بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
അല്ലാഹു ﷻ നമ്മെ ശഅ്ബാൻ മാസത്തിൽ എത്തിച്ചിരിക്കുന്നു. പവിത്രമായ റജബ് മാസത്തിനും മഹത്തരമായ റമദാൻ മാസത്തിനും ഇടയിലുള്ള മാസമാണിത്. അല്ലാഹു നിശ്ചയിച്ച പന്ത്രണ്ട് മാസങ്ങളിൽ ഒന്നാണിത്.
إِنَّ عِدَّةَ ٱلشُّهُورِ عِندَ ٱللَّهِ ٱثْنَا عَشَرَ شَهْرًا فِى كِتَٰبِ ٱللَّهِ يَوْمَ خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ …
ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു…. (ഖു൪ആന്‍ : 9/36)
റമദാനിന് തൊട്ടുമുമ്പുള്ള ഈ മാസം സൽക്കർമ്മങ്ങളുടെ ഒരു വസന്തമാണ്. അതിൽ ഏറ്റവും മഹത്തായ കർമ്മം ‘നോമ്പ്’ ആകുന്നു. ആയിശ رَضِيَ اللَّهُ عَنْهَا പറയുന്നു:
مَا رَأَيْتُ رَسُولَ اللَّهِ ﷺ فِي شَهْرٍ أَكْثَرَ صِيَامًا مِنْهُ فِي شَعْبَانَ
ശഅ്ബാൻ മാസത്തിലേതിനേക്കാൾ കൂടുതലായി റസൂൽ ﷺ മറ്റൊരു മാസത്തിലും (റമദാൻ ഒഴികെ) നോമ്പ് അനുഷ്ഠിക്കുന്നത് ഞാൻ കണ്ടിട്ടില്ല. [ബുഖാരി, മുസ്ലിം]
നബി ﷺ ശഅ്ബാനിൽ അധിക ദിവസങ്ങളിലും നോമ്പ് നോൽക്കാറുണ്ടായിരുന്നു. റമദാൻ നോമ്പിന് മുന്നോടിയായുള്ള ഒരു തയ്യാറെടുപ്പും മുന്നൊരുക്കവും എന്ന നിലയിലായിരുന്നു അത്. നിർബന്ധ നമസ്കാരങ്ങൾക്ക് മുമ്പുള്ള ‘റവാത്തീബായ സുന്നത്തുകൾ’ പോലെയാണ് റമദാനിന് മുമ്പുള്ള ശഅ്ബാൻ നോമ്പ്. ഒരു അടിമ ഫർള് നമസ്കാരത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് സുന്നത്ത് നമസ്കാരങ്ങൾ നിർവ്വഹിച്ചാൽ, അവന്റെ മനസ്സ് ഫർള് നമസ്കാരത്തിനായി പാകപ്പെടുകയും, അതിൽ അവന് ഉന്മേഷം ലഭിക്കുകയും, പൂർണ്ണമായ രൂപത്തിൽ അത് നിർവ്വഹിക്കാൻ സാധിക്കുകയും ചെയ്യും.
ഇതുപോലെ തന്നെയാണ് റമദാനിന് മുമ്പുള്ള ശഅ്ബാൻ നോമ്പും. ശഅ്ബാനിൽ അധികമായി നോമ്പ് അനുഷ്ഠിക്കുന്നവന്റെ മനസ്സ് പാകപ്പെടുകയും, ആത്മാവിന് കരുത്ത് ലഭിക്കുകയും, റമദാനിലെ നിർബന്ധ നോമ്പിനെ സ്വീകരിക്കാൻ അവൻ സജ്ജനാവുകയും ചെയ്യും. അതിനാൽ, ശഅ്ബാൻ മാസത്തിൽ തന്റെ കഴിവനുസരിച്ചുള്ള നോമ്പുകൾ നോൽക്കുന്നതിൽ നിന്ന് ആരും വിട്ടുനിൽക്കരുത്. ഭൂരിഭാഗം ദിവസങ്ങളിലും നോമ്പ് നോൽക്കാൻ സാധിക്കുന്നവർക്ക് അങ്ങനെ ചെയ്യാം; അതാണ് നബി ﷺ യുടെ ചര്യ.
ഖളാഅ് വീട്ടാനുള്ള അവസരം
ശഅ്ബാൻ മാസത്തിൽ ഏറ്റവും കൂടുതൽ പരിഗണന നൽകേണ്ടത് നിർബന്ധമായ നോമ്പ് ബാക്കിയുള്ളവർക്കാണ് (ഖളാഅ് ഉള്ളവർ). കഴിഞ്ഞ റമദാനിലെ നോമ്പ് ആർക്കെങ്കിലും ബാക്കിയുണ്ടെങ്കിൽ, അത് ഈ റമദാൻ കടന്നുവരുന്നതിന് മുമ്പ് നോറ്റ് വീട്ടൽ നിർബന്ധമാണ്. ഖളാഅ് വീട്ടാൻ അനുവദിക്കപ്പെട്ട അവസാന മാസമാണ് ശഅ്ബാൻ. വരാനിരിക്കുന്ന റമദാൻ വരെ, കഴിഞ്ഞ റമദാനിലെ നോമ്പ് വീട്ടാതെ പിന്തിപ്പിക്കാൻ പാടുള്ളതല്ല. അങ്ങനെ ചെയ്യുന്നത് ഹറാമാണ്. അതിനാൽ ശഅ്ബാനിലെ സുന്നത്ത് നോമ്പുകൾ അധികരിപ്പിക്കുക, അതോടൊപ്പം നിർബന്ധ നോമ്പ് ബാക്കിയുള്ളവർ അത് വേഗത്തിൽ വീട്ടിത്തീർക്കുകയും ചെയ്യുക.
ശ്രദ്ധിക്കേണ്ട നിരോധനങ്ങൾ
നബി ﷺ ശഅ്ബാനിലെ ചില ദിവസങ്ങളിൽ നോമ്പ് നോൽക്കുന്നത് നിരോധിച്ചിട്ടുണ്ട് എന്നത് നാം അറിഞ്ഞിരിക്കണം. നബി ﷺ പറഞ്ഞു:
لَا يَتَقَدَّمَنَّ أَحَدُكُمْ رَمَضَانَ بِصَوْمِ يَوْمٍ أَوْ يَوْمَيْنِ، إِلَّا أَنْ يَكُونَ رَجُلٌ كَانَ يَصُومُ صَوْمَهُ، فَلْيَصُمْ ذَلِكَ الْيَوْمَ
നിങ്ങളിൽ ഒരാളും റമദാനിന് ഒന്ന് അല്ലെങ്കിൽ രണ്ട് ദിവസം മുമ്പായി നോമ്പ് നോൽക്കരുത്. എന്നാൽ ഒരാൾ (പതിവായി) നോൽക്കാറുള്ള നോമ്പ് ആ ദിവസവുമായി യോജിച്ചു വന്നാൽ അവന് ആ ദിവസം നോമ്പ് നോൽക്കാവുന്നതാണ്. [ബുഖാരി, മുസ്ലിം]
അതായത്, തിങ്കളും വ്യാഴവും നോമ്പ് നോൽക്കുന്ന ശീലമുള്ള ഒരാൾക്ക്, ശഅ്ബാൻ അവസാനത്തെ ദിവസങ്ങൾ തിങ്കളോ വ്യാഴമോ ആയി വന്നാൽ അന്ന് നോമ്പ് നോൽക്കുന്നതിൽ തെറ്റില്ല. എന്നാൽ റമദാനിനെ സ്വീകരിക്കാൻ വേണ്ടി മാത്രം (പ്രത്യേകം കരുതി) ഒന്ന് രണ്ട് ദിവസം മുമ്പ് നോമ്പ് നോൽക്കാൻ പാടില്ല.
അതുപോലെത്തന്നെ ‘യൗമുശ്ശക്ക്’ (സംശയത്തിന്റെ ദിവസം – ശഅ്ബാൻ 30) നോമ്പ് നോൽക്കുന്നതും നബി ﷺ നിരോധിച്ചിട്ടുണ്ട്. അമ്മാർ ബിൻ യാസിർ رَضِيَ اللَّهُ عَنْهُ പറഞ്ഞു:
مَنْ صَامَ اليَوْمَ الَّذِي يُشَكٍّ فِيهِ فَقَدْ عَصَى أَبَا القَاسِمِ
ആരെങ്കിലും സംശയത്തിന്റെ ദിവസം നോമ്പ് നോറ്റാൽ, അവൻ അബുൽ ഖാസിമിനോട് (നബി ﷺ യോട്) അനുസരണക്കേട് കാണിച്ചിരിക്കുന്നു. (അബൂദാവൂദ്, തിര്‍മിദി)
ഖുർആൻ പാരായണം
ശഅ്ബാൻ മാസത്തിൽ നിങ്ങളുടെ നോമ്പിനോടൊപ്പം ഖുർആൻ പാരായണവും ചേർത്തുപിടിക്കുക. മുൻഗാമികളായ സലഫുകൾ (رَحِمَهُمُ اللَّهُ) ഈ മാസത്തിലെ ഖുർആൻ പാരായണത്തിന് വലിയ പ്രാധാന്യം നൽകിയിരുന്നു. അവർ സഹാബികളിൽ നിന്ന് പഠിച്ച ദീനിന്റെ ഭാഗമായിരുന്നു അത്. താബിഉകൾക്കിടയിൽ ശഅ്ബാൻ മാസം “ശഹ്റുൽ ഖുർറാഅ്” (ഖുർആൻ ഓത്തുകാരുടെ മാസം) എന്ന പേരിൽ അറിയപ്പെട്ടിരുന്നു.
‘ഖുർആനിന്റെ മാസം’ എന്നറിയപ്പെടുന്ന റമദാനിന് വേണ്ടിയുള്ള തയ്യാറെടുപ്പായിട്ടാണ് അവർ ഇതിനെ കണ്ടിരുന്നത്. അല്ലാഹു ﷻ പറയുന്നു:
شَهْرُ رَمَضَانَ ٱلَّذِىٓ أُنزِلَ فِيهِ ٱلْقُرْءَانُ هُدًى لِّلنَّاسِ وَبَيِّنَٰتٍ مِّنَ ٱلْهُدَىٰ وَٱلْفُرْقَانِ
ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്… (ഖു൪ആന്‍ :2/185)
അതുകൊണ്ട് റമദാനിലെ പാരായണത്തിന് കരുത്ത് ലഭിക്കാൻ വേണ്ടി ശഅ്ബാനിൽ തന്നെ ഖുർആൻ പാരായണത്തിൽ മുഴുകുക. പ്രതിഫലം കാംക്ഷിച്ചുകൊണ്ട് ധാരാളമായി ഖുർആൻ ഖത്മ് (അവസാനിപ്പിക്കാൻ) ചെയ്യാൻ ശ്രമിക്കുക.
ബിദ്അത്തുകളെയും പാപങ്ങളെയും സൂക്ഷിക്കുക
റജബിനും റമദാനിനും ഇടയിലുള്ള ഈ മാസത്തിൽ (ശഅ്ബാൻ), റമദാനിന് മുന്നോടിയായി നോമ്പും ഖുർആൻ പാരായണവും നിർവ്വഹിക്കാൻ നാം പരിശ്രമിക്കണം. എന്നാൽ, ഇസ്ലാമിൽ ഇല്ലാത്ത പുത്തനാചാരങ്ങളെയും (ബിദ്അത്തുകൾ), നിഷിദ്ധമായ കാര്യങ്ങളെയും (ഹറാം) നിങ്ങൾ സൂക്ഷിക്കുക. ബിദ്അത്തുകൾ എല്ലാ കാലത്തും നിഷിദ്ധമാണ്.
അല്ലാഹു ﷻ മുഹമ്മദ് നബി ﷺ യെ അയക്കുകയും, അദ്ദേഹത്തെ അനുസരിക്കാനും പിന്തുടരാനും നമ്മോട് കൽപ്പിക്കുകയും ചെയ്തു. നബി ﷺ യെ പിന്തുടരുന്നതിലൂടെയാണ് അല്ലാഹുവിനോടുള്ള നമ്മുടെ സ്നേഹം പരീക്ഷിക്കപ്പെടുന്നത്. അല്ലാഹു പറയുന്നു:
قُلْ إِن كُنتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ
(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുന്നതാണ്…(ഖു൪ആന്‍ :3/31)
നബിചര്യയെ പിന്തുടരുക (ഇത്തിബാഅ്) എന്നതിനേക്കാൾ അലങ്കാരമുള്ള മറ്റൊരു കാര്യവുമില്ല; മതത്തിൽ പുതിയത് നിർമ്മിക്കുക (ഇബ്തിദാഅ്) എന്നതിനേക്കാൾ മോശമായ മറ്റൊരു കാര്യവുമില്ല.
അതുകൊണ്ട് ശഅ്ബാൻ മാസത്തിൽ പുതുതായി ഉണ്ടാക്കിയ ബിദ്അത്തുകളെ നിങ്ങൾ സൂക്ഷിക്കുക. അതുപോലെ ഹറാമുകളെയും സൂക്ഷിക്കുക. കാരണം, ശഅ്ബാൻ മാസത്തിൽ ചെയ്യുന്ന തിന്മകൾ ആത്മാവിനെ ക്ഷീണിപ്പിക്കും. അങ്ങനെ ക്ഷീണിച്ച, ബലഹീനമായ ആത്മാവുമായിട്ടായിരിക്കും അവൻ റമദാനിലേക്ക് പ്രവേശിക്കുക.
ഇതൊരു പരിശീലനം പോലെയാണ്. സൽക്കർമ്മങ്ങൾ കൊണ്ട് ആത്മാവിനെ പരിശീലിപ്പിച്ചാൽ വരാനിരിക്കുന്ന കാര്യങ്ങൾ (റമദാൻ) ചെയ്യാൻ അതിന് കരുത്തുണ്ടാകും. എന്നാൽ തിന്മകൾ കൊണ്ടാണ് ആത്മാവിനെ നിറക്കുന്നതെങ്കിൽ, പുണ്യങ്ങളുടെ വസന്തമായ റമദാൻ വന്നെത്തുമ്പോഴേക്കും അത് ക്ഷീണിച്ചുപോയിട്ടുണ്ടാകും.
അതുകൊണ്ട് ശഅ്ബാനിലെ പാപങ്ങളെ സൂക്ഷിക്കുക; കാരണം റമദാനിലെ ആരാധനകൾ നിർവ്വഹിക്കുന്നതിൽ നിന്ന് അത് നിങ്ങളെ തളർത്തിക്കളയും. ശഅ്ബാനിലെ നോമ്പും ഖുർആൻ പാരായണവും റമദാനിലെ ആരാധനകൾക്ക് കരുത്ത് പകരാനാണെങ്കിൽ, ശഅ്ബാനിലെ പാപങ്ങൾ റമദാനിലെ ആരാധനകളിൽ നിന്ന് നിങ്ങളുടെ ഹൃദയത്തെയും ആത്മാവിനെയും ദുർബലമാക്കിക്കളയും.
ആരാണോ ആരാധനകൾ കൊണ്ട് റമദാനിനായി തയ്യാറെടുക്കുന്നത്, അവന് റമദാനിലെ കർമ്മങ്ങൾ എളുപ്പമാകും. ആരാണോ റമദാനിന് മുന്നോടിയായി പാപങ്ങളും തിന്മകളും ചെയ്തുക്കൂട്ടുന്നത്, അവൻ തന്റെ ഹൃദയത്തിലും ആത്മാവിലും വലിയ ഭാരങ്ങൾ വെക്കുകയാണ് ചെയ്യുന്നത്; റമദാനിലെ പുണ്യങ്ങൾക്കും അവനുമിടയിൽ ആ ഭാരങ്ങൾ ഒരു തടസ്സമായി മാറും.
ശൈഖ് ഡോ. സ്വാലിഹ് ബിൻ അബ്ദില്ല അൽ ഉസ്വൈമി حَفِظَهُ اللَّهُ
വിവര്‍ത്തനം : മുഹമ്മദ് അമീൻ
www.kanzululoom.com