ഇസ്‌ലാമിക സൗധത്തിന്റെ പ്രബല സ്തംഭം : നമസ്കാരം

പ്രിന്റെടുത്ത് ലഘുലേഖയായി വിതരണം ചെയ്യുന്നതിന് സഹായകരമാകുന്ന തരത്തിലാണ് ഈ പോസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്.

ഇസ്ലാം പഞ്ചസ്തംഭങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. രണ്ട് സാക്ഷ്യവചനങ്ങൾക്കുശേഷം ഇസ്‌ലാമിക സൗധത്തിന്റെ ഏറ്റവും പ്രബലമായ സ്തംഭമാണ് നമസ്‌കാരം.

നബി ﷺ പറഞ്ഞു: ഇസ്ലാം അഞ്ച് കാര്യങ്ങളില്‍ സ്ഥാപിതമാണ്. രണ്ട് സാക്ഷ്യവചനങ്ങള്‍, നമസ്കാരം നേരാംവിധം നിലനി൪ത്തല്‍, സക്കാത്ത് കൊടുക്കല്‍, ഹജ്ജ് ചെയ്യല്‍, റമളാനിലെ നോമ്പ് നോല്‍ക്കല്‍. (ബുഖാരി:8)

മിഅ്‌റാജിന്റെ രാവിൽ ഏഴ് ആകാശങ്ങൾക്കു മീതെ വെച്ച് നബി ﷺ യുടെ മേൽ അല്ലാഹു നമസ്‌കാരം നിർബന്ധമാക്കി. ഒരു മുസ്‌ലിമിന്റെ ജീവിതത്തിൽ നമസ്‌കാരത്തിനുള്ള പ്രാധാന്യമാണ് ഇത് അറിയിക്കുന്നത്. സത്യവിശ്വാസികളുടെ ജീവിതത്തില്‍ നിന്ന് ഒരിക്കലും ഒഴിഞ്ഞുപോകാന്‍ പാടില്ലാത്ത ഒരു നിര്‍ബന്ധ കര്‍മമാണ് അഞ്ച് നേരത്തെ നമസ്കാരം എന്നര്‍ത്ഥം.

ശഹാദത്തു കലിമകള്‍ ഉച്ചരിച്ച് ഒരാള്‍ മുസ്ലിമായി കഴിഞ്ഞാല്‍‌ പിന്നീട് ഏറ്റവും ഗൌരവപൂ൪വ്വം അവന്റെ മേല്‍ ചുമത്തപ്പെട്ടിട്ടുള്ള ഒരു ഒരു നി൪ബന്ധ ക൪മ്മമാണ് ഇത്. നബി ﷺ മുആദ് ബ്നു ജബലിനെ(റ) പ്രബോധകനായി യമനിലേക്ക് അയച്ചപ്പോള്‍ ഇപ്രകാരം ഉപദേശിച്ചു: ഹേ മുആദ്, വേദക്കാരുടെ നാട്ടിലേക്കാണ് താങ്കള്‍ പോകുന്നത്. നീ അവരെ ആദ്യം ക്ഷണിക്കുന്നത് തൌഹീദിലേക്കായിരിക്കണം. അവ൪ അത് മനസ്സിലാക്കി അംഗീകരിച്ച് കഴിഞ്ഞാല്‍ അല്ലാഹു അവരുടെ മേല്‍ പകലും രാത്രിയുമായി അഞ്ച് നേരത്തെ നമസ്കാരം നി൪ബന്ധമാക്കിയിരിക്കുന്നുവെന്നുള്ള കാര്യം അവരെ ബോധ്യപ്പെടുത്തുക …… (ബുഖാരി)

നബി ﷺ ഉമ്മത്തിന് നൽകിയ അവസാന വസ്വിയത്ത് നമസ്കാരത്തിന്റെ കാര്യത്തിലായിരുന്നു.

ഉമ്മുസലമയില്‍(റ) നിവേദനം: നബി ﷺ വഫാതായ രോഗശയ്യയില്‍ കിടന്ന് കൊണ്ട് പറയുകയുണ്ടായി: ‘നമസ്‌കാരം! നിങ്ങളുടെ വലതു കരം ഉടമപ്പെടുത്തിയവരും.’ ഇത് അവിടുന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞ് കൊണ്ടിരുന്നു. (ഇബ്‌നുമാജ)

അലി (റ) പറയുന്നു: നബി ﷺ യുടെ അവസാന സംസാരം ഇപ്രകാരമായിരുന്നു: നമസ്കാരം (സൂക്ഷിക്കുക). നമസ്കാരം (സൂക്ഷിക്കുക). നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയ (അടിമകളുടെ) കാര്യത്തില്‍ അല്ലാഹുവിനെ ഭയപ്പെടുക. (അബൂദാവൂദ്)

ഇവിടെ നമസ്‌കാരം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് നമസ്‌കാരം നിങ്ങള്‍ കൃത്യമായി നിര്‍വഹിക്കുകയും അതിനുള്ള സ്ഥാനം നല്‍കുകയും അതിനെ അവഗണിക്കാതിരിക്കുകയും ചെയ്യുക എന്നാണ്. (ഹാശിയതുസ്സിന്‍ദി അലാ ഇബ്‌നുമാജ)

അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ നിലനി൪ത്താന്‍ ഏറ്റവും സഹായകകരമായ കാര്യമാണ് നമസ്കാരം.

എന്നെ ഓര്‍മിക്കുന്നതിനായി നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക.(ഖു൪ആന്‍ : 20/14)

നമസ്‌കാരം നീചവും നിഷിദ്ധവുമായ കാര്യങ്ങളില്‍ നിന്ന് മനുഷ്യനെ തടയുകയും ചെയ്യുന്നു.

തീര്‍ച്ചയായും നമസ്കാരം നീചവൃത്തിയില്‍ നിന്നും നിഷിദ്ധകര്‍മ്മത്തില്‍ നിന്നും തടയുന്നു.(ഖു൪ആന്‍ :29/45)

ജീവിതത്തില്‍ അഞ്ച് നേരത്തെ നമസ്കാരം കൃത്യമായി യഥാവിധി നി൪വ്വഹിക്കുന്നവരുടെ പാപങ്ങള്‍ അല്ലാഹു പൊറുത്ത് കൊടുക്കുന്നതാണ്.

നബി ﷺ പറഞ്ഞു: നിങ്ങൾ പറയൂ, നിങ്ങളില്‍ ഒരാളുടെ കവാടത്തിനരികിലൂടെ ഒരു നദി ഒഴുകുകയും അതിൽ നിന്ന് ദിനംപ്രതി അഞ്ച് പ്രാവശ്യം അയാൾ കുളിക്കുകയും ചെയ്യുന്നുവെങ്കിൽ, അദ്ദേഹത്തിന്റെ ശരീരത്തിൽ വല്ല അഴുക്കും അവശേഷിക്കുമോ?’ അവർ മറുപടി പറഞ്ഞു: ഒരു അഴുക്കും അവശേഷിക്കുകയില്ല. നബി ﷺ പറഞ്ഞു: ‘ഇത് തന്നെയാണ് അഞ്ച് നേരത്തെ നമസ്കാരത്തിന്റെ ഉപമ. അത് മുഖേന അല്ലാഹു പാപങ്ങൾ മായ്ച് കളയുന്നതാണ്. (ബുഖാരി, മുസ്‌ലിം)

നബി ﷺ പറഞ്ഞു: വന്‍പാപങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കില്‍ അ‍ഞ്ച് നേരത്തെ നമസ്കാരങ്ങളും ഒരു ജുമുഅ മറ്റൊരു ജുമുഅ വരേയും ഒരു റമദാന്‍ മറ്റൊരു റമദാന്‍ വരേയും അവക്കിടയിലുള്ള പാപങ്ങള്‍ മായ്ച്ച് കളയുന്നു. (മുസ്ലിം)

നിന്‍റെ കുടുംബത്തോട് നീ നമസ്കരിക്കാന്‍ കല്‍പിക്കുകയും, അതില്‍(നമസ്കാരത്തില്‍) നീ ക്ഷമാപൂര്‍വ്വം ഉറച്ചുനില്‍ക്കുകയും ചെയ്യുക. നിന്നോട് നാം ഉപജീവനം ചോദിക്കുന്നില്ല. നാം നിനക്ക് ഉപജീവനം നല്‍കുകയാണ് ചെയ്യുന്നത്‌. ധര്‍മ്മനിഷ്ഠയ്ക്കാകുന്നു ശുഭപര്യവസാനം. (ഖു൪ആന്‍ :20/132)

ഈ ആയത്തിന്റെ തഫ്സീറിൽ ഇബ്നുകസീർ(റഹി) പറയുന്നു:നീ നമസ്കാരം കൃത്യമായി നിർവഹിക്കുകയാണെങ്കിൽ നീ വിചാരിക്കാത്ത രീതിയിൽ നിനക്ക് ഉപജീവനം വന്നെത്തും. (തഫ്സീർ ഇബ്നുകസീർ)

സ്വ൪ഗത്തില്‍ പ്രവേശിക്കുന്നവരെ കുറിച്ച് അല്ലാഹു പറയുന്നു.

തങ്ങളുടെ നമസ്കാരങ്ങള്‍ കൃത്യമായി അനുഷ്ഠിച്ചു പോരുന്നവരുമത്രെ (ആ വിശ്വാസികള്‍) (ഖു൪ആന്‍:23/9)

തങ്ങളുടെ നമസ്കാരത്തില്‍ സ്ഥിരമായി നിഷ്ഠയുള്ളവരാണവ൪ (ഖു൪ആന്‍:70/23)

തങ്ങളുടെ നമസ്കാരങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുന്നവവരാണവ൪ (ഖു൪ആന്‍:70/34)

പരലോകത്ത് ആദ്യമായി വിചാരണ ചെയ്യുക നമസ്‌കാരത്തെക്കുറിച്ചായിരിക്കും.

നബി ﷺ പറഞ്ഞു: അന്ത്യനാളില്‍ മനഷ്യരുടെ കര്‍മങ്ങളില്‍ ആദ്യമായി വിചാണ ചെയ്യുക നമസ്‌കാരത്തെ കുറിച്ചായിരിക്കും. അത് നന്നാകുകയാണെങ്കില്‍ അവന്‍ വിജയിച്ചു.അത് മോശമായാല്‍ അവന്‍ നഷ്ടക്കാരനും,നിര്‍ഭാഗ്യവാനുമായി….. ( തിര്‍മിദി 413)

ഫ൪ള് നമസ്കാരങ്ങളുടെ സമയം ശ്രദ്ധിക്കാതെ തോന്നിയതുപോലെ സൌകര്യം കിട്ടുന്ന സമയത്ത് നമസ്കരിക്കുന്നവരുണ്ട്. നമസ്കാരം എപ്പോഴെങ്കിലും നി൪വ്വഹിക്കേണ്ട ഒരു ക൪മ്മമല്ല, പ്രത്യുത സമയനിര്‍ണയം ചെയ്യപ്പെട്ടിട്ടുള്ള ഒരു ഒരു നി൪ബന്ധ ക൪മ്മമാണ് നമസ്കാരം.

തീര്‍ച്ചയായും നമസ്കാരം സത്യവിശ്വാസികള്‍ക്ക് സമയം നിര്‍ണയിക്കപ്പെട്ട ഒരു നിര്‍ബന്ധ ബാധ്യതയാകുന്നു.(ഖു൪ആന്‍ :4/103)

അബ്ദുല്ല (റ) പറയുന്നു: ഏത് പ്രവൃത്തിയാണ് അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടതെന്ന് നബി ﷺ യോട് ഞാൻ ചോദിച്ചു. അവിടുന്നു പറഞ്ഞു: നമസ്‌കാരം അതിന്റെ സമയത്ത് നിർവ്വഹിക്കൽ…….. (ബുഖാരി)

അഞ്ച് നേരത്തെ നമസ്കാരത്തിന്റെ കാര്യത്തിലുള്ള നബി ﷺ യുടെ കല്‍പ്പനകള്‍ പരിശോധിച്ചാല്‍ പുരുഷൻമാര്‍ അത് പള്ളിയില്‍ പോയി ജമാഅത്തായിട്ടാണ് നി൪വ്വഹിക്കേണ്ടതെന്ന് കാണാന്‍ കഴിയും. അഞ്ച് നേരത്തെ നമസ്കാരം പള്ളിയില്‍ പോയി ജമാഅത്തായി നമസ്കരിക്കാതെ വീട്ടില്‍ നമസ്കരിക്കുന്നവ൪ക്ക് പല ന്യായങ്ങളും പറയാനുണ്ടാകും. അത്തരക്കാ൪ക്ക് ഇബ്‌നു ഉമ്മുമക്തൂമിന്റെ(റ) വിഷയത്തിലെ ഹദീസ് ഗുണപാഠമാകേണ്ടതാണ്.

അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം: നിശ്ചയം നബിﷺയുടെ അരികിൽ ഒരു അന്ധൻ വന്നുകൊണ്ടു പറഞ്ഞു. അല്ലാഹു ﷻ വിന്റെ പ്രവാചകരേ(ﷺ), എന്നെ പള്ളിയിലേക്ക് കൊണ്ടുപോകാൻ ഒരു വഴി കാട്ടിയില്ല, അതിനാൽ അങ്ങ് എനിക്ക് വീട്ടിൽവെച്ച് നമസ്‌കാരം നിർവ്വഹിക്കാൻ ഇളവ് അനുവദിക്കുമോ..? അപ്പോൾ അവിടുന്ന് (ﷺ) അദ്ദേഹത്തിന് ഇളവ് അനുവദിക്കുകയുണ്ടായി. എന്നാൽ അദ്ദേഹം തിരിഞ്ഞുപോകാൻ ആരംഭിച്ചപ്പോൾ അയാളെ വിളിച്ചു കൊണ്ട് ചോദിച്ചു. നീ ബാങ്ക് കേൾക്കാറുണ്ടോ..? ആഗതൻ “അതെ” എന്ന് മറുപടി പറഞ്ഞു. അപ്പോൾ അവിടുന്ന് (ﷺ) പറഞ്ഞു. “എങ്കിൽ നീ അതിന് ഉത്തരം ചെയ്യണം. (നസാഇ))

പള്ളിയില്‍ പോയി ജമാഅത്തായി നമസ്കരിക്കാതെ വീട്ടില്‍ വെച്ച് ഫ൪ള് നമസ്കരിക്കുന്നവരോടുള്ള നബിയുടെ രോഷം നാം അറിയാതെ പോകരുത്.

നബി ﷺ അരുളി: എന്റെ ആത്മാവിനെ നിയന്ത്രിക്കുന്ന അല്ലാഹുവിനെ കൊണ്ട് സത്യം. ഞാൻ ഇപ്രകാരം ഉദ്ദേശിച്ചു. ഞാൻ കുറച്ച് വിറകുശേഖരിക്കാൻ വേണ്ടി കൽപ്പിക്കുക. പിന്നീട് നമസ്ക്കരിക്കുവാൻ കൽപ്പിക്കുക. നമസ്കാരത്തിന് ബാങ്ക് കൊടുക്കുക. എന്നിട്ട് ഒരാളെ വിളിച്ചു ജനങ്ങൾക്ക് ഇമാമായി നിന്നു നമസ്ക്കരിക്കാൻ കൽപ്പിക്കുക. അനന്തരം ചില ആളുകളുടെ വീടുകളിലേക്ക് ഞാൻ പുറപ്പെടുക. എന്നിട്ട് ജമാഅത്തിന് വരാത്ത ആ ആളുകളോടുകൂടി അവരുടെ ആ വീടുകൾ കത്തിച്ചുകളയുക. എന്റെ ആത്മാവിനെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന അല്ലാഹുവിനെക്കൊണ്ട് സത്യം. അവരിൽ വല്ലവർക്കും മാംസത്തിന്റെ അംശങ്ങൾ അവശേഷിച്ചിട്ടുള്ള ഒരെല്ലോ അല്ലെങ്കിൽ ആട്ടിന്റെ നല്ല രണ്ടു കുളമ്പോ കിട്ടുമെന്ന് അവർ പ്രതീക്ഷിച്ചെങ്കിൽ അവർ ഇശാനമസ്ക്കാരത്തിന് ഹാജരാവുമായിരുന്നു. (ബുഖാരി)

ഇന്ന് മുസ്ലിം സമുദായത്തില്‍ പെട്ട ധാരാളം പേ൪ ‘നമസ്‌കാരം’ എന്ന ക൪മ്മം നി൪വ്വഹിക്കാതെ ജീവിക്കുന്നതായി കാണാം. മറ്റുചിലരാകട്ടെ വെള്ളിയാഴ്ചയും പെരുന്നാളിനും മാത്രം നമസ്കരിക്കുകയും ചെയ്യുന്നു. നമസ്‌കാരം ഉപേക്ഷിക്കുന്നവന് ഇസ്‌ലാമില്‍ യാതൊരു സ്ഥാനവുമില്ലെന്നും അവന്‍ ഇസ്ലാമില്‍ നിന്നും പുറത്താണെന്നുമാണ് ഇസ്ലാമിക പ്രമാണങ്ങളില്‍ നിന്നും മനസ്സിലാകുന്നത്.

നബി ﷺ പറഞ്ഞു: ഒരു മുസ്ലിമിന്റേയും ശി൪ക്കിന്റേയും കുഫ്റിന്റേയും ഇടക്കുള്ള വ്യത്യാസം നമസ്കാരം ഉപേക്ഷിക്കലാകുന്നു. (മുസ്ലിം)

നബി ﷺ പറഞ്ഞു: നാമും അവരും തമ്മിലുള്ള കരാ൪ നമസ്കാരമാകുന്നു. അത് ആരെങ്കിലും ഉപേക്ഷിച്ചാല്‍ അവ൪ കാഫിറായി. (അബൂദാവൂദ്)

നമസ്കാരം ഒഴിച്ചുള്ള ഒരു പ്രവ൪ത്തനം ഉപേക്ഷിക്കുന്നതും കുഫ്റായി നബി ﷺ യുടെ സ്വഹാബത്ത് കണ്ടിരുന്നില്ല. (തി൪മിദി)

ഉമർ (റ)പറഞ്ഞു: നിസ്ക്കരിക്കാത്തവന് ഇസ്ലാമില്ല.تعظيم قدر الصلاة للمروزي【٢/٨٧٩】

അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) പറഞ്ഞു: ആരെങ്കിലും നിസ്കാരം ഒഴിവാക്കിയാൽ അവന്നു ദീനില്ല തന്നെ. (സ്വഹീഹുത്തർഗീബ്)

നമസ്കാരം ഉപേക്ഷിക്കുന്നവന്‍ കാഫിറാണെന്ന സ്വഹാബത്തിന്റെ ഇജ്മാഅ് ഒട്ടനവധി പണ്ഢിതന്‍മാ൪ ഉദ്ദരിക്കുന്നുണ്ട്. (മുഹല്ലാ : 2/242,243)

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *