വിവാഹവുമായി ബന്ധപ്പെട്ട് ഇന്ന് നമ്മുടെ നാട്ടിൽ ഭൂരിഭാഗം മുസ്ലിംകളും നിര്‍വ്വഹിക്കുന്ന കാര്യങ്ങളിൽ പലതും ഇസ്ലാം പഠിപ്പിക്കാത്ത കാര്യങ്ങളാണ്. അഥവാ ഇസ്ലാം വിവാഹവുമായി ബന്ധപ്പെട്ട് പഠിപ്പിച്ച കാര്യങ്ങളിൽ ഒതുങ്ങി നിൽക്കാതെ അതിനപ്പുറം പ്രവര്‍ത്തിക്കുന്നു. വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ട ഇസ്ലാമിക പാഠങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നത്.
ഒരു പുരുഷൻ ഒരു സ്ത്രീയെ വിവാഹം ചെയ്യാനുദ്ദേശിച്ചാൽ, ഔപചാരികമായി വിവാഹാലോചന നടത്തുന്നതിന് മുമ്പായി അവളെ അവൻ കാണുന്നത് അനുവദിക്കപ്പെട്ടതാണ്. അഥവാ പെണ്ണുകാണൽ ചടങ്ങ് ഇസ്ലാമികമാണ്. അതിന്റെ ഉദ്ദേശം ആണും പെണ്ണും പരസ്പരം കണ്ട് അവരുടെ മനസ്സിൽ ഇഷ്ടമുണ്ടാകലാണ്. ശരിയായ ഒരു തീരുമാനമെടുക്കാനും അവളുടെ ബാഹ്യരൂപത്തിൽ സംതൃപ്തിപ്പെട്ടുവെന്നും ഇണയായി സ്വീകരിക്കാൻ പറ്റുമെന്ന് ഉറപ്പു വരുത്താനും അത് സഹായിക്കും. നബി ﷺ യുടെ നിര്‍ദ്ദേശങ്ങളിൽ ഇപ്രകാരം വന്നിട്ടുണ്ട്:
اذْهَبْ فَانْظُرْ إِلَيْهَا فَإِنَّهُ أَحْرَى أَنْ يُؤْدَمَ بَيْنَكُمَا
നീ പോയി അവളെ കാണുക; നിങ്ങൾ രണ്ട് പേർക്കുമിടയിൽ സ്വരച്ചേർച്ചയുണ്ടാക്കാൻ അതിന് സാധിക്കും. (ഇബ്നുമാജ:1865)
انْظُرْ إِلَيْهَا فَإِنَّ فِي أَعْيُنِ الأَنْصَارِ شَيْئًا
നീ അവളെ കാണുക, എന്തെന്നാൽ അൻസാറുകളുടെ കണ്ണുകളിൽ എന്തോ ഒന്നുണ്ട്. (നസാഇ:3247)
പെണ്ണുകാണൽ ചടങ്ങ് ഇസ്ലാമികമാണെന്ന് പറയുമ്പോൾ, സാധാരണ ഗതിയിൽ അവളിൽ കാണാവുന്നത്രയും പുരുഷന് നോക്കാവുന്നതാണ്. എന്തെങ്കിലും സംസാരിക്കുന്നതും വിരോധിക്കപ്പെട്ടിട്ടില്ല. ഇവിടുത്തെ കാണലും സംസാരവും ഏറ്റവും മാന്യമായ രീതിയിലായിരിക്കണം. അവള്‍ ധരിക്കുന്ന വസ്ത്രവും മാന്യമായിരിക്കണം. വസ്ത്രധാരണം മൂന്ന് തരത്തിലുണ്ട്. തഖ്‌വയുടെ വസ്ത്രം, അലങ്കാര വസ്ത്രം, ആക്ഷേപിക്കപ്പെട്ട വസ്ത്രം. അലങ്കാര വസ്ത്രമാണ് ധരിക്കുന്നതെങ്കിൽപ്പോലും ഔറത്ത് മറഞ്ഞിരിക്കണം. ഔറത്ത് മറയാത്ത വസ്ത്രധാരണമാണ് ആക്ഷേപിക്കപ്പെട്ട വസ്ത്രധാരണം. അവരെ കുറിച്ച് നബി ﷺ വിശേഷിപ്പിച്ചത് ഇപ്രകാരമാണ്: وَنِسَاءٌ كَاسِيَاتٌ عَارِيَاتٌ (വസ്ത്രം ധരിച്ച നഗ്നകൾ).
പെണ്ണുകാണൽ ചടങ്ങ് മുതൽ ആരംഭിക്കുന്നു വിവാഹചടങ്ങുകളിലെ അതിരുകവിയലും, അനിസ്ലാമിക ചടങ്ങുകളും.. പെണ്‍കുട്ടികൾ പലരും വസ്ത്രധാരണം ശ്രദ്ധിക്കുന്നില്ല. അനുവദിക്കപ്പെട്ട കാണലിനും സംസാരത്തിനും അപ്പുറം പ്രവര്‍ത്തിക്കുന്നു. ആണും പെണ്ണും ഒന്നിച്ചു നിന്ന് ഫോട്ടോ എടുക്കലും അത് പിന്നീട് സാമൂഹിക മാധ്യമങ്ങൾ വഴി പങ്ക് വെക്കുകയും ചെയ്യുന്ന പ്രവണതകൾ ഇന്ന് വർദ്ധിക്കുകയാണ്. കാണലും സംസാരങ്ങളുമൊക്കെ വിവാഹം അന്വേഷിക്കുന്ന വ്യക്തിക്കപ്പുറം അയാളുടെ കൂട്ടുകാരും മറ്റുമൊക്കെ നടത്തുന്നു. പെണ്ണുകാണൽ ചടങ്ങ് വിവാഹത്തെ പോലെ കെങ്കേമമായ ചടങ്ങാക്കി മാറ്റുന്നവരുണ്ട്. പൊങ്ങച്ചത്തിന്റെയും പെരുമ നടിക്കലിന്റെയും ഭാഗമായി പെണ്ണുകാണൽ ചടങ്ങിന്റെ പേരിൽ നടത്തപ്പെടുന്ന ആർഭാടങ്ങൾ ഒരു സാധാരണ സംഭവമായി ഇന്നു മാറിയിരിക്കുന്നു.
അങ്ങനെ ഇരുവര്‍ക്കും ഇരുകുടുംബത്തിനും അനുയോജ്യമാണെന്ന് തോന്നിയാൽ വിവാഹം നിശ്ചയിക്കാവുന്നതാണ്. വിവാഹ നിശ്ചയം ഒരിക്കലും വിവാഹത്തിന് തുല്ല്യമല്ല. പലപ്പോഴും നിശ്ചയം കഴിഞ്ഞാല്‍ വിവാഹം കഴിഞ്ഞതുപോലുള്ള ഒരു പ്രതീതി ഇരു കുടുംബത്തിലും ഉണ്ടാകുന്ന പ്രവണത വര്‍ധിച്ച് വരുന്നുണ്ട്. നികാഹ് കഴിയുന്നതുവരെ വധുവരന്മാര്‍ അന്യര്‍ തന്നെയാണ്. നിശ്ചയ ദിവസം വിവിധ സമ്മാനങ്ങള്‍, ആഭരണങ്ങള്‍, മൊബൈല്‍ ഫോണ്‍ എന്നിവ കൈമാറുകയും വധുവരന്മാര്‍ ഒന്നിച്ച് ചേരുകയും പരസ്പരം പൂമാല ചാര്‍ത്തുകയുമൊക്കെ ചെയ്യുന്നത് ഇസ്‌ലാമികമല്ല. വിവാഹം നീട്ടി നിശ്ചയിക്കുകയും അത്രയും കാലം ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ ഇടപഴകുകയും ഒന്നിച്ച് യാത്ര ചെയ്യുകയും ഫോണിലൂടെ മണിക്കൂറുകള്‍ സംസാരിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നതും ഇസ്‌ലാമികമല്ല. എത്രയും വേഗം നികാഹ് നടത്തികൊടുക്കുകയാണ് ഉത്തരവാദിത്തപ്പെട്ടവര്‍ ചെയ്യേണ്ടത്.
ഇസ്ലാമിലെ വിവാഹം
മനുഷ്യൻ ഇണകളായി ജീവിതം ആരംഭിക്കുന്നത് പരസ്പര കരാറിലൂടെയാണ്. സ്ത്രീയുടെ രക്ഷാധികാരിയും (വലിയ്യ്യും) വരനും തമ്മിൽ പരസ്പരം പറയുന്ന കരാറാണ് നികാഹ് എന്നത്. ‘എന്റെ മകളെ നിങ്ങൾക്ക് നികാഹ് ചെയ്തു തന്നിരിക്കുന്നു’ എന്ന് വലിയ്യും ‘ഞാൻ സ്വീകരിച്ചിരിക്കുന്നു’ എന്ന് വരനും സാക്ഷികളുടെ സാന്നിദ്ധ്യത്തിൽ പറഞ്ഞാൽ നിക്കാഹ് പൂർത്തിയായി. അതിനു മുമ്പായി ഖുത്ബത്തുൽ ഹാജ്ജ അഥവാ ഹംദും സ്വലാതും തഖ്‌വ പാലിക്കണം എന്ന് പഠിപ്പിക്കുന്ന മൂന്ന് ആയത്തുകളും പറയൽ പ്രത്യേകം സുന്നത്താണ്. ഇതിന്റെ ലഫ്ദുകൾ പ്രത്യേകമായി തന്നെ നബി ﷺ പഠിപ്പിച്ചതുമാണ്, അഥവാ ഇതൊരു പ്രസംഗമോ മറ്റോ അല്ല. ചുരുക്കത്തിൽ നികാഹ് എന്ന കർമ്മത്തിന് പ്രത്യേകം സ്റ്റേജോ പ്രത്യേകം പ്രാസംഗികൻമാരോ മറ്റോ ആവശ്യമില്ല. നബി ﷺയുടെ അടുത്ത സ്വഹാബിയായ അബ്ദു റഹ്മാൻ ഇബ്നു ഔഫ് رَضِيَ اللَّهُ عَنْهُ നികാഹ് ചെയ്ത വിവരം അല്ലാഹുവിന്റെ റസൂൽ അറിഞ്ഞത് അത് കഴിഞ്ഞതിന്റെ ശേഷമാണ് എന്നൊക്കെ ഹദീസുകളിൽ വന്നത് നമുക്ക് സുപരിചതമായ കാര്യമാണ്. ചുരുക്കത്തിൽ ലളിതമായ ഒരു കർമമാണ് നികാഹിന്റെ കരാർ എന്നത്. വിവാഹത്തിന് സാക്ഷികളായിട്ടുവരുടെ ബാധ്യതയാണ് വധൂവരൻമാര്‍ക്ക് വേണ്ടി ബറകത്തിനായി പ്രാര്‍ത്ഥിക്കുകയെന്നത്.
എന്നാൽ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഇന്ന് പല മുസ്ലിംകൾക്ക് ഈ നിക്കാഹ് കര്‍മ്മത്തിൽ പരിമിമിതപ്പെടുത്താൻ സാധിക്കുന്നില്ല. അവര്‍ക്ക് വധുവിന്റെ കഴുത്തിൽ താലി കെട്ടണം. എങ്കിലേ വിവാഹമാകുകയുള്ളൂ. ഓരോ മതക്കാര്‍ക്കും അവരുടെ മതമനുസരിച്ച് വിവാഹം സാധുവാകുന്നതിന് ചില കര്‍മ്മങ്ങളുണ്ട്. അത്തരത്തിലുള്ള ചില മതക്കാരുടെ കര്‍മ്മമാണ് താലികെട്ട്. ഇസ്ലാമിന്റെ കര്‍മ്മമാകട്ടെ, സ്ത്രീയുടെ രക്ഷാധികാരിയും വരനും തമ്മിൽ പരസ്പരം പറയുന്ന കരാറാണ്.
عَنِ ابْنِ عُمَرَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ
ഇബ്‌നു ഉമര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും ഏതെങ്കിലും ജനതയോട് സാമ്യപ്പെട്ടാല്‍ അവന്‍ അവരില്‍പെട്ടവനാണ്. (അബൂദാവൂദ്:4031 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
قَالَ رَسُولُ اللَّهِ صلى الله عليه وسلم : فَمَنْ رَغِبَ عَنْ سُنَّتِي فَلَيْسَ مِنِّي
നബി ﷺ പറഞ്ഞു:എന്‍റെ സുന്നത്തിനോട് ആരെങ്കിലും വിമുഖത കാണിച്ചാല്‍ അവന്‍ എന്നില്‍ പെട്ടവനല്ല. (ബുഖാരി: 5063)
യാഥാര്‍ത്ഥത്തിൽ മേൽ പറഞ്ഞതുപോലെ നികാഹ് കര്‍മ്മം കഴിഞ്ഞാൽ നിക്കാഹ് പൂർത്തിയായി. പിന്നെ അവന് അവളെ വിളിച്ചുകൊണ്ടുപോകാം. ഇസ്ലാമിക മര്യാദകൾ പാലിച്ചുകൊണ്ട് അതിഥികളെ പരിചയപ്പെടുകയുമൊക്കെ ആകാം. എന്നാൽ ഇന്ന് നടക്കുന്നതോ? വധു അന്യപുരുഷർക്കും മുമ്പിൽ തന്റെ ഭംഗി വെളിപ്പെടുത്തുന്ന ഔറത്തുകൾ പൂർണമായി മറക്കാത്ത വേഷം ധരിച്ചുകൊണ്ട് ഒരു പ്രദർശന വസ്തുവായി നിൽക്കുന്നു. വിവാഹത്തിനു വന്ന സകല പുരുഷന്മാരുടെ കൂടെയും വരനും വധുവും ഫോട്ടോ എടുക്കുവാൻ നിന്നു കൊടുക്കുന്നു. അവളെ ഏറ്റവും നല്ല രീതിയില്‍ സൌന്ദര്യവതിയാക്കി ഒരുക്കി നി൪ത്തി ഫോട്ടോയും വീഡിയോയും എടുത്ത് പിന്നീട് ആല്‍ബമായി വീഡിയോയായി അന്യ പുരുഷന്‍മാരുടെ മുമ്പില്‍ എത്തിക്കുന്ന പരിപാടിയില്‍ അല്ലാഹുവിന്റെ സഹായമാണോ വെറുപ്പാണോ ഉണ്ടാകുക.
അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹമായ വിവാഹമെന്ന സുദിനത്തിൽ അല്ലാഹുവിനെ മറന്നു കൊണ്ട് ആടി പാടുന്ന വധൂവരന്മാർ, അവരുടെ കൂടെ ആടുന്ന തട്ടമിട്ട സ്ത്രീകൾ, പുരുഷന്മാർ.. കാതടപ്പിക്കുന്ന സംഗീത പരിപാടികൾ… പിഴച്ച സൂഫികളുടെ ഖവാലി സംഗീതം , ആണും പെണ്ണും കൂടി കലർന്ന് നിൽക്കുന്ന വിവാഹ സ്ഥലം, വധു മാത്രമല്ല, വിവാഹത്തിൽ പങ്കെടുക്കുന്ന മറ്റു സ്ത്രീകളും അത് വരെ ധരിച്ച ഇസ്ലാമിന്റെ ഹിജാബുകൾ മാറ്റി വെച്ച് സൗന്ദര്യം വെളിവാക്കുന്ന വസ്ത്രം ധരിച്ച് അന്യ പുരുഷന്മാർക്ക് മുമ്പിൽ അണിനിരക്കുന്ന കാഴ്ചകൾ… നിരവധി അന്യ പുരുഷന്മാർ കാണുവാൻ സാധ്യത ഉണ്ടെന്ന് അറിഞ്ഞിട്ടും ഫോട്ടോകൾക്ക് മുമ്പിൽ സന്തോഷത്തോടെ നിന്ന് കൊടുക്കുന്ന സഹോദരിമാർ.. ഇങ്ങനെ എത്ര പറഞ്ഞാലും തീരാത്ത , അങ്ങേയറ്റം പ്രയാസം ഉണ്ടാക്കുന്ന കാഴ്ചകളുടെ മേളയാണ് ഇന്ന് പലരുടെയും വിവാഹം ..
عَنْ أَبِي سَلَمَةَ، أَنَّهُ سَمِعَ أَبَا هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ قَالَ : إِنَّ اللَّهَ يَغَارُ وَغَيْرَةُ اللَّهِ أَنْ يَأْتِيَ الْمُؤْمِنُ مَا حَرَّمَ اللَّهُ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവും അഭിമാനരോഷം കൊള്ളും.അല്ലാഹു നിഷിദ്ധമാക്കിയത് അവനില്‍ വിശ്വസിക്കുന്ന ഒരാള്‍ പ്രവ൪ത്തിക്കുമ്പോഴാണ് അവനില്‍ അഭിമാനരോഷം ഉണ്ടാകുക. (ബുഖാരി:5223)
എന്തുകൊണ്ടാണ് മുസ്ലിം സമൂഹത്തിന് ലജ്ജ നഷ്ടപ്പെടുന്നത്.അതിന് ഒറ്റ മറുപടിയേ ഉള്ളൂ: ഈമാന്‍ നഷ്ടപ്പെടുകയോ കുറയുകയോ ചെയ്യുന്നുവെന്നതാണ് അതിന്റെ കാരണം. കാരണം ലജ്ജ ഈമാനുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈമാൻ വര്‍ദ്ധിക്കുന്നതനുസരിച്ച് ലജ്ജയിലും വര്‍ദ്ധനവുണ്ടാകും. ഈമാൻ കുറയുന്നതനുസരിച്ച് ലജ്ജയിലും കുറവുവുണ്ടാകും.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : الإِيمَانُ بِضْعٌ وَسَبْعُونَ أَوْ بِضْعٌ وَسِتُّونَ شُعْبَةً فَأَفْضَلُهَا قَوْلُ لاَ إِلَهَ إِلاَّ اللَّهُ وَأَدْنَاهَا إِمَاطَةُ الأَذَى عَنِ الطَّرِيقِ وَالْحَيَاءُ شُعْبَةٌ مِنَ الإِيمَانِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ഈമാനിന് എഴുപതോളം അല്ലെങ്കില്‍ അറുപതോളം ശാഖകളുണ്ട്. അതില്‍ ഏറ്റവും ശ്രേഷ്ഠമായത് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വാക്യം പറയലാണ്. അതില്‍ ഏറ്റവും താഴെയുള്ളത് വഴിയില്‍ നിന്നും ബുദ്ധിമുട്ടുകള്‍ നീക്കലാണ്. ലജ്ജയും ഈമാനിന്റെ ഭാഗമാണ്. (മുസ്‌ലിം:35)
عَنْ أَبُو مَسْعُودٍ، قَالَ قَالَ النَّبِيُّ صلى الله عليه وسلم: إِنَّ مِمَّا أَدْرَكَ النَّاسُ مِنْ كَلاَمِ النُّبُوَّةِ الأُولَى إِذَا لَمْ تَسْتَحِي فَاصْنَعْ مَا شِئْتَ
അബൂമസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: പ്രവാചകന്‍മാരുടെ ആദ്യകാല അധ്യാപനങ്ങളില്‍ ഒന്ന് ഇതാണ്. ‘നിങ്ങള്‍ക്ക് ലജ്ജയില്ലെങ്കില്‍ നിങ്ങള്‍ക്ക് തോന്നുംപോലെ പ്രവര്‍ത്തിച്ചുകൊള്ളുക’ (ബുഖാരി 6120)
നിക്കാഹിന്റെ വിവരം പരസ്യപ്പെടുത്തുവാൻ വേണ്ടി ശറആക്കപ്പെട്ട കർമമാണ് വലീമ അഥവാ വിവാഹസദ്യ. അതൊരു കേവല നാട്ടു ചടങ്ങല്ല, അല്ലാഹുവിന്റെ റസൂൽ ﷺ കൽപ്പിച്ച ഒരു കാര്യമാണ്. ഈ ദീനീ കർമ്മത്തെയും ആളുകൾ വേണ്ടതുപോലെ മനസ്സിലാക്കിയിട്ടില്ല. അത് നിര്‍ബന്ധമാണോ എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്നതയുണ്ട്. അബ്ദുറഹ്മാനു ബ്‌നു ഔഫ് رَضِيَ اللَّهُ عَنْهُ വിനോട് ”ഒരാടിനെയെങ്കിലും അറുത്ത് വലീമ നല്‍കണമെന്ന്” നബി ﷺ പറഞ്ഞതിനാല്‍ വിവാഹത്തിന്റെ വലീമ നിര്‍ബന്ധമാണെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടു. പ്രബലമായ സുന്നത്താണ് എന്ന അഭിപ്രായമാണ് ഭൂരിപക്ഷത്തിനുള്ളത്. നബി ﷺ അവിടുത്തെ വിവാഹങ്ങള്‍ക്ക് സവീക് (ഗോതമ്പും മാംസവും കലര്‍ത്തി ഉണ്ടാക്കുന്ന ഒരുതരം ഭക്ഷണം) കാരക്ക, പാല്‍കട്ടി, നെയ്യ്, ആട് തുടങ്ങിയവ നല്‍കിയതായി ഹദീഥുകളില്‍ കാണാം.
എന്നാൽ ഇന്നത്തെ വിവാഹ സദ്യയുടെ കാര്യമോ? കുറെ ആളുകളെ വിവാഹത്തിനു ക്ഷണിക്കുന്നതോ നല്ല ഭക്ഷണം നൽകുന്നതോ തെറ്റല്ല.. എന്നാൽ അതിനപ്പുറം പൊങ്ങച്ചങ്ങളുടെയും അഹങ്കരങ്ങളുടെയും കാഴ്ചയാണ് ഇന്ന് പല സദ്യകളും. കേരളത്തിലെ തെക്കൻ ജില്ലകളിലെ ഭൂരിപക്ഷം മുസ്ലിംകളുടെയും വിവാഹ സദ്യയുടെ വിഷയം ഗൗരവതരമാണ്. പുരുഷമാരോട് വിവാഹ സദ്യ കൊടുക്കാൻ നബി ﷺ കൽപ്പിച്ചതാണ്. എന്നാൽ തെക്കൻ ജില്ലകളിലെ സംഭവിക്കുന്നതോ? വിവാഹം നിശ്ചയിക്കുന്നു, എന്നിട്ട് വധുവിന്റെ ആളുകൾ വരന്‍ ക്ഷണിച്ചു വരുത്തിയ ആയിരങ്ങൾക്ക് വിവാഹ സദ്യ ഒരുക്കുന്നു. ചിലവ് മുഴുവനും വധുവിന്റെ ആളുകൾക്ക്. അതെ, ഇസ്ലാമിലെ ആചാരങ്ങൾ കീഴ്മേലായി മാറ്റിമറിക്കുപ്പെട്ടിരിക്കുന്നു.
എന്തുകൊണ്ട് ആളുകൾക്ക് വിവാഹചടങ്ങുകളും വലീമയിലും നബിചര്യ പാലിക്കാനും അതിൽ പരിമിതപ്പെടുത്താനും അതിൽ തൃപ്തിപ്പെടാനും കഴിയുന്നില്ല. അതിനും ഒറ്റ മറുപടിയേ ഉള്ളൂ: അല്ലാഹുവിലും അന്ത്യദിനത്തിലുമുള്ള വിശ്വാസം അവരുടെ നാവുകളിൽ മാത്രം, ഹൃദയത്തിലേക്ക് കയറയിട്ടില്ല. അല്ലാഹുവിനെയും അന്ത്യദിനത്തെയും പ്രതീക്ഷിക്കുന്നവര്‍ക്ക് മാത്രമേ നബിചര്യകളോട് താല്പര്യമുണ്ടാകുകയുള്ളൂ.
لَّقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُو اللَّهَ وَالْيَوْمَ الْآخِرَ وَذَكَرَ اللَّهَ كَثِيرًا
തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവിനേയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവിനെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്. (ഖു൪ആന്‍:33/21)
ഇന്ന് ധാരാളം യുവതി യുവാക്കൾക്ക് വിവാഹം ഇസ്ലാമികമായി നടത്തണമെന്ന് ആഗ്രഹമുണ്ട്. എന്നാൽ മാതാപിതാക്കളോ കുടുംബങ്ങളോ സമൂഹങ്ങളോ അതിൽ നിന്നവരെ തടയുന്നു. ഇവിടെ പണ്ഡിതന്മാർ അവരുടെ ബാധ്യത നിർവഹിക്കേണ്ടതുണ്ട്.
kanzululoom.com