സത്യവിശ്വാസികളുടെ അടയാളങ്ങൾ

Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket

സത്യവിശ്വാസികളുടെ ലക്ഷണങ്ങളും, അവരില്‍ ഉണ്ടായിരിക്കേണ്ടുന്ന ഗുണങ്ങളും അതുവഴി അവർക്ക് ലഭിക്കുന്ന പ്രതിഫലങ്ങളും വിശുദ്ധ ഖുർആൻ സൂറ: മുഅ്മീനൂനിലെ 1-11 വചനങ്ങളിൽ അല്ലാഹു വിശദീകരിക്കുന്നുണ്ട്. യഥാർത്ഥ മുഅ്മിനുകളിൽ ഉൾപ്പെടാൻ പരിശ്രമിക്കേണ്ട നമ്മിൽ ഈ ഗുണങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കേണ്ടതും അത് നമ്മിൽ ഉണ്ടാക്കിയെടുക്കേണ്ടതുമാണ്. “സത്യവിശ്വാസികള്‍ വിജയം പ്രാപിച്ചിരിക്കുന്നു” എന്ന് പറഞ്ഞുകൊണ്ടാണ് ഖുർആൻ ആരംഭിക്കുന്നത്. ശേഷം അവരുടെ ഗുണങ്ങൾ പറഞ്ഞിരിക്കുന്നു.

قَدْ أَفْلَحَ ٱلْمُؤْمِنُونَ ‎﴿١﴾‏ ٱلَّذِينَ هُمْ فِى صَلَاتِهِمْ خَٰشِعُونَ ‎﴿٢﴾‏

സത്യവിശ്വാസികള്‍ വിജയം പ്രാപിച്ചിരിക്കുന്നു. തങ്ങളുടെ നമസ്കാരത്തില്‍ ഭക്തിയുള്ളവരാണവർ. (ഖുർആൻ:23/1-2)

സത്യവിശ്വാസികളുടെ ലക്ഷണങ്ങളും, അവരില്‍ ഉണ്ടായിരിക്കേണ്ടുന്ന ഗുണങ്ങളുമായി ഒന്നാമതായി സൂചിപ്പിക്കുന്നത് നമസ്കാരത്തില്‍ خشوع (ഖുശൂഅ്) ഉണ്ടായിരിക്കുക എന്നുള്ളതാണ്. ഖുശൂഅ് എന്താണെന്ന് ഇമാം ഇബ്നുൽ ഖയ്യിം رحمه الله വിശദീകരിക്കുന്നു:

قال ابن القيم رحمه الله: الخشوع قيام القلب بين يدي الرب بالخضوع والذل

ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറയുന്നു: ഹൃദയം പൂർണ്ണമായ കീഴ്‌വണക്കത്തോടെയും താഴ്മയോടെയു റബ്ബിന്റെ മുമ്പാകെ നിലയുറപ്പിക്കലാണ് ഖുശൂഅ്.

അല്ലാഹുവിന്റെ മഹത്വവും താന്‍ അല്ലാഹുവിന്റെ മുന്നിലാണ് നില്‍ക്കുന്നതെന്ന ബോധവും അവന്‍ തന്നെ നിരീക്ഷിക്കുന്നുണ്ടെന്ന ബോധവും നമസ്‌കാരത്തിലേക്ക് കൊണ്ടുവരലാണ് ഹൃദയത്തിന്റെ ഖുശൂഅ്. ഹൃദയത്തിന്റെ ഖുശൂഇന്റെ പൂര്‍ത്തീകരണമാണ് അവയവങ്ങളുടെ ഖുശൂഅ്. അഥവാ ഒരാളുടെ ഹൃദയം ഖുശൂഅ് ഉള്ളതാകുമ്പോള്‍ മാത്രമേ അവയവങ്ങളും ഖുശൂഅ് ഉള്ളതാകുകയുള്ളൂ. നമസ്കാരത്തില്‍ ഖുശൂഅ് ലഭിക്കുന്നതിനായി ധാരാളം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

അടിയാനായ താന്‍ നില്‍ക്കുന്നതെന്ന ബോധത്തോടെ, താഴ്മയും വിനയവും അര്‍പ്പിച്ചുകൊണ്ട്, ഭയഭക്തനായ നിലയില്‍ നമസ്കാരം നിര്‍വ്വഹിക്കുക, ഇതാണ് നമസ്കാരത്തിലെ ഭക്തി (خشوع). ഖിബ്‌ലഃയുടെ നേര്‍ക്കും, കീഴപോട്ട് സുജൂദിന്റെ സ്ഥാനത്തേക്കും നോക്കുക, മേല്‍പോട്ടും, ഇതര ഭാഗങ്ങളിലേക്കും, ശ്രദ്ധയെ ആകര്‍ഷിക്കുന്ന വസ്തുക്കളിലേക്കും നോക്കാതിരിക്കുക, ഓതുന്ന ഖുര്‍ആന്‍ വാക്യങ്ങളുടെയും ചൊല്ലുന്ന ദിക്റുകളുടെയും അര്‍ത്ഥം ഓര്‍ത്തുകൊണ്ടും, ഉറ്റാലോചിച്ചുകൊണ്ടുമിരിക്കുക, അല്ലാഹുവിനെയും, അവന്റെ ശക്തിമഹാത്മ്യങ്ങളെയും ഓര്‍ക്കുക, അടിയന്തരമായി നേരിട്ട ആവശ്യങ്ങള്‍ നിര്‍വ്വഹിച്ച് ഹൃദയം സ്വസ്ഥമാക്കിയശേഷം നമസ്ക്കാരത്തില്‍ പ്രവേശിക്കുക, കണ്ണിനും, കാതിനും സ്വസ്ഥത ലഭിക്കാത്ത സ്ഥലങ്ങളില്‍ നമസ്കരിക്കുവാന്‍ നില്‍ക്കാതിരിക്കുക മുതലായ കാര്യങ്ങള്‍ ഇതിനു സഹായകമായിത്തീരുന്നു. (അമാനി തഫ്സീ൪ : ഖു൪ആന്‍:23/2 ന്റെ വിശദീകരണത്തില്‍ നിന്ന്)

നമസ്‌കാരത്തിന്റെ ചൈതന്യമാണ് ഖുശൂഅ് അഥവാ ഭയഭക്തി. ഖുശൂഇല്ലാത്ത നമസ്കാരം ജീവനില്ലാത്ത ശരീരം പോലെയാണ്.

മതവിജ്ഞാനത്തിൽ ആദ്യം നഷ്ടപ്പെടുക നമസ്കാരത്തിലെ ഖുശൂഅ് ആണ്. ഒരാൾ കാലങ്ങളോളം നിസ്കരിക്കുകയും എന്നാൽ ഒരാറ്റ നിസ്കാരത്തിന്റെ പോലും പൂർണമായ പ്രതിഫലം അയാൾക്ക് ലഭിക്കാതെ പോവുകയും ചെയ്തേക്കാം.

أَوَّل عِلْمٍ يُرْفَعُ مِنَ النَّاسِ الْخُشُوعُ يُوشِكُ أَنْ تَدْخُلَ مَسْجِدَ جَمَاعَةٍ فَلاَ تَرَى فِيهِ رَجُلاً خَاشِعًا

ഉബാദത്തുബ്നു സ്വാമിത്‌ رضي الله عنه പറഞ്ഞു : ജനങ്ങളിൽ നിന്ന് ആദ്യമായി ഉയർത്തപ്പെടുന്ന അറിവ്‌ ഖുശൂഅ് ആയിരിക്കും. നീ ഒരു ജമാഅത്ത്‌ നടക്കുന്ന മസ്ജിദിൽ കയറുകയും അതിൽ ഖുശൂഅ് ആയി നമസ്കരിക്കുന്ന ഒരാളെ പോലും നിനക്ക്‌ കണ്ടെത്താൻ സാധിക്കാതെ വരികയും ചെയ്യും. (തിർമിദി)

أسوأ الناس سرقة الذي يسرق صلاته. قالوا: يا رسول الله وكيف يسرقها. قال: لا يتم ركوعها ولا سجودها

നബി ﷺ പറഞ്ഞു: നമസ്കാരത്തിലുള്ള കള്ളത്തരമാണ് ഏറ്റവും വലിയ കളവ്. അവ൪(സ്വഹാബികള്‍) ചോദിച്ചു : നമസ്കാരത്തില്‍ എങ്ങനെയാണ് കളവ് ചെയ്യുന്നത്? നബി ﷺ പറഞ്ഞു: റുകൂഉം സുജൂദും പൂ൪ണ്ണമായി നി൪വ്വഹിക്കാതിരിക്കല്‍. (അഹ്മദ്:5/310-സ്വഹീഹുല്‍ ജാമിഅ്:997)

عن  أبي هريرة عن النبي صلى الله عليه وسلم قال:إِنَّ الرجلَ لِيصلِّي سِتِّينَ سَنَةً، وما تقبلُ لهُ صلاةً، ولعلَّهُ يُتِمُّ الركوعَ ولا يُتِمُّ السُّجُودَ، ويُتِمُّ السُّجُودَ ولا يُتِمُّ الركوعَ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാള്‍ അറുപത് വ൪ഷം നമസ്കരിക്കുന്നു. (എന്നിട്ടും) അയാളുടെ നമസ്കാരത്തില്‍ നിന്ന് ഒന്നും സ്വീകരിക്കപ്പെടുന്നില്ല. അയാള്‍  റുകൂഅ് (പൂ൪ത്തിയായി) ചെയ്യുകയും സുജൂദ് (പൂ൪ത്തിയായി) ചെയ്യാത്തതുമായിരിക്കാം. അയാള്‍  സുജൂദ് (പൂ൪ത്തിയായി) ചെയ്യുകയും റുകൂഅ്(പൂ൪ത്തിയായി) ചെയ്യാത്തതുമായിരിക്കാം.  (സിൽസിലത്തു സ്വഹീഹ)

وَٱلَّذِينَ هُمْ عَنِ ٱللَّغْوِ مُعْرِضُونَ ‎

അനാവശ്യകാര്യത്തില്‍ നിന്ന് തിരിഞ്ഞുകളയുന്നവരാണവർ. (ഖുർആൻ:23/3)

സത്യവിശ്വാസികളുടെ ലക്ഷണങ്ങളായി രണ്ടാമതായി പറഞ്ഞിട്ടുള്ളത് അവർ വ്യര്‍ത്ഥമായ (لَغْو) കാര്യങ്ങളില്‍നിന്ന് അവര്‍ ഒഴിഞ്ഞു നില്‍ക്കുമെന്നാണ്. കാര്യമില്ലാത്തതും, പ്രയോജനമില്ലാത്തതുമായ എല്ലാ സംഗതിയും – വാക്കോ, പ്രവൃത്തിയോ, സംഭവമോ ഏതാകട്ടെ – ഇതില്‍ ഉള്‍പ്പെടുന്നു. അതായത് വിജയികളായ സത്യവിശ്വാസികള്‍, നമസ്കാരത്തില്‍ അല്ലാഹുവല്ലാത്ത എല്ലാ വസ്തുക്കളില്‍നിന്നും, നമസ്കാരത്തിനു പുറത്ത് വ്യര്‍ത്ഥമായ എല്ലാ കാര്യങ്ങളില്‍നിന്നും ശ്രദ്ധ വിട്ടവരായിരിക്കും. നമസ്കാരം ശരിക്കു നിര്‍വ്വഹിക്കുവാനുള്ള കഴിവും, പരിചയവും എത്രമാത്രമുണ്ടോ അതനുസരിച്ച് ഈ രണ്ടാമത്തെ ഗുണവും ലഭിക്കുന്നതാകുന്നു.

റഹ്’മാന്‍ ആയ റബ്ബിന്റെ അടിമകളുടെ ഗുണങ്ങളായി അല്ലാഹു പറയുന്നതിൽ ഒന്ന് ഇപ്രകാരമാണ്.

ﻭَٱﻟَّﺬِﻳﻦَ ﻻَ ﻳَﺸْﻬَﺪُﻭﻥَ ٱﻟﺰُّﻭﺭَ ﻭَﺇِﺫَا ﻣَﺮُّﻭا۟ ﺑِﭑﻟﻠَّﻐْﻮِ ﻣَﺮُّﻭا۟ ﻛِﺮَاﻣًﺎ

വ്യാജത്തിന് സാക്ഷി നില്‍ക്കാത്തവരും, അനാവശ്യവൃത്തികള്‍ നടക്കുന്നേടത്തു കൂടി പോകുകയാണെങ്കില്‍ മാന്യന്‍മാരായി ക്കൊണ്ട് കടന്നുപോകുന്നവരുമാകുന്നു അവര്‍.(ഖുർആൻ:25/72)

അഥവാ, അവർ സ്വയം തീരുമാനപ്രകാരമോ, ഉദ്ദേശപൂർവ്വമോ ഇത്തരം സ്ഥലങ്ങളിലേക്ക് പോവുകയില്ല. നേരെമറിച്ച് അങ്ങനെ വല്ല സാഹചര്യവും ഉണ്ടായി കഴിഞ്ഞാൽ അവിടെ നടക്കുന്ന തിന്മകളിൽ നിന്നും തിരിഞ്ഞു കളഞ്ഞ് അത്തരം സദസ്സുകളിൽ പങ്കെടുക്കാതെ മാന്യമായി അവർ നടന്നു പോകുന്നതാണ്.

അല്ലാഹു പറയുന്നു:

وَإِذَا رَأَيْتَ ٱلَّذِينَ يَخُوضُونَ فِىٓ ءَايَٰتِنَا فَأَعْرِضْ عَنْهُمْ حَتَّىٰ يَخُوضُوا۟ فِى حَدِيثٍ غَيْرِهِۦ ۚ وَإِمَّا يُنسِيَنَّكَ ٱلشَّيْطَٰنُ فَلَا تَقْعُدْ بَعْدَ ٱلذِّكْرَىٰ مَعَ ٱلْقَوْمِ ٱلظَّٰلِمِينَ

നമ്മുടെ ദൃഷ്ടാന്തങ്ങളെ അപഹസിക്കുന്നതില്‍ മുഴുകിയവരെ നീ കണ്ടാല്‍ അവര്‍ മറ്റു വല്ല വര്‍ത്തമാനത്തിലും പ്രവേശിക്കുന്നത് വരെ നീ അവരില്‍ നിന്ന് തിരിഞ്ഞുകളയുക. ഇനി വല്ലപ്പോഴും നിന്നെ പിശാച് മറപ്പിച്ച് കളയുന്ന പക്ഷം ഓര്‍മ വന്നതിന് ശേഷം അക്രമികളായ ആ ആളുകളുടെ കൂടെ നീ ഇരിക്കരുത്‌. (ഖു൪ആന്‍:6/68)

وَإِذَا سَمِعُوا اللَّغْوَ أَعْرَضُوا عَنْهُ وَقَالُوا لَنَا أَعْمَالُنَا وَلَكُمْ أَعْمَالُكُمْ سَلَامٌ عَلَيْكُمْ لَا نَبْتَغِي الْجَاهِلِينَ

വ്യര്‍ത്ഥമായതുകേട്ടാല്‍ അവര്‍ അതില്‍നിന്നും തിരിഞ്ഞുപോകും. അവര്‍ പറയുകയും ചെയ്യും: ‘ഞങ്ങള്‍ക്ക് ഞങ്ങളുടെ കര്‍മ്മങ്ങള്‍, നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മ്മങ്ങളും. നിങ്ങള്‍ക്കു സലാം. ഞങ്ങള്‍ വിഡ്ഢികളെ ആവശ്യപ്പെടുന്നില്ല’. (ഖുർആൻ:.28/ 55)

عَنْ أَبِيْ هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُوْلُ اللهِ ﷺ : مِنْ حُسْنِ إِسْلامِ المَرْءِ تَرْكُهُ مَا لاَ يَعْنِيْهِ

അബൂ ഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു: തന്നെ ബാധിക്കാത്ത കാര്യങ്ങൾ ഉപേക്ഷിക്കുകയെന്നത് ഒരു വ്യക്തിയുടെ ഇസ്‌ലാമിക നന്മയിൽ പെട്ടതാകുന്നു. (തിർമിദി:2317)

وَٱلَّذِينَ هُمْ لِلزَّكَوٰةِ فَٰعِلُونَ

സകാത്ത് കൊടുത്ത് വീട്ടുന്നവരാണവർ. (ഖുർആൻ:23/4)

സത്യവിശ്വാസികളുടെ ലക്ഷണങ്ങളായി മൂന്നാമതായി പറഞ്ഞിട്ടുള്ളത് അവര്‍ സകാത്ത് കൊടുക്കു ന്നവരായിരിക്കുമെന്നാണ്.  زَكَوٰةً (സകാത്ത്) എന്ന പദത്തിന്റെ അര്‍ത്ഥം തന്നെ ‘പരിശുദ്ധി, ആത്മശുദ്ധി, വളര്‍ച്ച’ എന്നൊക്കെയാണ്. ധാര്‍മ്മികമായ വളര്‍ച്ചയും, ആത്മീയമായ പരിശുദ്ധിയും അതുമൂലം ലഭിക്കുന്നു. കര്‍മ്മശാസ്ത്ര പണ്ഡിതന്മാരുടെ നിര്‍വചന പ്രകാരം സകാത്ത് എന്നത് അല്ലാഹുവിന് ആരാധനയെന്നോണം നിര്‍ണ്ണിതമായ ചില സമ്പത്തുകളില്‍ നിന്നും, നിര്‍ബന്ധവും നിര്‍ണ്ണിതവുമായ ഒരു വിഹിതം, നിര്‍ണ്ണിതമായ അവകാശികള്‍ക്ക് നല്‍കുന്നതിനെയാണ്‌ സകാത്ത് എന്ന് പറയുന്നത്.

വിശുദ്ധ ഖുർആനിൽ നമസ്കാരത്തെ കുറിച്ച് പരാമർശിച്ചിട്ടുള്ള ഭൂരിഭാഗം വചനങ്ങളിലും അതിനോട് ചേർത്ത് പറഞ്ഞിട്ടുള്ള കാര്യമാണ് സക്കാത്ത് കൊടുത്തു വീട്ടുക എന്നുള്ളത്. ഖുര്‍ആന്‍ 30 സ്ഥലങ്ങളില്‍ സകാത്ത് പരാമര്‍ശിച്ചപ്പോള്‍ 27 സ്ഥലങ്ങളിലും നമസ്‌കാരവുമായി ചേര്‍ത്തു കൊണ്ടാണ് പറഞ്ഞത്.

عَنْ أَنَسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ : لا يُؤْمِنُ أَحَدُكُمْ حَتَّى يُحِبَّ لأَخِيهِ مَا يُحِبُّ لِنَفْسِهِ ‏‏‏.

അനസ് رَضِيَ اللَّهُ عَنْهُ വിൽനിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സ്വന്തത്തിന് ഇഷ്ടപ്പെടുന്നതൊക്കെ തന്റെ സഹോദരനും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളിലൊരാളും വിശ്വാസിയാകുകയില്ല. (ബുഖാരി:13)

ﻟَﻦ ﺗَﻨَﺎﻟُﻮا۟ ٱﻟْﺒِﺮَّ ﺣَﺘَّﻰٰ ﺗُﻨﻔِﻘُﻮا۟ ﻣِﻤَّﺎ ﺗُﺤِﺒُّﻮﻥَ ۚ ﻭَﻣَﺎ ﺗُﻨﻔِﻘُﻮا۟ ﻣِﻦ ﺷَﻰْءٍ ﻓَﺈِﻥَّ ٱﻟﻠَّﻪَ ﺑِﻪِۦ ﻋَﻠِﻴﻢٌ

നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുന്നത് വരെ നിങ്ങള്‍ക്ക് പുണ്യം നേടാനാവില്ല. നിങ്ങള്‍ ഏതൊരു വസ്തു ചെലവഴിക്കുന്നതായാലും തീര്‍ച്ചയായും അല്ലാഹു അതിനെപ്പറ്റി അറിയുന്നവനാകുന്നു. (ഖു൪ആന്‍:3/92)

وَٱلَّذِينَ هُمْ لِفُرُوجِهِمْ حَٰفِظُونَ ‎﴿٥﴾‏ إِلَّا عَلَىٰٓ أَزْوَٰجِهِمْ أَوْ مَا مَلَكَتْ أَيْمَٰنُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ ‎﴿٦﴾‏ فَمَنِ ٱبْتَغَىٰ وَرَآءَ ذَٰلِكَ فَأُو۟لَٰٓئِكَ هُمُ ٱلْعَادُونَ ‎﴿٧﴾

തങ്ങളുടെ ഗുഹ്യാവയവങ്ങളെ കാത്തുസൂക്ഷിക്കുന്നവരുമത്രെ അവര്‍. തങ്ങളുടെ ഭാര്യമാരുമായോ, തങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീകളുമായോ ഉള്ള ബന്ധം ഒഴികെ. അപ്പോള്‍ അവര്‍ ആക്ഷേപാര്‍ഹരല്ല.  എന്നാല്‍ അതിന്നപ്പുറം ആരെങ്കിലും ആഗ്രഹിക്കുന്ന പക്ഷം അവര്‍ തന്നെയാണ് അതിക്രമകാരികള്‍. (ഖുർആൻ:23/5-7)

സത്യവിശ്വാസികളുടെ ലക്ഷണങ്ങളായി നാലാമതായി പറഞ്ഞിട്ടുള്ളത് അവര്‍ ഗുഹ്യസ്ഥാനം സൂക്ഷിക്കുന്നവരായിരിക്കുമെന്നാണ്. സ്വന്തം ഭാര്യമാരുടെ അടുക്കലോ, മതത്തില്‍ അനുവദിക്കപ്പെട്ടപ്രകാരം അടിമകളില്‍നിന്നു ധര്‍മ്മിണികളായി സ്വീകരിച്ചിട്ടുള്ളവരുടെ അടുക്കലോ അല്ലാതെ, ലൈംഗികമായ യാതൊരു ഇടപാടും അവര്‍ ചെയ്കയില്ലെന്നര്‍ത്ഥം. അനുവദിക്കപ്പെട്ട ഈ രണ്ടു മാര്‍ഗ്ഗങ്ങളില്‍നിന്നും അകന്നുനിന്നു കൊണ്ടുള്ള അവിഹിത ജീവിതം, ഇസ്‌ലാമില്‍ വെറുക്കപ്പെട്ടതാണ്. ഈ രണ്ടിനും പുറമെയുള്ള ലൈംഗിക ഇടപാടുകളാകട്ടെ, വ്യഭിചാരവൃത്തിയുമാകുന്നു. അതുകൊണ്ടാണ്, ഈ രണ്ടു കൂട്ടരുമായി ഇടപെടുന്നതിനെപ്പറ്റി ആക്ഷേപിക്കുവാനില്ലെന്നും, അതിനപ്പുറം ആവശ്യപ്പെടുന്നവരാണ് അതിരുവിട്ടവരെന്നും അല്ലാഹു പ്രത്യേകം പ്രസ്താവിച്ചത്.

وَٱلَّذِينَ هُمْ لِأَمَٰنَٰتِهِمْ وَعَهْدِهِمْ رَٰعُونَ

തങ്ങളുടെ അമാനത്തുകളും കരാറുകളും പാലിക്കുന്നവരുമാണവർ. (ഖുർആൻ:23/8)

സത്യവിശ്വാസികളുടെ ലക്ഷണങ്ങളായി അഞ്ചാമതായും ആറാമതായും പറഞ്ഞിട്ടുള്ളത് അവര്‍ വിശ്വസ്തതകളെയും, കരാറുകളെയും പാലിക്കുന്നവരായിരിക്കുമെന്നാണ്. മറ്റുള്ളവര്‍ ഏല്‍പിച്ചതോ, സ്വയം ഏറ്റെടുത്തതോ, സ്വയം ചെയ്യുമെന്നു മറ്റുള്ളവരാല്‍ വിശ്വസിക്കപ്പെടുന്നതോ ആയ കാര്യങ്ങളെല്ലാം أَمَانَات (വിശ്വസ്തതകള്‍) എന്നു പറഞ്ഞതില്‍ ഉള്‍പ്പെടുന്നു. അതുപോലെത്തന്നെ, മനുഷ്യര്‍ തമ്മിലുള്ളതും, അല്ലാഹുവിനും മനുഷ്യനും ഇടയിലുള്ളതുമായ വിശ്വസ്തതകളും ഇതില്‍ അടങ്ങുന്നു. മറ്റുള്ളവരോടു ചെയ്യുന്ന വാഗ്ദാനങ്ങളും, കരാറുകളുമെല്ലാം عَهْد (ഉടമ്പടി) എന്ന വാക്കിലും ഉള്‍പ്പെടും.

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ “‏ آيَةُ الْمُنَافِقِ ثَلاَثٌ إِذَا حَدَّثَ كَذَبَ، وَإِذَا وَعَدَ أَخْلَفَ، وَإِذَا اؤْتُمِنَ خَانَ ‏”‏‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: കപട വിശ്വാസിയുടെ അടയാളം മൂന്നെണ്ണമാകുന്നു. അവന്‍ സംസാരിച്ചാല്‍ കളവ് പറയും. കരാര്‍ ചെയ്താല്‍ ലംഘിക്കും. വിശ്വസിച്ചേല്‍പിക്കപ്പെട്ടാല്‍ വഞ്ചിക്കും. (ബുഖാരി:6095)

وَٱلَّذِينَ هُمْ عَلَىٰ صَلَوَٰتِهِمْ يُحَافِظُونَ

തങ്ങളുടെ നമസ്കാരങ്ങള്‍ കൃത്യമായി അനുഷ്ഠിച്ചു പോരുന്നവരുമാണവർ. (ഖുർആൻ:23/9)

സത്യവിശ്വാസികളുടെ ലക്ഷണങ്ങളായി ഏഴാമതായി,  നമസ്കാരത്തിന്റെ കാര്യം ഒന്നുകൂടി എടുത്തുപറഞ്ഞിരിക്കുന്നു. അഥവാ അവര്‍ നമസ്കാരത്തെപ്പറ്റി സൂക്ഷിച്ചു വരുന്നവരാണെന്നു്. നമസ്കാരത്തില്‍ ആചരിക്കേണ്ടുന്ന കാര്യങ്ങള്‍ സൂക്ഷ്മമായും, കൃത്യമായും പാലിക്കുക, അതില്‍ അനുഷ്ഠിക്കേണ്ടുന്ന മര്യാദകള്‍ ഗൗനിക്കുക, കൃത്യസമയത്തും ചിട്ടയോടുകൂടിയും അനുഷ്ഠിക്കുക – ചുരുക്കത്തില്‍ നമസ്കാരം തന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു കടമയും കര്‍മ്മവുമാണെന്ന ബോധത്തോടുകൂടി പ്രവര്‍ത്തിക്കുക – ഇതെല്ലാമാണ് നമസ്കാരത്തെപ്പറ്റി സൂക്ഷിച്ചുപോരുക എന്നതിന്റെ സാരം.

ﺇِﻥَّ ٱﻟﺼَّﻠَﻮٰﺓَ ﻛَﺎﻧَﺖْ ﻋَﻠَﻰ ٱﻟْﻤُﺆْﻣِﻨِﻴﻦَ ﻛِﺘَٰﺒًﺎ ﻣَّﻮْﻗُﻮﺗًﺎ

തീര്‍ച്ചയായും നമസ്കാരം സത്യവിശ്വാസികള്‍ക്ക് സമയം നിര്‍ണയിക്കപ്പെട്ട ഒരു നിര്‍ബന്ധ ബാധ്യതയാകുന്നു.(ഖു൪ആന്‍ :2/103)

عَنْ عَبْدِ اللَّهِ قَالَ سَأَلْتُ النَّبِيَّ صلى الله عليه وسلم أَىُّ الْعَمَلِ أَحَبُّ إِلَى اللَّهِ قَالَ ‏”‏ الصَّلاَةُ عَلَى وَقْتِهَا ‏”‏‏.‏ قَالَ ثُمَّ أَىُّ قَالَ ‏”‏ ثُمَّ بِرُّ الْوَالِدَيْنِ ‏”‏‏.‏ قَالَ ثُمَّ أَىُّ قَالَ ‏”‏ الْجِهَادُ فِي سَبِيلِ اللَّهِ ‏”‏‏.‏ قَالَ حَدَّثَنِي بِهِنَّ وَلَوِ اسْتَزَدْتُهُ لَزَادَنِي‏.‏

അബ്ദുല്ല رَضِيَ اللَّهُ عَنْهُ പറയുന്നു: ഏത് പ്രവൃത്തിയാണ് അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടതെന്ന് നബി ﷺ യോട്  ഞാൻ ചോദിച്ചു. അവിടുന്നു പറഞ്ഞു: നമസ്‌കാരം അതിന്റെ സമയത്ത് നിർവ്വഹിക്കൽ. അദ്ധേഹം ചോദിച്ചു: പിന്നെ ഏതാണ്? അവിടുന്ന് പറഞ്ഞു: അദ്ധേഹം ചോദിച്ചു: പിന്നെ ഏതാണ്? അവിടുന്ന് പറഞ്ഞു: അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള ജിഹാദ്. അദ്ധേഹം പറയുന്നു: ഈ കാര്യങ്ങൾ അല്ലാഹുവിന്റെ റസൂൽ ﷺ എന്നോടു പറഞ്ഞതാണ്. ഇനിയും കൂടുതൽ ഞാൻ ചോദിച്ചിരുന്നുവെങ്കിൽ തീർച്ചയായും കൂടുതൽ എനിക്കു പറഞ്ഞുതരുമായിരുന്നു. (ബുഖാരി: 527)

أُو۟لَٰٓئِكَ هُمُ ٱلْوَٰرِثُونَ ‎﴿١٠﴾‏ ٱلَّذِينَ يَرِثُونَ ٱلْفِرْدَوْسَ هُمْ فِيهَا خَٰلِدُونَ ‎﴿١١﴾

അവര്‍ തന്നെയാകുന്നു അനന്തരാവകാശികള്‍.  അതായത് ഉന്നതമായ സ്വര്‍ഗം അനന്തരാവകാശമായി നേടുന്നവര്‍. അവരതില്‍ നിത്യവാസികളായിരിക്കും. (ഖുർആൻ:23/10-11)

മേല്‍ കണ്ട ഗുണങ്ങളോടുകൂടിയ സത്യവിശ്വാസികളുടെ വിജയസിദ്ധിയെപ്പറ്റി ‘അക്കൂട്ടരാണ് അനന്തരാവകാശികള്‍’ എന്നത്രെ അല്ലാഹു പറയുന്നത്. അതെ, സ്വര്‍ഗ്ഗലോകത്തുവെച്ച് ഏറ്റവും ഉന്നതമായ ‘ഫിര്‍ദൗസ്’ (പറുദീസാ) എന്ന സ്വര്‍ഗ്ഗത്തിന് അര്‍ഹരായവര്‍. അവരതില്‍ നിത്യവാസികളാണ്, ആ മഹാ വിജയം ലഭിച്ചു കഴിഞ്ഞാല്‍ പിന്നെ ഒരിക്കലും അതിനു വിരാമമില്ല. സ്വര്‍ഗ്ഗം നശിക്കുകയാകട്ടെ, അവര്‍ മരണപ്പെടുകയാകട്ടെ – ഒന്നുംതന്നെ – സംഭവിക്കുകയില്ല.

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏  فَإِذَا سَأَلْتُمُ اللَّهَ فَاسْأَلُوهُ الْفِرْدَوْسَ، فَإِنَّهُ أَوْسَطُ الْجَنَّةِ وَأَعْلَى الْجَنَّةِ، أُرَاهُ فَوْقَهُ عَرْشُ الرَّحْمَنِ، وَمِنْهُ تَفَجَّرُ أَنْهَارُ الْجَنَّةِ ‏

നബി ﷺ പറഞ്ഞു:  നിങ്ങൾ അല്ലാഹുവിനോട് (സ്വർഗ്ഗം) ചോദിക്കുമ്പോൾ ഫിർദൗസ് ചോദിക്കുക. കാരണം അത് സ്വര്ഗ്ഗത്തിന്റെ മദ്ധ്യവും സ്വർഗ്ഗത്തിന്റെ അത്യുന്നതവുമാകുന്നു. അതിന് മുകളിലാണ് കരുണാനിധിയായ അല്ലാഹുവിന്റെ സിംഹാസനം. അതിൽ നിന്നാണ് സ്വർഗ്ഗീയ നദികൾ പൊട്ടി ഒഴുകുന്നത്. (ബുഖാരി:2790)

إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ كَانَتْ لَهُمْ جَنَّٰتُ ٱلْفِرْدَوْسِ نُزُلًا

തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് സല്‍ക്കാരം നല്‍കാനുള്ളതാകുന്നു സ്വര്‍ഗത്തോപ്പുകള്‍. (ഖുർആൻ:18/107)

ഇങ്ങിനെയുള്ള വിജയികളില്‍ അല്ലാഹു നമ്മെ ഉള്‍പ്പെടുത്തട്ടെ! ആമീന്‍.

 

 

www.kanzululoom.com

Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket

Leave a Reply

Your email address will not be published.