ഭർത്താവ് മരണപ്പെട്ടതിന് ശേഷം യതീമുകളായ തന്റെ മക്കളെ സംരക്ഷിച്ചുകൊണ്ട് ജീവിക്കുന്ന ധാരാളം ഉമ്മമാരെ സമൂഹത്തിൽ കാണാവുന്നതാണ്. അതിൽ പലരും പലതരക്കാരാണ്. ചിലർ ആകെ നിരാശയിലകപ്പെട്ട് നിഷ്ക്രിയരായി ജീവിക്കുന്നവരാണ്. മറ്റ് ചിലർ തങ്ങളെ ബാധിച്ച പ്രയാസത്തിന്റെ പേരിൽ വിധിയെ പഴിക്കുന്നവരാണ്. പ്രതീക്ഷയോടെയും പ്രത്യാശയോടെയും ജീവിതത്തില്‍ മുന്നോട്ടു പോകാൻ പലർക്കും കഴിയുന്നില്ല. ഇത്തരം ആളുകളോടാണ് ഇവിടെ ചില കാര്യങ്ങൾ സൂചിപ്പിക്കുന്നത്.
പരീക്ഷണത്തിന്റെ ഭാഗമായിട്ടാണ് അല്ലാഹു ഇവിടെ ജീവിതവും മരണവും നിശ്ചയിച്ചിട്ടുള്ളത്. ഓരോരുത്തർക്കും അല്ലാഹു നിശ്ചയിച്ചിട്ടുള്ള ആയുസ്സ് എത്തിയാൽ ഇവിടെ നിന്ന് വിട്ടു പോകേണ്ടി വരും. ഈ വസ്തുത കൃത്യമായി തിരിച്ചറിയുക.
അതേപോലെ ജീവിതത്തിൽ സുഖമോ ദുഃഖമോ ആണ് ഉണ്ടായിരിക്കുക. അല്ലാഹു നൽകിയ അനുഗ്രഹത്തിന് നന്ദി കാണിക്കാനും നമ്മെ ബാധിച്ച പ്രയാസങ്ങളിൽ ക്ഷമിക്കാനും അടിമക്ക് കഴിയണം. എങ്കിൽ അവൻ വിജയിച്ചു. ഭർത്താവ് മരണപ്പെട്ടതിന് ശേഷം യതീമുകളായ തന്റെ മക്കളെ സംരക്ഷിച്ചുകൊണ്ട് ജീവിക്കുന്ന ഉമ്മമാരോട് ഒന്നാമതായി പറയാനുള്ളത് അല്ലാഹുവിന്റെ വജ്ഹ് ഉദ്ദേശിച്ചു ക്ഷമിക്കുക എന്നതുതന്നെയാണ്. അല്ലാഹുവിങ്കല്‍ നിന്ന് പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് ക്ഷമിക്കുക. തന്‍റെ പുത്രന് മരണം ആസന്നമായിരിക്കുകയാണെന്ന വിവരം അറിയിച്ചുകൊണ്ട് സൈനബ رضى الله عنها നബി ﷺ യുടെ അടുക്കലേക്ക് ആളെ അയച്ചപ്പോൾ അവിടുന്ന് മകളോട് പറഞ്ഞത് ഇപ്രകാരമായിരുന്നു:
فَلْتَصْبِرْ وَلْتَحْتَسِبْ
അതിനാല്‍ അല്ലാഹുവിങ്കല്‍ നിന്ന് പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് അവള്‍ ക്ഷമകൈക്കൊള്ളട്ടെ.(ബുഖാരി:1284)
ക്ഷമക്ക് പ്രതിഫലം വമ്പിച്ചതാണ്. ഒറ്റവാക്കിൽ ഇപ്രകാരം പറയാം.
إِنَّمَا يُوَفَّى ٱلصَّٰبِرُونَ أَجْرَهُم بِغَيْرِ حِسَابٍ
ക്ഷമാശീലര്‍ക്ക് തന്നെയാകുന്നു തങ്ങളുടെ പ്രതിഫലം കണക്കുനോക്കാതെ നിറവേറ്റിക്കൊടുക്കപ്പെടുന്നത്. (ഖു൪ആന്‍:39/10)
രണ്ടാമതായി, യതീമിനെ സംരക്ഷിക്കുന്നവർക്ക് ഇസ്ലാം സ്വർഗവും അവിടെ നബി ﷺ യുടെ സാമീപ്യവും വാഗ്ദാനം ചെയ്തിട്ടുണ്ട്. യതീമുകളായ തന്റെ മക്കളെ നന്നായി സംരക്ഷിച്ചുകൊണ്ട് ജീവിക്കുന്ന ഉമ്മമാർക്കും ഈ പ്രതിഫലം ലഭിക്കും.
عَنْ سَهْلٍ، قَالَ رَسُولُ اللَّهِ صلى الله عليه وسلم “ أَنَا وَكَافِلُ الْيَتِيمِ فِي الْجَنَّةِ هَكَذَا ”. وَأَشَارَ بِالسَّبَّابَةِ وَالْوُسْطَى، وَفَرَّجَ بَيْنَهُمَا شَيْئًا.
സഹ്ൽ رَضِيَ اللَّهُ عَنْهُ വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: യതീമിനെ സംരക്ഷിക്കുന്നവനും ഞാനും സ്വർഗത്തിൽ ഇപ്രകാരമാണ്. നബി ﷺ ചൂണ്ടുവിരലും നടുവിരലും അൽപം വിടർത്തി ആംഗ്യം കാണിച്ചു. (ബുഖാരി: 5304)
عن عدي بن حاتم الطائي: قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَن ضمَّ يتيمًا له أو لغيرِه حتّى يُغنِيَه اللهُ عنه وجَبَتْ له الجنَّةُ
അദിയ് ബ്നു ഹാതിം അൽ-താഅീ رَضِيَ اللَّهُ عَنْهُ വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാൾ തനിക്കുള്ള ഒരു യതീമിനെ അല്ലെങ്കിൽ അന്യനായ ഒരാളുടെ യതീമിനെ അല്ലാഹു ആ യതീമിന് സ്വയം പര്യാപ്തത നൽകുന്നതുവരെ തന്നിലേക്ക് ചേർത്ത് വളർത്തിയാൽ അയാൾക്ക് സ്വർഗം നിർബന്ധമായി. (ത്വബ്റാനി)
عَنْ عَائِشَةَ، أَنَّهَا قَالَتْ جَاءَتْنِي مِسْكِينَةٌ تَحْمِلُ ابْنَتَيْنِ لَهَا فَأَطْعَمْتُهَا ثَلاَثَ تَمَرَاتٍ فَأَعْطَتْ كُلَّ وَاحِدَةٍ مِنْهُمَا تَمْرَةً وَرَفَعَتْ إِلَى فِيهَا تَمْرَةً لِتَأْكُلَهَا فَاسْتَطْعَمَتْهَا ابْنَتَاهَا فَشَقَّتِ التَّمْرَةَ الَّتِي كَانَتْ تُرِيدُ أَنْ تَأْكُلَهَا بَيْنَهُمَا فَأَعْجَبَنِي شَأْنُهَا فَذَكَرْتُ الَّذِي صَنَعَتْ لِرَسُولِ اللَّهِ صلى الله عليه وسلم فَقَالَ “ إِنَّ اللَّهَ قَدْ أَوْجَبَ لَهَا بِهَا الْجَنَّةَ أَوْ أَعْتَقَهَا بِهَا مِنَ النَّارِ ”
ആയിശ رضي الله عنها യിൽ നിന്ന് നിവേദനം: അവർ പറഞ്ഞു: എന്റെ അടുത്തേക്ക് ഒരു സാധു സ്ത്രീ തന്റെ രണ്ട് പെൺകുട്ടികളെ വഹിച്ച് കൊണ്ട് വന്നു.ഞാൻ അവർക്ക് മൂന്ന് കാരക്ക ഭക്ഷിക്കാൻ നൽകി. അവൾ രണ്ട് കുട്ടികൾക്കും ഓരോ കാരക്ക വീതം നൽകി. ഒരു കാരക്ക അവർ തിന്നുവാൻ തന്റെ വായിലേക്ക് ഉയർത്തി. അപ്പോഴേക്കും ആ കുട്ടികൾ വീണ്ടും ഭക്ഷണമാവശ്യപ്പെട്ടു. ഭക്ഷിക്കാൻ ഉദ്ദേശിച്ചിരുന്ന കാരക്ക അവൾ രണ്ടായി പിളർത്തി അവർക്ക് രണ്ടുപേർക്കുമായി വീതിച്ചുകൊടുത്തു. അവളുടെ പ്രവർത്തി എന്നെ അൽഭുതപ്പെടുത്തി. അവൾ ചെയ്തത് ഞാൻ നബി ﷺ യോട് പറഞ്ഞു. അപ്പോൾ നബി ﷺ പറഞ്ഞു: നിശ്ചയം അല്ലാഹു അവൾക്ക് ആ കാരക്ക കൊണ്ട് സ്വർഗം നിർബന്ധമാക്കി. അല്ലെങ്കിൽ അതിനെ കൊണ്ട് അല്ലാഹു അവളെ നരകത്തിൽ നിന്ന്മോചിപ്പിച്ചു. (മുസ്‌ലിം:2630)
ശൈഖ് അസീസ് ഫർഹാൻ അൽ അനിസി حَفِظَهُ اللَّهُ പറയുന്നു: യതീമുകളായ മക്കൾക്ക് സംരംക്ഷണം നൽകുന്ന പല ഉമ്മമാർക്കും, ആ ഉത്തരവാദിത്തത്തിന്റെ വിലയറിയില്ല. ഭർത്താവിന്റെ മരണത്തിന് ശേഷം, യതീമുകളായ തന്റെ മക്കളെ ഒരു സ്ത്രീ സംരക്ഷിക്കുകയും പഠിപ്പിക്കുകയും പരിഗണിക്കുകയും അവരെ മര്യാദ പഠിപ്പിക്കുകയുമാണെങ്കിൽ, ആ മക്കൾക്ക് അത് തന്നെ മതി. ഒരൊറ്റ യതീമിനെ സംരക്ഷിക്കുന്നതിലൂടെ തന്നെ, അല്ലാഹുവിന്റെ മാർഗത്തിൽ ജിഹാദ് ചെയ്യുന്നവനും രാത്രി നമസ്കരിക്കുന്നവനും പകൽ നോമ്പനുഷ്ഠിക്കുന്നവനുമായിട്ടാണ് ഒരാൾ പരിഗണിക്കപ്പെടുക. അതുപോലെത്തന്നെ, ചൂണ്ടുവിരലും നടുവിരലും അടുത്തുനിൽക്കുന്നത് പോലെ അവനും നബിﷺയും സ്വർഗ്ഗത്തിൽ ഒരുമിച്ചായിരിക്കും. അപ്പോൾ, മൂന്നും നാലും ഏഴും യതീമുകളെയൊക്കെ സംരക്ഷിക്കുന്നവർക്ക് എത്ര പ്രതിഫലമാണ് ലഭിക്കുക?! ഭർത്താവിന്റെ മരണത്തിന് ശേഷം യതീമുകളായ തന്റെ മക്കളെ സംരക്ഷിക്കുന്ന സ്ത്രീകൾക്കുള്ള സന്തോഷവാർത്തയാണിത്. അല്ലാഹു വാഗ്ദാനം ചെയ്ത പ്രതിഫലവും, അല്ലാഹുവിന്റെ റസൂൽ അവിടുത്തെ നാവുകൊണ്ട് അറിയിച്ചുതന്ന കൂലിയും അവർക്കുണ്ട്. (https://youtu.be/1nHJu1BbBTQ)
kanzululoom.com