നഫക്വത്ത് അഥവാ ജീവിതച്ചെലവ്
النفقة لغة: مأخوذة من الإنفاق، وهو في الأصل بمعنى الإخراج والنفاد، ولا يستعمل الإنفاق إلا في الخير.
‘പുറപ്പെടുവിക്കൽ,’ ‘ചെലവഴിക്കൽ’ എന്നീ ആശയത്തിലുള്ള ‘ഇൻഫാക്വ്’ എന്ന ധാതുവിൽനിന്ന് എടുക്കപ്പെട്ടതാണ് ‘നഫക്വത്ത്.’ നന്മയുടെ വിഷയത്തിലല്ലാതെ ഇൻഫാക്വ് ഉപയോഗിക്കപ്പെടുകയില്ല.
وشرعاً: كفاية من يَمُونُه بالمعروف قوتاً، وكسوة، ومسكناً، وتوابعها.
താൻ ചെലവു നൽകുന്നവർക്ക് ആഹാരവും വസ്ത്രവും പാർപ്പിടവും അനുബന്ധകാര്യങ്ങളും മാന്യമായ നിലയിൽ നൽകുന്നതിനാണ് ‘നഫക്വത്ത്’ എന്ന് മതപരമായി പറയുക.
നഫക്വത്തിന്റെ ഇനങ്ങൾ:
മനുഷ്യനു സ്വന്തത്തിലുള്ള ചെലവ്.
ഉസ്വൂലിൽനിന്ന് ഫുറൂഇനുള്ള ചെലവ്.
ഫുറൂഇൽനിന്ന് ഉസ്വൂലിനുള്ള ചെലവ്.
ഭർത്താവിൽനിന്ന് ഭാര്യക്കുള്ള ചെലവ്
ഒന്ന്: മനുഷ്യനു സ്വന്തത്തിലുള്ള ചെലവ്
മനുഷ്യനു സാധിക്കുമെങ്കിൽ സ്വശരീരത്തിനുവേണ്ടി ചെലവഴിച്ചു തുടങ്ങൽ നിർബന്ധമാകുന്നു. ജാബിര്‍ رضي الله عنه വിൽ നിന്നുള്ള ഒരു ഹദീസിൽ ഇപ്രകാരമുണ്ട്: “അൻസ്വാറിൽപ്പെട്ട ഒരു വ്യക്തി തന്റെ അടിമയെ മരണാനന്തര കാലത്തേക്കു അടിമത്തത്തിൽനിന്ന് മോചിപ്പിച്ചു… തിരുനബി ﷺ പറഞ്ഞു:
ابدأ بنفسك فتصدَّق عليها، فإن فضل شيء فلأهلك، فإن فضل عن أهلك شيء فلذي قرابتك …
താങ്കൾ താങ്കളിൽ തുടങ്ങുക. അങ്ങനെ അതിൽ ദാനം ചെയ്യുക. വല്ലതും ശേഷിച്ചാൽ താങ്കളുടെ കുടുംബത്തിനാണ്. കുടുംബത്തിനു നൽകിയ ശേഷവും വല്ലതും ശേഷിച്ചാൽ താങ്കളുടെ അടുത്ത ബന്ധുക്കൾക്കുള്ളതാണ് … (മുസ്ലിം)
രണ്ട്: ഫുറൂഇനുള്ള ചെലവ്
മക്കളുടെ ചെലവ് അവർ എത്ര കീഴ്‌പോട്ടായാലും ശരി, പിതാവിന്റെ മേൽ നിർബന്ധമാണ്; പിതൃപരമ്പര എത്ര മേൽപോട്ടായാലും ശരി. അല്ലാഹു പറഞ്ഞു:
وَعَلَى الْمَوْلُودِ لَهُ رِزْقُهُنَّ وَكِسْوَتُهُنَّ بِالْمَعْرُوفِ
അവർക്ക് (മുലകൊടുക്കുന്ന മാതാക്കൾക്ക്) മര്യാദയനുസരിച്ച് ഭക്ഷണവും വസ്ത്രവും നൽകേണ്ടത് കുട്ടിയുടെ പിതാവിന്റെ ബാധ്യതയാകുന്നു. (ഖുർആൻ: 2/233)
കുഞ്ഞിനു മുലയൂട്ടപ്പെടുന്നതിന്റെ ചെലവുകൾ അല്ലാഹു പിതാവിന്റെ മേൽ നിർബന്ധമാക്കി.
عَنْ عَائِشَةَ، أَنَّ هِنْدَ بِنْتَ عُتْبَةَ، قَالَتْ يَا رَسُولَ اللَّهِ إِنَّ أَبَا سُفْيَانَ رَجُلٌ شَحِيحٌ، وَلَيْسَ يُعْطِينِي مَا يَكْفِينِي وَوَلَدِي، إِلاَّ مَا أَخَذْتُ مِنْهُ وَهْوَ لاَ يَعْلَمُ فَقَالَ “ خُذِي مَا يَكْفِيكِ وَوَلَدَكِ بِالْمَعْرُوفِ ”.
ആഇശ رَضِيَ اللَّهُ عَنْها യിൽ നിന്നും നിവേദനം: ഹിന്ദ് ബിൻത് ഉത്ബ رَضِيَ اللَّهُ عَنْها പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, നിശ്ചയം അബൂസുഫ്‌യാൻ പിശുക്കനായ മനുഷ്യനാണ്. എന്റെയും എന്റെ മക്കളുടെയും ചെലവിന് പര്യാപ്തമായത് അദ്ദേഹം തരുന്നില്ല. അദ്ദേഹം അറിയാതെ ഞാൻ എടുത്തതല്ലാതെ തികയുന്നില്ല. തിരുനബിﷺ പറഞ്ഞു: “നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും ന്യായമായ നിലക്ക് എടുത്ത് കൊള്ളുക.’’ (ബുഖാരി, മുസ്ലിം)
മൂന്ന്: ഉസ്വൂലിന്റെ ചെലവ്
മാതാപിതാക്കളുടെ ചെലവ് മക്കളുടെമേൽ നിർബന്ധമാകുന്നു. അല്ലാഹു പറഞ്ഞു:
وَصَاحِبْهُمَا فِي الدُّنْيَا مَعْرُوفًا
ഇഹലോകത്ത് നീ അവരോട് നല്ലനിലയിൽ സഹവസിക്കുകയും ചെയ്യുക. (ഖുർആൻ: 31/15)
وَبِالْوَالِدَيْنِ إِحْسَانًا
മാതാപിതാക്കൾക്ക് നന്മ ചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. (ഖുർആൻ: 17/23)
ഇഹ്‌സാനിൽ പെട്ടതാണ് അവർക്കു ചെലവഴിക്കുകയെന്നത്. എന്നു മാത്രമല്ല, അതാകുന്നു മാതാപിതാക്കളോടുള്ള സുകൃതത്തിൽ ഏറ്റവും മഹനീയമായത്.
عَنْ عَائِشَةَ رضي الله عنها، قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ إِنَّ أَطْيَبَ مَا أَكَلَ الرَّجُلُ مِنْ كَسْبِهِ وَوَلَدُهُ مِنْ كَسْبِهِ ” .
ആഇശ رَضِيَ اللَّهُ عَنْها യിൽ നിന്നും നിവേദനം: അല്ലാഹുവിന്റെ തിരുദൂതർﷺ പറഞ്ഞു: തന്റെ സമ്പാദ്യത്തിൽനിന്ന് ഒരു മനുഷ്യൻ ഭക്ഷിച്ചതാണ് ഏറ്റവും മഹത്തരമായത്. അവന്റെ മക്കൾ അവന്റെ സമ്പാദ്യമാണ്. (തിര്‍മിദി, അബൂദാവൂദ്, നസാഇ)
അംറ് ഇബ്‌നുൽആസ്വ് رضي الله عنه ൽനിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്; തിരുനബിﷺ പറഞ്ഞു:
أَنْتَ وَمَالُكَ لِوَالِدِكَ إِنَّ أَوْلاَدَكُمْ مِنْ أَطْيَبِ كَسْبِكُمْ فَكُلُوا مِنْ كَسْبِ أَوْلاَدِكُمْ
നീയും നിന്റെ സ്വത്തും നിന്റെ പിതാവിനുള്ളതാണ്. നിങ്ങളുടെ സന്തതികൾ നിങ്ങളുടെ മഹത്തായ സമ്പാദ്യത്തിൽ പെട്ടതാണ്. അതിനാൽ നിങ്ങളുടെ സന്തതികളുടെ സമ്പാദ്യത്തിൽനിന്ന് നിങ്ങൾ ഭക്ഷിച്ചുകൊള്ളുക. (അബൂദാവൂദ്:3530)
നാല്: നഫക്വത്തുസ്സൗജഃ
ഭാര്യക്കുള്ള ജീവിതച്ചെലവ് ഭർത്താവിന്റെമേൽ നിർബന്ധമാണ്. അല്ലാഹു പറഞ്ഞു:
الرِّجَالُ قَوَّامُونَ عَلَى النِّسَاءِ بِمَا فَضَّلَ اللَّهُ بَعْضَهُمْ عَلَى بَعْضٍ وَبِمَا أَنْفَقُوا مِنْ أَمْوَالِهِمْ
പുരുഷന്മാർ സ്ത്രീകളുടെ മേൽ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരിൽ ഒരു വിഭാഗത്തിന് മറു വിഭാഗത്തെക്കാൾ അല്ലാഹു കൂടുതൽ കഴിവ് നൽകിയത് കൊണ്ടും (പുരുഷന്മാർ) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്. (ഖുർആൻ: 4/34)
ജാബിർ رضي الله عنه ഉദ്ധരിക്കുന്ന, തിരുനബിﷺ ഹജ്ജിൽ നിർവഹിച്ച ഖുത്വുബയെക്കുറിച്ചുള്ള ഹദീഥിൽ ഇപ്രകാരമുണ്ട്:
ولهن عليكم رزقهن وكسوتهن بالمعروف
ന്യായമായ നിലക്ക് ഭാര്യമാർക്ക് ഭക്ഷണവും വസ്ത്രവും നൽകേണ്ടത് നിങ്ങളുടെ കടമയാണ്. (മുസ്ലിം)
അതിനാൽ, തന്റെ ഭാര്യക്ക് മതിയായ വസ്ത്രം, പാർപ്പിടം, വസ്ത്രം എന്നീ ജീവിതച്ചെലവുകൾ നൽകൽ ഭർത്താവിനു നിർബന്ധമാണ്. തന്റെ സംരക്ഷണത്തിലുള്ള ഭാര്യക്കാണ് ഈ ചെലവു നൽകൽ നിർബന്ധമാവുക. അപ്രകാരം ഭർത്താവിനു തന്നെ ബന്ധം പുനഃസ്ഥാപിക്കുവാൻ അവസരമുള്ള റജ്ഇയ്യായ ത്വലാക്വു ചൊല്ലപ്പെട്ട വിവാഹമോചിത ഇദ്ദയിലിരിക്കുന്ന കാലമത്രയും അവൾക്കും ചെലവുനൽകൽ നിർബന്ധമാകും. എന്നാൽ ബന്ധം പുനഃസ്ഥാപിക്കുവാനാകാത്ത വിധം ബാഇനായ ത്വലാക്വു ചൊല്ലപ്പെട്ടവൾക്ക് ജീവിതച്ചെലവും താമസമൊരുക്കലുമില്ല. എന്നാൽ അവൾ ഗർഭിണിയാണെങ്കിൽ അവൾക്കു നഫക്വത്തുണ്ട്. അല്ലാഹു പറഞ്ഞു:
وَإِنْ كُنَّ أُولَاتِ حَمْلٍ فَأَنْفِقُوا عَلَيْهِنَّ حَتَّى يَضَعْنَ حَمْلَهُنَّ
അവർ ഗർഭിണികളാണെങ്കിൽ അവർ പ്രസവിക്കുന്നതുവരെ നിങ്ങൾ അവർക്കു ചെലവുകൊടുക്കുകയും ചെയ്യുക. (ഖുർആൻ: 65/6)
മൃഗങ്ങളുടെ ചെലവുകൾ
ഒരു മിണ്ടാപ്രാണിക്കു തീറ്റ നൽകലും വെള്ളം കൊടുക്കലും അതിന്റെ കാര്യങ്ങൾ നോക്കിനടത്തലും അതിനെ പരിചരിക്കലും ഉടമസ്ഥന്റെമേൽ നിർബന്ധമാകുന്നു. തിരുനബിﷺ പറഞ്ഞു:
دخلت امرأة النار في هرة ربطتها، فلا هي أطعمتها، ولا هي أرسلتها تأكل من خشاش الأرض، حتى ماتت هزلاً
ഒരു പൂച്ചയുടെ വിഷയത്തിൽ ഒരു സ്ത്രീ നരകത്തിൽ പ്രവേശിച്ചു. അവൾ അതിനെ കെട്ടിയിട്ടു. അതിൽപിന്നെ അവൾ അതിനു തീറ്റ നൽകിയില്ല. ഭൂമിയിലെ പ്രാണികളെ പിടിച്ചു തിന്നുവാൻ അതിനെ വിട്ടയച്ചതുമില്ല. അങ്ങനെ അത് അവശയായി ചത്തു. (മുസ്ലിം)
ഉടമസ്ഥതയിലുള്ള മൃഗത്തിനു ചെലവു നൽകൽ നിർബന്ധമാണെന്ന് ഇത് അറിയിക്കുന്നു. കാരണം ഒരു പൂച്ചക്കു ചെലവു നൽകാത്തതായിരുന്നു ഈ സ്ത്രീ നരകത്തിൽ പോകുവാനുള്ള കാരണം. ഇതുപോലെയാണ് ഉടമപ്പെടുത്തപ്പെട്ട ഇതര മൃഗങ്ങളും.
മിണ്ടാപ്രാണികളെ ഉടമപ്പെടുത്തിയവൻ അവയ്ക്കു ചെലവു നൽകുവാൻ അശക്തനാണെങ്കിൽ അവയെ വിൽക്കുവാനോ വാടകക്കു നൽകുവാനോ മാംസം ഭക്ഷിക്കപ്പെടുന്നതാണെങ്കിൽ അതിനെ അറുക്കുവാനോ അവൻ നിർബന്ധിക്കപ്പെടണം. കാരണം ചെലവുനൽകാതെ അവന്റെ ഉടമസ്ഥതയിൽ അവ ശേഷിക്കൽ അന്യായമാണ്. അന്യായമാകട്ടെ തുടച്ചുനീക്കൽ നിർബന്ധവുമാണ്.
ഒരു സംഘം പണ്ഡിതന്മാർ രചിച്ച الفقه الميسر في ضوء الكتاب والسنة എന്ന ഗ്രന്ഥത്തിൽനിന്നുമെടുത്തത്
വിവര്‍ത്തനം : അബ്ദുൽ ജബ്ബാർ മദീനി
www.kanzululoom.com