അല്ലാഹു വിശുദ്ധ ഖുർആനിൽ ചിലരെ കുറിച്ച് “അല്ലാഹു അവരെ വഴിപിഴവിലാക്കുന്നു”, “അല്ലാഹു അവരുടെ ഹൃദയങ്ങളിന്‍മേല്‍ മൂടികള്‍ ഇടുകയും, അവരുടെ കാതുകളില്‍ അടപ്പ് വെക്കുകയും ചെയ്തിരിക്കുന്നു, എന്തെല്ലാം ദൃഷ്ടാന്തങ്ങള്‍ കണ്ടാലും അവരതില്‍ വിശ്വസിക്കുകയില്ല” എന്നൊക്കെ പരാമർശിക്കുന്നത് കാണാം.
كَذَٰلِكَ يُضِلُّ ٱللَّهُ مَن يَشَآءُ وَيَهْدِى مَن يَشَآءُ
അപ്രകാരം അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ പിഴപ്പിക്കുകയും, താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. (ഖു൪ആന്‍:74/31)
وَمِنْهُم مَّن يَسْتَمِعُ إِلَيْكَ ۖ وَجَعَلْنَا عَلَىٰ قُلُوبِهِمْ أَكِنَّةً أَن يَفْقَهُوهُ وَفِىٓ ءَاذَانِهِمْ وَقْرًا ۚ وَإِن يَرَوْا۟ كُلَّ ءَايَةٍ لَّا يُؤْمِنُوا۟ بِهَا ۚ حَتَّىٰٓ إِذَا جَآءُوكَ يُجَٰدِلُونَكَ يَقُولُ ٱلَّذِينَ كَفَرُوٓا۟ إِنْ هَٰذَآ إِلَّآ أَسَٰطِيرُ ٱلْأَوَّلِينَ
നീ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കുന്ന ചിലരും അവരുടെ കൂട്ടത്തിലുണ്ട്. എന്നാല്‍ അത് അവര്‍ ഗ്രഹിക്കാത്ത വിധം അവരുടെ ഹൃദയങ്ങളിന്‍മേല്‍ നാം മൂടികള്‍ ഇടുകയും, അവരുടെ കാതുകളില്‍ അടപ്പ് വെക്കുകയും ചെയ്തിരിക്കുന്നു. എന്തെല്ലാം ദൃഷ്ടാന്തങ്ങള്‍ കണ്ടാലും അവരതില്‍ വിശ്വസിക്കുകയില്ല. അങ്ങനെ അവര്‍ നിന്‍റെ അടുക്കല്‍ നിന്നോട് തര്‍ക്കിക്കുവാനായി വന്നാല്‍ ആ സത്യനിഷേധികള്‍ പറയും; ഇത് പൂര്‍വ്വികന്‍മാരുടെ കെട്ടുകഥകളല്ലാതെ മറ്റൊന്നുമല്ല എന്ന്. (ഖു൪ആന്‍:6/25)
അങ്ങനെയെങ്കിൽ അവർ വിശ്വസിക്കാത്തത് അവരുടെ കുഴപ്പം കൊണ്ടല്ലല്ലോ, അല്ലാഹു അപ്രകാരം ചെയ്തതുകൊണ്ടല്ലേ എന്നൊക്ക ചിന്തിക്കുന്നവരുണ്ട്. അവര്‍ സത്യം ഗ്രഹിക്കുവാനും, കേട്ടുമനസ്സിലാക്കുവാനും ശ്രമിച്ചിട്ടും അതിനനുവദിക്കാതെ അല്ലാഹു തടസ്സമുണ്ടാക്കി എന്നല്ല മേൽ പറഞ്ഞതിന്റെ താല്‍പര്യം. വേണ്ടത്ര സാഹചര്യങ്ങളും പ്രോത്സാഹനങ്ങളും ഉണ്ടായിരുന്നിട്ടും അതൊന്നും ഉപയോഗപ്പെടുത്താതെ, വാശിയും മത്സരബുദ്ധിയും മാത്രം അവര്‍ കൈമുതലാക്കിക്കൊണ്ടിരുന്നതിന്റെ ഫലമായി അവര്‍ക്കു സത്യം ഗ്രഹിക്കുവാന്‍ കഴിയാതെ വന്നുവെന്നത്രെ താല്‍പര്യം.
അല്ലാഹു നിശ്ചയിച്ച പ്രകൃതി നിയമങ്ങളും, കാര്യകാരണ വ്യവസ്ഥകളും അനുസരിച്ചുണ്ടാകുന്ന ഇത്തരം കാര്യങ്ങളെക്കുറിച്ചു പറയുമ്പോള്‍, അല്ലാഹുവിന്റെ പ്രവൃത്തിയാണതെന്നുള്ള നിലക്കു ഖുര്‍ആനില്‍ പലപ്പോഴും അവയെ അല്ലാഹുവിനോടു ചേര്‍ത്തുകൊണ്ടു പ്രസ്‌താവിച്ചു കാണാവുന്നതാണ്. സത്യം ഗ്രഹിക്കണമെന്ന ഉദ്ദേശ്യമില്ലാതെയും, നിഷേധ ബുദ്ധിയും മര്‍ക്കടമുഷ്‌ടിയും കൈവിടാതെയും സത്യം മനസ്സിലാക്കുവാന്‍ സാദ്ധ്യമല്ലെന്നുള്ളത് അല്ലാഹു നിശ്ചയിച്ച ഒരു നടപടിച്ചട്ടമാണെന്ന തത്വമാണ് ഇതില്‍ അന്തര്‍ഭവിച്ചിരിക്കുന്നത്. ശാഠ്യബുദ്ധികള്‍ക്ക് നിഷ്പക്ഷമായും സത്യസന്ധമായും കാര്യങ്ങള്‍ ഗ്രഹിക്കാനാവില്ലെന്നതാണ് പ്രകൃതിനിയമം. തങ്ങളുടെ അഭിലാഷങ്ങള്‍ക്ക് നിരക്കാത്ത ഒരു സത്യവും പ്രവേശിക്കാത്തവിധം അവരുടെ ഹൃദയം അടഞ്ഞുപോയിരിക്കും.
അല്ലാഹു എന്തെങ്കിലും കാര്യം ഉപമയായി വിവരിക്കുമ്പോൾ, സത്യവിശ്വാസികൾ ഉപമയാക്കപ്പെട്ട വസ്തുവെപ്പറ്റി ആരായാതെ ആ ഉപമയിലടങ്ങിയ തത്വരഹസ്യങ്ങളും വിജ്ഞാനങ്ങളും കരസ്ഥമാക്കുവാന്‍ ശ്രമിക്കുകയായിരിക്കും ചെയ്യുക. നേരെമറിച്ച് അവിശ്വാസികള്‍ ‘ഇതെന്തൊരു ഉപമയാണ്, ഇതുകൊണ്ടെന്താണുദ്ദേശ്യം’ എന്നൊക്കെ പരിഹസിച്ചു തൃപ്തി അടയുകയും ചെയ്യും. വിശുദ്ധ ഖുർആൻ ഇക്കാര്യം പറഞ്ഞശേഷം എടുത്തു പറയുന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
إِنَّ ٱللَّهَ لَا يَسْتَحْىِۦٓ أَن يَضْرِبَ مَثَلًا مَّا بَعُوضَةً فَمَا فَوْقَهَا ۚ فَأَمَّا ٱلَّذِينَ ءَامَنُوا۟ فَيَعْلَمُونَ أَنَّهُ ٱلْحَقُّ مِن رَّبِّهِمْ ۖ وَأَمَّا ٱلَّذِينَ كَفَرُوا۟ فَيَقُولُونَ مَاذَآ أَرَادَ ٱللَّهُ بِهَٰذَا مَثَلًا ۘ يُضِلُّ بِهِۦ كَثِيرًا وَيَهْدِى بِهِۦ كَثِيرًا ۚ وَمَا يُضِلُّ بِهِۦٓ إِلَّا ٱلْفَٰسِقِينَ
ഏതൊരു വസ്തുവേയും ഉപമയാക്കുന്നതില്‍ അല്ലാഹു ലജ്ജിക്കുകയില്ല, തീര്‍ച്ച. അതൊരു കൊതുകോ അതിലുപരി നിസ്സാരമോ ആകട്ടെ. എന്നാല്‍ വിശ്വാസികള്‍ക്ക് അത് തങ്ങളുടെ നാഥന്റെ പക്കല്‍നിന്നുള്ള സത്യമാണെന്ന് ബോധ്യമാകുന്നതാണ്. സത്യനിഷേധികളാകട്ടെ ഈ ഉപമകൊണ്ട് അല്ലാഹു എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ചോദിക്കുകയാണ് ചെയ്യുക. അങ്ങനെ ആ ഉപമ നിമിത്തം ധാരാളം ആളുകളെ അവന്‍ പിഴവിലാക്കുന്നു. ധാരാളം പേരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. അധര്‍മ്മകാരികളല്ലാത്ത ആരെയും അത് നിമിത്തം അവന്‍ പിഴപ്പിക്കുകയില്ല. (ഖു൪ആന്‍:2/26)
“അങ്ങനെ ആ ഉപമ നിമിത്തം ധാരാളം ആളുകളെ അവന്‍ പിഴവിലാക്കുന്നു. ധാരാളം പേരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. അധര്‍മ്മകാരികളല്ലാത്ത ആരെയും അത് നിമിത്തം അവന്‍ പിഴപ്പിക്കുകയില്ല” എന്നാണ് അല്ലാഹു എടുത്ത് പറഞ്ഞിട്ടുള്ളത്. ഒരു ന്യായമായ മാനദണ്ഡമൊന്നും കൂടാതെ ഏതെങ്കിലും കുറേ ആളുകളെ അല്ലാഹു നേര്‍മാര്‍ഗത്തിലും, വേറെ കുറേ ആളുകളെ ദുര്‍മാര്‍ഗത്തിലും ആക്കുമെന്നല്ല ആ വാക്യത്തിന്‍റെ താല്‍പര്യമെന്നും, രണ്ടിനും അവന്‍ മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ടെന്നും وَمَا يُضِلُّ بِهِ إِلَّا الْفَاسِقِينَ (തോന്നിയവാസികളെയല്ലാതെ അതുമൂലം അവന്‍ വഴിപിഴവിലാക്കുകയില്ല) എന്ന വാക്യത്തിലൂടെ അല്ലാഹു ചൂണ്ടികാണിച്ചിരിക്കുന്നു. അപ്പോൾ അനുസരണപരിധി വിട്ട് പുറത്തുപോയ ധിക്കാരികളെ മാത്രമാണ് അല്ലാഹു വഴികേടിലാക്കുന്നത്. അല്ലാഹുവിനയും അവന്റെ റസൂൽ ﷺ യെയും അനുസരിച്ച് ജീവിക്കന്നവരെ അല്ലാഹു വഴികേടിലാക്കുകയില്ലെന്ന് മാത്രമല്ല അവർ നേർമാഗത്തിലായിരിക്കുകയും ചെയ്യും. അപ്പോള്‍, ഈ രണ്ടില്‍ ഏതിലാണ് തങ്ങള്‍ ഉള്‍പ്പെടേണ്ടതെന്ന് ഓരോരുത്തർക്കും തീരുമാനിക്കാം.
وَٱلَّذِينَ كَذَّبُوا۟ بِـَٔايَٰتِنَا صُمٌّ وَبُكْمٌ فِى ٱلظُّلُمَٰتِ ۗ مَن يَشَإِ ٱللَّهُ يُضْلِلْهُ وَمَن يَشَأْ يَجْعَلْهُ عَلَىٰ صِرَٰطٍ مُّسْتَقِيمٍ
നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവര്‍ ബധിരരും ഊമകളും ഇരുട്ടുകളില്‍ അകപ്പെട്ടവരുമത്രെ. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു വഴികേടിലാക്കും. താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍മാര്‍ഗത്തിലാക്കുകയും ചെയ്യും. (ഖു൪ആന്‍:6/39)
ലക്ഷ്യങ്ങളും തെളിവുകളും ശ്രദ്ധിക്കാതെയും, അവയില്‍നിന്നു കാര്യങ്ങള്‍ ഗ്രഹിക്കാതെയും ഇരിക്കുന്നവരെ ഇരുട്ടില്‍പെട്ട ബധിരമൂകന്മാരോടു അല്ലാഹു ഉപമിച്ചിരിക്കുകയാണു. സത്യയാഥാര്‍ത്ഥ്യങ്ങള്‍ കണ്ടറിയുവാനോ കേട്ടു മനസ്സിലാക്കുവാനോ, മറ്റുള്ളവരോടു ചോദിച്ചറിയുവാനോ അവര്‍ക്കു കഴിയുകയില്ല. അഥവാ അതിനു മുതിരുകയില്ല – അവര്‍ അപകടത്തിലും പിഴവിലും പതിക്കുകയേ ചെയ്‌കയുള്ളൂ – എന്നു സാരം. ഇങ്ങിനെയുള്ളവരെക്കുറിച്ചാണ് അല്ലാഹു അവരെ വഴിപിഴപ്പിക്കുമെന്നു പറഞ്ഞതും. നേരെമറിച്ചു, ലക്ഷ്യങ്ങളിലും തെളിവുകളിലും ശ്രദ്ധപതിച്ചു സത്യാസത്യങ്ങള്‍ മനസ്സിലാക്കുവാന്‍ തയ്യാറുള്ളവര്‍ നേര്‍മാര്‍ഗ്ഗം കണ്ടെത്തുകയും അതു പിന്‍പറ്റുകയും ചെയ്യാതെയും ഇരിക്കുകയില്ല. ഇവര്‍ക്കു അല്ലാഹുവിങ്കല്‍ നിന്നും കൂടുതല്‍ പ്രചോദനങ്ങളും സഹായവും ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ഇങ്ങിനെയുള്ളവരെപ്പറ്റിയാണ് അല്ലാഹു അവരെ നേര്‍ക്കുനേരെയുള്ള പാതയില്‍ ആക്കുമെന്നും പറഞ്ഞത്. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 6/39 ന്റെ വിശദീകരണം)
വേണ്ടത് പറയുമ്പോള്‍ അത് കേള്‍ക്കുവാനും അനുസരിക്കുവാനും തയ്യാറില്ലാതെ അന്ധരും മൂകരുമായി കഴിയുന്നവരെപ്പറ്റി അല്ലാഹു പറയുന്നതു കാണുക:
إِنَّ شَرَّ ٱلدَّوَآبِّ عِندَ ٱللَّهِ ٱلصُّمُّ ٱلْبُكْمُ ٱلَّذِينَ لَا يَعْقِلُونَ ﴿٢٢﴾ وَلَوْ عَلِمَ ٱللَّهُ فِيهِمْ خَيْرًا لَّأَسْمَعَهُمْ ۖ وَلَوْ أَسْمَعَهُمْ لَتَوَلَّوا۟ وَّهُم مُّعْرِضُونَ ﴿٢٣﴾
തീര്‍ച്ചയായും ജന്തുക്കളുടെ കൂട്ടത്തില്‍ അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും മോശമായവര്‍ ചിന്തിച്ചു മനസ്സിലാക്കാത്ത ഊമകളും ബധിരന്‍മാരുമാകുന്നു. അവരില്‍ വല്ല നന്മയുമുള്ളതായി അല്ലാഹു അറിഞ്ഞിരുന്നുവെങ്കില്‍ അവരെ അവന്‍ കേള്‍പ്പിക്കുക തന്നെ ചെയ്യുമായിരുന്നു. അവരെ അവന്‍ കേള്‍പിച്ചിരുന്നെങ്കില്‍ തന്നെ അവര്‍ അവഗണിച്ചുകൊന്നു് തിരിഞ്ഞു കളയുമായിരുന്നു. (ഖു൪ആന്‍:8/22-23)
തങ്ങള്‍ സ്വീകരിച്ചുവരുന്ന ദുര്‍നടപ്പുകളൊന്നും ഉപേക്ഷിക്കുകയില്ലെന്നും, അതിനനുകൂലമല്ലാത്ത ന്യായങ്ങളോ ഉപദേശങ്ങളോ കേട്ടു മനസ്സിലാക്കുകയും സ്വീകരിക്കുകയുമില്ലെന്നും മനസ്സുകൊണ്ടു ഉറപ്പിച്ച് ശഠിച്ചു നില്‍ക്കുന്ന ആളുകള്‍ക്കു സദുപദേശങ്ങളോ തെളിവുകളോ ഫലം ചെയ്യുകയില്ലല്ലോ. അതവര്‍ കേള്‍ക്കുകയുമില്ല. ഗ്രഹിക്കുകയുമില്ല. ചെവികൊണ്ടു കേട്ടാല്‍പോലും മനസ്സിലേക്കതു പ്രവേശിക്കുകയില്ല. ബുദ്ധികൊടുത്ത് കാര്യം മനസ്സിലാക്കുവാന്‍ തയ്യാറില്ലാത്ത ഹൃദയത്തിലേക്കു എങ്ങിനെ പ്രവേശിക്കുവാനാണ്.
ചുരുക്കത്തിൽ, യുക്തമായ മാനദണ്ഡമൊന്നുമില്ലാതെ കുറേ ആളുകളെ നേര്‍മാര്‍ഗ്ഗത്തിലും, കുറെ ആളുകളെ ദുര്‍മാര്‍ഗ്ഗത്തിലുമായി നിശ്ചയിക്കുകയല്ല ചെയ്തിട്ടുള്ളത്. അതേപോലെ ആരൊക്കെയാണ് നേര്‍മാര്‍ഗ്ഗം സ്വീകരിക്കാതെ പിഴച്ചുപോകുന്നവര്‍, ആരൊക്കെയാണ് നേര്‍മാര്‍ഗ്ഗം പ്രാപിക്കുന്നവര്‍ എന്നൊക്കെ അല്ലാഹുവിന് നല്ലതുപോലെ അറിയാം. അഥവാ അവനാണ് അതു അറിയുക. ഈ അറിവിന്റെ അടിസ്ഥാനത്തിലായിരിക്കും അപ്രകാരം സംഭവിക്കുന്നത്.
إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِۦ ۖ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് തന്‍റെ മാര്‍ഗം വിട്ട് പിഴച്ച് പോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. സന്‍മാര്‍ഗം പ്രാപിച്ചവരെപ്പറ്റിയും നല്ലവണ്ണം അറിയുന്നവനത്രെ. (ഖു൪ആന്‍:16/125)
kanzululoom.com