മക്കയിലെ മുശ്‌രിക്കുകളെപ്പോലെ, തൗഹീദില്‍ വിശ്വസിക്കാത്തവരും പരലോകത്തെ നിഷേധിക്കുകയും ചെയ്യുന്ന ജനതക്ക് അല്ലാഹുവിന്റെ ഏകത്വത്തിനും ഉയിർത്തെഴുന്നേൽപ്പിനുമുള്ള തെളിവായി വിശുദ്ധ ഖുര്‍ആൻ ചില ദൃഷ്ടാന്തങ്ങൾ എടുത്ത് കാണിച്ചിരിക്കുന്നു. ഏറെ മനോഹരമായ സൂറ : യാസീനിലെ 33-46 ആയത്തുകളിലൂടെ ….
وَءَايَةٌ لَّهُمُ ٱلْأَرْضُ ٱلْمَيْتَةُ أَحْيَيْنَٰهَا وَأَخْرَجْنَا مِنْهَا حَبًّا فَمِنْهُ يَأْكُلُونَ ﴿٣٣﴾ وَجَعَلْنَا فِيهَا جَنَّٰتٍ مِّن نَّخِيلٍ وَأَعْنَٰبٍ وَفَجَّرْنَا فِيهَا مِنَ ٱلْعُيُونِ ﴿٣٤﴾ لِيَأْكُلُوا۟ مِن ثَمَرِهِۦ وَمَا عَمِلَتْهُ أَيْدِيهِمْ ۖ أَفَلَا يَشْكُرُونَ ﴿٣٥﴾
അവര്‍ക്കൊരു ദൃഷ്ടാന്തമുണ്ട്; നിര്‍ജീവമായ ഭൂമി. അതിന് നാം ജീവന്‍ നല്‍കുകയും, അതില്‍ നിന്ന് നാം ധാന്യം ഉല്‍പാദിപ്പിക്കുകയും ചെയ്തു. എന്നിട്ട് അതില്‍ നിന്നാണ് അവര്‍ ഭക്ഷിക്കുന്നത്. ഈന്തപ്പനയുടെയും മുന്തിരിയുടെയും തോട്ടങ്ങള്‍ അതില്‍ നാം ഉണ്ടാക്കുകയും, അതില്‍ നാം ഉറവിടങ്ങള്‍ ഒഴുക്കുകയും ചെയ്തു. അതിന്‍റെ ഫലങ്ങളില്‍ നിന്നും അവരുടെ കൈകള്‍ അദ്ധ്വാനിച്ചുണ്ടാക്കിയതില്‍ നിന്നും അവര്‍ ഭക്ഷിക്കുവാന്‍ വേണ്ടി. എന്നിരിക്കെ അവര്‍ നന്ദികാണിക്കുന്നില്ലേ? (ഖു൪ആന്‍ :36/33-35)
നിർജീവമായ ഭൂമിയിൽ അല്ലാഹു മഴയിറക്കി. നിർജീവമായതിന് ശേഷം അതിനെ ജീവിപ്പിച്ചു. അതിൽനിന്ന് അവൻ അവർ ഭക്ഷിക്കുന്ന ധാന്യങ്ങളും എല്ലാതരം വിളകളും, നാൽക്കാലികൾ ഭക്ഷിക്കുന്ന എല്ലാ തരം സസ്യങ്ങളും ഉൽപാദിപ്പിച്ചു. ആ നിർജീവ ഭൂമിയിൽ തോട്ടങ്ങളും മരങ്ങളും പ്രത്യേകിച്ച് ഈന്തപ്പനകളും മുന്തിരിവള്ളികളും ഉണ്ടാക്കി. അതിന്റെ ഫലങ്ങളിൽനിന്നും ഭക്ഷണവും പഴങ്ങളും ഉണ്ടാക്കി. യഥാർഥത്തിൽ ആ പഴങ്ങൾ അവരുടെ കൈകൾ അധ്വാനിച്ചതല്ല. അതിൽ അവർ പരിശ്രമിക്കുകയോ പ്രവർത്തിക്കുകയോ ചെയ്തില്ല. അതെല്ലാം അല്ലാഹുവിന്റെ പ്രവൃത്തിയാണ്. മാത്രമല്ല, അവരുടെ കൈകൾ അതിന്റെ പാചകം ചെയ്യുകയോ മറ്റെന്തെങ്കിലും തയ്യാറെടുപ്പോ ഇല്ലാതെയാണ് അല്ലാഹു അതിനെ അവർക്ക് നൽകിയത്.
ആരാണ് അവർക്ക് ഈ അനുഗ്രഹങ്ങൾ നൽകിയത്? അവരുടെ ഇഹപര കാര്യങ്ങൾക്ക് ഉപകാരപ്പെടുന്ന ഈ അനുഗ്രഹങ്ങൾ അവർക്ക് പൂർത്തീകരിച്ച് നൽകിയാതരാണ്? ഭൂമിക്ക് അതിന്റെ നിർജീവാവസ്ഥക്കുശേഷം ജീവൻ നൽകി, അതിൽ വിളകളും മരങ്ങളും വളരുകയും അവയുടെ ശാഖകളിൽ രുചികരമായ ഫലങ്ങൾ കായ്പ്പിക്കുകയും വരണ്ടഭൂമിയിൽനിന്ന് നീരുറവകൾ പുറപ്പെടുവിപ്പിക്കുകയും ചെയ്തവൻ മരിച്ചവരെ ജീവിപ്പിക്കാൻ കഴിവുള്ളവനല്ലയോ? അതെ, അവന് എല്ലാറ്റിനും കഴിവുള്ളവനാണ്.
ഭൂമി മുളപ്പിക്കുന്ന എല്ലാ ഇനങ്ങളിലും, മനുഷ്യരിലും, നമുക്ക് മനസ്സിലാക്കാൻ കഴിയാത്ത സൃഷ്ടികളിലുമെല്ലാം ഇണകളെ സൃഷ്ടിച്ച അല്ലാഹു, അവര്‍ പങ്കുചേർക്കപ്പെടുന്നതിൽനിന്നും സഹായിയെയോ ഉപദേഷ്ടാവിനെയോ ജീവിതപങ്കാളിയെയോ മക്കളെയോ തുല്യരെയോ തന്റെ വിശേഷണങ്ങളിൽ സമാനരെയോ സ്വീകരിക്കുന്നതിൽനിന്നും മഹാപരിശുദ്ധനാണ്. അതാണ് അല്ലാഹു പറയുന്നത്:
سُبْحَٰنَ ٱلَّذِى خَلَقَ ٱلْأَزْوَٰجَ كُلَّهَا مِمَّا تُنۢبِتُ ٱلْأَرْضُ وَمِنْ أَنفُسِهِمْ وَمِمَّا لَا يَعْلَمُونَ
ഭൂമി മുളപ്പിക്കുന്ന സസ്യങ്ങളിലും, അവരുടെ സ്വന്തം വര്‍ഗങ്ങളിലും, അവര്‍ക്കറിയാത്ത വസ്തുക്കളിലും പെട്ട എല്ലാ ഇണകളെയും സൃഷ്ടിച്ചവന്‍ എത്ര പരിശുദ്ധന്‍! (ഖു൪ആന്‍ :36/36)
സസ്യങ്ങള്‍, വൃക്ഷങ്ങള്‍, കായ്കനികള്‍, ജീവജന്തുക്കള്‍ തുടങ്ങിയ എല്ലാ വര്‍ഗ്ഗത്തിലും – മനുഷ്യരില്‍തന്നെയും – വിവിധ വിഭാഗങ്ങളും, തരങ്ങളും ഉള്‍കൊള്ളുന്നു. ഓരോന്നിലും ഏതെല്ലാം ഇനങ്ങളാണുള്ളതെന്നു തിട്ടപ്പെടുത്തുവാന്‍പോലും മനുഷ്യനു സാധ്യമല്ല. മനുഷ്യന്റെ അറിവിലും ശ്രദ്ധയിലും പെടാത്ത വസ്തുക്കളും, അവയിലെ തരാതരങ്ങളും ഇതിനു പുറമെയും. ഇതെല്ലാം സൃഷ്ടിച്ചുണ്ടാക്കി നിലനിറുത്തിപ്പോരുന്ന സൃഷ്ടാവ് അതിമഹാന്‍ തന്നെ! ഈ കണക്കറ്റ വിഭവങ്ങളെ ഉപയോഗപ്പെടുത്തുന്ന മനുഷ്യന്‍ അവന്റെ പരിശുദ്ധിയെ വാഴ്ത്തുവാനും, മഹത്വത്തെ കീര്‍ത്തനം ചെയ്‌വാനും ബാധ്യസ്ഥനല്ലേ?! നിശ്ചയമായും അതെ.
ഭൂവിഭവങ്ങളിലടങ്ങിയ ചില ദൃഷ്ടാന്തങ്ങളെക്കുറിച്ചു പറഞ്ഞശേഷം, ആകാശത്തില്‍ കാണാവുന്ന ചില ദൃഷ്ടാന്തങ്ങളെ ചൂണ്ടിക്കാട്ടുകയാണ്. അല്ലാഹുവിന്റെ ഉദ്ദേശ്യം നടക്കുമെന്നും അവന്റെ കഴിവ് പൂർണതയുള്ളതാണെന്നും മരിച്ചവരെ അവൻ ജീവിപ്പിക്കുമെന്നതിനും ഉള്ള ദൃഷ്ടാന്തങ്ങൾ.
وَءَايَةٌ لَّهُمُ ٱلَّيْلُ نَسْلَخُ مِنْهُ ٱلنَّهَارَ فَإِذَا هُم مُّظْلِمُونَ
രാത്രിയും അവര്‍ക്കൊരു ദൃഷ്ടാന്തമത്രെ . അതില്‍ നിന്ന് പകലിനെ നാം ഊരിയെടുക്കുന്നു. അപ്പോള്‍ അവരതാ ഇരുട്ടില്‍ അകപ്പെടുന്നു. (ഖു൪ആന്‍ :36/37)
ഭൂമിയെ മൂടിയ പകൽവെളിച്ചത്തെ അല്ലാഹു നീക്കുകയും അതിനെ ഇരുട്ടാക്കി മാറ്റുകയും ചെയ്യുന്നു. അപ്പോൾ അവരതാ ഇരുട്ടിൽ അകപ്പെടുന്നു. അതായത് ഭൂഗോളത്തിന്റെ അര്‍ദ്ധഭാഗങ്ങളിലായി രാപ്പകലുകള്‍ ഒന്നൊന്നിനെ അനുഗമിച്ചുകൊണ്ടിരിക്കുന്നു. ഏതൊരു സ്ഥലത്തുനിന്നു പകല്‍വെളിച്ചത്തെ അല്ലാഹു നീക്കി എടുക്കുന്നുവോ അവിടെ ഇരുട്ടുമൂടി രാത്രിയായിത്തീരുന്നു.
അപ്രകാരം തന്നെ അവരെ മൂടിയ ഇരുട്ടിനെ അല്ലാഹു നീക്കുന്നു. അങ്ങനെ സൂര്യനെ അവൻ ഉദിപ്പിക്കുന്നു. അപ്പോൾ ഭൂഖണ്ഡങ്ങൾ പ്രകാശിക്കുന്നു. പടപ്പുകൾ അവരുടെ ജീവിതാവശ്യങ്ങൾക്കും ഗുണങ്ങൾക്കും വേണ്ടി പുറത്തിറങ്ങുന്നു.
وَٱلشَّمْسُ تَجْرِى لِمُسْتَقَرٍّ لَّهَا ۚ ذَٰلِكَ تَقْدِيرُ ٱلْعَزِيزِ ٱلْعَلِيمِ
സൂര്യന്‍ അതിന് സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. പ്രതാപിയും സര്‍വ്വജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണത്. (ഖു൪ആന്‍ :36/38)
അതായത് സൂര്യൻ എപ്പോഴും അല്ലാഹു നിശ്ചയിച്ച അതിന്റെ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുന്നു. അതൊരിക്കലും അതിനപ്പുറത്തേക്ക് പോവുകയോ അവിടെ എത്താതിരിക്കുകയോ ചെയ്യുന്നില്ല. അതിന് സ്വയം നിയന്ത്രണം സാധ്യമല്ല. അത് അല്ലാഹുവിന്റെ കൽപനക്ക് എതിര് പ്രവർത്തിക്കുന്നില്ല. തന്റെ ശക്തിയാൽ മഹത്തായ സൃഷ്ടികളെ ഏറ്റവും മികച്ചരീതിയിൽ നിയന്ത്രിക്കുന്നവന്റെ കൽപനയാണിത്. അവന്റെ അറിവിനാൽ പടപ്പുകളുടെ ഇഹപര പ്രയോജനങ്ങളെ മനസ്സിലാക്കി അവനതിനെ സംവിധാനിച്ചു.
സൂര്യന്‍ ചില നിശ്ചിതമാര്‍ഗ്ഗങ്ങളില്‍കൂടി ഒരു നിശ്ചിത അതിര്‍ത്തിവരെ സദാ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ദിവസക്കണക്കിലും, മാസക്കണക്കിലും, കൊല്ലക്കണക്കിലും അതിന്റെ സഞ്ചാരത്തിന് കൃത്യമായ ലക്ഷ്യവും മാര്‍ഗ്ഗവുമുണ്ട്. അല്ലാഹു നിശ്ചയിച്ചുവെച്ചിട്ടുള്ള ആ കണക്കും, ചിട്ടയും തെറ്റാതെ അതു സഞ്ചരിച്ചുവരുന്നു. നമ്മുടെ കാഴ്ചയുടെയും, അനുഭവത്തിന്റെയും അടിസ്ഥാനത്തിലാണ് ഇപ്പറഞ്ഞത്. ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാലും ഇപ്പറഞ്ഞതു ശരിതന്നെ.
وَٱلْقَمَرَ قَدَّرْنَٰهُ مَنَازِلَ حَتَّىٰ عَادَ كَٱلْعُرْجُونِ ٱلْقَدِيمِ
ചന്ദ്രന് നാം ചില ഘട്ടങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അങ്ങനെ അത് പഴയ ഈന്തപ്പഴക്കുലയുടെ വളഞ്ഞ തണ്ടുപോലെ ആയിത്തീരുന്നു. (ഖു൪ആന്‍ :36/39)
ഓരോ രാത്രിയിലും ചന്ദ്രൻ അടുത്ത ഘട്ടത്തിലേക്ക് പടിപടിയായി നീങ്ങുന്നു. ചന്ദ്രമാസാരംഭത്തില്‍ ഒന്നാമത്തെ ദിവസം കേവലം ഒരു നേരിയ അര്‍ദ്ധവളയംപോലെ അതു വാനത്തു പ്രത്യക്ഷപ്പെടും. ക്രമേണ വികസിച്ച് വികസിച്ച് ഒരു പൂര്‍ണ്ണവൃത്തമായിത്തീരുന്നു. വീണ്ടും പഴയ സ്ഥിതിയിലേക്കുതന്നെ മടങ്ങി അവസാനം ഈന്തപ്പനയുടെ ഉണങ്ങിപ്പഴകിയ കുലത്തണ്ടുപോലെ നേര്‍ത്ത ഒരു വളയമായിത്തീരുന്നു.
لَا ٱلشَّمْسُ يَنۢبَغِى لَهَآ أَن تُدْرِكَ ٱلْقَمَرَ وَلَا ٱلَّيْلُ سَابِقُ ٱلنَّهَارِ ۚ وَكُلٌّ فِى فَلَكٍ يَسْبَحُونَ
സൂര്യന് ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല. രാവ് പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും ഓരോ (നിശ്ചിത) ഭ്രമണപഥത്തില്‍ നീന്തികൊണ്ടിരിക്കുന്നു. (ഖു൪ആന്‍ :36/40)
സൂര്യനും ചന്ദ്രനും രാവിനും പകലിനും ഓരോന്നിനും അല്ലാഹു ഒരു പരിധി നിശ്ചയിച്ചിട്ടുണ്ട്. അതിനെ അവ മറികടക്കില്ല. ഓരോന്നിനും ഒരു സമയവും അധികാര പരിധിയുമുണ്ട്. ഒന്നുണ്ടാകുമ്പോൾ മറ്റൊന്ന് അപ്രത്യക്ഷമാകുന്നു.
ചന്ദ്രൻ പ്രബലമാകുന്ന രാത്രിയിൽ സൂര്യനെ കാണുകയില്ല. പകലിന്റെ സമയം അവസാനിക്കും മുമ്പ് രാത്രിക്ക് കടന്നുവരാനാകില്ല. എന്തെങ്കിലും ക്രമക്കേടോ, പാകപ്പിഴവോ ബാധിച്ച് സൂര്യചന്ദ്രന്മാര്‍ തമ്മില്‍ കൂട്ടിമുട്ടുകയോ, രാത്രി പകലിനെ കവച്ചുവെക്കുകയോ ഒന്നും തന്നെ ഉണ്ടാകുന്നില്ല. ഓരോന്നും അല്ലാഹു നിശ്ചയിച്ച വ്യവസ്ഥപ്രകാരം ഒട്ടും കൃത്യ ദോഷം ബാധിക്കാതെ അതതിന്റെ പരിധിയില്‍ നീന്തിക്കറങ്ങിക്കൊണ്ടിരിക്കുന്നു. അത് ആവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അല്ലാഹുവിന്റെ സൃഷ്ടിവൈഭവത്തിന്നും, ശക്തിമഹാത്മ്യത്തിന്നും ഇവ ഓരോന്നിലും ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്. സ്രഷ്ടാവിന്റെ മഹത്ത്വത്തിനും വിശേഷണങ്ങൾക്കും ഏറ്റവും പ്രത്യക്ഷമായ തെളിവുകളാണിവയെല്ലാം. പ്രത്യേകിച്ചും ഈ സന്ദർഭത്തിൽ അവന്റെ ശക്തി, ജ്ഞാനം, അറിവ് എന്നിവയ്ക്കുള്ള തെളിവ്.
അല്ലാഹു മാത്രമാണ് ആരാധനക്ക് അർഹൻ എന്നതിനുള്ള തെളിവ് വീണ്ടും ചൂണ്ടിക്കാണിക്കുന്നു. അല്ലാഹു അനുഗ്രഹങ്ങളെ നൽകുകയും വിപത്തുകളെ അകറ്റുകയും ചെയ്യുന്നു.
وَءَايَةٌ لَّهُمْ أَنَّا حَمَلْنَا ذُرِّيَّتَهُمْ فِى ٱلْفُلْكِ ٱلْمَشْحُونِ
അവരുടെ സന്തതികളെ ഭാരം നിറച്ച കപ്പലില്‍ നാം കയറ്റികൊണ്ട് പോയതും അവര്‍ക്കൊരു ദൃഷ്ടാന്തമാകുന്നു. (ഖു൪ആന്‍ :36/41)
‘അവർ’ എന്നതുകൊണ്ടുള്ള ഉദ്ദേശ്യം അവരുടെ പിതാക്കളാണെന്നാണ്. കപ്പലിൽ അവരെ വഹിപ്പിച്ചു എന്നത് അവരുടെ പിതാക്കൾക്ക് ചെയ്തുകൊടുത്ത അനുഗ്രഹമായി പറയുന്നു. അവർക്കുള്ള അനുഗ്രഹം സന്താനങ്ങൾക്കുള്ള അനുഗ്രഹം കൂടിയാണ്.
അവർക്കുശേഷം വന്നവർക്കുവേണ്ടി അതേപോലെയുള്ളത് അതായത് അതേ ഇനത്തിൽ പെട്ട അവർക്ക് വാഹനമായി ഉപയോഗിക്കാവുന്നത് അല്ലാഹു സൃഷ്ടിച്ചിട്ടുണ്ട്. കരയിലെ കപ്പലായ ഒട്ടകം പോലെയും മറ്റ് വാഹനങ്ങൾ പോലെയും. അതാണ് അല്ലാഹു പറയുന്നത്:
وَخَلَقْنَا لَهُم مِّن مِّثْلِهِۦ مَا يَرْكَبُونَ
അതുപോലെ അവര്‍ക്ക് വാഹനമായി ഉപയോഗിക്കാവുന്ന മറ്റു വസ്തുക്കളും അവര്‍ക്ക് വേണ്ടി നാം സൃഷ്ടിച്ചിട്ടുണ്ട്. (ഖു൪ആന്‍ :36/42)
ഖുര്‍ആന്‍ അവതരിക്കുന്ന കാലത്ത് സമുദ്രത്തില്‍ സഞ്ചരിക്കുവാന്‍ പായക്കപ്പലുകളും, കരയില്‍ സഞ്ചരിക്കുവാന്‍ ഒട്ടകം, കുതിര മുതലായവയുമായിരുന്നു പ്രധാന വാഹനങ്ങള്‍. ഇന്നാകട്ടെ, ഏറ്റവും പരിഷ്കൃത രീതിയിലുള്ള യാന്ത്രിക വാഹനങ്ങളാണ് മനുഷ്യന്‍ ഉപയോഗിക്കുന്നത്. ഇന്നു അവന്റെ യാത്രാമണ്ഡലം, കരയും കടലും മാത്രമല്ല, വായുവും, ഉപരിയാകാശവും കൂടിയാണ്. ഇന്നത്തെ വാഹനങ്ങള്‍ മനുഷ്യ കരങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടവയുമാണ്. പക്ഷേ, ഇതുകൊണ്ടൊന്നും മനുഷ്യനു അഹങ്കരിച്ചുകൂടാ. അവ കണ്ടുപിടിക്കുവാനുള്ള ബുദ്ധി, നിര്‍മ്മിക്കുവാനുള്ള ഉപകരണങ്ങള്‍, ഉപയോഗപ്പെടുത്തുവാനുള്ള സാഹചര്യങ്ങള്‍ എന്നിവയെല്ലാം അല്ലാഹു നല്‍കിയതും, അവന്‍ സജ്ജമാക്കിക്കൊടുത്തതും മാത്രമാണ്.
മുക്കിക്കളയാൻ കഴിഞ്ഞിട്ടും അല്ലാഹു അവരെ രക്ഷപ്പെടുത്തിയ അനുഗ്രഹം അവരെ ഓർമപ്പെടുത്തുന്നു:
وَإِن نَّشَأْ نُغْرِقْهُمْ فَلَا صَرِيخَ لَهُمْ وَلَا هُمْ يُنقَذُونَ ﴿٤٣﴾ إِلَّا رَحْمَةً مِّنَّا وَمَتَٰعًا إِلَىٰ حِينٍ ﴿٤٤﴾
നാം ഉദ്ദേശിക്കുന്ന പക്ഷം നാം അവരെ മുക്കിക്കളയുന്നതാണ്.അപ്പോള്‍ അവര്‍ക്കൊരു സഹായിയും ഉണ്ടായിരിക്കുന്നതല്ല. അവര്‍ രക്ഷിക്കപ്പെടുന്നതുമല്ല. നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യവും, ഒരു നിശ്ചിത കാലം വരെയുള്ള സുഖാനുഭവവും ആയിക്കൊണ്ട് (നാം അവര്‍ക്ക് നല്‍കുന്നത്.) അല്ലാതെ. (ഖു൪ആന്‍ :36/43-44)
അതായത്, ദുരിതത്തിൽ അവരെ സഹായിക്കാനോ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനോ അവരുടെ പ്രയാസങ്ങളിൽനിന്ന് അവരെ രക്ഷിക്കാനോ അല്ലാഹു അല്ലാത്ത ആരും ഉണ്ടാകില്ല. അവർ അകപ്പെട്ടതിൽ നിന്ന് അവർ രക്ഷിക്കപ്പെടുന്നതുമല്ല. ഒരു നിശ്ചിത അവധിവരെയുള്ള സുഖാനുഭവം ആയിക്കൊണ്ടും അവരോടുള്ള ദയ കൊണ്ടും അവൻ അവരെ മുക്കി നശിപ്പിച്ചില്ല. അവർ അല്ലാഹുവിലേക്ക് മടങ്ങുകയോ വീഴ്ച മനസ്സിലാക്കുകയോ ചെയ്‌തേക്കാം.
വാഹനങ്ങള്‍ സുഖകരവും, സുരക്ഷിതവും ആയിരിക്കേണ്ടതിന്നും, യാത്രാപരിപാടിയില്‍ വിഘ്നം നേരിടാതിരിക്കേണ്ടതിനും കാലേക്കൂട്ടിതന്നെ വിവിധ മുന്‍കരുതലുകള്‍ എടുക്കപ്പെടുന്നു. പ്രതിവിധികള്‍ പലതും ആസൂത്രണം ചെയ്യപ്പെടുന്നു. എന്നിട്ടും അവിചാരിതവും, അപ്രതീക്ഷിതവുമായ അത്യാഹിതങ്ങള്‍ ചിലപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. നിര്‍മ്മാണത്തിന്റെ വൈദഗ്ദ്ധ്യമോ, നിയന്ത്രണത്തിന്റെ സാമര്‍ത്ഥ്യമോ ഒന്നുംതന്നെ അവിടെ ഉപകരിക്കുന്നില്ല. പുറമെനിന്നുള്ള സഹായവും ലഭ്യമാകുന്നില്ല. സംഭവിക്കുന്നത് അനുഭവിക്കുവാനേ മനുഷ്യനു കഴിയുന്നുള്ളൂ. ഇതെല്ലാം കേവലം സങ്കല്‍പ്പമല്ല. നമ്മുടെ അനുഭവങ്ങളാണ്, കടലിലോ, കരയിലോ, വായുവിലോ, ശൂന്യാകാശത്തിലോ എന്ന വ്യത്യാസംകൂടാതെ, അല്ലാഹു ഉദ്ദേശിക്കുമ്പോള്‍, അവന്‍ ഉദ്ദേശിച്ചപ്രകാരം എല്ലാം സംഭവിക്കുന്നുവെന്നുമാത്രം. അപ്പോള്‍, ഇങ്ങിനെയുള്ള ആപല്‍സന്ധികളില്‍ അകപ്പെടാതെ രക്ഷപ്പെടുകയെന്നതു മനുഷ്യന്റെ കഴിവിനെയല്ല, അല്ലാഹുവിന്റെ കാരുണ്യത്തെയാണ് യഥാര്‍ത്ഥത്തില്‍ ആശ്രയിക്കുന്നതു എന്നു വ്യക്തമാണ്.
وَإِذَا قِيلَ لَهُمُ ٱتَّقُوا۟ مَا بَيْنَ أَيْدِيكُمْ وَمَا خَلْفَكُمْ لَعَلَّكُمْ تُرْحَمُونَ
നിങ്ങളുടെ മുമ്പില്‍ വരാനിരിക്കുന്നതും, നിങ്ങളുടെ പിന്നില്‍ കഴിഞ്ഞതുമായ ശിക്ഷയെ നിങ്ങള്‍ സൂക്ഷിക്കുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം എന്ന് അവരോട് പറയപ്പെട്ടാല്‍ (അവരത് അവഗണിക്കുന്നു.) (ഖു൪ആന്‍ :36/45)
‘മുമ്പിലുള്ളതു’ എന്നു പറഞ്ഞതു, മുന്‍സമുദായങ്ങള്‍ക്കു ബാധിച്ചതുപോലെയുള്ള ഐഹികശിക്ഷകളും, ‘പിമ്പിലുള്ളതു’ എന്നു പറഞ്ഞതു വരാനിരിക്കുന്ന പരലോകശിക്ഷയുമാകുന്നു. ക്വബ്‌റിലും ക്വിയാമത്ത് നാളിലും ദുൻയാവിലും വന്നേക്കാവുന്ന അവസ്ഥകളും പിമ്പിലുള്ളതിൽ ഉൾപ്പെടുന്നു. ഈ ശിക്ഷകളെ നിങ്ങൾ സൂക്ഷിക്കുക എന്ന് അവരോട് പറയപ്പെട്ടാൽ അവർ അതൊന്നും ശ്രദ്ധിച്ചില്ല. എല്ലാ ദൃഷ്ടാന്തങ്ങളും അവർക്ക് വന്നിട്ടും അതിൽനിന്നും അവർ പിന്തിരിഞ്ഞു. അതാണ് അല്ലാഹു പറഞ്ഞത്:
وَمَا تَأْتِيهِم مِّنْ ءَايَةٍ مِّنْ ءَايَٰتِ رَبِّهِمْ إِلَّا كَانُوا۟ عَنْهَا مُعْرِضِينَ
അവരുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ട ഏതൊരു ദൃഷ്ടാന്തം അവര്‍ക്ക് വന്നെത്തിയാലും അവര്‍ അതില്‍ നിന്ന് തിരിഞ്ഞുകളയാതിരിക്കുന്നില്ല. (ഖു൪ആന്‍ :36/46)
ഇവിടെ ദൃഷ്ടാന്തങ്ങളെ അല്ലാഹുവിലേക്കു ചേർത്താണ് പറയുന്നത് എന്നത് അതിന്റെ പൂർണതയെയും വ്യക്തതയെയും സൂചിപ്പിക്കുന്നു. അവ പൂർണവും വ്യക്തവുമാണ്. അല്ലാഹു തന്റെ ദാസന്മാർക്ക് നൽകുന്ന മാർഗനിർദേശങ്ങളുടെ ഭാഗമാണത്; അവർക്ക് ഇഹപര നേട്ടത്തിനുതകുന്ന കാര്യങ്ങൾ പഠിക്കാൻ കഴിയുന്ന ദൃഷ്ടാന്തങ്ങൾ അവരിലേക്ക് എത്തിക്കുക എന്നത്.
അവലംബം : തഫ്സീറുസ്സഅ്ദി, അമാനി തഫ്സീര്‍
kanzululoom.com