അന്തരീക്ഷത്തിൽ സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് മിന്നൽ അഥവാ ഇടിമിന്നൽ. കേരളത്തില്‍ ഇടിമിന്നല്‍ കൊണ്ടുള്ള ദുരന്തങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. ഇന്ത്യയില്‍ ഇടിമിന്നലേറ്റ് ഏറ്റവും അധികം മരണവും വസ്തുവകകള്‍ക്ക് നാശവും സംഭവിക്കുന്ന സംസ്ഥാനം കേരളമാണെന്നാണ് പഠന റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ ഇടിമിന്നല്‍ എന്ന് കേള്‍ക്കുമ്പോള്‍ പൊതുവെ ആളുകള്‍ക്ക് ഭയമാണ്. ഇത് പ്രകൃതിയുടെ ഒരു പ്രതിഭാസം മാത്രമാാണെന്നാണ് അധികം ആളുകളും വിചാരിച്ചിട്ടുള്ളത്. ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഈ വിഷയത്തില്‍ വിശുദ്ധ ഖു൪ആനില്‍ നിന്നും തിരുസുന്നത്തില്‍ നിന്നും ചിലത് മനസ്സിലാക്കാനുണ്ട്.
ഇടിമിന്നല്‍ പ്രകൃതിയുടെ വെറുമൊരു പ്രതിഫാസമല്ല. അല്ലാഹുവാണ് അതിന്റെ ഉടമസ്ഥന്‍ അഥവാ അവനാണ് ഇടിമിന്നല്‍ സംഭവിപ്പിക്കുന്നത്.
هُوَ ٱلَّذِى يُرِيكُمُ ٱلْبَرْقَ خَوْفًا وَطَمَعًا وَيُنشِئُ ٱلسَّحَابَ ٱلثِّقَالَ
ഭയവും ആശയും ജനിപ്പിച്ച് കൊണ്ട് നിങ്ങള്‍ക്ക് മിന്നല്‍പിണര്‍ കാണിച്ചുതരുന്നത് അവനത്രെ. (ജല) ഭാരമുള്ള മേഘങ്ങളെ അവന്‍ ഉണ്ടാക്കുകയും ചെയ്യുന്നു. (ഖു൪ആന്‍:13/12)
മിന്നല്‍പിണര്‍ കാണുന്ന മനുഷ്യ൪ക്ക് ഭയവും അതോടൊപ്പം ആശയും ഉണ്ടാകുന്നു. പെട്ടെന്നുണ്ടാകുന്ന അതിന്റെ ശക്തമായ തിളക്കം മൂലം മിന്നലേറ്റ് അപായം പിണഞ്ഞേക്കുമോ മനുഷ്യര്‍ ഭയക്കുന്നു. അതിനെ തുടര്‍ന്നുണ്ടാകാവുന്ന മഴയെയും അതിന്റെ ഉപയോഗത്തേയും ഓര്‍ത്ത് പ്രതീക്ഷ തോന്നുകയും ചെയ്യുന്നു. അതാണ് خَوْفًا وَطَمَعًا – ഭയവും ആശയും ജനിപ്പിച്ച് കൊണ്ട് – എന്ന് അല്ലാഹു പറഞ്ഞതിന്റെ താല്‍പര്യം.
ഇടിനാദം അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം പ്രകീര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്.
وَيُسَبِّحُ ٱلرَّعْدُ بِحَمْدِهِۦ وَٱلْمَلَٰٓئِكَةُ مِنْ خِيفَتِهِۦ وَيُرْسِلُ ٱلصَّوَٰعِقَ فَيُصِيبُ بِهَا مَن يَشَآءُ وَهُمْ يُجَٰدِلُونَ فِى ٱللَّهِ وَهُوَ شَدِيدُ ٱلْمِحَالِ
ഇടിനാദം അവനെ സ്തുതിക്കുന്നതോടൊപ്പം (അവനെ) പ്രകീര്‍ത്തിക്കുന്നു. അവനെപ്പറ്റിയുള്ള ഭയത്താല്‍ മലക്കുകളും (അവനെ പ്രകീര്‍ത്തിക്കുന്നു.) അവന്‍ ഇടിവാളുകള്‍ അയക്കുകയും, താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവ ഏല്‍പിക്കുകയും ചെയ്യുന്നു. അവര്‍(അവിശ്വാസികള്‍) അല്ലാഹുവിന്റെ കാര്യത്തില്‍ തര്‍ക്കിച്ച് കൊണ്ടിരിക്കുന്നു. അതിശക്തമായി തന്ത്രം പ്രയോഗിക്കുന്നവനത്രെ അവന്‍. (ഖു൪ആന്‍:13/13)
വായുവെ ചലിപ്പിക്കുകയും നീരാവി ഉയര്‍ത്തുകയും മേഘങ്ങള്‍ ഒരുമിച്ചുകൂട്ടുകയും ഇടിമിന്നലുകളെ മഴക്ക് കാരണമാക്കുകയും അതുവഴി ഭൂമിയിലെ സൃഷ്ടിജാലങ്ങള്‍ക്ക് തുടര്‍ച്ചയായി വെള്ളംകിട്ടാന്‍ ഏര്‍പ്പാടുണ്ടാക്കുകയും ചെയ്ത അല്ലാഹു സ്തുത്യര്‍ഹനും പരിശുദ്ധനും ഒരു പങ്കുകാരനുമില്ലാത്തവനുമാണെന്ന് ഇടിനാദം വ്യക്തമാക്കുന്നുണ്ട്. അതെ, ഇടിയുടെ ശബ്ദത്തില്‍ തൗഹീദിന്റെ പ്രഖ്യാപനവുമുണ്ട്.
ഇടിമിന്നല്‍ കൊണ്ട് പല തരത്തിലുള്ള ദുരന്തങ്ങളും സംഭവിക്കാം. പെട്ടന്നുള്ള ജീവനാശം മാത്രമല്ല, വമ്പിച്ച കെട്ടിടങ്ങള്‍, അണക്കെട്ടുകള്‍, പാറക്കൂട്ടങ്ങള്‍ മുതലായവപോലും മിടിയിടകൊണ്ടു പൊട്ടിപ്പൊളിഞ്ഞ് തരിപ്പണമായിത്തീരുന്നു. എന്നാല്‍, ഇടിത്തീകള്‍ ഉണ്ടാകുമ്പോഴൊക്കെ ആപത്തു സംഭവിക്കുന്നില്ല. അല്ലാഹു ഉദ്ദേശിക്കുമ്പോഴും, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കും മാത്രമേ ആപത്തു നേരിടുന്നുള്ളു. അതാണു فَيُصِيبُ بِهَا مَن يَشَاءُ (എന്നിട്ട് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ അവയെ ബാധിപ്പിക്കുന്നു) എന്ന് പറഞ്ഞത്.
മനുഷ്യന് ഇടിമിന്നലിന്റെ നേരെ കണ്ണുതുറക്കുവാന്‍ പോലും അസാധ്യമാണ്. കണ്ണിന്റെ കാഴ്ച തന്നെ നശിപ്പിക്കുവാന്‍ മാത്രം ഊക്കേറിയതാണത്.
أَلَمْ تَرَ أَنَّ ٱللَّهَ يُزْجِى سَحَابًا ثُمَّ يُؤَلِّفُ بَيْنَهُۥ ثُمَّ يَجْعَلُهُۥ رُكَامًا فَتَرَى ٱلْوَدْقَ يَخْرُجُ مِنْ خِلَٰلِهِۦ وَيُنَزِّلُ مِنَ ٱلسَّمَآءِ مِن جِبَالٍ فِيهَا مِنۢ بَرَدٍ فَيُصِيبُ بِهِۦ مَن يَشَآءُ وَيَصْرِفُهُۥ عَن مَّن يَشَآءُ ۖ يَكَادُ سَنَا بَرْقِهِۦ يَذْهَبُ بِٱلْأَبْصَٰرِ
അല്ലാഹു കാര്‍മേഘത്തെ തെളിച്ച് കൊണ്ട് വരികയും, എന്നിട്ട് അത് തമ്മില്‍ സംയോജിപ്പിക്കുകയും, എന്നിട്ടതിനെ അവന്‍ അട്ടിയാക്കുകയും ചെയ്യുന്നു. എന്ന് നീ കണ്ടില്ലേ? അപ്പോള്‍ അതിന്നിടയിലൂടെ മഴ പുറത്ത് വരുന്നതായി നിനക്ക് കാണാം. ആകാശത്ത് നിന്ന് – അവിടെ മലകള്‍ പോലുള്ള മേഘകൂമ്പാരങ്ങളില്‍ നിന്ന് – അവന്‍ ആലിപ്പഴം ഇറക്കുകയും എന്നിട്ട് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് അവന്‍ ബാധിപ്പിക്കുകയും താന്‍ ഉദ്ദേശിക്കുന്നവരില്‍ നിന്ന് അത് തിരിച്ചുവിടുകയും ചെയ്യുന്നു. അതിന്റെ മിന്നല്‍ വെളിച്ചം കാഴ്ചകള്‍ റാഞ്ചിക്കളയുമാറാകുന്നു. (ഖു൪ആന്‍ : 24/43)
ചുരുക്കത്തില്‍ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍പെട്ടതു തന്നെയാണ് ഇടിമിന്നലെന്ന വസ്തുത തിരിച്ചറിയുക.
وَمِنْ ءَايَٰتِهِۦ يُرِيكُمُ ٱلْبَرْقَ خَوْفًا وَطَمَعًا وَيُنَزِّلُ مِنَ ٱلسَّمَآءِ مَآءً فَيُحْىِۦ بِهِ ٱلْأَرْضَ بَعْدَ مَوْتِهَآ ۚ إِنَّ فِى ذَٰلِكَ لَءَايَٰتٍ لِّقَوْمٍ يَعْقِلُونَ
ഭയവും ആശയും ഉളവാക്കിക്കൊണ്ട് നിങ്ങള്‍ക്ക് മിന്നല്‍ കാണിച്ചുതരുന്നതും ആകാശത്ത് നിന്ന് വെള്ളം ചൊരിയുകയും അത് മൂലം ഭൂമിക്ക് അതിന്റെ നിര്‍ജീവാവസ്ഥയ്ക്ക് ശേഷം ജീവന്‍ നല്‍കുകയും ചെയ്യുന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിച്ച് മനസ്സിലാക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്. (ഖു൪ആന്‍ : 30/24)
മുഹമ്മദ് അമാനി മൌലവി(റഹി) പറയുന്നു: ഇടി, മിന്നല്‍, മേഘം, മഴ, ഇടിവാള്‍ എന്നിവക്കെല്ലാം ശാസ്ത്രത്തിന്റെ ഭാഷയില്‍ അതിനു കാരണങ്ങള്‍ പലതും പറയുവാനുണ്ടെങ്കിലും ആ കാരണങ്ങള്‍ വ്യവസ്ഥപ്പെടുത്തിയതും, ആ കാരണങ്ങള്‍ ഒത്തു കൂടുമ്പോള്‍ അവയെ സൃഷ്ടിരംഗത്തു വരുത്തുന്നതും അല്ലാഹുവല്ലാതെ മറ്റാരുമല്ല. അല്ലാഹു നിശ്ചയിച്ചുവെച്ചതും, നിലവില്‍ കണ്ടുവരുന്നതുമായ ചില നടപടിക്രമങ്ങളെ അടിസ്ഥാനമാക്കി ഇന്നിന്ന കാരണങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇന്നിന്ന കാര്യങ്ങള്‍ സംഭവിക്കുന്നുവെന്നോ, ഇന്നിന്ന കാര്യങ്ങള്‍ക്കു ഇന്നിന്നവയാണു കാരണങ്ങളെന്നോ പറയുകയല്ലാതെ, പുതിയ കാര്യകാരണ ബന്ധങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ മനുഷ്യര്‍ക്കോ മനുഷ്യശാസ്ത്രങ്ങള്‍ക്കോ സാധ്യമല്ല തന്നെ. എല്ലാം അവന്റെ വ്യവസ്ഥയും പരിപാടിയും അനുസരിച്ചു നടക്കുന്നു. എല്ലാം അവന്റെ സൃഷ്ടിയും. ഇത്തരം കാര്യങ്ങളെപ്പറ്റി ചിന്തിച്ചു സത്യം മനസ്സിലാക്കുവാന്‍ ശ്രമിക്കാതെ, അല്ലാഹുവിന്റെ ഏകത്വത്തിലും, അധികാരാവകാശങ്ങളിലും തര്‍ക്കം നടത്തിക്കൊണ്ടിരിക്കുകയാണു അവിശ്വാസികള്‍. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 13/13 ന്റെ വിശദീകരണത്തില്‍ നിന്ന്)
ഇടിയും മിന്നലും ഉണ്ടാകുമ്പോള്‍
عَنْ عَبْدِ اللَّهِ بْنِ عُمَرَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ إِذَا سَمِعَ صَوْتَ الرَّعْدِ وَالصَّوَاعِقِ قَالَ : اللَّهُمَّ لاَ تَقْتُلْنَا بِغَضَبِكَ وَلاَ تُهْلِكْنَا بِعَذَابِكَ وَعَافِنَا قَبْلَ ذَلِكَ
സാലിം ബിന്‍ അബ്ദില്ലയില്‍ നിന്നും നിവേദനം : ഇടിമിന്നല്‍ കേട്ടാല്‍ നബി(സ്വ) ഇപ്രകാരം പ്രാര്‍ത്ഥിക്കുമായിരുന്നു: ”അല്ലാഹുവേ! നിന്റെ കോപത്താല്‍ നി ഞങ്ങളെ കൊല്ലരുതേ. നിന്റെ ശിക്ഷയാല്‍ നീ ഞങ്ങളെ നശിപ്പിക്കല്ലേ. അതിനു മുമ്പേ നീ ഞങ്ങള്‍ക്ക് സൗഖ്യം നല്‍കേണമേ.” (തി൪മിദി : 3450 – കിതാബുല്‍ അദബ് – ഹാകിം)
ഈ ഹദീസുകളുടെ സ്വീകാര്യതയില്‍ പണ്ഡിത ലോകത്ത് അഭിപ്രായ വ്യത്യാസമുണ്ട്. ശൈഖ് അല്‍ബാനി(റഹി) ഇത് ദുര്‍ബലമാണെന്നാണ് വിധി പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇത് സ്വഹീഹാണെന്ന് ഇമാം ഹാകിമും(റഹി) ഇമാം ദഹബിയും(റഹി) പറയുന്നു. വ്യത്യസ്ത പരമ്പരകളില്‍ ഉദ്ധരിക്കപ്പെട്ടതിനാല്‍ സനദിന് ദുര്‍ബലതയുണ്ടെങ്കിലും അതിന് ബലം ലഭിക്കുന്നു എന്നാണ് ശുഐബ് അല്‍ അര്‍നാഊത്വ്(റഹി) പറയുന്നത്. (الله اعلم)
عن عبد الله بن الزبير أَنَّهُ كَانَ إِذَا سَمِعَ الرَّعْدَ تَرَكَ الْحَدِيثَ ، وَقَالَ : سُبْحَانَ الَّذِي يُسَبِّحُ الرَّعْدُ بِحَمْدِهِ وَالْمَلَائِكَةُ مِنْ خِيفَتِهِ ، ثُمَّ يَقُولُ : إِنَّ هَذَا لَوَعِيدٌ لِأَهْلِ الْأَرْضِ شَدِيدٌ .
ഇടിമിന്നല്‍ ഉണ്ടായാല്‍ അബ്ദുല്ലാഹ് ബിന്‍ സുബൈര്‍(റ) സ്വഹാബിയായ സംസാരം നിര്‍ത്തുകയും ഇപ്രകാരം പറയുകയും ചെയ്യുമായിരുന്നു:
سُبْـحانَ الّذي يُسَبِّـحُ الـرَّعْدُ بِحَمْـدِهِ، وَالملائِكـةُ مِنْ خيـفَته
സുബ്ഹാനല്ലദീ യുസബ്ബിഹു റഅ്ദു ബീഹംദിഹി, വല്‍ മലാഇകത്തു മിന്‍ ഹീഫത്തിഹി
ഇടിമിന്നലുകള്‍ സ്തുതിച്ചുകൊണ്ട് വാഴ്ത്തുന്നതും, മലക്കുകള്‍ ഉഗ്രഭയത്തോടെ വാഴ്ത്തുന്നതും ഏതൊരുവനെയാണോ അവന്‍ (അല്ലാഹു) എത്രയധികം പരിശുദ്ധന്‍.
ശേഷം അബ്ദുല്ലാഹ് ബിന്‍ സുബൈര്‍(റ) പറയുമായിരുന്നു: ഭൂമിയിലുള്ള(പാപികളായുള്ള)വ൪ക്കുള്ള അതിഗൌരവമായ അപായ മുന്നറിയിപ്പാണ് ഇടിമിന്നല്‍. (അഥവാ അതിലെ തിന്‍മയെ തൊട്ട് അല്ലാഹുവിനോട് നിങ്ങള്‍ ഇപ്രകാരം രക്ഷയെ തേടുക:അഊദു ബില്ലാഹി മിന്‍ ശ൪രിഹീ) ( الأدب المفرد -723 – സ്വഹീഹ് )
kanzululoom.com