വിവാഹം : വിധിവിലക്കുകൾ

ചേർക്കുക, ഒരുമിച്ചുകൂട്ടുക, കൂടിക്കലരുക എന്നൊക്കെയാണ് ഭാഷയിൽ ‘നികാഹി’ന്റെ അർഥം. വൃക്ഷങ്ങൾ ഒന്നൊന്നിനോടു ചേർന്നാൽ تناكحت الأشجار (തനാകഹത്തിൽ അശ്ജാറു) എന്നു പറയും. മഴവെള്ളം മണ്ണിൽ കലർന്നാൽ نكح المطر الأرض (നകഹൽ മത്വറു അൽഅർദ്വ്) എന്നു പറയും.

وشرعاً: عقد يتضمن إباحة استمتاع كل من الزوجين بالآخر، على الوجه المشروع.

മതപരമായ രീതിയിൽ ഭാര്യാഭർത്താക്കന്മാർ അന്യോന്യം സുഖമെടുക്കുന്നതിനെ അനുവദിക്കൽ ഉൾകൊള്ളുന്ന ഉടമ്പടിയാകുന്നു സാങ്കേതികമായി ‘നികാഹ്.’

നികാഹ് മതപരമെന്നതിന്റെ തെളിവുകൾ ക്വുർആനും സുന്നത്തും ഇജ്മാഉമാകുന്നു. വിശുദ്ധ ക്വുർആനിൽ ധാരാളം ആയത്തുകൾ ഈ വിഷയത്തിലുണ്ട്:

….فَٱنكِحُوا۟ مَا طَابَ لَكُم مِّنَ ٱلنِّسَآءِ مَثْنَىٰ وَثُلَٰثَ وَرُبَٰعَ ۖ فَإِنْ خِفْتُمْ أَلَّا تَعْدِلُوا۟ فَوَٰحِدَةً أَوْ مَا مَلَكَتْ أَيْمَٰنُكُمْ ۚ

സ്ത്രീകളില്‍ നിന്ന് നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ (അവര്‍ക്കിടയില്‍) നീതിപുലര്‍ത്താനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം (വിവാഹം കഴിക്കുക.) അല്ലെങ്കില്‍ നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ (ഭാര്യയെപ്പോലെ സ്വീകരിക്കുക.) (ഖുർആൻ:4/3)

وَأَنكِحُوا۟ ٱلْأَيَٰمَىٰ مِنكُمْ وَٱلصَّٰلِحِينَ مِنْ عِبَادِكُمْ وَإِمَآئِكُمْ ۚ

നിങ്ങളിലുള്ള അവിവാഹിതരെയും, നിങ്ങളുടെ അടിമകളില്‍ നിന്നും അടിമസ്ത്രീകളില്‍ നിന്നും നല്ലവരായിട്ടുള്ളവരെയും നിങ്ങള്‍ വിവാഹബന്ധത്തില്‍ ഏര്‍പെടുത്തുക. (ഖുർആൻ:24/32)

ധാരാളം തിരുമൊഴികളും ഈ വിഷയത്തിലുണ്ട്:

عن ابن مسعود – رضي الله عنه – عن النبي – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – قال: يا معشر الشباب، مَن استطاع منكم الباءة (٢) فليتزوج، فإنه أغض للبصر، وأحصن للفرج، ومن لم يستطع فعليه بالصوم؛ فإنه له وجاء.

ഇബ്‌നു മസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: തിരുനബിﷺ പറഞ്ഞു: യുവാക്കളുടെ സമൂഹമേ, നിങ്ങളിൽ വിവാഹം കഴിക്കുവാൻ കഴിവുള്ളവർ വിവാഹം കഴിക്കട്ടെ. കാരണം വിവാഹം (പരസ്ത്രീകളെ നോക്കുന്നതിൽനിന്ന്) കണ്ണിനെ തടയുകയും ഗുഹ്യാവയവങ്ങളെ (നിഷിദ്ധങ്ങളിൽനിന്ന്) സംരക്ഷിക്കുകയും ചെയ്യും. വിവാഹം ചെയ്യുവാൻ സാധിക്കാത്തവർ നോമ്പനുഷ്ഠിക്കട്ടെ. കാരണം അത് അവരുടെ ലൈംഗികാസക്തിയെ കീഴടക്കും. (ബുഖാരി, മുസ്ലിം)

عن معقل بن يسار – رضي الله عنه – أن رسول الله – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – قال: تزوجوا الودود الولود؛ فإني مكاثر بكم الأمم.

മഅ്ക്വിൽ ഇബ്‌നു യസാര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: തിരുനബിﷺ പറഞ്ഞു: കൂടുതൽ സ്‌നേഹം പകരുന്ന, പ്രജനന ശേഷിയുള്ള സ്ത്രീകളെ നിങ്ങൾ വിവാഹം കഴിക്കുക. എങ്കിൽ മറ്റു സമുദായങ്ങളുടെ മുമ്പിൽ നിങ്ങളുടെ എണ്ണപ്പെരുപ്പത്തിൽ ഞാൻ അഭിമാനിക്കുന്നതാണ്. (അബൂദാവൂദ്, നസാഇ)

നികാഹ് മതപരമാക്കിയതിലെ യുക്തി

ഉന്നതമായ പൊരുളുകൾ ഉള്ളതിനാലാണ് അല്ലാഹു നികാഹിനെ മതപരമാക്കിയത്. താഴെ വരുന്നതിൽ അവയെ ചുരുക്കാം:

1. ലൈംഗികാവയവങ്ങളുടെ പരിപാവനത്വം. അല്ലാഹു മനുഷ്യനെ സൃഷ്ടിക്കുകയും അവനിൽ ലൈംഗികവികാരം ഊട്ടുകയും ചെയ്തിരിക്കുന്നു. ഈ വികാരത്തെ പൂർത്തീകരിക്കുവാനും അതിൽ അനർഥങ്ങൾ ഇല്ലാതാക്കുവാനും വിവാഹത്തെ അല്ലാഹു മതപരമാക്കി.

2. ദമ്പതികൾക്ക് സമാധാനവും ഇണക്കവും സിദ്ധിക്കുക, വിശ്രമവും സുസ്ഥിരതയും കൈവരുക.

وَمِنْ ءَايَٰتِهِۦٓ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَٰجًا لِّتَسْكُنُوٓا۟ إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ إِنَّ فِى ذَٰلِكَ لَءَايَٰتٍ لِّقَوْمٍ يَتَفَكَّرُونَ

നിങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌. (ഖുർആൻ:30/21)

3. വംശാവലി സംരക്ഷിച്ചു നിലനിർത്തുക, കുടുംബബന്ധങ്ങളും രക്തബന്ധങ്ങളും പരസ്പരം ബന്ധം ചാർത്തുക.

4. മനുഷ്യകുലത്തിന്റെ നിലനിൽപിനും അല്ലാഹുവിന്റെ ദീൻ പ്രചരിപ്പിക്കുവാനും.

5. ജാരസംസർഗങ്ങളുടെയും അവിശുദ്ധ ബന്ധങ്ങളുടെയും ഗർത്തങ്ങളിൽ ആപതിക്കുന്നതിൽനിന്നും അങ്ങനെ നാശമടയുന്നതിൽനിന്നും സ്വഭാവങ്ങളെ കാത്തുസംരക്ഷിക്കുക.

മതവിധിയും ഇണയെ തെരഞ്ഞെടുക്കലും

1. നികാഹിന്റെ മതവിധി

വ്യക്തികളെ അപേക്ഷിച്ച് നികാഹിന്റെ മതവിധി വ്യത്യാസപ്പെടും.

ഒന്ന്) വ്യഭിചാരത്തിൽ അകപ്പെടുമെന്ന് സ്വയം ഭയക്കുകയും വൈവാഹിക ബാധ്യതകളും സാമ്പത്തിക ചെലവുകളും വഹിക്കുവാൻ കഴിവുമുള്ള വ്യക്തിക്ക് നികാഹ് വാജിബാകും. കാരണം വിവാഹം അവനു പവിത്രതക്കുള്ള മാർഗവും നിഷിദ്ധത്തിൽ നിപതിക്കുന്നതിൽനിന്ന് സുരക്ഷയുമാകുന്നു. വിവാഹം കഴിക്കുവാൻ അവന്ന് സാധിച്ചില്ലയെങ്കിൽ അവൻ വ്രതമനുഷ്ഠിക്കട്ടെ. അല്ലാഹുവിന്റെ ഓദാര്യത്താൽ അവനെ ധന്യനാക്കുന്നതുവരെ അവൻ തെറ്റിൽനിന്ന് അകന്നു കഴിയട്ടെ.

രണ്ട്) ഒരു വ്യക്തി വികാരമുള്ളവനാവുകയും വിവാഹച്ചെലവ് ഉടമപ്പെടുത്തുകയും എന്നാൽ അവൻ വ്യഭിചാരം തന്നിൽ ഭയക്കാതിരിക്കുകയുമായാൽ അവനു വിവാഹം സുന്നത്താണ്. വിവാഹത്തിനു പ്രേരണയേകുകയും അതിൽ ആഗ്രഹം ജനിപ്പിക്കുകയും ചെയ്യുന്ന വിഷയത്തിലുള്ള ആയത്തുകളുടെയും ഹദീസുകളുടെയും പൊതുതാൽപര്യം ഇതാണറിയിക്കുന്നത്.

മൂന്ന്) ലൈംഗിക ശേഷിയില്ലാത്തതിനാലോ വാർധക്യം കാരണമോ രോഗം മൂലമോ വികാരമില്ലാത്തതിനാലോ ഒരു വ്യക്തി വിവാഹം ആവശ്യമില്ലത്തവനാണെങ്കിൽ വിവാഹം അയാൾക്ക് മക്‌റൂഹാണ്.

2. ഇണയെ തെരയലും ഇണയുടെ ഗുണങ്ങളും

മതനിഷ്ഠയും പവിത്രതയും നല്ല കുടുംബവും കുലീനതയും ഭംഗിയുമുള്ള സ്ത്രീകളെ വിവാഹം കഴിക്കൽ സുന്നത്താണ്.

عن أبي هريرة – رضي الله عنه – أن النبي – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – قال: (تنكح المرأة لأربع: لمالها ولحسبها ولجمالها ولدينها، فاظفر بذات الدين تَرِبَتْ يَدَاكَ)

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: തിരുനബിﷺ പറഞ്ഞു: സ്വത്ത്, കുലീനത, സൗന്ദര്യം, മതനിഷ്ഠ എന്നീ നാലുകാര്യങ്ങൾക്ക് ഒരു സ്ത്രീ വിവാഹം കഴിക്കപ്പെടും. അതിനാൽ നീ മതനിഷ്ഠയുള്ള പെണ്ണിനെ നേടിയെടുക്കുക. നിന്റെ കരങ്ങൾ മണ്ണിൽ ചേരട്ടെ. (ബുഖാരി, മുസ്ലിം)

മതനിഷ്ഠയുള്ള പെണ്ണിനെയാണ് അവൻ പ്രഥമമായി അഭിലഷിക്കേണ്ടത്. അവൻ തെരഞ്ഞെടുക്കുമ്പോൾ മറ്റു ഗുണങ്ങളെക്കാൾ അടിസ്ഥാനമാക്കേണ്ടതും മതനിഷ്ഠയാണ്. പ്രജനന ശേഷിയുള്ള ഇണയെ തെരഞ്ഞെടുക്കലും സുന്നത്താക്കപ്പെടും.

عن أنس – رضي الله عنه – عن النبي – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – أنه قال: تزوجوا الودود الولود فإني مكاثر بكم الأمم يوم القيامة.

അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: തിരുനബിﷺ പറഞ്ഞു: കൂടുതൽ സ്‌നേഹം പകരുന്ന, പ്രജനനശേഷിയുള്ള സ്ത്രീകളെ നിങ്ങൾ വിവാഹം കഴിക്കുക. അന്ത്യനാളിൽ നബിമാരുടെ മുമ്പിൽ നിങ്ങളുടെ എണ്ണപ്പെരുപ്പത്തിൽ ഞാൻ അഭിമാനിക്കുന്നതാണ്.

കന്യകയെ തെരഞ്ഞെടുക്കലും സുന്നത്താണ്. ജാബിര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്:

فهلا بكراً تلاعبها وتلاعبك.

താങ്കൾക്ക് ഒരു കന്യകയെ വിവാഹം കഴിക്കാമായിരുന്നില്ലേ; താങ്കൾക്ക് അവളോടും അവൾക്കു താങ്കളോടും വിനോദിക്കുവാൻ. (ബുഖാരി, മുസ്ലിം)

എന്നാൽ കന്യകയല്ലാത്തവളെ വിവാഹം കഴിക്കുന്നതിനെ പ്രബലമാക്കുന്ന വല്ല മേന്മയുമുണ്ടെങ്കിൽ കന്യകയെക്കാൾ വിധവയെയാണു മുന്തിപ്പിക്കേണ്ടത്. ഭംഗിയുള്ളവളെ തെരഞ്ഞെടുക്കൽ മനസ്സ് സമാധാനമടയുവാനും ദൃഷ്ടി നിയന്ത്രണ വിധേയമാകുവാനും സ്‌നേഹം ക്ഷണിച്ചു വരുത്തുവാനും കരണീയമായതാണ്.

ഖിത്വ‌്ബത്തിന്റെ വിധികളും മര്യാദകളും

‘ഖിത്വ‌്ബത്ത്’ എന്നാൽ നിർണിതമായ ഒരു സ്ത്രീയെ വിവാഹം കഴിക്കുവാനുള്ള അഭിലാഷം പ്രകടിപ്പിക്കലും അത് അവളുടെ വലിയ്യിനെ അറിയിക്കലുമാണ്.

ഖിത്വ‌്ബത്തിന്റെ വിധികളും മര്യാദകളും:

1. ഒരു മുസ്‌ലിം തന്റെ സഹോദരന്റെ വിവാഹാന്വേഷണത്തെ മറികടന്ന് അന്വേഷണം നടത്തുന്നത് ഹറാമാകുന്നു. ആദ്യം അന്വേഷിച്ചവന് അനുകൂല ഉത്തരം ലഭിക്കുകയും രണ്ടാമത് അന്വേഷിക്കുന്നവൻ അത് അറിയുകയും ചെയ്തിട്ടുണ്ടെങ്കിലാണിത്.

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ لا يخطب الرجل على خطبة أخيه حتى ينكح أو يترك

തിരുനബിﷺ പറഞ്ഞു: ഒരാൾ തന്റെ സഹോദരൻ വിവാഹാലോചന നടത്തിയ സ്ത്രീയെ വിവാഹാന്വേഷണം നടത്തരുത്; ആദ്യം അന്വേഷിച്ചവൻ വിവാഹം കഴിക്കുകയോ ഉദ്യമം ഉപേക്ഷിക്കുകയോ ചെയ്താലല്ലാതെ. (ബുഖാരി)

ആദ്യം അന്വേഷിച്ചവനെ തകർക്കലും ശത്രുത ജനിപ്പിക്കലുമാണ് അന്വേഷണത്തിന് ഇങ്ങനെ മുന്നിടുന്നതിലുള്ളത്.

2. ബാഇനായ (ബന്ധം പുനഃസ്ഥാപിക്കാനാകാത്ത വിധം എന്നന്നേക്കുമായുള്ള) ത്വലാക്വേ് ചൊല്ലപ്പെട്ട് ഇദ്ദയിലിരിക്കുന്ന സ്ത്രീകളോടുള്ള വിവാഹാന്വേഷണം വ്യക്തമാക്കൽ നിഷിദ്ധമാകുന്നു. അല്ലാഹു പറഞ്ഞു:

وَلَا جُنَاحَ عَلَيْكُمْ فِيمَا عَرَّضْتُم بِهِۦ مِنْ خِطْبَةِ ٱلنِّسَآءِ

 (ഇദ്ദയുടെ ഘട്ടത്തിൽ) ആ സ്ത്രീകളുമായുള്ള വിവാഹാലോചന നിങ്ങൾ വ്യംഗ്യമായി സൂചിപ്പിക്കുന്നതിൽ നിങ്ങൾക്ക് കുറ്റമില്ല. (ഖുർആൻ:2/235)

‘ഒരു സദ്‌വൃത്തയായ സ്ത്രീയെ അല്ലാഹു എളുപ്പമാക്കിത്തരുവാൻ ഞാൻ ആഗ്രഹിക്കുന്നു,’ ‘ഞാൻ വിവാഹം ഉദ്ദേശിക്കുന്നു’ എന്നിങ്ങനെ വ്യംഗ്യമായ സൂചനയാകാവുന്നതാണ്. വിവാഹാഭിലാഷം വ്യംഗ്യമാക്കുന്നതിൽ കുറ്റമില്ലെന്നത് അത് വ്യക്തമാക്കൽ അനുവദനീയമല്ലെന്ന് അറിയിക്കുന്നു. ഇദ്ദാകാലം തീരുന്നതിനുമുമ്പു തന്നെ അത് അവസാനിച്ചു എന്നു പറയുവാൻ വിവാഹത്തോടുള്ള ആഗ്രഹം അവളെ പ്രേരിപ്പിച്ചേക്കും. എന്നാൽ ഭർത്താവിനുതന്നെ ബന്ധം പുനഃസ്ഥാപിക്കുവാൻ അവസരമുള്ള ത്വലാക്വിനു വിധേയയായി ഇദ്ദയിരിക്കുന്നവളോട് വ്യംഗ്യമായും വിവാഹാന്വേഷണം നടത്തുവാൻ പാടുള്ളതല്ല. കാരണം അവൾ ഭാര്യമാരുടെ വിധിയിലാണ്.

3. വിവാഹാന്വേഷകന്റെയും അന്വേഷിക്കപ്പെടുന്നവളുടെയും വിഷയത്തിൽ വല്ലവരോടും ആലോചന നടത്തിയാൽ അവരിലുള്ള നന്മകളും തിന്മകളും പറയൽ നിർബന്ധമാണ്. അത് പരദൂഷണം പറയലാവുകയില്ല. മതത്തിൽ പ്രശംസനീയമായ ഗുണകാംക്ഷയിലാണ് അതുൾപ്പെടുക.

4. ഖിത്വ‌്ബത്ത് കേവലം വിവാഹ വാഗ്ദാനവും അതിൽ അഭിലാഷം പ്രകടിപ്പിക്കലുമാണ്. അതു വിവാഹമല്ല. അതിനാൽ വിവാഹാന്വേഷകനും അന്വേഷിക്കപ്പെടുന്നവളും അന്യരായിത്തന്നെ ശേഷിക്കും.

പെണ്ണു കാണൽ

വിവാഹമന്വേഷിക്കുന്നവന് ഒരു സ്ത്രീയിൽ, അവളുടെ മുഖം, മുൻകൈകൾ, കാൽപാദങ്ങൾ പോലുള്ള സാധാരണ പ്രകടമാകുന്ന അവയവങ്ങളിലേക്ക് നോക്കൽ മതപരവും സുന്നത്തുമാകുന്നു.

عن سهل بن سعد – رضي الله عنه -: أن امرأة جاءت إلى النبي – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – قالت: يا رسول الله جئت لأهب لك نفسي، فصعد النظر إليها وصوبه ثم طأطأ رأسه.

സഹ്ൽ ഇബ്‌നുസഅ്ദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഒരു സ്ത്രീ തിരുനബിﷺയുടെ അടുക്കലേക്കു വന്നു. അവർ പറഞ്ഞു: ‘അല്ലാഹുവിന്റെ തിരുദൂതരേ, ഞാൻ താങ്കളുടെ അടുക്കൽ വന്നിരിക്കുന്നത് എന്നെത്തന്നെ അങ്ങേക്കു സമർപ്പിക്കുവാനാണ്.’ അതുകേട്ടപ്പോൾ തിരുമേനി ﷺഅവരെ ആപാദചൂഢം ഉറ്റുനോക്കി. പിന്നീട് അവിടുന്ന് തലതാഴ്ത്തി. (ബുഖാരി, മുസ്ലിം)

عن أبي هريرة – رضي الله عنه – قال: كنت عند النبي – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – فأتاه رجل فأخبره أنه تزوج امرأة من الأنصار. فقال له رسول الله – صَلَّى اللَّهُ عَلَيْهِ وَسَلَّمَ -: (أنظرت إليها؟)، قال: لا، قال: فاذهب فانظر إليها؛ فإن في أعين الأنصار شيئاً.

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഞാൻ തിരുനബി ﷺയുടെ അടുക്കലായിരുന്നു. അപ്പോൾ തിരുമേനിയുടെ അടുക്കൽ ഒരാൾ വരികയും അൻസ്വാരികളിൽപെട്ട ഒരു സ്ത്രീയെ അദ്ദേഹം വിവാഹം കഴിക്കുവാനുദ്ദേശിക്കുന്നു എന്നുണർത്തുകയും ചെയ്തു. അപ്പോൾ തിരുനബിﷺ അദ്ദേഹത്തോടു ചോദിച്ചു: ‘താങ്കൾ ആ സ്ത്രീയെ കണ്ടുവോ?’ അദ്ദേഹം പറഞ്ഞു: ‘ഇല്ല.’ നബിﷺ പ്രതിവചിച്ചു: ‘എങ്കിൽ താങ്കൾ പോയി അവരെ കാണുക. കാരണം അൻസ്വാരികളുടെ കണ്ണിന് അൽപം ചെറുപ്പമുണ്ട്. (മുസ്ലിം)

عن جابر رضي الله عنه قال: قال رسول الله – صَلَّى اللَّهُ عَلَيْهِ وَسَلَّمَ -: إذا خطب أحدكم المرأة، فإن استطاع أن ينظر إلى ما يدعوه إلى نكاحها فليفعل.

ജാബിര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നിങ്ങളിലാരെങ്കിലും ഒരു സ്ത്രീയെപ്പറ്റി വിവാഹാന്വേഷണം നടത്തുമ്പോൾ ആ സ്ത്രീയുടെ ശരീരത്തിൽനിന്ന് വിവാഹത്തിനു പ്രേരകമായി ഭവിക്കുന്ന ഭാഗങ്ങൾ നോക്കിക്കാണുവാൻ സാധിച്ചാൽ അവൻ അപ്രകാരം ചെയ്യേണ്ടതാണ്. (അബൂദാവൂദ്, അഹ്മദ്)

പെണ്ണുകാണലിലടങ്ങിയ യുക്തി: സ്ത്രീക്ക് പുരുഷന്റെ മനസ്സിൽ ഇടംനേടുവാൻ പെണ്ണുകാണൽ അത്യന്താപേക്ഷിതമാണ്. അതിൽപിന്നെ അവർക്കിടയിലുള്ള ഇണക്കത്തിനും സ്‌നേഹത്തിനും നിത്യമായുള്ള പ്രേമത്തിനും അത് അനിവാര്യമാണ്. ഒരു സ്ത്രീയെ വിവാഹമന്വേഷിച്ച മുഗീറ رَضِيَ اللَّهُ عَنْهُ വോടുള്ള തിരുനബിﷺയുടെ സംസാരത്തിൽ ഇപ്രകാരമുണ്ട്:

انظر إليها فإنه أحرى أن يُؤْدَمَ بينكما

താങ്കൾ അവളെ കാണുക. കാരണം അതാണ് നിങ്ങൾക്കിടയിൽ സ്‌നേഹവും ഇണക്കവും നിലനിൽക്കുവാൻ ഏറ്റവും അർഹമായത്. (തിര്‍മിദി)

നികാഹിന്റെ നിബന്ധനകൾ

1. വരനെയും വധുവിനെയും നിർണയിക്കൽ: ഒരാളെ നിർണയിക്കാതെ അവരുമായുള്ള വിവാഹ ഉടമ്പടി സാധുവാകുകയില്ല. ഒരാൾക്ക് ഒന്നിലധികം പെൺമക്കളുണ്ടെങ്കിൽ ‘എന്റെ മകളെ ഞാൻ നിനക്ക് വിവാഹം കഴിച്ചു തന്നിരിക്കുന്നു’ എന്നു പറയുന്നതുപോലെ. അല്ലെങ്കിൽ ഒരാൾക്ക് ഒന്നിലധികം ആൺമക്കളുണ്ടെങ്കിൽ ‘നിന്റെ മകന് ഞാൻ അവളെ വവാഹം കഴിച്ചു നൽകിയിരിക്കുന്നു’ എന്നു പറയുന്നതുപോലെ. ഫാത്വിമ, മുഹമ്മദ് എന്നിങ്ങനെ പേരു നിജപ്പെടുത്തലും അല്ലെങ്കിൽ മൂത്തവൾ, ഇളയവൾ എന്നിങ്ങനെ വിശേഷണം നിർണയിക്കലും അനിവാര്യമാണ്.

2. വധൂവരന്മാരുടെ പരസ്പര തൃപ്തി: ബലാൽകാരമായുള്ള നികാഹ് സാധുവാകുകയില്ല.

عن أبي هريرة – رضي الله عنه – أن رسول الله – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – قال: لا تنكح الأيم حتى تستأمر، ولا البكر حتى تستأذن.

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: തിരുനബിﷺ പറഞ്ഞു: അനുവാദം ചോദിക്കപ്പെടുന്നതുവരെ ഥയ്യിബ് (കന്യകയല്ലാത്തവൾ) വിവാഹം ചെയ്തു കൊടുക്കപ്പെടുകയില്ല. അനുവാദം ചോദിക്കപ്പെടുന്നതുവരെ കന്യകയും വിവാഹം ചെയ്തുകൊടുക്കപ്പെടുകയില്ല. (ബുഖാരി, മുസ്ലിം)

3. നികാഹിൽ വിലായത്ത്: ഒരു സ്ത്രീയുടെ വിവാഹ ഉടമ്പടി വലിയ്യല്ലാതെ നടത്തുകയില്ല.

قال رسول الله – صَلَّى اللَّهُ عَلَيْهِ وَسَلَّمَ -:لا نكاح إلا بولي

തിരുനബിﷺ പറഞ്ഞു: വലിയ്യില്ലാതെ (രക്ഷാധികാരി) നികാഹില്ല. (തിര്‍മിദി, അബൂദാവൂദ്, ഇബ്നുമാജ)

പുരുഷനും പ്രായപൂർത്തിയായവനും ബുദ്ധിയുള്ളവനും സ്വതന്ത്രനും ഉപരിപ്ലവമായെങ്കിലും ദീനുള്ളവനുമായിരിക്കണമെന്നത് വലിയ്യിൽ ശർത്ത്വാക്കപ്പെടും.

4.വിവാഹത്തിന് സാക്ഷ്യം: മുസ്‌ലിംകളും പ്രായപൂർത്തിയായവരും ഉപരിപ്ലവമായെങ്കിലും ദീനീനിഷ്ഠയുമുള്ള രണ്ടു സാക്ഷികളെ കൊണ്ടല്ലാതെ നികാഹ് സാധുവാകുകയില്ല.

لا نكاح إلا بولي وشاهدي عدل، وما كان غير ذلك فهو باطل

തിരുനബിﷺ പറഞ്ഞു: വലിയ്യും (രക്ഷാധികാരിയും) ദീനീനിഷ്ഠയുള്ള രണ്ട് സാക്ഷികളുമില്ലാതെ നികാഹില്ല. അതെല്ലാതെയുള്ളത് ബാത്വിലാകുന്നു. (ഇബ്നുഹിബ്ബാൻ)

قال الترمذي: (العمل عليه عند أهل العلم من أصحاب النبي – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – ومن بعدهم من التابعين وغيرهم، قالوا: لا نكاح إلا بشهود .. ). واشتراط الشهادة في النكاح احتياط للنسب خوف الإنكار.

ഇമാം തുർമുദി رحمه الله പറഞ്ഞു: സ്വഹാബികളിലും ശേഷക്കാരായ താബിഉകളിലും മറ്റുമുള്ള പണ്ഡിതന്മാരുടെ അടുക്കൽ ഇതനുസരിച്ചാകുന്നു വൈവാഹിക കർമം. അവർ പറഞ്ഞു: സാക്ഷികൾ കൊണ്ടല്ലാതെ നികാഹില്ല. ബന്ധത്തെ നിരാകരിച്ചേക്കുമോ എന്ന ഭീതിയാൽ കുടുംബബന്ധത്തിനുള്ള മുൻകരുതലിന്റെ ഭാഗമായാണ് നികാഹിൽ സാക്ഷ്യം ശർത്ത്വാകുന്നത്.

5. വിവാഹത്തിനു തടസ്സമാകുന്ന കാര്യങ്ങളിൽനിന്ന് വധൂവരന്മാർ മുക്തമാകുക: കുടുംബബന്ധത്താലോ മുലകുടി ബന്ധം, വൈവാഹികബന്ധം, വധൂവരന്മാരുടെ മതം വ്യത്യാസപ്പെടുക, വധൂവരന്മാരിലൊരാൾ ഹജ്ജിനോ ഉംറക്കോ ഇഹ്‌റാമിൽ പ്രവേശിച്ചവരാവുക തുടങ്ങിയ കാരണങ്ങളാലോഉള്ള തടസ്സങ്ങൾ.

നികാഹിന്റെ റുക്‌നുകൾ

നികാഹിന്റെ അസ്തിത്വവും നിലനിൽപുമായുള്ള അടിസ്ഥാന സ്തംഭങ്ങൾ:

1. വരനും വധുവും: മുമ്പ് സൂചിപ്പിച്ചതുപോലുള്ള വൈവാഹിക തടസ്സങ്ങളിൽനിന്ന് മുക്തമായ വരനും വധുമാകുന്നു ഉദ്ദേശ്യം. വിവാഹം നിഷിദ്ധമായവരെ കുറിച്ചുള്ള ചർച്ചയിൽ അതിനെ കുറിച്ചുള്ള പരാമർശം വരുന്നുമുണ്ട്.

2. ഈജാബ്: വലിയ്യിൽനിന്നോ വലിയ്യിന്റെ സ്ഥാനമലങ്കരിക്കുന്ന വകീലിൽനിന്നോ ഉത്ഭവിക്കുന്ന ‘വിവാഹം കഴിച്ചു തന്നിരിക്കുന്നു’ എന്ന പദപ്രയോഗമാണത്.

3. ക്വബൂൽ: വരനിൽനിന്നോ അവന്റെ സ്ഥാനമലങ്കരിക്കുന്നവനിൽനിന്നോ ഉത്ഭവിക്കുന്ന ‘ഈ വിവാഹം ഞാൻ തൃപ്തപെട്ടിരിക്കുന്നു’ അല്ലെങ്കിൽ ‘ഞാൻ സ്വീകരിച്ചിരിക്കുന്നു’ എന്ന പദപ്രയോഗമാണത്.

ഈജാബ് ക്വബൂലിനെ മുൻകടക്കൽ നിർബന്ധമാകുന്നു.

നികാഹ് നിഷിദ്ധമായ സ്തീകൾ

നികാഹ് നിഷിദ്ധമായ സ്തീകൾ രണ്ടുവിധമാകുന്നു. എന്നെന്നേക്കുമായി വിവാഹം നിഷിദ്ധമാകുന്നവരും താൽക്കാലികമായി വിവാഹം നിഷിദ്ധമാകുന്നവരും.

ഒന്ന്: നിത്യമായി വിവാഹം നിഷിദ്ധമാകുന്നവർ

പതിനാലു വിഭാഗം സ്ത്രീകൾ എന്നെന്നേക്കുമായി വിവാഹം നിഷിദ്ധമാകുന്നവരാണ്. ഏഴുപേർ നസബിനാലും ഏഴുപേർ സബബിനാലും. ഏതൊരു അവസ്ഥയിലും ഏതു കാലത്തും അവരെ വിവാഹം കഴിക്കൽ അനുവദനീയമല്ല എന്നതാണ് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്. ഇങ്ങനെ നിഷിദ്ധമാകുന്നതിന് മൂന്നു കാരണങ്ങളുണ്ട്: കുടുംബബന്ധം, വൈാവാഹികബന്ധം, മുലകുടിബന്ധം.

കുടുംബ ബന്ധത്താൽ നിഷിദ്ധമാകുന്ന സ്ത്രീകൾ:

1. മാതാവ്, മാതൃമഹതികൾ (മാതാവിന്റെയും പിതാവിന്റെയും മാതാക്കൾ): ഇവർക്ക് മനുഷ്യന്റെ ഉസ്വൂലുകൾ എന്നു പറയപ്പെടുന്നു.

2. മകൾ, മക്കളുടെ പെൺമക്കൾ: ഇവർക്ക് മനുഷ്യന്റെ ഫുറൂഅ് എന്നു പറയപ്പെടുന്നു.

3. മാതാപിതാക്കളിലൊത്ത(പൂർണ) സഹോദരി, പിതാവിലൊത്ത സഹോദരി, മാതാവിലൊത്ത സഹോദരി: ഇവർക്ക് മാതാപിതാക്കളുടെ ഫുറൂഅ് എന്ന് പറയപ്പെടുന്നു.

4.പൂർണ സഹോദരന്റെ മകൾ, പിതാവിലൊത്ത സഹോദരന്റെ മകൾ, മാതാവി ലൊത്ത സഹോദരന്റെ മകൾ.

5. പൂർണ സഹോദരിയുടെ മകൾ, പിതാവിലൊത്ത സഹോദരിയുടെ മകൾ, മാതാവിലൊത്ത സഹോദരിയുടെ മകൾ.

6. പിതാവിന്റെ സഹോദരി (അമ്മായി): ഇവരെ പോലെയാണ് പിതാവിന്റെ അമ്മായിയും മാതാവിന്റെ അമ്മായിയും. പിതാവിന്റെ സഹോദരിമാർക്ക് പിതാവിന്റെ മാർഗേണയുള്ള പിതാമഹന്റെയും പിതാമഹിയുടെയും ഫുറൂഅ് എന്ന് പറയപ്പെടുന്നു.

7. മാതാവിന്റെ സഹോദരി (മുത്തമ്മയും കുഞ്ഞാമയും). ഇവരെ പോലെയാണ് മാതാവിന്റെ മാതൃസഹോദരിയും പിതാവിന്റെ മാതൃസഹോദരിയും. മാതാവിന്റെ സഹോദരിമാർക്ക് മാതാവിന്റെ മാർഗേണയുള്ള പിതാമഹന്റെയും പിതാമഹിയുടെയും ഫുറൂഅ് എന്ന് പറയപ്പെടുന്നു.

ഈ സ്ത്രീകളിൽ ഒരാളെയും ഒരവസ്ഥയിലും വിവാഹം കഴിക്കൽ അനുവദനീയമല്ല. അല്ലാഹു പറഞ്ഞു:

حُرِّمَتْ عَلَيْكُمْ أُمَّهَٰتُكُمْ وَبَنَاتُكُمْ وَأَخَوَٰتُكُمْ وَعَمَّٰتُكُمْ وَخَٰلَٰتُكُمْ وَبَنَاتُ ٱلْأَخِ وَبَنَاتُ ٱلْأُخْتِ

നിങ്ങളുടെ മാതാക്കൾ, പുത്രിമാർ, സഹോദരിമാർ, പിതൃസഹോദരിമാർ, മാതൃസഹോദരിമാർ, സഹോദരപുത്രികൾ, സഹോദരിപുത്രിമാർ എന്നിവർ (അവരെ വിവാഹം ചെയ്യൽ) നിങ്ങൾക്കു നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. (ഖുർആൻ:4/23)

വിവാഹ ബന്ധത്താൽ നിഷിദ്ധമാകുന്ന സ്ത്രീകൾ:

1. പിതാവിന്റെ ഭാര്യ: ഇവരെ പോലെയാണ് പിതാമഹാന്മാരുടെ ഭാര്യമാർ. ഇവർക്ക് ഉസ്വൂലിന്റെ ഭാര്യമാർ എന്ന് പറയപ്പെടുന്നു. അല്ലാഹു പറഞ്ഞു:

وَلَا تَنكِحُوا۟ مَا نَكَحَ ءَابَآؤُكُم مِّنَ ٱلنِّسَآءِ إِلَّا مَا قَدْ سَلَفَ ۚ إِنَّهُۥ كَانَ فَٰحِشَةً وَمَقْتًا وَسَآءَ سَبِيلًا

നിങ്ങളുടെ പിതാക്കൾ വിവാഹം ചെയ്ത സ്ത്രീകളെ നിങ്ങൾ വിവാഹം കഴിക്കരുത്; മുമ്പ് ചെയ്തുപോയതൊഴികെ. തീർച്ചയായും അത് ഒരു നീചവൃത്തി യും വെറുക്കപ്പെട്ട കാര്യവും ദുഷിച്ച മാർഗവുമാകുന്നു. (ഖുർആൻ:4/22)

2. മകന്റെ ഭാര്യ, മകന്റെ മകന്റെ ഭാര്യ, മകളുടെ മകന്റെ ഭാര്യ. ഇപ്രകാരം ഫുറൂഇന്റെ ഭാര്യമാരെല്ലാം: അല്ലാഹു പറഞ്ഞു:

وَحَلَائِلُ أَبْنَائِكُمُ الَّذِينَ مِنْ أَصْلَابِكُمْ

നിങ്ങളുടെ മുതുകിൽനിന്ന് പിറന്ന പുത്രന്മാരുടെ ഭാര്യമാരും (നിങ്ങൾക്ക് നി ഷിദ്ധമാക്കപ്പെട്ടിരിക്കുന്നു) (ഖുർആൻ:4/23)

3. ഭാര്യയുടെ മാതാവ്: ഇവരെ പോലെ തന്നെയാണ് ഭാര്യാമതാവിന്റ മാതാവിനെ പോലുള്ള അവരുടെ ഉസ്വൂലിലുള്ള സ്ത്രീകളെല്ലാം. അല്ലാഹു പറഞ്ഞു:

وَأُمَّهَاتُ نِسَائِكُمْ

…നിങ്ങളുടെ ഭാര്യാമാതാക്കൾ എന്നിവർ (അവരെ വിവാഹം ചെയ്യൽ) നിങ്ങൾക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. (ഖുർആൻ:4/23)

ഈ പറയപെട്ട മൂന്നു കൂട്ടർ കേവല ഉടമ്പടിയോടുകൂടി തന്നെ നിഷിദ്ധമായിത്തീരും. അവർ നിഷിദ്ധമാകുവാൻ കാരണമായ ഭാര്യയുമായി വൈവാഹികജീവിതം നയിച്ചാലും ഇല്ലെങ്കിലും ശരി.

4. ഭാര്യയുടെ മകൾ: ഇവൾക്കാണ് ‘റബീബ’ എന്നു പറയപ്പെടുന്നത്. ഇവൾ അവളുടെ മാതാവിന്റെ ഭർത്താവിനു നിഷിദ്ധമാണ്. അല്ലാഹു പറഞ്ഞു:

وَرَبَائِبُكُمُ اللَّاتِي فِي حُجُورِكُمْ مِنْ نِسَائِكُمُ اللَّاتِي دَخَلْتُمْ بِهِنَّ

…നിങ്ങൾ ലൈംഗികവേഴ്ചയിൽ ഏർപ്പെട്ടിട്ടുള്ള നിങ്ങളുടെ ഭാര്യമാരുടെ സന്താനങ്ങളായി നിങ്ങളുടെ സംരക്ഷണത്തിലുള്ള വളർത്തുപുത്രിമാരും (അവരെ വിവാഹം ചെയ്യുന്നതും നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു) (ഖുർആൻ:4/23)

അവൾ നിഷിദ്ധമാകുന്നതിന് അവളുടെ മാതാവിന്റെ ഭർത്താവിന്റെ സംരക്ഷണത്തിൽ വളർന്നാലാണെന്നു നിബന്ധന വെക്കുവാൻ പാടുള്ളതല്ല. ആയത്തിൽ ‘നിങ്ങളുടെ സംരക്ഷണത്തിൽ വളർന്നാലാണെ’ന്നു പറഞ്ഞത് അവരുടെ സംരക്ഷണം മിക്കപ്പോഴും അങ്ങനെയാണെന്നതു വ്യക്തമാക്കുവാനാണ്. ഈ പെൺകുട്ടി അയാൾക്ക് നിഷിദ്ധമാകുന്നത് അയാൾ കുട്ടിയുടെ ഉമ്മയുമായി ദാമ്പത്യം നയിച്ചാലാണ്. അയാൾ വീടുകൂടുന്നതിനുമുമ്പ് മാതാവ് മരണപ്പെടുകയോ അല്ലെങ്കിൽ മാതാവിനെ വിവാഹമോചനം നടത്തുകയോ ചെയ്താൽ അവരുടെ മകളെ അയാൾക്ക് വിവാഹം കഴിക്കാവുന്നതാണ്. അല്ലാഹു പറഞ്ഞു:

فَإِنْ لَمْ تَكُونُوا دَخَلْتُمْ بِهِنَّ فَلَا جُنَاحَ عَلَيْكُمْ

ഇനി നിങ്ങൾ അവരുമായി ലൈംഗികവേഴ്ചയിൽ ഏർപ്പെട്ടിട്ടില്ലെങ്കിൽ (അവരുടെ മക്കളെ വേൾക്കുന്നതിൽ) നിങ്ങൾക്കു കുറ്റമില്ല. (ഖുർആൻ:4/23)

5. ഉമ്മയുടെ ഭർത്താവിനെയും മകളുടെ ഭർത്താവിനെയും ഭർത്താവിന്റെ മകനെയും ഭർത്താവിന്റെ പിതാവിനെയും വിവാഹം കഴിക്കൽ ഒരു സ്ത്രീക്ക് നിഷിദ്ധമാകുന്നു.

മുലകുടി ബന്ധത്താൽ നിഷിദ്ധമാകുന്ന സ്ത്രീകൾ:

മുലകുടി ബന്ധത്താൽ ഏഴു സ്ത്രീകൾ നിഷിദ്ധമാക്കപ്പെടും. അവരിൽ രണ്ടുപേരെ വിശുദ്ധക്വുർആൻ അനുസ്മരിച്ചു. വിശുദ്ധ സുന്നത്ത് അഞ്ചുപേരെ ഈ രണ്ടുപേരോടു ചേർക്കുകയും ചെയ്തു.

വിവാഹം നിഷിദ്ധമാക്കപ്പെടുന്നവർ ക്വുർആനിൽ

1. മുലകുടി ബന്ധത്തിലുള്ള മാതാവ്: മുലയൂട്ടിയ സ്ത്രീയാകുന്നു അത്. അവരുടെ മാതാവും അവരുടെ മാതൃമഹിയും പിതൃമഹിയും അവരോട് ചേർക്കും.

2. മുലകുടി ബന്ധത്തിലുള്ള സഹോദരിമാർ: നിന്റെ മാതാവ് മുലയൂട്ടിയ സ്ത്രീ, ഏതൊരു സ്ത്രീയുടെ ഉമ്മയിൽനിന്നാണോ നീ മുലകടിച്ചത് ആ സ്ത്രീ, നിന്നോടൊപ്പം ഒരു സ്ത്രീയിൽനിന്ന് മുലകുടിച്ച സ്ത്രീ, ഒരു സ്ത്രീയുടെ പിതാവിന്റെ ഭാര്യയിൽനിന്ന് നീ മുല കുടിച്ചിട്ടുണ്ടെങ്കിൽ ആ സ്ത്രീ, നിന്റെ പിതാവിന്റെ ഭാര്യയിൽനിന്ന് മുലകുടിച്ച സ്ത്രീ ഇവരെല്ലാമാണ് പ്രസ്തുത സഹോദരിമാർ. അല്ലാഹു പറഞ്ഞു:

وَأُمَّهَاتُكُمُ اللَّاتِي أَرْضَعْنَكُمْ وَأَخَوَاتُكُمْ مِنَ الرَّضَاعَةِ

നിങ്ങളെ മുലകുടിപ്പിച്ച പോറ്റമ്മമാർ, മുലകുടി മുഖേനയുള്ള നിങ്ങളുടെ സഹോദരിമാർ, (അവരെ വിവാഹം ചെയ്യൽ) നിങ്ങൾക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. (ഖുർആൻ:4/23)

വിവാഹബന്ധം നിഷിദ്ധമാക്കപ്പെടുന്നവർ സുന്നത്തിൽ

1. മുലകുടിബന്ധത്തിലെ സഹോദരപുത്രി.

2. മുലകുടിബന്ധത്തിലെ സഹോദരിപുത്രി.

3. മുലകുടിബന്ധത്തിലെ അമ്മായി. (നിന്റെ പിതാവിനോടൊപ്പം മുലകുടിച്ച സ്ത്രീ).

4. മുലകുടി ബന്ധത്തിലെ മാതൃസഹോദരി. (നിന്റെ മാതാവിനോടൊപ്പം മുലകുടിച്ച സ്ത്രീ).

5. മുലകുടിബന്ധത്തിലെ മകൾ. (നിന്റെ ഭാര്യയിൽനിന്ന് മുലകുടിച്ച സ്ത്രീ. അപ്പോൾ അവൾക്ക് മുലയൂട്ടിയ സ്ത്രീയുടെ ഭർത്താവ് പിതാവായിരിക്കും).

ഈ സ്ത്രീകൾ നിഷിദ്ധമാകുന്നതിന് സുന്നത്തിൽനിന്നുള്ള തെളിവ് ആഇശ رضي الله عنها യിൽനിന്നുള്ള ഹദീസാകുന്നു.

عن عائشة رضي الله عنها قالت: قال رسول الله – صَلَّى اللَّهُ عَلَيْهِ وَسَلَّمَ -: إن الرضاعة تحرم ما تحرم الولادة.

ആഇശ رضي الله عنها യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരുദൂതൻﷺ പറഞ്ഞു: പ്രസവം നിമിത്തം വിവാഹം നിഷിദ്ധമാക്കുന്നത് മുലകുടിബന്ധവും നിഷിദ്ധമാക്കും. (ബുഖാരി, മുസ്ലിം)

عن ابن عباس رضي الله عنهما قال: قال رسول الله – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – في بنت حمزة رضي الله عنهما: إنها لا تحل لي، إنها ابنة أخي من الرضاعة، ويحرم من الرضاعة مما يحرم من الرحم.

ഇബ്‌നുഅബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഹംസ رَضِيَ اللَّهُ عَنْهُ വിന്റെ മകളുടെ വിഷയത്തിൽ തിരുദൂതർﷺ പറഞ്ഞു: മുലകുടി ബന്ധത്തിലുള്ള എന്റെ സഹോദരന്റെ മകളാണവർ. അതുകൊണ്ട് അവരെ വിവാഹം ചെയ്യുന്നത് എനിക്ക് അനുവദനീയമല്ല. രക്തബന്ധം നിമിത്തം വിവാഹം നിഷിദ്ധമായിത്തീരുന്നതു പോലെ തന്നെ മുലകുടിബന്ധം നിമിത്തവും വിവാഹം നിഷിദ്ധമായിത്തീരുന്നു. (ബുഖാരി, മുസ്ലിം)

നീങ്ങിപ്പോകുന്ന ഒരു കാരണത്താൽ നിർണിത കാലത്തേക്ക് വിവാഹം നിഷിദ്ധമാകുന്നവർ:

ഒരു നിർണിത കാലത്തേക്ക് വിവാഹം നിഷിദ്ധമാകുന്ന സ്ത്രീകളെ രണ്ടായി വിഭജിക്കാം:

1) ഒരുമിച്ചു ഭാര്യമാരാക്കുന്നതിനാൽ നിഷിദ്ധമാകുന്നവർ

2) ഒരു പ്രതിസന്ധി കാരണത്താൽ നിഷിദ്ധമാകുന്നവർ

ഒന്ന്: ഒരുമിച്ചു ഭാര്യമാരാക്കുന്നതിനാൽ നിഷിദ്ധമാകുന്നവർ.

1.രണ്ടു സഹോദരിമാരെ ഒരേസമയം ഭാര്യമാരാക്കൽ. പ്രസ്തുത സഹോദരിമാർ കുടുംബബന്ധത്തിലുള്ളവരാണെങ്കിലും മുലകുടിബന്ധത്തിലുള്ളവരാണെങ്കിലും, ഒരേ സമയം അവരുമായി വിവാഹ ഉടമ്പടി നടത്തിയതാണെങ്കിലും വ്യത്യസ്ത അവസരങ്ങളിൽ വിവാഹം നടത്തിയതാണെങ്കിലും ശരി. അല്ലാഹു പറഞ്ഞു:

وَأَنْ تَجْمَعُوا بَيْنَ الْأُخْتَيْنِ

രണ്ടുസഹോദരിമാരെ ഒന്നിച്ച് ഭാര്യമാരാക്കുന്നതും (നിഷിദ്ധമാകുന്നു). (ഖുർആൻ:4/23)

2. ഒരു സ്ത്രീയോടൊപ്പം ഒരേസമയം അവളുടെ മാതൃസഹോദരി, പിതൃസഹോദരി, സഹോദരിപുത്രി, സഹോദരപുത്രി, മകന്റെ പുത്രി, മകളുടെ പുത്രി എന്നിവരെയും ഒന്നിച്ചു വിവാഹം കഴിക്കൽ.

عن أبي هريرة رضي الله عنه أن رسول الله – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – قال: لا يجمع بين المرأة وعمتها ولا بين المرأة وخالتها.

അബൂഹുറയ്‌റ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബിﷺ പറഞ്ഞു: ഒരു സ്ത്രീയെയും അവളുടെ അമ്മായിയെയും ഒരു സ്ത്രീയെയും അവളുടെ മാതൃസഹോദരിയെയും ഒന്നിച്ച് ഭാര്യമാരായി സ്വീകരിക്കാവതല്ല. (ബുഖാരി, മുസ്ലിം)

عن أبي هريرة – رضي الله عنه -: أن رسول الله – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – نهى أن تنكح المرأة على عمتها، ولا العمة على بنت أخيها، ولا المرأة على خالتها، ولا الخالة على بنت أختها، ولا تنكح الكبرى على الصغرى، ولا الصغرى على الكبرى.

അബൂഹുറയ്‌റ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:  ഒരു സ്ത്രീയുടെ പിതൃസഹോദരി ഭാര്യയായി നിലവിലിരിക്കെ അവളെയും സഹോദരപുത്രി ഭാര്യയായിരിക്കെ അവളുടെ പിതൃസഹോദരിയെയും ഒരു സ്ത്രീയുടെ മാതൃസഹോദരി ഭാര്യയായി നിലവിലിരിക്കെ അവളെയും സഹോദരിപുത്രി ഭാര്യയായിരിക്കെ അവളുടെ മാതൃസഹോദരിയെയും വിവാഹം കഴിക്കുന്നത് അല്ലാഹുവിന്റെ റസൂൽﷺ വിരോധിച്ചിരിക്കുന്നു. പിതൃസഹോദരിയും മാതൃസഹോദരിയും അവരുടെ സഹോദരപുത്രിയും സഹോദരിപുത്രിയും ഭാര്യമാരായിരിക്കെ വിവാഹം കഴിക്കപ്പെടാവതല്ല. സഹോദരപുത്രിയും സഹോദരിപുത്രിയും അവരുടെ പിതൃസഹോദരിയും മാതൃസഹോദരിയും ഭാര്യമാരായിരിക്കെ വിവാഹം കഴിക്കപ്പെടാവതല്ല. (അബൂദാവൂദ്, നസാഇ, തിര്‍മിദി)

ഇപ്രകാരം പണ്ഡിതന്മാൽ ഈ വിവാഹം നിഷിദ്ധമെന്നതിൽ ഏകോപിച്ചിരിക്കുന്നു.

രണ്ട്: ഒരു പ്രതിസന്ധി കാരണത്താൽ നിഷിദ്ധമാകുന്നവർ:

1. ഇദ്ദയിലിരിക്കുന്ന(ദീക്ഷാകാലം കഴിച്ചുകൂട്ടുന്ന) സ്ത്രീയെ വിവാഹം കഴിക്കുന്നത് ഹറാമാകുന്നു. അല്ലാഹു പറഞ്ഞു:

وَلَا تَعْزِمُوا عُقْدَةَ النِّكَاحِ حَتَّى يَبْلُغَ الْكِتَابُ أَجَلَه

നിയമപ്രകാരമുള്ള അവധി (ഇദ്ദ) പൂർത്തിയാകുന്നതുവരെ (വിവാഹമുക്തയുമായി) വിവാഹബന്ധം സ്ഥാപിക്കാൻ നിങ്ങൾ തീരുമാനമെടുക്കരുത്. (ഖുർആൻ:2/235)

2. ഭാര്യയെ മൂന്നു തവണ ത്വലാക്വു ചൊല്ലിയ വ്യക്തിക്ക് അവളെ മറ്റൊരാൾ സാധുവായ നികാഹിലൂടെ വേൾക്കുകയായാലല്ലാതെ പുനർവിവാഹം ഹറാമാകുന്നു. അല്ലാഹു പറഞ്ഞു:

فَإِنْ طَلَّقَهَا فَلَا تَحِلُّ لَهُ مِنْ بَعْدُ حَتَّى تَنْكِحَ زَوْجًا غَيْرَهُ

ഇനിയും (മൂന്നാമതും) അവൻ അവളെ വിവാഹമോചനം ചെയ്യുകയാണെങ്കിൽ അതിന് ശേഷം അവളുമായി ബന്ധപ്പെടൽ അവന് അനുവദനീയമാവില്ല; അവൾ മറ്റൊരു ഭർത്താവിനെ സ്വീകരിക്കുന്നതുവരേക്കും. (ഖുർആൻ:2/230)

3. ഇഹ്‌റാമിൽ പ്രവേശിച്ച സ്ത്രീയെ അതിൽനിന്നു വിരമിക്കുന്നതുവരെ വിവാഹം കഴിക്കുന്നത് ഹറാമാകുന്നു.

عن عثمان – رضي الله عنه – أن رسول الله – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – قال: لا يَنْكِحُ المحرم، ولا يُنْكَحُ، ولا يخطب.

ഉഥ്മാൻ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:  ഇഹ്‌റാമിൽ പ്രവേശിച്ചവർ വിവാഹം കഴിക്കുകയോ കഴിച്ചുകൊടുക്കുകയോ വിവാഹാന്വേഷണം നടത്തുകയോ ചെയ്യരുത്. (മുസ്ലിം)

4. കാഫിർ മുസ്‌ലിം സ്ത്രീയെ വിവാഹം കഴിക്കുന്നത് ഹറാമാകുന്നു.

وَلَا تُنْكِحُوا الْمُشْرِكِينَ حَتَّى يُؤْمِنُوا

ബഹുദൈവവിശ്വാസികൾക്ക് അവർ വിശ്വസിക്കുന്നതുവരെ നിങ്ങൾ വിവാഹം കഴിപ്പിച്ച് കൊടുക്കുകയും ചെയ്യരുത്. (ഖുർആൻ:2/221)

5. വേദക്കാരിയല്ലാത്ത കാഫിറായ സ്ത്രീയെ മുസ്‌ലിമായ പുരുഷൻ വിവാഹം കഴിക്കുന്നത് ഹറാമാകുന്നു. വേദക്കാരിയെ വിവാഹം കഴിക്കൽ അനുവദനീയമാണ്. അല്ലാഹു പറഞ്ഞു:

وَلَا تَنْكِحُوا الْمُشْرِكَاتِ حَتَّى يُؤْمِنَّ

ബഹുദൈവവിശ്വാസിനികളേ, അവർ വിശ്വസിക്കുന്നതുവരെ നിങ്ങൾ വിവാഹം കഴിക്കരുത്. (ഖുർആൻ:2/221)

وَالْمُحْصَنَاتُ مِنَ الَّذِينَ أُوتُوا الْكِتَابَ مِنْ قَبْلِكُمْ

നിങ്ങൾക്കു മുമ്പ് വേദം നൽകപ്പെട്ടവരിൽനിന്നുള്ള പതിവ്രതകളായ സ്ത്രീകളും (നിങ്ങൾക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു) (ഖുർആൻ:5/5)

 

ഒരു സംഘം പണ്ഡിതന്മാർ രചിച്ച الفقه الميسر في ضوء الكتاب والسنة എന്ന ഗ്രന്ഥത്തിൽനിന്നുമെടുത്തത്

വിവര്‍ത്തനം : അബ്ദുൽ ജബ്ബാർ മദീനി

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *