്.
ഒരാൾ തന്റെ വീട്ടിൽ പ്രവേശിക്കുമ്പോൾ “ബിസ്മില്ലാഹ്” എന്ന് പറഞ്ഞാൽ പിശാച് വീട്ടിൽ നിന്ന് ഓടിപ്പോകുകയും, (തന്റെ കൂട്ടാളികളോട്) “നിങ്ങൾക്ക് ഇന്ന് ഇവിടെ താമസിക്കാനോ ഭക്ഷണം കഴിക്കാനോ ഇല്ല” എന്ന് പറയുകയും ചെയ്യും. (മുസ്‌ലിം:2018)
എന്നാൽ പലരും അല്ലാഹുവിനെ സ്മരിക്കാതെയാണ് വീടുകളിലേക്ക് പ്രവേശിക്കുന്നത്. ചിലർ പാട്ടുപാടിയും കൈകൊട്ടിയുമാണ് വീട്ടിൽ പ്രവേശിക്കുന്നതെന്ന് പോലും നാം കേട്ടിരിക്കുന്നു. അങ്ങനെയുള്ളവനോടൊപ്പം പിശാചും പ്രവേശിക്കും, അല്ല, പിശാച് അവനേക്കാൾ മുമ്പേ വീട്ടിലെത്തും. അപ്പോൾ അവന്റെ വീട്ടിൽ എങ്ങനെയാണ് സന്തോഷമുണ്ടാവുക?
നാല്: പുരുഷൻ കുടുംബത്തിന്റെ നാഥനായിരിക്കുക
കുടുംബ സന്തോഷത്തിനുള്ള കാരണങ്ങളിൽ പെട്ടതാണ്, പുരുഷൻ തന്റെ ഭാര്യയുടെ മേൽനോട്ടക്കാരനും കുടുംബത്തിന്റെ സംരക്ഷകനുമായിരിക്കുക എന്നത്. അല്ലാഹു തന്റെ വിശുദ്ധ ഗ്രന്ഥത്തിൽ പറയുന്നു:
ٱﻟﺮِّﺟَﺎﻝُ ﻗَﻮَّٰﻣُﻮﻥَ ﻋَﻠَﻰ ٱﻟﻨِّﺴَﺎٓءِ ﺑِﻤَﺎ ﻓَﻀَّﻞَ ٱﻟﻠَّﻪُ ﺑَﻌْﻀَﻬُﻢْ ﻋَﻠَﻰٰ ﺑَﻌْﺾٍ ﻭَﺑِﻤَﺎٓ ﺃَﻧﻔَﻘُﻮا۟ ﻣِﻦْ ﺃَﻣْﻮَٰﻟِﻬِﻢْ ۚ
പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തിന് മറു വിഭാഗത്തേക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവ് നല്‍കിയത് കൊണ്ടും, (പുരുഷന്‍മാര്‍) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്. (ഖുർആൻ:4/34)
ഈ ‘ഖവാമത്ത്’ (നേതൃത്വം) ഇസ്‌ലാമിന്റെ സൗന്ദര്യങ്ങളിൽ പെട്ടതും, നമ്മിലുള്ള അല്ലാഹുവിന്റെ അനുഗ്രഹങ്ങളുടെ പൂർണ്ണതയിൽ പെട്ടതുമാണ്. കാരണം അതിൽ മഹത്തായ നന്മയുണ്ട്. ഭാര്യാഭർത്താക്കന്മാരുടെ പ്രകൃതത്തോട് യോജിച്ചതുമാണത്. ‘ഖവാമത്ത്’ എന്നാൽ ഭാര്യയുടെ കാര്യങ്ങൾ നന്നാക്കുന്നതിന് വേണ്ടി ഭർത്താവിന് നൽകപ്പെട്ട ഉത്തരവാദിത്തമാണ്.
ശൈഖ് ഇബ്നു സഅ്ദി رَحِمَهُ الله പറഞ്ഞു:
يخبر تعالى أن الرِّجَال {قَوَّامُونَ عَلَى النِّسَاءِ} أي: قوامون عليهن بإلزامهن بحقوق الله تعالى، من المحافظة على فرائضه وكفهن عن المفاسد، والرجال عليهم أن يلزموهن بذلك، وقوامون عليهن أيضا بالإنفاق عليهن، والكسوة والمسكن،
പുരുഷന്മാർ സ്ത്രീകളുടെ മേൽ ‘ഖവ്വാമൂൻ’ (മേൽനോട്ടക്കാർ) ആണെന്ന് അല്ലാഹു അറിയിക്കുന്നു. അതായത്, അല്ലാഹുവിന്റെ നിർബന്ധ ബാധ്യതകൾ നിറവേറ്റുന്നതിലും, തിന്മകളിൽ നിന്ന് അവരെ തടയുന്നതിലും അവർക്ക് മേൽനോട്ടം വഹിക്കുന്നവരാണ് പുരുഷന്മാർ. പുരുഷന്മാർ അവരെ അതിന് നിർബന്ധിക്കേണ്ടതുണ്ട്. അതുപോലെ, അവർക്ക് ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ നൽകുന്നതിലും അവർ മേൽനോട്ടക്കാരാണ്. (തഫ്സീറുസ്സഅ്ദി, പേജ്: 177).
അബ്ദുല്ലാഹിബ്നു ഉമർ رَضِيَ اللَّهُ عَنْهُما വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു:
كُلُّكُمْ رَاعٍ، وَكُلُّكُمْ مَسْئُولٌ عَن رَعِيَّتِهِ …. والرَّجُلُ رَاعٍ فِي أَهْلِهِ، وَهُوَ مَسْئُولٌ عَنْ رَعِيَّتِهِ وَالْمَرْأَةُ رَاعِيَةٌ فِي بَيْتِ زَوْجِهَا، وَهِيَ مَسْئُولَةٌ عَنْ رَعِيَّتِهَا.
നിങ്ങളെല്ലാവരും ഇടയന്മാരാണ്, നിങ്ങളുടെ ഉത്തരവാദിത്തത്തിലുള്ളവരെ കുറിച്ച് നിങ്ങളെല്ലാവരും ചോദ്യം ചെയ്യപ്പെടും… പുരുഷൻ തന്റെ കുടുംബത്തിന്റെ ഇടയനാണ്, അവന്റെ കീഴിലുള്ളവരെക്കുറിച്ച് അവൻ ചോദ്യം ചെയ്യപ്പെടും. സ്ത്രീ അവളുടെ ഭർത്താവിന്റെ വീടിന്റെ മേൽനോട്ടക്കാരിയാണ്, അവളുടെ കീഴിലുള്ളവരെക്കുറിച്ച് അവളും ചോദ്യം ചെയ്യപ്പെടും. (ബുഖാരി:893, മുസ്‌ലിം:1829)
അതിനാൽ പുരുഷൻ കുടുംബത്തിന്റെ സംരക്ഷകനാണ്. അതിനെ നന്നാക്കുന്ന കാര്യങ്ങൾ അവൻ നിർവഹിക്കൽ നിർബന്ധമാണ്. നബി ﷺ പറഞ്ഞു:
مَا مِنْ عَبْدٍ يَسْتَرْعِيهِ اللَّهُ رَعِيَّةً، يَمُوتُ يَوْمَ يَمُوتُ، وَهُوَ غَالٌّ لِرَعِيَّتِهِ، إِلَّا حَرَّمَ اللَّهُ عَلَيْهِ الجَنَّةَ
ഏതൊരടിമയെയാണോ അല്ലാഹു ഒരു ഉത്തരവാദിത്തം ഏൽപ്പിച്ചത്, എന്നിട്ട് അവൻ മരിക്കുന്ന ദിവസം തന്റെ ഉത്തരവാദിത്തത്തിലുള്ളവരെ വഞ്ചിച്ചവനായിട്ടാണ് മരിക്കുന്നതെങ്കിൽ, അല്ലാഹു അവന്റെ മേൽ സ്വർഗ്ഗം നിഷിദ്ധമാക്കുക തന്നെ ചെയ്യും. (ബുഖാരി:7151, മുസ്‌ലിം:142)
“ഏതൊരടിമയെയാണോ” – എല്ലാ അടിമകളെയും ഉദ്ദേശിച്ചാണ്. “അല്ലാഹു ഒരു ഉത്തരവാദിത്തം ഏൽപ്പിച്ചത്” – അത് എത്ര ചെറുതാണെങ്കിലും, ഒരൊറ്റ വ്യക്തിയുടെ കാര്യത്തിലാണെങ്കിൽ പോലും. “എന്നിട്ട് അവൻ മരിക്കുന്ന ദിവസം തന്റെ ഉത്തരവാദിത്തത്തിലുള്ളവരെ വഞ്ചിച്ചവനായിട്ടാണ് മരിക്കുന്നത്” – അതായത്, അവരെ ഗുണകാംക്ഷയോടെ വലയം ചെയ്തില്ല (പരിപാലിച്ചില്ല). “അല്ലാഹു അവന്റെ മേൽ സ്വർഗ്ഗം നിഷിദ്ധമാക്കുക തന്നെ ചെയ്യും.” സഹോദരന്മാരേ, ഇത് അല്ലാഹുവിനെ കോപിപ്പിക്കുന്ന വൻപാപങ്ങളിൽ പെട്ടതാണെന്നതിന് ഈ ഹദീഥ് തെളിവാണ്.
അഞ്ച്: പരസ്പരം സ്നേഹവും കാരുണ്യവും നിലനിർത്തുക
കുടുംബ സന്തോഷത്തിനുള്ള കാരണങ്ങളിൽ പെട്ടതാണ് അവരിൽ സ്നേഹവും കാരുണ്യവും നിലനിൽക്കുക എന്നത്. അല്ലാഹു പറയുന്നു:
وَمِنْ ءَايَٰتِهِۦٓ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَٰجًا لِّتَسْكُنُوٓا۟ إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً
നിങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. (ഖുർആൻ:30/21)
കുടുംബ സന്തോഷത്തിനുള്ള കാരണങ്ങളിൽ പെട്ടതാണ്, വിശ്വാസികളേ, നിങ്ങളുടെ കുടുംബങ്ങളിൽ സ്നേഹവും കാരുണ്യവും നിലനിർത്താൻ നിങ്ങൾ പരിശ്രമിക്കുക എന്നത്. ഇസ്‌ലാം സ്ത്രീയോട് സ്നേഹം പ്രകടിപ്പിക്കാനും, അവളിൽ നിന്നുണ്ടാകുന്ന പ്രയാസങ്ങൾ സഹിക്കാനും, അവളുടെ നന്മകൾ ഓർക്കാനും പ്രേരിപ്പിച്ചിട്ടുണ്ട്. നബി ﷺ പറയുന്നു:
لَا يَفْرُكُ مُؤْمِنٌ مُؤْمِنَةٌ، إِنْ كَرِهَ مِنْهَا خُلُقًا، رَضِيَ مِنْهَا آخَرَ
ഒരു സത്യവിശ്വാസി ഒരു സത്യവിശ്വാസിനിയോട് ദേഷ്യപ്പെടരുത്. അവളിൽ നിന്ന് ഒരു സ്വഭാവം അവൻ വെറുക്കുന്നുവെങ്കിൽ, മറ്റൊന്ന് അവന് തൃപ്തികരമായിരിക്കും. (മുസ്‌ലിം:1469)
അതിനാൽ സ്നേഹവും കാരുണ്യവുമില്ലാതെ സന്തോഷമുണ്ടാവുകയില്ല. ഈ സന്തോഷത്തിന്റെ ഉറവിടങ്ങളിൽ ഒന്നായി ഇസ്‌ലാം കൊണ്ടുവന്ന ഒന്നാണ് സച്ചരിതയായ സ്ത്രീ. സഅ്ദ് ബ്നു അബീ വഖാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം, അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
أَرْبَعٌ مِنَ السَّعَادَةِ: الْمَرْأَةُ الصَّالِحَةُ، وَالمُسْكَنُ الْوَاسِعُ، وَالْجَارُ الصَّالِحُ، وَالْمَرْكَبُ الْهَنِيءُ. وَأَرْبَعٌ مِنَ الشَّقَاوَةِ: الْجَارُ السُّوءُ، وَالْمَرْأَةُ السُّوءُ، وَالْمَسْكَنُ الضَّيِّقُ، وَالْمَرْكَبُ السُّوءُ.
നാല് കാര്യങ്ങൾ സന്തോഷത്തിൽ പെട്ടതാണ്: സച്ചരിതയായ സ്ത്രീ, വിശാലമായ പാർപ്പിടം, നല്ല അയൽവാസി, സൗകര്യപ്രദമായ വാഹനം. നാല് കാര്യങ്ങൾ ദൗർഭാഗ്യത്തിൽ പെട്ടതാണ്: ചീത്ത അയൽവാസി, ദുശ്ശീലയായ സ്ത്രീ, ഇടുങ്ങിയ പാർപ്പിടം, മോശം വാഹനം. (അഹ്മദ്:1/168, ഇബ്നു ഹിബ്ബാൻ:9/4032, ഹാകിം:2/2640. അൽബാനി ‘അസ്സ്വഹീഹ’യിൽ (282) ഇത് സ്വഹീഹാണെന്ന് രേഖപ്പെടുത്തി.)
“നാല് കാര്യങ്ങൾ സന്തോഷത്തിൽ പെട്ടതാണ്.” അവ കുടുംബ സന്തോഷത്തിൽ പെട്ടതാണെന്ന് നിങ്ങൾ ചിന്തിക്കുക.
1. “സച്ചരിതയായ സ്ത്രീ”: അവൾ മുഖേന കുടുംബം സന്തോഷിക്കുന്നു.
2. “വിശാലമായ പാർപ്പിടം”: അതിൽ കുടുംബം ജീവിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു.
3. “നല്ല അയൽവാസി”: അവനോടൊപ്പം കുടുംബം അയൽക്കാരായി ജീവിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു.
4. “സൗകര്യപ്രദമായ വാഹനം”: അതിൽ കുടുംബം യാത്ര ചെയ്യുകയും സന്തോഷിക്കുകയും ചെയ്യുന്നു.
“നാല് കാര്യങ്ങൾ ദൗർഭാഗ്യത്തിൽ പെട്ടതാണ്,” കുടുംബത്തിന്റെ ദൗർഭാഗ്യത്തിൽ പെട്ടതാണ്.
1. “ചീത്ത അയൽവാസി”: അവൻ കാരണം കുടുംബം ദുരിതത്തിലാകുന്നു.
2. “ദുശ്ശീലയായ സ്ത്രീ”: സച്ചരിതയല്ലാത്ത ചീത്ത സ്ത്രീ; അവൾ കാരണം കുടുംബം ദുരിതത്തിലാകുന്നു.
3. “ഇടുങ്ങിയ പാർപ്പിടം”: അത് കാരണം കുടുംബം ദുരിതത്തിലാകുന്നു.
4. “മോശം വാഹനം”: അത് കാരണം കുടുംബം ദുരിതത്തിലാകുന്നു.
ഈ ഹദീഥിൽ വന്ന കാര്യങ്ങളെ വിശദീകരിച്ചുകൊണ്ട് നബി ﷺ പറഞ്ഞു:
ثَلَاثَةٌ مِنَ السَّعَادَةِ: الْمَرْأَةُ الصَّالِحَةُ، تَرَاهَا تُعْجِبُكَ، وَتَغِيبُ فَتَأْمَنَهَا عَلَى نَفْسِهَا وَمَالِكَ. وَالدَّابَّةُ تَكُونُ وَطِيئَةً، تُلْحِقُكَ بِأَصْحَابِكَ. وَالدَّارُ تَكُونُ وَاسِعَةً كَثِيرَةَ الْمَرَافِقِ. وَثَلَاثَةٌ مِنَ الشَّقَاءِ: المَرأَةُ تَرَاهَا فَتَسُوؤُكَ، وَتَحْمِلُ لِسَانَهَا عَلَيْكَ، وَإِنْ غِبْتَ عَنْهَا، لَمْ تَأْمَنْهَا عَلَى نَفْسِهَا وَمَالِكَ. وَالدَّابَّةُ تَكُونُ قَطُوفًا، فَإِنْ ضَرَبْتَهَا أَتْعَبَتْكَ، وَإِنْ تَرَكْتَهَا، لَمْ تَلْحَقْ بِأَصْحَابِكَ. وَالدَّارُ تَكُونُ ضَيِّقَةً، قَليلَةَ الْمَرَافِقِ
മൂന്ന് കാര്യങ്ങൾ സന്തോഷത്തിൽ പെട്ടതാണ്: സച്ചരിതയായ സ്ത്രീ – അവളെ നീ നോക്കുമ്പോൾ നിനക്ക് സന്തോഷം തോന്നും, നീ അസാന്നിഹിതനാകുമ്പോൾ അവളുടെ കാര്യത്തിലും നിന്റെ സമ്പത്തിന്റെ കാര്യത്തിലും നിനക്ക് അവളെ വിശ്വസിക്കാം. മെച്ചപ്പെട്ട വാഹനം – അത് നിന്നെ നിന്റെ കൂട്ടുകാരുടെ അടുത്തേക്ക് എത്തിക്കും. വിശാലവും ധാരാളം സൗകര്യങ്ങളുമുള്ള വീട്. മൂന്ന് കാര്യങ്ങൾ ദൗർഭാഗ്യത്തിൽ പെട്ടതാണ്: ഒരു സ്ത്രീ – അവളെ നീ കാണുമ്പോൾ നിനക്ക് വെറുപ്പ് തോന്നും, അവൾ നിനക്കെതിരെ നാവ് ചലിപ്പിക്കും, നീ അസാന്നിഹിതനാകുമ്പോൾ അവളുടെ കാര്യത്തിലോ നിന്റെ സമ്പത്തിന്റെ കാര്യത്തിലോ നിനക്കവളെ വിശ്വസിക്കാൻ കഴിയില്ല. മെല്ലെ പോകുന്ന വാഹനം – നീ അതിനെ അടിച്ചാൽ അത് നിന്നെ ക്ഷീണിപ്പിക്കും, അതിനെ വിട്ടുകളഞ്ഞാൽ നിന്റെ കൂട്ടുകാരുടെ കൂടെ എത്തുകയുമില്ല. ഇടുങ്ങിയതും സൗകര്യങ്ങൾ കുറഞ്ഞതുമായ വീട്.” (ഹാകിം (2/2684), അദ്ദേഹം പറഞ്ഞു: ‘ഇതിന്റെ പരമ്പര സ്വഹീഹാണ്’).
നബി ﷺ പറഞ്ഞു:
لدُّنْيَا مَتَاعٌ، وَخَيْرُ مَتَاعِها المَرْأَةُ الصَّالِحَةُ
ദുൻയാവ് ഒരു വിഭവമാണ്, അതിലെ ഏറ്റവും ഉത്തമമായ വിഭവം സച്ചരിതയായ സ്ത്രീയാണ്. (മുസ്‌ലിം:1467)
ആറ്: നല്ല നിലയിൽ വർത്തിക്കുക
കുടുംബ സന്തോഷത്തിനുള്ള കാരണങ്ങളിൽ പെട്ടതാണ് അതിലെ സഹവാസം നല്ല നിലയിലായിരിക്കുക എന്നത്. അല്ലാഹു പറയുന്നു:
وَعَاشِرُوهُنَّ بِٱلْمَعْرُوفِ
… അവരോട് നിങ്ങള്‍ മര്യാദയനുസരിച്ച് വര്‍ത്തിക്കുകയും ചെയ്യുക. (ഖുർആൻ:4/19)
നല്ല നിലയിലുള്ള സഹവാസം സന്തോഷത്തിനുള്ള കാരണങ്ങളിൽ ഒന്നാണെന്നതിൽ സംശയമില്ല. നല്ല നിലയിലുള്ള സഹവാസം ഭർത്താവിൽ നിന്നും ഭാര്യയിൽ നിന്നും കുടുംബത്തിലെ എല്ലാവരിൽ നിന്നും ഉണ്ടാകേണ്ടതാണ്. അല്ലാഹു പറയുന്നു: وَعَاشِرُوهُنَّ بِٱلْمَعْرُوفِ (അവരോട് മര്യാദയനുസരിച്ച് വർത്തിക്കുക). അവൻ വീണ്ടും പറയുന്നു:
وَلَهُنَّ مِثْلُ ٱلَّذِى عَلَيْهِنَّ بِٱلْمَعْرُوفِ
സ്ത്രീകള്‍ക്ക് (ഭര്‍ത്താക്കന്‍മാരോട്) ബാധ്യതകളുള്ളതുപോലെ തന്നെ ന്യായപ്രകാരം അവര്‍ക്ക് അവകാശങ്ങള്‍ കിട്ടേണ്ടതുമുണ്ട്. (ഖുർആൻ:2/228)
ഇതും കുടുംബ സന്തോഷത്തിനുള്ള കാരണങ്ങളിൽ പെട്ടതാണ്.
ഇമാം ഖുർത്വുബി رَحِمَهُ الله അല്ലാഹുവിന്റെ വചനം وَعَاشِرُوهُنَّ بِٱلْمَعْرُوفِ എന്നതിനെ വിശദീകരിച്ചുകൊണ്ട് പറയുന്നു: “അതായത്, അല്ലാഹു കൽപ്പിച്ച നല്ല സഹവാസത്തിന്റെ അടിസ്ഥാനത്തിൽ. ഈ കൽപ്പനയുടെ അഭിസംബോധിതർ മിക്കവാറും ഭർത്താക്കന്മാരാണ്. മറ്റൊരു ആയത്തിൽ വന്നതുപോലെ ഭാര്യമാരും ഇതിൽ ഉൾപ്പെടും. മഹ്റും ജീവിതച്ചെലവും പൂർണ്ണമായി നൽകുക, ഒരു തെറ്റുമില്ലാതെ അവളുടെ മുഖത്ത് ഗൗരവം കാണിക്കാതിരിക്കുക, സംസാരത്തിൽ സന്തോഷവാനായിരിക്കുക, പരുഷനോ കഠിനഹൃദയനോ ആകാതിരിക്കുക, മറ്റൊരാളിലേക്ക് തനിക്ക് താൽപര്യമുണ്ടെന്ന് പ്രകടിപ്പിക്കാതിരിക്കുക എന്നിവയൊക്കെ അതിൽ പെട്ടതാണ്.” (അൽ-ജാമിഉ ലിഅഹ്കാമിൽ ഖുർആൻ, 5/97).
“ഒരു തെറ്റുമില്ലാതെ അവളുടെ മുഖത്ത് ഗൗരവം കാണിക്കാതിരിക്കുക”: ചില ഭർത്താക്കന്മാരും പിതാക്കന്മാരും പുറത്തുള്ള ആളുകളോടാണ് ചിരിക്കാറുള്ളത്. കുടുംബത്തിന് പുറത്ത് വെച്ച് അവനെ നിങ്ങൾ കണ്ടാൽ നിങ്ങൾ പറയും: ‘മാശാ അല്ലാഹ്! അവൻ ചിരിക്കുന്നത് നിർത്തുന്നേയില്ല!’ അവൻ തനിക്ക് ചുറ്റുമുള്ളവരെ ചിരിപ്പിക്കുന്നു. എന്നാൽ വീട്ടിൽ പ്രവേശിച്ചാലോ, അവൻ ഒരു സിംഹമായി മാറും! ഭാര്യയുടെ മുഖത്ത് നോക്കി പുഞ്ചിരിക്കില്ല, മക്കളുടെ മുഖത്ത് നോക്കിയും പുഞ്ചിരിക്കില്ല! ഇത് നല്ല സഹവാസത്തിൽ പെട്ടതല്ല.
“സംസാരത്തിൽ സന്തോഷവാനായിരിക്കുക”: അവൻ ഭാര്യയോടും മക്കളോടും സംസാരിക്കണം. ചില ആളുകൾ വീടിന് പുറത്തായിരിക്കുമ്പോൾ സംസാരിക്കുന്നത് നിർത്തുകയേയില്ല. സാധാരണക്കാർ പറയും പോലെ ‘സദസ്സിലെ സുൽത്താൻ’ ആയിരിക്കും! എന്നാൽ വീട്ടിൽ പ്രവേശിച്ചാലോ, അവൻ ഊമനായി മാറും. അവൻ സംസാരിക്കാറേയില്ല. ഇനി സംസാരിച്ചാലോ, അത് പരുഷമായും കഠിനമായുമായിരിക്കും. ഇത് നല്ല സഹവാസത്തിൽ പെട്ടതല്ല, ഇത് കുടുംബത്തിന് ദുരിതം വരുത്തിവെക്കും.
ഇമാം ഖുർത്വുബി رَحِمَهُ الله തുടരുന്നു: “അതുകൊണ്ട് അല്ലാഹു സ്ത്രീകളുമായി വിവാഹബന്ധത്തിലേർപ്പെട്ടാൽ അവരുമായി നല്ല നിലയിൽ സഹവസിക്കാൻ കൽപ്പിച്ചു; അവർക്കിടയിലുള്ള ബന്ധം കൂടുതൽ ഇണക്കമുള്ളതാകാനും അവരുടെ സഹവാസം പൂർണ്ണതയിലാകാനും വേണ്ടിയാണിത്. കാരണം, അത് മനസ്സിന് കൂടുതൽ ശാന്തതയും ജീവിതത്തിന് കൂടുതൽ സന്തോഷവും നൽകുന്നു.” (അൽ-ജാമിഉ ലിഅഹ്കാമിൽ ഖുർആൻ, 5/97).
ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُما പറഞ്ഞു:
إِنِّي أُحِبُّ أَنْ أَتَزَيَّنَ لِلْمَرْأَةِ كَمَا أُحِبُّ أَنْ تَتَزَيَّنَ لِي الْمَرْأَةُ لأَنَّ اللَّهَ تَعَالَى يَقُولُ: وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ بِالْمَعْرُوفِ.
എനിക്കുവേണ്ടി എന്റെ ഭാര്യ അണിഞ്ഞൊരുങ്ങാൻ ഞാൻ ഇഷ്ടപ്പെടുന്നതുപോലെ, അവൾക്കുവേണ്ടി അണിഞ്ഞൊരുങ്ങാൻ ഞാനും ഇഷ്ടപ്പെടുന്നു. കാരണം അല്ലാഹു പറയുന്നു:{സ്ത്രീകള്‍ക്ക് (ഭര്‍ത്താക്കന്‍മാരോട്) ബാധ്യതകളുള്ളതുപോലെ തന്നെ ന്യായപ്രകാരം അവര്‍ക്ക് അവകാശങ്ങള്‍ കിട്ടേണ്ടതുമുണ്ട്.’ (അൽബഖറ: 228)} (ഇബ്നു അബീശൈബ ‘അൽ-മുസ്വന്നഫി’ലും, ത്വബരിയും, ബൈഹഖിയും റിപ്പോർട്ട് ചെയ്തത്).
അതായത്, പുരുഷൻ തനിക്ക് യോജിച്ച രൂപത്തിൽ തന്റെ ഭാര്യക്ക് വേണ്ടി അണിഞ്ഞൊരുങ്ങണം, അവൾ അവൾക്ക് യോജിച്ച രൂപത്തിൽ അവനുവേണ്ടി അണിഞ്ഞൊരുങ്ങാൻ അവൻ ഇഷ്ടപ്പെടുന്നതുപോലെ. വീടുകൾ നല്ല സഹവാസത്തിൽ പടുത്തുയർത്തപ്പെട്ടാൽ സന്തോഷം കൈവരും. നബി ﷺ പറയുന്നു:
خَيْرُكُمْ خَيْرُكُمْ لِأَهْلِهِ، وَأَنَا خَيْرُكُمْ لِأَهْلِي
നിങ്ങളിൽ ഉത്തമൻ തന്റെ കുടുംബത്തോട് ഏറ്റവും നന്നായി പെരുമാറുന്നവനാണ്. ഞാൻ എന്റെ കുടുംബത്തോട് ഏറ്റവും നന്നായി പെരുമാറുന്നവനാണ്. (ദാരിമി:2260, തിർമിദി:3895, ഇബ്നുഹിബ്ബാൻ:9/4177. തിർമിദി ‘ഹസൻ ഗരീബ് സ്വഹീഹ്’ എന്നും അൽബാനി ‘അസ്സ്വഹീഹ’യിൽ (285) സ്വഹീഹ് എന്നും രേഖപ്പെടുത്തി.)
പുരുഷന്മാരേ, നിങ്ങളിൽ ഉത്തമൻ തന്റെ കുടുംബത്തോട് ഉത്തമനായി പെരുമാറുന്നവനാണ്. ആരാണ് ഇതിന് സാക്ഷ്യം വഹിച്ചത്? അല്ലാഹുവിന്റെ റസൂൽ ﷺ. തന്റെ കുടുംബത്തോട് ഉത്തമനായി വർത്തിക്കുന്നവൻ തന്റെ കുടുംബത്തിന്റെ സന്തോഷത്തിന് കാരണക്കാരനാകും.
നബി ﷺ – അവിടുന്ന് റസൂലും ഉമ്മത്തിന്റെ നേതാവുമായിരുന്നിട്ടും – തന്റെ ഭാര്യമാരോട് സൗമ്യമായി പെരുമാറിയിരുന്നു. നബി ﷺ തന്റെ ഭാര്യമാരോട് തമാശ പറയുകയും സംസാരിക്കുകയും ചെയ്തിരുന്നു, ഇശാഇന് ശേഷവും. അവിടുന്ന് ആഇശ رَضِيَ اللَّهُ عَنْهَا യുമായി ഓട്ടമത്സരം നടത്തിയിരുന്നു. അവർ പറയുന്നു:
سَابَقَنِي رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَسَبَقْتُهُ، وَذَلِكَ قَبْلَ أَنْ أَحْمَلَ اللَّحْمَ
അല്ലാഹുവിന്റെ റസൂൽ ﷺ എന്നോട് ഓട്ടമത്സരം നടത്തുകയും ഞാൻ അവിടുത്തെ പരാജയപ്പെടുത്തുകയും ചെയ്തു. അത് എന്റെ ശരീരം തടിക്കുന്നതിന് മുമ്പായിരുന്നു.” സഹോദരങ്ങളേ, നോക്കൂ! അല്ലാഹുവിന്റെ റസൂൽ ﷺ യേക്കാൾ ഉയർന്ന സ്ഥാനമുള്ളവരായി ആരുണ്ട്? അല്ലാഹുവിന്റെ റസൂൽ ﷺ, ഏത് പ്രായത്തിലാണ്? അമ്പത് വയസ്സ് പിന്നിട്ട ശേഷം. കാരണം അവിടുന്ന് ആഇശ رَضِيَ اللَّهُ عَنْهَا യുമായി മദീനയിൽ വെച്ചാണ് ദാമ്പത്യം ആരംഭിച്ചത്. അപ്പോൾ അവിടുത്തേക്ക് അമ്പത്തിമൂന്ന് വയസ്സിന് മുകളിലുണ്ടായിരുന്നു. അവിടുന്ന് തന്റെ ഭാര്യയുമായി ഓട്ടമത്സരം നടത്തുന്നു.
ഈ ഹദീഥിന്റെ വിശദീകരണത്തിൽ ഇപ്രകാരം വന്നിരിക്കുന്നു: അവിടുന്ന് തന്റെ അനുചരന്മാരോടൊപ്പം ഒരു യാത്രയിലായിരുന്നു, കൂടെ ആഇശ رَضِيَ اللَّهُ عَنْهَا യുമുണ്ടായിരുന്നു. അപ്പോൾ അവിടുന്ന് അനുചരന്മാരോട് പറഞ്ഞു: “നിങ്ങൾ മുന്നോട്ട് പോവുക.” അങ്ങനെ അവർ മുന്നോട്ട് പോയി. എന്നിട്ട് അവിടുന്ന് പറഞ്ഞു: “ഹേ ആഇശാ, വരൂ, നമുക്ക് ഓട്ടമത്സരം നടത്താം.” സുബ്ഹാനല്ലാഹ്! എത്ര മഹത്തായ സഹവാസം! എത്ര മഹത്തായ സന്തോഷം! ഒരു യാത്രയിൽ തന്റെ കൂടെ അനുചരന്മാരുള്ളപ്പോൾ അവിടുന്ന് പറയുന്നു: “നിങ്ങൾ മുന്നോട്ട് പോവുക.” എന്തിനുവേണ്ടി? ആഇശ رَضِيَ اللَّهُ عَنْهَا യുമായി ഓട്ടമത്സരം നടത്താൻ വേണ്ടി. എന്നിട്ട് പറയുന്നു: “ഹേ ആഇശാ, വരൂ, നമുക്ക് ഓട്ടമത്സരം നടത്താം.” അവർ പറയുന്നു: “അങ്ങനെ ഞാൻ അവിടുത്തെ പരാജയപ്പെടുത്തി. അത് എന്റെ ശരീരം തടിക്കുന്നതിന് മുമ്പായിരുന്നു.” അവർ ചെറുപ്പമായിരുന്നപ്പോൾ. നബി ﷺ ആഇശ رَضِيَ اللَّهُ عَنْهَا യെ വിവാഹം കഴിക്കുമ്പോൾ അവർക്ക് ഒമ്പത് വയസ്സായിരുന്നു എന്ന് അറിയാവുന്ന കാര്യമാണല്ലോ. അവർ പറയുന്നു: “പിന്നീട് എന്റെ ശരീരം തടിച്ചതിന് ശേഷം ഞാൻ അവിടുത്തോട് മത്സരിച്ചപ്പോൾ അവിടുന്ന് എന്നെ പരാജയപ്പെടുത്തി, എന്നിട്ട് ചിരിച്ചു.” എന്നിട്ട് പറഞ്ഞു: “ഹേ ആഇശാ, ഇത് അതിന് പകരമാണ്.”
മറ്റൊരു റിപ്പോർട്ടിൽ വന്നിരിക്കുന്നു: രണ്ടാമത്തെ പ്രാവശ്യം നബി ﷺ അനുചരന്മാരുമായി ഒരു യാത്രയിലായിരിക്കെ അവരോട് പറഞ്ഞു: “നിങ്ങൾ മുന്നോട്ട് പോവുക.” എന്നിട്ട് ആഇശ رَضِيَ اللَّهُ عَنْهَا യോട് പറഞ്ഞു: “വരൂ, നമുക്ക് മത്സരിക്കാം.” അപ്പോൾ അവർ പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേ, എന്റെ ശരീരം തടിച്ചിരിക്കുന്നു.” – അതായത്, എനിക്ക് ഭാരമായി, മത്സരിക്കാൻ കഴിയില്ല. അവിടുന്ന് പറഞ്ഞു: “വരൂ, നമുക്ക് മത്സരിക്കാം.” അവിടുന്ന് അവരുമായി മത്സരിച്ചു. അപ്പോൾ അവിടുത്തേക്ക് അറുപതോ അതിനടുത്തോ പ്രായമുണ്ടായിരുന്നു. കൃത്യമായ പ്രായം നമുക്ക് കണ്ടെത്താനായിട്ടില്ല. പക്ഷെ അവിടുത്തേക്ക് പ്രായമായപ്പോഴായിരുന്നു എന്നതിൽ സംശയമില്ല. കാരണം ആഇശ رَضِيَ اللَّهُ عَنْهَا പറയുന്നു അവർ തടിച്ചിരുന്നു എന്ന്. അങ്ങനെ അവിടുന്ന് അവരുമായി മത്സരിക്കുകയും അവരെ പരാജയപ്പെടുത്തുകയും ചെയ്തു. എന്നിട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു: “ഹേ ആഇശാ, ഇത് അതിന് പകരമാണ്.” (അഹ്മദ്:6/264, നസാഇ ‘അൽ-കുബ്റാ’യിൽ (8944), അൽബാനി ‘അസ്സ്വഹീഹ’യിൽ (131) സ്വഹീഹാണെന്ന് രേഖപ്പെടുത്തി.)
അവിടുന്ന് ആ സംഭവം മറന്നില്ല. ആഇശ رَضِيَ اللَّهُ عَنْهَا യുടെ മനസ്സിൽ സന്തോഷം നിറച്ചു. ഇതാണ് ഭാര്യാഭർത്താക്കന്മാർക്കിടയിൽ സന്തോഷമുണ്ടാക്കുന്ന സഹവാസം. ഉമ്മത്തിന്റെ കാര്യം പോലുള്ള വലിയ ഉത്തരവാദിത്തങ്ങൾ പേറുന്നതിനിടയിലും ഈ നല്ല സഹവാസത്തിൽ നിന്ന് അവിടുന്ന് വിട്ടുനിന്നില്ല. അതിനാൽ, ഭർത്താവ് തന്റെ ഭാര്യക്കും മക്കൾക്കും വേണ്ടി ഒരു ദിവസമോ അല്ലെങ്കിൽ കുറച്ച് സമയമോ അവരുമായി കളിക്കാൻ വേണ്ടി നീക്കിവെക്കുന്നത് എത്ര നല്ല കാര്യമാണ്. ഞങ്ങളുടെ പ്രായം ചെന്ന ചില ശൈഖുമാർ ആഴ്ചയിൽ ഒരു ദിവസം തന്റെ മക്കൾക്ക് വേണ്ടി ഒഴിച്ചുവെച്ചിരുന്നു. അവരോടൊപ്പം പുറത്തുപോകുകയും കളിക്കുകയും തന്റെ മുതുകിൽ അവരെ ചുമക്കുകയും ചെയ്യുമായിരുന്നു. അദ്ദേഹത്തിന് എഴുപതിന് മുകളിൽ പ്രായമുണ്ടായിരുന്നു. അദ്ദേഹം തന്റെ കുടുംബവുമായി തമാശ പറയുമായിരുന്നു. അദ്ദേഹത്തിന്റെ മക്കളാണ് ഞങ്ങളോട് ഇത് പറഞ്ഞത്. എവിടെ നിന്നാണ് അവർക്കിത് കിട്ടിയത്? അല്ലാഹുവിന്റെ റസൂൽ ﷺ യെ മാതൃകയാക്കുന്നതിൽ നിന്നാണ്.
സഹോദരങ്ങളേ, ഇതുപോലുള്ള കാര്യങ്ങൾ കുടുംബത്തിന്റെ ദുരിതം ഇല്ലാതാക്കുകയില്ലേ? ഈ പുരുഷൻ, ഈ പിതാവ് അവർക്ക് വേണ്ടി ഒരു ദിവസം നീക്കിവെച്ചിട്ടുണ്ടെന്നും, ആ ദിവസം അവരിൽ സന്തോഷം നിറക്കുമെന്നും അവർക്കറിയാമെങ്കിൽ, ആ കുടുംബം ആഴ്ചയിലെ ബാക്കി ദിവസങ്ങളിൽ സന്തോഷത്തോടെയിരിക്കുമെന്നും ഈ ദിവസത്തിനായി കാത്തിരിക്കുമെന്നും നിങ്ങൾ കാണും. ഇത് സന്തോഷത്തിനുള്ള ഏറ്റവും വലിയ കാരണങ്ങളിൽ ഒന്നാണ്, പക്ഷെ നമ്മൾ അതിനെക്കുറിച്ച് അശ്രദ്ധരാണ്.
നമ്മളിൽ ചിലർ അഹങ്കാരത്തോടെ പറയും: ഞാൻ ഒരു ശൈഖാണ്, ഞാൻ ഒരു അധ്യാപകനാണ്, ഞാനൊരു ഇമാമാണ്, ഞാൻ ഇന്നയിന്ന ആളാണ്, ഞാനെങ്ങനെ മക്കളുമായി കളിക്കും? ഞാനെങ്ങനെ എന്റെ ഭാര്യയുമായി കളിക്കുകയും മത്സരിക്കുകയും ചെയ്യും? ഇതാ അല്ലാഹുവിന്റെ റസൂൽ ﷺ ഇത് ചെയ്യുന്നു. ഇത് സന്തോഷത്തിനുള്ള ഏറ്റവും വലിയ കാരണങ്ങളിൽ ഒന്നാണ്. സഹോദരങ്ങളേ, ഇതിന് പ്രായപരിധിയില്ല. ചില ആളുകളോട് നിങ്ങൾ ഇത് പറഞ്ഞാൽ അവർ പറയും: ഇത് ചെറുപ്പക്കാർക്കുള്ളതാണ്. എനിക്കിപ്പോൾ വെളുത്ത രോമങ്ങൾ വന്നിരിക്കുന്നു, താടി നരച്ചിരിക്കുന്നു. സുബ്ഹാനല്ലാഹ്! അല്ലാഹുവിന്റെ റസൂൽ ﷺ പ്രായം ചെന്നിട്ടും ഈ കാര്യത്തിൽ നിന്ന് അശ്രദ്ധനായിരുന്നില്ല. അതിനാൽ
സഹോദരങ്ങളേ, നമ്മൾ ഈ കാര്യത്തിൽ അശ്രദ്ധരാവരുത്. ഭർത്താവിനും ഭാര്യക്കും മക്കൾക്കും കുടുംബ സന്തോഷം ആവശ്യമാണ്, അവർക്ക് പ്രായമായാലും ശരി. മനുഷ്യന് സന്തോഷം ആവശ്യമാണ്. ഞാൻ പറയുന്നു: മനുഷ്യന് പ്രായമാകുന്തോറും സന്തോഷത്തിനുള്ള കാരണങ്ങൾ അവന് കൂടുതൽ ആവശ്യമായി വരും. അതിനാൽ ഇതൊരു മഹത്തായ കാരണമാണ്.
ആഇശ رَضِيَ اللَّهُ عَنْهَا യിൽ നിന്ന് നിവേദനം; നബി ﷺ യുടെ വീട്ടിലെ അവസ്ഥയെക്കുറിച്ച് വർണ്ണിച്ചുകൊണ്ട് അവർ പറഞ്ഞു:
كَانَ يَكُونُ فِي مِهْنَةِ أَهْلِهِ، فَإِذَا حَضَرَتِ الصَّلَاةُ خَرَجَ إِلَيْهَا
അവിടുന്ന് തന്റെ വീട്ടുകാരുടെ സേവനത്തിലായിരിക്കും. നമസ്കാര സമയമായാൽ അവിടുന്ന് അതിനായി പുറപ്പെടും. (ബുഖാരി:5363)
അല്ലാഹു അക്ബർ! അല്ലാഹുവിന്റെ റസൂൽ ﷺ വീട്ടിലായിരിക്കുമ്പോൾ തന്റെ കുടുംബത്തിന്റെ സേവനത്തിലായിരിക്കും. ഭർത്താവ് ഭാര്യയുടെ കാര്യങ്ങളിലും അവളുടെ ജോലികളിലും സഹായിക്കുന്നത് അവളുടെ മനസ്സിൽ സന്തോഷം നിറയ്ക്കും. ഇത് കുടുംബ സന്തോഷത്തിനുള്ള ഏറ്റവും വലിയ കാരണങ്ങളിൽ ഒന്നാണ്.
ഏഴ്: മക്കൾക്കിടയിൽ നീതി പാലിക്കുക
കുടുംബ സന്തോഷത്തിനുള്ള കാരണങ്ങളിൽ പെട്ടതാണ് മക്കൾക്കിടയിൽ നീതി പാലിക്കുക, പെരുമാറ്റത്തിൽ അവർക്കിടയിൽ വിവേചനം കാണിക്കാതിരിക്കുക എന്നത്. വിഹിതം വെക്കുന്നതിലും, സംസാരിക്കുന്നതിലും, കളിക്കുന്നതിലും, സമ്മാനം നൽകുന്നതിലുമെല്ലാം അവർക്കിടയിൽ നീതി പാലിക്കുക. ഇത് ഹൃദയങ്ങളെ ഒരുമിപ്പിക്കും. തങ്ങളുടെ പിതാവ് തങ്ങൾക്കിടയിൽ നീതി പാലിക്കുന്നുവെന്ന് മക്കൾ കണ്ടാല്‍, അവരുടെ ഹൃദയങ്ങൾ ഒരുമിക്കുകയും, അവർ തങ്ങളുടെ പിതാവിന് ചുറ്റും ഒന്നിക്കുകയും ചെയ്യും. ഒരാളോട് ചിരിക്കുന്നു, മറ്റൊരാളോടും ചിരിക്കുന്നു. ഒരാളോട് സംസാരിക്കുന്നു, മറ്റൊരാളോടും സംസാരിക്കുന്നു. ഒരാളോടൊപ്പം കളിക്കുന്നു, മറ്റൊരാളോടൊപ്പവും കളിക്കുന്നു. അങ്ങനെ ഹൃദയങ്ങൾ ഒരുമിക്കും. എന്നാൽ അവൻ തന്റെ മക്കൾക്കിടയിൽ വിവേചനം കാണിച്ചാൽ, അവൻ അവരുടെ ഹൃദയങ്ങളെ ഭിന്നിപ്പിച്ചു.
അതുകൊണ്ടാണ് സഹോദരങ്ങളേ, ഹദീഥിൽ വന്നിട്ടുള്ളത്: ബശീർ ബ്നു സഅ്ദിന്റെ ഭാര്യ ഭർത്താവിനോട് പറഞ്ഞു: “എന്റെ മകന് ഒരു അടിമയെ സമ്മാനമായി നൽകുക. അതിന് അല്ലാഹുവിന്റെ റസൂൽ ﷺ യെ സാക്ഷി നിർത്തുകയും ചെയ്യുക.” – തന്റെ മകന് നൽകണമെന്നും അതിന് അല്ലാഹുവിന്റെ റസൂൽ ﷺ യെ സാക്ഷി നിർത്തണമെന്നും ആ സ്ത്രീക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. നുഅ്മാൻ ബ്നു ബശീർ رَضِيَ اللَّهُ عَنْهُ പറയുന്നു: “അങ്ങനെ അദ്ദേഹം അല്ലാഹുവിന്റെ റസൂൽ ﷺ യുടെ അടുക്കൽ വന്ന് പറഞ്ഞു: ‘ഇന്നയാളുടെ മകൾ അവളുടെ മകന് ഒരു അടിമയെ സമ്മാനമായി നൽകാൻ എന്നോട് ആവശ്യപ്പെട്ടിരിക്കുന്നു.'” അപ്പോൾ നബി ﷺ അദ്ദേഹത്തോട് ചോദിച്ചു: “അവന് സഹോദരങ്ങളുണ്ടോ?” അദ്ദേഹം പറഞ്ഞു: “അതെ.” അവിടുന്ന് ചോദിച്ചു: “അവന് നൽകിയത് പോലെ അവർക്കെല്ലാവർക്കും നീ നൽകിയോ?” അദ്ദേഹം പറഞ്ഞു: “ഇല്ല.” അവിടുന്ന് പറഞ്ഞു: “എങ്കിൽ ഇത് ശരിയല്ല. ഞാൻ സത്യത്തിനല്ലാതെ സാക്ഷി നിൽക്കുകയില്ല.”
ഇതൊരു മഹത്തായ ഹദീഥാണ്. ബശീർ رَضِيَ اللَّهُ عَنْهُ തന്റെ മകന് ഒരു അടിമയെ നൽകി, മറ്റു സഹോദരങ്ങൾക്ക് നൽകിയില്ല. പ്രത്യേകിച്ച് നൽകാൻ കാരണമൊന്നുമുണ്ടായിരുന്നില്ല. അപ്പോൾ നബി ﷺ അദ്ദേഹത്തോട് പറഞ്ഞു: “ഇത് ശരിയല്ല, ഞാൻ സത്യത്തിനല്ലാതെ സാക്ഷി നിൽക്കുകയില്ല.” (മുസ്‌ലിം (1624)
മറ്റൊരു റിപ്പോർട്ടിൽ ഇങ്ങനെ വന്നിരിക്കുന്നു: “അനീതിക്ക് നീ എന്നെ സാക്ഷി നിർത്തരുത്. നിന്റെ മക്കൾക്കിടയിൽ നീതി പാലിക്കുകയെന്നത് നിന്റെ മേലുള്ള അവരുടെ അവകാശമാണ്. (അബൂദാവൂദ്:3542, അഹ്മദ് :4/276)
അതിനാൽ മക്കൾക്കിടയിൽ നീതി പാലിക്കുന്നത് കുടുംബ സന്തോഷത്തിനുള്ള ഏറ്റവും വലിയ കാരണങ്ങളിൽ ഒന്നാണ്.
എട്ട്: ദമ്പതികൾക്കിടയിൽ നല്ല ധാരണയുണ്ടാവുക
കുടുംബ സന്തോഷത്തിനുള്ള കാരണങ്ങളിൽ പെട്ടതാണ് ദമ്പതികൾക്കിടയിൽ പരസ്പരം നല്ല ധാരണയുണ്ടായിരിക്കുക എന്നത്. ഭർത്താവ് തന്റെ വീട്ടിലേക്ക് പ്രവേശിക്കുന്നത് ഭാര്യയുടെ പെരുമാറ്റങ്ങളെയും ഇടപാടുകളെയും കുറിച്ച് നല്ലത് ധരിച്ചുകൊണ്ടായിരിക്കണം. ഭാര്യയുടെ ഭാഗത്തുനിന്ന് ഒരു തെറ്റ് സംഭവിച്ചാൽ, അതിനെ നല്ല നിലയിൽ വ്യാഖ്യാനിക്കുകയും അവൾക്ക് ഒഴികഴിവ് കണ്ടെത്തുകയും നല്ല രീതിയിൽ അതിനെ കാണുകയും ചെയ്യുക. ഇനി ഒരു നിലക്കും നല്ല രീതിയിൽ കാണാൻ സാധിക്കുന്നില്ലെങ്കിൽ, ‘ഒരു വിവരമുള്ളവൾക്ക് പറ്റിയ ഒരബദ്ധം’ എന്ന് കരുതുക. അങ്ങനെ അവളുടെ മേൽ കുറ്റം ചുമത്താതിരിക്കുക. ഭാര്യയും ഭർത്താവിനെക്കുറിച്ച് നല്ലത് ധരിക്കുകയും, അദ്ദേഹത്തിന്റെ കാര്യങ്ങളെ ഏറ്റവും നല്ല രീതിയിൽ കാണുകയും ചെയ്യുക. ഓരോരുത്തരും മറ്റൊരാളുടെ വീഴ്ചകൾക്ക് വിട്ടുവീഴ്ച ചെയ്യുക. ഇത് പുരുഷന്മാരുടെയും സ്ത്രീകളുടെയും ഏറ്റവും മഹത്തായ സ്വഭാവങ്ങളിൽ പെട്ടതാണ്.
ഒമ്പത്: നന്മയിൽ കുടുംബാംഗങ്ങൾ സഹകരിക്കുക
കുടുംബ സന്തോഷത്തിനുള്ള കാരണങ്ങളിൽ പെട്ടതാണ്, കുടുംബാംഗങ്ങൾക്കിടയിൽ നന്മയുടെ കാര്യത്തിൽ പരസ്പരം സഹകരണമുണ്ടാവുക എന്നതും, ദമ്പതികൾ അതിന് പ്രത്യേകം താൽപര്യം കാണിക്കുകയും, മാതാപിതാക്കൾ മക്കളെ അതിൽ വളർത്തുകയും ചെയ്യുക എന്നതും. അല്ലാഹു പറയുന്നു:
وَتَعَاوَنُوا۟ عَلَى ٱلْبِرِّ وَٱلتَّقْوَىٰ
“…പുണ്യത്തിലും ഭക്തിയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക… (ഖുർആൻ:5/2)
വീട്ടിൽ നന്മയുടെ കാര്യത്തിൽ സഹകരണമുണ്ടായാൽ, അവിടെ സമാധാനവും സന്തോഷവും കൈവരും. ദുനിയാവിലെ ഏറ്റവും വലിയ ആസ്വാദനങ്ങളിൽ ഒന്നിലേക്ക് നബി ﷺ മാർഗദർശനം നൽകിയ ഒരു കാര്യം ശ്രദ്ധിക്കുക. അവിടുന്ന് പറയുന്നു:
«رَحِمَ اللَّهُ رَجُلًا قَامَ مِنَ اللَّيْلِ؛ فَصَلَّى وَأَيْقَظَ امْرَأَتَهُ فَصَلَّتْ، فَإِنْ أَبَتْ نَضَحَ فِي وَجْهِهَا الْمَاءَ. وَرَحِمَ اللَّهُ امْرَأَةً قَامَتْ مِنَ اللَّيْلِ؛ فَصَلَّتْ، وَأَيْقَظَتْ زَوْجَهَا فَصَلَّى، فَإِنْ أَبَى نَضَحَتْ فِي وَجْهِهِ الْمَاءَ»
രാത്രി എഴുന്നേറ്റ് നമസ്കരിക്കുകയും, തന്റെ ഭാര്യയെ വിളിച്ചുണർത്തുകയും, അവൾ നമസ്കരിക്കുകയും ചെയ്ത പുരുഷനെ അല്ലാഹു അനുഗ്രഹിക്കട്ടെ. ഇനി അവൾ എഴുന്നേൽക്കാൻ വിസമ്മതിച്ചാൽ, അവൻ അവളുടെ മുഖത്ത് വെള്ളം തളിക്കട്ടെ. രാത്രി എഴുന്നേറ്റ് നമസ്കരിക്കുകയും, തന്റെ ഭർത്താവിനെ വിളിച്ചുണർത്തുകയും, അവൻ നമസ്കരിക്കുകയും ചെയ്ത സ്ത്രീയെ അല്ലാഹു അനുഗ്രഹിക്കട്ടെ. ഇനി അവൻ എഴുന്നേൽക്കാൻ വിസമ്മതിച്ചാൽ, അവൾ അവന്റെ മുഖത്ത് വെള്ളം തളിക്കട്ടെ. (അബൂദാവൂദ്:1308, നസാഈ :1610, ഇബ്നു മാജ:1336. ഹാകിം ഇത് മുസ്‌ലിമിന്റെ നിബന്ധന പ്രകാരം സ്വഹീഹാണെന്ന് പറഞ്ഞു. അൽബാനി ഇതിന്റെ പരമ്പര ഹസനാണെന്ന് ‘സ്വഹീഹ് അബീ ദാവൂദിൽ’ (5/1181) പറയുന്നു.)
നന്മയിലുള്ള ഈ സഹകരണം എത്ര മനോഹരമാണ്! പുരുഷൻ രാത്രി എഴുന്നേറ്റ് നമസ്കരിക്കുന്നു, ഈ നന്മയിൽ നിന്ന് തന്റെ ഭാര്യയെ അവൻ ഒഴിവാക്കുന്നില്ല, മറിച്ച് അവളെ വിളിച്ചുണർത്തുന്നു. അവൾ വിസമ്മതിച്ചാൽ, എഴുന്നേൽക്കാൻ വേണ്ടി അവളുടെ മുഖത്ത് വെള്ളം തളിക്കുന്നു. അതുപോലെ സ്ത്രീ രാത്രി എഴുന്നേറ്റ് നമസ്കരിക്കുകയും ഭർത്താവിനെ വിളിച്ചുണർത്തുകയും ചെയ്യുന്നു. അവൻ വിസമ്മതിച്ചാൽ, അവൾ അവന്റെ മുഖത്ത് വെള്ളം തളിക്കുന്നു. തീർച്ചയായും ഇത് നന്മയിൽ സഹകരിക്കുന്ന ഒരു കുടുംബമാണ്. അവർ ഇതിൽ സന്തോഷിക്കുന്നു. എന്നാൽ ഒരു കുടുംബം നന്മയിൽ സഹകരിക്കുന്നില്ലെങ്കിൽ, അതൊരു അഗ്നിപർവ്വതം പോലെ പൊട്ടിത്തെറിച്ചേക്കാം, അവിടെ സന്തോഷം കൈവരുകയുമില്ല.
പത്ത്: പുരുഷൻ സച്ചരിതരുടെ മാതൃക പിൻപറ്റുക
കുടുംബത്തിൽ സന്തോഷം കൈവരാനുള്ള കാരണങ്ങളിൽ ഒന്നാണ്, പുരുഷൻ തന്റെ കുടുംബവുമായുള്ള ഇടപാടുകളിൽ സച്ചരിതരുടെ മാർഗം മുറുകെ പിടിക്കുക എന്നത്. അവൻ നല്ല സ്വഭാവചരിത്രവും, ശുദ്ധമായ രഹസ്യവും ഉള്ളവനായിരിക്കണം. തന്റെ ഭാര്യയോടും മക്കളോടും എളുപ്പത്തിലും സൗമ്യതയിലും പെരുമാറുന്നവനും അവരോട് കാരുണ്യമുള്ളവനുമായിരിക്കണം. സൗമ്യത ഒരു കാര്യത്തിലുണ്ടായാൽ അതിനെ ഭംഗിയാക്കുകയേയുള്ളൂ, ഒരു കാര്യത്തിൽ നിന്ന് സൗമ്യത നീക്കം ചെയ്യപ്പെട്ടാൽ അതിനെ മോശമാക്കുകയേയുള്ളൂ. (മുസ്‌ലിം:2594) അവരെ പ്രയാസപ്പെടുത്തുന്ന കാര്യങ്ങൾ അവൻ കൽപ്പിക്കുകയില്ല. അവരിൽ നിന്നുണ്ടാകുന്ന അലോസരങ്ങൾ സ്വീകരിക്കാൻ അവൻ സ്വയം പാകപ്പെടുത്തും. തന്റെ ഭാര്യയിൽ നിന്ന് വെറുക്കുന്ന എന്തെങ്കിലും കണ്ടാല്‍, അവളുടെ നല്ല ഗുണങ്ങളെ അവൻ ഓർക്കും. തന്റെ മകനിൽ നിന്ന് ഒരു വീഴ്ച കണ്ടാല്‍, അവനിലുള്ള നന്മകളെ അവൻ ഓർക്കും. അങ്ങനെ അവൻ തന്റെ കുടുംബത്തിൽ ദുരിതത്തിലാവുകയോ തന്റെ കുടുംബത്തെ ദുരിതത്തിലാക്കുകയോ ഇല്ല. സ്ത്രീ ദുർബലയാണെന്നും അല്ലാഹുവിന്റെ അമാനത്തിലാണവളെ സ്വീകരിച്ചതെന്നും അവനറിയാം. അതിനാൽ അവൻ അവളെ ഒരിക്കലും ഉപദ്രവിക്കുകയില്ല. സ്ത്രീയുടെ രഹസ്യങ്ങൾ അവൻ സൂക്ഷിക്കും, അത് പുറത്തുപറയുകയില്ല. നബി ﷺ പറയുന്നു:
إِنَّ مِنْ شَرِّ النَّاسِ عِنْدَ اللَّهِ مَنْزِلَةً يَوْمَ الْقِيَامَةِ، الرَّجُلُ يُفْضِي إِلَى امْرَأَتِهِ، وَتُفْضِي إِلَيْهِ، ثُمَّ يَنْشُرُ سِرَّهَا
അന്ത്യനാളിൽ അല്ലാഹുവിങ്കൽ ഏറ്റവും മോശം സ്ഥാനമുള്ളവരിൽ പെട്ടവനാണ്, ഒരു പുരുഷൻ തന്റെ ഭാര്യയുമായി ബന്ധപ്പെടുകയും അവൾ അവനുമായി ബന്ധപ്പെടുകയും ചെയ്തിട്ട് അവൻ അവളുടെ രഹസ്യം പുറത്തുപറയുന്നവൻ. (മുസ്‌ലിം:1437)
സച്ചരിതരുടെ മാർഗത്തിൽ സഞ്ചരിക്കുന്ന പുരുഷൻ, നബി ﷺ യെ മാതൃകയാക്കി തന്റെ കുടുംബത്തോട് തമാശ പറയുകയും അവരുമായി കളിക്കുകയും ചെയ്യും. അവൻ അവരെ പരിപാലിക്കും, കാരണം അവൻ ഒരു ഭരണാധികാരിയാണ്. അവൻ തന്റെ ഭാര്യയെ കഠിനമായി അടിക്കുകയില്ല, പ്രതികാരം ചെയ്യുന്നവനെപ്പോലെ അടിക്കുകയില്ല. ഇനി അവളെ അടിക്കുകയാണെങ്കിൽ തന്നെ, അത് ശിക്ഷണം നൽകുന്ന രൂപത്തിലായിരിക്കും. അവൻ അവളെ ശിക്ഷിക്കുകയാണെന്ന് അവൾക്ക് തോന്നണം. എന്നാൽ പ്രതികാരദാഹിയായി അവളെ അടിക്കുകയും മർദ്ദിക്കുകയും ചെയ്താൽ, വീട്ടിൽ നിന്ന് സന്തോഷം പടിയിറങ്ങും. നബി ﷺ പറയുന്നു:
لَا يَجْلِدُ أَحَدُكُمْ امْرَأَتَهُ جَلْدَ الْعَبْدِ، ثُمَّ يُجَامِعُهَا فِي آخِرِ الْيَوْمِ
നിങ്ങളിലൊരാളും തന്റെ ഭാര്യയെ അടിമയെ അടിക്കുന്നതുപോലെ അടിക്കരുത്. എന്നിട്ട് ദിവസത്തിന്റെ അവസാനത്തിൽ അവളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്യരുത്. (ബുഖാരി:5204)
അവൻ അവളെ അടിച്ചാൽ, അവളുടെ മനസ്സ് അവനോട് വെറുപ്പിലാകും, അങ്ങനെ അവളിലൂടെ അവന് സന്തോഷം ലഭിക്കുകയില്ല. വീട്ടിൽ സച്ചരിതരുടെ മാർഗത്തിൽ സഞ്ചരിക്കുന്ന പുരുഷൻ, അല്ലാഹു സ്ത്രീക്ക് നൽകിയ അവകാശം അവൾക്ക് നൽകും. അവളെ ചീത്ത പറയുകയോ മോശമായി ചിത്രീകരിക്കുകയോ അവളുടെ വീട്ടുകാരെ മോശമായി പറയുകയോ അവളെ ശപിക്കുകയോ അവളുടെ വീട്ടുകാരെ ശപിക്കുകയോ ചെയ്യുകയില്ല. എന്തുകൊണ്ട്? കാരണം അല്ലാഹുവിന്റെ റസൂൽ ﷺ യോട് ചോദിക്കപ്പെട്ടു: “ഞങ്ങളിൽ ഒരാളുടെ ഭാര്യക്ക് ഞങ്ങളുടെ മേലുള്ള അവകാശമെന്താണ്?” അവിടുന്ന് പറഞ്ഞു:
أَنْ تُطْعِمَهَا إِذَا طَعِمْتَ، وَتَكْسُوَهَا إِذَا اكْتَسَيْتَ، وَلَا تَضْرِبَ الْوَجْهَ، وَلَا تُقَبِّحْ، وَلَا تَهْجُرَ إِلَّا فِي الْبَيْتِ
നീ ഭക്ഷിക്കുമ്പോൾ അവളെയും ഭക്ഷിപ്പിക്കുക, നീ വസ്ത്രം ധരിക്കുമ്പോൾ അവളെയും ധരിപ്പിക്കുക, മുഖത്തടിക്കാതിരിക്കുക, അവളെ മോശമായി ചിത്രീകരിക്കാതിരിക്കുക, വീട്ടിലല്ലാതെ അവളുമായി അകന്നുനിൽക്കാതിരിക്കുക.” (അബൂദാവൂദ്:2142), ഇബ്നുമാജ:1850. ഹാകിം ഇതിന്റെ പരമ്പര സ്വഹീഹാണെന്ന് പറഞ്ഞു. അൽബാനിയും ‘അൽ-ഇർവാഇൽ’ (2033) അത് ശരിവെച്ചു.)
അവൻ എല്ലാ കാര്യത്തിലും അവളെ വിചാരണ ചെയ്യുകയില്ല. കാരണം അവനറിയാം, നബി ﷺ പറഞ്ഞിട്ടുണ്ട്:
اسْتَوْصُوا بِالنِّسَاءِ؛ فَإِنَّ الْمَرْأَةَ خُلِقَتْ مِنْ ضِلْعٍ، وَإِنَّ أَعْوَجَ شَيْءٍ فِي الضِّلْعِ أَعْلَاهُ، فَإِنْ ذَهَبْتَ تُقِيمُهُ كَسَرْتَهُ، وَإِنْ تَرَكْتَهُ لَمْ يَزَلْ أَعْوَجَ، فَاسْتَوْصُوا بِالنِّسَاءِ خَيْرًا
നിങ്ങൾ സ്ത്രീകളോട് നന്മയിൽ വർത്തിക്കുക. കാരണം സ്ത്രീയെ വാരിയെല്ലിൽ നിന്നാണ് സൃഷ്ടിച്ചത്. വാരിയെല്ലിൽ ഏറ്റവും വളഞ്ഞത് അതിന്റെ മുകൾ ഭാഗമാണ്. നീ അത് നിവർത്താൻ ശ്രമിച്ചാൽ അതിനെ പൊട്ടിക്കും. അതിനെ വെറുതെ വിട്ടാൽ അത് വളഞ്ഞുതന്നെയിരിക്കും. അതിനാൽ നിങ്ങൾ സ്ത്രീകളോട് നന്മയിൽ വർത്തിക്കുക. (ബുഖാരി:3331, മുസ്‌ലിം:1468)
പുരുഷൻ തന്റെ കുടുംബത്തിൽ സച്ചരിതരുടെ മാർഗം മുറുകെ പിടിച്ചാൽ, അവന്റെ വീട്ടിൽ സന്തോഷം കൈവരും. അങ്ങനെ ഈ കുടുംബത്തിന് ധാരാളം നന്മകൾ ലഭിക്കും. അ അതുപോലെ ഭാര്യയും, തന്റെ കുടുംബത്തിൽ സച്ചരിതകളായ (الصالحات) സ്ത്രീകളുടെ മാതൃക പിന്തുടരണം. ഇതുപോലെ ഭാര്യയും, തന്റെ കുടുംബത്തിൽ സച്ചരിതരായ സ്ത്രീകളുടെ മാർഗത്തിൽ സഞ്ചരിക്കണം. ഭർത്താവിന്റെ അവകാശത്തെയും കുടുംബത്തിന്റെ അവകാശത്തെയും അവൾ മഹത്വപ്പെടുത്തണം. കാരണം അവൾക്കറിയാം, നബി ﷺ അവളുടെ മേൽ ഭർത്താവിനുള്ള അവകാശത്തെ മഹത്വപ്പെടുത്തിയിട്ടുണ്ട്.
സുലൈമാൻ ബിൻ സലീംഅല്ലാഹ് അർ-റുഹൈലി حَفِظَهُ اللَّهُ യുടെ أسباب سعادة الأسرة ൽ നിന്നും
www.kanzululoom.com