ക്ഷമയും നമസ്കാരവും

ബനൂഇസ്‌റാഈല്യരെ അഭിമുഖീകരിച്ച് അല്ലാഹു പറയുന്നു:

وَٱسْتَعِينُوا۟ بِٱلصَّبْرِ وَٱلصَّلَوٰةِ ۚ وَإِنَّهَا لَكَبِيرَةٌ إِلَّا عَلَى ٱلْخَٰشِعِينَ ‎﴿٤٥﴾‏ ٱلَّذِينَ يَظُنُّونَ أَنَّهُم مُّلَٰقُوا۟ رَبِّهِمْ وَأَنَّهُمْ إِلَيْهِ رَٰجِعُونَ ‎﴿٤٦﴾

ക്ഷമയും നമസ്കാരവും മുഖേന (അല്ലാഹുവിന്റെ) സഹായം തേടുക. അത് (നമസ്കാരം) ഭക്തന്‍മാരല്ലാത്തവര്‍ക്ക് വലിയ (പ്രയാസമുള്ള) കാര്യം തന്നെയാകുന്നു. തങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടേണ്ടിവരുമെന്നും, അവങ്കലേക്ക് തിരിച്ചുപോകേണ്ടി വരുമെന്നും വിചാരിച്ചുകൊണ്ടിരിക്കുന്നവരത്രെ അവര്‍ (ഭക്തന്‍മാര്‍). (ഖു൪ആന്‍:2/45-46)

അതായത്, സത്യമാര്‍ഗത്തിലൂടെ ചരിക്കുന്നതില്‍ നിങ്ങള്‍ക്ക് വിഷമം തോന്നുന്നുവെങ്കില്‍ ക്ഷമയും നമസ്‌കാരവുമാണ് ആ വിഷമത്തിനുള്ള പരിഹാരം. സത്യമാര്‍ഗം എളുപ്പമാക്കിത്തീര്‍ക്കുന്ന ശക്തി അവ രണ്ടില്‍നിന്നും ലഭിക്കുന്നതാണ്.

يقول تعالى آمرا عبيده ، فيما يؤملون من خير الدنيا والآخرة ، بالاستعانة بالصبر والصلاة ، كما قال مقاتل بن حيان في تفسير هذه الآية : استعينوا على طلب الآخرة بالصبر على الفرائض ، والصلاة .

സർവ്വശക്തനായ അല്ലാഹു തന്റെ ദാസന്മാരോട്, ഇഹലോകത്തിലെയും പരലോകത്തിലെയും നന്മയിൽ നിന്ന് അവർ പ്രതീക്ഷിക്കുന്ന കാര്യങ്ങളിൽ, ക്ഷമയും നമസ്കാരവും വഴി സഹായം തേടാൻ കൽപ്പിക്കുന്നു, ഈ ആയത്തിന്റെ വ്യാഖ്യാനത്തിൽ മുഖാതിൽ ബ്നു ഹയ്യാൻ പറഞ്ഞതുപോലെ: നിര്‍ബന്ധ ബാധ്യതകളും നമസ്കാരവും ക്ഷമയോടെ നിര്‍വഹിച്ചുകൊണ്ട് പരലോകം തേടുന്നതില്‍ സഹായം തേടുക. (ഇബ്നു കസീര്‍)

എല്ലാ തരം മനഃപ്രയാസങ്ങളിലും ഞെരുക്കങ്ങളിലും ക്ഷമയും സഹനവും കൈക്കൊള്ളുന്ന പക്ഷം അത് പ്രതികൂല സാഹചര്യങ്ങളെ എതിര്‍ത്ത് നില്‍ക്കുവാന്‍ കെല്‍പുണ്ടാക്കുന്നതും അതോടെ ഇസ്‌ലാമിക ജീവിതം നയിക്കുവാനുള്ള മനഃപ്രയാസം നീങ്ങിപ്പോകുന്നതുമാകുന്നു. നമസ്‌കാരം ശീലിക്കുന്നതും പതിവാക്കുന്നതുമാകട്ടെ, അല്ലാഹുവിനെക്കുറിച്ചുള്ള ബോധവും ഭയഭക്തിയും വര്‍ദ്ധിപ്പിക്കുകയും ആത്മീയവും മാനസികവുമായ ശക്തിയും പരിശുദ്ധിയും നേടിക്കൊടുക്കുകയും ചെയ്യുന്നു. അങ്ങനെ അല്ലാഹുവിങ്കല്‍ നിന്നുള്ള സഹായവും ഉതവിയും ലഭിക്കുവാന്‍ ഇതുകാരണമായിത്തീരും. എന്നൊക്കെയാണ് ക്ഷമയും നമസ്‌കാരവും വഴി സഹായം തേടുവാന്‍ പറഞ്ഞതിന്‍റെ താല്‍പര്യം. (അമാനി തഫ്സീര്‍)

സത്യവിശ്വാസികളോടായി അല്ലാഹു പറയുന്നു:

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱسْتَعِينُوا۟ بِٱلصَّبْرِ وَٱلصَّلَوٰةِ ۚ إِنَّ ٱللَّهَ مَعَ ٱلصَّٰبِرِينَ

സത്യവിശ്വാസികളെ, നിങ്ങള്‍ സഹനവും നമസ്കാരവും മുഖേന (അല്ലാഹുവിനോട്‌) സഹായം തേടുക. തീര്‍ച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാകുന്നു അല്ലാഹു. (ഖു൪ആന്‍:2/153)

عَنْ حُذَيْفَةَ، قَالَ ‏:‏ كَانَ النَّبِيُّ صلى الله عليه وسلم إِذَا حَزَبَهُ أَمْرٌ صَلَّى ‏.‏

ഹുദൈഫ رضى الله عنه പറയുന്നു: നബി ﷺ ക്ക് വല്ല അസ്വാസ്ഥ്യവും നേരിടുമ്പോള്‍, അവിടുന്നു വേഗം നമസ്‌കാരത്തിലേക്ക് തിരിയുമായിരുന്നു. (അബൂദാവൂദ്:1319)

قال الشيخ ابن عثيمين رحمه الله :  إذا طالت عليك أحزانك فعليك بالصبر والصلاة.

ശൈഖ് ഇബ്നു ഉഥൈമീൻ رحمه الله പറഞ്ഞു: നിന്റെ മേൽ നിന്റെ വിഷമങ്ങൾ ദൈർഘ്യമാകുമ്പോൾ നീ ക്ഷമയും നമസ്കാരവും മുറുകെ പിടിക്കുക. [التفسير ١ / ١٥٦]

وَأَقِمِ ٱلصَّلَوٰةَ طَرَفَىِ ٱلنَّهَارِ وَزُلَفًا مِّنَ ٱلَّيْلِ ۚ إِنَّ ٱلْحَسَنَٰتِ يُذْهِبْنَ ٱلسَّيِّـَٔاتِ ۚ ذَٰلِكَ ذِكْرَىٰ لِلذَّٰكِرِينَ ‎﴿١١٤﴾‏ وَٱصْبِرْ فَإِنَّ ٱللَّهَ لَا يُضِيعُ أَجْرَ ٱلْمُحْسِنِينَ ‎﴿١١٥﴾

പകലിന്‍റെ രണ്ടറ്റങ്ങളിലും, രാത്രിയിലെ ആദ്യയാമങ്ങളിലും നീ നമസ്കാരം മുറപോലെ നിര്‍വഹിക്കുക. തീര്‍ച്ചയായും സല്‍കര്‍മ്മങ്ങള്‍ ദുഷ്കര്‍മ്മങ്ങളെ നീക്കികളയുന്നതാണ്‌. ചിന്തിച്ചു ഗ്രഹിക്കുന്നവര്‍ക്ക് ഒരു ഉല്‍ബോധനമാണത്‌. നീ ക്ഷമിക്കുക. സുകൃതവാന്‍മാരുടെ പ്രതിഫലം അല്ലാഹു നഷ്ടപ്പെടുത്തിക്കളയുകയില്ല;തീര്‍ച്ച. (ഖു൪ആന്‍:11/114-115)

إِنَّ ٱلْإِنسَٰنَ خُلِقَ هَلُوعًا ‎﴿١٩﴾‏ إِذَا مَسَّهُ ٱلشَّرُّ جَزُوعًا ‎﴿٢٠﴾‏ وَإِذَا مَسَّهُ ٱلْخَيْرُ مَنُوعًا ‎﴿٢١﴾‏ إِلَّا ٱلْمُصَلِّينَ ‎﴿٢٢﴾

തീര്‍ച്ചയായും മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അങ്ങേ അറ്റം അക്ഷമനായിക്കൊണ്ടാണ്‌. അതായത് തിന്‍മ ബാധിച്ചാല്‍ പൊറുതികേട് കാണിക്കുന്നവനായി കൊണ്ടും, നന്‍മ കൈവന്നാല്‍ തടഞ്ഞു വെക്കുന്നവനായികൊണ്ടും. നമസ്കരിക്കുന്നവരൊഴികെ. (ഖു൪ആന്‍:70/19-22)

{إِلا الْمُصَلِّينَ} الْمَوْصُوفِينَ بِتِلْكَ الْأَوْصَافِ فَإِنَّهُمْ إِذَا مَسَّهُمُ الْخَيْرُ شَكَرُوا اللَّهَ، وَأَنْفَقُوا مِمَّا خَوَّلَهُمُ اللَّهُ، وَإِذَا مَسَّهُمُ الشَّرُّ صَبَرُوا وَاحْتَسَبُوا.

{നമസ്‌കരിക്കുന്നവരൊഴികെ} എന്നാല്‍ ഈ വിശേഷണങ്ങളുള്ളവര്‍ മറിച്ചാണ്. അവര്‍ക്ക് നന്മ ലഭിച്ചാല്‍ അവര്‍ അല്ലാഹുവിന് നന്ദി കാണിക്കുകയും അവര്‍ക്ക് അധീനമായി കിട്ടിയതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യും. തിന്മ ബാധിച്ചാലാകട്ടെ, ക്ഷമിക്കുകയും പ്രതിഫലമാഗ്രഹിക്കുകയും ചെയ്യും. (തഫ്സീറുസ്സഅ്ദി)

عَنْ أَبِي مَالِكٍ الأَشْعَرِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : الطُّهُورُ شَطْرُ الإِيمَانِ وَالْحَمْدُ لِلَّهِ تَمْلأُ الْمِيزَانَ ‏.‏ وَسُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ تَمْلآنِ – أَوْ تَمْلأُ – مَا بَيْنَ السَّمَوَاتِ وَالأَرْضِ وَالصَّلاَةُ نُورٌ وَالصَّدَقَةُ بُرْهَانٌ وَالصَّبْرُ ضِيَاءٌ وَالْقُرْآنُ حُجَّةٌ لَكَ أَوْ عَلَيْكَ كُلُّ النَّاسِ يَغْدُو فَبَائِعٌ نَفْسَهُ فَمُعْتِقُهَا أَوْ مُوبِقُهَا

അബൂമാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: നബി ﷺ പറഞ്ഞു: വിശുദ്ധി വിശ്വാസത്തിൻ്റെ പകുതിയാണ്. ‘അൽഹംദുലില്ലാഹ്’ എന്ന മന്ത്രം തുലാസിനെ നിറക്കുന്നു. സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ് എന്നിവ ആകാശഭൂമിയുടെ ഇടയിലുള്ളത് നിറക്കുന്നു. നമസ്കാരം പ്രകാശമാണ്. ദാനധർമ്മം പ്രമാണമാണ്. ക്ഷമ വെളിച്ചമാണ്. ഖുർആൻ നിനക്ക് അനുകൂലമോ പ്രതികൂലമോ ആയ രേഖയാണ്. ഓരോ മനുഷ്യരും രാവിലെ ജോലിക്കിറങ്ങുന്നു. ശരീരത്തെ വിൽപന നടത്തി, അതിനെ രക്ഷപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്യുന്നു. (മുസ്‌ലിം:223)

ക്ഷമ ഉൽപാദിപ്പിക്കുന്ന ശ്രേഷ്ഠ കർമമാണ് നമസ്‌കാരം. നമസ്കരിക്കാൻ ക്ഷമയും അനിവാര്യമാണ്.

ക്ഷമ എന്ന ഗുണം  വളര്‍ത്തണം, അതിനുള്ള ശക്തി സംഭരിക്കാനായി നമസ്‌കാരം നിഷ്ഠയോടെ അനുഷ്ഠിക്കണം.

 

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *