الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد؛
ഇസ്‌ലാമിനെ ലളിതമായി മനസ്സിലാക്കാന്‍ സാധിക്കുന്ന ഒരു വചനം.
وَإِلَىٰ مَدْيَنَ أَخَاهُمْ شُعَيْبًا ۗ قَالَ يَٰقَوْمِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَٰهٍ غَيْرُهُۥ ۖ قَدْ جَآءَتْكُم بَيِّنَةٌ مِّن رَّبِّكُمْ ۖ فَأَوْفُوا۟ ٱلْكَيْلَ وَٱلْمِيزَانَ وَلَا تَبْخَسُوا۟ ٱلنَّاسَ أَشْيَآءَهُمْ وَلَا تُفْسِدُوا۟ فِى ٱلْأَرْضِ بَعْدَ إِصْلَٰحِهَا ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُم مُّؤْمِنِينَ
മദ്‌യന്‍ കാരിലേക്ക് അവരുടെ സഹോദരനായ ശുഐബിനെയും (അയച്ചു). അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ (ഏകനായ സൃഷ്ടാവിനെ) ആരാധിക്കുക. നിങ്ങള്‍ക്ക് അവനല്ലാതെ യാതൊരു ദൈവവുമില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് വ്യക്തമായ തെളിവ് വന്നിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ അളവും തൂക്കവും തികച്ചു കൊടുക്കണം. ജനങ്ങളുടെ സാധനങ്ങളെ നിങ്ങള്‍ വിലകുറച്ച് കാണരുത്. ഭൂമിയില്‍ നന്മ വരുത്തിയതിന് ശേഷം നിങ്ങള്‍ അവിടെ നാശമുണ്ടാക്കരുത്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് ഉത്തമം. (ഖുർആൻ:7/86)
ഏകദൈവാരാധനയാണ് ഇസ്‌ലാമിക വിശ്വാസത്തിന്‍റെ അടിസ്ഥാനം. അതാണ് ഈ വചനത്തിന്‍റെ തുടക്കത്തില്‍ പരാമര്‍ശിച്ചത്. നിങ്ങള്‍ അല്ലാഹുവിനെ (ഏകനായ സൃഷ്ടാവിനെ) ആരാധിക്കുക. നിങ്ങള്‍ക്ക് അവനല്ലാതെ യാതൊരു ദൈവവുമില്ല. ആ വിശ്വാസത്തിന്‍റെ ദൃഡത തന്‍റെ പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിക്കണം. അതുകൊണ്ടുതന്നെ ജീവിതത്തിന്‍റെ നിബിഡ മേഖലകളില്‍ ഒരു വിശ്വാസി എങ്ങനെ ജീവിക്കണം എന്ന് ഇസ്‌ലാം നിഷ്കര്‍ഷിക്കുന്നു.
മേല്‍ വചനത്തിലെ ഒരുദാഹരണം നോക്കൂ:
നിങ്ങള്‍ അളവും തൂക്കവും തികച്ചുകൊടുക്കണം എന്നത് വില്‍ക്കുന്നവരോടുള്ള നിര്‍ദേശമാണ്. അവിടെ വാങ്ങിക്കുന്നവന്‍റെ അവകാശം സംരക്ഷിക്കാനാവശ്യപ്പെടുന്നു.
ജനങ്ങളുടെ സാധനങ്ങളെ നിങ്ങള്‍ വിലകുറച്ച് കാണരുത് എന്നത് വാങ്ങിക്കുന്നവരോടുള്ള നിര്‍ദേശമാണ്. അതായത് തനിക്ക് ആവശ്യമെങ്കില്‍ മാന്യമായ വില നല്‍കി വാങ്ങുക. തനിക്ക് വിലകുറച്ച് കിട്ടാന്‍ വേണ്ടി സാധനത്തെ മോശപ്പെടുത്തിപ്പറയരുത്. ഇവിടെ വില്പനക്കാരന്‍റെ അവകാശം സംരക്ഷിക്കാനാവശ്യപ്പെടുന്നു.
ഇങ്ങനെ മനുഷ്യ ജീവിതത്തിന്‍റെ നിബിഡ മേഖലകളില്‍ നന്മയും നീതിയും കാത്തു സൂക്ഷിക്കണം. സുന്ദരമായ ഈ ലോകത്തെ വികല വിശ്വാസങ്ങള്‍ക്കൊണ്ടും, ജീര്‍ണമായ പ്രവര്‍ത്തനങ്ങള്‍ക്കൊണ്ടും, അധര്‍മ്മം കൊണ്ടും അനീതി കൊണ്ടും മലിനമാക്കരുത്. അതാണ് ഭൂമിയില്‍ നന്മ വരുത്തിയതിന് ശേഷം നിങ്ങള്‍ അവിടെ നാശമുണ്ടാക്കരുത്. അഥവാ ഭൂമിയും ഇവിടെയുള്ള ആവാസ വ്യവസ്ഥയും, അധര്‍മ്മങ്ങള്‍ക്കൊണ്ട് നശിപ്പിക്കരുത് എന്നര്‍ത്ഥം. കാരണം ഓരോ മനുഷ്യനും ജനിക്കുന്നതിന് മുന്‍പേ ഈ ഭൂമി ഇവിടെ സംവിധാനിക്കപ്പെട്ടിട്ടുണ്ട്.
നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് ഉത്തമം അതായത് ഏകദൈവത്തിന് സമര്‍പ്പിച്ച ഒരു മുസ്‌ലിമിന്‍റെ വിശ്വാസം കേവലം ഹൃദയങ്ങളില്‍ മാത്രം സൂക്ഷിക്കപ്പെടുന്ന ഒന്നല്ല. മറിച്ച് കര്‍മ്മങ്ങളിലൂടെ ആ വിശ്വാസം പ്രതിഫലിക്കണം എന്നര്‍ത്ഥം. അഥവാ ഹൃദയം കൊണ്ട് വിശ്വസിക്കലും, നാവ് കൊണ്ട് പറയലും, ശരീരം കൊണ്ട് പ്രവര്‍ത്തിക്കലും എല്ലാം വിശ്വാസത്തിന്‍റെ ഭാഗമാണ്. വിശ്വാസ രംഗങ്ങളിലും കര്‍മ മേഖലകളിലുമെല്ലാം അത് മനുഷ്യനെ ജീര്‍ണതകളില്‍ നിന്നും നന്മയിലേക്ക് വഴി നടത്തുന്നു. ഇതാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്ന ജീവിത ദര്‍ശനം.
അല്ലാഹു അനുഗ്രഹിക്കട്ടെ…
കടപ്പാട്
www.fiqhussunna.com
www.kanzululoom.com