മനുഷ്യജീവിതത്തിന്റെ സര്‍വതലങ്ങളെയും സ്പര്‍ശിക്കുന്ന നിയമങ്ങളാണ് ഇസ്‌ലാമിന്റേത് എന്നവകാശപ്പെടുമ്പോഴും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ കുറിച്ച് എന്തുകൊണ്ട് മൗനംഭജിക്കുന്നു എന്ന് വിമര്‍ശിക്കുന്നവരുണ്ട്. ഇസ്‌ലാം മൂന്നാം ലിംഗത്തെ കുറിച്ച് പറയുന്നുണ്ടോ, ഉണ്ടെങ്കില്‍ എന്തെല്ലാമാണ് അവര്‍ക്കുള്ള വിധിവിലക്കുകള്‍?
ഒരു സന്താനമുണ്ടാകുന്നത് വിവാഹമെന്ന പരിപാവനമായ മാര്‍ഗത്തിലൂടെ ഇണകളായി മാറിയതിനു ശേഷമായിരിക്കണം എന്നാണ് ഇസ്‌ലാം അനുശാസിക്കുന്ന നിയമം. എന്നാല്‍ ഒരു സന്താനം ജനിക്കുമ്പോള്‍ അതിന്റെ ലിംഗം തീരുമാനിക്കുന്നത് അല്ലാഹുവാണ്. അല്ലാഹുവിന്റെ തീരുമാനം എന്താണോ അതുമാത്രമാണ് നടക്കുന്നത്. ദമ്പതികള്‍ ആഗ്രഹിക്കുന്നതുപോലെ ഒരുപക്ഷേ, കിട്ടിയെന്നു വരാം, കിട്ടിയില്ലെന്നും വരാം. തീരെ സന്താനങ്ങള്‍ ഉണ്ടായില്ലെന്നും വരാം. അതിലൊന്നും ഈ ദമ്പതികള്‍ക്ക് പങ്കില്ല. അഥവാ അവരുടെ തീരുമാനമോ ആഗ്രഹമോ ഒന്നുമല്ല അതിന്റെയൊന്നും പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അല്ലാഹു പറഞ്ഞു:
لِّلَّهِ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ يَخْلُقُ مَا يَشَآءُ ۚ يَهَبُ لِمَن يَشَآءُ إِنَٰثًا وَيَهَبُ لِمَن يَشَآءُ ٱلذُّكُورَ ﴿٤٩﴾ أَوْ يُزَوِّجُهُمْ ذُكْرَانًا وَإِنَٰثًا ۖ وَيَجْعَلُ مَن يَشَآءُ عَقِيمًا ۚ إِنَّهُۥ عَلِيمٌ قَدِيرٌ ﴿٥٠﴾
അല്ലാഹുവിനാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം.അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആണ്‍മക്കളെയും പ്രദാനം ചെയ്യുന്നു. അല്ലെങ്കില്‍ അവര്‍ക്ക് അവന്‍ ആണ്‍മക്കളെയും പെണ്‍മക്കളെയും ഇടകലര്‍ത്തികൊടുക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ വന്ധ്യരാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ സര്‍വ്വജ്ഞനും സര്‍വ്വശക്തനുമാകുന്നു. (ഖു൪ആന്‍ : 42/49-50)
കുട്ടി ആണായതിനും പെണ്ണായതിനുമൊക്കെ ഭാര്യമാരെ ആക്ഷേപിക്കുന്നവരുണ്ട്. ജനിക്കുന്ന സന്താനങ്ങളെല്ലാം പെണ്‍കുട്ടികളാണെങ്കില്‍ പലപ്പോഴും കുടുംബത്തില്‍നിന്നും, ഒരുവേള ഭര്‍ത്താവിന്റെ ഭാഗത്തുനിന്നുമൊക്കെ സ്ത്രീക്കെതിരെ ആക്ഷേപങ്ങള്‍ ഉയരാറുണ്ട്. ‘ഇവളെ കല്യാണം കഴിച്ചതുകൊണ്ട് കുടുങ്ങി, പ്രസവിക്കുന്നത് മുഴുവന്‍ പെണ്‍മക്കളാണല്ലോ’ എന്ന് കുറ്റപ്പെടുത്തുന്നവരുണ്ട്. ജാഹിലിയ്യ കാലഘട്ടത്തില്‍ പെണ്‍കുഞ്ഞാണ് പിറന്നതെങ്കില്‍ അപമാനഭാരത്താല്‍ അതിനെ ജീവനോടുകൂടി കുഴിച്ചുമൂടിയിരുന്ന സമ്പ്രദായം നിലനിന്നിരുന്നതായി വിശുദ്ധ ക്വുര്‍ആന്‍ പറഞ്ഞുതരുന്നുണ്ട്.
പെണ്‍കുഞ്ഞിനെ മാത്രം പ്രസവിക്കുന്ന ഭാര്യയുമായുള്ള സഹവാസം അക്കാരണത്താല്‍ വെടിഞ്ഞ് വീട്ടിലേക്ക് വരാതായ ഭര്‍ത്താവിനെ സംബന്ധിച്ച് ആ കാലഘട്ടത്തില്‍ ഒരു സ്ത്രീ കവിത ആലപിച്ചത് ചരിത്രത്തില്‍ നമുക്ക് കാണുവാന്‍ സാധിക്കും. ആ സ്ത്രീ പറഞ്ഞതിന്റെ ചുരുക്കം ഇതാണ്:
‘അബു ഹംസ എന്ന് പറയുന്ന എന്റെ ഭര്‍ത്താവിന് എന്ത് സംഭവിച്ചു? അയാള്‍ ഇപ്പോള്‍ എന്റെ അടുക്കല്‍ വരുന്നില്ലല്ലോ! എന്റെ കൂടെ പൊറുക്കാന്‍ അദ്ദേഹം വീട്ടിലേക്ക് ഇപ്പോള്‍ വരാതായല്ലോ. ഞാന്‍ ആണ്‍കുട്ടികളെ പ്രസവിക്കുന്നില്ല എന്നതിന്റെ പേരില്‍ അദ്ദേഹം ദേഷ്യം പിടിച്ചിരിക്കുകയാണ്. നമ്മുടെ കാര്യത്തില്‍ നമ്മള്‍ ഉദ്ദേശിക്കുന്നതുപോലെയൊക്കെ നടക്കുമോ?’
ഇന്നും ഈ സ്വഭാവമുള്ള ആളുകളില്ലേ? തന്റെ ഭാര്യ പ്രസവിച്ചത് മുഴുവന്‍ പെണ്‍കുട്ടികളാണെങ്കില്‍ നീരസം പ്രകടിപ്പിക്കുന്ന, ‘അയ്യേ ഇവളെന്തേ ഇങ്ങനെ, ഇവളെ കെട്ടിയത് അബദ്ധമായല്ലോ’ എന്ന് മനസ്സില്‍ പറയുകയെങ്കിലും ചെയ്യുന്നവരില്ലേ? ഭാര്യയെ കുത്തുവാക്കുകള്‍കൊണ്ട് വേദനിപ്പിക്കുന്നവരില്ലേ? ആക്ഷേപിക്കുന്നവരില്ലേ?
ഇത് കുറ്റപ്പെടുത്തേണ്ട ഒരു കാര്യമാണെങ്കില്‍ വാസ്തവത്തില്‍ ശാസ്ത്രമനുസരിച്ച് നോക്കുമ്പോള്‍ ഭാര്യയെയല്ല ഭര്‍ത്താവിനെയാണ് അതിന്റെ പേരില്‍ കുറ്റപ്പെടുത്തേണ്ടിവരിക. കാരണം പുരുഷന്റെ ബീജത്തില്‍ അടങ്ങിയിട്ടുള്ള X Y ക്രോമസോമുകളുടെ ഘടനയുടെ കാരണത്താലാണ് ഒരു കുഞ്ഞ് പെണ്‍കുഞ്ഞാകുന്നതിന്റെയും ആണ്‍കുഞ്ഞാകുന്നതിന്റെയും അവസ്ഥകള്‍ മാറിമാറി വരുന്നത്.
മനുഷ്യശരീരം സൂക്ഷ്മമായ കോശങ്ങളാല്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഒരു കോശത്തിന്റെ കേന്ദ്രഭാഗത്തെ ന്യൂക്‌ളിയസ് (Nucleus) എന്ന് പറയുന്നു. അതിനകത്ത് ക്രോമസോം (chromosome) തന്തുക്കക്കള്‍ ജോഡികളായി കാണപ്പെടുന്നു. എല്ലാ ജീവജാലങ്ങളുടെയും ശരീരകോശങ്ങളിലെ ജീവല്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ഡി.എന്‍.എ ഉള്‍പ്പെട്ടിരിക്കുന്ന ന്യൂക്ലിയോ പ്രോട്ടീന്‍ തന്മാത്രാ സങ്കലനമാണ് ക്രോമസോമുകള്‍. ഇവയുടെ ഇഴപിരിയലും വേര്‍പെടലും കോശവിഭജനത്തിന് അത്യന്താപേക്ഷിതമാണ്. ജീവജാലങ്ങളിലോരോന്നിലും കോശങ്ങളില്‍ ക്രോമസോമുകളുടെ സംഖ്യ സ്ഥിരമാണ്. മനുഷ്യനില്‍ ഓരോ കോശത്തിലും 23 ജോഡി അഥവാ 46 ക്രോമസോമുകളുണ്ട്. ക്രോമസോം നോക്കിയാണ് ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്ന് നിശ്ചയിക്കുന്നത്.
അതായത്, ഒരു സ്ത്രീയുടെ അണ്ഡത്തില്‍ XX ക്രോമസോമുകള്‍ മാത്രമാണുള്ളത്. എന്നാല്‍ പുരുഷന്റെ ബീജത്തില്‍ XY ക്രോമസോമുകള്‍ ഉണ്ട്. പുരുഷ ബീജത്തിലെ X ക്രോമസോം സ്ത്രീയുടെ അണ്ഡത്തിലെ Xഉം ആയിട്ടാണ് യോജിക്കുന്നതെങ്കില്‍ കുട്ടി പെണ്ണായിരിക്കും. പുരുഷ ബീജത്തിലെ Y ക്രോമസോം ആണ് സ്ത്രീയുടെ അണ്ഡത്തിലെ X ക്രോമസോമുമായി സംഗമിക്കുന്നതെങ്കില്‍ കുട്ടി ആണായിരിക്കും. വസ്തുത ഇതായിരിക്കെ എങ്ങനെ സ്ത്രീയെ കുറ്റപ്പെടുത്തും? അവള്‍ എന്ത് പിഴച്ചു? സ്ത്രീയുടെ അണ്ഡത്തിലെ X ക്രോമസോം പുരുഷബീജത്തിലെ X Y ക്രോമസോമുകളില്‍ ഏതുമായി ചേരണമെന്ന് തീരുമാനിക്കുന്നതില്‍ പുരുഷനോ സ്ത്രീക്കോ യാതൊരു പങ്കുമില്ല എന്നതല്ലേ യാഥാര്‍ഥ്യം? ആരും കുറ്റക്കാരല്ല. പക്ഷേ, സമൂഹത്തിലെ പൊതുധാരണ പെണ്‍കുഞ്ഞുങ്ങള്‍ മാത്രം ജനിക്കുന്നത് പെണ്ണിന്റെ ‘കുഴപ്പ’മാണ് എന്നാണ്.
ഈ രണ്ട് ക്രോമസോമുകളുടെ തോതില്‍ ചില ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുമ്പോള്‍ പലപ്പോഴും ജന്മനാ ചില വൈകല്യങ്ങള്‍ കുട്ടികളില്‍ കണ്ടുവരുന്നു; ജനിതക തകരാറുകള്‍ മുഖേനയുള്ള ചില വൈകല്യങ്ങള്‍. അഥവാ പൂര്‍ണമായ അര്‍ഥത്തില്‍ ആണോ പൂര്‍ണമായ അര്‍ഥത്തില്‍ പെണ്ണോ അല്ലാത്ത കുഞ്ഞുങ്ങള്‍ ജനിക്കുന്നു. അത്തരം വ്യക്തികള്‍ ‘ഹിജഡകള്‍’ എന്നോ ‘നപുംസകങ്ങള്‍’ എന്നോ വിളിക്കപ്പെടുന്നു. ‘ട്രാന്‍സ്‌ജെന്‍ഡര്‍’ എന്ന് അറിയപ്പെടുന്ന അത്തരത്തിലുള്ള ആളുകളുടെ വിഷയത്തിലും ഇസ്‌ലാമിന് ചിലത് പറയാനുണ്ട്.
ഇതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ചിലര്‍ ഇസ്‌ലാമിനെ ആക്ഷേപിക്കുന്നതായി കണ്ടുവരുന്നുണ്ട്. ‘ട്രാന്‍സ്‌ജെന്‍ഡര്‍’ വ്യക്തികളെ ഇസ്‌ലാം അസ്‌പൃശ്യരായി കാണുന്നു, അവരെ അവഗണിക്കുന്നു, അവര്‍ക്ക് അവകാശങ്ങള്‍ നല്‍കുന്നില്ല, അവരോട് അനീതി കാണിക്കുന്നു എന്നൊക്കെയാണ് ആരോപണങ്ങള്‍.
മനുഷ്യത്വത്തിന്റെയും മാനവികതയുടെയും മതമാണെന്ന് ഉദ്‌ഘോഷിക്കുന്ന ഇസ്‌ലാമില്‍ അനീതിയുണ്ട്, ഇസ്‌ലാമിക നിയമങ്ങള്‍ സമ്പൂര്‍ണമല്ല, അതില്‍ പൊളിച്ചഴുത്തും നവീകരണവും ആവശ്യമുണ്ട് എന്നൊക്കെ ഇക്കൂട്ടര്‍ മുറവിളികൂട്ടുന്നു.
സത്യത്തില്‍ ഇതിലൊക്കെ വല്ല കഴമ്പുമുണ്ടോ? ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളെ മഹല്ലില്‍നിന്നും വിലക്കിയിരിക്കുന്നു, അവരെ മനുഷ്യരായി അംഗീകരിക്കുവാന്‍ സാധ്യമാകാത്ത നിലയ്ക്കാണ് പള്ളി മഹല്ലുകാര്‍ ഇടപെടുന്നത് എന്ന് ചാനലുകളില്‍ വന്ന് സംസാരിക്കുന്നവര്‍ തിരിച്ചറിയേണ്ട ചില കാര്യങ്ങളുണ്ട്. ആരെങ്കിലും അറിവില്ലായ്മ കാരണം അങ്ങനെ ചെയ്തിട്ടുണ്ടോ എന്നറിയില്ല.
ഇസ്‌ലാം ആരെയും അവരുടെ ജന്മനാലുള്ളതോ അല്ലാത്തതോ ആയ തകരാറുകള്‍ കാരണം മാറ്റി നിര്‍ത്തുന്നില്ല. ഒരാളെയും അവഗണിക്കുകയോ പുച്ഛിക്കുകയോ പരിഹസിക്കുകയോ നിസ്സാരമായി കാണുകയോ ചെയ്യുന്നില്ല. അങ്ങനെ ചെയ്യുവാന്‍ പഠിപ്പിക്കുന്നുമില്ല. മറിച്ച് അതിനെതിരാണ് ഇസ്‌ലാമിന്റെ അധ്യാപനങ്ങളുള്ളത്.
മനുഷ്യന്‍ സുന്ദരനായ ഒരു സൃഷ്ടിയാണ്. അവന്റെ / അവളുടെ / ശരീരത്തിന്റെ ഘടന അതിമനോഹരമാണ്. എന്നാല്‍ ചില ന്യൂനതകളോടെ ജനിക്കുന്നവരുണ്ട്. കാഴ്ചയില്ലാത്തവര്‍, കേള്‍വിയില്ലാത്തവര്‍, കൈയില്ലാത്തവര്‍… ഇങ്ങനെ പലവിധത്തിലുള്ള ന്യൂനതകള്‍. ഇത് അല്ലാഹുവിന്റെ തീരുമാനത്തിന്റെ ഭാഗമാണ്. അവര്‍ക്കും രക്ഷിതാക്കള്‍ക്കുമൊക്കെയുള്ള പരീക്ഷണവുമാണ്.
ഇതിന്റെയൊന്നും പേരില്‍ ആരെയെങ്കിലും നിന്ദിക്കുവാനോ അപഹസിക്കുവാനോ പരിഹാസപ്പേരുകള്‍ വിളിക്കുവാനോ കളിയാക്കുവാനോ ഇസ്‌ലാം അനുവാദം നല്‍കുന്നില്ല. എന്നുമാത്രമല്ല അത് വിലക്കുകയാണ് ചെയ്തിട്ടുള്ളത്. ഉയരക്കുറവുള്ളവന്‍ ഭാഷയില്‍ കുള്ളനാണ്. എന്നാല്‍ അവനെ ‘കുള്ളന്‍’ എന്ന് വിളിക്കുവാന്‍ പാടില്ല.
ഇതുപോലെ ലൈംഗികാവയവങ്ങളുടെ കാര്യത്തിലും ചില വൈകല്യങ്ങള്‍ കാണപ്പെടുന്നു. അവരാണ് ഈ സമൂഹത്തില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ എന്ന് അറിയപ്പെടുന്നത്. പൂര്‍ണാര്‍ഥത്തില്‍ പുരുഷനോ സ്ത്രീയോ അല്ലാത്തവര്‍. പുരുഷനല്ല, സ്ത്രീയുമല്ല. അവരെ എല്ലായിടത്തുനിന്നും മാറ്റി നിര്‍ത്തണം, അവഗണിക്കണം എന്നല്ല ഇസ്‌ലാം പറയുന്നത്. ഇവരെ ഇസ്‌ലാം കാണാതെ പോയിട്ടില്ല. പുരുഷന് ഇസ്‌ലാമില്‍ ചില നിയമങ്ങളുണ്ട്, സ്ത്രീക്ക് നിയമങ്ങളുണ്ട്, അതുപോലെ ലിംഗം ഏതെന്ന് തിരിച്ചറിയപ്പെടാത്ത ഒരവസ്ഥയിലുള്ള ആളുകളുടെ കാര്യത്തിലും ഇസ്‌ലാമിന് പറയാനുണ്ട്. അത്യപൂര്‍വമാണെങ്കിലും ചിലരില്‍ ജന്മനാ പുരുഷലിംഗവും സ്ത്രീയുടെ ലൈംഗിക അവയവവും ഉണ്ടാകും. രണ്ടും ഇല്ലാതെ മൂത്രവിസര്‍ജനത്തിനുവേണ്ടി ഒരു ചെറുദ്വാരം മാത്രം ഉള്ളവരും ഉണ്ട്.
ഇവര്‍ ആണാണോ പെണ്ണാണോ എന്ന് എങ്ങനെ തിരിച്ചറിയപ്പെടും? ഇവരുടെ വിഷയത്തില്‍, ഇവരുമായുള്ള വിവാഹത്തിന്റെ കാര്യത്തില്‍, ഇവരുടെ അനന്തരാവകാശത്തിന്റെ നിയമത്തില്‍, ആരാധനാ വിഷയങ്ങളില്‍ ഇസ്‌ലാം എന്ത് പറയുന്നു?
സ്ത്രീയുടെയും പുരുഷന്റെയും ലൈംഗികാവയവമുള്ളവര്‍ ഏതു ഗണത്തില്‍ പെടും? ആധുനിക ശാസ്ത്രം ഈ വിഷയത്തില്‍ അഭിപ്രായം പറയുന്നതിനുമുമ്പേ ആദ്യകാല പണ്ഡിതന്മാര്‍ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ചെറുപ്രായത്തില്‍ തന്നെ ഇത് പുരുഷനാണോ സ്ത്രീയാണോ എന്ന് മനസ്സിലാക്കപ്പെടാന്‍ അവര്‍ ഒരു മാനദണ്ഡം പറഞ്ഞത് മൂത്ര വിസര്‍ജനം നടക്കുന്നത് ഏതിലൂടെയാണ് എന്ന് നോക്കണം എന്നാണ്. മൂത്ര വിസര്‍ജനം നടക്കുന്നത് പുരുഷലിംഗത്തിലൂടെയാണെങ്കില്‍ അയാള്‍ പുരുഷനാണെന്ന് കണക്കാക്കപ്പെടണം. സ്ത്രീലൈംഗികാവയവത്തിലൂടെയാണ് മൂത്രവിസര്‍ജനം നടക്കുന്നത് എങ്കില്‍ പെണ്ണായും കണക്കാക്കപ്പെടണം.
പ്രായപൂര്‍ത്തി ആയതിനുശേഷം പരിശോധിക്കപ്പെടേണ്ടുന്ന പല മാനദണ്ഡങ്ങളും പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്. താടിരോമങ്ങളും മീശയും മുളയ്ക്കുകയോ പുരുഷലിംഗത്തിലൂടെ ശുക്ലസ്രാവം നടക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ അയാള്‍ പുരുഷനാണ്. പുരുഷന്റെ വിധികളാണ് അവന് ബാധകം. ഇനി, അയാളില്‍ സ്ത്രീകള്‍ക്കുണ്ടാകുന്നത് പോലെയുള്ള സ്തനവളര്‍ച്ചയുണ്ട്, അല്ലെങ്കില്‍ അവള്‍ ഋതുമതിയാകുന്നുണ്ട് എങ്കില്‍ ആ വ്യക്തി ഒരു പെണ്ണാണ്. ഒരു സ്ത്രീയുടെ വിധിയാണ് അവള്‍ക്കുള്ളത്. പ്രസവിക്കുന്നു എങ്കില്‍ ഇതിലൊക്കെ അപ്പുറമുള്ള തെളിവായി. എന്തായിരുന്നാലും അത് സ്ത്രീ തന്നെ. അതില്‍ യാതൊരു സംശയവുമില്ല.
ഇനി ഒരാളില്‍ ഇതൊന്നും പ്രകടമല്ല എങ്കില്‍ അവര്‍ക്ക് ആരോടാണ് അഭിനിവേശം എന്ന് നോക്കി തീരുമാനിക്കാം എന്നാണ് പണ്ഡിതപക്ഷം. പൊതുവെ എതിര്‍ലിംഗത്തോടാണല്ലോ ലൈംഗിക അഭിനിവേശം തോന്നുക. ഇങ്ങനെയുള്ള ഒരാള്‍ക്ക് സ്ത്രീയോടാണ് ലൈംഗികമായ അഭിനിവേശം തോന്നുന്നത് എങ്കില്‍ അയാള്‍ പുരുഷനാണ്. പുരുഷനോടാണ് അഭിനിവേശം തോന്നുന്നതെങ്കില്‍ സ്ത്രീയാണ്.
പൗരുഷത്തിന്റെ അടയാളങ്ങളോ സ്‌ത്രൈണതയുടെ അടയാളങ്ങളോ ഒന്നും വ്യക്തമാകാത്ത അവസ്ഥയിലുള്ളവരുമുണ്ടാകും എന്ന് സൂചിപ്പിച്ചുവല്ലോ. അവരെ ആണായിട്ടാണോ കാണേണ്ടത്, അതോ പെണ്ണായിട്ടോ? ചില പണ്ഡിതന്മാര്‍ പറഞ്ഞിട്ടുള്ളത് അയാളുടെ വാക്കാണ് സ്വീകരിക്കപ്പെടേണ്ടത് എന്നാണ്. അഥവാ അയാള്‍ ‘ഞാന്‍ പുരുഷനാണ്, എനിക്കു സ്ത്രീകളോടാണ് അഭിനിവേശം’ എന്നു പറഞ്ഞാല്‍ അയാള്‍ പുരുഷനാണ്. ‘ഞാന്‍ സ്ത്രീയാണ്, എനിക്ക് പുരുഷന്മാരോടാണ് അഭിനിവേശം’ എന്നു പറഞ്ഞാല്‍ അത് സ്ത്രീയാണ്.
ഒരു സ്ത്രീ ഞാന്‍ ഋതുമതിയാണ് എന്ന് പറയുമ്പോള്‍ വേറെ പരിശോധനയ്ക്ക് ഒന്നും പോകാറില്ലല്ലോ. അവളുടെ ഋതുമതിയാണ് എന്ന വാക്കാണ് സ്വീകരിക്കാറുള്ളത്. ഒരു സ്ത്രീയുടെ ഇദ്ദ കാലം കഴിയാന്‍ അവളുടെ ശുദ്ധി കാലമാണല്ലോ പരിഗണിക്കപ്പെടുന്നത്. അവിടെയും ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍ അവള്‍ പറയുന്ന വാക്കാണല്ലോ നമ്മള്‍ മുഖവിലയ്ക്ക് എടുക്കാറുള്ളത്. അതുകൊണ്ടുതന്നെ അത്തരത്തിലുള്ള ഘട്ടങ്ങളില്‍ ഇസ്‌ലാം എന്താണോ അവരുടെ വാക്കായി മികച്ചുനില്‍ക്കുന്നത് ആ വാക്കിനു തന്നെ പ്രാധാന്യം നല്‍കണം എന്നാണ് പല പണ്ഡിതന്മാരും ഈ വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ളത്.
ആധുനിക കാലഘട്ടത്തില്‍ പഴയകാലത്തെ ഒരുപാട് സംവിധാനങ്ങള്‍ വൈദ്യശാസ്ത്രരംഗത്ത് ലഭ്യമാണ്. അതുകൊണ്ട് ഈ പരിശോധനയെക്കാളൊക്കെ അപ്പുറം പരിശോധിക്കപ്പെടാന്‍ സാധിക്കും. ഒരാളിലുള്ള സ്‌ത്രൈണത എത്രത്തോളമുണ്ട്, അയാള്‍ പുരുഷനാണോ സ്ത്രീയാണോ, പുറമേക്ക് ഒരാളില്‍ പ്രകടമാകുന്ന ലക്ഷണങ്ങള്‍ക്കപ്പുറം അയാളിലുള്ളത് പൗരുഷമാണോ സ്‌ത്രൈണതയാണോ എന്നൊക്കെ മനസ്സിലാക്കുവാന്‍ ഇന്ന് സംവിധാനങ്ങളുണ്ട്, പരിശോധനകളുണ്ട്. ആ പരിശോധനയുടെ അടിസ്ഥാനത്തില്‍ ഒരാളെ പുരുഷനായിട്ടാണ് മനസ്സിലാക്കുന്നതെങ്കില്‍ അയാള്‍ക്ക് പുരുഷന്റെ നിയമമാണ് ബാധകം. സ്ത്രീയായിട്ടാണ് മനസ്സിലാക്കപ്പെടുന്നതെങ്കില്‍ സ്ത്രീയുടെ നിയമങ്ങളും. ഈ വിഷയങ്ങളില്‍ പൂര്‍വകാലത്തും ആധുനിക കാലത്തും ധാരാളം ചര്‍ച്ചകള്‍ ഇസ്‌ലാമിക കര്‍മശാസ്ത്ര പണ്ഡിത ലോകത്ത് നടന്നിട്ടുണ്ട്.
ഇന്ന് ചില പുരുഷന്മാര്‍ പെണ്ണായി മാറാന്‍ വല്ലാതെ കൊതിക്കുന്നു. ചില സ്ത്രീകള്‍ ആണായി മാറാന്‍ കൊതിക്കുന്നു. അതിനായി ശസ്ത്രക്രിയകള്‍ നടത്തുന്നു. ഇത് ഇസ്‌ലാം അംഗീകരിക്കുന്നില്ല. സ്ത്രീകളോട് സാദൃശ്യപ്പെടുന്ന പുരുഷന്മാരെയും പുരുഷന്മാരോട് സാദൃശ്യപ്പെടുന്ന സ്ത്രീകളെയും അല്ലാഹുവിന്റെ റസൂല്‍ ശപിച്ചിരിക്കുന്നു എന്ന് ഹദീഥില്‍ കാണാം. അപ്പോള്‍ പിന്നെ അക്ഷരാര്‍ഥത്തില്‍ ലിംഗമാറ്റം നടത്തുന്നവരുടെ അവസ്ഥയെന്തായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. അല്ലാഹുവിന്റെ റസൂല്‍ ശപിച്ചിരിക്കുന്നു എന്ന് പറഞ്ഞാല്‍ അത് അല്ലാഹുവിന്റെ ശാപമാണ്. അല്ലാഹുവിന്റെ വഹിയ്‌ന്റെ വെളിച്ചത്തില്‍ നബി ﷺ നമുക്ക് പഠിപ്പിച്ചുതന്ന കാര്യമാണ്.
ഇവിടെ നമ്മള്‍ ഒരു കാര്യം മനസ്സിലാക്കണം. ചിലര്‍ പുരുഷന്മാര്‍ ആയിരിക്കും. പക്ഷേ, അവരില്‍ സ്‌ത്രൈണതയുടെ കുറേ സ്വഭാവങ്ങള്‍ ഉണ്ടാകും. അത് അയാള്‍ ഉണ്ടാക്കിയിട്ട് ഉണ്ടാകുന്നതല്ല; അയാളുടെ പ്രകൃതമാണ്. സ്ത്രീകളുടെത് പോലെയുള്ള ലജ്ജ, നടത്തം, ഭാവങ്ങള്‍, ശബ്ദം തുടങ്ങിയ ഒരു പെണ്ണാണെന്ന് തോന്നിപ്പിക്കുന്ന രൂപത്തിലുള്ള ചില സ്വഭാവങ്ങള്‍ കാണാം. തിരിച്ചുമുണ്ട്; സ്ത്രീയാണ്, പക്ഷേ, അവരില്‍ പൗരുഷത്തിന്റെ കുറെ അടയാളങ്ങള്‍ കാണാം. രോമവളര്‍ച്ച, കരുത്തുറ്റ ശരീരപ്രകൃതം, പുരുഷശബ്ദം, മറ്റു ചില പൗരുഷത്തിന്റെ ലക്ഷണങ്ങള്‍ ഒക്കെ അവരിലും കാണാം. ഇതൊന്നും കൃത്രിമമല്ല, പ്രകൃത്യാ ഉള്ളതാണ്. അതിനാല്‍തന്നെ ഇവര്‍ ആക്ഷേപിക്കപ്പെടേണ്ടവരല്ല. ഇവര്‍ പ്രവാചകന്‍ ശപിച്ചവരുടെ കൂട്ടത്തില്‍ പെടുന്നവരല്ല.
ഇന്ന് സമൂഹത്തില്‍ ഫാഷന്റെ പേരില്‍ പെണ്ണിനെപ്പോലെ നടക്കുന്ന ചിലരുണ്ട്. ദിവസവും താടിയും മീശയും വടിച്ച്, സ്ത്രീകളെ പോലെ മുടി നീട്ടിവളര്‍ത്തി മെടഞ്ഞിട്ട്, കൈകളില്‍ വളകളും കഴുത്തില്‍ മാലയും കാതില്‍ കടുക്കനിട്ടും മൂക്കുത്തി ധരിച്ചുമൊക്കെ പെണ്ണായി ചമയുന്ന ആണുങ്ങളാണ് അഭിശപ്തര്‍.
ഇനി വിവാഹത്തിന്റെ കാര്യമെടുക്കുക. ഇന്ന് വ്യക്തിസ്വാതന്ത്ര്യം എന്നു പറഞ്ഞ് സ്വവര്‍ഗരതി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ആണും ആണും പെണ്ണും പെണ്ണും തമ്മില്‍ വിവാഹം നടക്കുന്നു. ഇവര്‍ക്ക് നിയമപരിരക്ഷ ലഭിക്കുന്നു. എന്താണ് വിവാഹത്തിന്റെ ലക്ഷ്യം? മനുഷ്യപ്രകൃതിയും ഇസ്‌ലാമും പറയുന്നത് ഒരു പുരുഷന് ഇണയാകേണ്ടത് സ്ത്രീയും സ്ത്രീക്ക് ഇണയാകേണ്ടതും പുരുഷനുമാണ് എന്നാണ്. സ്വവര്‍ഗാനുരാഗത്തെയും സ്വവര്‍ഗ ലൈംഗിക ബന്ധങ്ങളെയും കടുത്ത ഭാഷയില്‍ ഇസ്‌ലാം വിരോധിക്കുന്നു. കാരണം അത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്നതാണ്. എല്ലാവരും ആ വഴി സ്വീകരിച്ചാല്‍ എന്തായിരിക്കും അവസ്ഥ? ഭാവിതലമുറകള്‍ എങ്ങനെ സൃഷ്ടിക്കപ്പെടും?
ലൂത്വ് നബി عليه السلام യുടെ ജനത കീഴ്‌മേല്‍ മറിച്ചിടപ്പെട്ടത് സ്വവര്‍ഗ ലൈംഗികത കൊണ്ടായിരുന്നു. സ്ത്രീകളെ കൂടാതെ അവര്‍ പുരുഷന്മാരെയും അവരുടെ ലൈംഗികദാഹശമനത്തിനു വേണ്ടി ഉപയോഗപ്പെടുത്തിയിരുന്നു.
തലതിരിഞ്ഞ പുരോഗമന ചിന്ത ഈ ദുഷ്‌കര്‍മത്തെ ഇന്ന് വാരിപ്പുണരുന്നതിലേക്ക് നയിക്കുകയാണ്. ‘ഇതില്‍ എന്താണ് തകരാറ്? ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും ഇഷ്ടമാണ്, ഞങ്ങളുടെ കാര്യം ഞങ്ങള്‍ തീരുമാനിക്കും, ഞങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ല’ എന്ന് ഇവര്‍ പറയുന്നു.
അങ്ങനെ ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതാവാം. എന്നാല്‍ ഒരു മുസ്‌ലിമിന് അതിന് സ്വാതന്ത്ര്യമില്ല. അവന്‍ ഇസ്‌ലാമിന്റെ നിയമനിര്‍ദേശങ്ങള്‍ അനുസരിക്കേണ്ടതുണ്ട്. അത് പാലിക്കല്‍ അവന്റെ വിശ്വാസത്തിന്റെ ഭാഗമാണ്. അവന്റെ ധാര്‍മികതയുടെ ഭാഗമാണ്.
ഇസ്‌ലാം മാനവികതയുടെ മതമാണ്. മനുഷ്യ പ്രകൃതത്തെ നന്നായിട്ടറിയുന്ന സ്രഷ്ടാവിന്റെ മതമാണ്. അതില്‍ മൃഗീയതക്ക് സ്ഥാനമില്ല. മനുഷ്യന്റെ നിലനില്‍പിനെ പ്രതികൂലമായി ബാധിക്കുന്ന നിയമങ്ങള്‍ അതില്‍കാണുവാന്‍ സാധ്യമല്ല. അതാണ് ഇസ്‌ലാമിന്റെ സവിശേഷത.
ആദ്യകാലത്ത് ഉപയോഗിച്ചിരുന്ന ഗേ (Gay) കമ്യൂണിറ്റി എന്ന വാക്കിനുപകരം 1980കളിലാണ് LGB എന്ന പദം ഉപയോഗിച്ച്തുടങ്ങിയത്. പിന്നീട് 1990ല്‍ LGB പരിഷ്‌കരിച്ചു LGBT എന്നാക്കി. അമേരിക്കയിലും മറ്റും ലിംഗഭേദം/ലൈംഗികത എന്നിവ അടിസ്ഥാനമാക്കിയുള്ള സംഘടനകള്‍ക്കിടയില്‍ ഈചുരുക്കപ്പേര് വളരെവേഗം പ്രചാരം നേടുകയും അത് ഈ സമൂഹങ്ങളെ അഭിസംബോധന ചെയ്യുവാനുള്ള മുഖ്യധാരാപദമായി മാറുകയും ചെയ്തു. ചിലപ്പോള്‍ intersex ആയുള്ള സമൂഹങ്ങളെകൂടി ഉള്‍കൊള്ളിച്ചുകൊണ്ട് LGBTI എന്നും വിളിക്കാറുണ്ട്.
ലൈംഗിക സ്വാതന്ത്ര്യത്തിന്റെ പേരു പറഞ്ഞ് LGBT എന്ന പേരില്‍ പുതിയ ഒരു കമ്യൂണിറ്റി തന്നെ ഉയര്‍ന്നുവരികയാണ്. Lesbianെൻറ Lഉം GAYയുടെ Gയും Bisexualന്റെ Bയും Transgenderന്റെ Tയും ചേര്‍ന്നതാണ് ഈ LGBT. ലൈംഗികദാഹം തീര്‍ക്കാന്‍ ലിംഗവ്യത്യാസം നോക്കേണ്ടതില്ല എന്ന ഈ ചിന്താഗതിയെ മൃഗീയം എന്നു പോലും വിശേഷിപ്പിക്കാന്‍ സാധ്യമല്ല. കാരണം മൃഗങ്ങളൊന്നും എതിര്‍ലിംഗത്തിലുള്ളവയോടല്ലാതെ ഇണചേരാറില്ല.
ചിലരില്‍ പുരുഷത്വം അപൂര്‍ണരൂപത്തിലുണ്ടാകും. ചിലരില്‍ സ്ത്രീത്വം അപൂര്‍ണ രൂപത്തിലുണ്ടാകും. മതവിധികളുടെ കാര്യത്തില്‍, പുരുഷഭാവം മുന്നിട്ടു നില്‍ക്കുന്നവരെ പുരുഷന്മാരായും സ്ത്രൈണ ഭാവം മുന്നിട്ടു നില്ക്കുന്നവരെ സ്ത്രീകളായും പരിഗണിക്കണമെന്ന് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വവര്‍ഗരതി പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ നിഷിദ്ധമായതിനാല്‍ നപുംസകങ്ങള്‍ക്കും അത് നിഷിദ്ധം തന്നെയാണ്.
സദാചാര, ധാര്‍മിക വിരുദ്ധമായ ഈ ചെയ്തിയെ ഇസ്‌ലാം നഖശിഖാന്തം എതിര്‍ക്കുന്നു എന്നതിനാല്‍ തന്നെ ഇസ്‌ലാം ഇവരുടെ കണ്ണിലെ കരടാണ്. അവര്‍ ഇസ്‌ലാമിനെ കരിവാരിത്തേക്കാനായി ദുരാരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടേയിരിക്കുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ പോലുള്ള വിഷയങ്ങളില്‍ മൗനം പാലിക്കുന്ന ഇസ്‌ലാമിക നിയമങ്ങള്‍ നവീകരിക്കണമെന്ന് വാദിക്കുന്നു. കഥയറിയാതെ ആട്ടം കാണുന്ന ചില മുസ്‌ലം നാമധാരികളെങ്കിലും അതിനെ പിന്താങ്ങുകയും ചെയ്യുന്നു. പൊതുവായ അറിവെങ്കിലും നമുക്ക് ഈ വിഷയത്തിലും ഉണ്ടായിത്തീരേണ്ടതുണ്ട്. ഇസ്‌ലാമിക ശരീഅത്തിനെക്കുറിച്ചുള്ള അജ്ഞതക്ക് മാറ്റം വരണം.
ഇസ്‌ലാമിന്റെ മേന്മ മനസ്സിലാക്കിയ ചില വിമര്‍ശകരുണ്ട്. അവരുടെ ശ്രമം ഈ മേന്മ ജനങ്ങള്‍ അറിയാതിരിക്കുവാനാണ്. ഇസ്‌ലാമോഫോബിയ വ്യാപിപ്പിക്കുക എന്നതാണ് അതിനായി അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. വേറൊരു വിഭാഗം ഇസ്‌ലാമിനെ തെറ്റായി മനസ്സിലാക്കിയവരാണ്. അവര്‍ക്ക് ഇസ്‌ലാമിനെക്കുറിച്ചുള്ള ചില കേട്ടുകേള്‍വിയേ ഉള്ളൂ. അതുപോലെ വിമര്‍ശകരില്‍നിന്നുള്ള തെറ്റായ അറിവേ അവര്‍ക്ക് ലഭിച്ചിട്ടുള്ളൂ. അടിസ്ഥാനപരമായിട്ട് അവര്‍ മനസ്സിലാക്കിയിട്ടില്ല. അവരോടാണ് നമുക്ക് സംസാരിക്കുവാനുള്ളത്. ഉറങ്ങുന്നവരെയാണ്, ഉറക്കം നടിക്കുന്നവരെയല്ല വിളിച്ചുണര്‍ത്താനാവുക. സമൂഹത്തില്‍ ഭൂരിപക്ഷവും ഉറങ്ങുന്നവരാണ്. അഥവാ ഇസ്‌ലാം എന്താണെന്നറിയാത്തവരാണ്.
ഓരോ വിഷയങ്ങളും ഉയര്‍ന്നുവരുമ്പോള്‍ അതിന്റെ ഇസ്‌ലാമിക വശം കൃത്യമായി പഠിക്കുകയും ജനങ്ങള്‍ക്ക് അത് പകര്‍ന്നുകൊടുക്കുകയും ചെയ്യേണ്ടതുണ്ട്.
ഇസ്‌ലാം നപുംസകങ്ങളെ അവഗണിച്ചു എന്നു പറയുന്നത് ശുദ്ധ അജ്ഞതയാണ്. നൂറ്റാണ്ടുകളായി മുസ്‌ലിം സമൂഹം കൈകാര്യം ചെയ്തുപോരുന്ന കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലെല്ലാം ‘കിതാബുല്‍ ഖുന്‍സാ’ (നപുംസകങ്ങള്‍) എന്ന ഒരു ഭാഗം തന്നെയുണ്ട്. ചിലര്‍ തദ്‌വിഷയകമായ സ്വതന്ത്രരചനകള്‍ തന്നെ നിര്‍വഹിച്ചിട്ടുണ്ട്. ശാഫിഈ കര്‍മശാസ്ത്ര വിശാരദനായിരുന്ന ജമാലുദ്ദീന്‍ ഇസ്‌നവി رَحِمَهُ اللَّهُ യുടെ ‘കിതാബു ഈളാഹില്‍ മുശ്കില്‍ ഫീ അഹ്കാമില്‍ ഖുന്‍സല്‍ മുശ്കില്‍’ ഒരു ഉദാഹരണം.
കൂടുതല്‍ കൂടുതല്‍ പഠിക്കുക, ചിന്തിക്കുക, അന്വേഷിക്കുക, അറിയുക എന്ന് മാത്രമാണ് ഈ അവസരത്തില്‍ ഓര്‍മപ്പെടുത്താനുള്ളത്. അല്ലാഹുവിന്റെ മതം സാര്‍വകാലികമാണ്. അതില്‍ പോരായ്മകളോ വൈരുധ്യങ്ങളോ മാനവവിരുദ്ധമായ കാര്യങ്ങളോ ഇല്ല. കാരണം അത് മനുഷ്യ മസ്തിഷ്‌കങ്ങളില്‍നിന്ന് ഉത്ഭൂതമായ നിയമങ്ങളുടെയോ തത്ത്വങ്ങളുടെയോ സമാഹാരമല്ല. മറിച്ച് എല്ലാം അറിയുന്നവനും യുക്തിമാനും സര്‍വശക്തനുമായവന്റെ നിയമങ്ങളാണ്.
സബീന സുനിൽ
www.kanzululoom.com