നബിﷺയുടെ മൗലിദാഘോഷത്തിന്റെ അടിസ്ഥാനമെന്താണ്? അത് നല്ല ബിദ്അത്താണെന്ന് കേൾക്കുന്നു. ഇത് ശരിയാണോ?
സഊദി അറേബ്യയുടെ ഔദ്യോഗിക പണ്ഡിതസഭയായ ലജ്നത്തുദ്ദാഇമ പറയുന്നു: ഉത്തമമായ മൂന്ന് നൂറ്റാണ്ടുകൾക്ക് ശേഷം പിൽക്കാലത്ത് പുതുതായി ഉണ്ടായതാണ് മൗലിദാഘോഷങ്ങൾ. നല്ലതാണെന്ന് കരുതി ചിലയാളുകൾ ഉണ്ടാക്കിയ ബിദ്അത്തുകളുടെ ഗണത്തിലാണ് അതും പെടുക.നബിﷺയുടേത് അടക്കം എല്ലാ മൗലിദാഘോഷങ്ങളും ബിദ്അത്ത് തന്നെയാണ്. കാരണം നബിﷺയോ സ്വഹാബിമാരോ ഖുലഫാഉർറാശിദീങ്ങളോ ഉത്തമ നൂറ്റാണ്ടുകാരോ ഒന്നും തന്നെ മൗലിദ് ആഘോഷിച്ചിട്ടില്ല. അവരെയൊക്കെ പിൻപറ്റുന്നതിലാണ് നന്മയുള്ളത്. അല്ലാതെ അവർക്ക് ശേഷം പുതിയത് ഉണ്ടാക്കുന്നതിലല്ല. നബിﷺ പറഞ്ഞു:
إياكم ومحدثات الأمور
ദീനിൽ പുതുതായി ഉണ്ടാക്കപ്പെടുന്ന കാര്യങ്ങൾ നിങ്ങൾ സൂക്ഷിക്കണം.(അബൂദാവൂദ്: 4607)
وشر الأمور محدثاته وكل بدعة ضلالة
കാര്യങ്ങളിൽ ഏറ്റവും മോശമായത് പുതുതായി ഉണ്ടാക്കപ്പെട്ടവയാണ്. എല്ലാ ബിദ്അത്തുകളും വഴികേടുമാണ്. (മുസ്‌ലിം: 867)
مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ فِيهِ فَهُوَ رَدٌّ
നമ്മുടെ ഈ മതത്തില്‍, ആരെങ്കിലും എന്തെങ്കിലും പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടേണ്ടതാണ്. (ബുഖാരി:2697)
ചുരുക്കത്തിൽ, മതത്തിൽ പുതുതായി ഉണ്ടാക്കപ്പെടുന്ന കാര്യങ്ങൾ തിന്മയാണെന്ന് നബിﷺ തന്നെ വിശദീകരിക്കുകയും വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. അല്ലാഹുവിന്റെ അനുമതിയില്ലാതെ ദീനിൽ പുതിയൊരു കാര്യമുണ്ടാക്കാൻ ഒരാൾക്കും അവകാശമില്ല. അങ്ങനെ ഉണ്ടാക്കുന്നതിനെ അല്ലാഹു ആക്ഷേപിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു:
أَمْ لَهُمْ شُرَكَٰٓؤُا۟ شَرَعُوا۟ لَهُم مِّنَ ٱلدِّينِ مَا لَمْ يَأْذَنۢ بِهِ ٱللَّ
അതല്ല, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതമായി അവര്‍ക്ക് നിശ്ചയിച്ചു കൊടുത്ത വല്ല പങ്കാളികളും അവര്‍ക്കുണ്ടോ? (ഖുര്‍ആൻ:42/21)
അല്ലാഹുവിന്റെയോ നബിﷺയുടെയോ അനുമതിയില്ലാത്ത പുതിയൊരു കാര്യമാണ് മൗലിദാഘോഷം. നബിമാർക്ക് ശേഷം ഏറ്റവും ശ്രേഷ്ഠരായവർ റസൂലിന്റെ സ്വഹാബിമാരാണ്. നബിﷺയെ ഏറ്റവും കൂടുതൽ സ്നേഹിച്ചവരും നന്മകളിലേക്ക് ഏറ്റവുമധികം ധൃതി കാണിച്ചവരുമാണവർ. എന്നാൽ അവരാരും തന്നെ മൗലിദ് ആഘോഷിച്ചിട്ടില്ല. അബൂബക്കർ رضى الله عنه വോ, ഉമർ رضى الله عنه വോ, ഉഥ്മാൻ رضى الله عنه വോ, അലി رضى الله عنه വോ, സ്വർഗ്ഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ട പത്ത് സ്വഹാബിമാരോ അവരല്ലാത്തവരോ, താബിഉകളോ ഇങ്ങനെയൊരു മൗലിദാഘോഷം നടത്തിയിട്ടില്ല. ചില ചരിത്രകാരന്മാർ പ്രസ്താവിക്കുന്നത് പോലെ, ഹിജ്റ നാലാം നൂറ്റാണ്ടിൽ ശിയാക്കളിലെ ഫാത്തിമിയാക്കളിൽ പെട്ട ചില ആളുകൾ ഈജിപ്തിൽ പുതുതായി ഉണ്ടാക്കിയതാണ് ഈ ആഘോഷം. പിന്നീട് ഹിജ്റഃ ആറാം നൂറ്റാണ്ടിന്റെ ഒടുക്കത്തിലും ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി, ഈ ആഘോഷത്തെ നല്ലതായി കണ്ട ചിലയാളുകൾ അത് ഏറ്റെടുത്തു. വാസ്തവത്തിൽ ഇത് ബിദ്അത്താണ്. കാരണം, അല്ലാഹുവോ റസൂലോ പഠിപ്പിക്കാത്ത ഒരു ആരാധനയാണിത്. അല്ലാഹുവിന്റെ റസൂൽﷺ നമുക്ക് കൃത്യമായി ദീൻ എത്തിച്ചുതന്നിട്ടുണ്ട്. അല്ലാഹുവിന്റെ ദീനിൽ നിന്ന് ഒന്നും അവിടുന്ന് മറച്ചുവെച്ചിട്ടില്ല. അല്ലാഹു പറയുന്നു:
ٱﻟْﻴَﻮْﻡَ ﺃَﻛْﻤَﻠْﺖُ ﻟَﻜُﻢْ ﺩِﻳﻨَﻜُﻢْ ﻭَﺃَﺗْﻤَﻤْﺖُ ﻋَﻠَﻴْﻜُﻢْ ﻧِﻌْﻤَﺘِﻰ ﻭَﺭَﺿِﻴﺖُ ﻟَﻜُﻢُ ٱﻹِْﺳْﻠَٰﻢَ ﺩِﻳﻨًﺎ ۚ
ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു. (ഖു൪ആന്‍ :5/3)
അങ്ങനെ അല്ലാഹു പൂർത്തിയാക്കിത്തന്ന ദീനിൽ മൗലിദാഘോഷമില്ല. മൗലിദാഘോഷം ബിദ്അത്താണ്, അത് നന്മയല്ല എന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. മതത്തിൽ നല്ല ബിദ്അത്ത് എന്ന ഒന്നില്ല. എല്ലാ ബിദ്അത്തും തിന്മയും വഴികേടുമാണ്. മതത്തിൽ നല്ല ബിദ്അത്ത് ഉണ്ടെന്ന് പറയാൻ പാടില്ല. കാരണം, ‘എല്ലാ ബിദ്അത്തുകളും വഴികേടാണ്'(മുസ്‌ലിം: 867) എന്ന് പറഞ്ഞ നബിﷺയോട് എതിരാകലും കിടപിടിക്കലുമാണത്. നബിﷺയുടെ വാക്കിനെതിരെ മറുത്തൊന്നും പറയാൻ നമുക്ക് അനുവാദമില്ല. (https://bit.ly/3DmZLGc)
നബിﷺയുടെ ജന്മദിനം ആഘോഷിക്കുന്നവരോട് എന്താണ് പറയാനുള്ളത്?
ശൈഖ് ഉഥ്മാൻ അൽ ഖമീസ് حَفِظَهُ اللَّهُ പറയുന്നു: നബിﷺയുടെ മൗലിദ് ആഘോഷിക്കുന്നവർ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കുക. ഒന്നാമത്തെ കാര്യം, ഒരിക്കൽ പോലും നബിﷺ തന്റെ ജന്മദിനം ആഘോഷിച്ചിട്ടില്ല. ഒരു ള്വഈഫ് (ദുർബലം) ആയ ഹദീഥ് പോലും ഈ വിഷയത്തിൽ നബിﷺയിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടില്ല.
രണ്ടാമത്തെ കാര്യം, അബൂബക്കർ, ഉമർ, ഉഥ്മാൻ, അലി, ഹസൻ رضى الله عنهم എന്നിങ്ങനെ സ്വഹാബിമാരോ അമവീ, അബ്ബാസീ ഭരണകൂടങ്ങളോ ഒന്നും നബിﷺയുടെ ജന്മദിനം ആഘോഷിച്ചിട്ടില്ല. അവരൊക്കെ നന്മയുടെ കാര്യത്തിൽ അങ്ങേയറ്റം താല്പര്യമുള്ളവരായിരുന്നു. നബിﷺയുടെ ജന്മദിനാഘോഷം നന്മയായിരുന്നുവെങ്കിൽ, അവർ അതിലേക്ക് മുൻകടക്കുമായിരുന്നു.
മൂന്നാമത്തെ കാര്യം, സ്വർഗ്ഗത്തിലേക്കും അല്ലാഹുവിലേക്കും അടുപ്പിക്കുന്ന ഒരു കാര്യവും ഞാൻ നിങ്ങളോട് കൽപ്പിക്കാതിരുന്നിട്ടില്ലെന്നും അല്ലാഹുവിൽ നിന്ന് അകറ്റുകയും നരകത്തിലേക്ക് അടുപ്പിക്കുകയും ചെയ്യുന്ന ഒരു കാര്യവും ഞാൻ നിങ്ങളോട് വിരോധിക്കാതിരുന്നിട്ടില്ലെന്നും അവിടുന്ന്ﷺ പറഞ്ഞിട്ടുണ്ട്. എന്നാൽ, നബിﷺയുടെ മൗലിദ് ആഘോഷത്തെപ്പറ്റി അവിടുന്ന്ﷺ നമ്മളെ അറിയിച്ചിട്ടില്ല. നന്മയായിരുന്നുവെങ്കിൽ അവിടുന്ന്ﷺ അത് നമ്മളെ അറിയിക്കാതിരിക്കുമായിരുന്നില്ല.
നാലാമത്തെ കാര്യം, നബിﷺ ജനിച്ച തിയ്യതി അറിയപ്പെട്ടിട്ടില്ല. ഏതെങ്കിലും ഒരു പ്രത്യേക തിയ്യതിയിലാണ് നബിﷺ ജനിച്ചതെന്ന് ആരെങ്കിലും വാദിക്കുന്നുണ്ടെങ്കിൽ, അതിന് ഒരു തെളിവുമില്ല. നബിﷺ എന്നാണ് ജനിച്ചതെന്ന കാര്യത്തിൽ, പണ്ഡിതന്മാർക്കിടയിൽ ഏഴോ എട്ടോ അഭിപ്രായങ്ങളുണ്ട്. അധികമാളുകളും റബീഉൽ അവ്വൽ 12 നാണ് അവിടുന്ന്ﷺ ജനിച്ചതെന്ന് പറയുന്നുണ്ടെങ്കിലും, അങ്ങനെ ഉറപ്പിച്ച് പറയാൻ തെളിവൊന്നുമില്ല.
ഇനി ഇവിടെയുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം, റബീഉൽ 12 നബിﷺ മരിച്ച ദിവസമാണെന്ന കാര്യത്തിൽ ഹദീഥ് പണ്ഡിതന്മാരുടെയും ചരിത്ര പണ്ഡിതമാരുടെയും ഇജ്മാഅ് (ഏകാഭിപ്രായം)ഉണ്ട്. അപ്പോൾ സത്യത്തിൽ, നബിﷺ മരിച്ച ദിവസമാണ് നമ്മൾ ആഘോഷിക്കുന്നത്. അല്ലാഹുവിൽ അഭയം. അതുകൊണ്ടുതന്നെ നബിﷺയുടെ ജന്മദിനം ആഘോഷിക്കുന്നത് അനുവദനീയമല്ല. അത് ഒഴിവാക്കണം. നബിﷺയെ കൊണ്ട് സന്തോഷിക്കാനും നബിﷺയെ പറ്റി സംസാരിക്കാനുമൊക്കെ ഒരു പ്രത്യേക ദിവസമോ മാസമോ നിശ്ചയിക്കേണ്ടതില്ല. അത് എല്ലാ ദിവസവും നടക്കട്ടെ. ഏതായാലും, നബിﷺയുടെ ജന്മദിനാഘോഷം ഒഴിവാക്കണമെന്ന് ചുരുക്കം. (https://youtu.be/w2rV8-Kiu4U)
നബിദിനാഘോഷത്തിന്റെ ആരംഭം എവിടെ നിന്നാണ്? ആരാണ് അത് തുടങ്ങിവെച്ചത്?
ശൈഖ് ഖാലിദ് ബ്ൻ ഇബ്റാഹീം അൽ ഫുലൈജ് حَفِظَهُ اللَّهُ പറയുന്നു: ഉത്തമമായ മൂന്ന് നൂറ്റാണ്ടുകളിൽ എവിടെയും, നബിദിനാഘോഷം എന്ന സംഗതി അറിയപ്പെട്ടിട്ടില്ല. ശിയാക്കളിലെ റാഫിള്വിയാക്കളിൽ പെട്ട ഫാത്വിമിയാക്കളാണ് ഇതിന് തുടക്കം കുറിച്ചത്. ഉത്തമനൂറ്റാണ്ടുകളിൽ പെട്ട ഒരാൾ പോലും ഇങ്ങനെയൊരു ആഘോഷം നടത്തിയിട്ടില്ല. നബിദിനം ആഘോഷിക്കുന്നതിൽ ഈ ഉമ്മത്തിന് വല്ല നന്മയും ഉണ്ടായിരുന്നെങ്കിൽ, സ്വഹാബിമാരും താബിഉകളും തബഉത്താബിഉകളും ആദ്യം അത് ആഘോഷിക്കുമായിരുന്നു. എന്നാൽ, ഇത് ആദ്യമായി തുടങ്ങിവെച്ചത് ശിയാ വിഭാഗത്തിലെ റാഫിള്വിയാക്കളിൽ പെട്ട ഫാത്വിമിയാക്കളാണ്. അവർ കാഫിറുകളാണെന്ന് പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്.അപ്പോൾ, വഴിപിഴച്ച ഫാത്വിമിയാക്കൾ പുതുതായി ഉണ്ടാക്കിയ ആചാരമാണ് നബിദിനം. (https://youtu.be/KQPu87ly1F0)
قال الشيخ صالح الفوزان -حفظه الله- :أوَّل مَن أحدث المَولِد الشيعة الفاطِمِيُّون، ثُم أخذهُ الأغرار المُنتسِبُونَ لأهل السُّنّة عن حُسن نِيّة وقصد، ويزعُمون أنّهُ من محبّة الرّسول وليسَ ذلِكَ من محبّتِهِ، إنّما المحبّة بِالِاتِّباع لا الِابتِداع.
ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حفظه الله പറഞ്ഞു: ആദ്യമായി നബിദിനാഘോഷം തുടങ്ങി വെച്ചത് ഫാത്തിമികൾ എന്ന് വിളിപ്പേര് സ്വീകരിച്ച ശിയാക്കൾ ആയിരുന്നു. പിന്നീട് അഹ്ലുസ്സുന്നയിലേക്ക് ചേർത്ത് പറയപ്പെടുന്ന വഞ്ചിതരായ ചിലർ സദുദ്ദേശ്യത്തോടുകൂടി അത് സ്വീകരിച്ചു. അത് റസൂലിനോടുള്ള സ്നേഹത്തിന്റെ ഭാഗമാണെന്നും അവർ വാദിച്ചു.
എന്നാൽ അത് റസൂലിനോടുള്ള സ്നേഹത്തിന്റെ ഭാഗമല്ല. സ്നേഹം എന്നാൽ റസൂലിനെ പിന്തുടരലാണ്. ബിദ്അത്ത് ഉണ്ടാക്കലല്ല (അൽ അഖീദത്തുത്വഹാവിയ്യ: 176)
നബിﷺയുടെ മൗലിദിന്റെ ഭാഗമായി അറുത്തതും പാകം ചെയ്തതും ഭക്ഷിക്കാൻ പറ്റുമോ?
സഊദി അറേബ്യയിലെ ഉന്നത പണ്ഡിതസഭയായ ഹൈഅത്തു കിബാരിൽ ഉലമാഇന്റെയും ഔദ്യോഗിക ഫത്‌വാ ബോർഡായ ലജ്നത്തുദ്ദാഇമയുടെയും അംഗം ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حَفِظَهُ اللَّهُ പറയുന്നു: പറ്റില്ല. മൗലിദ് ആഘോഷം ബിദ്അത്താണ്, ബിദ്അത്തിന്റെ ആളുകളുടെ ആഘോഷവുമാണ്. ബിദ്അത്തായ ആഘോഷത്തിന്റെ പേരിൽ അറുത്തത് ഭക്ഷിക്കൽ ഹറാമാണ്. മൗലിദിന്റെ പേരിലുണ്ടാക്കുന്ന മറ്റ് ഭക്ഷണങ്ങളും ഹറാമാണ്. കാരണം, ബിദ്അത്തിനെ ജീവിപ്പിക്കലും അതിനെ മഹത്വവൽക്കരിക്കലുമല്ലാതെ വേറൊരു ഉദ്ദേശവും അതിന് പിന്നിലില്ല. ആ ദിവസം അവരുടെ ആഘോഷത്തിൽ പങ്ക് ചേരുകയോ അവർ അറുത്തതോ പാകം ചെയ്തതോ ഭക്ഷിക്കുകയോ ചെയ്യരുത്. കാരണം, അത് അവർക്കുള്ള പ്രോത്സാഹനവും സഹായവും ബിദ്അത്തിനെ അംഗീകരിക്കലുമാണ്. (https://youtu.be/l0dBN_qxv7g)
നബിﷺയുടെ ജനനതിയ്യതി മുസ്‌ലിംകൾ കൃത്യമായി കണക്കാക്കാതിരുന്നത് എന്തുകൊണ്ടാണ്?
രിയാദ്വിലെ മലിക് സഊദ് യൂണിവേഴ്സിറ്റിയിലെ അക്വീദ വിഭാഗം പ്രൊഫസർ ശൈഖ് അബ്ദുല്ലാഹ് ബിൻ അബ്ദിൽ അസീസ് അൽ അൻക്വരി حَفِظَهُ اللَّهُ പറയുന്നു: ഒന്നാമത്തെ കാര്യം; നബിﷺയുടെ ജനനതിയ്യതി കൃത്യമായി നിർണയിക്കുന്ന തെളിവുകളൊന്നും നബിﷺയിൽ നിന്ന് വന്നിട്ടില്ല. എന്നാൽ, ആഴ്ചയിലെ ഏത് ദിവസമാണ് നബിﷺ ജനിച്ചത് എന്ന് നമുക്കറിയാം. കാരണം, നബിﷺ ജനിച്ചത് തിങ്കളാഴ്ചയാണെന്നും ആ ദിവസം നോമ്പെടുക്കൽ സുന്നത്താണെന്നും അവിടുന്ന് ﷺ പഠിപ്പിച്ചിട്ടുണ്ട് (മുസ്‌ലിം: 1612) എന്നാൽ, മാസത്തിലെ ഏത് ദിവസമാണ് നബിﷺ ജനിച്ചതെന്ന് അവിടുന്ന് അറിയിച്ച് തന്നിട്ടില്ല.
രണ്ടാമത്തെ കാര്യം; ആനക്കലഹ വർഷത്തിലെ ഒരു ദിവസത്തിൽ ജനിച്ച ‘അബ്ദുല്ലയുടെ മകൻ മുഹമ്മദിനെ’, നബിയായിട്ടും റസൂലായിട്ടും അല്ലാഹു തെരഞ്ഞെടുക്കുമെന്നും അദ്ദേഹത്തിന് വഹ്‌യ് ഇറങ്ങുമെന്നും അദ്ദേഹത്തോട് കൂടി നുബുവ്വത്ത് അവസാനിക്കുമെന്നും ഈ ഉമ്മത്തിന് അറിയുമായിരുന്നില്ല. ആ നാട്ടിലെ എല്ലാ കുട്ടികളെയും പോലെ ജനിക്കുകയും വളരുകയും ചെയ്ത ആളാണ് മുഹമ്മദ് നബിﷺയും. തങ്ങളുടെ കൂട്ടത്തിലെ ഒരാൾ ജനിച്ച ദിവസം കൃത്യമായി നിർണയിക്കുന്ന പതിവ് അന്ന് അറബികൾക്ക് ഉണ്ടായിരുന്നില്ല. മറിച്ച്,എളുപ്പത്തിൽ ഓർക്കാൻ വേണ്ടി ജനിച്ച വർഷമാണ് അവർക്കിടയിൽ കണക്കാക്കിയിരുന്നത്.’ആനക്കലഹ വർഷത്തിൽ ജനിച്ച ആൾ’, ‘ഫിജാർ യുദ്ധവർഷത്തിൽ ജനിച്ച ആൾ’ എന്നൊക്കെയാണ് അവർ പറഞ്ഞിരുന്നത്.അല്ലാതെ, അവർ ജനന തിയ്യതി നിർണയിച്ചിരുന്നില്ല. (https://youtu.be/w0ZsaWDZej0)
റബീഉൽ അവ്വൽ പന്ത്രണ്ടിന് തന്നെയാണോ നബിﷺ ജനിച്ചത്?
ശൈഖ് ഉഥ്മാൻ അൽ ഖമീസ് حَفِظَهُ اللَّهُ പറയുന്നു: അബ്രഹത്ത് കഅ്ബ പൊളിക്കാൻ വന്ന ആനക്കലഹ വർഷത്തിലാണ് നബി ﷺ ജനിച്ചത്. അതു പോലെ തന്നെ, അവിടുന്ന് ജനിച്ചത് ഒരു തിങ്കളാഴ്ച ദിവസമാണ്. തിങ്കളാഴ്ച ഞാൻ ജനിച്ച ദിവസമാണെന്ന് നബിﷺ പറഞ്ഞിട്ടുണ്ട്. (മുസ്‌ലിം: 1162). എന്നാൽ അതേത് തിങ്കളാഴ്ചയാണ്? അറിയില്ല. അത് റബീഉൽ അവ്വൽ 12 തിങ്കളാഴ്ചയാണെന്നും, അതല്ല റബീഉൽ അവ്വൽ 18 ആണെന്നും, റമദ്വാനിലെ തിങ്കളാണെന്നും ശഅ്ബാനിലെ തിങ്കളാണെന്നും ഒക്കെ പറയപ്പെട്ടിട്ടുണ്ട്.
ചുരുക്കത്തിൽ, ആനക്കലഹ വർഷത്തിലെ ഒരു തിങ്കളാഴ്ച ദിവസമാണ് നബി ﷺ ജനിച്ചത് എന്നത് മാത്രമാണ് നബി ﷺ യുടെ ജനനതീയതിയുമായി ബന്ധപ്പെട്ട് നമുക്ക് കൃത്യമായി പറയാൻ കഴിയുന്ന കാര്യം. നബി ﷺ ജനിച്ചത് ഏത് മാസമാണെന്നോ ഏത് തീയതിയിൽ ആണെന്നോ ഉറപ്പിച്ച് പറയാൻ കഴിയില്ല. (https://youtu.be/c50R8Qug6C0)
റബീഉൽ അവ്വൽ മാസത്തിന് ശ്രേഷ്ഠതയുള്ളതായി പറയുന്ന വല്ല ഹദീഥുമുണ്ടോ?
ശൈഖ് അബ്ദുറഹ്‌മാൻ ബിൻ നാസ്വിർ അൽ ബർറാക് حَفِظَهُ اللَّهُ പറയുന്നു: ഇല്ല, ഒരിക്കലുമില്ല. നമ്മുടെ അറിവിൽ അങ്ങനെ ഒന്നുമില്ല. പവിത്രമാക്കപ്പെട്ട മാസങ്ങളും ഹജ്ജിന്റെ മാസങ്ങളും റമദ്വാനുമാണ്, അങ്ങനെയുള്ള മാസങ്ങൾ. റബീഉൽ അവ്വലിലോ റബീഉൽ ആഖിറിലോ ജുമാദൽ ഊലയിലോ ജുമാദൽ ഉഖ്റയിലോ പ്രത്യേകമായ ഇബാദത്തുകൾ ഒന്നുമില്ല. ബിദ്അത്തുകൾ നടക്കുന്ന സമയമാണ് റബീഉൽ അവ്വൽ. ബിദ്അത്തായ മൗലിദാഘോഷമുള്ളത് ആ മാസത്തിലാണ്. (https://sh-albarrak.com/article/8444)
kanzululoom.com