മനുഷ്യനെന്ന നിലയിൽ നാമെല്ലാവരും ഈമാനികമായ (വിശ്വാസപരമായ) ഒരു സമരവഴിയിലാണ്. തെറ്റുകളിൽ നിന്നും വീഴ്ചകളിൽ നിന്നും സ്വന്തം മനസ്സിനെ കാത്തുസൂക്ഷിക്കാനുള്ള ഈ പോരാട്ടത്തിൽ, ശത്രുവിനെ തിരിച്ചറിയുക എന്നതാണ് വിജയത്തിനുള്ള ആദ്യത്തെ പടി. മനുഷ്യഹൃദയങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ച പണ്ഡിതൻ, ഇമാം ഇബ്നുൽ ഖയ്യിം رَحِمَهُ اللَّهُ തന്റെ ‘അൽ-ഫവാഇദ്’ എന്ന ഗ്രന്ഥത്തിൽ പാപങ്ങളുടെയും ഹൃദയനാശത്തിന്റെയും ഉറവിടങ്ങളെക്കുറിച്ച് നടത്തുന്ന നിരീക്ഷണങ്ങൾ ഏതൊരു വിശ്വാസിയുടെയും കണ്ണ് തുറപ്പിക്കുന്നതാണ്.
പാപങ്ങൾ പലവിധത്തിലുണ്ടെങ്കിലും അവയെല്ലാം ചെന്നുചേരുന്നത് പ്രധാനപ്പെട്ട മൂന്ന് അടിവേരുകളിലേക്കാണെന്ന് അദ്ദേഹം നമ്മെ ഓർമ്മപ്പെടുത്തുന്നു. മനുഷ്യചരിത്രത്തിൽ അല്ലാഹുവിനോടുള്ള അനുസരണക്കേട് ആദ്യമായി രേഖപ്പെടുത്തപ്പെട്ടതും ഈ മൂന്ന് കാര്യങ്ങളിലൂടെയായിരുന്നു. ഇതിനെക്കുറിച്ച് ഇമാം ഇബ്നുൽ ഖയ്യിം رَحِمَهُ اللَّهُ പറയുന്നത് ഇപ്രകാരമാണ്:
أُصُولُ الْخَطَايَا كُلِّهَا ثَلَاثَةٌ : الْكِبْرُ : وَهُوَ الَّذِي أَصَارَ إِبْلِيسَ إِلَى مَا أَصَارَهُ ، وَالْحِرْصُ : وَهُوَ الَّذِي أَخْرَجَ آدَمَ مِنَ الْجَنَّةِ ، وَالْحَسَدُ وَهُوَ الَّذِي جَرَّأَ أَحَدَ ابْنَيْ آدَمَ عَلَى أَخِيهِ
സകല പാപങ്ങളുടെയും അടിസ്ഥാനം മൂന്ന് കാര്യങ്ങളാണ്. അതിൽ ഒന്നാമത്തേത് അഹങ്കാരം (അൽ-കിബർ). ഇബ്ലീസിനെ അല്ലാഹുവിന്റെ ശാപത്തിലേക്കും അധപ്പതനത്തിലേക്കും എത്തിച്ചത് ഈ അഹങ്കാരമായിരുന്നു. രണ്ടാമത്തേത് അത്യാഗ്രഹമാണ് (അൽ-ഹിർസ്). സ്വർഗ്ഗത്തിൽ എല്ലാവിധ അനുഗ്രഹങ്ങളും ലഭിച്ചിട്ടും, നിഷിദ്ധമാക്കപ്പെട്ട മരത്തിൽ നിന്ന് ഭക്ഷിക്കാൻ ആദം നബി عَلَيْهِ ٱلسَّلَامُ യെ പ്രേരിപ്പിച്ചത് ശാശ്വത ജീവിതത്തോടുള്ള ആഗ്രഹമായിരുന്നു. മൂന്നാമത്തേത് അസൂയയാണ് (അൽ-ഹസദ്). ആദമിൻ്റെ മക്കളിൽ ഒരാളായ ഖാബീലിനെ, തന്റെ സ്വന്തം സഹോദരനെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചത് അസൂയയായിരുന്നു.
ഈ മൂന്ന് തിന്മകളിൽ നിന്ന് ആരെങ്കിലും സ്വയം കാത്തുരക്ഷിച്ചാൽ, അവൻ എല്ലാവിധ തിന്മകളിൽ നിന്നും സംരക്ഷിക്കപ്പെട്ടു. കാരണം, അഹങ്കാരത്തിൽ നിന്നാണ് സത്യനിഷേധം (കുഫ്റ്) ഉണ്ടാകുന്നത്. അത്യാഗ്രഹത്തിൽ നിന്നാണ് പാപങ്ങൾ (മഅ്സിയത്ത്) സംഭവിക്കുന്നത്. അസൂയയിൽ നിന്നാണ് അനീതിയും അതിക്രമവും (സുൽമ്) ഉടലെടുക്കുന്നത്.
തുടർന്ന്, മനുഷ്യർ നരകത്തിലേക്ക് പ്രവേശിക്കുന്ന വഴികളെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നുണ്ട്. പ്രധാനമായും മൂന്ന് കവാടങ്ങളിലൂടെയാണ് മനുഷ്യൻ നാശത്തിലേക്ക് പതിക്കുന്നത്.
دَخَلَ النَّاسُ النَّارَ مِنْ ثَلَاثَةِ أَبْوَابٍ : بَابِ شُبْهَةٍ أَوْرَثَتْ شَكًّا فِي دِينِ اللَّهِ ، وَبَابِ شَهْوَةٍ أَوْرَثَتْ تَقْدِيمَ الْهَوَى عَلَى طَاعَتِهِ وَمَرْضَاتِهِ ، وَبَابِ غَضَبٍ أَوْرَثَتِ الْعُدْوَانَ عَلَى خَلْقِهِ
ഒന്നാമതായി, സംശയത്തിന്റെ (ശുബ്ഹത്ത്) വാതിലിലൂടെയാണ് പലരും വഴിതെറ്റുന്നത്. അറിവില്ലായ്മയിൽ നിന്നും ഉടലെടുക്കുന്ന സംശയങ്ങൾ അല്ലാഹുവിന്റെ ദീനിലുള്ള വിശ്വാസത്തിന് മങ്ങലേൽപ്പിക്കുന്നു. രണ്ടാമത്തെ വിഭാഗം ആളുകൾ ഇച്ഛകളുടെയും ദേഹേച്ഛകളുടെയും (ശഹ്വത്ത്) വാതിലിലൂടെ നരകത്തിൽ പ്രവേശിക്കുന്നു. അല്ലാഹുവിന്റെ തൃപ്തിയേക്കാളും അനുസരണത്തേക്കാളും സ്വന്തം ഇഷ്ടങ്ങൾക്ക് മുൻഗണന നൽകുന്നതിലൂടെയാണ് ഇത് സംഭവിക്കുന്നത്. മൂന്നാമതായി, കോപത്തിന്റെ (ഗദബ്) വാതിലിലൂടെ നാശമടയുന്നവരുണ്ട്. സൃഷ്ടികളോട് അന്യായമായി പെരുമാറാനും അതിക്രമം കാണിക്കാനും മനുഷ്യനെ പ്രേരിപ്പിക്കുന്നത് നിയന്ത്രണമില്ലാത്ത കോപമാണ്.
ചുരുക്കത്തിൽ, അറിവില്ലായ്മയിൽ നിന്നാണ് സംശയങ്ങൾ ഉണ്ടാകുന്നത്; അതിനുള്ള പരിഹാരം ശരിയായ ഇസ്ലാമിക വിജ്ഞാനം നേടുക എന്നതാണ്. സ്വന്തം നഫ്സിനോടുള്ള അമിതമായ സ്നേഹത്തിൽ നിന്നാണ് ദേഹേച്ഛകൾ ഉണ്ടാകുന്നത്; അതിനുള്ള മരുന്ന് ക്ഷമയും (സ്വബ്ർ) അല്ലാഹുവിനോടുള്ള ഭയവുമാണ്. അഹങ്കാരത്തിൽ നിന്നാണ് കോപം ഉണ്ടാകുന്നത്; അതിനെ മറികടക്കാൻ വിനയവും കാരുണ്യവും ശീലിക്കേണ്ടതുണ്ട്. ആത്മപരിശോധന നടത്തുന്ന ഓരോ വിശ്വാസിക്കും, തന്റെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന ഈ രോഗങ്ങളെ തിരിച്ചറിയാനും ചികിത്സിക്കാനും ഇമാം ഇബ്നുൽ ഖയ്യിം رَحِمَهُ اللَّهُ യുടെ ഈ വചനങ്ങൾ വലിയൊരു വഴികാട്ടിയാണ്.
അല്ലാഹുﷻ നമ്മുടെ ഹൃദയങ്ങളെ ഈ മാരകമായ രോഗങ്ങളിൽ നിന്ന് കാത്തുരക്ഷിക്കുമാറാകട്ടെ. ആമീൻ.
മുഹമ്മദ് അമീൻ
www.kanzululoom.com
One Response
جزاك الله خير