ആദം നബി عليه السلام ഭൂമിയിൽ ആദ്യമായി കാലുകുത്തിയത് ശ്രീലങ്കയിലും ഹവ്വാ عليه السلام കാലുകുത്തിയത് മക്കയിലുമാണ്.
ശൈഖ് അസീസ് ഫർഹാൻ അൽ അനിസി حَفِظَهُ اللَّهُ പറയുന്നു: ആദം നബി عليه السلام യും ഹവ്വാ ബീവി عليه السلام യും ഭൂമിയിൽ ആദ്യമായി ഇറങ്ങിയ സ്ഥലം ഏതാണ് എന്ന് ഖുർആനിലോ സ്വഹീഹായ ഹദീഥുകളിലോ പരാമർശിച്ചിട്ടില്ല. ആദം നബിയേയും ഹവ്വാ ബീവിയേയും അവരുടെ കൂടെ ഇബിലീസിനെയും സ്വർഗ്ഗത്തിൽ നിന്ന് ഈ ഭൂമിയിലേക്ക് അയച്ചു എന്നാണ് ഖുർആൻ പറഞ്ഞിട്ടുള്ളത്. (ഖുർആൻ: 2/38) എന്നാൽ, എവിടേക്കാണ് അയച്ചത്? അത് ഏറ്റവും നന്നായി അറിയുന്നവൻ അല്ലാഹുവാണ്. ആദം നബി ഇന്ത്യയിലാണ് ആദ്യമായി കാലുകുത്തിയത് എന്നും ഹവ്വാ ബീവി കാലുകുത്തിയത് സഊദി അറേബ്യയിലെ ജിദ്ദയിലാണ് എന്നുമൊക്കെ, ബനൂ ഇസ്റാഈലുകാരിൽ നിന്നുള്ള റിപ്പോർട്ടുകളിലും ദുർബലമായ ഹദീഥുകളിലും കാണാം. എന്നാൽ അതൊന്നും ശരിയല്ല. ആദം നബി ആദ്യമായി കാലുകുത്തിയത് സ്വഫാ കുന്നിന്റെ മുകളിലാണെന്നും, ഹവ്വാ ബീവി കാലുകുത്തിയത് മർവയുടെ മുകളിലാണെന്നുമൊക്കെ ചില ആളുകൾ പറയുന്നുണ്ട്. അങ്ങനെയൊക്കെ ചില പുസ്തകങ്ങളിൽ ഉണ്ടെങ്കിലും, അതൊന്നും ശരിയല്ല.
ഇനി ഞാൻ ഒരു ചോദ്യം ചോദിക്കാം: ആദം നബിയോ ഹവ്വാ ബീവിയോ ഏതെങ്കിലും ഒരു പ്രത്യേക സ്ഥലത്താണ് കാലുകുത്തിയത് എന്നറിഞ്ഞത് കൊണ്ട് നമുക്കെന്താണ് പ്രയോജനം അവർ ഇന്ത്യയിലോ ശ്രീലങ്കയിലോ ജിദ്ദയിലോ മക്കയിലോ – എവിടെയാണ് കാല് കുത്തിയതെങ്കിലും, അത് അറിഞ്ഞതുകൊണ്ട് നമുക്കെന്താണ് പ്രയോജനം? ഒരു പ്രയോജനവുമില്ല. അതുകൊണ്ട് തന്നെ, പ്രിയപ്പെട്ടവരേ. ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ ഒഴിവാക്കി, ഉപകാരപ്രദമായ കാര്യങ്ങളുടെ പിന്നാലെ നമുക്ക് പോകാം. ഏതെങ്കിലും ഒരു മസ്അല അറിഞ്ഞതുകൊണ്ട് ഒരു ഗുണമോ പ്രയോജനമോ ഇല്ല എങ്കിൽ, അത് നമ്മൾ ഒഴിവാക്കുകയാണ് വേണ്ടത്. (https://youtu.be/aW3Ldx5MqE4)
അല്ലാഹു ആദ്യമായി സൃഷ്ടിച്ചത് മുഹമ്മദ് നബി ﷺ യുടെ പ്രകാശത്തെയാണ്
ലോകം സൃഷ്ടിക്കുന്നതിനും മുന്‍പേ അല്ലാഹു മുഹമ്മദ് നബി ﷺ യുടെ പ്രകാശത്തെ സൃഷ്ടിച്ചുവെന്ന് മങ്കൂസ് മൗലിദിൽ പരാമർശമുണ്ട്. മാലപ്പാട്ടുകളിലും ഈ വിശ്വാസം പഠിപ്പിക്കുന്നുണ്ട്. എന്നാൽ ഖുര്‍ആനിലെയും സ്വഹീഹായ ഹദീസുകളിലെയും വ്യക്തമായ പരാമര്‍ശങ്ങള്‍ക്ക് വിരുദ്ധമാണ് ഈ അധ്യാപനം.
മനുഷ്യ സൃഷ്ടിപ്പ് മണ്ണില്‍നിന്നാണെന്ന് വിശുദ്ധ ഖുര്‍ആന്‍ സംശയത്തിന് ഇടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹു പറയുന്നു:
خَلَقَ ٱلْإِنسَٰنَ مِن صَلْصَٰلٍ كَٱلْفَخَّارِ
കലം പോലെ മുട്ടിയാല്‍ മുഴക്കമുണ്ടാകുന്ന (ഉണങ്ങിയ) കളിമണ്ണില്‍ നിന്ന് മനുഷ്യനെ അവന്‍ സൃഷ്ടിച്ചു. (ഖു൪ആന്‍:55/14)
عَنْ عَائِشَةَ، قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم : خُلِقَتِ الْمَلاَئِكَةُ مِنْ نُورٍ وَخُلِقَ الْجَانُّ مِنْ مَارِجٍ مِنْ نَارٍ وَخُلِقَ آدَمُ مِمَّا وُصِفَ لَكُمْ
ആയിശ رضي الله عنها യിൽ നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: മലക്കുകൾ സൃഷ്ടിക്കപ്പെട്ടത് പ്രകാശം കൊണ്ടാണ്. ജിന്നുകൾ സൃഷ്ടിക്കപ്പെട്ടത് കത്തിജ്വലിക്കുന്ന അഗ്നികൊണ്ടാണ്. ആദം സൃഷ്ടിക്കപ്പെട്ടത് നിങ്ങളോട് വിവരിക്കപ്പെട്ട വസ്‌തു (മണ്ണ്) കൊണ്ടുമാണ്. (മുസ്‌ലിം: 2996)
“നബി ﷺ മനുഷ്യരെപ്പോലെയല്ല, അവിടുന്ന് പ്രകാശത്തിൽ നിന്നുള്ള സൃഷ്ടിയാണെന്ന് ഒരുപാട് ആളുകൾ പറയുന്നുണ്ട്. അത് ശരിയാണോ?” എന്ന ചോദ്യത്തിന് മറുപടിയായി ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حَفِظَهُ اللَّهُ പറയുന്നു:
അത് കളവും അതിരുകവിച്ചിലുമാണ്. അല്ലാഹുവിൽ അഭയം. നബിﷺ മനുഷ്യനാണ്. കാരണം അല്ലാഹു പറയുന്നു:
قُلْ إِنَّمَآ أَنَا۠ بَشَرٌ مِّثْلُكُمْ يُوحَىٰٓ إِلَىَّ أَنَّمَآ إِلَٰهُكُمْ إِلَٰهٌ وَٰحِدٌ ۖ
‘(നബിയേ) പറയുക: നിശ്ചയമായും ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു; നിങ്ങളുടെ ആരാധ്യ ഒരേയൊരു ആരാധ്യനാണെന്നു എനിക്കു വഹ്‌യ് നല്‍കപ്പെടുന്നു. (ഇതാണ് എന്റെ പ്രത്യേകത). (ഖു൪ആന്‍:18/110)
മനുഷ്യനെ എന്തിൽ നിന്നാണ് സൃഷ്ടിക്കുന്നത്? മനുഷ്യരിൽ നിന്ന് തന്നെയാണ്. നബിﷺയുടെ ഉപ്പ അബ്ദുല്ലയും ഉമ്മ ആമിന ബിൻത് വഹബുമാണെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. പിന്നെങ്ങനെയാണ് അദ്ദേഹം പ്രകാശത്തിൽ നിന്നുള്ള സൃഷ്ടിയാവുക? അതുകൊണ്ടാണ് മുഹമ്മദ് ബിൻ നൂർ (പ്രകാശത്തിന്റെ മകൻ മുഹമ്മദ്) എന്ന് പറയാതെ, മുഹമ്മദ് ബിൻ അബ്ദില്ല (അബ്ദുല്ലയുടെ മകൻ മുഹമ്മദ്) എന്ന് പറയുന്നത്. മലക്കുകളാണ് പ്രകാശത്തിൽ നിന്ന് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ശൈത്വാന്മാർ (ജിന്നുകൾ) സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് അഗ്നിയിൽ നിന്നും മനുഷ്യർ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് മണ്ണിൽ നിന്നുമാണ്. (https://youtu.be/GanPzofKJJ8)
നബി ﷺ ക്ക് നിഴലില്ല
സഊദി അറേബ്യയുടെ ഔദ്യോഗിക പണ്ഡിതസഭയായ ലജ്നത്തുദ്ദാഇമ പറയുന്നു:
هذا القول باطل مناف لنصوص القرآن والسنة الصريحة الدالة على أنه صلوات الله وسلامه عليه بشر لا يختلف في تكوينه البشري عن الناس وأن له ظلاً كما لأي إنسان، وما أكرمه الله به من الرسالة لا يخرجه عن وصفه البشري الذي خلقه الله عليه من أم وأب، قال تعالى: {قل إنما أنا بشر مثلكم يوحى إلي} الآية، وقال تعالى: {قالت لهم رسلهم إن نحن إلا بشر مثلكم} الآية. أما ما يُروى من أن النبي صلى الله عليه وسلم خلق من نور الله فهو حديث موضوع.
അത് അടിസ്ഥാനരഹിതമായ ഒരു വർത്തമാനമാണ്. നബിﷺ മനുഷ്യനാണെന്നും
മാനുഷിക ഘടനയിൽ മറ്റുള്ളവരെ പോലെത്തന്നെയാണ് അവിടുന്ന് എന്നുമുള്ള, ഖുർആനിന്റെയും സുന്നത്തിന്റെയും വ്യക്തമായ അറിയിപ്പുകൾക്ക് എതിരാണ് ആ വാദം. എല്ലാ മനുഷ്യർക്കും ഉള്ളത് പോലെ നബിﷺക്കും നിഴലുണ്ട്. രിസാലത്ത് (ദിവ്യസന്ദേശം) നൽകി അല്ലാഹു നബിﷺയെ ആദരിച്ചു എന്നതൊരിക്കലും, ഒരു ഉമ്മയിൽ നിന്നും ഉപ്പയിൽ നിന്നും ജനിച്ചുണ്ടായ മനുഷ്യപ്രകൃതിയിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കുന്നില്ല. അല്ലാഹു നബിﷺയോട് പ്രഖ്യാപിക്കുവാൻ കൽപ്പിക്കുന്നു: “(നബിയേ) പറയുക: ‘നിശ്ചയമായും ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു; നിങ്ങളുടെ ഇലാഹു [ആരാധ്യന്‍] ഒരേ ഒരു ഇലാഹാണെന്നു എനിക്കു വഹ്-യു [ഉല്‍ബോധനം] നല്‍കപ്പെടുന്നു. (ഇതാണു എന്റെ പ്രത്യേകത).” (ക്വുർആൻ – 18:110) പ്രവാചകന്മാർ പ്രഖ്യാപിച്ചതും ഇതുതന്നെയാണ്. അല്ലാഹു പറയുന്നു: “അവരോടു അവരുടെ റസൂലുകള്‍ പറഞ്ഞു: ‘ഞങ്ങള്‍ നിങ്ങളെപ്പോലെയുള്ള മനുഷ്യരല്ലാതെ (മറ്റാരും) അല്ല.” (ഖുർആൻ -14 :11) ഇതുപോലെത്തന്നെ, അല്ലാഹുവിന്റെ പ്രകാശത്തിൽ നിന്നുള്ള സൃഷ്ടിയാണ് നബിﷺ എന്ന നിലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് കെട്ടിച്ചമച്ചുണ്ടാക്കപ്പെട്ട കള്ളഹദീഥുമാണ്. (ലജ്നത്തുദ്ദാഇമ)
നബി ﷺ ജനിച്ചത് ചേലാകർമ്മം ചെയ്യപ്പെട്ട നിലയിലായിരുന്നു
കുട്ടികൾ ജനിച്ചാൽ ഏഴാം ദിവസം അവരുടെ ചേലാകർമ്മം നിർവ്വഹിക്കുക എന്നത് അറബികളുടെ പൊതുരീതിയായിരുന്നു. നബി ﷺ ജനിച്ചതിന്റെ ഏഴാം ദിവസം അവിടുത്തെ പ്രപിതാവായ അബ്ദുൽ മുത്വലിബ് ഈ കർമ്മം നിർവ്വഹിച്ചു.
عنِ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ: إِنَّ عَبْدَ المُطَّلِبِ خَتَنَ النَّبِيَّ -ﷺ- يَوْمَ سَابِعِهِ، وجَعَلَ لَهُ مَأْدُبَةً. [الاستيعاب (1/ 151)]
ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: അബ്ദുൽ മുത്വലിബ് നബി ﷺ ജനിച്ച ഏഴാമത്തെ ദിവസം അവിടുത്തെ ചേലാകർമ്മം നിർവ്വഹിച്ചു. അതിനായി ഒരു സദ്യയുമൊരുക്കി. (ഇസ്തീആബ്: 1/151)
എന്നാൽ സാന്ദർഭികമായി ഓർമ്മപ്പെടുത്തട്ടെ, നബി ﷺ ജനിച്ചത് ചേലാകർമ്മം ചെയ്യപ്പെട്ട നിലയിലായിരുന്നു എന്ന് അറിയിക്കുന്ന ഹദീഥുകളെല്ലാം ദുർബലമാണ്. ഇബ്‌നുൽ ഖയ്യിം رَحِمَهُ اللَّهُ പറയുന്നു: നബി ﷺ ചേലാകർമ്മം ചെയ്യപ്പെട്ട നിലയിൽ, സന്തോഷവാനായാണ് ജനിച്ചു വീണത് എന്ന് പറയപ്പെടാറുണ്ട്. ഈ വിഷയത്തിൽ വന്ന ഹദീഥുകൾ സ്ഥിരപ്പെട്ടിട്ടില്ല. കെട്ടിച്ചമക്കപ്പെട്ട ഹദീഥുകൾ ക്രോഡീകരിച്ച ‘അൽ മൗദ്വൂആത്’ എന്ന ഗ്രന്ഥത്തിൽ ഇബ്‌നുൽ ജൗസി ഇത്തരം ഹദീഥുകൾ എടുത്തു നൽകിയിട്ടുണ്ട്. അതിലൊന്ന് പോലും സ്ഥിരപ്പെട്ട ഹദീഥല്ല. ഇക്കാര്യം നബി ﷺ യുടെ പ്രത്യേകതയിൽ പെട്ട കാര്യമാണെന്ന് പറയാനും സാധ്യമല്ല; കാരണം എത്രയോ പേർ ചേലാകർമ്മം ചെയ്യപ്പെട്ട നിലയിൽ ജനിക്കാറുണ്ട്. അറബികൾ പൊതുവെ തങ്ങളുടെ കുട്ടികളുടെ ചേലാകർമ്മം നടത്താറുണ്ടായിരുന്നു എന്നത് വ്യാപകമായി അറിയപ്പെട്ട കാര്യമായതിനാൽ നബി ﷺ യുടെ ചേലാകർമ്മം പ്രത്യേകമായി എടുത്തു പറയേണ്ടതില്ല എന്നാണ് മനസ്സിലാകുന്നത്. വല്ലാഹു അഅ്ലം. (സാദുൽ മആദ്: 1/80)
ഉമർ رَضِيَ اللَّهُ عَنْهُ തന്റെ ജാഹിലിയ്യത്തിൽ സ്വന്തം മകളെ ജീവനോടെ കുഴിച്ച് മൂടിയിട്ടുണ്ട്
ശൈഖ് ഉഥ്മാൻ അൽ ഖമീസ് (ഹഫിദഹുല്ലാഹ്) പറയുന്നു: ജാഹിലിയ്യത്തിലെ പതിവനുസരിച്ച് ഉമർ رَضِيَ اللَّهُ عَنْهُ തന്റെ മകളെ ജീവനോടെ കുഴിച്ച് മൂടിയെന്നത് പല ആളുകൾക്കിടയിലും കുപ്രസിദ്ധി നേടിയ കഥയാണ്. ആ കുട്ടിയെ കുഴിച്ച് മൂടുന്ന സമയത്ത് അവൾ ഉമർ رَضِيَ اللَّهُ عَنْهُ വിന്റെ താടിരോമങ്ങളിലെ മണ്ണ് തട്ടിമാറ്റിയിരുന്നെന്നും ഇസ്‌ലാമിനു ശേഷം ഈ സംഭവമോർത്ത് ഉമർ رَضِيَ اللَّهُ عَنْهُ കരഞ്ഞിരുന്നു എന്നൊക്കെയുണ്ട്. ഉമർ رَضِيَ اللَّهُ عَنْهُ വിന്റെ പേരിലുള്ള ഒരു കള്ളക്കഥയാണിത്. ഇസ്‌ലാമിനു മുമ്പ് ഉമർ رَضِيَ اللَّهُ عَنْهُ കഠിന ഹൃദയനും കൊടും കുറ്റവാളിയുമൊക്കെ ആയിരുന്നുവെന്ന് പറയാനാണ് ഈ കഥ പറയുന്നത്. ഇതൊരിക്കലും സ്വീകാര്യമായ കഥയല്ല. ഒന്നാമത് ഈ കഥയുടെ സനദ് സ്വീകാര്യമല്ല. കാരണമതിൽ ജാബിർ ജുഅ്ഫി എന്ന കള്ള റിപ്പോർട്ടറുണ്ട്. ഉമർ رَضِيَ اللَّهُ عَنْهُ വിന്റെ സഹോദരി ഫാത്വിമ ബിൻത് ഖത്വാബ് رضي الله عنها യും ഉമർ رَضِيَ اللَّهُ عَنْهُ വിന്റെ മകൾ ഹഫ്സ رضي الله عنها യും അവിടെയുണ്ട്. അവർ കുഴിച്ച് മൂടപ്പെട്ടിട്ടില്ല. അല്ലാഹുവിനെ പേടിക്കാത്ത ചില കള്ളന്മാരാണ് ഈ കളവിന് പിന്നിൽ. (https://youtu.be/td24knvyWKI)
ഹജ്ജിന്റെയോ ഉംറയുടെയോ ഭാഗമായ മദീനാ സന്ദ൪ശിക്കൽ
മദീന സന്ദ൪ശനം ഹജ്ജിന്റെയോ ഉംറയുടേയോ ഭാഗമാണെന്നാണ് പലരും ധരിച്ചിട്ടുള്ളത്. ഹജ്ജിന്റെ കർമങ്ങളെല്ലാം നടക്കുന്നത് മക്ക, മിന, അറഫ, മുസ്ദലിഫ എന്നീ മശാഇറുകളിലാണ്. ഉംറയുടെ കർമ്മങ്ങളും മക്കയിൽ മാത്രാമാണ്. മദീനയിൽ ഹജ്ജിന്റെയോ ഉംറയുടെയോ ഒരു കർമവുമില്ല.
പ്രത്യേകം പുണ്യം പ്രതീക്ഷിച്ച് യാത്ര ചെയ്യാന്‍ നബി ﷺ അനുവദിച്ചിട്ടുള്ള മൂന്ന് പള്ളികളിലൊന്ന് മദീനാ പള്ളിയാണ്. പ്രസ്തുത പുണ്യമുദ്ദേശിച്ച് മദീനയില്‍ പോകല്‍ സുന്നത്താണ്.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ “ لاَ تُشَدُّ الرِّحَالُ إِلاَّ إِلَى ثَلاَثَةِ مَسَاجِدَ الْمَسْجِدِ الْحَرَامِ، وَمَسْجِدِ الرَّسُولِ صلى الله عليه وسلم وَمَسْجِدِ الأَقْصَى
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മൂന്ന് പള്ളികളിലേക്കല്ലാതെ നിങ്ങൾ (പുണ്യം പ്രതീക്ഷിച്ച്) യാത്ര ചെയ്യരുത്. മസ്‌ജിദുൽ ഹറാം, റസൂലിന്റെ(സ്വ) പള്ളി (മദീനയിലെ മസ്ജിദുന്നബവി), മസ്‌ജിദുൽ അഖ്‌സാ എന്നിവയാണവ. (ബുഖാരി: 1189)
മറ്റ് ചില കാര്യങ്ങൾ കൂടി പിന്നീട് സൂചിപ്പിക്കുന്നതാണ് إن شاء الله
kanzululoom.com