ഇസ്ലാമിലെ മൂന്ന് പള്ളികൾ

പുണ്യം പ്രതീക്ഷിച്ചുള്ള സിയാറത്ത് യാത്ര പാടുള്ളത് മൂന്ന് സ്ഥലങ്ങളിലേക്ക് മാത്രമാണെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. മക്കയിലെ മസ്ജിദുല്‍ ഹറം, മദീനയിലെ മസ്ജിദുന്നബവി, ഫലസ്തീനിലെ മസ്ജിദുല്‍ അഖ്‌സാ എന്നീ പുണ്യകേന്ദ്രങ്ങളാണവ.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏:‏ لاَ تُشَدُّ الرِّحَالُ إِلاَّ إِلَى ثَلاَثَةِ مَسَاجِدَ الْمَسْجِدِ الْحَرَامِ، وَمَسْجِدِ الرَّسُولِ صلى الله عليه وسلم وَمَسْجِدِ الأَقْصَى

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മൂന്ന് പള്ളികളിലേക്കല്ലാതെ നിങ്ങൾ (പുണ്യം പ്രതീക്ഷിച്ച്) യാത്ര ചെയ്യരുത്. മസ്‌ജിദുൽ ഹറാം, റസൂൽ ﷺ യുടെ പള്ളി (മദീനയിലെ മസ്ജിദുന്നബവി), മസ്‌ജിദുൽ അഖ്‌സാ എന്നിവയാണവ. (ബുഖാരി: 1189)

ഒന്ന്: മസ്ജിദുല്‍ ഹറാം

അല്ലാഹുവിനെ ആരാധിക്കുന്നതിനായി ലോകത്ത് ആദ്യമായി നിർമ്മിച്ച ആരാധനാലയമാണ് ‘അല്ലാഹുവിന്റെ ഭവനം’ എന്നറിയപ്പെടുന്ന മക്കയിലുള്ള ‘കഅ്ബ’.

إِنَّ أَوَّلَ بَيْتٍ وُضِعَ لِلنَّاسِ لَلَّذِى بِبَكَّةَ مُبَارَكًا وَهُدًى لِّلْعَٰلَمِينَ

തീര്‍ച്ചയായും മനുഷ്യര്‍ക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ആരാധനാ മന്ദിരം ബക്കയില്‍ ഉള്ളതത്രെ. (അത്‌) അനുഗൃഹീതമായും ലോകര്‍ക്ക് മാര്‍ഗദര്‍ശകമായും (നിലകൊള്ളുന്നു.) (ഖു൪ആന്‍ :3/96)

കഅ്ബയുടെ ചുറ്റുപുറങ്ങളിലായി സ്ഥിതിചെയ്യുന്ന പള്ളിക്കാണ് സാധാരണമായി ‘മസ്ജിദുല്‍ഹറാം’ എന്നു പറയാറുള്ളത്.

عَنْ أَبِي ذَرٍّ، قَالَ ـ رضى الله عنه ـ قَالَ قُلْتُ يَا رَسُولَ اللَّهِ، أَىُّ مَسْجِدٍ وُضِعَ فِي الأَرْضِ أَوَّلُ قَالَ ‏”‏ الْمَسْجِدُ الْحَرَامُ ‏”‏‏.‏ قَالَ قُلْتُ ثُمَّ أَىٌّ قَالَ ‏”‏ الْمَسْجِدُ الأَقْصَى ‏”‏‏.‏ قُلْتُ كَمْ كَانَ بَيْنَهُمَا قَالَ ‏”‏ أَرْبَعُونَ سَنَةً،…. ‏”‏‏.‏

അബുദര്‍റ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഞാന്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ആദ്യമായി ഭൂമിയില്‍ സ്ഥാപിതമായ പളളി ഏതാണ്. നബി ﷺ പറഞ്ഞു: (മക്കയിലുള്ള) മസ്ജിദുല്‍ഹറാം. പിന്നീട് ഏത് പളളിയാണെന്ന് ഞാന്‍ ചോദിച്ചു. നബി ﷺ പറഞ്ഞു: (ഫലസ്തീനിലുള്ള) ബൈത്തുല്‍ മുഖദ്ദസ്. എത്രകൊല്ലം ഇടവിട്ടാണ് അവ രണ്ടും സ്ഥാപിതമായത്? നബി ﷺ പറഞ്ഞു: നാല്പത് കൊല്ലം ഇടവിട്ട്. (ബുഖാരി:3366)

മസ്ജിദുല്‍ ഹറാമും മസ്ജിദുല്‍ അഖ്‌സയും മലക്കുകളുടെ സഹായത്തോടെ ആദം നബി عليه السلام പണികഴിപ്പിച്ചതാണെന്നാണ് പ്രബലാഭിപ്രായം.

മറ്റുള്ള പള്ളികളിൽ നിർവ്വഹിക്കുന്ന നമസ്കാരത്തേക്കാൾ ഒരു ലക്ഷം മടങ്ങ്‌ പ്രതിഫലമാണ് മസ്‌ജിദുല്‍ഹറാമിൽ വെച്ചുള്ള നമസ്കാരത്തിന്.

عن جابر بن عبدالله: صلاةٌ في مسجدي هذا أفضلُ من ألفِ صلاةٍ فى سواه إلا المسجدَ الحرامَ، فصلاةٌ في المسجدِ الحرامِ أفضلُ من مئةِ ألفِ صلاةٍ [فيما سواه]

ജാബിർ ബിൻ അബ്ദില്ലാഹം رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എന്റെ ഈ പള്ളിയില്‍ (മസ്ജിദുന്നബവി) നടത്തുന്ന നമസ്‌കാരത്തിന്‌ മറ്റുള്ള പള്ളികളില്‍ നമസ്‌കരിക്കുന്നതിനെക്കാള്‍ ആയിരം മടങ്ങ്‌ പ്രതിഫലമുണ്ട്‌. എന്നാല്‍ മസ്‌ജിദുല്‍ഹറാം അതില്‍ നിന്നൊഴിവാണ്‌. അതില്‍ ഒരു വഖ്‌ത്ത്‌ നമസ്‌കരിക്കുന്നവന്‌ ഒരു ലക്ഷം മടങ്ങ്‌ പ്രതിഫലമുണ്ട്‌. (മറ്റെല്ലാ കാര്യങ്ങളിലും) (അഹ്‌മദ്‌)

രണ്ട്: മസ്ജിദുന്നബവി

മദീനയിലേക്ക് ഹിജ്റ ചെയ്തെത്തിയ നബി ﷺ അവിടെ ആദ്യമായി നിർമ്മിച്ച പള്ളിയാണ് മസ്ജിദുന്നബവി. ഏതാണ്ട് 12 ദിവസത്തെ അധ്വാനം കൊണ്ടാണ് മസ്ജിദുന്നബവിയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നത്. വളരെ ചെറിയ രൂപത്തിലുള്ള ഒരു പള്ളിയായിരുന്നു അന്ന് നിര്‍മിച്ചത്. ഈത്തപ്പനയുടെ തടി കൊണ്ടുള്ള തൂണുകളും പട്ടകള്‍ കൊണ്ടുള്ള മേല്‍ക്കൂരയും മണല്‍ നിറക്കപ്പെട്ട അടിഭാഗവും ആയിരുന്നു അന്ന് ഉണ്ടായിരുന്നത്. പിന്നീട് കാലാകാലങ്ങളിൽ വിസ്താരപ്പെടുത്തിയും പുനർനിർമ്മിച്ചുമാണ് ഇന്ന് കാണുന്ന അവസ്ഥയിലുള്ളത്.

മദീനാ പള്ളിയില്‍ വെച്ചുള്ള നമസ്കാരത്തിന് മറ്റ് പള്ളികളിൽ വെച്ചുള്ള നമസ്കാരത്തേക്കാൾ ആയിരം മടങ്ങ് പ്രതിഫലമുണ്ട്.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ النَّبِيَّ صلى الله عليه وسلم قَالَ:‏ صَلاَةٌ فِي مَسْجِدِي هَذَا خَيْرٌ مِنْ أَلْفِ صَلاَةٍ فِيمَا سِوَاهُ إِلاَّ الْمَسْجِدَ الْحَرَامَ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:എന്റെ ഈ പള്ളിയിൽ വെച്ചുള്ള നമസ്‌കാരം ഇതരപള്ളികളിൽ വെച്ചുള്ള നമസ്കാരത്തേക്കാൾ ആയിരം മടങ്ങ് ശ്രേഷ്ഠകരമാണ്. മസ്‌ജിദുൽ ഹറാം ഒഴികെ (കാരണം മസ്ജിദുൽഹറാമിൽ വെച്ചുള്ള നമസ്‌കാരം ഇതരപള്ളികളിൽ നമസ്കരിക്കുന്നതിനേക്കാൾ ഒരു ലക്ഷം മടങ്ങ് ശ്രേഷ്ഠകരമാണ്) (ബുഖാരി: 1190)(ബുഖാരി 1190, മുസ്‌ലിം 1394).

لَا تَقُمْ فِيهِ أَبَدًا ۚ لَّمَسْجِدٌ أُسِّسَ عَلَى ٱلتَّقْوَىٰ مِنْ أَوَّلِ يَوْمٍ أَحَقُّ أَن تَقُومَ فِيهِ ۚ فِيهِ رِجَالٌ يُحِبُّونَ أَن يَتَطَهَّرُوا۟ ۚ وَٱللَّهُ يُحِبُّ ٱلْمُطَّهِّرِينَ

(നബിയേ,) നീ ഒരിക്കലും അതില്‍ (കപടവിശ്വാസികള്‍ സ്ഥാപിച്ച മസ്‌ജിദു-ദ്ദ്വിറാറിൽ) നമസ്കാരത്തിനു നില്‍ക്കരുത്‌. ആദ്യ ദിവസം തന്നെ തക്വ്‌വയിന്‍മേല്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള പള്ളിയാണ് നീ നിന്നു നമസ്കരിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളത്‌. ശുദ്ധികൈവരിക്കുവാന്‍ ഇഷ്ടപ്പെടുന്ന ചില ആളുകളുണ്ട് ആ പള്ളിയില്‍. ശുദ്ധികൈവരിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു. (ഖുർആൻ:9/108)

عَنْ أَبِي سَلَمَةَ بْنِ عَبْدِ الرَّحْمَنِ، قَالَ مَرَّ بِي عَبْدُ الرَّحْمَنِ بْنُ أَبِي سَعِيدٍ الْخُدْرِيِّ قَالَ قُلْتُ لَهُ كَيْفَ سَمِعْتَ أَبَاكَ يَذْكُرُ فِي الْمَسْجِدِ الَّذِي أُسِّسَ عَلَى التَّقْوَى قَالَ قَالَ أَبِي دَخَلْتُ عَلَى رَسُولِ اللَّهِ صلى الله عليه وسلم فِي بَيْتِ بَعْضِ نِسَائِهِ فَقُلْتُ يَا رَسُولَ اللَّهِ أَىُّ الْمَسْجِدَيْنِ الَّذِي أُسِّسَ عَلَى التَّقْوَى قَالَ فَأَخَذَ كَفًّا مِنْ حَصْبَاءَ فَضَرَبَ بِهِ الأَرْضَ ثُمَّ قَالَ ‏ “‏ هُوَ مَسْجِدُكُمْ هَذَا ‏”‏ ‏.‏ – لِمَسْجِدِ الْمَدِينَةِ – قَالَ فَقُلْتُ أَشْهَدُ أَنِّي سَمِعْتُ أَبَاكَ هَكَذَا يَذْكُرُهُ ‏.

അബുസലമ ബ്നു അബ്ദുറഹ്മാൻ رَضِيَ اللَّهُ عَنْهُ പറയുന്നു: അബ്ദുറഹ്മാൻ ബ്നു അബൂസഈദുല്‍ ഖുദ്രി رَضِيَ اللَّهُ عَنْهُ എന്റെ അരികിലൂടെ കടന്നുപോയി, ഞാൻ അദ്ദേഹത്തോട് പറഞ്ഞു. തക്വ്‌വയുടെ അടിസ്ഥാനത്തിൽ സ്ഥാപിച്ച പള്ളിയെക്കുറിച്ച് നിങ്ങളുടെ പിതാവ് പറയുന്നത് നിങ്ങൾ എങ്ങനെ കേട്ടു? അദ്ദേഹം പറഞ്ഞു: എന്റെ പിതാവ് പറഞ്ഞു: ഞാന്‍ ഒരിക്കല്‍ നബി ﷺ യുടെ അടുക്കലേക്ക് പ്രവേശിച്ചു. അദ്ദേഹം തന്റെ ഭാര്യമാരില്‍ ഒരാളുടെ വീട്ടിലായിരുന്നു. ഞാന്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ പ്രവാചകരേ, ഏത് പള്ളിയാണ് തക്വ്‌വയുടെ അടിസ്ഥാനത്തില്‍ ഉണ്ടാക്കപ്പെട്ട പള്ളി?’ ഈ സന്ദര്‍ഭത്തില്‍ നബി ﷺ തന്റെ കൈയില്‍ അല്‍പം ചരല്‍ക്കല്ല് വാരിയെടുത്തു. എന്നിട്ട് അത് നിലത്തേക്കെറിഞ്ഞു കൊണ്ട് പറഞ്ഞു: നിങ്ങളുടെ ഈ പള്ളി (മസ്ജിദുന്നബവി). (മുസ്‌ലിം: 1398)

മൂന്ന്: മസ്ജിദുല്‍ അഖ്‌സ

അല്ലാഹുവിനെ ആരാധിക്കുന്നതിനായി ലോകത്ത് രണ്ടാമതായി നിർമ്മിച്ച ആരാധനാലയമാണ് ഫലസ്തീനിലുള്ള മസ്ജിദുല്‍ അഖ്‌സ. ഇത് ബൈതുല്‍ മുക്വദ്ദസ് എന്ന പേരിലും അറിയപ്പെടുന്നു.

عَنْ أَبِي ذَرٍّ، قَالَ ـ رضى الله عنه ـ قَالَ قُلْتُ يَا رَسُولَ اللَّهِ، أَىُّ مَسْجِدٍ وُضِعَ فِي الأَرْضِ أَوَّلُ قَالَ ‏”‏ الْمَسْجِدُ الْحَرَامُ ‏”‏‏.‏ قَالَ قُلْتُ ثُمَّ أَىٌّ قَالَ ‏”‏ الْمَسْجِدُ الأَقْصَى ‏”‏‏.‏ قُلْتُ كَمْ كَانَ بَيْنَهُمَا قَالَ ‏”‏ أَرْبَعُونَ سَنَةً،…. ‏”‏‏.‏

അബുദര്‍റ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഞാന്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ആദ്യമായി ഭൂമിയില്‍ സ്ഥാപിതമായ പളളി ഏതാണ്. നബി ﷺ പറഞ്ഞു: (മക്കയിലുള്ള) മസ്ജിദുല്‍ഹറാം. പിന്നീട് ഏത് പളളിയാണെന്ന് ഞാന്‍ ചോദിച്ചു. നബി ﷺ പറഞ്ഞു: (ഫലസ്തീനിലുള്ള) ബൈത്തുല്‍ മുഖദ്ദസ്. എത്രകൊല്ലം ഇടവിട്ടാണ് അവ രണ്ടും സ്ഥാപിതമായത്? നബി ﷺ പറഞ്ഞു: നാല്പത് കൊല്ലം ഇടവിട്ട്. (ബുഖാരി:3366)

അല്ലാഹു അവന്റെ റസൂലായ മുഹമ്മദ് നബി ﷺ യെ ഇസ്റാഅ് – മിഅ്റാജിനായി തെരഞ്ഞെടുത്തത് മസ്ജിദുല്‍ അഖ്‌സയെ ആയിരുന്നു.

سُبْحَٰنَ ٱلَّذِىٓ أَسْرَىٰ بِعَبْدِهِۦ لَيْلًا مِّنَ ٱلْمَسْجِدِ ٱلْحَرَامِ إِلَى ٱلْمَسْجِدِ ٱلْأَقْصَا ٱلَّذِى بَٰرَكْنَا حَوْلَهُۥ لِنُرِيَهُۥ مِنْ ءَايَٰتِنَآ ۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْبَصِيرُ

തന്‍റെ ദാസനെ (നബിയെ) ഒരു രാത്രിയില്‍ മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്സായിലേക്ക് – അതിന്‍റെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു- നിശായാത്ര ചെയ്യിച്ചവന്‍ എത്രയോ പരിശുദ്ധന്‍! നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ചിലത് അദ്ദേഹത്തിന് നാം കാണിച്ചുകൊടുക്കാന്‍ വേണ്ടിയത്രെ അത്‌. തീര്‍ച്ചയായും അവന്‍ (അല്ലാഹു) എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമത്രെ. (ഖുർആൻ:17/1)

നബി ﷺ യുടെ ഇസ്‌റാഅ് വേളയിൽ അവിടുന്ന് മസ്ജിദുല്‍ അഖ്‌സയിൽ വെച്ച് നമസ്കാരം നിർവ്വഹിച്ചിട്ടുണ്ട്.

ലോക മുസ്ലിംകളുടെ ഖിബ്‌ല മക്കയിലെ കഅബയാണ്. ഇസ്ലാമിന്റെ ആദ്യകാലത്ത് ഖിബ്‌ല ഫലസ്തീനിലെ ബൈതുല്‍ മുക്വദ്ദസ് ആയിരുന്നു. നബി ﷺ മക്കയിലായിരിക്കെ കഅ്ബ അവിടുത്തെ മുന്നിലുണ്ടായിരുന്നിട്ടും  ബൈതുല്‍ മുക്വദ്ദസിലേക്ക് തിരിഞ്ഞു കൊണ്ടാണ് നമസ്‌കരിച്ചിരുന്നത്. മദീനയിലേക്ക് ഹിജ്‌റ പോയപ്പോഴും ബൈതുല്‍ മുക്വദ്ദസ് തന്നെയായിരുന്നു നബി ﷺ യുടെയും അനുയായികളുടെയും ഖിബ്‌ല. ഹിജ്‌റ രണ്ടാം വര്‍ഷം റജബിന്റെ പകുതിയില്‍ കഅ്ബയിലേക്ക് ഖിബ്‌ല മാറ്റുവാനുള്ള അല്ലാഹുവിന്റെ കല്‍പനയുണ്ടായി.

عَنِ الْبَرَاءِ بْنِ عَازِبٍ، قَالَ: صَلَّيْنَا مَعَ رَسُولِ اللَّهِ صلى الله عليه وسلم نَحْوَ بَيْتِ الْمَقْدِسِ سِتَّةَ عَشَرَ شَهْرًا أَوْ سَبْعَةَ عَشَرَ شَهْرًا ثُمَّ صُرِفْنَا نَحْوَ الْكَعْبَةِ ‏.‏

ബര്‍റാഅ്ബിന്‍ ആസിബ് رضى الله عنهما പറയുന്നു: ‘ഞങ്ങള്‍ നബി ﷺ യോടൊപ്പം ബൈതുല്‍ മുക്വദ്ദസിലേക്ക് മുന്നിട്ട് പതിനാറോ പതിനേഴോ മാസം നമസ്‌കരിച്ചു. ശേഷം ഞങ്ങള്‍ കഅ്ബയിലേക്ക് തിരിക്കപ്പെട്ടു’ ( മുസ്‌ലിം: 525)

ഇബ്‌നു അബ്ബാസ് رضى الله عنهما പറയുന്നു: നബി ﷺ മക്കയിലായിരിക്കെ ബൈത്തുല്‍ മുക്വദ്ദസിലേക്ക് തിരിഞ്ഞു കൊണ്ടാണ് നമസ്‌കരിച്ചിരുന്നത്. കഅ്ബ നബി ﷺ യുടെ മുമ്പിലായിരുന്നു. മദീനയിലേക്ക് ഹിജ്‌റ പോയതിനു ശേഷം 16 മാസം അതേ അവസ്ഥ തുടരുകയും പിന്നീട് കഅ്ബയിലേക്ക് തിരിക്കപ്പെടുകയും ചെയ്തു. (അഹ്മദ്: 2991)

മസ്ജിദുല്‍ ഹറാമും മസ്ജിദുല്‍ അഖ്‌സയും മലക്കുകളുടെ സഹായത്തോടെ ആദം നബി عليه السلام പണികഴിപ്പിച്ചതാണെന്നാണ് പ്രബലാഭിപ്രായം.

നബി ﷺ യുടെ കാലഘട്ടത്തില്‍ ഈ പ്രദേശം റോമക്കാരുടെ ആധിപത്യത്തിലായിരുന്നു. ഉമർ ബ്നു ഖത്വാബ് رَضِيَ اللَّهُ عَنْهُ വിന്റെ ഭരണകാലത്ത് ഹിജ്‌റ 18 ാം വര്‍ഷമാണ് ഫിലസ്തീന്‍ ഉള്‍പെടുന്ന സിറിയ ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ ഭാഗമായി ചേര്‍ക്കപ്പെട്ടത്. ഉമർ  رَضِيَ اللَّهُ عَنْهُ നേരിട്ടെത്തിയാണ് റോമക്കാരുമായി കരാറുണ്ടാക്കുകയും  വിശുദ്ധ നഗരിയുടെ താക്കോല്‍ ഏറ്റുവാങ്ങുകയും ചെയ്തത്.

എ.ഡി 1099 ല്‍ കുരിശ് യുദ്ധത്തെത്തുടര്‍ന്ന് യൂറോപ്യര്‍ ഈ പുണ്യപ്രദേശം കീഴടക്കി. പിന്നീട് എ.ഡി 1187 ല്‍ സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ നേതൃത്വത്തിലുള്ള പടയോട്ടത്തിലൂടെ അത് മുസ്‌ലിംകളുടെ കീഴിലായിത്തീര്‍ന്നു. പിന്നീട് 1917 വരെ പ്രദേശം മുസ്‌ലിംകളുടെ ഭരണത്തില്‍ തുടര്‍ന്നു. ഇന്ന് പുണ്യനഗരം ജുതരുടെ കൈവശമാണെങ്കിലും പള്ളിയുടെ അധികാരം ഫലസ്തീന്‍ മതകാര്യ വകുപ്പിനു കീഴിലാണ്.

മസ്ജിദുൽ അഖ്‌സയിൽ വെച്ചുള്ള നമസ്കാരത്തിന്റെ പ്രതിഫലത്തിന്റെ കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്. ഇതിൽ സ്വീകാര്യമായ ഹദീസുകളിൽ വന്നിട്ടുള്ളതിൽ പ്രബലമായത് 250 മടങ്ങ് എന്നാണ്. അതായത് മസ്ജിദുൽ അഖ്‌സയിൽ വെച്ചുള്ള നമസ്കാരത്തിന് മറ്റ് പള്ളികളിൽ വെച്ചുള്ള നമസ്കാരത്തേക്കാൾ 250 മടങ്ങ് പ്രതിഫലമുണ്ട്.

 

 

kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *