ഖാറൂനിന്റെ പതനം : വിശ്വാസികള്‍ക്കുള്ള പാഠം

സമ്പന്നതയാല്‍ അഹങ്കാരം നടിച്ചതിന്റെ ഫലമായി നശിപ്പിക്കപ്പെട്ടതിന്റെ ഉദാഹരണമാണ് ഖാറൂനിന്റെ സംഭവം. മൂസാനബി عليه السلام യുടെ ജനതയില്‍ പെട്ടവനായിരുന്നു ഖാറൂന്‍.

إِنَّ قَٰرُونَ كَانَ مِن قَوْمِ مُوسَىٰ فَبَغَىٰ عَلَيْهِمْ ۖ

തീര്‍ച്ചയായും ഖാറൂന്‍ മൂസായുടെ ജനതയില്‍ പെട്ടവനായിരുന്നു. എന്നിട്ട് അവന്‍ അവരുടെ നേരെ അതിക്രമം കാണിച്ചു … (ഖുർആൻ:28/76)

ലോകരിൽ ശ്രേഷ്ഠരാക്കപ്പെട്ട ഇസ്രാഈലിൽ സന്തതികളിൽ പെട്ട ഒരാളായിരുന്നു ഖാറൂൻ. അക്കാലത്ത് അവരായിരുന്നു ഉന്നതർ. അല്ലാഹു അവരെ വളരെയധികം അനുഗ്രഹിച്ചു. ശരിയായ പാതയിൽ ഉറച്ചുനിൽക്കാൻ പറ്റുന്ന ഒരു സാഹചര്യം അവർക്കുണ്ടായിരുന്നു. എന്നാൽ ക്വാറൂൻ വഴി തെറ്റി. (തഫ്സീറുസ്സഅ്ദി)

ഖാറൂനിന് അഹന്തക്ക് പ്രേരകമായത് തന്റെ സമ്പത്തായിരുന്നു. അവന്റെ സമ്പത്തിന്റെ ആധിക്യത്തെ കുറിച്ച് അല്ലാഹു പറയുന്നത് കാണുക:

وَءَاتَيْنَٰهُ مِنَ ٱلْكُنُوزِ مَآ إِنَّ مَفَاتِحَهُۥ لَتَنُوٓأُ بِٱلْعُصْبَةِ أُو۟لِى ٱلْقُوَّةِ إِذْ قَالَ لَهُۥ قَوْمُهُۥ لَا تَفْرَحْ ۖ إِنَّ ٱللَّهَ لَا يُحِبُّ ٱلْفَرِحِينَ

…. തന്‍റെ ഖജനാവുകള്‍ ശക്തന്‍മാരായ ഒരു സംഘത്തിനുപോലും ഭാരമാകാന്‍ തക്കവണ്ണമുള്ള നിക്ഷേപങ്ങള്‍ നാം അവന് നല്‍കിയിരുന്നു. അവനോട് അവന്‍റെ ജനത ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ:) നീ പുളകം കൊള്ളേണ്ട. പുളകം കൊള്ളുന്നവരെ അല്ലാഹു തീര്‍ച്ചയായും ഇഷ്ടപ്പെടുകയില്ല. (ഖുർആൻ:28/76)

സംഘം (ഉസ്വ‌്ബത്ത്) എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് പത്തു മുതൽ ഏഴുവരെയോ ഒൻപതുവരെയോ എണ്ണമാണ്. ഖജനാവിന്റെ താക്കോലുകളെക്കുറിച്ചാണ് പറയുന്നത്. ശക്തരായ ഒരു കൂട്ടം ആളുകൾക്ക് വഹിക്കാനാവില്ലെന്ന്. താക്കോലുകൾ ഇങ്ങനെയാണെങ്കിൽ ഖജനാവിന്റെ അവസ്ഥയെന്തായിരിക്കും! (തഫ്സീറുസ്സഅ്ദി)

ഖാറൂനിന്റെ ധനനിക്ഷേപങ്ങളുടെ താക്കോലുകള്‍പോലും ശക്തന്‍മാരായ ഒരു കൂട്ടം ആളുകള്‍ക്ക് ഞെരുങ്ങി എടുക്കുവാന്‍ മാത്രം ഉണ്ടായിരുന്നുവെന്ന് അല്ലാഹു പ്രസ്താവിച്ചതില്‍നിന്ന് അവന്റെ ധനത്തിന്റെ ആധിക്യം മനസ്സിലാക്കാം.

അപ്പോൾ അവന്‍റെ ജനത അവനെ ഉപദേശിക്കുകയും അഹങ്കാരത്തിനും അതിക്രമത്തിനും എതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഒന്നാമത്തെ ഉപദേശം:

1.{നീ പുളകം കൊള്ളേണ്ട. പുളകം കൊള്ളുന്നവരെ അല്ലാഹു തീർച്ചയായും ഇഷ്ടപ്പെടുകയില്ല} അതായത്, ഈ മഹത്തായ ഐഹിക നേട്ടങ്ങൾ ആഹ്ലാദിക്കുകയോ അഹങ്കരിക്കുകയോ ചെയ്യരുത്. അത് നിന്നെ പരലോകത്തെക്കുറിച്ച് അശ്രദ്ധനാക്കരുത്. അവരെ അല്ലാഹു സ്‌നേഹിക്കുന്നില്ല; അതിൽ ആഹ്ലാദിക്കുകയും അതിനെ അമിതമായി സ്‌നേഹിച്ച് അതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നവരെ. (തഫ്സീറുസ്സഅ്ദി)

തുടര്‍ന്നുള്ള ഉപദേശം കാണുക:

وَٱبْتَغِ فِيمَآ ءَاتَىٰكَ ٱللَّهُ ٱلدَّارَ ٱلْـَٔاخِرَةَ ۖ وَلَا تَنسَ نَصِيبَكَ مِنَ ٱلدُّنْيَا ۖ وَأَحْسِن كَمَآ أَحْسَنَ ٱللَّهُ إِلَيْكَ ۖ وَلَا تَبْغِ ٱلْفَسَادَ فِى ٱلْأَرْضِ ۖ إِنَّ ٱللَّهَ لَا يُحِبُّ ٱلْمُفْسِدِينَ ‎

അല്ലാഹു നിനക്ക് നല്‍കിയിട്ടുള്ളതിലൂടെ നീ പരലോകവിജയം തേടുക. ഐഹികജീവിതത്തില്‍ നിന്ന് നിനക്കുള്ള ഓഹരി നീ വിസ്മരിക്കുകയും വേണ്ട. അല്ലാഹു നിനക്ക് നന്‍മ ചെയ്തത് പോലെ നീയും നന്‍മചെയ്യുക. നീ നാട്ടില്‍ കുഴപ്പത്തിന് മുതിരരുത്‌. കുഴപ്പമുണ്ടാക്കുന്നവരെ അല്ലാഹു തീര്‍ച്ചയായും ഇഷ്ടപ്പെടുന്നതല്ല. (ഖുർആൻ:28/77)

2.{അല്ലാഹു നിനക്ക് നൽകിയതിലൂടെ നീ പരലോകവിജയം നേടുക} പരലോകം നേടാനുള്ള വഴികൾ നിന്റെ അടുക്കലുണ്ട്; മറ്റുള്ളവരുടെ അടുക്കൽ ഇല്ലാത്തത്ര സമ്പത്ത്. അത് ഉപയോഗിച്ച് അല്ലാഹുവിന്റെ തൃപ്തി നേടുക. ധർമം ചെയ്യുക. അത് നിന്റെ ആഗ്രഹങ്ങൾക്കും ആസ്വാദനങ്ങൾക്കും മാത്രമായി മാറ്റിവെക്കരുത്.

3.{ഐഹികജീവിതത്തില്‍ നിന്ന് നിനക്കുള്ള ഓഹരി നീ വിസമരിക്കുകയും വേണ്ട} അതായത്, നിങ്ങളുടെ മുഴുവൻ സമ്പത്തും ദാനധർമങ്ങൾക്ക് നൽകി നിരാലംബരാകാൻ നാം നിങ്ങളോട് പറയുന്നില്ല. മറിച്ച് നിങ്ങളുടെ ഇഹലോക ക്ഷേമത്തിന് ഹാനികരമാകാത്ത വിധത്തിൽ പരലോകത്തിനായി ചെലവഴിക്കുക.

4.അല്ലാഹു നിനക്ക് നന്മ ചെയ്തതുപോലെ ഈ സമ്പത്ത് കൊണ്ട് അല്ലാഹുവിന്റെ ദാസന്മാർക്ക് നീ നന്മ ചെയ്യുക.

5.അഹങ്കാരത്താൽ അല്ലാഹുവിന് അനുസരണക്കേട് കാണിക്കുകയും അനുഗ്രഹദാതാവിന്റെ അനുഗ്രങ്ങളിൽ മതിമറന്ന് അഹങ്കരിച്ച് ഭൂമിയിൽ കുഴപ്പമുണ്ടാക്കരുത്. അല്ലാഹു കുഴപ്പമുണ്ടാക്കുന്നവരെ ഇഷ്ടപ്പെടുകയില്ല, അതിന് അല്ലാഹു കഠിനമായി ശിക്ഷിക്കുകയാണ് ചെയ്യുക. (തഫ്സീറുസ്സഅ്ദി)

ഖാറൂനിന് നന്മ മാത്രം ആഗ്രഹിച്ച് ഉപദേശം നല്‍കിയ വിശ്വാസികളോട് ഖാറൂനിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു:

قَالَ إِنَّمَآ أُوتِيتُهُۥ عَلَىٰ عِلْمٍ عِندِىٓ ۚ أَوَلَمْ يَعْلَمْ أَنَّ ٱللَّهَ قَدْ أَهْلَكَ مِن قَبْلِهِۦ مِنَ ٱلْقُرُونِ مَنْ هُوَ أَشَدُّ مِنْهُ قُوَّةً وَأَكْثَرُ جَمْعًا ۚ وَلَا يُسْـَٔلُ عَن ذُنُوبِهِمُ ٱلْمُجْرِمُونَ

ഖാറൂന്‍ പറഞ്ഞു: എന്‍റെ കൈവശമുള്ള വിദ്യകൊണ്ട് മാത്രമാണ് എനിക്കിതു ലഭിച്ചത്‌. എന്നാല്‍ അവന്നു മുമ്പ് അവനേക്കാള്‍ കടുത്ത ശക്തിയുള്ളവരും, കൂടുതല്‍ സംഘബലമുള്ളവരുമായിരുന്ന തലമുറകളെ അല്ലാഹു നശിപ്പിച്ചിട്ടുണ്ടെന്ന് അവന്‍ മനസ്സിലാക്കിയിട്ടില്ലേ? തങ്ങളുടെ പാപങ്ങളെ പറ്റി കുറ്റവാളികളോട് അന്വേഷിക്കപ്പെടുന്നതല്ല. (ഖുർആൻ:28/78)

അതായത്, എന്റെ സ്വന്തം പ്രയത്‌നവും സമ്പാദന രീതികളെക്കുറിച്ചുള്ള അറിവും കൊണ്ടാണ് ഞാനീ സമ്പത്ത് നേടിയത്. അഥവാ എന്റെ സാമർഥ്യം കൊണ്ട്. എന്റെ സാഹചര്യം അല്ലാഹുവിന് അറിയാം. ഞാനിതിന് അർഹനാണെന്നും അവനറിയാം. അല്ലാഹു എനിക്ക് നൽകിയതിനെക്കുറിച്ച് നിങ്ങൾ എന്തിനാണ് എന്നെ ഉപദേശിക്കുന്നത്? (തഫ്സീറുസ്സഅ്ദി)

എന്നാൽ അല്ലാഹു പറയുന്നു; അവൻ നൽകിയതിന്റെ യാഥാർഥ്യത്തെപ്പറ്റി, ദാനം സ്വീകർത്താവ് നല്ലവനാണെന്നതിന്റെ തെളിവല്ലെന്ന്. {എന്നാൽ അവനു മുമ്പ് അവനെക്കാൾ ശക്തിയുള്ളവരും കൂടുതൽ സംഘബലമുള്ളവരുമായിരുന്ന തലമുറകളെ അല്ലാഹു നശിപ്പിച്ചിട്ടുണ്ടെന്ന്} ഇവനെ പോലെയുള്ളവരോ ഇവനെക്കാൾ ശക്തരോ ആയവരെ നശിപ്പിക്കുന്നത് മുൻതലമുറകളിൽ നമ്മുടെ ചര്യയായിരിക്കെ ഖാറൂന്റെ നാശം തടയാൻ എന്ത് കാരണമാണുള്ളത്? (തഫ്സീറുസ്സഅ്ദി)

എന്നാൽ ഖാറൂൻ തന്റെ ധിക്കാരത്തിലും ശാഠ്യത്തിലും തുടർന്നു. ജനങ്ങളുടെ ഉപദേശം സ്വീകരിച്ചില്ല. അവന് നൽകപ്പെട്ട ധനം അവനെ വഞ്ചിച്ചു. അതിലവൻ ആഹ്ലാദിച്ചു. അഹങ്കരിച്ചു. അവന്‍ വിശ്വാസികളെ പ്രകോപിപ്പിക്കും വിധം ഒരു പ്രകടനം നടത്താന്‍ തീരുമാനിച്ചു. അവന്‍ അവന്റെ വാഹന വ്യൂഹത്തെ അവര്‍ക്കു മുന്നില്‍ ഹാജറാക്കി. ലഭ്യമായതില്‍ വെച്ച് ഏറ്റവും മുന്തിയ വസ്ത്രം അവന്‍ അണിഞ്ഞു. ഭൂമിയിലൂടെ വലിച്ചിഴച്ച് നടക്കുന്ന വിലകൂടിയ വസ്ത്രം ധരിച്ച് അഹങ്കാരത്തോടെ അവന്‍ നടന്നു. സകല ആടയാഭരണങ്ങളുമായി അവന്‍ അണിഞ്ഞൊരുങ്ങി. കിരീടം വെച്ചു. അംഗരക്ഷകരെ കൂടെ കൂട്ടി.

فَخَرَجَ عَلَىٰ قَوْمِهِۦ فِى زِينَتِهِۦ ۖ قَالَ ٱلَّذِينَ يُرِيدُونَ ٱلْحَيَوٰةَ ٱلدُّنْيَا يَٰلَيْتَ لَنَا مِثْلَ مَآ أُوتِىَ قَٰرُونُ إِنَّهُۥ لَذُو حَظٍّ عَظِيمٍ

അങ്ങനെ അവന്‍ ജനമദ്ധ്യത്തിലേക്ക് ആര്‍ഭാടത്തോടെ ഇറങ്ങി പുറപ്പെട്ടു. ഐഹികജീവിതം ലക്ഷ്യമാക്കുന്നവര്‍ അത് കണ്ടിട്ട് ഇപ്രകാരം പറഞ്ഞു: ഖാറൂന് ലഭിച്ചത് പോലുള്ളത് ഞങ്ങള്‍ക്കുമുണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ. തീര്‍ച്ചയായും അവന്‍ വലിയ ഭാഗ്യമുള്ളവന്‍ തന്നെ! (ഖുർആൻ:28/79)

ഐഹിക ജീവിതം ലക്ഷ്യമാക്കുന്നവരുടെ വാക്ക് ശ്രദ്ധിക്കുക. ഈ ലോകത്തിനുശേഷം മറ്റൊരു ജീവിതം ഇല്ലായിരുന്നുവെങ്കിൽ, അപ്പോൾ ഇവിടെ ലഭിക്കുന്നത് തന്നെയാണ് മഹാഭാഗ്യം. കാരണം അവൻ ആഗ്രഹിച്ച ഇഹലോക സുഖം പരമാവധി അവന് ലഭിച്ചു. അതിലൂടെ അവന്റെ ആഗ്രഹങ്ങളെല്ലാം സാക്ഷാൽക്കരിച്ചു. . എന്നാൽ ഇഹലോക ജീവിതത്തെ തന്റെ ആത്യന്തിക ലക്ഷ്യമാക്കിയവൻ ഏറ്റവും മോശമായതാണ് ലക്ഷ്യമാക്കിയത്. കാരണം ഇഹലോക ജീവിതം നശ്വരമാണ്.

എന്നാല്‍ ഐഹിക സുഖവും, ഭൗതിക നേട്ടങ്ങളും ജീവിത ലക്ഷ്യമാക്കാത്ത അതെല്ലാം കേവലം പരീക്ഷണം മാത്രമാണെന്ന് തിരിച്ചറിഞ്ഞ അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കുന്ന ചിലര്‍ ഇങ്ങനെയാണ് പറഞ്ഞത് :

وَقَالَ ٱلَّذِينَ أُوتُوا۟ ٱلْعِلْمَ وَيْلَكُمْ ثَوَابُ ٱللَّهِ خَيْرٌ لِّمَنْ ءَامَنَ وَعَمِلَ صَٰلِحًا وَلَا يُلَقَّىٰهَآ إِلَّا ٱلصَّٰبِرُونَ

ജ്ഞാനം നല്‍കപ്പെട്ടിട്ടുള്ളവര്‍ പറഞ്ഞു: നിങ്ങള്‍ക്ക് നാശം! വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് അല്ലാഹുവിന്‍റെ പ്രതിഫലമാണ് കൂടുതല്‍ ഉത്തമം. ക്ഷമാശീലമുള്ളവര്‍ക്കല്ലാതെ അത് നല്‍കപ്പെടുകയില്ല. (ഖുർആൻ:28/80)

വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തിട്ടുള്ളവർക്ക് നിങ്ങൾ ആഗ്രഹിക്കുന്നതിനേക്കാളും കൊതിച്ചതിനേക്കാളും മികച്ചതുണ്ട്. ഈ ലോകത്ത് അല്ലാഹുവിനെ ആരാധിക്കുന്നതിലൂടെയും അവനെ സ്‌നേഹിച്ച് അവനിലേക്ക് ഖേദിച്ച് മടങ്ങുന്നതിലൂടെയും കിട്ടുന്ന ആസ്വാദനം; പരലോകത്ത് സ്വർഗവും അതിലുള്ള കൊതിപ്പിക്കുന്ന വിഭവങ്ങളും കണ്ണിന് ആനന്ദം നൽകുന്നവയും.

എന്നാൽ എല്ലാവരും അതിന് മുൻഗണന നൽകി അതിനു തയ്യാറാകുന്നില്ല. അതിനു കഴിയുന്നത് ക്ഷമാ ശീലമുള്ളവർക്ക് മാത്രമാണ്. അല്ലാഹുവിനെ അനുസരിക്കുന്നതിൽ ഉറച്ചുനിൽക്കുകയും അവന് അനുസരണക്കേട് കാണിക്കാതിരിക്കാനുമുള്ള ക്ഷമ. വിഷമമുണ്ടാക്കുന്ന അവന്റെ തീരുമാനങ്ങളിലും ക്ഷമിക്കണം. ഈ ലോകത്തിന്റെ ആകർഷണങ്ങളെയും പ്രലോഭനങ്ങളെയും ചെറുക്കുന്നതിൽ അവർ ക്ഷമ കാണിക്കുന്നു. അവയൊന്നും തങ്ങളുടെ രക്ഷിതാവിൽനിന്ന് അശ്രദ്ധമാക്കാതെയും തടയാതെയും അവർ ക്ഷമിക്കുന്നു. നശ്വരമായ ലോകത്തെക്കാൾ അല്ലാഹുവിന്റെ പ്രതിഫലത്തിന് അവർ മുൻഗണന നൽകുന്നു.

സമ്പന്നതയാല്‍ അഹങ്കാരം നടിച്ച ഖാറൂനിന്റെ പര്യവസാനത്തെക്കുറിച്ച് അല്ലാഹു പറയുന്നു:

فَخَسَفْنَا بِهِۦ وَبِدَارِهِ ٱلْأَرْضَ فَمَا كَانَ لَهُۥ مِن فِئَةٍ يَنصُرُونَهُۥ مِن دُونِ ٱللَّهِ وَمَا كَانَ مِنَ ٱلْمُنتَصِرِينَ

അങ്ങനെ അവനെയും അവന്‍റെ ഭവനത്തേയും നാം ഭൂമിയില്‍ ആഴ്ത്തികളഞ്ഞു. അപ്പോള്‍ അല്ലാഹുവിന് പുറമെ തന്നെ സഹായിക്കുന്ന ഒരു കക്ഷിയും അവന്നുണ്ടായില്ല. അവന്‍ സ്വയം രക്ഷിക്കുന്നവരുടെ കൂട്ടത്തിലുമായില്ല. (ഖുർആൻ:28/81)

മറ്റൊരു സ്ഥലത്ത് അല്ലാഹു പറയുന്നു:

وَقَٰرُونَ وَفِرْعَوْنَ وَهَٰمَٰنَ ۖ وَلَقَدْ جَآءَهُم مُّوسَىٰ بِٱلْبَيِّنَٰتِ فَٱسْتَكْبَرُوا۟ فِى ٱلْأَرْضِ وَمَا كَانُوا۟ سَٰبِقِينَ

ഖാറൂനെയും, ഫിര്‍ഔനെയും ഹാമാനെയും (നാം നശിപ്പിച്ചു.) വ്യക്തമായ തെളിവുകളും കൊണ്ട് മൂസാ അവരുടെ അടുത്ത് ചെല്ലുകയുണ്ടായി. അപ്പോള്‍ അവര്‍ നാട്ടില്‍ അഹങ്കരിച്ച് നടന്നു. അവര്‍ (നമ്മെ) മറികടക്കുന്നവരായില്ല. (ഖുർആൻ:29/39)

അവനെയും അവന്റെ കൊട്ടാരത്തെയും അല്ലാഹു ഭൂമിയില്‍ ആഴ്ത്തിക്കളഞ്ഞു. ഭൗതികാനുഗ്രഹങ്ങളൊന്നും അവന് രക്ഷയായില്ല. അവന്റെ സമ്പാദ്യം കണ്ട് കൂടെ കൂടിയവര്‍ രക്ഷപ്പെടുത്താനുണ്ടായില്ല. ആര്‍ക്കും സഹായിക്കാന്‍ കഴിയാത്ത വിധം ഭൂമി അവനെ വിഴുങ്ങി. ജനം നോക്കി നില്‍ക്കെയാണ് ഇതെല്ലാം സംഭവിക്കുന്നത്. ഇന്നലെ വരെ ഖാറൂനിന്റെ ഭൗതിക സൗകര്യങ്ങള്‍ കണ്ട്, ഞങ്ങള്‍ക്കും അങ്ങനെ ഒന്ന് കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചവര്‍ അതോടെ അതിലെ അപകടം തിരിച്ചറിഞ്ഞു.

وَأَصْبَحَ ٱلَّذِينَ تَمَنَّوْا۟ مَكَانَهُۥ بِٱلْأَمْسِ يَقُولُونَ وَيْكَأَنَّ ٱللَّهَ يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ مِنْ عِبَادِهِۦ وَيَقْدِرُ ۖ لَوْلَآ أَن مَّنَّ ٱللَّهُ عَلَيْنَا لَخَسَفَ بِنَا ۖ وَيْكَأَنَّهُۥ لَا يُفْلِحُ ٱلْكَٰفِرُونَ

ഇന്നലെ അവന്‍റെ സ്ഥാനം കൊതിച്ചിരുന്നവര്‍ (ഇന്ന്‌) ഇപ്രകാരം പറയുന്നവരായിത്തീര്‍ന്നു: അഹോ! കഷ്ടം! തന്‍റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അല്ലാഹു ഉപജീവനം വിശാലമാക്കികൊടുക്കുകയും, (താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതു) ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. ഞങ്ങളോട് അല്ലാഹു ഔദാര്യം കാണിച്ചിരുന്നില്ലെങ്കില്‍ ഞങ്ങളെയും അവന്‍ ആഴ്ത്തിക്കളയുമായിരുന്നു. അഹോ, കഷ്ടം! സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല. (ഖുർആൻ:28/82)

ഖാറൂന് സാമ്പത്തിക വിശാലത ഉണ്ടായത് അവനിലെ നന്മക്ക് തെളിവല്ലെന്ന് ഇപ്പോൾ അവര്‍ക്ക് മനസ്സിലായി. അവൻ വലിയ ഭാഗ്യം ഉള്ളവൻ തന്നെയെന്നു പറഞ്ഞതിൽ തങ്ങൾക്ക് പിഴവു പറ്റിയിട്ടുണ്ടെന്നും അവര്‍ മനസ്സിലാക്കി. അല്ലാഹുവിന്റെ ഔദാര്യവും അനുഗ്രഹവും ഇല്ലായിരുന്നുവെങ്കിൽ നമ്മെയും അവൻ ആഴ്ത്തിക്കളയുമായിരുന്നു. ഖാറൂനോട് അസൂയ തോന്നിയവർ പോലും അതിൽ ഖേദിക്കുകയും അവരുടെ കാഴ്ചപ്പാട് മാറ്റുകയും ചെയ്തു.

ക്വാറൂനിന്റെ ചരിത്രം വിവരിച്ചത് അവസാനിപ്പിക്കുമ്പോള്‍ അല്ലാഹു ഒരു പാഠം എന്ന നിലയ്ക്ക് നമ്മെ ഇപ്രകാരം അറിയിക്കുന്നു:

تِلْكَ ٱلدَّارُ ٱلْـَٔاخِرَةُ نَجْعَلُهَا لِلَّذِينَ لَا يُرِيدُونَ عُلُوًّا فِى ٱلْأَرْضِ وَلَا فَسَادًا ۚ وَٱلْعَٰقِبَةُ لِلْمُتَّقِينَ

ഭൂമിയില്‍ ഔന്നത്യമോ കുഴപ്പമോ ആഗ്രഹിക്കാത്തവര്‍ക്കാകുന്നു ആ പാരത്രിക ഭവനം നാം ഏര്‍പെടുത്തികൊടുക്കുന്നത്‌. അന്ത്യഫലം സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അനുകൂലമായിരിക്കും. (ഖുർആൻ:28/83)

പരലോക ജീവിതത്തിനു വേണ്ടി പ്രവർത്തിക്കാൻ പ്രേരിപ്പിക്കുകയാണ് ഇവിടെ. അതിനുള്ള വഴികളും പറഞ്ഞുതരുന്നു. സ്വര്‍ഗം ഭൂമിയിൽ ഔന്നത്യമോ കുഴപ്പമോ ആഗ്രഹിക്കാത്തവർക്കാകുന്നു. ഭൂമിയിൽ അഹങ്കരിക്കാനോ കുഴപ്പങ്ങൾ ഉണ്ടാക്കാനോ അവർക്ക് ആഗ്രഹമില്ലാത്തതിനാൽ അവരുടെ ലക്ഷ്യം എപ്പോഴും അല്ലാഹു ആയിരിക്കും. ഉദ്ദേശം പരലോകവും. അല്ലാഹുവിന്റെ ദാസന്മാരോട് വിനയം കാണിക്കുകയും സത്യത്തിനും സൽപ്രവർത്തിക്കും അവർ വിധേയരാവുകയും ചെയ്യും.

‘അന്ത്യഫലം സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അനുകൂലമായിരിക്കും’ എന്ന പരാമര്‍ശം ശ്രദ്ധേയമാണ്. വിജയം നിലനിൽക്കുന്നതും സുസ്ഥിരവുമായ വിജയം അല്ലാഹുവിനെ സൂക്ഷിക്കുന്നവർക്കാണ്. മറ്റുള്ളവർ ഈ ലോകത്ത് ചില സൗകര്യങ്ങളും സുഖങ്ങളും നേടിയാലും അതിന് നിലനിൽപ്പില്ല. അത് പെട്ടെന്ന് അപ്രത്യക്ഷമാകും. അല്ലാഹുവിനെ ഭയപ്പെടുന്നവർക്ക് മാത്രമേ നല്ല പ്രതിഫലം ലഭിക്കു എന്ന് ഈ സൂക്തം നമ്മോട് പറയുന്നു. ഭൂമിയിൽ ഔന്നിത്യം നടിക്കുന്നവർക്കും കുഴപ്പമുണ്ടാക്കുന്നവർക്കും പരലോകത്ത് യാതൊരു വിഹിതവും ഇല്ല.

ഖാറൂനിന്റെ നാശവും ശിക്ഷയും മറ്റുള്ളവർക്ക് ഒരു പാഠവും ഉപദേശവും ആണ്. അല്ലാഹു വിശുദ്ധ ഖു൪ആനില്‍ ഈ സംഭവം പ്രതിപാദിച്ചതില്‍ നിന്നും സത്യവിശ്വാസികള്‍ ഖാറൂനിന്റെ സംഭവത്തിലെ പല പാഠങ്ങളും ഉള്‍ക്കൊള്ളേണ്ടതുണ്ട്.

ഒന്നാമതായി, അല്ലാഹു ഒരാള്‍ക്ക് സമ്പത്ത് നല്‍കുന്നത് അയാളോടുള്ള ഇഷ്ടം കാരണമല്ലെന്ന് തിരിച്ചറിയുക. സമ്പത്ത് അവന്‍ ഇഷ്ടമുള്ളവര്‍ക്കും ഇഷ്ടമില്ലാത്തവര്‍ക്കും നല്‍കും. സത്യവിശ്വാസികള്‍ക്ക് സമ്പത്ത് ലഭിച്ചാല്‍ അത് ഒരു പരീക്ഷണമെന്ന നിലയില്‍ മാത്രം കാണുക. ഒരാളോടുള്ള ഇഷ്ടം കൊണ്ട് അല്ലാഹു നല്‍കുന്നത് ഈമാനാണ്. അതുകൊണ്ടുതന്നെ അല്ലാഹു നല്‍കിയ സമ്പത്ത് കൊണ്ട് അഹങ്കരിക്കരുത്.

عَنْ عَبْدِ اللهِ قَالَ‏:‏ إِنَّ اللَّهَ تَعَالَى قَسَمَ بَيْنَكُمْ أَخْلاَقَكُمْ، كَمَا قَسَمَ بَيْنَكُمْ أَرْزَاقَكُمْ، وَإِنَّ اللَّهَ تَعَالَى يُعْطِي الْمَالَ مَنْ أَحَبَّ وَمَنْ لاَ يُحِبُّ، وَلاَ يُعْطِي الإِيمَانَ إِلاَّ مَنْ يُحِبُّ

അബ്ദുല്ലാഹിബ്‌നു മസ്ഊദ് رَضِيَ اللَّهُ عَنْهُ പറയുന്നു: ‘തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ക്കിടയില്‍ നിങ്ങളുടെ ഉപജീവനം വീതിച്ചത് പോലെ നിങ്ങളുടെ സ്വഭാവങ്ങളും നിങ്ങള്‍ക്കിടയില്‍ വീതിച്ചിരിക്കുന്നു. (അതുപോലെ) അല്ലാഹു അവന് ഇഷ്ടമുള്ളവര്‍ക്കും ഇഷ്ടമില്ലാത്തവര്‍ക്കും സമ്പത്ത് നല്‍കുകയും ഈമാനിനെ അവന് ഇഷ്ടമുള്ളവർക്കല്ലാതെ നല്‍കാതിരിക്കുകയും ചെയ്തിരിക്കുന്നു’.(അദബുല്‍ മുഫ്‌റദ് :1/275)

രണ്ടാമതായി, നമ്മുടെ അറിവും കഴിവും കൊണ്ടാണ് സമ്പത്ത് ലഭിച്ചതെന്ന ചിന്ത ഒഴിവാക്കുക. വിശുദ്ധ ഖു൪ആനില്‍ സമ്പത്തിനെ കുറിച്ച് പറയുന്ന ഭാഗത്ത് അത് അല്ലാഹു നല്‍കിയതാണെന്നാണ് പറയുന്നത്.

ﻭَﺇِﺫَا ﻗِﻴﻞَ ﻟَﻬُﻢْ ﺃَﻧﻔِﻘُﻮا۟ ﻣِﻤَّﺎ ﺭَﺯَﻗَﻜُﻢُ ٱﻟﻠَّﻪُ ﻗَﺎﻝَ ٱﻟَّﺬِﻳﻦَ ﻛَﻔَﺮُﻭا۟ ﻟِﻠَّﺬِﻳﻦَ ءَاﻣَﻨُﻮٓا۟ ﺃَﻧُﻄْﻌِﻢُ ﻣَﻦ ﻟَّﻮْ ﻳَﺸَﺎٓءُ ٱﻟﻠَّﻪُ ﺃَﻃْﻌَﻤَﻪُۥٓ ﺇِﻥْ ﺃَﻧﺘُﻢْ ﺇِﻻَّ ﻓِﻰ ﺿَﻠَٰﻞٍ ﻣُّﺒِﻴﻦٍ

നിങ്ങള്‍ക്ക് അല്ലാഹു നല്‍കിയതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കൂ എന്ന് അവരോട് പറയപ്പെട്ടാല്‍ അവിശ്വാസികള്‍ വിശ്വാസികളോട് പറയും: അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവന്‍ തന്നെ ഭക്ഷണം നല്‍കുമായിരുന്ന ആളുകള്‍ക്ക് ഞങ്ങള്‍ ഭക്ഷണം നല്‍കുകയോ? നിങ്ങള്‍ വ്യക്തമായ വഴികേടില്‍ തന്നെയാകുന്നു.(ഖു൪ആന്‍:36/47)

ﺇِﻥَّ ٱﻟَّﺬِﻳﻦَ ﻳَﺘْﻠُﻮﻥَ ﻛِﺘَٰﺐَ ٱﻟﻠَّﻪِ ﻭَﺃَﻗَﺎﻣُﻮا۟ ٱﻟﺼَّﻠَﻮٰﺓَ ﻭَﺃَﻧﻔَﻘُﻮا۟ ﻣِﻤَّﺎ ﺭَﺯَﻗْﻨَٰﻬُﻢْ ﺳِﺮًّا ﻭَﻋَﻼَﻧِﻴَﺔً ﻳَﺮْﺟُﻮﻥَ ﺗِﺠَٰﺮَﺓً ﻟَّﻦ ﺗَﺒُﻮﺭَ

തീര്‍ച്ചയായും അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും, നമസ്കാരം മുറ പോലെ നിര്‍വഹിക്കുകയും, നാം അവ൪ക്ക് കൊടുത്തിട്ടുള്ളതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവരാരോ അവര്‍ ആശിക്കുന്നത് ഒരിക്കലും നഷ്ടം സംഭവിക്കാത്ത ഒരു കച്ചവടമാകുന്നു.(ഖു൪ആന്‍:35/29)

സമ്പത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ അല്ലാഹുവാണ്. അത് കൈകാര്യം ചെയ്യാനുള്ള താല്‍ക്കാലികമായ അവകാശവും അവസരവും മനുഷ്യന് അല്ലാഹു നല്‍കിയിട്ടുണ്ടെന്ന് മാത്രം. സമ്പത്ത് അല്ലാഹു നല്‍കിയതു കൊണ്ട് തന്നെ അവന്റെ നിയമങ്ങള്‍ക്ക് വിധേയമായിട്ടാണ് അത് ചിലവഴിക്കേണ്ടത്.

മൂന്നാമതായി, നമ്മുടെ സമ്പത്ത് കൊണ്ട് പരലോകവിജയം തേടുക. അഥവാ അല്ലാഹു നല്‍കിയ സമ്പത്തില്‍ നിന്ന് അവന്റെ മാ൪ഗത്തില്‍ ചിലവഴിക്കുക. അത്തരക്കാ൪ക്കുള്ള പ്രതിഫലത്തെ കുറിച്ച് അല്ലാഹു പറയുന്നു:

تَتَجَافَىٰ جُنُوبُهُمْ عَنِ ٱلْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَٰهُمْ يُنفِقُونَ ‎﴿١٦﴾‏ فَلَا تَعْلَمُ نَفْسٌ مَّآ أُخْفِىَ لَهُم مِّن قُرَّةِ أَعْيُنٍ جَزَآءَۢ بِمَا كَانُوا۟ يَعْمَلُونَ ‎﴿١٧﴾

ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങള്‍ വിട്ട് അവരുടെ പാര്‍ശ്വങ്ങള്‍ അകലുന്നതാണ്‌. അവര്‍ക്ക് നാം നല്‍കിയതില്‍ നിന്ന് അവര്‍ ചെലവഴിക്കുകയും ചെയ്യും. എന്നാല്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട് കണ്‍കുളിര്‍പ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവര്‍ക്ക് വേണ്ടി രഹസ്യമാക്കിവെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാള്‍ക്കും അറിയാവുന്നതല്ല. (ഖു൪ആന്‍ :32/15-17)

നാലാമതായി, സമ്പത്തിനാല്‍ അഹങ്കരിച്ചവരെ അല്ലാഹു നശിപ്പിച്ചിട്ടുണ്ടെന്ന് കാര്യം തിരിച്ചറിയുക.

قَالَ إِنَّمَآ أُوتِيتُهُۥ عَلَىٰ عِلْمٍ عِندِىٓ ۚ أَوَلَمْ يَعْلَمْ أَنَّ ٱللَّهَ قَدْ أَهْلَكَ مِن قَبْلِهِۦ مِنَ ٱلْقُرُونِ مَنْ هُوَ أَشَدُّ مِنْهُ قُوَّةً وَأَكْثَرُ جَمْعًا ۚ

ഖാറൂന്‍ പറഞ്ഞു: എന്റെ കൈവശമുള്ള വിദ്യകൊണ്ട് മാത്രമാണ് എനിക്കിതു ലഭിച്ചത്‌. എന്നാല്‍ അവന് മുമ്പ് അവനേക്കാള്‍ കടുത്ത ശക്തിയുള്ളവരും, കൂടുതല്‍ സംഘബലമുള്ളവരുമായിരുന്ന തലമുറകളെ അല്ലാഹു നശിപ്പിച്ചിട്ടുണ്ടെന്ന് അവന്‍ മനസ്സിലാക്കിയിട്ടില്ലേ? (ഖു൪ആന്‍:28/78)

അഞ്ചാമതായി, മറ്റുള്ളവ൪ക്ക് അല്ലാഹു സമ്പത്ത് നല്‍കിയതില്‍ അസൂയ കാണിക്കാതിരിക്കുക.

ആറാമതായി, ദുര്‍നടപ്പുകാരായ ആളുകളോട് ഗുണകാംക്ഷാ നിര്‍ഭരമായ മനസ്സോടെ അവരുടെ ചെയ്തികളില്‍ നിന്ന് വിരമിക്കുവാനായി ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കാന്‍ വിശ്വാസികള്‍ക്ക് കഴിയേണ്ടതുണ്ട്.

وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى ٱلْخَيْرِ وَيَأْمُرُونَ بِٱلْمَعْرُوفِ وَيَنْهَوْنَ عَنِ ٱلْمُنكَرِ ۚ وَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ

നന്‍മയിലേക്ക് ക്ഷണിക്കുകയും, സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍.(ഖു൪ആന്‍:3/104)

عَنْ أَبُو سَعِيدٍ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : مَنْ رَأَى مِنْكُمْ مُنْكَرًا فَلْيُغَيِّرْهُ بِيَدِهِ فَإِنْ لَمْ يَسْتَطِعْ فَبِلِسَانِهِ فَإِنْ لَمْ يَسْتَطِعْ فَبِقَلْبِهِ وَذَلِكَ أَضْعَفُ الإِيمَانِ‏

അബൂസഈദ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: നബി ﷺ പറയുന്നത് ഞാൻ കേട്ടു: നിങ്ങളിൽ ആരെങ്കിലും ഒരു തിന്മ കണ്ടാൽ തന്റെ കൈകൊണ്ട് അവനത് തടഞ്ഞ് കൊള്ളട്ടെ. അതിന് കഴിഞ്ഞില്ലങ്കിൽ തന്റെ നാവു കൊണ്ട് തടയട്ടെ. അതിന് സാധിച്ചില്ലെങ്കിൽ തന്റെ ഹൃദയം കൊണ്ട് വെറുത്ത് കൊള്ളട്ടെ. അതാകട്ടെ, ഈമാനിന്റെ എറ്റവും താഴ്ന്ന പടിയാണ്. (മുസ്‌ലിം:49)

ഏഴാമതായി, ഒരാളുടെ അവസാനം എങ്ങനെയായിരിക്കുമെന്ന് അല്ലാഹുവിനേ അറിയൂവെന്ന് മനസ്സിലാക്കുക. ആദ്യം വിശ്വാസിയാവുകയും പിന്നീട് പ്രവാചകനോട് പ്രത്യക്ഷമായും പരോക്ഷമായും ശത്രുത കാണിച്ച് വഴികേടിലാവുകയും ചെയ്തവനാണ് ഖാറൂന്‍. അത് നമുക്കൊരു പാഠമാണ്. എപ്പോഴും നാം നമ്മുടെ ഹൃദയത്തെ ദീനില്‍ ഉറപ്പിച്ച് നിര്‍ത്താനായി അല്ലാഹുവോട് പ്രാര്‍ഥിക്കണം. എത്രയോ ആളുകള്‍ സത്യത്തിന് വേണ്ടി ത്യാഗം സഹിക്കുകയും പിന്നീട് വഴിതെറ്റി അധഃപതനത്തില്‍ ജീവിതം നയിച്ച് മരണമടയുകയും ചെയ്യുന്നുണ്ട്. അതിനാല്‍ നമ്മുടെ അവസാനം ഏറ്റവും നല്ല രൂപത്തില്‍ ആകാന്‍ നാം പ്രാര്‍ത്ഥിക്കണം.

رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً ۚ إِنَّكَ أَنتَ ٱلْوَهَّابُ

ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ സന്‍മാര്‍ഗത്തിലാക്കിയതിനു ശേഷം ഞങ്ങളുടെ മനസ്സുകളെ നീ തെറ്റിക്കരുതേ. നിന്റെ അടുക്കല്‍ നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്ക് നീ പ്രദാനം ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം ഔദാര്യവാനാകുന്നു.(ഖു൪ആന്‍:3/8)

عَنْ أَنَسِ بْنِ مَالِكٍ، قَالَ كَانَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ يُكْثِرُ أَنْ يَقُولَ ‏”‏ اللَّهُمَّ ثَبِّتْ قَلْبِي عَلَى دِينِكَ ‏”‏

അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ  ഈ പ്രാർത്ഥന അധികരിപ്പിക്കുമായിരുന്നു:

يَا مُقَلِّبَ الْقُلُوب، ثَبِّتْ قَلْبـِي عَلَى دِينِك

ഹൃദയങ്ങളെ മാറ്റിമറിക്കുന്നവനേ, എന്റെ ഹൃദയത്തെ നിന്റെ ദീനില്‍ നീ ഉറപ്പിച്ചു നിര്‍ത്തേണമേ.

എട്ടാമതായി, അല്ലാഹു ഏതൊരാള്‍ക്ക് അനുഗ്രഹം നല്‍കുന്നതും അവരെ പരീക്ഷിക്കുന്നതിന് വേണ്ടിയാണ്. ഖാറൂനിന് അല്ലാഹു പരീക്ഷിക്കാനായി ഭൗതിക സൗകര്യങ്ങള്‍ എമ്പാടും നല്‍കി. പക്ഷേ, ആ അനുഗ്രഹങ്ങള്‍ക്കൊന്നും അവന്‍ നന്ദി കാണിച്ചില്ല. അല്ലാഹു നല്‍കിയിട്ടുള്ള അനുഗ്രങ്ങള്‍ക്ക് നന്ദി കാണിക്കാന്‍ സത്യവിശ്വാസികള്‍ക്ക് കഴിയണം.

وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِن كَفَرْتُمْ إِنَّ عَذَابِى لَشَدِيدٌ

നിങ്ങള്‍ നന്ദികാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് (അനുഗ്രഹം) വര്‍ദ്ധിപ്പിച്ചു തരുന്നതാണ്‌. എന്നാല്‍, നിങ്ങള്‍ നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും എന്റെ ശിക്ഷ കഠിനമായിരിക്കും. എന്ന് നിങ്ങളുടെ രക്ഷിതാവ് പ്രഖ്യാപിച്ച സന്ദര്‍ഭം (ശ്രദ്ധേയമത്രെ). (ഖു൪ആന്‍ :14/7)

ഒമ്പതാമതായി, അഹങ്കാരത്തോടെ അല്ലാഹുവിനെയും അവന്റെ പ്രവാചകന്മാരെയും അവന്റെ മതത്തെയും മതത്തിന്റെ ചിഹ്നങ്ങളെയും പുച്ഛിച്ചും പരിഹസിച്ചും ജീവിക്കുന്നവര്‍ക്ക് ഭൂമിയില്‍ എത്ര സൗകര്യം ലഭിച്ചാലും വിശ്വാസികള്‍ നിരാശപ്പെടുകയോ വ്യാകുലപ്പെടുകയോ ചെയ്യേണ്ടതില്ല. അതെല്ലാം താല്‍ക്കാലികമാണ്. ആത്യന്തികവിജയം സത്യത്തിന്റെ മാര്‍ഗത്തില്‍ നിലകൊള്ളുന്നവര്‍ക്കാണ്.

പത്താമതായി, ഈ ലോകത്ത് അഹംഭാവവും ഗര്‍വ്വും നടിക്കാതെ, അക്രമവും അനീതിയും ചെയ്യാതെ, വിനയത്തോടും, മര്യാദയോടും, അച്ചടക്കത്തോടുംകൂടി ജീവിക്കുന്ന സജ്ജനങ്ങള്‍ക്കാണ് അല്ലാഹു സ്വ൪ഗം നല്‍കുക.

عَنْ عَبْدِ اللَّهِ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏: لاَ يَدْخُلُ الْجَنَّةَ مَنْ كَانَ فِي قَلْبِهِ مِثْقَالُ ذَرَّةٍ مِنْ كِبْرٍ

അബ്ദുല്ല رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു അണുഅളവ് അഹംഭാവം ആരുടെയെങ്കിലും ഹൃദയത്തില്‍ ഉണ്ടായിരുന്നാല്‍ അവന്‍ സ്വര്‍ഗ്ഗ ത്തില്‍ പ്രവേശിക്കുകയില്ല. (മുസ്ലിം:91)

പതിനൊന്നാമതായി, പ്രതീക്ഷയോടെയും ആഗ്രഹത്തോടെയും നാം ചെയ്യുന്ന ചില ദുആകൾക്ക്‌ ഉത്തരം കിട്ടാത്തതിന്റെ പേരിൽ വിഷമിക്കേണ്ടതില്ല. ഖാറൂനിന്റെ ആളുകൾ പറഞ്ഞു : {ഖാറൂനിനു ലഭിച്ചത്‌ പോലെ (ദുനിയാവിലെ വിഭവം) ഞങ്ങൾക്കുമുണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു} എന്നാൽ പിന്നീടിനു ഖാറൂനിനെ ഭൂമിയിലേക്ക്‌ ആഴ്ത്തിക്കളഞ്ഞപ്പോൾ അവർ പറഞ്ഞു : {അല്ലാഹു ഞങ്ങളോട്‌ ഔദാര്യം കാണിച്ചില്ലായിരുന്നുവെങ്കിൽ ഞങ്ങളെയും അവൻ ആഴ്ത്തിക്കളയുമായിരുന്നു}

നാം പ്രതീക്ഷയോടെ അല്ലാഹുവിനോട്‌ ദുആ ചെയ്തത്‌ ഉത്തരം ലഭിച്ചില്ലെങ്കിലും സങ്കടപ്പെടരുത്‌. അത് നമുക്ക് ഭാവിയിൽ ഉപദ്രവമുണ്ടായേക്കാം. ഇക്കാര്യം നാം അറിയണമെന്നില്ല. അല്ലാഹു നമുക്ക്‌ തിരഞ്ഞെടുക്കുന്ന ഖൈർ ആണു നമ്മുടെ പ്രതീക്ഷകളെക്കാൾ നമുക്ക്‌ നല്ലത്‌.

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *