കച്ചവടം അനുവദനീയം (ഹലാല്‍) ആണ്
وَأَحَلَّ ٱللَّهُ ٱلْبَيْعَ وَحَرَّمَ ٱلرِّبَوٰا۟ ۚ
അല്ലാഹു കച്ചവടം അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു. (ഖു൪ആന്‍:2/275)
അടിസ്ഥാനപരമായി കച്ചവടം അനുവദനീയം (ഹലാല്‍) ആണ്. അത് ഹലാലായ രീതിയില്‍, വിരോധിക്കപ്പെട്ടിട്ടില്ലാത്ത രീതിയില്‍ ചെയ്യുക എന്നതാണ് പ്രധാനം.
ഇസ്ലാം വിരോധിച്ച സാധനങ്ങൾ കച്ചവടം ചെയ്യരുത്
عَنْ جَابِرِ بْنِ عَبْدِ اللَّهِ، أَنَّهُ سَمِعَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ عَامَ الْفَتْحِ وَهُوَ بِمَكَّةَ : إِنَّ اللَّهَ حَرَّمَ بَيْعَ الْخَمْرِ وَالْمَيْتَةِ وَالْخِنْزِيرِ وَالأَصْنَامِ
ജാബി൪ ഇബ്നു അബ്‌ദുള്ള رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: മക്ക വിജയിച്ച വർഷത്തിൽ മക്കയിലായിരിക്കുമ്പോൾ നബി ﷺ പറയുന്നത് അദ്ദേഹം കേട്ടു. നിശ്ചയം മദ്യം, ശവം, പന്നി, വിഗ്രഹങ്ങള്‍ എന്നിവ വില്‍ക്കുന്നത് അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നു. (അബൂദാവൂദ്:3486)
عَنْ أَبِي مَسْعُودٍ، عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ نَهَى عَنْ ثَمَنِ الْكَلْبِ
അബൂമസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നായയെ വിറ്റുകിട്ടുന്ന വില അല്ലാഹുവിന്റെ തിരുദൂതർ വിരോധിച്ചിരിക്കുന്നു. (അബൂദാവൂദ്:3428)
عن ابن عباس رضي الله عنهما أن النبي – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – قال: إن الله إذا حَرَّم على قوم أكل شيء حرَّم ثمنه.
ഇബ്‌നുഅബ്ബാസ് رضى الله عنه വിൽ നിന്നു നിവേദനം: നബിﷺ പറഞ്ഞു: നിശ്ചയം, അല്ലാഹു ഒരു വസ്തു ഭക്ഷിക്കുന്നത് ഒരു വിഭാഗത്തിനു ഹറാമാക്കിയാൽ അതു വിറ്റു കിട്ടുന്ന വിലയും അവൻ ഹറാമാക്കും. (അബൂദാവൂദ്, അഹ്മദ്)
ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഇമാം ഹാഫിദ് ഇബ്നു ഹജര്‍ അല്‍ഹംബലി رَحِمَهُ اللَّهُ പറയുന്നു : “മേല്‍ പറഞ്ഞ ഹദീസില്‍ നിന്നും വളരെ വ്യക്തമാണ് ഉപയോഗിക്കല്‍ നിഷിദ്ധമായ വസ്തു വിറ്റ് ലഭിക്കുന്ന പണവും നിഷിദ്ധമാണ് എന്നുള്ളത്. നിഷിദ്ധമായ ഉപയോഗങ്ങളുള്ള സര്‍വ വസ്തുക്കള്‍ക്കും അത് ബാധകമാണ് എന്ന് മനസ്സിലാക്കാവുന്ന പ്രയോഗമാണ് ഹദീസില്‍ വന്നിട്ടുള്ളത്.” [ജാമിഉല്‍ ഉലൂമി വല്‍ ഹികം : 415]
ചില ഹദീസുകളില്‍ ഭക്ഷ്യ വസ്തു എന്ന് പരാമര്‍ശിക്കാതെയും വന്നിട്ടുണ്ട്:
إن الله إذا حرم شيئًا؛ حرم ثمنه
അല്ലാഹു ഒരു വസ്തു നിഷിദ്ധമാക്കിയാല്‍ അതിന്‍റെ വിലയും നിഷിദ്ധമാണ്. (ദാറുഖുത്വ്നി)
കച്ചവടത്തിൽ വഞ്ചന കാണിക്കരുത്
عَنْ أَبِي هُرَيْرَةَ، .أَنَّ رَسُولَ اللَّهِ صلى الله عليه وسلم مَرَّ عَلَى صُبْرَةِ طَعَامٍ فَأَدْخَلَ يَدَهُ فِيهَا فَنَالَتْ أَصَابِعُهُ بَلَلاً فَقَالَ ” مَا هَذَا يَا صَاحِبَ الطَّعَامِ ” . قَالَ أَصَابَتْهُ السَّمَاءُ يَا رَسُولَ اللَّهِ . قَالَ ” أَفَلاَ جَعَلْتَهُ فَوْقَ الطَّعَامِ كَىْ يَرَاهُ النَّاسُ مَنْ غَشَّ فَلَيْسَ مِنِّي ” .
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഒരിക്കൽ നബി ﷺ ധാന്യങ്ങൾ കൂമ്പാരമാക്കി വെച്ചിരിക്കുന്നതിനടുക്കൽ കൂടി കടന്നുപോയി. കൈ അതിലിട്ടു നോക്കിയപ്പോൾ അവിടുത്തെ വിരലുകളിൽ നനവ് അനുഭവപ്പെട്ടു. അപ്പോൾ അതിന്റെ ഉടമയോട് ചോദിച്ചു: ഇതെന്താണ്? അയാൾ പറഞ്ഞു: മഴ കാരണം നനഞ്ഞതാണ്. അത് കേട്ടപ്പോൾ നബി ﷺ പറഞ്ഞു: എങ്കിൽ ജനങ്ങൾക്ക് കാണാവുന്ന രൂപത്തിൽ നനഞ്ഞ ധാന്യങ്ങൾ കൂമ്പാരത്തിന് മുകളിൽ ഇട്ടുകൂടായിരുന്നോ? ആരെങ്കിലും വഞ്ചന കാണിക്കുന്നുവെങ്കിൽ അവൻ നമ്മിൽ പെട്ടവനല്ല. (മുസ്‌ലിം: 102)
عَنْ أَبِي هُرَيْرَةَ، قَالَ نَهَى رَسُولُ اللَّهِ ـ صلى الله عليه وسلم ـ عَنْ بَيْعِ الْغَرَرِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: വഞ്ചനയിലധിഷ്ഠിതമായ കച്ചവടം നബിﷺ വിരോധിച്ചിരിക്കുന്നു. (ഇബ്നുമാജ:2194)
ബറകത്ത് ലഭിക്കുന്നതും ബറകത്ത് നഷ്ടപ്പെടുന്നതും
عَنْ حَكِيمِ بْنِ حِزَامٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ “ الْبَيِّعَانِ بِالْخِيَارِ مَا لَمْ يَتَفَرَّقَا فَإِنْ صَدَقَا وَبَيَّنَا بُورِكَ لَهُمَا فِي بَيْعِهِمَا وَإِنْ كَذَبَا وَكَتَمَا مُحِقَتْ بَرَكَةُ بَيْعِهِمَا ” .
ഹകിം ബ്നു ഹിസാം رضى الله عنه വിൽ നിന്നു നിവേദനം: നബിﷺ പറഞ്ഞു: പരസ്പരം വിട്ട് പിരിയുന്നതിന് മുമ്പ് വാങ്ങുന്നവനും വിൽക്കുന്നവനും കച്ചവടം ഒഴിയാനുള്ള സ്വാതന്ത്ര്യമുണ്ട്. അവർ രണ്ടുപേരും സത്യസന്ധത പാലിക്കുകയും ന്യൂനതകൾ വെളിപ്പെടുത്തുകയും ചെയ്യുന്നുവെങ്കിൽ അവർക്ക് തങ്ങളുടെ കച്ചവടത്തിൽ അഭിവൃദ്ധിയുണ്ടാകും. ന്യൂനതകൾ മറച്ച് വെക്കുകയും കള്ളം പറയുകയും ചെയ്യുന്നുവെങ്കിൽ കച്ചവടത്തിൻ്റെ അഭിവൃദ്ധി വിനഷ്ടമാവുകയും ചെയ്യും. (മുസ്‌ലിം: 1532)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّهُ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم :الْحَلِفُ مُنَفِّقَةٌ لِلسِّلْعَةِ مُمْحِقَةٌ لِلْبَرَكَةِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : സത്യം ചരക്കുകളെ വിറ്റഴിപ്പിക്കും, ബറകത്ത് നഷ്ടമാക്കി കളയുകയും ചെയ്യും. (ബുഖാരി:2087)
ചരക്കുകള്‍ വിറ്റഴിക്കുന്നതിനായി സത്യം ചെയ്യൽ
കള്ളസത്യമാണ് ചെയ്യുന്നതെങ്കിലോ:
عَنْ أَبِي ذَرٍّ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ” ثَلاَثَةٌ لاَ يُكَلِّمُهُمُ اللَّهُ يَوْمَ الْقِيَامَةِ وَلاَ يَنْظُرُ إِلَيْهِمْ وَلاَ يُزَكِّيهِمْ وَلَهُمْ عَذَابٌ أَلِيمٌ ” قَالَ فَقَرَأَهَا رَسُولُ اللَّهِ صلى الله عليه وسلم ثَلاَثَ مِرَارٍ . قَالَ أَبُو ذَرٍّ خَابُوا وَخَسِرُوا مَنْ هُمْ يَا رَسُولَ اللَّهِ قَالَ ” الْمُسْبِلُ وَالْمَنَّانُ وَالْمُنَفِّقُ سِلْعَتَهُ بِالْحَلِفِ الْكَاذِبِ ” .
അബൂദ൪റ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : മൂന്ന് വിഭാഗം ആളുകള്‍, അല്ലാഹു അന്ത്യദിനത്തില്‍ അവരോട് സംസാരിക്കുകയോ അവരിലേക്ക് നോക്കുകയോ അവരെ ശുദ്ധീകരിക്കുകയോ ചെയ്യില്ല. വേദനജനകമായ ശിക്ഷ അവര്‍ക്കുണ്ടായിരിക്കും. അബൂദ൪റ് رضى الله عنه പറയുന്നു: നബി ﷺ ഇത് മൂന്ന് പ്രവാശ്യം പറഞ്ഞു. ഞാന്‍ ചോദിച്ചു. അല്ലാഹുവിന്റെ റസൂലെ, അവര്‍ ആരാണ്? എങ്കില്‍ അവര്‍ പരാജയപെടുകയും അവര്‍ക്ക് നഷ്ടപ്പെടുകയും ചെയ്തു. നബി ﷺ പറഞ്ഞു. വസ്ത്രം (നെരിയാണിക്ക് താഴെ)വലിച്ചിഴക്കുന്നവന്‍, കൊടുത്തത് എടുത്ത് പറയുന്നവന്‍, കള്ള സത്യം ചെയ്ത് തന്റെ ചരക്ക് വിറ്റൊഴിക്കുന്നവന്‍. (മുസ്ലിം:106)
സത്യസന്ധമായ സത്യമാണ് ചെയ്യുന്നതെങ്കിലോ:
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّهُ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم :الْحَلِفُ مُنَفِّقَةٌ لِلسِّلْعَةِ مُمْحِقَةٌ لِلْبَرَكَةِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : സത്യം ചരക്കുകളെ വിറ്റഴിപ്പിക്കും, ബറകത്ത് നഷ്ടമാക്കി കളയുകയും ചെയ്യും. (ബുഖാരി:2087)
അളവിലും തൂക്കത്തിലും കൃത്യത കാണിക്കുക
അളന്നും തൂക്കിയും കൊടുക്കുമ്പോള്‍ കൃത്യത പാലിക്കണമെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു.
وَأَوْفُوا۟ ٱلْكَيْلَ إِذَا كِلْتُمْ وَزِنُوا۟ بِٱلْقِسْطَاسِ ٱلْمُسْتَقِيمِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا
നിങ്ങള്‍ അളന്നുകൊടുക്കുകയാണെങ്കില്‍ അളവ് നിങ്ങള്‍ തികച്ചുകൊടുക്കുക. ശരിയായ തുലാസ് കൊണ്ട് നിങ്ങള്‍ തൂക്കികൊടുക്കുകയും ചെയ്യുക. അതാണ് ഉത്തമവും അന്ത്യഫലത്തില്‍ ഏറ്റവും മെച്ചമായിട്ടുള്ളതും. (ഖു൪ആന്‍ :17/35)
വാങ്ങുന്നവര്‍ക്ക് ഒട്ടും കുറവുവരുത്താതിരിക്കാന്‍ സൂക്ഷ്മതയെന്നോണം അല്‍പം മുന്‍തൂക്കം നല്‍കുവാന്‍ നബി ﷺ വിശ്വാസികളോട് കല്‍പിച്ചിട്ടുള്ളത് ഏറെ ശ്രദ്ധേയമാണ്.സാധനങ്ങള്‍ തൂക്കാന്‍ കൂലിക്ക് നിറുത്തിയ ആളോട് നബി ﷺ പറഞ്ഞു:
يَا وَزَّانُ زِنْ وَأَرْجِحْ
അൽപ്പം മുൻതൂക്കം വരുത്തിക്കൊള്ളുക. (ഇബ്നുമാജ:2220)
അളവിലും തൂക്കത്തിലും തട്ടിപ്പ് കാണിക്കുന്നവ൪ക്ക് വമ്പിച്ച നാശമാണുള്ളതെന്നും ഖിയാമത്തു നാളില്‍ അവര്‍ അല്ലാഹുവിന്റെ മുമ്പില്‍ അതിന് മറുപടി പറയേണ്ടിവരുമെന്നും ശക്തമായ ഭാഷയില്‍ അല്ലാഹു അറിയിച്ചിട്ടുണ്ട്.
وَيْلٌ لِّلْمُطَفِّفِينَ ﴿١﴾ ٱلَّذِينَ إِذَا ٱكْتَالُوا۟ عَلَى ٱلنَّاسِ يَسْتَوْفُونَ ﴿٢﴾ وَإِذَا كَالُوهُمْ أَو وَّزَنُوهُمْ يُخْسِرُونَ ﴿٣﴾ أَلَا يَظُنُّ أُو۟لَٰٓئِكَ أَنَّهُم مَّبْعُوثُونَ ﴿٤﴾ لِيَوْمٍ عَظِيمٍ ﴿٥﴾ يَوْمَ يَقُومُ ٱلنَّاسُ لِرَبِّ ٱلْعَٰلَمِينَ ﴿٦﴾
അളവില്‍ കുറക്കുന്നവര്‍ക്ക് മഹാനാശം. അതായത് ജനങ്ങളോട് അളന്നുവാങ്ങുകയാണെങ്കില്‍ തികച്ചെടുക്കുകയും, ജനങ്ങള്‍ക്ക് അളന്നുകൊടുക്കുകയോ തൂക്കികൊടുക്കുകയോ ആണെങ്കില്‍ നഷ്ടം വരുത്തുകയും ചെയ്യുന്നവര്‍ക്ക്. അക്കൂട്ടര്‍ വിചാരിക്കുന്നില്ലേ, തങ്ങള്‍ എഴുന്നേല്‍പിക്കപ്പെടുന്നവരാണെന്ന് ? ഭയങ്കരമായ ഒരു ദിവസത്തിനായിട്ട്. അതെ, ലോകരക്ഷിതാവിങ്കലേക്ക് ജനങ്ങള്‍ എഴുന്നേറ്റ് വരുന്ന ദിവസം.(ഖു൪ആന്‍ : 83/1-6)
അളവിലും തൂക്കത്തിലും കുറവ് വരുത്തിയോ അളവും തൂക്കവും പൂര്‍ണമാക്കാതെയോ മറ്റേതെങ്കിലും രൂപത്തിലോ അവര്‍ നഷ്ടം വരുത്തുന്നു. ഇത് യഥാര്‍ഥത്തില്‍ ജനങ്ങളുടെ സ്വത്ത് മോഷ്ടിക്കലും അവരോട് അനീതി ചെയ്യലുമാണ്. അളവിലും തൂക്കത്തിലും കുറവ് വരുത്തുന്നവരോടാണ് ഈ താക്കീതെങ്കിലും ജനങ്ങളുടെ ധനം ശക്തി ഉപയോഗിച്ച് മോഷ്ടിച്ചു കൈവശപ്പെടുത്തുന്നവര്‍ ഇവരെക്കാളും ഈ താക്കീതിന്നര്‍ഹരാണ്. ഇടപാടുകളില്‍ ജനങ്ങളില്‍ നിന്നും സ്വീകരിക്കുന്നവര്‍ അവര്‍ക്ക് തിരിച്ചുനല്‍കുമ്പോഴും അവരുടെ അവകാശങ്ങള്‍ പൂര്‍ത്തിയാക്കി കൊടുക്കാന്‍ ബാധ്യസ്ഥരാണ്. (തഫ്സീറുസ്സഅ്ദി)
നല്ല കച്ചവടക്കാരനും മോശം കച്ചവടക്കാരനും
عَنْ أَبِي سَعِيدٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : التَّاجِرُ الصَّدُوقُ الأَمِينُ مَعَ النَّبِيِّينَ وَالصِّدِّيقِينَ وَالشُّهَدَاءِ ”
അബൂസഈദ് അൽ ഖുദ്’രി رضى الله عنه വിൽ നിന്നു നിവേദനം: നബിﷺ പറഞ്ഞു:
വിശ്വസ്തനും, അങ്ങേഅറ്റം സത്യസന്ധനുമായ കച്ചവടക്കാരൻ (സ്വർഗത്തിൽ) നബിമാരുടെയും ,
സിദ്ധീഖുകളുടെയും, ശുഹദാക്കളുടെയും കൂടെയായിരിക്കും. (തിര്‍മിദി:1209)
സത്യസന്ധതയില്ലാത്ത കച്ചവടക്കാർക്കുള്ള ശക്തമായ താക്കീതും നബി ﷺ നടത്തിയിട്ടുണ്ട്
إِنَّ التُّجَّارَ يُبْعَثُونَ يَوْمَ الْقِيَامَةِ فُجَّارًا إِلاَّ مَنِ اتَّقَى اللَّهَ وَبَرَّ وَصَدَقَ
നബി ﷺ പറഞ്ഞു: തീർച്ചയായും കച്ചവക്കാർ ക്വിയാമത്ത് നാളിൽ തെമ്മാടികളായിട്ടാണ് ഉയർത്തെഴുന്നേൽപ്പിക്കപ്പെടുക, അല്ലാഹുവിനെ സൂക്ഷിക്കുകയും, നൻമചെയ്യുകയും, സത്യസന്ധത കാണിക്കുകയും ചെയ്ത (കച്ചവടക്കാർ) ഒഴികെ. (തിര്‍മിദി:1210)
عَنْ عَبْدِ اللَّهِ بْنِ عَمْرٍو، أَنَّ رَسُولَ اللَّهِ ﷺ قَالَ: “أَرْبَعٌ إِذَا كُنَّ فِيكَ فَلَا عَلَيْكَ مَا فَاتَكَ مِنَ الدُّنْيَا: حِفْظُ أَمَانَةٍ، وَصِدْقُ حَدِيثٍ، وَحُسْنُ خَلِيقَةٍ، وَعِفَّةٌ فِي طُعْمَةٍ”
അബ്ദുല്ലാഹിബ്നു അംറ് رضى الله عنه വിൽ നിന്നു നിവേദനം: നബിﷺ പറഞ്ഞു: നാലു കാര്യങ്ങൾ നിന്നിലുണ്ടെങ്കിൽ ദുൻയാവിലെ മറ്റെന്ത് നഷ്ടപ്പെട്ടാലും നിനക്ക് പ്രശ്നമില്ല: അമാനത്ത് (വിശ്വസിച്ചേൽപ്പിക്കപ്പെട്ടത്) സൂക്ഷിക്കുക, സത്യം പറയുക, സൽസ്വഭാവം, വിശുദ്ധമായ ഭക്ഷണം (ഹലാലായ സമ്പാദ്യം). (أحمد: ٦٦٥٠، وصححه الألباني)
സൗമ്യത കാണിക്കുക
عَنْ جَابِرِ بْنِ عَبْدِ اللَّهِ ـ رضى الله عنهما ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ “ رَحِمَ اللَّهُ رَجُلاً سَمْحًا إِذَا بَاعَ، وَإِذَا اشْتَرَى، وَإِذَا اقْتَضَى
ജാബിർ رَضِيَ اللَّهُ عَنْهُ നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു ഒരാൾക്ക് മേൽ കരുണ ചൊരിയട്ടെ; അവൻ (കച്ചവടത്തിൽ) വിൽക്കുമ്പോഴും സൗമ്യനാണ്. വാങ്ങുമ്പോഴും, കടം തിരിച്ചു ചോദിക്കുമ്പോഴും (സൗമ്യനാണ്). (ബുഖാരി)
“വിൽക്കുമ്പോൾ അവൻ സൗമ്യനാണ്” എന്നാൽ : അവൻ വിൽപ്പനയിൽ വളരെ വിശാലത പുലർത്തുന്നവനാണ്. ഉപഭോക്താവിനോട് അവൻ വിലയിൽ കാഠിന്യം പുലർത്തുന്നില്ല. മറിച്ച്, വിട്ടുവീഴ്ച ചെയ്യാൻ അവൻ തയ്യാറാണ്.
മതപരമായ അറിവ് നേടുക
قَالَ عُمَرُ بْنُ الْخَطَّابِ رضى الله عنه :لاَ يَبِعْ فِي سُوقِنَا إِلاَّ مَنْ قَدْ تَفَقَّهَ فِي الدِّينِ .
ഉമർ رضي الله عنه പറഞ്ഞു: ദീനിൽ അറിവ് നേടിയവരല്ലാതെ നമ്മുടെ മാർക്കറ്റിൽ കച്ചവടം നടത്തരുത്. (തിർമിദി:487)
ഇസ്‌ലാമിക മതവിധികൾ അറിയാത്ത കച്ചവടക്കാര്‍ നിഷിദ്ധമായ ഇടപാടുകളിലൂടെ പല അപകടങ്ങളിൽ ചെന്ന് വീഴാൻ സാധ്യതയുണ്ട്.
قالَ عليُّ بنُ أبي طالبٍ رضيَ اللهُ عنه : مَنِ اتَّجَرَ قبلَ أَنْ يَتَفَقَّهَ ارْتَطَمَ فِيْ الرِّبَا ، ثُمَّ ارْتَطَمَ ، ثُمَّ ارْتَطَمَ . أي : وقع في الربا.
അലിയ്യ് ബ്നു അബീ ത്വാലിബ് رضي الله عنه പറയുന്നു: അറിവ് നേടാതെ കച്ചവടം നടത്തിയവർ പലിശയുടെ കുടുക്കിൽ ആവര്‍ത്തിച്ച് ഇടറി വീഴും. [مغني المحتاج (2/22)]
കച്ചവടത്തില്‍ എത്ര ശതമാനം വരെ ലാഭം എടുക്കാം?
കച്ചവടത്തില്‍ ഇത്ര ശതമാനമേ ലാഭമെടുക്കാന്‍ പാടുള്ളു എന്ന ഒരു മാനദണ്ഡം ഇസ്‌ലാം വച്ചിട്ടില്ല. എന്നാൽ ജനങ്ങളെ ചൂഷണം ചെയ്യുന്ന രൂപത്തില്‍ കച്ചവടം ചെയ്യാന്‍ പാടില്ല.
സാധനങ്ങൾ പൂഴ്ത്തി വെക്കരുത്
എന്റെ സാധനങ്ങള്‍ എനിക്ക് എപ്പോള്‍ വേണമെങ്കിലും എങ്ങനെ വേണമെങ്കിലും വില്‍ക്കാന്‍ ഇസ്‌ലാം അധികാരം തന്നിട്ടുണ്ട് എന്ന് ചിലര്‍ ഇതിനെ ന്യായീകരിക്കാറുണ്ട്. ജനങ്ങള്‍ക്ക് അത്യാവശ്യമായി ലഭിക്കേണ്ട സാധനങ്ങള്‍ പൂഴ്ത്തിവെക്കുന്നത് അവരെ കഷ്ടപ്പെടുത്തലാണ്. കച്ചവടക്കാര്‍ അതുവഴി ലക്ഷ്യമാക്കുന്നത് വിലവര്‍ധിപ്പിക്കുക എന്നതാണ്. അത്‌കൊണ്ടുതന്നെ ജനങ്ങളെ പ്രയാസപ്പെടുത്തുന്ന രൂപത്തില്‍ പൂഴ്ത്തിവെക്കല്‍ അനുവദനീയമല്ല.
സ്വദഖ ചെയ്യുക
എത്ര തന്നെ ശ്രദ്ധിച്ചാലും അബദ്ധങ്ങളും, തെറ്റുകളും കടന്നു വരാൻ സാധ്യതയുള്ള മേഖലയാണ് കച്ചവടം.
അതിനാൽ മനപ്പൂർവമല്ലാത്ത ഇത്തരം തെറ്റുകൾക്ക് പരിഹാരമെന്നോണം സ്വദഖ വർധിപ്പിക്കാൻ പഠിപ്പിക്കപ്പെട്ടിരിക്കുന്നു.
عَنْ قَيْسِ بْنِ أَبِي غَرَزَةَ، قَالَ رَسُولُ اللَّهِ صلى الله عليه وسلم :يَا مَعْشَرَ التُّجَّارِ إِنَّ الْبَيْعَ يَحْضُرُهُ اللَّغْوُ وَالْحَلِفُ فَشُوبُوهُ بِالصَّدَقَةِ
ഖൈസ് ബിൻ അബീ ഗറസ رضى الله عنه വിൽ നിന്നു നിവേദനം: നബിﷺ പറഞ്ഞു:ഹേ കച്ചവടക്കാരുടെ സമൂഹമേ, തീർച്ചയായും കച്ചവടം അതിൽ അനാവശ്യവും, (അനാവശ്യമായ) സത്യം ചെയ്യലുകളും കടന്നുവരും. അതിനാൽ നിങ്ങൾ അതിനോട് (കച്ചവടത്തോട്) സ്വദഖ കൂട്ടിച്ചേർക്കുക. (അബൂദാവൂദ്:3326)
മറ്റൊരു റിപ്പോർട്ടിൽ ഇങ്ങനെയാണ് വന്നിട്ടുള്ളത്
يَا مَعْشَرَ التُّجَّارِ إِنَّ الشَّيْطَانَ وَالإِثْمَ يَحْضُرَانِ الْبَيْعَ فَشُوبُوا بَيْعَكُمْ بِالصَّدَقَةِ
ഹേ കച്ചവടക്കാരുടെ സമൂഹമേ, തീർച്ചയായും പിശാചും, തിൻമയും കച്ചവടത്തിൽ കടന്നുവരും. അതിനാൽ നിങ്ങൾ നിങ്ങളുടെ കച്ചവടത്തോട് സ്വദഖ കൂട്ടിച്ചേർക്കുക. (തിര്‍മിദി:1208)
സക്കാത്ത് കൊടുക്കുക
തന്‍റെ ഉടമസ്ഥതയിലുള്ള വിൽപന ഉദ്ദേശിക്കുന്ന വസ്തുക്കൾക്ക് സകാത്ത് ബാധകമാണ്.
عَنِ ابْنَ عَبَّاسٍ، قَالَ لَمَّا بَعَثَ النَّبِيُّ صلى الله عليه وسلم مُعَاذًا نَحْوَ الْيَمَنِ قَالَ لَهُ : إِنَّكَ تَقْدَمُ عَلَى قَوْمٍ مِنْ أَهْلِ الْكِتَابِ فَلْيَكُنْ أَوَّلَ مَا تَدْعُوهُمْ إِلَى أَنْ يُوَحِّدُوا اللَّهَ تَعَالَى فَإِذَا عَرَفُوا ذَلِكَ فَأَخْبِرْهُمْ أَنَّ اللَّهَ فَرَضَ عَلَيْهِمْ خَمْسَ صَلَوَاتٍ فِي يَوْمِهِمْ وَلَيْلَتِهِمْ، فَإِذَا صَلُّوا فَأَخْبِرْهُمْ أَنَّ اللَّهَ افْتَرَضَ عَلَيْهِمْ زَكَاةً فِي أَمْوَالِهِمْ تُؤْخَذُ مِنْ غَنِيِّهِمْ فَتُرَدُّ عَلَى فَقِيرِهِمْ، فَإِذَا أَقَرُّوا بِذَلِكَ فَخُذْ مِنْهُمْ وَتَوَقَّ كَرَائِمَ أَمْوَالِ النَّاسِ.
ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽനിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ മുആദ് ബ്നു ജബലിനെ (പ്രബോധകനായി) യമനിലേക്ക് അയച്ചപ്പോള്‍ ഇപ്രകാരം ഉപദേശിച്ചു:ഹേ മുആദ്, വേദക്കാരുടെ നാട്ടിലേക്കാണ് താങ്കള്‍ പോകുന്നത്. നീ അവരെ ആദ്യം ക്ഷണിക്കുന്നത് തൌഹീദിലേക്കായിരിക്കണം. അവ൪ അത് മനസ്സിലാക്കി അംഗീകരിച്ച് കഴിഞ്ഞാല്‍ അല്ലാഹു അവരുടെ മേല്‍ പകലും രാത്രിയുമായി അഞ്ച് നേരത്തെ നമസ്കാരം നി൪ബന്ധമാക്കിയിരിക്കുന്നുവെന്നുള്ള കാര്യം അവരെ ബോധ്യപ്പെടുത്തുക. അവർ നമസ്കാരം നിർവ്വഹിക്കുന്നവരായാൽ, അല്ലാഹു അവരുടെ മേല്‍ അവരിലെ ധനികരില്‍ നിന്ന് വാങ്ങുകയും അവരിലെ തന്നെ ദരിദ്രര്‍ക്കു തിരിച്ചു കൊടുക്കുകയും ചെയ്യുന്ന സക്കാത്ത് നി൪ബന്ധമാക്കിയിരിക്കുന്നുവെന്നുള്ള കാര്യം അവരെ ബോധ്യപ്പെടുത്തുക. അവരത് സമ്മതിച്ച് കഴിഞ്ഞാൽ അവരിൽ നിന്നും (സക്കാത്ത്) വാങ്ങുക, ജനങ്ങളുടെ സമ്പത്തിലെ മാന്യമായിട്ടുള്ളതിൽ നീ സൂക്ഷ്മത പാലിക്കുക. (ബുഖാരി:7372)
കച്ചവടവസ്തുവും ഒരു ധനമാണ്.
ജമാഅത്ത് നമസ്കാരങ്ങൾക്ക് കച്ചവടം തടസ്സമാകരുത്
فِى بُيُوتٍ أَذِنَ ٱللَّهُ أَن تُرْفَعَ وَيُذْكَرَ فِيهَا ٱسْمُهُۥ يُسَبِّحُ لَهُۥ فِيهَا بِٱلْغُدُوِّ وَٱلْـَٔاصَالِ ﴿٣٦﴾رِجَالٌ لَّا تُلْهِيهِمْ تِجَٰرَةٌ وَلَا بَيْعٌ عَن ذِكْرِ ٱللَّهِ وَإِقَامِ ٱلصَّلَوٰةِ وَإِيتَآءِ ٱلزَّكَوٰةِ ۙ يَخَافُونَ يَوْمًا تَتَقَلَّبُ فِيهِ ٱلْقُلُوبُ وَٱلْأَبْصَٰرُ ﴿٣٧﴾
ചില ഭവനങ്ങളിലത്രെ (ആ വെളിച്ചമുള്ളത്.) അവ ഉയര്‍ത്തപ്പെടാനും അവയില്‍ തന്റെ നാമം സ്മരിക്കപ്പെടാനും അല്ലാഹു ഉത്തരവ് നല്‍കിയിരിക്കുന്നു. അവയില്‍ രാവിലെയും സന്ധ്യാസമയങ്ങളിലും അവന്റെ മഹത്വം പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ചില ആളുകള്‍. അല്ലാഹുവിനെ സ്മരിക്കുന്നതില്‍ നിന്നും, നമസ്കാരം മുറപോലെ നിര്‍വഹിക്കുന്നതില്‍ നിന്നും, സകാത്ത് നല്‍കുന്നതില്‍ നിന്നും കച്ചവടമോ ക്രയവിക്രയമോ അവരുടെ ശ്രദ്ധതിരിച്ചുവിടുകയില്ല. ഹൃദയങ്ങളും കണ്ണുകളും ഇളകിമറിയുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെട്ടു കൊണ്ടിരിക്കുന്നു. (ഖുർആൻ:24/36-37)
قال سفيان الثوري رحمه الله :كانوا يشترون ويبيعون ولا يدعون
الصلوات المكتوبات في الجمـــاعة.
സുഫ്‌യാനുസ്സൗരി رَحِمَهُ اللَّهُ പറഞ്ഞു: (ആയത്തിൽ പറഞ്ഞയാളുകൾ) അവർ കച്ചവടം ചെയ്തിരുന്നവരായിരുന്നു. എന്നാൽ അതോടൊപ്പം അവർ നിർബന്ധ നിസ്കാരങ്ങൾ ജമാഅത്തായി നിർവഹിക്കുന്നതിൽ ഉപേക്ഷ വരുത്തിയിരുന്നില്ല. [حلية الأولياء【٧/١٥】]
قَالَ مَطَرٌ الوَرَّاق رحمه الله : كَانُوا يَبِيعُونَ وَيَشْتَرُونَ، وَلَكِنْ كَانَ أَحَدُهُمْ إِذَا سَمِعَ النِّدَاءَ وميزانُه فِي يَدِهِ خَفَضَهُ، وَأَقْبَلَ إِلَى الصلاة
മത്വർ അൽവർറാഖ് رَحِمَهُ اللَّهُ പറഞ്ഞു: അവർ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നു, എന്നാൽ അവരിലൊരാൾ ബാങ്കു കേൾക്കുമ്പോൾ അവന്റെ കയ്യിൽ ത്രാസുണ്ടെങ്കിൽ അത് താഴെ വെക്കും, എന്നിട്ട് നിസ്കരിക്കാൻ പോകും. (തഫ്സീർ ഇബ്നുകസീർ)
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تُلْهِكُمْ أَمْوَٰلُكُمْ وَلَآ أَوْلَٰدُكُمْ عَن ذِكْرِ ٱللَّهِ ۚ وَمَن يَفْعَلْ ذَٰلِكَ فَأُو۟لَٰٓئِكَ هُمُ ٱلْخَٰسِرُونَ
സത്യവിശ്വാസികളേ, നിങ്ങളുടെ സ്വത്തുക്കളും സന്താനങ്ങളും അല്ലാഹുവെപ്പറ്റിയുള്ള സ്മരണയില്‍ നിന്ന് നിങ്ങളുടെ ശ്രദ്ധതിരിച്ചുവിടാതിരിക്കട്ടെ. ആര് അങ്ങനെ ചെയ്യുന്നുവോ അവര്‍ തന്നെയാണ് നഷ്ടക്കാര്‍. (ഖു൪ആന്‍ :63/9)
ശൈഖ് ഇബ്നു ഉസൈമീന്‍ رَحِمَهُ اللَّهُ പറഞ്ഞു: നമ്മുടെ സമ്പത്തും, സന്താനങ്ങളും അല്ലാഹുവിനെ ഓര്‍ക്കുന്നതില്‍നിന്ന് നമ്മെ അശ്രദ്ധമാക്കുന്നതിനെ അല്ലാഹു വിരോധിച്ചിരിക്കുകയാണ്. ആരെയാണൊ ഈ കാര്യങ്ങള്‍ അല്ലാഹുവിന്‍റെ ഓര്‍മയില്‍നിന്നും അശ്രദ്ധനാക്കിയത് അവന്‍ എന്തൊക്കെ ലാഭം നേടിയാലും അവന്‍ നഷ്ടക്കാരനാണെന്ന് അല്ലാഹു വ്യക്തമാക്കി. (ശറഹുരിയാളിസ്സ്വാലിഹീന്‍ – 3/446)
കച്ചവടം ആദര്‍ശത്തെക്കാൾ പ്രിയപ്പെട്ടതാകരുത്
قُلْ إِن كَانَ ءَابَآؤُكُمْ وَأَبْنَآؤُكُمْ وَإِخْوَٰنُكُمْ وَأَزْوَٰجُكُمْ وَعَشِيرَتُكُمْ وَأَمْوَٰلٌ ٱقْتَرَفْتُمُوهَا وَتِجَٰرَةٌ تَخْشَوْنَ كَسَادَهَا وَمَسَٰكِنُ تَرْضَوْنَهَآ أَحَبَّ إِلَيْكُم مِّنَ ٱللَّهِ وَرَسُولِهِۦ وَجِهَادٍ فِى سَبِيلِهِۦ فَتَرَبَّصُوا۟ حَتَّىٰ يَأْتِىَ ٱللَّهُ بِأَمْرِهِۦ ۗ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلْفَٰسِقِينَ
(നബിയേ,) പറയുക: നിങ്ങളുടെ പിതാക്കളും, നിങ്ങളുടെ പുത്രന്‍മാരും, നിങ്ങളുടെ സഹോദരങ്ങളും, നിങ്ങളുടെ ഇണകളും, നിങ്ങളുടെ ബന്ധുക്കളും, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും, മാന്ദ്യം നേരിടുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന കച്ചവടവും, നിങ്ങള്‍ തൃപ്തിപ്പെടുന്ന പാര്‍പ്പിടങ്ങളും നിങ്ങള്‍ക്ക് അല്ലാഹുവെക്കാളും അവന്‍റെ ദൂതനെക്കാളും അവന്‍റെ മാര്‍ഗത്തിലുള്ള സമരത്തെക്കാളും പ്രിയപ്പെട്ടതായിരുന്നാല്‍ അല്ലാഹു അവന്‍റെ കല്‍പന കൊണ്ടുവരുന്നത് വരെ നിങ്ങള്‍ കാത്തിരിക്കുക. അല്ലാഹു ധിക്കാരികളായ ജനങ്ങളെ നേര്‍വഴിയിലാക്കുന്നതല്ല. (ഖുർആൻ:9/24)
പള്ളിയില്‍ കച്ചവടം പാടില്ല
പള്ളിയില്‍ വെച്ച് കച്ചവടം നടത്തുകയോ കച്ചവടം സംബന്ധിച്ച സംസാരം ചെയ്യുകയോ പാടുള്ളതല്ല.
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : إِذَا رَأَيْتُمْ مَنْ يَبِيعُ أَوْ يَبْتَاعُ فِي الْمَسْجِدِ فَقُولُوا لاَ أَرْبَحَ اللَّهُ تِجَارَتَكَ
അബൂഹുറൈറ رضى الله عنه വിൽ നിന്നു നിവേദനം: നബി ﷺ പറഞ്ഞു: പള്ളിയില്‍ വില്‍ക്കുകയോ വാങ്ങുകയോ അല്ലെങ്കില്‍ ചെയ്യുന്നവരെ കണ്ടാല്‍ നിങ്ങള്‍ പറയുക: നിന്റെ കച്ചവടത്തില്‍ അല്ലാഹു ലാഭം നല്‍കാതിരിക്കട്ടെ. (സുനനുത്തി൪മിദി – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
ജുമുഅ ബാങ്കിന് ശേഷം കച്ചവടം പാടില്ല
ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮٓا۟ ﺇِﺫَا ﻧُﻮﺩِﻯَ ﻟِﻠﺼَّﻠَﻮٰﺓِ ﻣِﻦ ﻳَﻮْﻡِ ٱﻟْﺠُﻤُﻌَﺔِ ﻓَﭑﺳْﻌَﻮْا۟ ﺇِﻟَﻰٰ ﺫِﻛْﺮِ ٱﻟﻠَّﻪِ ﻭَﺫَﺭُﻭا۟ ٱﻟْﺒَﻴْﻊَ ۚ ﺫَٰﻟِﻜُﻢْ ﺧَﻴْﺮٌ ﻟَّﻜُﻢْ ﺇِﻥ ﻛُﻨﺘُﻢْ ﺗَﻌْﻠَﻤُﻮﻥَ
സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്കാരത്തിന് വിളിക്കപ്പെട്ടാല്‍ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയിലേക്ക് നിങ്ങള്‍ വേഗത്തില്‍ വരികയും, വ്യാപാരം ഒഴിവാക്കുകയും ചെയ്യുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം, നിങ്ങള്‍ കാര്യം മനസ്സിലാക്കുന്നുവെങ്കില്‍. (ഖു൪ആന്‍: 62/9)
ജുമുഅക്ക് പുറപ്പെടേണ്ടതിന്റെ അവസാനത്തെ അവസരമാണ് ബാങ്ക് കുറിക്കുന്നത്. ഖത്തീബ് മിമ്പറില്‍ കയറി ഇരിക്കുകയും മുഅദ്ദിന്‍ ബാങ്ക് കൊടുക്കുകയും ചെയ്താല്‍പിന്നെ കച്ചവടമോ ജോലിയോ പാടില്ല.
വെള്ളിയാഴ്ച ബാങ്ക് വിളിച്ചതിനു ശേഷം വില്‍പനയും വാങ്ങലും നിഷിദ്ധമാണ്. കാരണം അത് നിര്‍ബന്ധത്തെ നഷ്ടപ്പെടുത്തുന്നതും അശ്രദ്ധമാക്കുന്നതുമാണ്. അടിസ്ഥാനപരമായി അനുവദനീയമായ കാര്യങ്ങള്‍ പോലും ഒരു നിര്‍ബന്ധത്തെ നഷ്ടപ്പെടുത്തുന്നതാണെങ്കില്‍ ആ അവസ്ഥയില്‍ അത് അനുവദനീയമല്ല എന്നാണ് ഇതില്‍നിന്ന് മനസ്സിലാകുന്നത്. (തഫ്സീറുസ്സഅ്ദി)
www.kanzululoom.com