നബിﷺയുടെ മേൽ സ്വലാത്ത് ചൊല്ലൽ ഏറെ പുണ്യമുള്ള ഒരു കർമ്മമാകുന്നു. നബിﷺയുടെ മേൽ സ്വലാത്ത് ചൊല്ലാന്‍ വേണ്ടി അല്ലാഹു സത്യവിശ്വാസികളോട് കല്പിച്ചിട്ടുള്ളതായി കാണാവുന്നതാണ്.
ﺇِﻥَّ ٱﻟﻠَّﻪَ ﻭَﻣَﻠَٰٓﺌِﻜَﺘَﻪُۥ ﻳُﺼَﻠُّﻮﻥَ ﻋَﻠَﻰ ٱﻟﻨَّﺒِﻰِّ ۚ ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﺻَﻠُّﻮا۟ ﻋَﻠَﻴْﻪِ ﻭَﺳَﻠِّﻤُﻮا۟ ﺗَﺴْﻠِﻴﻤًﺎ
തീര്‍ച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും നബിയോട് കാരുണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ (അല്ലാഹുവിന്റെ) കാരുണ്യവും ശാന്തിയുമുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുക. (ഖു൪ആന്‍: 33/56)
صلوة (സ്വലാത്ത്) എന്ന വാക്കിന് ‘അനുഗ്രഹം, ആശീര്‍വ്വാദം, പ്രാര്‍ത്ഥന’ എന്നൊക്കെ അര്‍ത്ഥം വരും. അല്ലാഹു നബിﷺയുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നു എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹു മലക്കുകളോട് നബി ﷺയെ പ്രശംസിച്ചുകൊണ്ടിരിക്കുന്നു എന്നാണ്. മലക്കുകള്‍ നബിﷺയുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നു എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അവ൪ നബി ﷺ ക്ക് വേണ്ടി പ്രാ൪ത്ഥിച്ചുകൊണ്ടിരിക്കുന്നുവെന്നാണ്. ഇമാം ബുഖാരി(റ) തന്റെ സ്വഹീഹില്‍ അബുല്‍ ആലിയയില്‍ നിന്നും അപ്രകാരമാണ് ഈ ആയത്തിന്റെ വ്യാഖ്യാനത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അല്ലാഹു മലക്കുകളുടെ അടുക്കല്‍ വെച്ച നബി ﷺ യെ പ്രശംസിച്ചുകൊണ്ടിരിക്കുന്നുവെന്നും ആ പ്രശംസകള്‍ വ൪ദ്ധിപ്പിക്കുന്നതിന് വേണ്ടി മലക്കുകള്‍ പ്രാ൪ത്ഥിച്ചുകൊണ്ടിരിക്കുന്നുവെന്നും സത്യവിശ്വാസികളും അപ്രകാരം പ്രാ൪ത്ഥിക്കണമെന്നും ചുരുക്കം.
يُصَلُّونَ (യുസ്വല്ലൂന) എന്നാല്‍ അനുഗ്രഹത്തിനായി പ്രാ൪ത്ഥിക്കുകയെന്നാണ് വിവക്ഷയെന്ന് ഇബനു അബ്ബാസില്‍(റ) നിന്ന് ഇമാം ബുഖാരിതന്നെ(റ) ഉദ്ദരിക്കുന്നുണ്ട്. അല്ലാഹു നബിﷺക്ക് അനുഗ്രഹവും കാരുണ്യവും നല്‍കുന്നുവെന്നും നബി ﷺ ക്ക് അനുഗ്രഹവും കാരുണ്യവും ലഭിക്കുന്നതിന് വേണ്ടി മലക്കുകള്‍ പ്രാ൪ത്ഥിച്ചുകൊണ്ടിരിക്കുന്നുവെന്നും സത്യവിശ്വാസികളും അപ്രകാരം പ്രാ൪ത്ഥിക്കണമെന്നും താല്പര്യം.
ഇവയില്‍ ഏറ്റവും അനുയോജ്യമായത് അബുല്‍ ആലിയയില്‍ നിന്നും ഉദ്ദരിച്ചതാണെന്ന് ഇബ്നു ഹജറുൽ അസ്ഖലാനി(റ) തന്റെ ഫത്ഹുൽ ബാരിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം ഇബ്നുല്‍ ഖയ്യിം(റ) , ശൈഖ് ഉഥൈമീന്‍(റഹി) എന്നിവരെല്ലാം ഈ അഭിപ്രായക്കാരാണ്.
{തീർച്ചയായും അല്ലാഹുവും മലക്കുകളും പ്രവാചകന്റെ മേൽ കാരുണ്യം കാണിക്കുന്നു} പ്രവാചകനോടുള്ള സ്‌നേഹത്താൽ. ഉന്നതലോകത്തുവെച്ച് – അല്ലാഹു മലക്കുകൾക്കിടയിൽവെച്ച് – അദ്ദേഹത്തെ പുകഴ്ത്തുന്നു. അല്ലാഹുവിന്റെ അടുത്തവരായ മലക്കുകളും അദ്ദേഹത്തെ പുകഴ്ത്തുന്നു. അദ്ദേഹത്തിന് വേണ്ടി പ്രാർഥിക്കുകയും താഴ്മ കാണിക്കുകയും ചെയ്യുന്നു. {സത്യവിശ്വാസികളേ, നിങ്ങളും നിങ്ങൾ അദ്ദേഹത്തിന്റെ മേൽ കാരുണ്യവും ശാന്തിയുമുണ്ടാകാൻ പ്രാർഥിക്കുക} സത്യവിശ്വാസികളേ, നിങ്ങളും മലക്കുകളെ പിൻപറ്റിക്കൊണ്ട് അദ്ദേഹത്തിന്റെ മേൽ അനുഗ്രഹങ്ങൾക്കായി പ്രാർഥിക്കുക. നിങ്ങളോട് ചെയ്ത ചില കടമകൾക്കുള്ള പ്രതിഫലമായി, വിശ്വാസത്തിന്റെ പൂർത്തീകരണമായി, ആദരവും ബഹുമാനവും സ്‌നേഹവുമായി; നന്മ വർധിക്കാനും പാപങ്ങൾ പൊറുത്ത് കിട്ടാനും. (തഫ്സീറുസ്സഅ്ദി)
اللَّهُمَّ صَلِّ عَلَى مُحَمَّدٍ ‘അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിൻ’ എന്നാൽ അല്ലാഹുവേ നീ മുഹമ്മദ് നബി ﷺയെ പ്രശംസിക്കണമേ എന്നാണ്. നാം സ്വലാത്ത് ചൊല്ലിയില്ലെങ്കിലും അല്ലാഹു നബിﷺയെ പ്രശംസിച്ചു കൊണ്ടിരിക്കുന്നതാണ്. അപ്പോള്‍ പുതിയ ഒരു കാര്യത്തിനുള്ള പ്രാ൪ത്ഥനയല്ല ഇത്, മറിച്ച് നിലവിലുള്ള പ്രശംസിച്ച് പറയലിനെ വ൪ദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രാ൪ത്ഥനയാണിത്.
وقال الحليمي في الشعب معنى الصلاة على النبي صلى الله عليه وسلم تعظيمه فمعنى قولنا اللهم صل على محمد عظم محمدا والمراد تعظيمه في الدنيا بإعلاء ذكره وإظهار دينه وابقاء شريعته وفي الآخرة باجزال مثوبته وتشفيعه في أمته وابداء فضيلته بالمقام المحمود وعلى هذا فالمراد بقوله تعالى صلوا عليه ادعوا ربكم بالصلاة عليه
നബിﷺയുടെ മേലുള്ള സ്വലാത്ത് എന്നാൽ നബി ﷺയെ പുകഴ്ത്തലാണ്. اللَّهُمَّ صَلِّ عَلَى مُحَمَّدٍ ‘അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിൻ’ എന്നാൽ അല്ലാഹുവേ നീ മുഹമ്മദ് നബിയെ പുകഴ്ത്തേണമേ എന്നാണ്. അത് ഐഹിക ജീവിതത്തിൽ അദ്ദേഹത്തിന്റെ പ്രശസ്തി വർദ്ധിപ്പിക്കലും അദ്ദേഹത്തിലുടെ പൂർത്തീകരിക്കപ്പെട്ട മതത്തിന്റെ സ്വീകാര്യത പ്രകടമാക്കലും (വർദ്ധിപ്പിക്കലും), അദ്ദേഹം നൽകിയ ശരീഅത്തിനെ നിലനിർത്തലുമാണ്. പാരത്രിക ജീവിതത്തിലാകട്ടെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകലും, തന്റെ സമുദായത്തിനുള്ള ശുപാർശക്കുള്ള അവസരം നൽകലും, മഖാമൻ മഹ്മൂദൻ എന്ന പദവിയിൽ അദ്ദേഹത്തിനെ ഉന്നതനാക്കലുമാണ്. അതിനാൽ സ്വല്ലൂ അലൈഹി എന്ന് പറയുമ്പോൾ ഇവക്കെല്ലാമുള്ള പ്രാർത്ഥനയാണ് അതിലടങ്ങിയിട്ടുള്ളത് (ഫത്ഹുൽ ബാരി :11/156)
ഇമാം ഇബ്നുല്‍ ഖയ്യിം(റ) പറയുന്നു: നബിﷺക്ക് വേണ്ടി സ്വലാത്ത് ചൊല്ലാന്‍ അല്ലാഹു കല്‍പ്പിക്കുന്നതിന്റെ ഉദ്ദേശ്യം, അല്ലാഹുവും മലക്കുകളും എന്തൊരു സ്വലാത്താണോ നി൪വ്വഹിക്കുന്നത് അതിനായി പ്രാ൪ത്ഥിക്കാനാണ് എന്നാണ്. അതായത് അദ്ദേഹത്തെ പുകഴ്ത്തുകയും അദ്ധേഹത്തിന്റെ മഹത്വവും ശ്രേഷ്ടതയും പ്രകടമാക്കലും അദ്ദേഹത്തെ ബഹുമാനിക്കലും അദ്ദേഹത്തിന് അല്ലാഹുവുമായുള്ള സാമീപ്യത്തെ അധികരിപ്പിക്കാന്‍ ഉദ്ദേശിക്കലുമാണ്. അത് അല്ലാഹു അദ്ദേഹത്തിന് നല്‍കിയ ആദരവുകളെ എടുത്ത് പറയലും അതിനായി അല്ലാഹുവോട് തേടലുമാണ്. പ്രസ്തുത തേട്ടത്തേയും പ്രാ൪ത്ഥനയേയുമാണ് ഇവിടെ സ്വലാത്ത് കൊണ്ട് ഉദ്ദേശിക്കുന്നത്.(ജലാഉല്‍ അഫ്ഹാം ഫി സ്വലാത്തി അലാ ഖൈരില്‍ അനാം)
ശൈഖ് ഉഥൈമീന്‍(റഹി) പറയുന്നു: ഇവ്വിഷയത്തില്‍ പറയപ്പെട്ടിട്ടുള്ള ഏറ്റവും നല്ല അഭിപ്രായം അബുല്‍ ആലിയയുടേതാണ്. അദ്ദേഹം പറഞ്ഞു: നബി ﷺ യുടെ മേലുള്ള അല്ലാഹുവിന്റെ സ്വലാത്ത് ‘ഉന്നതമായ (മലക്കുകളുടെ) സംഘത്തില്‍’ വെച്ച് അദ്ദേഹത്തെ പ്രശംസിക്കലാണ്. ‘അല്ലാഹുമ്മ സ്വല്ലി അലൈഹി’ എന്ന് പറയുന്നതിന്റെ അര്‍ത്ഥം ‘അല്ലാഹുവേ, ഉന്നതമായ സംഘത്തില്‍ വെച്ച് അദ്ദേഹത്തെ പ്രശംസിക്കണേ, എന്നാണ്. അതായത് അല്ലാഹുവിന്റെ സമീപസ്ഥരായ മലക്കുകളുടെ അടുത്ത് വെച്ച്. (അശ്ശറഹുല്‍ മുമ്തിഉ – 3/163)
സ്വലാത്തിന്റെ ഭാഷാര്‍ത്ഥങ്ങളില്‍ പെട്ട ഈ രണ്ട് നിര്‍വചനങ്ങളും സ്വീകരിച്ചാലും പരസ്പര വിരുദ്ധമാകുന്നില്ലെന്നതാണ് വസ്തുത.
സ്വലാത്തിന്റെ രൂപം
സ്വലാത്ത് ചൊല്ലേണ്ടത് എപ്രകാരമായിരിക്കണമെന്ന് നബി ﷺ തന്റെ സ്വഹാബികളുടെ ചോദ്യത്തിന് മറുപടിയായി അവ൪ക്ക് വിവരിച്ചുകൊടുത്തിട്ടുണ്ട്.
അബ്ദു൪റഹ്മാനു ബ്നു അബൂലൈലയില്‍(റ)നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. എന്നെ കഅബുബ്‌നു ഉജ്റ(റ) കണ്ടുമുട്ടിയപ്പോള്‍ എന്നോടായി അദ്ദേഹം പറഞ്ഞു. നബിﷺയില്‍ നിന്നും എനിക്ക് ലഭിച്ച ഒരു ഹദ്’യ (പാരിതോഷികം) ഞാന്‍ താങ്കള്‍ക്ക് സമ്മാനിക്കാം. തുട൪ന്ന് അദ്ദേഹം പറഞ്ഞു: സലാം ചൊല്ലേണ്ടത് അല്ലാഹു ഞങ്ങള്‍ക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്.എങ്ങനെയാണ് താങ്കള്‍ക്കും കുടുംബത്തിനും സ്വലാത്ത് ചൊല്ലേണ്ടതെന്ന് ഞാന്‍ നബി ﷺ യോട് ചോദിച്ചു. അപ്പോള്‍ നബി ﷺ പറഞ്ഞു: നിങ്ങൾ ഇപ്രകാരം സ്വലാത്ത് ചൊല്ലുക:
اَللهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ ، اَللهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ
“ അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍ വഅലാ ആലി മുഹമ്മദിന്‍ കമാ സ്വല്ലയ്ത അലാ ഇബ്റാഹീമ വ അലാ ആലി ഇബ്റാഹീമ ഇന്നക ഹമീദുന്‍ മജീദ്. അല്ലാഹുമ്മ ബാരിക് അലാ മുഹമ്മദിന്‍ വ അലാ ആലി മുഹമ്മദിന്‍ കമാ ബാറക്’ത അലാ ഇബ്റാഹീമ വ അലാ ആലി ഇബ്റാഹീമ ഇന്നക ഹമീദുന്‍ മജീദ് ”
അല്ലാഹുവേ, ഇബ്രാഹീമിനും (അ) കുടുംബത്തിനും മേല്‍ നീ സ്വലാത്ത് (രക്ഷയും സമാധാനവും) ചൊരിഞ്ഞതുപോലെ മുഹമ്മദ് നബി ﷺ ക്കും കുടുംബത്തിനും മേലും നീ രക്ഷയും സമാധാനവും ചൊരിയേണമേ. തീര്‍ച്ചയായും, നീ വളരെയധികം സ്തുതിക്കപ്പെടുന്നവനും അതിമഹത്വമുള്ളവനുമാണ്. അല്ലാഹുവേ, ഇബ്രാഹീമിനേയും(അ) കുടുംബത്തേയും നീ അനുഗ്രഹിച്ചതുപോലെ മുഹമ്മദ് നബി ﷺ യേയും കുടുംബത്തേയും നീ അനുഗ്രഹിക്കേണമേ. തീര്‍ച്ചയായും, (അല്ലാഹുവേ), നീ വളരെ അധികം സ്തുതിക്കപ്പെടുന്നവനും, അതിമഹത്വമുള്ളവനുമാണ്.(ബുഖാരി)
ഇതാണ് ഇബ്രാഹീമിയ സ്വലാത്ത് എന്നറിയപ്പെടുന്നത്. ഇതേ ആശയത്തില്‍ തന്നെ ചെറിയ ചില മാറ്റങ്ങളോടെ വേറെയും ഹദീസുകളില്‍ സ്വഹീഹായി വന്നിട്ടുണ്ട്. അവയെല്ലാം നമുക്ക് സ്വീകരിക്കാവുന്നതാണ്.
നബിﷺയുടെ മേൽ സ്വലാത്ത് ചൊല്ലാന്‍ വേണ്ടി അല്ലാഹു സത്യവിശ്വാസികളോട് കല്പിച്ചിട്ടുണ്ട്. അപ്രകാരം സ്വലാത്ത് ചൊല്ലാനായി നബി ﷺ യും നി൪ദ്ദേശിച്ചിട്ടുണ്ട്.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : لاَ تَجْعَلُوا بُيُوتَكُمْ قُبُورًا وَلاَ تَجْعَلُوا قَبْرِي عِيدًا وَصَلُّوا عَلَىَّ فَإِنَّ صَلاَتَكُمْ تَبْلُغُنِي حَيْثُ كُنْتُمْ
നബി ﷺ പറഞ്ഞു: എന്റെ ഖബറിടം നിങ്ങള്‍ ഉത്സവം, ഈദ്, ഉറൂസ് സ്ഥലമാക്കരുത്. എന്റെ മേല്‍ സ്വലാത്ത് ചൊല്ലുക. നിങ്ങള്‍ എവിടെയാണെങ്കിലും നിങ്ങളുടെ സ്വലാത്ത് എനിക്ക് എത്തുന്നതാണ്.(അബൂദാവൂദ് :2042 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
عَنْ عَبْدِ اللَّهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ لِلَّهِ مَلاَئِكَةً سَيَّاحِينَ فِي الأَرْضِ يُبَلِّغُونِي مِنْ أُمَّتِي السَّلاَمَ
നബി ﷺ പറഞ്ഞു: അല്ലാഹുവിന് ഭൂമിയില്‍ ചുറ്റി സഞ്ചരിക്കുന്ന ഒരു കൂട്ടം മലക്കുകളുണ്ട്. എന്റെ സമുദായത്തില്‍ നിന്നുള്ള സലാം (സ്വലാത്ത്) അവര്‍ എനിക്ക് എത്തിക്കുന്നതാണ്.(നസാഇ :1282 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : مَا مِنْ أَحَدٍ يُسَلِّمُ عَلَىَّ إِلاَّ رَدَّ اللَّهُ عَلَىَّ رُوحِي حَتَّى أَرُدَّ عَلَيْهِ السَّلاَمَ
നബി ﷺ പറഞ്ഞു: വല്ലവനും എന്റെ മേല്‍ സലാം ചൊല്ലിയാല്‍ അത് മടക്കുന്നതുവരെ അല്ലാഹു എന്റെ റൂഹിനെ എന്റെ മേല്‍ ഇടുന്നതാണ്. (അബൂദാവൂദ് :2041 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
قال ابن الجوزي رحمه الله تعالى : إذا أراد الله بعبده خيرًا يسر لسانه للصلاة على محمد
ഇബ്നുൽ ജൗസി رحمه اللهപറഞ്ഞു: അല്ലാഹു തൻ്റെ അടിമക്ക് നന്മ ഉദ്ദേശിച്ചാൽ മുഹമ്മദ് ﷺ യുടെ മേൽ സ്വലാത്ത് ചൊല്ലുന്നത് അവൻ്റെ നാവിന് എളുപ്പമാക്കി കൊടുക്കും. بستان الواعظين【١/٣٠٠】
സ്വലാത്തിന്റെ ശ്രേഷ്ടതകള്‍
1.അല്ലാഹു പത്ത് പ്രാവശ്യം സ്വലാത്ത് നേരുന്നതാണ്
عَنْ أَبِى هُرَيْرَةَ أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ مَنْ صَلَّى عَلَىَّ وَاحِدَةً صَلَّى اللَّهُ عَلَيْهِ عَشْرًا
അബൂ ഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വല്ലവനും എന്റെ പേരില്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവനുവേണ്ടി പത്ത് സ്വലാത്ത് ചൊല്ലുന്നതാണ്. ( മുസ്ലിം: 408)
അല്ലാഹു അവനു വേണ്ടി പത്ത് സ്വലാത്ത് ചൊല്ലുന്നതാണെന്ന് പറഞ്ഞാല്‍ അവനെ കുറിച്ച് പ്രശംസിച്ച് പറയുമെന്നും അവനെ അനുഗ്രഹിക്കുമെന്നുമാണ്.
ശൈഖ് സ്വാലിഹ് അൽ ഉസൈമീൻ رَحِمَـﮧُ اللَّـﮧُ പറഞ്ഞു: ഇത് മഹത്തായൊരു അനുഗ്രഹമാകുന്നു. നീ اللهمَّ صَلِّ على محمد എന്ന് പറഞ്ഞാൽ അതുകൊണ്ട് അർത്ഥമാക്കുന്നത് “അല്ലാഹുവേ, നബി-ﷺ-യെ ഉന്നതമായ നിന്റെ സന്നിധിയിൽ വെച്ച് പുകഴ്ത്തേണമേ” എന്നാകുന്നു. അപ്പോൾ അല്ലാഹു നിന്നെ പത്ത് തവണ അവന്റെ മഹത്തായ സന്നിധിയിൽ വെച്ച് പുകഴ്ത്തും. (അല്ലാഹുവെ നിനക്കാകുന്നു സർവസ്തുതിയും.) നബി-ﷺ-യുടെ മേൽ ധാരാളമായി സ്വലാത്ത് ചൊല്ലാൻ പ്രേരിപ്പിക്കുന്നതാകുന്നു ഈ ഹദീസ്. (അത്തഅ്ലീക്ക് അലാ സ്വഹീഹി മുസ്ലിം: 3/93)
2.പദവികള്‍ ഉയര്‍ത്തപ്പെടും
3.നന്‍മകള്‍ രേഖപ്പെടുത്തും
4.പാപങ്ങള്‍ മായ്ക്കപ്പെടും
عن أبي بردة بن نيار رضي الله عنه قال قال رسول الله صلى الله عليه وسلم قال: من صلى علي من أمتي صلاة مخلصا من قلبه صلى الله عليه بها عشر صلوات ورفعه بها عشر درجات وكتب له بها عشر حسنات ومحا عنه عشر سيئات
അബൂബര്‍ദതു ബ്നുനയ്യാറില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : എന്റെ ഉമ്മത്തില്‍ നിന്നും വല്ലവനും നിഷ്കളങ്ക ഹൃദയത്തോടെ എന്റെ മേല്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവന് പത്ത് സ്വലാത്ത് ചൊല്ലുകയും അവന് അതു മുഖേന പത്ത് പദവികള്‍ ഉയര്‍ത്തുകയും അതുമൂലം പത്ത് നന്‍മകള്‍ രേഖപ്പെടുത്തുകയും പത്ത് പാപങ്ങള്‍ മായ്ക്കപ്പെടുകയും ചെയ്യുന്നതാണ്. (നസാഇ – ത്വബ്റാനി – അല്‍ബാനിയുടെ സ്വഹീഹുത്തര്‍ഗീബ് വത്തര്‍ഹീബ് :2/1659)
5.അന്ത്യനാളില്‍ നബിﷺയുടെ അടുപ്പം ലഭിക്കും
عن ابن مسعود رضي الله عنه قال قال رسول الله صلى الله عليه وسلم إن أولى الناس بي يوم القيامة أكثرهم علي صلاة
ഇബ്നുമസ്ഊദില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : അന്ത്യനാളില്‍ എന്നോട് ഏറ്റവും അടുത്തവര്‍ എന്റെ മേല്‍ കൂടുതല്‍ സ്വലാത്ത് ചൊല്ലിയവരായിരിക്കും. (തിര്‍മിദി – ഇബ്നുഹിബ്ബാന്‍ – അല്‍ബാനിയുടെ സ്വഹീഹുത്തര്‍ഗീബ് വത്തര്‍ഹീബ് : 2/1668)
عن أبي أمامة رضي الله عنه قال قال رسول الله صلى الله عليه وسلم أكثروا علي من الصلاة في كل يوم الجمعة فإن صلاة أمتي تعرض علي في كل يوم جمعة فمن كان أكثرهم علي صلاة كان أقربهم مني منزلة
അബൂഉമാമയില്‍ (റ) നിന്ന് നിവേദനം:നബി ﷺ പറഞ്ഞു :നിങ്ങള്‍ വെള്ളിയാഴ്ചകളില്‍ എനിക്കുവേണ്ടി സ്വലാത്തുകള്‍ അധികരിപ്പിക്കുക. വെള്ളിയാഴ്ചകളില്‍ നിങ്ങള്‍ ചൊല്ലുന്ന സ്വലാത്തുകള്‍ എനിക്ക് കാണിക്കപ്പെടുന്നതാണ്. ആരാണോ എനിക്കായി സ്വലാത്തുകള്‍ അധികം ചൊല്ലുന്നത് അവരായിരിക്കും എന്നോട് ഏറ്റവും അടുത്തവര്‍. (ബൈഹഖി – അല്‍ബാനിയുടെ സ്വഹീഹുത്തര്‍ഗീബു വത്തര്‍ഹീബ് : 1673)
6.പ്രാ൪ത്ഥനക്ക് ഉത്തരം ലഭിക്കും
عن عبدالله بن بسر: الدعاءُ كلُّه محجوبٌ حتى يكونَ أولُه ثناءً على اللهِ عزَّ وجلَّ وصلاةً على النبيِّ صلّى اللهُ عليهِ وسلَّمَ ثم يدعو فيُستجابُ لدُعائِه
നബി ﷺ യുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നതുവരെ എല്ലാ ദുആയും (പ്രാര്‍ത്ഥനയും) മറഞ്ഞിരിക്കുന്നതാകുന്നു. (സില്‍സിലത്തു സ്വഹീഹ :2035 – സ്ഹീഹ് ജാമിഉ :4523)
قال ابن تيمية – رحمه الله – الصلاة عليه ﷺ: قبل الدعاء، و وسطه، وآخره، من أقوى الأسباب التي يرجى بها إجابة_الدعاء
ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ -رحمه الله- പറഞ്ഞു: ദുആഇന്റെ പ്രാരംഭത്തിലും, അതിന്റെ ഇടയിലും, അതിന്റെ അവസാനത്തിലും നബി ﷺ യുടെ മേല്‍ സ്വലാത്ത് ചൊല്ലുക എന്നത് ഉത്തരം ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടാവുന്ന കാരണങ്ങളിൽ പെട്ടതാണ്. (الإقتضاء : ٢٤٩/٢)
7.പരലോകത്ത് നബിﷺയുടെ ശുപാര്‍ശ ലഭിക്കും
عَنْ أَبِي الدَّرْدَاءِ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: مَن صلى عَلَيَّ حين يُصْبِحُ عَشْرًا، وحين يُمْسِي عَشْرًا أَدْرَكَتْه شفاعتي يومَ القيامةِ
അബുദ്ദർദ്ദാഅ് (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും എന്റെ മേല്‍ രാവിലെ പത്തും വൈകുന്നേരം പത്തും സ്വലാത്ത് ചൊല്ലിയാല്‍ അവര്‍ക്ക് എന്റെ പരലോക ശുപാര്‍ശ ഖിയാമത്ത് നാളില്‍ ലഭിക്കപ്പെടും.(സ്ഹീഹ് ജാമിഅ് :6357)
8.മന:ക്ളേശങ്ങള്‍ മാറിക്കിട്ടും
أنّ رجلا قال يا رسول الله إني أكثر الصلاة ، فما أجعل لك من صلاتي ؟ قال ما شئت، قال الثلث، قال ماشئت ، وإن زدت فهو خير – إلى أن قال – أجعل لك كل صلاتي . قال إذا تكفى همك أخرجه
ഉബയ്യുബ്നു കഅബില്‍ (റ) നിന്ന് നിവേദനം:ഒരാള്‍ നബി ﷺ യോട് ചോദിച്ചു : ഞാന്‍ താങ്കളുടെ മേല്‍ സ്വലാത്ത് അധികരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു. എത്രയാണ് ഞാന്‍ സ്വലാത്ത് ചൊല്ലേണ്ടത് ? അദ്ദേഹം പറഞ്ഞു: നീ ഉദ്ദേശിക്കുന്നത്ര ചൊല്ലുക. എങ്കില്‍ (രാത്രിയുടെ) മൂന്നിലൊന്ന്? അദ്ദേഹം പറഞ്ഞു: നീ ഉദ്ദേശിക്കുന്നത്ര ചൊല്ലുക. നീ അതിനേക്കാള്‍ വര്‍ദ്ധിപ്പിച്ചാല്‍ അത് ഗുണം തന്നെയാണ്. അങ്ങിനെ അദ്ദേഹം, എങ്കില്‍ ഞാന്‍ (രാത്രി മുഴുവനായും) സ്വലാത്ത് ചൊല്ലുമെന്ന് അദ്ദേഹം പറയും വരെ (സംസാരം നീണ്ടുപോയി) എങ്കില്‍ നിന്റെ മന:ക്ളേശങ്ങള്‍ (നീങ്ങാന്‍) അത് മതിയാകുന്നതാണ്.(അഹ്മദ് – സ്വഹീഹുജാമിഉതിര്‍മിദി : 4/636, 2457)
9.മലക്കുകളുടെ സ്വലാത്ത് ലഭിക്കും
عَنْ عَبْدَ اللَّهِ بْنَ عَامِرِ بْنِ رَبِيعَةَ، عَنْ أَبِيهِ،، قَالَ : سَمِعْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : مَا مِنْ عَبْدٍ يُصَلِّي عَلَيَّ إِلا صَلَّتْ عَلَيْهِ الْمَلائِكَةُ مَا صَلَّى عَلَيَّ
നബി ﷺ പറഞ്ഞു : ഒരാള്‍ എനിക്ക് വേണ്ടി സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്കുമ്പോഴെല്ലാം മലക്കുകള്‍ അയാള്‍ക്കു വേണ്ടിയും സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്കും (അഹ്മദ്)
10. ദുനിയാവിന്റെയും ആഖിറത്തിന്റെയും കാര്യങ്ങൾക്ക് പരിഹാരം
عن أبي بن كعب رضي الله عنه: قال رجلٌ: يا رسولَ اللهِ أرأيتَ إن جعلْتُ صلاتي كلَّها عليك، قال: إذًا يكفيك اللهُ تبارك وتعالى ما أهمَّك من دُنياك وآخرتِك
ഒരാൾ പറഞ്ഞു :“എന്റെ സ്വലാത്ത് മുഴുവൻ ഞാൻ അങ്ങയുടെ പേരിൽ ആക്കിയാൽ അങ്ങയുടെ അഭിപ്രായം എന്താണ്?” നബി ﷺ പറഞ്ഞു: “എങ്കിൽ നിന്റെ പ്രശ്നമാകുന്ന ദുനിയാവിന്റെയും ആഖിറത്തിന്റെയും കാര്യങ്ങൾ തീർത്തുതരാൻ അല്ലാഹു മതി.” (സ്വഹീഹുത്തർഗീബ്:1670)
നബിﷺയുടെ മേല്‍ സ്വലാത്ത് ചൊല്ലാത്തവരെ നബി ﷺ ആക്ഷേപിക്കുന്നതായും കാണാവുന്നതാണ്.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : رَغِمَ أَنْفُ رَجُلٍ ذُكِرْتُ عِنْدَهُ فَلَمْ يُصَلِّ عَلَىَّ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു:എന്നെ കുറിച്ച് തന്റെ അരികിൽ പറയപ്പെട്ട ശേഷം എനിക്ക് മേൽ സ്വലാത് ചൊല്ലാത്തവനെ അല്ലാഹു അപമാനിതനാക്കട്ടെ. (തിർമിദി: 3545 – അൽബാനി ഹസനുൻ സ്വഹീഹ് എന്ന് വിശേഷിപ്പിച്ചു)
عن حسين رضي الله عنه عن النبي صلى الله عليه وسلم قال البخيل من ذكرت عنده فلم يصل علي
ഹുസൈനില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : എന്റെ പേര് ഒരാളുടെ അടുക്കല്‍ പറയപ്പെട്ട്, എന്നിട്ട് എന്റെ മേല്‍ സ്വലാത്ത് ചൊല്ലാത്തവനാണ് പിശുക്കന്‍.(നസാഇ – ഇബ്നുഹിബ്ബാന്‍ – ഹാകിം – തിര്‍മിദി – അല്‍ബാനിയുടെ സ്വഹീഹുത്തര്‍ഗീബ് വത്തര്‍ഹീബ്: 2/1683)
وعن ابن عباس رضي الله عنهما قال قال رسول الله صلى الله عليه وسلم من نسي الصلاة علي خطىء طريق الجنة
ഇബ്നു അബ്ബാസില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : എന്റെ മേല്‍ സ്വലാത്ത് മറന്നു പോകുന്നവന്‍ സ്വര്‍ഗത്തിലേക്കുള്ള വഴിയില്‍ പിഴവ് സംഭവിച്ചവനാണ്.(ഇബ്നുമാജ, ത്വബ്റാനി, അല്‍ബാനിയുടെ സ്വഹീഹു ത്തര്‍ഗീബ് വത്തര്‍ഹീബ്:2/1682)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : رَغِمَ أَنْفُ رَجُلٍ ذُكِرْتُ عِنْدَهُ فَلَمْ يُصَلِّ عَلَىَّ
അബൂഹുറൈറയില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : ഏതൊരാളുടെ അടുക്കല്‍, എന്നെക്കുറിച്ചു പറയപ്പെടുകയും എന്നിട്ട് എന്റെ മേല്‍ സ്വലാത്ത് ചൊല്ലാതിരിക്കുകയും ചെയ്താല്‍ അവന്‍ നശിക്കട്ടെ (അല്‍ബാനിയുടെ (തിര്‍മിദി : 3545 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
قال ومن ذكرت عنده فلم يصل عليك فمات فدخل النار فأبعده الله
അബൂഹുറൈറയില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : ഏതൊരാളുടെ അടുക്കല്‍, എന്നെക്കുറിച്ചു പറയപ്പെടുകയും എന്നിട്ട് അവന്‍ എന്റെ മേല്‍ സ്വലാത്ത് ചൊല്ലാതിരിക്കുകയും ചെയ്താല്‍, അവന്‍ മരണപ്പെട്ടാല്‍ നരകത്തില്‍ പ്രവേശിക്കുന്നതാണ്. അല്ലാഹു അതിനെ (നമ്മില്‍ നിന്ന്) അകറ്റുമാറാകട്ടെ. (സ്വഹീഹുത്തര്‍ഗീബ് വത്തര്‍ഹീബ് :2/2491)
عن كعب بن عجرة قال قال رسول الله صلى الله عليه وسلم بعد من ذكرت عنده فلم يصل عليك
കഅബു ബ്നുഉജ്റയില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : ഏതൊരാളുടെ അടുക്കല്‍, എന്നെക്കുറിച്ചു പറയപ്പെടുകയും, എന്നിട്ട് എന്റെ മേല്‍ സ്വലാത്ത് ചൊല്ലാതിരിക്കുകയും ചെയ്യുന്നുവോ അവന്‍ എന്നില്‍ നിന്നും അകന്നു പോകട്ടെ.(സ്വഹീഹുത്തര്‍ഗീബ് വത്തര്‍ഹീബ് :2/1677)
عن جابر قال قال رسول الله صلى الله عليه وسلم شقي عبد ذكرت عنده ولم يصل علي
ജാബിറില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : ഏതൊരാളുടെ അടുക്കല്‍ എന്നെക്കുറിച്ച് പറയുകയും ശേഷം അവന്‍ എന്റെ മേല്‍ സ്വലാത്ത് ചൊല്ലാതിരിക്കുകയും ചെയ്തുവോ അവന്‍ ക്ളേശത്തിലായിക്കഴിഞ്ഞു. (സ്വഹീഹു അദബുല്‍ മുഫ്റദ് :1/224 , 644)
عن قتادة عن النبي صلى الله عليه وسلم من الجفاء أن أذكر عند الرجل فلا يصلي علي
ഖതാദയില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : ഒരാളുടെ അരികില്‍ എന്നെ സംബന്ധിച്ച പറയപ്പെടുകയും എന്നിട്ട് അവന്‍ എന്റെ മേല്‍ സ്വലാത്ത് ചൊല്ലിയിട്ടില്ലെങ്കില്‍ അവന്‍ പിണക്കത്തിലായിക്കഴിഞ്ഞു.(അബ് ദുര്‍ റസാഖ്)
സ്വലാത്ത് ചൊല്ലല്‍ പ്രത്യേകം സുന്നത്തായ സന്ദ൪ഭങ്ങള്‍
1.നബിﷺയുടെ പേര് കേള്‍ക്കുമ്പോള്‍
നബി ﷺ യുടെ പേര് കേള്‍ക്കുമ്പോള്‍ സ്വലാത്ത് ചൊല്ലല്‍ സുന്നത്താണ്. صَلَّى اللهُ عَلَيْهِ وَسَلَّمَ എന്ന് ചുരുങ്ങിയ രീതിയിലെങ്കിലും നബിﷺയുടെ പേര് കേള്‍ക്കുമ്പോള്‍ പറയേണ്ടതാണ്.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : رَغِمَ أَنْفُ رَجُلٍ ذُكِرْتُ عِنْدَهُ فَلَمْ يُصَلِّ عَلَىَّ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു:എന്നെ കുറിച്ച് തന്റെ അരികിൽ പറയപ്പെട്ട ശേഷം എനിക്ക് മേൽ സ്വലാത് ചൊല്ലാത്തവനെ അല്ലാഹു അപമാനിതനാക്കട്ടെ. (തിർമിദി: 3545 – അൽബാനി ഹസനുൻ സ്വഹീഹ് എന്ന് വിശേഷിപ്പിച്ചു)
2.പള്ളിയില്‍ പ്രവേശിക്കുമ്പോല്‍
നബി ﷺ പള്ളിയില്‍ പ്രവേശിക്കുമ്പോള്‍ ഇപ്രകാരം ചൊല്ലാറുണ്ടായിരുന്നു.
بِسْمِ اللهِ ، وَالصَّلاةُ وَالسَّلاَمُ عَلَى رَسُولِ اللهِ اَللهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ ،
ബിസ്മില്ലാഹി, വസ്സ്വലാതു വസ്സലാമു അലാ റസൂലില്ലാഹി, അല്ലാഹുമ്മ ഇഫ്‌തഹ്’ലീ അബ്’വാബ റഹ്മതിക.
അല്ലാഹുവിന്റെ നാമത്തില്‍, അല്ലാഹുവിന്റെ ദൂതന്റെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹവും രക്ഷയുമുണ്ടാകട്ടെ. അല്ലാഹുവേ, നിന്റെ പരമകാരുണ്യത്തിന്റെ കവാടങ്ങള്‍ നീ എനിക്ക് തുറന്നു തരേണമേ.(ഇബ്നുമാജ :771 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
3.പള്ളിയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍
നബി ﷺ പള്ളിയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ഇപ്രകാരം ചൊല്ലാറുണ്ടായിരുന്നു.
بِسْمِ اللهِ وَالصَّلاَةُ وَالسَّلاَمُ عَلَى رَسُولِ اللهِ اَللّهُمَّ إِنِّي أَسْأَلُكَ مِنْ فَضْلِ
ബിസ്മില്ലാഹി, വസ്സ്വലാത്തു വസ്സലാമു അലാ റസൂലില്ലാഹി, അല്ലാഹുമ്മ ഇന്നീ അസ്അലുക മിന്‍ ഫള്’ലിക.
അല്ലാഹുവിന്റെ നാമത്തില്‍, അല്ലാഹുവിന്റെ ദൂതന്റെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹവും രക്ഷയുമുണ്ടാകട്ടെ.അല്ലാഹുവേ, നിന്റെ ഔദാര്യവിഭവത്തില്‍നിന്ന് ഞാന്‍ ചോദിക്കുന്നു.(ഇബ്നുമാജ :771 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു , മുസ്ലിം :713)
4.നമസ്കാരത്തില്‍ തശഹ്ഹുദില്‍ (അത്തഹിയാത്തില്‍)
നബി ﷺ നമസ്കാരത്തില്‍ തശഹ്ഹുദില്‍ (അത്തഹിയാത്തില്‍) ഇപ്രകാരം സ്വലാത്ത് (ഇബ്രാഹീമിയ സ്വലാത്ത് ) ചൊല്ലിയിരുന്നു.(ബുഖാരി : 337)
اَللهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ ، اَللهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ
സുബ്ഹി നമസ്കാരത്തില്‍ തശഹ്ഹുദിലും മറ്റ് ഫ൪ള് നമസ്കാരങ്ങളില്‍ രണ്ടാമത്തെ
തശഹ്ഹുദിലും സ്വലാത്ത് നി൪ബന്ധമായും ചൊല്ലേണ്ടതാണ്. ഒന്നാമത്തെ തശഹ്ഹുദിലും സ്വലാത്ത് ചൊല്ലാവുന്നതാണ്.
5.മയ്യിത്ത് നമസ്കാരത്തില്‍ രണ്ടാം തക്ബീറിന് ശേഷം
നബി ﷺ മയ്യിത്ത് നമസ്കാരത്തില്‍ രണ്ടാം തക്ബീറിന് ശേഷം ഇബ്രാഹീമിയ സ്വലാത്ത് ചൊല്ലിയിരുന്നു.(ബുഖാരി, മുസ്ലിം)
6.എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും
നബി ﷺ പറഞ്ഞു: ആരെങ്കിലും എന്റെ മേല്‍ രാവിലെ പത്തും വൈകുന്നേരം പത്തും ഇപ്രകാരം സ്വലാത്ത് ചൊല്ലിയാല്‍ അവര്‍ക്ക് എന്റെ ശഫാഅത്ത് (പരലോക ശുപാര്‍ശ) ഖിയാമത്നാളില്‍ ലഭിക്കപ്പെടും. (സ്വഹീഹ് ജാമിഉ :2357)
اللَّهُمَّ صَلِّ وَ سَلِّمْ عَلَى نَبِيِّنَا مُحَمَّدٍ
അല്ലാഹുമ്മ സ്വല്ലി വ സല്ലിം അലാ നബിയ്യിനാ മുഹമ്മദിന്‍.
അല്ലാഹുവേ, ഞങ്ങളുടെ നബി മുഹമ്മദ് ﷺ യുടെ മേല്‍ നിന്റെ അനുഗ്രഹവും രക്ഷയും ചൊരിയേണമേ.
7.വെള്ളിയാഴ്ച ദിവസം
عن أبي أمامة رضي الله عنه قال قال رسول الله صلى الله عليه وسلم أكثروا علي من الصلاة في كل يوم الجمعة فإن صلاة أمتي تعرض علي في كل يوم جمعة فمن كانأكثرهم علي صلاة كان أقربهم مني منزلة
അബൂഉമാമയില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങള്‍ വെള്ളിയാഴ്ചകളില്‍ എനിക്കുവേണ്ടി സ്വലാത്തുകള്‍ അധികരിപ്പിക്കുക. വെള്ളിയാഴ്ചകളില്‍ നിങ്ങള്‍ ചൊല്ലുന്ന സ്വലാത്തുകള്‍ എനിക്ക് കാണിക്കപ്പെടുന്നതാണ്. ആരാണോ എനിക്കായി സ്വലാത്തുകള്‍ അധികം ചൊല്ലുന്നത് അവരായിരിക്കും എന്നോട് ഏറ്റവും അടുത്തവര്‍. (ബൈഹഖി – അല്‍ബാനിയുടെ സ്വഹീഹുത്തര്‍ഗീബു വത്തര്‍ഹീബ് : 1673)
عَن أَنسٍ – رَضِيَ الله عَنهُ – قَالَ : قَالَ رَسُولُ اللّٰه ﷺ : ” أَكثِرُوا الصَّلَاة عَليَّ يَومَ الجُمُعَةِ وَلَيلَةَ الجُمُعَةِ ، فَمَن صَلَّى عَلَيَّ صَلَاةً صَلَّى الله عَلَيه عَشْرًا.
അനസ് رضي الله عنه വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : വെള്ളിയാഴ്ച്ച രാവിലും, പകലിലുമായി നിങ്ങൾ എൻ്റെ മേൽ സ്വലാത്ത് അധികരിപ്പിക്കുവീൻ. ആര് എൻ്റെ മേൽ ഒരു സ്വലാത്ത് ചൊല്ലുന്നുവോ അല്ലാഹു അവൻ്റെ മേൽ പത്ത് സ്വലാത്ത് ചൊല്ലുന്നതാണ്. (ബൈഹഖി)
قَالَ الإِمَامُ ابنُ القَيِّم – رحمه الله – رَسُولُ اللّٰه ﷺ سَيِّدُ الأَنَام ، وَيَومُ الجُمُعَةِ سَيِّدُ الأَيَّام. فَللصَّلَاةِ عَلَيهِ فِي هَذَا اليَومِ مَزِيَّةٌ لَيسَت لِغَيرِه.
ഇമാം ഇബ്നുൽ ക്വയ്യിം رحمه الله പറഞ്ഞു : മനുഷ്യരുടെ നേതാവ് നബി ﷺ യും, ദിവസങ്ങളുടെ നേതാവ് വെള്ളിയാഴ്ച്ചയുമാകുന്നു. അതിനാൽ ആ ദിനത്തിൽ നബി ﷺ യുടെ മേൽ ചൊല്ലുന്ന സ്വലാത്തിന്, മറ്റുദിനങ്ങൾക്കില്ലാത്ത മേന്മയുണ്ട്. (സാദുൽ മആദ്)
8.ദുആ ആരംഭിക്കുമ്പോള്‍
عَنْ فَضَالَةَ بْنَ عُبَيْدٍ، قَالَ سَمِعَ النَّبِيُّ صلى الله عليه وسلم رَجُلاً يَدْعُو فِي صَلاَتِهِ فَلَمْ يُصَلِّ عَلَى النَّبِيِّ صلى الله عليه وسلم فَقَالَ النَّبِيُّ صلى الله عليه وسلم ” عَجِلَ هَذَا ” . ثُمَّ دَعَاهُ فَقَالَ لَهُ أَوْ لِغَيْرِهِ ” إِذَا صَلَّى أَحَدُكُمْ فَلْيَبْدَأْ بِتَحْمِيدِ اللَّهِ وَالثَّنَاءِ عَلَيْهِ ثُمَّ لِيُصَلِّ عَلَى النَّبِيِّ صلى الله عليه وسلم ثُمَّ لِيَدْعُ بَعْدُ بِمَا شَاءَ ”
ഫളാലത്തില്‍(റ) നിന്ന് നിവേദനം: അല്ലാഹുവിനെ സ്തുതിക്കുകയോ നബി ﷺ യുടെ പേരിൽസ്വലാത്ത് ചൊല്ലുകയോ ചെയ്യാതെ നമസ്കാരത്തിൽ പ്രാർത്ഥിക്കുന്ന ഒരാളെ നബി ﷺ കേട്ടു. അന്നേരം നബി ﷺ പറഞ്ഞു: ഇവൻ (പ്രാർത്ഥനക്ക് മുമ്പ് ഹംദും സ്വലാത്തും കൊണ്ടുവരാതെ) ബദ്ധപ്പാട് കാണിച്ചു. പിന്നീട് അവിടുന്ന് അയാളെ വിളിച്ചിട്ട് അവനോടും മറ്റുള്ളവരോടും പറഞ്ഞു:നിങ്ങളിലാരെങ്കിലും പ്രാർത്ഥിക്കുകയാണെങ്കിൽ തന്റെ റബ്ബിനെ ആദ്യമായി സ്തുതിക്കുകയും നബി ﷺ യുടെ പേരിൽ സ്വലാത്ത് ചൊല്ലുകയും ചെയ്തുകൊള്ളട്ടെ. അതിനുശേഷം അവൻ ഉദ്ദേശിക്കുന്നതെന്തും അവൻ പ്രാർത്ഥിക്കട്ടെ. (തിർമിദി:3477)
عن عبدالله بن بسر: الدعاءُ كلُّه محجوبٌ حتى يكونَ أولُه ثناءً على اللهِ عزَّ وجلَّ وصلاةً على النبيِّ صلّى اللهُ عليهِ وسلَّمَ ثم يدعو فيُستجابُ لدُعائِه
നബിﷺയുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നതുവരെ എല്ലാ ദുആയും (പ്രാര്‍ത്ഥനയും) മറഞ്ഞിരിക്കുന്നതാകുന്നു. (സില്‍സിലത്തു സ്വഹീഹ :2035 – സ്ഹീഹ് ജാമിഉ :4523)
9.ബാങ്കിന് ശേഷം
عن عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ رضي الله عنه أَنَّهُ سَمِعَ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : إِذَا سَمِعْتُمْ الْمُؤَذِّنَ فَقُولُوا مِثْلَ مَا يَقُولُ ، ثُمَّ صَلُّوا عَلَيَّ ، فَإِنَّهُ مَنْ صَلَّى عَلَيَّ صَلَاةً صَلَّى اللَّهُ عَلَيْهِ بِهَا عَشْرًا ، ثُمَّ سَلُوا اللَّهَ لِي الْوَسِيلَةَ ، فَإِنَّهَا مَنْزِلَةٌ فِي الْجَنَّةِ لَا تَنْبَغِي إِلَّا لِعَبْدٍ مِنْ عِبَادِ اللَّهِ ، وَأَرْجُو أَنْ أَكُونَ أَنَا هُوَ ، فَمَنْ سَأَلَ لِي الْوَسِيلَةَ حَلَّتْ لَهُ الشَّفَاعَةُ
അബ്ദുല്ലാഹിബ്‌നു അംറ് ബിന്‍ അല്‍ആസ്വില്‍(റ) നിന്ന് നിവേദനം. നബി ﷺ പറയുന്നതായി അദ്ദേഹം കേട്ടു: മുഅദ്ദിന്‍ പറയുന്നത് നിങ്ങള്‍ കേട്ടാല്‍ അത് നിങ്ങള്‍ ഏറ്റു പറയുക. ശേഷം എന്റെ പേരില്‍ സ്വലാത്ത് ചൊല്ലുക. ആരെങ്കിലും എന്റെ പേരില്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അതുമുഖേന അല്ലാഹു അവന്റെ മേല്‍ പത്ത് അനുഗ്രഹങ്ങള്‍ വര്‍ഷിക്കും. തുടര്‍ന്ന് എനിക്ക് വസ്വീലത്ത് കിട്ടാന്‍ നിങ്ങള്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കണം. അത് സ്വര്‍ഗത്തിലെ ഒരു സ്ഥാനമാണ്. അല്ലാഹുവിന്റെ ദാസന്മാരില്‍ ഒരാള്‍ക്ക് മാത്രമേ അതിന് അവകാശമുള്ളൂ. ആ ഒരാള്‍ ഞാനാവണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ആര്‍ എനിക്ക് വസ്വീലത്ത് ചോദിക്കുന്നുവോ അവന് ശഫാഅത്ത് ലഭിക്കും (മുസ്‌ലിം:384 ).
ബാങ്ക് വിളിക്കുമ്പോള്‍ മുഅദ്ദിന്‍ പറയുന്നത് പോലെ പറഞ്ഞശേഷം ബാങ്കിന്റെ ദുആ ചെയ്യുന്നതിന് മുമ്പ് ഒരു സ്വലാത്ത് ചൊല്ലല്‍ സുന്നത്താണെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം.
10.ജനങ്ങൾ ഒരുമിക്കുന്ന സദസ്സകൾ
عَنْ أَبِي هُرَيْرَةَ، رضى الله عنه عَنِ النَّبِيِّ صلى الله عليه وسلم قَالَ : مَا جَلَسَ قَوْمٌ مَجْلِسًا لَمْ يَذْكُرُوا اللَّهَ فِيهِ وَلَمْ يُصَلُّوا عَلَى نَبِيِّهِمْ إِلاَّ كَانَ عَلَيْهِمْ تِرَةً فَإِنْ شَاءَ عَذَّبَهُمْ وَإِنْ شَاءَ غَفَرَ لَهُمْ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: റസൂൽ(ﷺ) അരുൾ ചെയ്തു: അല്ലാഹുവിനെ സ്മരിക്കാതെ നബിﷺയുടെ മേൽ സ്വലാത്ത് ചൊല്ലാതെ ജനങ്ങൾ ഒരുമിക്കുന്ന സദസ്സകൾ അവർക്ക് നഷ്ടത്തിന്റെ സദസ്സാണ്. അവൻ ഉദ്ദേശിക്കുന്നുവെങ്കിൽ അവരെ ശിക്ഷിക്കും, അവൻ ഉദ്ദേശിക്കുന്നുവെങ്കിൽ അവർക്ക് പൊറുത്തു കൊടുക്കും. (തിർമുദി: 3539)
അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍
1. യഥാ൪ത്ഥത്തില്‍ നബി ﷺ ക്ക് നമ്മുടെ സ്വലാത്തിന്റെ ആവശ്യമൊന്നുമില്ല. നാം സ്വലാത്ത് ചൊല്ലിയില്ലെങ്കിലും അല്ലാഹു നബി ﷺ യെ പ്രശംസിക്കുന്നതാണ്.നാം സ്വലാത്ത് ചൊല്ലുകയാണെങ്കില്‍ അതിന്റെ ഫലം നമുക്കുതന്നെയായിരിക്കും.
2. ഇബ്രാഹീമിയ സ്വലാത്ത് പലരീതിയില്‍ ഹദീസുകളില്‍ സ്വഹീഹായി വന്നിട്ടുണ്ട്. അവയെല്ലാം നമുക്ക് സ്വീകരിക്കാവുന്നതാണ്.
اللَّهُمَّ صَلِّ وَ سَلِّمْ عَلَى نَبِيِّنَا مُحَمَّدٍ ,صَلَّى اللهُ عَلَيْهِ وَسَلَّمَ , اَللهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ
തുടങ്ങി ആശയത്തില്‍ വ്യത്യാസം വരാതെയുള്ള സ്വലാത്തുകളെല്ലാം നമുക്ക് ചൊല്ലാവുന്നതാണ്.
3.പില്‍ക്കാലത്ത് എഴുതി ഉണ്ടാക്കിയിട്ടുള്ളതും ആശയത്തില്‍ വ്യത്യാസം വന്നിട്ടുള്ളതുമായ നാരിയ സ്വലാത്ത് പോലെയുള്ളവ ഒഴിവാക്കേണ്ടതാണ്.
4. സ്വലാത്ത് ഏത് സമയത്തും എപ്പോള്‍ വേണമെങ്കിലും ചൊല്ലാവുന്നതാണ്. നബി ﷺ പ്രത്യേകം സമയവും സന്ദ൪ഭവും എണ്ണവും നിശ്ചയിച്ചിട്ടുള്ളത് അപ്രകാരം തന്നെ നി൪വ്വഹിക്കേണ്ടതാണ്. ഉദാഹരണം :എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും പത്ത് വീതം, വെള്ളിയാഴ്ച സ്വലാത്ത് വ൪ദ്ധിപ്പിക്കല്‍, പള്ളിയില്‍ പ്രവേശിക്കുമ്പോഴും പുറത്ത് ഇറങ്ങുമ്പോഴും, ബാങ്കിന് ശേഷം. നബി ﷺ പ്രത്യേകം സമയവും സന്ദ൪ഭവും എണ്ണവും നിശ്ചയിക്കാത്തതില്‍ നാം പ്രത്യേകം സമയവും സന്ദ൪ഭവും എണ്ണവും നിശ്ചയിക്കാന്‍ പാടില്ല.
ശൈഖ് ഇബ്നു ബാസ്رَ حِمَـﮧُ اللَّـﮧُ പറഞ്ഞു: നീ ധാരാളമായി സ്വലാത്ത് ചൊല്ലുകയും അതുകൊണ്ട് നന്മ പ്രതീക്ഷിക്കുകയും ചെയ്യുക. സ്വലാത്തിന് ഒരു പ്രത്യേക എണ്ണമില്ല. നിനക്ക് കഴിയുന്ന പോലെ പത്തോ അതിൽ കൂടുതലോ അതിൽ കുറവോ നീ ചൊല്ലുക. ഒരു പ്രത്യേക എണ്ണം നിശ്ചയിക്കേണ്ടതില്ല. (മജ്മൂഉൽ ഫതാവ: 11/209)
5. സ്വലാത്ത് ചൊല്ലുന്നതിന് വേണ്ടി പ്രത്യേകം സദസ്സുകളോ സ്വലാത്ത് നഗറുകളോ സംഘടിപ്പിക്കാന്‍ പാടില്ല. കാരണം ഇതിന് നബിﷺയില്‍ നിന്ന് മാതൃകയില്ല. ഇമാം മാലിക് (റ) പറയുന്നു: നല്ലതായ ഒരു സംഗതി ഒരാള്‍ ദ൪ശിച്ചു ഇസ്ലാമില്‍ പുതിയതിനെ നി൪മ്മിച്ചാല്‍ തീ൪ച്ചയായും മുഹമ്മദ് നബി ﷺ അദ്ദേഹത്തിന്റെ പ്രബോധനത്തില്‍ വഞ്ചന നടത്തിയെന്ന് അയാള്‍ ജല്‍പ്പിക്കുകയാണ് ചെയ്യുന്നത് (അല്‍ഇഅതിസ്വാം.1/48). കാരണം ഈ പുണ്യക൪മ്മം നബി ﷺ പഠിപ്പിക്കാതെയാണല്ലോ പോയത്.
സ്വലാത്ത് ചൊല്ലുമ്പോഴോ അല്ലാത്തപ്പോഴോ നബിﷺയുടെ പേരിന്റെ കൂടെ സയ്യിദുനാ എന്ന് ചേർത്തിപ്പറണോ?
ശൈഖ് സ്വാലിഹ് ഇബ്നു മുഹമ്മദ് അല്ലുഹൈദാൻ (ഹഫിള്വഹുല്ലാഹ്) പറയുന്നു: നമസ്കാരത്തിലോ ബാങ്കിലോ നബിﷺയുടെ പേര് പരാമർശിക്കുന്നതിന്റെ കൂടെ സയ്യിദുനാ എന്ന് ചേർത്തിപ്പറയുന്നതാണ് ഉദ്ദേശിക്കുന്നതെങ്കിൽ, അത് പാടില്ല. ഒരാൾ ബാങ്ക് കൊടുക്കുമ്പോൾ ‘അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്’ എന്നും, തശഹുദിന്റെ സമയത്ത് ‘അശ്ഹദു അന്ന മുഹമ്മദൻ അബ്ദുഹു വ റസൂലുഹു’ എന്നും, നമസ്കാരത്തിൽ നബിﷺയുടെ മേൽ സ്വലാത്ത് ചൊല്ലുമ്പോൾ ‘അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിൻ വ അലാ ആലി മുഹമ്മദ്’ എന്നുമാണ് ചൊല്ലേണ്ടത്. ഇവിടെയൊന്നും സയ്യിദുനാ എന്ന പദം വന്നിട്ടില്ല. അതുകൊണ്ട്, ബാങ്കിന്റെ സമയത്ത് ‘അശ്ഹദു അന്ന സയ്യിദനാ റസൂലുല്ലാഹ്’ എന്നോ, തശഹുദിന്റെ സമയത്ത് ‘അശ്ഹദു അന്ന സയ്യിദനാ അബ്ദുഹു വ റസൂലൂഹു’ എന്നോ, സ്വലാത്തിന്റെ സമയത്ത് ‘അല്ലാഹുമ്മ സ്വല്ലി അലാ സയ്യിദിനാ മുഹമ്മദ്’ എന്നോ പറയാൻ പാടില്ല. ‘നബിﷺയിൽ നിന്ന് ഉദ്ധരിക്കപ്പെട്ട രൂപത്തോട് യോജിക്കുമ്പോഴാണ് ഒരു കർമ്മം ഏറ്റവും ശ്രേഷ്ഠമാവുക’ എന്നതിൽ യാതൊരു സംശയവുമില്ല. എന്നാലിനി, ഒരാൾ ഇതല്ലാത്ത സമയങ്ങളിൽ നബിﷺയുടെ പേരിന്റെ കൂടെ സയ്യിദുനാ എന്ന് ചേർക്കുന്നതിൽ തെറ്റൊന്നുമില്ല. കാരണം നബിﷺ ആദം സന്തതികളുടെ നേതാവ് തന്നെയാണ്. അവിടുന്ന് പറഞ്ഞു: “ഞാൻ ആദം സന്തതികളുടെ നേതാവാണ്; ഇത് പൊങ്ങച്ചമല്ല.” (അബൂദാവൂദ്: 4673) അപ്പോൾ നബിﷺ ആദം സന്തതികളുടെ നേതാവാണ്, അവരിൽ ഏറ്റവും ശ്രേഷ്ഠനും പരിപൂർണനുമാണ്. സയ്യിദുനാ എന്ന പദം ബാങ്കിലോ നമസ്കാരത്തിലോ ഉപയോഗിക്കരുത് എന്ന് പറയാൻ കാരണം,അത് നബിﷺയിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടില്ലെന്നതാണ്.
ശൈഖ് അസീസ് ഫർഹാൻ അൽ അനസി (ഹഫിള്വഹുല്ലാഹ്) പറയുന്നു: നമസ്കാരത്തിൽ നബിﷺയുടെ മേൽ സ്വലാത്ത് ചൊല്ലുമ്പോൾ, അതിൽ സയ്യിദുനാ എന്ന പദമില്ല.അത് നമസ്കാരത്തിന് പുറത്താണ്. കാരണം “ഞാനെങ്ങനെ നമസ്കരിക്കുന്നതായിട്ടാണോ നിങ്ങൾ കണ്ടത്, അതുപോലെ നിങ്ങൾ നമസ്കരിക്കുവിൻ” (ബുഖാരി: 631) എന്നാണ് നബിﷺ പറഞ്ഞത്. നമസ്കാരത്തിൽ നബിﷺയുടെ മേൽ ചൊല്ലേണ്ട സ്വലാത്ത് വ്യത്യസ്തങ്ങളായ രൂപങ്ങളിൽ വന്നിട്ടുണ്ട്. എന്നാൽ, നബിﷺയുടെ നമസ്കാരം വിശദീകരിച്ചുതന്ന ഒരാൾപോലും സയ്യിദുനാ എന്ന പദം പറഞ്ഞുതന്നിട്ടില്ല. അപ്പോൾ, നമസ്കാരത്തിൽ സ്വലാത്ത് ചൊല്ലുമ്പോൾ സയ്യിദുനാ എന്ന പദം ഒഴിവാക്കി, ‘അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിൻ വഅലാ ആലി മുഹമ്മദ്’ എന്ന രൂപത്തിലാണ് ചൊല്ലേണ്ടത്.
സ്വലാത്തും സലാമും
ഖു൪ആന്‍ 33/56 ആയത്തില്‍ നബിﷺയുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നതിനോടൊപ്പം സലാമും പറയണമെന്നും അല്ലാഹു പറഞ്ഞിരിക്കുന്നു. سلام (സലാം) എന്നാല്‍ അല്ലാഹുവിന്റെ നാമങ്ങളില്‍ പെട്ട ഒന്നാണ്. സലാം എന്ന വാക്കിന് ‘ശാന്തി, സമാധാനം, രക്ഷ’ എന്നീ അര്‍ത്ഥം വരും. അത് താങ്കളില്‍ ഉണ്ടാകട്ടെ എന്നാണ് സലാം പറയുമ്പോള്‍ അ൪ത്ഥമാക്കുന്നത്.
ശൈഖ് ഇബ്‌നു ഉഥൈമീന്‍(റഹി) പറയുന്നു: നബിﷺയുടെ മേലുള്ള തസ്‌ലീമിന്റെ ആശയം, എല്ലാ വിപത്തുകളില്‍ നിന്നും അല്ലാഹു അദ്ദേഹത്തെ കാത്തുരക്ഷിക്കട്ടെയെന്ന് നാം പ്രാര്‍ഥിക്കുകയാണ്. നബിﷺയുടെ ജീവിത കാലത്ത് ഈ പ്രാര്‍ത്ഥന എന്താണെന്ന് വ്യക്തമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ വിയോഗ ശേഷം എങ്ങിനെയാണ് നാം അദ്ദേഹത്തെ സംരക്ഷിക്കണമെന്ന് പ്രാര്‍ഥിക്കുന്നതെന്ന് ചോദിക്കുന്നവരുണ്ടാകും. അതിനുള്ള മറുപടി ജീവിതകാലത്ത് മാത്രമുള്ള രക്ഷയില്‍ പരിമിതമല്ല ഈ പ്രാര്‍ഥന, മറിച്ച് അന്ത്യദിനത്തിന്റെ എല്ലാ ഭയാനകതകളില്‍ നിന്നും രക്ഷ നല്‍കാനും കൂടിയാണ്.(അശ്ശറഹുല്‍ മുമ്തിഉ)
നബിﷺയുടെ മേല്‍ സ്വലാത്തും സലാമും ഒന്നിച്ചും ചൊല്ലാവുന്നതാണ്.
اللَّهُمَّ صَلِّ وَ سَلِّمْ عَلَى نَبِيِّنَا مُحَمَّدٍ
അല്ലാഹുമ്മ സ്വല്ലി വ സല്ലിം അലാ നബിയ്യിനാ മുഹമ്മദിന്‍.
അല്ലാഹുവേ, ഞങ്ങളുടെ നബി മുഹമ്മദിന്റെ(സ്വ) മേല്‍ നിന്റെ സ്വലാത്തും സലാമും ചൊരിയേണമേ.
നമുക്ക് നബിﷺയുടെ മേല്‍ സ്വലാത്ത് കൃത്യമായി ചൊല്ലാന്‍ പറ്റുന്നുണ്ടോ എന്നുള്ള കാര്യം ആത്മാ൪ത്ഥമായി പരിശോധിക്കേണ്ടതാണ്. നമുക്ക് നമ്മുടെ കാര്യം കഴിഞ്ഞശേഷം മാത്രമാണ് നബിﷺയുടെ കാര്യത്തില്‍ ശ്രദ്ധയും താല്പര്യവും ഇഷ്ടവും ഉള്ളത് എന്നതിനാലാണ് ഇക്കാര്യത്തില്‍ വീഴ്ച സംഭവിക്കുന്നതെന്ന കാര്യം സാന്ദ൪ഭികമായി ഓ൪ക്കേണ്ടതാണ്.
عن أَنَسٍ قَالَ : قَالَ النَّبِيُّ صلى الله عليه وسلم : لاَ يُؤْمِنُ أَحَدُكُمْ حَتَّى أَكُونَ أَحَبَّ إِلَيْهِ مِنْ وَالِدِهِ وَوَلَدِهِ وَالنَّاسِ أَجْمَعِينَ
അനസില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാള്‍ക്ക്, സ്വന്തം പിതാവിനെക്കാളും സന്താനത്തേക്കാളും മുഴുവന്‍ മനുഷ്യരെക്കാളും ഏറ്റവും പ്രിയപ്പെട്ടവന്‍ ഞാനാകുന്നതുവരെ നിങ്ങളിലൊരാളും സത്യവിശ്വാസിയാവുകയില്ല. (മുസ്‌ലിം:44)
kanzululoom.com