തൗബയും ഇസ്തിഗ്ഫാറും

പശ്ചാത്താപത്തെയും (തൗബ) പാപമോചനാർഥനയെയും (ഇസ്തിഗ്ഫാര്‍) ചേർത്ത് പറഞ്ഞിട്ടുള്ള വിശുദ്ധ ഖുർആൻ വചനങ്ങളുണ്ട്.

ﻭَﺃَﻥِ ٱﺳْﺘَﻐْﻔِﺮُﻭا۟ ﺭَﺑَّﻜُﻢْ ﺛُﻢَّ ﺗُﻮﺑُﻮٓا۟ ﺇِﻟَﻴْﻪِ

നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുകയും എന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക ……… (ഖു൪ആന്‍: 11/3)

أَفَلَا يَتُوبُونَ إِلَى ٱللَّهِ وَيَسْتَغْفِرُونَهُۥ ۚ وَٱللَّهُ غَفُورٌ رَّحِيمٌ

ആകയാല്‍ അവര്‍ അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങുകയും, അവനോട് പാപമോചനം തേടുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. (ഖു൪ആന്‍:5/74)

ﻭَﻳَٰﻘَﻮْﻡِ ٱﺳْﺘَﻐْﻔِﺮُﻭا۟ ﺭَﺑَّﻜُﻢْ ﺛُﻢَّ ﺗُﻮﺑُﻮٓا۟ ﺇِﻟَﻴْﻪِ …

എന്റെ ജനങ്ങളേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. എന്നിട്ട് അവങ്കലേക്ക് തൌബ ചെയ്യുകയും (ഖേദിച്ചുമടങ്ങുകയും) ചെയ്യുക … (ഖു൪ആന്‍: 11/52)

തൗബയും ഇസ്തിഗ്ഫാറും വെവ്വേറെയുള്ളതാണെന്നും ഈ ആയത്തുകളില്‍ നിന്നും ഗ്രഹിക്കാം. ‘ഇസ്തിഗ്ഫാര്‍’ എന്നാല്‍ ‘പാപമോചനാര്‍ഥന നടത്തുക’ എന്നാണ് ഉദ്ദേശിക്കുന്നത്. ‘അല്ലാഹുവേ പൊറുക്കണേ’, ‘എന്റെ പാപങ്ങൾ പൊറുത്തുതരേണമേ’ എന്ന വാക്കുകൾ പോലെ. അതൊരു ദിക്റുമാണ്. അത് ചെയ്യുന്നവന് പ്രതിഫലം രേഖപ്പെടുത്തപ്പെടും, അവന്റെ വീഴ്ചകൾ മായ്ച്‌ചു കളയപ്പെടും.

എന്നാല്‍ തൗബയെന്നാല്‍ പ്രത്യേക നിബന്ധനയോടെ അല്ലാഹുവിനോട് പശ്ചാത്തപിച്ച് അല്ലാഹുവിലേക്ക് മടങ്ങലാണ്. അതിൽ ഒന്നാമത്തേത് ചെയ്ത തെറ്റിലുള്ള ആത്മാർഥമായ ഖേദമാണ്. തെറ്റ് പൂർണമായും ഉപേക്ഷിക്കലാണ് രണ്ടാമത്തേത്. അതേ തെറ്റ് ആവർത്തിക്കാതിരിക്കാനുള്ള അതീവ ജാഗ്രതയും ഉറച്ച ദൃഢനിശ്ചയവുമാണ് മൂന്നാമത്തേത്. ഭൂതവും വർത്തമാനവും ഭാവിയും ഒരുമിച്ച് ചേർന്നതാണ് തൗബ. അതായത് ഭൂതകാലത്ത് കഴിഞ്ഞുപോയ പാപത്തിൽ ഖേദിക്കുക. ചെയ്തു കൊണ്ടിരിക്കുന്നതിൽ നിന്നും വിരമിക്കുക.ഭാവിയിൽ അതിലേക്ക് മടങ്ങാതിരിക്കുകയും ചെയ്യുക.

മനുഷ്യൻ പ്രകൃത്യാ ദുർബലനും വീഴ്ചകൾ സംഭവിക്കുന്നവനുമാണ്. തൗബയും ഇസ്തിഗ്‌ഫാറും അവന് ശക്തിയും കരുത്തും പകരുന്നു. അവ രണ്ടും തെറ്റുകളെ മായ്ക്കുകയും ജീവിതം നന്നാക്കുകയും ചെയ്യുന്നു.

عَنْ أَبِي هُرَيْرَةَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ: إِنَّ الْعَبْدَ إِذَا أَخْطَأَ خَطِيئَةً نُكِتَتْ فِي قَلْبِهِ نُكْتَةٌ سَوْدَاءُ فَإِذَا هُوَ نَزَعَ وَاسْتَغْفَرَ وَتَابَ سُقِلَ قَلْبُهُ وَإِنْ عَادَ زِيدَ فِيهَا حَتَّى تَعْلُوَ قَلْبَهُ وَهُوَ الرَّانُ الَّذِي ذَكَرَ اللَّهُ ‏:‏ ‏{كلاَّ بَلْ رَانَ عَلَى قُلُوبِهِمْ مَا كَانُوا يَكْسِبُونَ}

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിശ്ചയമായും ഒരു അടിമ ഒരു തെറ്റു പ്രവർത്തിക്കുമ്പോൾ അവന്റെ ഖൽബിൽ ഒരു കറുത്ത കുത്ത് കുത്തപ്പെടും, അവൻ അതിൽ നിന്ന് അവന്റെ നഫ്സിനെ നീക്കി തൗബയും ഇസ്തിഗ്ഫാറും ചെയ്താൽ അവന്റെ ഖൽബ് ശുദ്ധിയാക്കപ്പെടും. എന്നാൽ അവൻ അതിലേക്ക് (തെറ്റിലേക്ക്) മടങ്ങിയാൽ അവന്റെ ഹൃദയത്തെ മൂടുന്നത് വരെ അതു(കറുത്ത കുത്ത്) വർധിക്കും. അതാണ് അല്ലാഹു ഖുർആനിൽ പറഞ്ഞ “റാൻ” {كَلَّا ۖ بَلْ ۜ رَانَ عَلَىٰ قُلُوبِهِم مَّا كَانُوا۟ يَكْسِبُونَ} അല്ല; പക്ഷെ, അവര്‍ പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്നത് അവരുടെ ഹൃദയങ്ങളില്‍ “കറ”(റാൻ) യുണ്ടാക്കിയിരിക്കുന്നു. (തിർമിദി:3334 – സ്വഹീഹ് അൽബാനി)

പരലോക വിശ്വാസമുള്ളവര്‍ക്ക് മാത്രമേ ഇത് സാധിക്കുകയുള്ളൂ.

عَنْ عَائِشَةَ، قَالَتْ قُلْتُ يَا رَسُولَ اللَّهِ ابْنُ جُدْعَانَ كَانَ فِي الْجَاهِلِيَّةِ يَصِلُ الرَّحِمَ وَيُطْعِمُ الْمِسْكِينَ فَهَلْ ذَاكَ نَافِعُهُ قَالَ‏:‏ لاَ يَنْفَعُهُ إِنَّهُ لَمْ يَقُلْ يَوْمًا رَبِّ اغْفِرْ لِي خَطِيئَتِي يَوْمَ الدِّينِ.

ആഇശാ رضى الله عنها വില്‍ നിന്ന് നിവേദനം:അവർ പറഞ്ഞു: ഞാൻ നബി ﷺ യോട് ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ഇബ്‌നു ജുദ്ആന്‍ ജാഹിലിയ്യത്തില്‍ കുടുംബ ബന്ധം ചേര്‍ത്തിരുന്നു. അഗതികള്‍ക്ക് ഭക്ഷണം കൊടുത്തിരുന്നു. അത് അയാള്‍ക്ക് (പരലോകത്ത്) ഉപകരിക്കുമോ? നബി ﷺ പറഞ്ഞു: അത് അയാള്‍ക്ക് ഉപകാരപ്പെടുകയില്ല. കാരണം അയാള്‍ ഒരു ദിവസം പോലും, എന്റെ നാഥാ! പ്രതിഫലനാളില്‍ എന്റെ തെറ്റുകള്‍ എനിക്ക് പൊറുത്തുതരേണമേ എന്ന് പറഞ്ഞിട്ടില്ല. (മുസ്‌ലിം:214)

عَنِ ابْنِ عُمَرَ، قَالَ إِنْ كُنَّا لَنَعُدُّ لِرَسُولِ اللَّهِ صلى الله عليه وسلم فِي الْمَجْلِسِ الْوَاحِدِ مِائَةَ مَرَّةٍ {رَبِّ اغْفِرْ لِي وَتُبْ عَلَىَّ إِنَّكَ أَنْتَ التَّوَّابُ الرَّحِيمُ}‏

ഇബ്നു ഉമർ رضى الله عنه പറയുന്നു: “ഞങ്ങൾ ഒരേ ഇരുത്തത്തിൽ തന്നെ അല്ലാഹുവിൻ്റെ റസൂൽ ﷺ 100തവണ ഇപ്രകാരം ചൊല്ലുന്നത് ഞങ്ങൾ എണ്ണിയിരുന്നു: {എൻ്റെ രക്ഷിതാവേ, എനിക്ക് നീ പൊറുത്തുതരേണമേ, എൻ്റെ പശ്ചാത്താപം നീ സ്വീകരിക്കേണമേ. തീർച്ചയായും നീ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു}(അബൂദാവൂദ്:1516)

قال ابن الجوزي رحمه الله : المعاصي سلسلة في عنق العاصي لا يفكه منها إلا الاستغفار والتوبة

ഇബ്നുൽ ജൗസി رحمه الله പറഞ്ഞു: പാപങ്ങൾ പാപിയുടെ കഴുത്തിലെ ചങ്ങലയാണ്, പാപമോചനവും, പശ്ചാത്താപവും കൊണ്ടല്ലാതെ അതഴിക്കുക സാധ്യമല്ല. (التذكرة في الوعظ – 96)

‏قال شيخ الإسلام ابن تيمية رحمه الله : من رأى أنه لا ينشرح صدره،ولا يحصل له حلاوة الإيمان ونور الهداية فليكثر التوبة والاستغفار.

ശൈഖുൽ ഇസ്ലാം ഇബ്ന് തൈമിയ്യ رحمه الله പറഞ്ഞു: ഹൃദയ വിശാലതയും ഈമാന്റെ മാധുര്യവും സന്മാർഗത്തിന്റെ പ്രകാശവും അനുഭവപ്പെടാത്തവർ തൗബയും ഇസ്തിഗ്ഫാറും വർദ്ധിപ്പിച്ചു കൊള്ളട്ടെ. [അൽ ഫതാവാ അൽ കുബ്റാ (5/62)]

ചിലയാളുകൾ ഇസ്തിഗ്ഫാറ് ചെയ്യും പക്ഷെ ആത്മാർത്ഥമായി തൗബ ചെയ്യില്ല. എന്നാൽ തൗബ ചെയ്യുന്നവൻ ഇസ്തിഗ്ഫാർ ചെയ്തവനായിരിക്കും.

 

 

www.kanzululoom.com

 

തൗബ (പശ്ചാത്താപം)

 

ഇസ്തിഗ്ഫാറിന്റെ ശ്രേഷ്ടതകള്‍

Leave a Reply

Your email address will not be published. Required fields are marked *