അല്ലാഹു പറയുന്നു:
وَقُل لِّلْمُؤْمِنَٰتِ يَغْضُضْنَ مِنْ أَبْصَٰرِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا ۖ وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ ۖ وَلَا يُبْدِينَ زِينَتَهُنَّ إِلَّا لِبُعُولَتِهِنَّ أَوْ ءَابَآئِهِنَّ أَوْ ءَابَآءِ بُعُولَتِهِنَّ أَوْ أَبْنَآئِهِنَّ أَوْ أَبْنَآءِ بُعُولَتِهِنَّ أَوْ إِخْوَٰنِهِنَّ أَوْ بَنِىٓ إِخْوَٰنِهِنَّ أَوْ بَنِىٓ أَخَوَٰتِهِنَّ أَوْ نِسَآئِهِنَّ أَوْ مَا مَلَكَتْ أَيْمَٰنُهُنَّ أَوِ ٱلتَّٰبِعِينَ غَيْرِ أُو۟لِى ٱلْإِرْبَةِ مِنَ ٱلرِّجَالِ أَوِ ٱلطِّفْلِ ٱلَّذِينَ لَمْ يَظْهَرُوا۟ عَلَىٰ عَوْرَٰتِ ٱلنِّسَآءِ ۖ وَلَا يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِن زِينَتِهِنَّ ۚ وَتُوبُوٓا۟ إِلَى ٱللَّهِ جَمِيعًا أَيُّهَ ٱلْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ
സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്ത്താക്കന്മാര്, അവരുടെ പിതാക്കള്‍, അവരുടെ ഭര്‍തൃപിതാക്കള്‍, അവരുടെ പുത്രന്മാര്, അവരുടെ ഭര്തൃപുത്രന്മാര്, അവരുടെ സഹോദരന്മാര്, അവരുടെ സഹോദരപുത്രന്മാര്, അവരുടെ സഹോദരീ പുത്രന്മാര്, മുസ്ലിംകളില് നിന്നുള്ള സ്ത്രീകള്‍, അവരുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍ (അടിമകള്‍) , ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്മാരായ പരിചാരകര്‍, സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച് മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്. തങ്ങള്‍ മറച്ചു വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം. (ഖുർആൻ:24/31)
وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا (അവരുടെ ഭംഗിയില്‍നിന്നു പ്രത്യക്ഷമാകുന്നതല്ലാതെ വെളിവാക്കരുത്) എന്ന് പറഞ്ഞുവല്ലോ. زِينَة (സീനത്ത്) എന്ന പദത്തിനാണ് ‘ഭംഗി’ എന്ന് അര്‍ത്ഥം കല്പിച്ചിരിക്കുന്നത്. ഈ പദത്തിന് ‘സൗന്ദര്യം, അലങ്കാരം, ഭംഗി, അഴക്’ എന്നൊക്കെ അര്‍ത്ഥം പറയാം. ശാരീരികമായ ഭംഗി മാത്രമല്ല, ആഭരണം, സുറുമ, ചായം, മുതലായ ഉപകരണങ്ങള്‍ മൂലമോ വസ്ത്രാലങ്കാരങ്ങള്‍കൊണ്ടോ ഉണ്ടാകുന്ന ഭംഗിയും ഇതില്‍ ഉള്‍പ്പെടുമെന്നത്രെ ആയത്തിന്റെ നാനാവശങ്ങളും നോക്കുമ്പോള്‍ മനസ്സിലാക്കേണ്ടത്. കുപ്പായത്തിന്റെ മാര്‍വ്വിടത്തില്‍കൂടി പ്രത്യക്ഷപ്പെടുന്ന ഭാഗവും, കഴുത്ത്, തോള്, മുടി എന്നിവയും കാണപ്പെടാതിരിക്കുവാനായി മാര്‍വ്വിടത്തില്‍കൂടി തല മക്കന തൂക്കിയിടണം (وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ) എന്ന് പറയുമ്പോള്‍ ശരീരത്തിന്റെ ഭാഗങ്ങള്‍ ‘സീനത്തി’ല്‍ ഉള്‍പ്പെട്ടതാണെന്ന് വ്യക്തമാകുന്നു. കാലില്‍ ധരിക്കുന്ന തള മുതലായ ആഭരണങ്ങളുടെ കിലുക്കം കേള്‍ക്കുവാന്‍ വേണ്ടി കാല്‍കൊട്ടരുത് (وَلَا يَضْرِبْنَ بِأَرْجُلِهِنَّ) എന്ന് പറയുമ്പോള്‍, ആഭരണത്തിലും ‘സീനത്തു’ണ്ടെന്ന് വന്നു. നമസ്കാരവേളയില് നല്ല വസ്ത്രങ്ങള്‍ ധരിക്കുവാനും മറ്റും ഉപദേശിച്ചുകൊണ്ട് ‘എല്ലാ നമസ്കാരവേളയിലും നിങ്ങള്‍ നിങ്ങളുടെ ‘സീനത്തു’ എടുത്തുകൊള്ളണം’ (خُذُواْ زِينَتَكُمْ عِندَ كُلِّ مَسْجِدٍ) എന്നാണ് ഒരിടത്ത് അല്ലാഹു പറഞ്ഞിരിക്കുന്നത്. ഇതില്‍നിന്നെല്ലാം ഈ സംഗതി ശരിക്കും മനസ്സിലാക്കാമല്ലോ. (അമാനി തഫ്സീർ – ഖുർആൻ:24/31ന്റെ വിശദീകരണത്തിൽ നിന്ന്)
يَٰٓأَيُّهَا ٱلنَّبِىُّ قُل لِّأَزْوَٰجِكَ وَبَنَاتِكَ وَنِسَآءِ ٱلْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِن جَلَٰبِيبِهِنَّ ۚ ذَٰلِكَ أَدْنَىٰٓ أَن يُعْرَفْنَ فَلَا يُؤْذَيْنَ ۗ وَكَانَ ٱللَّهُ غَفُورًا رَّحِيمًا
നബിയേ, നിന്റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖുർആൻ:33/59)
{അവർ തങ്ങളുടെ മൂടുപടങ്ങൾ തങ്ങളുടെ മേൽ താഴ്ത്തിയിടാൻ പറയുക} ശിരോവസ്ത്രം, മേൽവസ്ത്രം മുതലായവയ്ക്ക് മുകളിൽ ധരിക്കുന്ന ഒരു പുറംവസ്ത്രമാണ് ‘ജിൽബാബ്.’ സ്ത്രീകൾ മുഖവും മാറും മറക്കണം. തുടർന്ന് അതിന്റെ യുക്തി വിശദീകരിക്കുന്നു. {അവർ തിരിച്ചറിയപ്പെടുവാനും അങ്ങനെ അവർ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്} ഹിജാബ് സ്വീകരിച്ചില്ലെങ്കിൽ അവർ ഉപദ്രവിക്കപ്പെടാം എന്നർഥം. ധരിച്ചില്ലെങ്കിൽ അവർ പരിശുദ്ധകളല്ലെന്ന് വിചാരിക്കപ്പെടാം. അപ്പോൾ ഹൃദയത്തിൽ രോഗമുള്ള പുരുഷന്മാർ അവരെ ശല്യപ്പെടുത്തും. അവർ അടിമസ്ത്രീകളാണെന്ന് കരുതി അവരെ സ്വാർഥമായി കാണുകയും ചെയ്തേക്കാം. അവർ അടിമകളാണെന്ന് വിചാരിക്കുകയും ദുരന്തങ്ങൾക്ക് സാധ്യതയേറുകയും ചെയ്യാം. ആഗ്രഹം തോന്നുന്നവരെ തടയാനുള്ള ഒരു മാർഗമാണ് ഹിജാബ്. {അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു} നിങ്ങൾ മുൻകാലങ്ങളിൽ ചെയ്തത് അവൻ നിങ്ങൾക്ക് പൊറുത്ത് തന്നിരിക്കുന്നു. നിയമാനുസൃതവും നിഷിദ്ധമായതും ഏതാണെന്ന് വ്യക്തമാക്കിക്കൊണ്ടും മതവിധികൾ വിശദീകരിച്ചുകൊണ്ടും അവൻ നിങ്ങളോട് കരുണ കാണിക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ ഈ വിധികൾ സ്ത്രീകൾക്ക് ഉപദ്രവം വരുന്ന വഴികളെ തടയുന്നു. (തഫ്സീറുസ്സഅ്ദി)
وَإِذَا سَأَلْتُمُوهُنَّ مَتَٰعًا فَسْـَٔلُوهُنَّ مِن وَرَآءِ حِجَابٍ ۚ ذَٰلِكُمْ أَطْهَرُ لِقُلُوبِكُمْ وَقُلُوبِهِنَّ ۚ
നിങ്ങള്‍ അവരോട് (നബി ﷺ യുടെ ഭാര്യമാരോട്) വല്ല സാധനവും ചോദിക്കുകയാണെങ്കില്‍ നിങ്ങളവരോട് മറയുടെ പിന്നില്‍ നിന്ന് ചോദിച്ചുകൊള്ളുക. അതാണ് നിങ്ങളുടെ ഹൃദയങ്ങള്‍ക്കും അവരുടെ ഹൃദയങ്ങള്‍ക്കും കൂടുതല്‍ സംശുദ്ധമായിട്ടുള്ളത്.(ഖുർആൻ:33/53)
{നിങ്ങൾ അവരോട് മറയുടെ പിന്നിൽ നിന്ന് ചോദിച്ചുകൊള്ളുക} അതായത് കാഴ്ചയിൽ നിന്ന് അവരെ മറക്കുന്ന എന്തെങ്കിലും ഉണ്ടായിരിക്കണം. കാരണം അവരെ കാണേണ്ട ആവശ്യമില്ല. അതിനാൽ എല്ലാ സാഹചര്യങ്ങളിലും അവരെ നോക്കുന്നത് വിരോധിച്ചിരിക്കുന്നു. അവരോട് സംസാരിക്കുന്നതിന്റെ വിധി അല്ലാഹു പറഞ്ഞ വിശദീകരണമനുസരിച്ചാണ്. പിന്നീട് അതിന്റെ യുക്തിയും പറയുന്നു: {അതാണ് നിങ്ങളുടെ ഹൃദയങ്ങൾക്കും അവരുടെ ഹൃദയങ്ങൾക്കും കൂടുതൽ സംശുദ്ധമായിട്ടുള്ളത്} ഇതാണ് കൂടുതൽ നല്ലത്. അതിനാൽ സംശയത്തിന് കാരണമുണ്ടാകുന്നത് ഒഴിവാകും. തിന്മയിലേക്ക് നയിച്ചേക്കാവുന്ന കാര്യങ്ങളിൽനിന്ന് ഒരാൾ എത്രമാത്രം ഒഴിവായി അകന്ന് നിൽക്കുന്നുവോ അത്രത്തോളം അത് സുരക്ഷിതവും ഹൃദയത്തിന് ഏറ്റവും വിശുദ്ധവുമാണ്. അതിനാൽ, തിന്മക്ക് കാരണമാകുന്നതോ അതിലേക്ക് നയിക്കുന്നതോ ആയ എല്ലാ മാർഗങ്ങളും നിഷിദ്ധമാണെന്നും സാധ്യമായ എല്ലാ മാർഗങ്ങളിലൂടെയും അവയിൽനിന്ന് അകന്നുനിൽക്കണമെന്നും നിർദേശിക്കപ്പെട്ടിരിക്കുന്നു. (തഫ്സീറുസ്സഅ്ദി)
لَّا جُنَاحَ عَلَيْهِنَّ فِىٓ ءَابَآئِهِنَّ وَلَآ أَبْنَآئِهِنَّ وَلَآ إِخْوَٰنِهِنَّ وَلَآ أَبْنَآءِ إِخْوَٰنِهِنَّ وَلَآ أَبْنَآءِ أَخَوَٰتِهِنَّ وَلَا نِسَآئِهِنَّ وَلَا مَا مَلَكَتْ أَيْمَٰنُهُنَّ ۗ
ആ സ്ത്രീകള്‍ക്ക് തങ്ങളുടെ പിതാക്കളുമായോ, പുത്രന്മാരുമായോ, സഹോദരന്മാരുമായോ, സഹോദരപുത്രന്‍മാരുമായോ, സഹോദരീ പുത്രന്മാരുമായോ, തങ്ങളുടെ കൂട്ടത്തില്‍പെട്ട സ്ത്രീകളുമായോ, തങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുമായോ ഇടപഴകുന്നതിന് വിരോധമില്ല. . (ഖുർആൻ:33/55)
ഈ ആയത്തിൽ ഹിജാബിന് തെളിവുണ്ട്. ഇമാം ഇബ്നു കസീർ رحمه الله പറയുന്നു:
لما أمر تعالى النساء بالحجاب من الأجانب ، بين أن هؤلاء الأقارب لا يجب الاحتجاب منهم
അല്ലാഹു സ്ത്രീകൾക്ക് അന്യപുരുഷൻമാരുടെ മുമ്പിൽ ഹിജാബ് കൊണ്ട് കൽപിച്ചപ്പോൾ, ഈ ബന്ധുക്കൾ അടുക്കൽ ഹിജാബ് നിർബന്ധമില്ല എന്ന് വ്യക്തമാക്കി. (തഫ്സീർ ഇബ്നു കസീർ)
മറയ്ക്ക് പിന്നിൽ നിന്നല്ലാതെ ഒന്നും ചോദിക്കരുത് എന്ന് പറയുന്ന പ്രയോഗം എല്ലാവർക്കും പൊതുവായതാണ്. ഇവിടെ പരാമർശിക്കപ്പെട്ട ‘മഹ്റമുകൾ’ – വിവാഹം നിഷിദ്ധമാക്കപ്പെട്ടവർ – ഒഴികെ. (തഫ്സീറുസ്സഅ്ദി)
പ്രവാചക പത്നിമാരോടായി അല്ലാഹു പറഞ്ഞു:
وَقَرْنَ فِى بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ ٱلْجَٰهِلِيَّةِ ٱلْأُولَىٰ ۖ
നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൌന്ദര്യപ്രകടനം പോലുള്ള സൌന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്. (ഖുർആൻ:33/33)
ഹിജാബുമായി ബന്ധപ്പെട്ട വിശുദ്ധ ഖുർആനിന്റെ കൽപ്പനകളും നിർദ്ദേശങ്ങളുമാണ് മേൽ വചനങ്ങളിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ സത്യവിശ്വാസിനികളായ സ്ത്രീകളോട് ചില കാര്യങ്ങൾ സൂചിപ്പിക്കുന്നു.
ഒന്നാമതായി, സത്യവിശ്വാസിയായ സ്ത്രീകൾക്ക് ഹിജാബ് നിർബന്ധമാണെന്ന് ഈ വചനങ്ങൾ അറിയിക്കുന്നു.
രണ്ടാമതായി, സത്യവിശ്വാസിയായ സ്ത്രീകൾക്ക് ഹിജാബ് അവരുടെ identity ആണ്. അതോടൊപ്പം അതവർക്ക് സുരക്ഷിതത്വവും നൽകുന്നു.
മൂന്നാമതായി, രണ്ട് ശഹാദത്തുകളിലൂടെയാണ് (സാക്ഷ്യവചനങ്ങളിലൂടെ) നാം ഇസ്ലാമിൽ പ്രവേശിച്ചിട്ടുള്ളത്. ‘അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്’ എന്ന രണ്ടാമത്തെ സാക്ഷ്യവചനത്തിന്റെ തേട്ടങ്ങളിൽ പെട്ടതാണ് നബി ﷺ കൽപ്പിച്ച കാര്യങ്ങൾ അനുസരിക്കുക എന്നുള്ളത്. നബി ﷺ മുഖേനെ ലഭിച്ച വേദഗ്രന്ഥത്തിൽ സത്യവിശ്വാസിയായ സ്ത്രീകൾക്ക് ഹിജാബ് നിർബന്ധമാണെന്ന് അറിയിക്കുമ്പോൾ ശഹാദത്തുകളിലൂടെ ഇസ്ലാമിൽ പ്രവേശിച്ച ഒരാൾ ഹിജാബ് സ്വീകരിക്കാതിരിക്കുന്നത് ശഹാദത്തില്‍ വഞ്ചന കാണിക്കലാണ്.
നാലാമതായി, സത്യവിശ്വാസിയായ സ്ത്രീകൾക്ക് ഹിജാബ് സ്വീകരിക്കുമ്പോൾ അതിനെ വിമർശിക്കാനും ആക്ഷേപിക്കാനും ആളുണ്ടായേക്കാം. അവിടെ ക്ഷമയോടെ പ്രതിഫലേച്ഛയോടെ ദീനിൽ ഉറച്ച് നിൽക്കുവാൻ സത്യവിശ്വാസിനികൾക്ക് കഴിയണം.
عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : يَأْتِي عَلَى النَّاسِ زَمَانٌ الصَّابِرُ فِيهِمْ عَلَى دِينِهِ كَالْقَابِضِ عَلَى الْجَمْرِ
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തന്റെ ദീനിൽ ക്ഷമ കാണിക്കുന്നവൻ എരിയുന്ന തീക്കനലിൽ പിടിക്കുന്നവനെപ്പോലെ ആകുന്ന ഒരു കാലം ജനങ്ങളുടെ മേൽ വരും. (തിർമിദി:2260)
عن عتبة بن غزوان قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إنَّ مِن ورائِكم أيامَ الصَّبرِ، لِلمُتَمَسِّكِ فيهنَّ يومئذٍ بما أنتم عليه أجرُ خمسين منكم، قالوا، يا نبيَّ اللهِ أو منهم؟ قال، بل منْكم
ഉത്’ബതുബ്നു അസ്വാൻ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളുടെ പിന്നിൽ ക്ഷമയുടെ നാളുകളാണുള്ളത്. ആ ദിവസം അത് മുറുകെ പിടിക്കുന്നവർക്ക് നിങ്ങളിൽ അമ്പത് പേർക്കുള്ള പ്രതിഫലമുണ്ട്. അവർ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരേ, അവരിൽ (അമ്പത് പേരുടെ പ്രതിഫലമോ?) നബി ﷺ പറഞ്ഞു: അല്ല, നിങ്ങളിൽ (അമ്പത് പേരുടെ പ്രതിഫലം)
അഞ്ചാമതായി, സത്യവിശ്വാസിയായ സ്ത്രീകൾക്ക് ഹിജാബ് ധരിക്കാൻ സ്വാതന്ത്ര്യമുള്ള നാട്ടിൽ ജീവിക്കുകയും മുസ്ലിമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ട് ഹിജാബ് സ്വീകരിക്കാതെ ജീവിക്കുകയും ചെയ്യുമ്പോൾ അല്ലാഹുവിന്റെ ഭാഗത്ത് നിന്ന് കടുത്ത പരീക്ഷണങ്ങൾ ഉണ്ടാകുന്നത് കരുതിയിരുക്കുക.
kanzululoom.com
One Response
Ma Sha Allah