നബി ﷺ യുടെ ഹജ്ജ്

ഹിജ്റ പത്താം വർഷം ദുൽഖഅദ് മാസത്തിൽ അല്ലാഹുവിന്റെ പ്രവാചകൻ മുഹമ്മദ് നബി ﷺ ഹജ്ജിനു വേണ്ടി പുറപ്പെടുകയാകുന്നു എന്ന പ്രഖ്യാപനം ജനങ്ങൾക്കിടയിൽ ഉണ്ടായി. ഈ വാർത്ത അറിഞ്ഞതോടു കൂടി മദീനയിൽ ജനങ്ങൾ തടിച്ചു കൂടി. നബി ﷺ യോടൊപ്പം ഹജ്ജ് ചെയ്യുവാനും നബി ﷺ ചെയ്യുന്നതു പോലെ കാര്യങ്ങൾ ചെയ്യുവാനുമുള്ള അവരുടെ അതിയായ ആഗ്രഹമായിരുന്നു അത്. നടന്നോ വാഹനപ്പുറത്തോ ആയി യാത്ര ചെയ്യാൻ കഴിയുന്നവരെല്ലാം മദീനയിൽ വന്നു.

നബി ﷺ നിർവ്വഹിച്ച ഹജ്ജ് വ്യത്യസ്തങ്ങളായ പേരുകളിലാണ് അറിയപ്പെടുന്നത്. ‘ഹജ്ജത്തുൽ ഇസ്ലാം’ എന്നതാണ് ഒരു പേര്. ‘ഇസ്ലാമിന്റെ ഹജ്ജ്’ എന്നാണ് ഇതിനർത്ഥം. കാരണം, ഹജ്ജ് നിർബന്ധമായതിനു ശേഷം ഈ ഒരു ഹജ്ജ് മാത്രമേ നബി ﷺ നിർവഹിച്ചിട്ടുള്ളൂ. ‘ഹജ്ജത്തുൽ ബലാഗ്’ എന്നും ഇതിന് പേരുണ്ട്. ‘എത്തിച്ചു കൊടുക്കുക’ എന്നാണ് ‘ബലാഗ്’ എന്ന വാക്കിന്റെ അർത്ഥം. ഹജ്ജിൽ നിർവഹിക്കേണ്ട വാക്കുകളും പ്രവർത്തനങ്ങളും ഇസ്ലാമിന്റെ പല അടിസ്ഥാന നിയമങ്ങളും ഈ ഹജ്ജിലാണ് ജനങ്ങളിലേക്ക് അല്ലാഹുവിന്റെ പ്രവാചകൻ എത്തിച്ചു കൊടുത്തത്. മാത്രവുമല്ല ദീനിന്റെ കാര്യങ്ങളായി അവർ എന്തെല്ലാം പഠിച്ചിട്ടുണ്ടോ അത് മറ്റുള്ളവർക്ക് എത്തിച്ചു കൊടുക്കുവാനുള്ള ഉത്തരവാദിത്വവും ഈ ഹജ്ജിലാണ് ഏൽപ്പിച്ചത്.

ഒരു ശനിയാഴ്ച ദിവസമായിരുന്നു മദീനയിൽ നിന്നും നബി ﷺപുറപ്പെട്ടത്. ദുൽഖഅദ് മാസത്തിൽ ഇനി അഞ്ചു ദിവസം മാത്രമേ ബാക്കിയുള്ളൂ. മദീനയിൽ നിന്നും നാല് റക്അത്ത് ളുഹ്ർ നമസ്കരിച്ച ശേഷം പുറപ്പെട്ടു. ഒരുലക്ഷത്തിലധികം ഹാജിമാർ നബി ﷺയോടൊപ്പം ഉണ്ടായിരുന്നു. അതിനു പുറമേ മക്കയിൽ നിന്നും മറ്റു സമീപ പ്രദേശങ്ങളിൽ നിന്നും നബി ﷺയോടൊപ്പം കൂടിയവരും ഉണ്ടായിരുന്നു. യമനിൽ നിന്ന് അലി യോടൊപ്പം വന്ന മറ്റൊരു സംഘവും ഉണ്ടായിരുന്നു. ചുരുക്കത്തിൽ നാനാ ഭാഗത്തു നിന്നുമായി പ്രവാചകന്റെ കൂടെ ഹജ്ജ് ചെയ്ത ആളുകൾ ഒരു ലക്ഷത്തി ഇരുപത്തി നാലായിരത്തിൽ അധികമായിരുന്നു. ആ രംഗത്തിന് സാക്ഷിയായ ജാബിർ(റ) അത് വിവരിക്കുന്നത് കാണുക:

ഞാൻ നബി ﷺ യുടെ മുന്നിലേക്ക് നോക്കി; വാഹനപ്പുറത്തും നടന്നും (ധാരാളം സ്വഹാബിമാർ), അവിടുത്തെ വലതുഭാഗത്തും അതുപോലെ, അവിടുത്തെ ഇടതുഭാഗത്തും അതുപോലെ, അവിടുത്തെ പിന്നിലും അതുപോലെ (ഞാൻ കാണുകയുണ്ടായി) (മുസ്‌ലിം)

നബി ﷺ  യുടെ ഭാര്യമാർ എല്ലാവരും നബി ﷺയോടൊപ്പം ഹജ്ജിന് ഉണ്ടായിരുന്നു. ളുഹ്ർ നമസ്കാര ശേഷം മദീനയിൽ നിന്നും പുറപ്പെട്ട് ദുൽഹുലൈഫയിൽ എത്തി.വാദി അൽ അഖീഖ് (അഖീഖ് താഴ്വര) എന്ന പേരിലാണ് ആ സ്ഥലം അറിയപ്പെടുന്നത്. അവിടെ വെച്ചു കൊണ്ട് 2 റക്അത്തായി അസ്ർ നമസ്കരിച്ചു. സൂര്യാസ്തമയത്തിനു ശേഷം മഗ്രിബും ഇശാഉം ചേർത്ത് നമസ്കരിച്ചു. നേരം പുലരുവോളം അവിടെത്തന്നെ കഴിച്ചുകൂട്ടി. അങ്ങനെ അവിടെ വെച്ചു കൊണ്ട് സുബ്ഹിയും നമസ്കരിച്ചു. അന്നു രാത്രിയിൽ നബി ﷺ തന്റെ എല്ലാ ഭാര്യമാരെയും സന്ദർശിച്ചു.

عَنْ عُمَرَ رَضِيَ اللَّهُ عَنْهُ قَالَ: سَمِعْتُ النَّبِيَّ صلى الله عليه وسلم بِوَادِي الْعَقِيقِ يَقُولُ ‏ “‏ أَتَانِي اللَّيْلَةَ آتٍ مِنْ رَبِّي فَقَالَ صَلِّ فِي هَذَا الْوَادِي الْمُبَارَكِ وَقُلْ عُمْرَةً فِي حَجَّةٍ ‏”‏‏.‏

ഉമര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്നും നിവേദനം: വാദി അൽ അഖീഖിൽ വെച്ച് നബി ﷺ പറയുന്നതായി ഞാൻ കേട്ടു: ഇന്നലെ രാത്രി എന്റെ റബ്ബിൽ നിന്നും ഒരാൾ (സന്ദേശവാഹകൻ) വന്നു. എന്നിട്ട് പറഞ്ഞു: അനുഗ്രഹീതമായ ഈ താഴ്വരയിൽ വെച്ചു കൊണ്ട് നമസ്കരിക്കുക. ഉംറയിലൂടെ ഹജ്ജിലേക്ക് പ്രവേശിക്കണം എന്ന് പറയുക (ഹജ്ജിനും ഉംറയ്ക്കും ഒരുമിച്ച് ഇഹ്‌റാം ചെയ്യണം). (ബുഖാരി: 1534)

 നബി ﷺഇഹ്റാമിന് വേണ്ടി കുളിച്ചു. ശേഷം ഇഹ്റാമിന്റെ വസ്ത്രം ധരിച്ചു. പിന്നീട് ദുൽഹുലൈഫയിൽ വെച്ച് നമസ്കരിച്ചു. തന്റെ മുസ്വല്ലയിൽ തന്നെ ഇരുന്നു കൊണ്ട് ഹജ്ജിനും ഉംറക്കും വേണ്ടി ഒന്നിച്ച് തൽബിയത് ചൊല്ലി. (ഖിറാൻ എന്നാണ് ഇതിനു പറയുക) ദുൽഹുലൈഫയിൽ നിന്നും ളുഹ്റിന്റെ രണ്ട് റക്അത്ത് നമസ്കരിച്ച ശേഷം വാഹനപ്പുറത്ത് കയറിയിരുന്നു കൊണ്ടാണ് നബി ﷺ തൽബിയത് ചൊല്ലിയത് എന്ന് അബ്ദുല്ലാഹിബിനു ഉമറിന്റെ ഹദീസിൽ കാണുവാൻ സാധിക്കും. (ബുഖാരി: 1540 മുസ്ലിം: 1184)

ഒരു നമസ്കാരം നിർവഹിച്ചതിനു ശേഷമായിരുന്നു നബി ﷺ ഇഹ്റാമിൽ പ്രവേശിച്ചത്. ഇതാണ് ഇഹ്റാമിന്റെ പൂർണ്ണമായ രൂപം. എന്നാൽ ഇഹ്റാമിൽ പ്രവേശിക്കുന്നതിന് വേണ്ടി പ്രത്യേകമായ സുന്നത്ത് നമസ്കാരം ഇല്ല. ശേഷം നബി ﷺ അൽഖസ്വാഅ് എന്ന തന്റെ ഒട്ടകപ്പുറത്ത് കയറി. അവിടെ ഇരുന്നു കൊണ്ട് തൽബിയത്ത് ചൊല്ലിക്കൊണ്ടിരുന്നു. (ബുഖാരി 1552, 1546).

ജനങ്ങൾ അറിയുന്നതിനും പഠിക്കുന്നതിനു വേണ്ടി മൂന്ന് സ്ഥലത്ത് വെച്ച് കൊണ്ടാണ് നബി ﷺ തൽബിയത് ചൊല്ലിയത്.

1. മുസ്വല്ലയിൽ
2. ഒട്ടകപ്പുറത്ത് കയറി ഇരിക്കുമ്പോൾ
3. ഒട്ടകം നീങ്ങി തുടങ്ങിയപ്പോൾ

നബി ﷺയിൽ നിന്ന് കേട്ടതെല്ലാം സ്വഹാബികൾ പകർത്തി. ദുൽഹുലൈഫയിൽ വെച്ച് കൊണ്ട് അബൂബക്കർ رَضِيَ اللَّهُ عَنْهُ  വിന്റെ ഭാര്യ അസ്മാഅ് ബിൻത് ഉമൈസ് رَضِيَ اللَّهُ عَنْها പ്രസവിച്ചു. ആ കുട്ടിയാണ് മുഹമ്മദ് ബ്നു അബീബകർ. അവരോട് കുളിക്കുവാനും ഇഹ്റാമിൽ പ്രവേശിക്കുവാനും ആവശ്യപ്പെടാൻ വേണ്ടി നബി ﷺ അബൂബക്കര്‍ رَضِيَ اللَّهُ عَنْه വിനോട് പറഞ്ഞു. (മുസ്ലിം: 1209)

തൽബിയത്ത്

لَبَّيْكَ اللَّهُمَّ لَبَّيْكَ لَبَّيْكَ لاَ شَرِيكَ لَكَ لَبَّيْكَ إِنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكَ لاَ شَرِيكَ لَكَ

ലബ്ബൈകല്ലാഹുമ്മ ലബ്ബൈക്, ലബ്ബൈക ലാ ശരീക ലക ലബ്ബെക്, ഇന്നൽ ഹംദ വന്നിഅ്മത ലക വൽ മുൽക്, ലാ ശരീക ലക.

അല്ലാഹുവേ, നിന്റെ വിളിക്കിതാ ഞാന്‍ ഉത്തരം ചെയ്തു വന്നെത്തിയിരിക്കുന്നു. യാതൊരു പങ്കുകാരനുമില്ലാത്ത നിന്റെ വിളിക്കിതാ ഞാന്‍ ഉത്തരം ചെയ്തിരിക്കുന്നു. എല്ലാ സ്തുതിയും അനുഗ്രഹവും നിനക്കാണ്. രാജാധികാരവും നിനക്കുതന്നെ നിനക്കാരും പങ്കുകാരില്ല

നബി ﷺയോടൊപ്പം സ്വഹാബിമാരും തൽബിയത് ചൊല്ലിക്കൊണ്ടിരുന്നു. ഈ സന്ദർഭത്തിൽ ജിബ്രീൽ عليه السلام നബി ﷺയുടെ അടുക്കൽ വന്നു കൊണ്ട് സ്വഹാബികളോട് തൽബിയത് ഉച്ചത്തിലാക്കുവാൻ പറയണമെന്ന് ആവശ്യപ്പെട്ടു. കാരണം അത് ഹജ്ജിന്റെ ചിഹ്നങ്ങളിൽ പെട്ടതാണ്. നബി ﷺ തന്റെ അനുചരന്മാരോട് അപ്രകാരം കൽപ്പിച്ചു. ശബ്ദം മുഴങ്ങി കേൾക്കുന്ന രൂപത്തിൽ സ്വഹാബത്ത് ഉച്ചത്തിൽ തൽബിയത് ചൊല്ലാൻ തുടങ്ങി.

നബി ﷺ യും സ്വഹാബിമാരും ദുൽഹുലൈഫയിൽ നിന്നും മക്കയിലേയി  നീങ്ങി. മക്കയിലേക്കുള്ള യാത്രയിൽ വഴിയിൽ വെച്ചു കൊണ്ട് ചില സംഭവങ്ങളൊക്കെ ഉണ്ടായി.

عَنْ أَنَسٍ ـ رضى الله عنه ـ أَنَّ النَّبِيَّ صلى الله عليه وسلم رَأَى شَيْخًا يُهَادَى بَيْنَ ابْنَيْهِ قَالَ ‏”‏ مَا بَالُ هَذَا ‏”‏‏.‏ قَالُوا نَذَرَ أَنْ يَمْشِيَ‏.‏ قَالَ ‏”‏ إِنَّ اللَّهَ عَنْ تَعْذِيبِ هَذَا نَفْسَهُ لَغَنِيٌّ ‏”‏‏.‏ وَأَمَرَهُ أَنْ يَرْكَبَ‏.‏

അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:രണ്ട് മക്കൾക്കിടയിൽ താങ്ങിപ്പിടിച്ച് നടത്തപ്പെടുന്ന ഒരു വൃദ്ധനെ നബി ﷺ കണ്ടു. അവിടുന്ന് ചോദിച്ചു: ‘എന്തു പറ്റി ഇയാൾക്ക്’. അവര്‍ പറഞ്ഞു: ‘നടന്നു യാത്ര ചെയ്യാൻ ഇദ്ദേഹം നേർച്ച നേർന്നിരുന്നു’. നബി ﷺ പറഞ്ഞു: ‘സ്വന്തം ശരീരത്തെ പീഢിപ്പിക്കുന്നതിൽ നിന്നും അല്ലാഹു ധന്യനാണ്’ (സ്വന്തത്തെ പ്രയാസപ്പെടുത്തുന്ന ഇത്തരം നേർച്ചകൾ നേരേണ്ട ആവശ്യം അല്ലാഹുവിന് ഇല്ല എന്നർത്ഥം). എന്നിട്ട് അദ്ദേഹത്തോട് വാഹനപ്പുറത്ത് കയറാൻ കൽപ്പിച്ചു. (ബുഖാരി: 1865)

عَنِ ابْنِ عَبَّاسٍ، عَنِ النَّبِيِّ صلى الله عليه وسلم لَقِيَ رَكْبًا بِالرَّوْحَاءِ فَقَالَ ‏”‏ مَنِ الْقَوْمُ ‏”‏ ‏.‏ قَالُوا الْمُسْلِمُونَ ‏.‏ فَقَالُوا مَنْ أَنْتَ قَالَ ‏”‏ رَسُولُ اللَّهِ ‏”‏ ‏.‏ فَرَفَعَتْ إِلَيْهِ امْرَأَةٌ صَبِيًّا فَقَالَتْ أَلِهَذَا حَجٌّ قَالَ ‏”‏ نَعَمْ وَلَكِ أَجْرٌ ‏”‏ ‏.‏

ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: റൗഹാഅ് എന്ന സ്ഥലത്ത് വെച്ചു കൊണ്ട് നബി ﷺ ഒരു സംഘത്തെ കണ്ടു. നബി ﷺ ചോദിച്ചു നിങ്ങൾ ആരാണ്? അവർ പറഞ്ഞു: ഞങ്ങൾ മുസ്ലിംകളാണ്. നിങ്ങളാരാണ്? നബി ﷺ പറഞ്ഞു: ഞാൻ അല്ലാഹുവിന്റെ പ്രവാചകനാണ്. അപ്പോൾ ഒരു സ്ത്രീ നബി ﷺയിലേക്ക് തന്റെ കുട്ടിയെ ഉയർത്തിക്കാണിച്ചു കൊണ്ട് ചോദിച്ചു. ഈ കുട്ടിക്ക് ഹജ്ജ് ഉണ്ടോ (ഹജ്ജ് ചെയ്യാമോ?) നബി ﷺ പറഞ്ഞു: ‘ചെയ്യാം. നിങ്ങൾക്കും അതിന്റെ പ്രതിഫലം ഉണ്ട്. (മുസ്ലിം: 1336).

നബി ﷺ മക്കയിലേക്കുള്ള യാത്ര തുടർന്നു കൊണ്ടിരുന്നു. അബവാഅ് എന്ന സ്ഥലത്തെത്തിയപ്പോൾ (വദ്ദാൻ എന്ന സ്ഥലം ആണെന്നും അഭിപ്രായമുണ്ട് ) സ്വഅ്ബുബ്നു ജുസാമ എന്ന വ്യക്തി നബിക്ക് വേട്ടമൃഗത്തിന്റെ പരിധിയിൽ വരുന്ന ഒരു കാട്ടു കഴുതയെ സമ്മാനമായി നൽകി. പക്ഷേ അത് അദ്ദേഹത്തിന് തിരിച്ചു കൊടുത്തു. അത് അദ്ദേഹത്തെ പ്രയാസപ്പെടുത്തി. അദ്ദേഹത്തിന്റെ മുഖഭാവം കണ്ടപ്പോൾ നബി ﷺ പറഞ്ഞു:

إِنَّا لَمْ نَرُدَّهُ عَلَيْكَ إِلاَّ أَنَّا حُرُمٌ

ഞങ്ങൾ ഇഹ്റാമിലാണ് എന്ന കാരണത്താൽ മാത്രമാണ് നിങ്ങൾക്ക് അത് തിരിച്ചു നൽകിയത്. (ബുഖാരി:1825 മുസ്ലിം: 1193)

നബി ﷺ ‘സരീഫ്’ എന്ന സ്ഥലത്തെത്തി. മക്കയിൽ നിന്നും 10 മൈൽ ദൂരത്തുള്ള സ്ഥലമായിരുന്നു അത്. എല്ലാവരും അവിടെ (സരിഫിൽ) ഇറങ്ങി. തങ്ങളുടെ കൂടെ ബലിമൃഗം കൊണ്ടുവരാത്ത ഹജ്ജിനു വേണ്ടി ഇഹ്റാമിൽ പ്രവേശിച്ചവരോട് ഉംറയിലേക്ക് മാറ്റാൻ പറഞ്ഞു. എന്നാൽ തങ്ങളുടെ കൂടെ ബലിമൃഗം ഉള്ളവർ അങ്ങനെ ചെയ്യരുത് എന്നും പറഞ്ഞു. (ബുഖാരി: 1560)

ഹജ്ജ് ‘തമത്തുഅ്’ ആയി ചെയ്യുന്നതിനാണ് കൂടെ ബലിമൃഗം കൊണ്ടുവരാത്തവരോട് ഉംറയിലേക്ക് മാറ്റാൻ പറഞ്ഞത്. ബലിമൃഗം കൊണ്ടുവന്നവര്‍ക്ക് ഹജ്ജ് ‘ഖിറാൻ’ ആയേ ചെയ്യാൻ കഴിയൂ. മൂന്ന് തരത്തിലാണ് ഹജ്ജ് ഉള്ളത്.

(1) ഇഫ്റാദ്: ഹജ്ജ് മാത്രം നിർവ്വഹിക്കലാണിത്.

(2) ഖിറാൻ: ഉംറക്കും ഹജ്ജിനും വേണ്ടി ഒന്നിച്ചു ഇഹ്റാമിൽ പ്രവേശിക്കലാണിത്. ഇത്തരം ആളുകൾ ഉംറ കഴിഞ്ഞാൽ മുടി എടുക്കുകയോ ഇഹ്റാമിന്റെ വസ്ത്രമഴിച്ചു വെക്കുകയോ ഇല്ല.

(3) തമത്തുഅ്: ഉംറക്ക് വേണ്ടി ഇഹ്റാമിൽ പ്രവേശിക്കുകയും ഉംറ നിർവഹിച്ച ശേഷം ഇഹ്റാമിൽ നിന്ന് ഒഴിവാകുകയും ശേഷം ഹജ്ജിന്റെ സമയം വരുമ്പോൾ വീണ്ടും ഹജ്ജിനു വേണ്ടി ഇഹ്റാമിലേക്ക് പ്രവേശിക്കുകയും ചെയ്യുന്ന രീതിയാണിത്. ഇതാണ് ഏറ്റവും ശ്രേഷ്ഠമായ ഹജ്ജ്.

എന്നാൽ നബി ﷺ നിർവഹിച്ചത് ഖിറാൻ ആയിരുന്നു. തന്റെ കൂടെ ബലിമൃഗം ഉണ്ടായിരുന്നു എന്നതാണ് അതിനു കാരണം. ബലിമൃഗം കൂടെയുള്ള ആളുകൾക്ക് ബലി അറുത്ത ശേഷം മാത്രമേ തലമുണ്ഡനം ചെയ്യുവാനും ഇഹ്റാമിൽ നിന്ന് ഒഴിവാകുവാനും പാടുള്ളൂ.

സരീഫിൽ വെച്ച് കൊണ്ടാണ് ആയിശാ رَضِيَ اللَّهُ عَنْها വിന് ആർത്തവ സമയം തുടങ്ങിയത്.

عَنْ عَائِشَةَ، قَالَتْ خَرَجْنَا مَعَ النَّبِيِّ صلى الله عليه وسلم لاَ نَذْكُرُ إِلاَّ الْحَجَّ، فَلَمَّا جِئْنَا سَرِفَ طَمِثْتُ، فَدَخَلَ عَلَىَّ النَّبِيُّ صلى الله عليه وسلم وَأَنَا أَبْكِي فَقَالَ ‏{‏مَا يُبْكِيكِ‏}‏‏.‏ قُلْتُ لَوَدِدْتُ وَاللَّهِ أَنِّي لَمْ أَحُجَّ الْعَامَ‏.‏ قَالَ ‏{‏لَعَلَّكِ نُفِسْتِ‏}‏‏.‏ قُلْتُ نَعَمْ‏.‏ قَالَ ‏ “‏ فَإِنَّ ذَلِكَ شَىْءٌ كَتَبَهُ اللَّهُ عَلَى بَنَاتِ آدَمَ، فَافْعَلِي مَا يَفْعَلُ الْحَاجُّ، غَيْرَ أَنْ لاَ تَطُوفِي بِالْبَيْتِ حَتَّى تَطْهُرِي ‏”‏‏.‏

ആയിശാ رَضِيَ اللَّهُ عَنْها പറയുന്നു: ഞങ്ങൾ നബി ﷺ യുടെ കൂടെ പുറപ്പെട്ടു, ഞങ്ങൾ ഹജ്ജ് മാത്രമേ ഉദ്ദേശിച്ചിരുന്നുള്ളൂ. സരിഫ് എന്ന സ്ഥലത്ത് വെച്ച് കൊണ്ട് എനിക്ക് ആർത്തവം തുടങ്ങിയപ്പോൾ ഞാൻ കരഞ്ഞു കൊണ്ട് നബിയുടെ അടുക്കലേക്ക് ചെന്നു. നബി ﷺ ചോദിച്ചു; എന്തിനാണ് കരയുന്നത്? ഞാൻ പറഞ്ഞു: അല്ലാഹുവാണ് സത്യം, ഈ വർഷം എനിക്ക് ഹജ്ജ് ചെയ്യാൻ കഴിയുകയില്ല എന്നാണ് തോന്നുന്നത്. നബി ﷺ ചോദിച്ചു; എന്തു പറ്റി? ആർത്തവം തുടങ്ങിയോ ഞാൻ പറഞ്ഞു: അതെ. നബി ﷺ പറഞ്ഞു: ആദം സന്തതികളിലെ സ്ത്രീകൾക്ക് അല്ലാഹു നിശ്ചയിച്ച ഒരു കാര്യമാണിത്. ഒരു ഹാജി ചെയ്യുന്ന എല്ലാ കാര്യങ്ങളും നീയും ചെയ്തു കൊള്ളുക. ശുദ്ധിയാകുന്നത് വരെ കഅ്ബ ത്വവാഫ് ചെയ്യരുത് എന്നു മാത്രമേയുള്ളൂ. (ബുഖാരി: 305)

ആയിശാ رَضِيَ اللَّهُ عَنْها മക്കയിലേക്ക് എത്തി. അവർക്കാകട്ടെ സമയം വളരെ കുറവുമായിരുന്നു. അപ്പോൾ അവരോട് ഹജ്ജിനെ ഉംറയിലേക്ക് ചേർക്കാൻ പറഞ്ഞു. അതോടെ ആയിശ رَضِيَ اللَّهُ عَنْها ഖാരിനതായി മാറി.

ഹജ്ജ് നിർവഹിച്ച ശേഷം ആയിശാ رَضِيَ اللَّهُ عَنْها യെ സഹോദരൻ അബ്ദുറഹ്മാന്റെ കൂടെ തൻഈമിലേക്ക് പറഞ്ഞയക്കുകയും അവിടെ നിന്നും ഇഹ്റാമിൽ പ്രവേശിച്ചു വന്നു ഉറ നിർവ്വഹിക്കുകയുമാണ് ചെയ്തത്. (ബുഖാരി:1556. മുസ്ലിം: 1211)

മദീനയിൽ നിന്നും വരുമ്പോൾ മക്കയിലേക്കുള്ള പ്രവേശന കവാടമാണ് ‘ദീ ത്വുവാ’. അവിടെ എത്തിയപ്പോൾ ഇറങ്ങുകയും തൽബിയത്ത് നിർത്തുകയും ചെയ്തു. ഞായറാഴ്ച രാവിൽ അവിടെ കഴിച്ചുകൂട്ടി. അതായത് ദുൽഹജ്ജ് നാലിനായിരുന്നു ഇത്. നേരം പുലർന്നപ്പോൾ കുളിച്ച് അവിടെ നിന്നു തന്നെ സുബ്ഹി നമസ്കരിച്ചു. ശേഷം മക്കയിലേക്ക് പുറപ്പെട്ടു. പകൽ സമയത്ത് മക്കയുടെ ഉയർന്ന ഭാഗത്ത് കൂടെയാണ് പ്രവേശിച്ചത്. ‘അൽഹുജൂനി’ലായിരുന്നു സ്വഹാബികൾ ഉണ്ടായിരുന്നത്. ശേഷം ളുഹാ സമയത്ത് മസ്ജിദുൽ ഹറാമിലേക്ക് വന്നു. ബാബുൽ കഅ്ബയുടെ ഭാഗത്തു കൂടി അകത്തേക്ക് പ്രവേശിച്ചു. ഹജറുൽ അസ്വദിന്റെ ഭാഗത്തു നിന്നും തന്റെ തവാഫ് തുടങ്ങി.

عَنْ عُمَرَ ـ رضى الله عنه ـ أَنَّهُ جَاءَ إِلَى الْحَجَرِ الأَسْوَدِ فَقَبَّلَهُ، فَقَالَ إِنِّي أَعْلَمُ أَنَّكَ حَجَرٌ لاَ تَضُرُّ وَلاَ تَنْفَعُ، وَلَوْلاَ أَنِّي رَأَيْتُ النَّبِيَّ صلى الله عليه وسلم يُقَبِّلُكَ مَا قَبَّلْتُكَ‏.‏

ഉമർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം ഹജറുൽ അസ്വദിന്റെ അടുക്കൽ വരികയും ചുംബിക്കുകയും ചെയ്തു. എന്നിട്ട് പറഞ്ഞു: നീ ഒരു കല്ലാണെന്ന് എനിക്കറിയാം. ഉപദ്രവമോ ഉപകാരമോ ചെയ്യാൻ നിനക്ക് സാധിക്കുകയില്ല. നബിനിന്നെ ചുംബിക്കുന്നത് ഞാൻ കണ്ടിട്ടില്ലായിരുന്നെങ്കിൽ ഞാൻ നിന്നെ ചുംബിക്കുമായിരുന്നില്ല. (ബുഖാരി: 1597)

നടന്നു കൊണ്ട് നബി ﷺ കഅബയെ ത്വവാഫ് ചെയ്തു. ആദ്യത്തെ മൂന്ന് ചുറ്റ് റലും (കാലുകൾ അടുപ്പിച്ചു വെച്ച് വേഗത്തിൽ നടക്കുന്നതിനാണ് റംല് എന്നു പറയുന്നത്) ബാക്കിയുള്ള നാല് ചുറ്റിലും സാധാരണ പോലെ നടക്കുകയും ചെയ്തു. ഓരോ നടത്തത്തിലും ഹജറുൽ അസദിനെയും റുക്നുൽ യമാനിയേയും സ്പർശിക്കുന്നുണ്ടായിരുന്നു. ചുമലിൽ ഉണ്ടായിരുന്ന മുണ്ടു കൊണ്ട് ഇള്ത്വിബാഅ് നടത്തിയിരുന്നു. (മുണ്ടിന്റെ ഇടതു ഭാഗം ചുമലിനു മുകളിലൂടെയും വലതുഭാഗം വലതുകക്ഷത്തിന് അടിയിലൂടെയും ധരിക്കുന്ന രീതിക്കാണ് ഇള്ത്വിബാഅ് എന്നു പറയുന്നത്). മുണ്ടിന്റെ രണ്ടറ്റങ്ങളും ഇടതു ചുമലിലായിരുന്നു ഉണ്ടായിരുന്നത്. ഹജറുൽ അസ്‌വദിന്റെ ഭാഗത്ത് എത്തുമ്പോഴെല്ലാം ജനങ്ങളുടെ ആധിക്യം അവിടെ ഉണ്ടായിരുന്ന കാരണത്താൽ തന്റെ കൈയിലുള്ള വടി കൊണ്ടോ അല്ലെങ്കിൽ കൈ കൊണ്ടോ സ്പർശിക്കുകയും എന്നിട്ട് അതിൽ ചുംബിക്കുകയും ചെയ്തു. ആദ്യത്തെ മൂന്ന് ചുറ്റ് റംല് നടത്തുമ്പോഴും റുക്നുൽ യമാനിക്കും ഹജറുൽ അസ്വദിനും ഇടക്ക് നടക്കുവാൻ നബി ﷺ കൽപ്പിച്ചു. (ബുഖാരി: 1602).

ഹജറുൽ അസ്വദിന്റെയും റുക്നുൽ യമാനിയുടെയും ഇടയിൽ

رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ

റബ്ബനാ ആതിനാ ഫിദ്ദുന്‍യാ ഹസന, വഫില്‍ ആഖിറതി ഹസനത്തന്‍, വഖിനാ അദാബന്നാര്‍.

ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ക്ക്‌ ഈ ലോകത്ത്‌ നീ നന്മ (സല്‍ക്കര്‍മ്മങ്ങള്‍, മാപ്പ്, സൗഖ്യം …) നല്‍കേണമേ. പരലോകത്തും നീ ഞങ്ങള്‍ക്ക് നന്മ (പ്രതിഫലവര്‍ദ്ധനവ്, മാപ്പ്, സ്വര്‍ഗീയ ജീവിതം..) നല്‍കേണമേ. നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ.

എന്ന് പ്രത്യേകം പ്രാർത്ഥിച്ചുകൊണ്ടിരുന്നു. റുക്നുൽ യമാനിയെ നബി ﷺ ചുംബിച്ചതായോ അതിനെ സ്പർശിച്ച കൈ ചുംബിച്ചതായോ ഹദീസുകളിൽ വന്നിട്ടില്ല. റുക്നുൽ യമാനിയും ഹജറുൽ അസ്വദും അല്ലാത്ത മറ്റൊരു സ്ഥലത്തും നബി ﷺ സ്പർശിച്ചിട്ടുമില്ല. (ബുഖാരി: 1609).

ത്വവാഫിൽ നിന്നും വിരമിച്ച ശേഷം മഖാമു ഇബ്റാഹീമിന്റെ പിറകിൽ ചെന്ന് ഈ ആയത്ത് പാരായണം ചെയ്തു:

ﻭَٱﺗَّﺨِﺬُﻭا۟ ﻣِﻦ ﻣَّﻘَﺎﻡِ ﺇِﺑْﺮَٰﻫِۦﻢَ ﻣُﺼَﻠًّﻰ

….ഇബ്രാഹീം നിന്ന് പ്രാര്‍ത്ഥിച്ച സ്ഥാനത്തെ നിങ്ങളും നമസ്കാര (പ്രാര്‍ത്ഥന) വേദിയായി സ്വീകരിക്കുക…… (ഖു൪ആന്‍ :2/125)

ശേഷം അവിടെ നിന്നു കൊണ്ട് രണ്ടു റക്അത്തു നമസ്കരിച്ചു. നബി ﷺയുടെയും കഅ്ബയുടെയും ഇടയിലായിരു മഖാമു ഇബ്റാഹീം ഉണ്ടായിരുന്നത്. മഖാമു ഇബ്റാഹീമിന്റെ പിറകിൽ നിന്നുള്ള നമസ്കാര ശേഷം ഹജറുൽ അസ്വദിന്റെ അടുത്തേക്ക് വീണ്ടും ചെല്ലുകയും അതിനെ സ്പർശിക്കുകയും ചെയ്തു.

മക്കയിലെത്തി ത്വവാഫ് നിർവഹിച്ചതിനു ശേഷം ഹജറുൽ അസ്വദിന്റെ നേരെയുള്ള വാതിലിലൂടെ നബി ﷺ സ്വഫായിലേക്ക് കയറി. സ്വഫാ കുന്നിന്റെ അടുത്തെത്തിയപ്പോൾ നബി ﷺ ഇപ്രകാരം ഓതി:

ﺇِﻥَّ ٱﻟﺼَّﻔَﺎ ﻭَٱﻟْﻤَﺮْﻭَﺓَ ﻣِﻦ ﺷَﻌَﺎٓﺋِﺮِ ٱﻟﻠَّﻪِ ۖ ﻓَﻤَﻦْ ﺣَﺞَّ ٱﻟْﺒَﻴْﺖَ ﺃَﻭِ ٱﻋْﺘَﻤَﺮَ ﻓَﻼَ ﺟُﻨَﺎﺡَ ﻋَﻠَﻴْﻪِ ﺃَﻥ ﻳَﻄَّﻮَّﻑَ ﺑِﻬِﻤَﺎ ۚ ﻭَﻣَﻦ ﺗَﻄَﻮَّﻉَ ﺧَﻴْﺮًا ﻓَﺈِﻥَّ ٱﻟﻠَّﻪَ ﺷَﺎﻛِﺮٌ ﻋَﻠِﻴﻢٌ

തീര്‍ച്ചയായും സ്വഫായും മര്‍വയും മതചിഹ്നങ്ങളായി അല്ലാഹു നിശ്ചയിച്ചതില്‍ പെട്ടതാകുന്നു. കഅ്ബാ മന്ദിരത്തില്‍ ചെന്ന് ഹജ്ജോ ഉംറഃയോ നിര്‍വഹിക്കുന്ന ഏതൊരാളും അവയിലൂടെ പ്രദക്ഷിണം നടത്തുന്നതില്‍ കുറ്റമൊന്നുമില്ല. ആരെങ്കിലും സല്‍കര്‍മ്മം സ്വയം സന്നദ്ധനായി ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു കൃതജ്ഞനും സര്‍വ്വജ്ഞനുമാകുന്നു. (ഖു൪ആന്‍: 2/158)

ശേഷം നബി ﷺ പറഞ്ഞു:

أَبْدَأُ بِمَا بَدَأَ اللهُ بِهِ

അബ്’ദഉ ബിമാ ബദഅല്ലാഹു ബിഹി

അല്ലാഹു ആരംഭിച്ചത് കൊണ്ട് ഞാനും ആരംഭിക്കുന്നു

അങ്ങിനെ സ്വഫാ കൊണ്ട് ആരംഭിച്ചു. കഅ്ബാ കാണുന്നതുവരെ നബി ﷺ അതിനു മുകളിലേക്കു കയറി. കഅബക്ക്നേരെ തിരിഞ്ഞുനിന്ന് لَا إِلَهَ إِلَّا اللهُ اللهُ أَكْـبَر (ലാ ഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍) എന്ന് പറഞ്ഞു.

ശേഷം ഇപ്രകാരം പ്രാർഥിച്ചു:

لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كَلِّ شَىْءٍ قَدِيرٌ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ أَنْجَزَ وَعْدَهُ وَنَصَرَ عَبْدَهُ وَهَزَمَ الأَحْزَابَ وَحْدَهُ

ലാ ഇലാഹ ഇല്ലല്ലാഹു. വഹ്ദഹു ലാ ശരീക ലഹു, ലഹുൽ മുൽകു വലഹുൽ ഹംദു, വഹുവ അലാ കുല്ലി ശൈഇൻ ക്വദീർ, ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു, അൻജസ വഅ്ദഹു, വ നസ്വറ അബ്ദഹു, വ ഹസമൽ അഹ്‌സാബ വഹ്ദഹു

യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരം അവനാണ്. എല്ലാ സ്തുതിയും നന്ദിയും അവനാണ്. അവന്‍ (അല്ലാഹു) സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവനാണ്. യാഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ (അല്ലാഹു) ഏകനാണ്. അവന്‍ തന്റെ വാഗ്ദാനം പാലിച്ചു. അവന്‍ തന്റെ അടിമയെ സഹായിച്ചു. ശത്രു സേനകളെ അവന്‍ ഒറ്റക്ക് പരാജയപ്പെടുത്തി

ശേഷം നബി ﷺ പ്രാർത്ഥിച്ചു. വീണ്ടും ദിക്റ് ചൊല്ലുകയും പ്രാർത്ഥന നിർവഹിക്കുകയും ചെയ്തു. ഇത് മൂന്നു തവണ ആവർത്തിച്ചു. ശേഷം മർവയിലേക്ക് ഇറങ്ങി നടന്നു. അല്പം താഴെയുള്ള താഴ്വരയിൽ എത്തിയപ്പോൾ റംല് നടത്തി (ഈ ഭാഗം ഇന്ന് പച്ച ലൈറ്റുകളാൽ വേർതിരിച്ചു വെച്ചിട്ടുണ്ട്) ‘ഓടിക്കൊണ്ടല്ലാതെ ഈ താഴ്വര മുറിച്ച് കടക്കരുത് എന്ന് നബി ﷺ തന്റെ അനുചരന്മാരോട് പറയുകയും ചെയ്തു. താഴ്വര കഴിഞ്ഞപ്പോൾ സാധാരണ പോലെ നടക്കുകയും മർവയിൽ എത്തിച്ചേരുകയും ചെയ്തു. അതിന്റെയും മുകളിൽ കയറി ഖിബ്ലക്ക് അഭിമുഖമായി നിന്നു. സഫയിൽ നിർവഹിച്ച അതേ ദിക്റുകളും പ്രാർഥനകളും അവിടെയും നിർവഹിച്ചു. (എന്നാൽ ഇന്നസ്സ്വഫാ വൽ മർവത എന്നുള്ള ആയത്ത് ഇവിടെ പാരായണം ചെയ്യേണ്ടതില്ല). തവാഫുൽ ഖുദൂമും സ്വഫാ-മർവക്കിടയിലുള്ള സഅ്‌യും നടന്നു കൊണ്ടാണ് നബി ﷺ നിർവഹിച്ചത്. എന്നാൽ പിന്നീട് തന്റെ ചുറ്റും ആളുകൾ വർദ്ധിച്ചപ്പോൾ ഒട്ടകപ്പുറത്ത് കയറുകയുണ്ടായി.

സ്വഫാ മർവക്കിടയിലുള്ള 7 തവണ നടത്തം പൂർത്തിയായപ്പോൾ മർവയിൽ നിന്നു കൊണ്ട് സഹാബിമാരോട് നബി ﷺ പറഞ്ഞു:

أَحِلُّوا مِنْ إِحْرَامِكُمْ بِطَوَافِ الْبَيْتِ وَبَيْنَ الصَّفَا وَالْمَرْوَةِ، وَقَصِّرُوا ثُمَّ أَقِيمُوا حَلاَلاً، حَتَّى إِذَا كَانَ يَوْمُ التَّرْوِيَةِ فَأَهِلُّوا بِالْحَجِّ، وَاجْعَلُوا الَّتِي قَدِمْتُمْ بِهَا مُتْعَةً ‏”‏‏.‏ فَقَالُوا كَيْفَ نَجْعَلُهَا مُتْعَةً وَقَدْ سَمَّيْنَا الْحَجَّ فَقَالَ ‏”‏ افْعَلُوا مَا أَمَرْتُكُمْ، فَلَوْلاَ أَنِّي سُقْتُ الْهَدْىَ لَفَعَلْتُ مِثْلَ الَّذِي أَمَرْتُكُمْ، وَلَكِنْ لاَ يَحِلُّ مِنِّي حَرَامٌ حَتَّى يَبْلُغَ الْهَدْىُ مَحِلَّهُ ‏”‏‏.‏ فَفَعَلُوا‏.‏

സഫാ-മര്‍വക്കിടയിലെ നടത്തവും കഅബയെ പ്രദക്ഷിണവും ചെയ്തു നിങ്ങള്‍ ഇഹ്റാമില്‍ നിന്ന് വിരമിക്കുവീന്‍ . നിങ്ങള്‍ മുടി വെട്ടുവീന്‍ . ദുല്‍ഹജ്ജ് എട്ടുവരേക്കും ഇഹ്റാമില്‍ നിന്ന് മുക്തരായിക്കൊണ്ട് ജീവിച്ചുകൊളളുക. (ഹജ്ജിന്റെ) യൗമുത്തർവ്വിയ ദിവസം വരുമ്പോൾ ഹജ്ജിന് ഇഹ്റാം കെട്ടുക. നിങ്ങള്‍ ആദ്യം കെട്ടിയ ഇഹ്റാം തമത്തുഇല്‍ അവസാനിപ്പിക്കുക. അപ്പോള്‍ അവര്‍ ചോദിച്ചു. എങ്ങനെയാണ് ഞങ്ങളതു തമത്തു ആക്കുക. ഹജ്ജ് എന്നു പറഞ്ഞുകൊണ്ടാണല്ലോ ഇഹ്റാം കെട്ടിയിട്ടുള്ളത്? നബി ﷺ പറഞ്ഞു: ഞാന്‍ നിങ്ങളോട് നിര്‍ദ്ദേശിച്ചതുപോലെ പ്രവര്‍ത്തിക്കുക. ബലി മൃഗങ്ങളെ കൊണ്ടു വന്നില്ലെങ്കില്‍ നിങ്ങളോട് കല്‍പ്പിച്ചതുപോലെ ഞാന്‍ പ്രവര്‍ത്തിക്കുമായിരുന്നു. ബലി അതിന്‍റെ സന്ദര്‍ഭത്തില്‍ നിര്‍വ്വഹിക്കും വരേക്കും ഞാന്‍ ഇഹ്റാമില്‍ നിന്ന് വിരമിക്കുകയില്ല. അപ്പോൾ സ്വഹാബികൾ അപ്രകാരം ചെയ്തു. (ബുഖാരി: 1568)

ചില സ്വഹാബികളുടെ ഹൃദയത്തിന് ഇത് ഇടുക്കും ഉണ്ടാക്കി. ഹജ്ജിനെ ഉറയിലേക്ക് മാറ്റിയത്. അവർക്ക് വലിയ പ്രയാസം ഉണ്ടാക്കി. കാരണം ഹജ്ജ് മാസങ്ങളിൽ ഉംറ നിർവഹിക്കുന്നത് വലിയ പാപമായിക്കൊണ്ടാണ് ആദ്യകാല മുശ്രികുകൾ കരുതിയിരുന്നത്. ജാഹിലിയ്യാ കാലഘട്ടത്തിലെ ഈ വിശ്വാസത്തെ തകർത്തുകളയൽ കൂടി നബി ﷺ യുടെ ലക്ഷ്യമായിരുന്നു. അതു കൊണ്ടാണ് ‘ഞാൻ കൽപിച്ചതു പോലെ നിങ്ങൾ ചെയ്തു കൊള്ളുക’ എന്ന് ശക്തമായ രൂപത്തിൽ തന്നെ പറഞ്ഞത്.

ഇസ്ലാം കൽപ്പിച്ച ഒരു വിഷയം ചെയ്യുന്നതിനെ തൊട്ട് അവരുടെ മനസ്സിൽ ഉണ്ടാകുന്ന പ്രയാസത്തെ നീക്കം ചെയ്യുവാനാണ് നബി ﷺ അവരോട് ശക്തമായി പറഞ്ഞതും പ്രവാചകന്റെ കൽപ്പന ചില സ്വഹാബിമാർക്ക് പ്രയാസമായി തോന്നിയപ്പോൾ അവരോട് ദേഷ്യപ്പെട്ടതും. ഇമാം ബുഖാരിയുടെ 1564-ാം നമ്പർ ഹദീസിൽ മക്കാ മുശ്രികുകളുടെ ഈ വിശ്വാസത്തെ കുറിച്ച് നമുക്ക് കാണുവാൻ സാധിക്കും. ഇതിനു ശേഷം നബി തന്റെ സഹാബിമാരോട് ഇപ്രകാരം പറഞ്ഞു കൊടുത്തു.

قَدْ عَلِمْتُمْ أَنِّي أَتْقَاكُمْ لِلَّهِ وَأَصْدَقُكُمْ وَأَبَرُّكُمْ وَلَوْلاَ هَدْيِي لَحَلَلْتُ كَمَا تَحِلُّونَ فَحِلُّوا فَلَوِ اسْتَقْبَلْتُ مِنْ أَمْرِي مَا اسْتَدْبَرْتُ مَا أَهْدَيْتُ ‏”‏‏.‏ فَحَلَلْنَا وَسَمِعْنَا وَأَطَعْنَا‏.‏

അല്ലാഹുവിനോട് ഏറ്റവും തഖ്‌വ ഉള്ളവനും സത്യസന്ധനും പുണ്യം ചെയ്യുന്നവനും ഞാനാണെന്ന് നിങ്ങൾക്കറിയാം. എന്റെ കൂടെ ബലിമൃഗം ഇല്ലായിരുന്നുവെങ്കിൽ നിങ്ങൾ ഇഹ്റാമിൽ നിന്ന് ഒഴിവാകുന്നത് പോലെ ഞാനും ഒഴിവാകുമായിരുന്നു. പിന്നീടുണ്ടായ കാര്യങ്ങൾ ഞാൻ മുൻകൂട്ടി അറിഞ്ഞിരുന്നു എങ്കിൽ ഞാനും ബലിമൃഗത്തെ കൊണ്ടുവരുമായിരുന്നില്ല. (സഹാബികൾ പറഞ്ഞു) ഞങ്ങൾ ഇഹ്റാമിൽ നിന്ന് ഒഴിവാകുകയാണ്. ഞങ്ങൾ കേട്ടിരിക്കുന്നു അനുസരിച്ചിരിക്കുന്നു. (ബുഖാരി:7367)

ഹജ്ജ് ഉംറയിലേക്ക് മാറ്റുവാൻ നബി ആവശ്യപ്പെട്ടതിന് ശേഷം സുറാഖത്തുബ്നു മാലിക് رَضِيَ اللَّهُ عَنْه ചോദിച്ചു: ‘അല്ലാഹുവിന്റെ പ്രവാചകരെ, ഈ നിയമം ഈ വർഷത്തിലേക്ക് ഉള്ളതാണോ അതോ എന്നന്നേക്കും ഉള്ളതാണോ?’ നബി ﷺ തന്റെ വിരലുകൾ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു: ‘ഉംറ ഹജ്ജിൽ പ്രവേശിച്ചു’. ഇത് രണ്ടു തവണ ആവർത്തിച്ചു. എന്നിട്ട് പറഞ്ഞു: ‘ഇത് എന്നെന്നേക്കുമുള്ള നിയമമാണ്. (ബുഖാരി. 7230, മുസ്ലിം 1218).

ഉംറ നിർവഹിച്ചതിനു ശേഷം മക്കയുടെ കിഴക്കു ഭാഗത്തുള്ള താഴ്വരയിലേക്ക് (അബ്ത്വഹ്) നബി ﷺ ഇറങ്ങി വന്നു. ഞായറാഴ്ച ദിവസത്തിലാണ് ഉംറ നടക്കുന്നതെന്ന് പറഞ്ഞുവല്ലോ.  ഈ ദിവസത്തിന്റെ ബാക്കിയുള്ള സമയവും തിങ്കൾ ചൊവ്വ, ബുധൻ എന്നീ ദിവസങ്ങളും അവിടെത്തന്നെ താമസിച്ചു. വ്യാഴാഴ്ച ദിവസം സുബ്ഹി നമസ്കാരം വരെ അവിടെ തന്നെയായിരുന്നു. എല്ലാ നമസ്കാരങ്ങളും സ്വഹാബികളെക്കൊണ്ട് ജമാഅത്തായിട്ടാണ് നിർവഹിച്ചത്. അറഫയിൽ നിന്ന് മടങ്ങി വരുന്നതു വരെ പിന്നീട് നബി ﷺ കഅബയുടെ ഭാഗത്തേക്ക് വന്നിട്ടില്ല. (ബുഖാരി 1625)

കഅ്ബക്കു ചുറ്റുമുള്ള തവാഫ് ഉംറ അല്ലാത്ത സന്ദർഭങ്ങളിലും സുന്നത്താണ്. എന്നാൽ ഇത് നിർബന്ധമാണ് എന്ന് ജനങ്ങൾ തെറ്റിദ്ധരിച്ചേക്കുമോ എന്ന ഭയത്താൽ ഈ കാലയളവിൽ നബി ﷺ ത്വവാഫ് ചെയ്തിട്ടില്ല. ഉമ്മത്തിന് ലഘൂകരണം ഉണ്ടാക്കാനായിരുന്നു നബി ﷺ ഇഷ്ടപ്പെട്ടിരുന്നത്. ഹജ്ജ് തുടങ്ങുന്ന ദിവസം വരെയും അബ്ത്വഹിൽ തന്നെയാണ് നബി ﷺ താമസിച്ചത്. ഈ ദിവസങ്ങളിലെല്ലാം നമസ്കാരം ചുരുക്കിക്കൊണ്ടായിരുന്നു നിർവഹിച്ചിരുന്നത്. എന്നാൽ ജംആക്കിയിട്ടില്ല. ഓരോന്നും അതിൻറെ സമയങ്ങളിൽ നിർവഹിച്ചു. (ബുഖാരി 187: മുസ്ലിം: 503)

ഈ സമയത്താണ് യമനിൽ നിന്നും അലിയ്യുബ്നു അബീത്വാലിബ് رضى الله عنه വരുന്നത്. ഹജ്ജിന്റെ ഇഹ്റാമിലായിരുന്നു അദ്ദേഹം വന്നിട്ടുണ്ടായിരുന്നത്. കൂടെ ബലിമൃഗവും ഉണ്ടായിരുന്നു. “നബി ﷺ കൊണ്ടുവന്നതും അലി رضى الله عنه കൊണ്ടുവന്നതുമായ ബലിമൃഗങ്ങൾ ഒരുമിച്ച് കൂടിയപ്പോൾപ്പോൾ അതു 100 ഒട്ടകങ്ങളായിരുന്നു. (മുസ്ലിം 1218). നബി അബ്തഹിലായിരിക്കെ തന്നെയാണ് അബൂമൂസൽ അശ്അരിയും യമനിൽ നിന്നും വന്നത്. “അദ്ദേഹത്തോട് നബി ﷺ ചോദിച്ചു; നിങ്ങൾ ബലിമൃഗം കൂടെ കൊണ്ടു വന്നിട്ടുണ്ടോ? അദ്ദേഹം പറഞ്ഞു. ഇല്ല പ്രവാചകരെ. അപ്പോൾ നബി ﷺ പറഞ്ഞു. നിങ്ങൾ കഅ്ബ ത്വവാഫ് ചെയ്യുക. സഫാ മർവക്കിടയിൽ സഅയ് നടത്തുക. ശേഷം ഇഹ്റാമിൽ നിന്ന് ഒഴിവാകുകയും ചെയ്യുക. (ബുഖാരി: 4346. മുസ്ലിം: 1221)

ദുൽഹജ്ജ് 8

ദുൽഹജ്ജ് മാസം എട്ടാം തീയതി നബി ﷺ തന്റെ കൂടെയുള്ളവരെയും കൊണ്ട് മിനായിലേക്ക് പുറപ്പെട്ടു. വ്യാഴാഴ്ച ദിവസം ദുഹാ സമയത്തായിരുന്നു അത്. നബി ﷺ ഇഹ്റാമിൽ തന്നെയാണുള്ളത്. എന്നാൽ ഉംറ കഴിഞ്ഞ് ഇഹ്റാം അഴിച്ചു വെച്ചവർ ഈ ദിവസത്തിൽ വീണ്ടും ഹജ്ജിന്റെ ഇഹ്റാമിൽ പ്രവേശിച്ചു. നബി ﷺ യും സ്വഹാബിമാരും മിനായിൽ എത്തി. ളുഹ്റും അസ്റും മഗ്രിബും ഇശാഉം അതാത് സന്ദർഭങ്ങളിൽ നിർവഹിച്ചു. നാല് റക്അത്തുള്ള നമസ്കാരങ്ങൾ രണ്ട് റക്അത്താക്കി കൊണ്ട് ചുരുക്കിയാണ് നിർവഹിച്ചത്. ഒരു ദിവസം മിനായിൽ താമസിച്ച ശേഷം ദുൽഹജ്ജ് ഒമ്പതിന് സുബ്ഹി നമസ്കരിച്ചു. ശേഷം സൂര്യോദയം വരെ കാത്തു നിന്നു. അന്ന് വെള്ളിയാഴ്ചയായിരുന്നു.

ദുൽഹജ്ജ് 9

സൂര്യൻ ഉദിച്ചതിനു ശേഷം നബി ﷺ അറഫയിലേക്ക് നീങ്ങി. അറഫയിൽ നബി ﷺക്ക് വേണ്ടി ഒരു ടെന്റ് ഉണ്ടാക്കുവാൻ കൽപ്പിച്ചു. ഹറം പ്രദേശത്തിന്റെ പുറത്തായിരുന്നു അത്. അതായത് ഹറാം പ്രദേശം അവസാനിക്കുകയും അറഫയിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നതിന്റെ ഇടക്കുള്ള സ്ഥലം. ‘ള്വബ്ബ്’ എന്ന പേരിൽ അറിയപ്പെടുന്ന സ്ഥലത്ത് കൂടെയായിരുന്നു നബി ﷺ അറഫയിലേക്ക് പോയത്.

നബി ﷺയുടെ കൂടെയുണ്ടായിരുന്ന സ്വഹാബിമാരിൽ ചിലർ തൽബിയത് ചൊല്ലുകയായിരുന്നു. മറ്റുചിലർ തക്ബീർ മുഴക്കുകയായിരുന്നു. നബി ﷺ ആരെയും എതിർത്ത് സംസാരിച്ചിട്ടില്ല. അറഫയിൽ എത്താറായപ്പോൾ നബി ﷺക്ക് വേണ്ടി ഉണ്ടാക്കപ്പെട്ട ടെന്റ് കണ്ടു. നബി ﷺ അവിടെ ഇറങ്ങി. സൂര്യൻ മധ്യത്തിൽ നിന്നും നീങ്ങിയപ്പോൾ തന്റെ ഒട്ടകമായ ഖസ്വാഅ് കൊണ്ടുവരാൻ ആവശ്യപ്പെടുകയുംഅതിന്റെ പുറത്തുകയറി മുന്നോട്ട് നീങ്ങുകയും ചെയ്തു. ‘ഉർന’ താഴ്വരയിൽ എത്തിയപ്പോൾ നബി തന്റെ വാഹനപ്പുറത്ത് ഇരുന്നു കൊണ്ട് ഉജ്ജ്വലമായ ഒരു പ്രഭാഷണം സ്വഹാബികൾക്ക് വേണ്ടി നടത്തി. ഇസ്ലാമിലെ അടിസ്ഥാന നിയമങ്ങൾ അതിൽ ഉറപ്പിച്ചു പറഞ്ഞു. ശിർക്കിന്റെ അടിസ്ഥാനങ്ങളെയും ജാഹിലിയ്യാ സ്വഭാവങ്ങളെയും അതിൽ തകർത്തെറിഞ്ഞു. നബി ﷺ നടത്തിയ ആ പ്രഭാഷണം പല സ്വഹാബികളിൽ നിന്നും നിവേദനം ചെയ്യുന്ന ഹദീസുകളിൽ കാണുവാൻ സാധിക്കും.

പ്രസംഗം കഴിഞ്ഞപ്പോൾ ളുഹ്റിന്റെ ബാങ്ക് വിളിച്ചു. ശേഷം ഇഖാമത്ത് വിളിച്ചു ളുഹ്ർ നമസ്കരിച്ചു. വീണ്ടും ഇഖാമത്ത് വിളിച്ച് അസ്ർ നമസ്കരിച്ചു. അവയ്ക്കിടയിൽ മറ്റു സുന്നത്തുകളൊന്നും നിർവചിച്ചിട്ടില്ല. “അതിനു ശേഷം തന്റെ ഒട്ടകപ്പുറത്ത് കയറി അറഫയിൽ നിൽക്കുന്ന സ്ഥലത്ത് എത്തി. ഒട്ടകത്തിന്റെ പള്ള ഭാഗം അറഫയിൽ ഉള്ള പാറകൾക്ക് നേരെയാക്കി നിർത്തി. എന്നിട്ട് നബി ﷺ ഖിബ്ലക്കഭിമുഖമായി നിന്നു. സൂര്യാസ്തമയം വരെ ഈ നിർത്തം തുടർന്നു. (മുസ്ലിം; 1218)

عَنْ أُمِّ الْفَضْلِ بِنْتِ الْحَارِثِ أَنَّ نَاسًا تَمَارَوْا عِنْدَهَا يَوْمَ عَرَفَةَ فِي صَوْمِ النَّبِيِّ صلى الله عليه وسلم فَقَالَ بَعْضُهُمْ هُوَ صَائِمٌ‏.‏ وَقَالَ بَعْضُهُمْ لَيْسَ بِصَائِمٍ‏.‏ فَأَرْسَلَتْ إِلَيْهِ بِقَدَحِ لَبَنٍ وَهْوَ وَاقِفٌ عَلَى بَعِيرِهِ فَشَرِبَهُ‏.‏

ഹാരിസിന്റെ മകൾ ഉമ്മുൽ ഫള്‌ൽ ആയിശ رَضِيَ اللَّهُ عَنْها യിൽ നിന്നും നിവേദനം. അറഫ ദിവസത്തിലെ നബി ﷺ യുടെ നോമ്പിനെ കുറിച്ച് ചില ആളുകൾ അവർക്ക് മുമ്പിൽ വെച്ച് തർക്കിച്ചു. നബി ﷺ നോമ്പുകാരനായിരുന്നു എന്ന് ചില ആളുകളും നബി ﷺ നോമ്പ് എടുത്തിട്ടില്ല എന്ന് മറ്റു ചില ആളുകളും പറഞ്ഞു. ഈ സന്ദർഭത്തിൽ ഉമ്മുൽ ഫള്ൽ رَضِيَ اللَّهُ عَنْها  ഒരു പാത്രം പാൽ നബി ﷺ ക്ക് കൊടുത്തയച്ചു. നബി ﷺ അറഫയിൽ നിൽക്കെ ആ പാൽ വാങ്ങി കുടിക്കുകയും ചെയ്തു. (ബുഖാരി: 1988)

ജാബിറുബ്നു അബ്ദില്ല رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: (അറഫാ ദിവസത്തിൽ) നബി ﷺ ഇപ്രകാരം പറഞ്ഞു: അറഫയിൽ എവിടെയും നിൽക്കാവുന്നതാണ്. ‘ഉറന’ താഴ്വരയിൽ നിന്നും മാറി നിൽക്കുക’. (അഹ്മദ്: 16751)

قَالَتْ عَائِشَةُ إِنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ “‏ مَا مِنْ يَوْمٍ أَكْثَرَ مِنْ أَنْ يُعْتِقَ اللَّهُ فِيهِ عَبْدًا مِنَ النَّارِ مِنْ يَوْمِ عَرَفَةَ وَإِنَّهُ لَيَدْنُو ثُمَّ يُبَاهِي بِهِمُ الْمَلاَئِكَةَ فَيَقُولُ مَا أَرَادَ هَؤُلاَءِ ‏”‏‏.‏

ആയിശ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം: അറഫാ ദിനത്തിൽ അല്ലാഹു അടിമകളെ നരകത്തിൽ നിന്നും കൂടുതലായി മോചിപ്പിക്കുന്നതു പോലെ മറ്റൊരു ദിവസം ഇല്ല. അന്ന് അല്ലാഹു അടുത്തു വരും. തന്റെ മലക്കുകളോട് ഇപ്രകാരം ചോദിക്കും; എന്റെ അടിമകൾ എന്താണ് ആഗ്രഹിക്കുന്നത്. (മുസ്ലിം: 1348).

ഇസ്ലാമിന്റെ പൂർത്തീകരണം അറിയിച്ചുകൊണ്ടുള്ള വചനം അവതരിച്ചത് നബി ﷺ അറഫയിൽ ആയിരിക്കെയാണ്.

الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا

ഇന്ന്‌ ഞാൻ നിങ്ങൾക്ക്‌ നിങ്ങളുടെ മതം പൂർത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങൾക്ക്‌ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാൻ നിങ്ങൾക്ക്‌ തൃപ്തിപ്പെട്ടു തന്നിരിക്കുന്നു. (ഖു൪ആന്‍: 5/3)

ഈ ആയത്ത് കേട്ടപ്പോൾ ഉമറുബ്നുൽ ഖത്വാബ് رضى الله عنه കരഞ്ഞു. ഇതിലൂടെ നബി ﷺയുടെ മരണത്തെ കുറിച്ച് മനസ്സിലാക്കിയത് പോലെയായിരുന്നു. അദ്ദേഹം. ഈ ആയത്തിൽ നബി ﷺയുടെ മരണവാർത്ത ഉണ്ട് എന്നത് പോലെയായിരുന്നു ഉമർ رضى الله عنه വിന് മനസ്സിലായത്. ആയത്തിന്റെ അവതരണത്തിന് ശേഷം 80 ദിവസം കഴിഞ്ഞാണ് നബി ﷺ മരണപ്പെടുന്നത്.

അറഫയിൽ വെച്ചുള്ള നിരന്തരമായ പ്രാർത്ഥനയ്ക്കു ശേഷം സൂര്യൻ അസ്തമിക്കുകയും അതിന്റെ പ്രകാശമെല്ലാം മറഞ്ഞുവെന്ന് ഉറപ്പുവരുത്തുകയും ചെയ്ത ശേഷം മുസ്ദലിഫയിലേക്കു നീങ്ങി. ‘മഅ്സമീൻ’ വഴിയാണ് നബി മുസ്ദലിഫയിലേക്ക് പോയത്. പോകുന്ന വഴിയിൽ തൽബിയത്ത് ചൊല്ലിക്കൊണ്ടിരുന്നു. നബിയുടെ പിറകിൽ ഉസാമതുബ്നു സൈദ് رضى الله عنه  വും ഉണ്ടായിരുന്നു.

വളരെ ശാന്തമായിക്കൊണ്ടായിരുന്നു അറഫയിൽ നിന്നും നബി നടന്നു നീങ്ങിയത്. തന്റെ ഒട്ടകത്തെ കൊണ്ട് മറ്റുള്ള ആളുകൾക്ക് പ്രയാസം ഉണ്ടാകാതിരിക്കാൻ അതിന്റെ കടിഞ്ഞാൺ തന്നിലേക്ക് അണച്ച് പിടിച്ചിരുന്നു.

عَنِ ابْنُ عَبَّاسٍ ـ رضى الله عنهما ـ أَنَّهُ دَفَعَ مَعَ النَّبِيِّ صلى الله عليه وسلم يَوْمَ عَرَفَةَ فَسَمِعَ النَّبِيُّ صلى الله عليه وسلم وَرَاءَهُ زَجْرًا شَدِيدًا وَضَرْبًا وَصَوْتًا لِلإِبِلِ فَأَشَارَ بِسَوْطِهِ إِلَيْهِمْ وَقَالَ ‏ “‏ أَيُّهَا النَّاسُ عَلَيْكُمْ بِالسَّكِينَةِ، فَإِنَّ الْبِرَّ لَيْسَ بِالإِيضَاعِ ‏”‏‏.

ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം നബി ﷺയോടൊപ്പം അറഫയിൽ നിന്നും നീങ്ങിത്തുടങ്ങിയപ്പോൾ പിറകിൽ നിന്നും ജനങ്ങളുടെ ശബ്ദങ്ങളും ഒട്ടകങ്ങളെ തെളിക്കുന്ന ശബ്ദ കോലാഹലങ്ങളും കേട്ടു. ഈ സന്ദർഭത്തിൽ നബി ﷺ തന്റെ കയ്യിൽ ഉള്ള വടി അവർക്ക് നേരെ ചൂണ്ടിക്കൊണ്ട് പറഞ്ഞു: ‘അല്ലയോ ജനങ്ങളെ നിങ്ങൾ ശാന്തത പാലിക്കുക. തിക്കും തിരക്കും കൂട്ടി മൃഗങ്ങളെ തെളിക്കുന്നതിൽ അല്ല പുണ്യം ഉള്ളത്. (ബുഖാരി: 1671).

നബി ﷺ സാവകാശം നടന്നു നീങ്ങി. നടക്കുന്ന സന്ദർഭത്തിൽ ജനങ്ങളുടെ വിടവുകൾ കണ്ടാൽ വേഗത്തിൽ അതിലേക്ക് പ്രവേശിക്കും. നീണ്ടു നിൽക്കുന്ന മണൽ തിട്ടുകൾ കണ്ടാൽ തന്റെ ഒട്ടകത്തിന് സൗകര്യ പ്രകാരം നടക്കാൻ വേണ്ടി അതിന്റെ കടിഞ്ഞാന് അൽപ്പം നീട്ടി കൊടുക്കും.

മുസ്ദലിഫയിലേക്കുള്ള വഴിയിൽ രണ്ടു മലകൾക്കിടയിൽ ഇടുങ്ങിയ പ്രദേശത്ത് എത്തിയപ്പോൾ നബി ﷺ തന്റെ വാഹനപ്പുറത്ത് നിന്ന് ഇറങ്ങുകയും മൂത്രമൊഴിക്കുകയും ലഘുവായ നിലക്ക് വുളൂഅ് നിർവഹിക്കുകയും ചെയ്തു. അപ്പോൾ ഉസാമതുബ്നു സൈദ് رضى الله عنه ചോദിച്ചു; നമസ്കരിക്കുവാനാണോ അല്ലാഹുവിന്റെ പ്രവാചകരെ ? നബി ﷺ പറഞ്ഞു: നമസ്കാരം ഇനിയും മുന്നോട്ടു പോയതിനു ശേഷമാണ്. (ബുഖാരി 1669, മുസ്ലിം 1280). (മുസ്ദലിഫയിൽ എത്തിയതിനു ശേഷമാണ് മഗ്രിബും ഇശാഉം ജംഉം ഖസ്റും ആക്കി നമസ്കരിക്കേണ്ടത്. മഗ്‌രിബ് ഖസ്റാക്കുകയില്ല)

ശേഷം നബി ﷺ തന്റെ ഒട്ടകപ്പുറത്ത് കയറി വീണ്ടും മുന്നോട്ടു നീങ്ങി. “മുസ്ദലിഫയിൽ എത്തിയതിനു ശേഷം നബി ﷺഇറങ്ങുകയും പരിപൂർണ്ണമായി വുളു നിർവഹിക്കുകയും ചെയ്തു. ഇഖാമത് വിളിച്ച് മഗ്‌രിബ് നമസ്കരിച്ചു. ശേഷം സ്വഹാബികൾ എല്ലാവരും അവനവന്റെ സ്ഥാനങ്ങളിൽ ഒട്ടകങ്ങളെ മുട്ട് കുത്തിച്ചു. പിന്നീട് ഇഖാമത്തു വിളിച്ച് ഇശാഅ് നമസ്കരിച്ചു. മഗ്രിബിനും ഇശാക്കുമിടയിൽ മറ്റു (സുന്നത്ത് നമസ്കാരങ്ങളൊന്നും നിർവഹിച്ചിട്ടില്ല.” (ബുഖാരി: 139).

ശേഷം നബി ﷺ ഉറങ്ങി. (ആരാധനകൾ കൊണ്ടോ മറ്റോ) ഈ രാത്രിയെ ജീവിപ്പിച്ചതായി സ്വഹീഹായ ഹദീസുകളിൽ വന്നിട്ടില്ല. എന്നാൽ രാത്രിയിൽ തഹജ്ജുദ് നമസ്കരിച്ചിട്ടുണ്ട്. രാത്രിയുടെ പകുതി കഴിഞ്ഞ് ചന്ദ്രൻ മറഞ്ഞപ്പോൾ സ്ത്രീകൾക്കും കുട്ടികൾക്കും മറ്റ് ദുർബലരായ ആളുകൾക്കും മുസ്ദലിഫയിൽ നിന്നും മിനായിലേക്ക് പോകാനുള്ള അനുവാദം നൽകി.

عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ نَزَلْنَا الْمُزْدَلِفَةَ فَاسْتَأْذَنَتِ النَّبِيَّ صلى الله عليه وسلم سَوْدَةُ أَنْ تَدْفَعَ قَبْلَ حَطْمَةِ النَّاسِ، وَكَانَتِ امْرَأَةً بَطِيئَةً، فَأَذِنَ لَهَا، فَدَفَعَتْ قَبْلَ حَطْمَةِ النَّاسِ، وَأَقَمْنَا حَتَّى أَصْبَحْنَا نَحْنُ، ثُمَّ دَفَعْنَا بِدَفْعِهِ،‏.‏

ആഇശ رَضِيَ اللَّهُ عَنْها വിൽ നിന്ന് നിവേദനം: അവർ പറയുന്നു: ഞങ്ങൾ മുസ്ദലിഫയിൽ ഇറങ്ങി. ജനങ്ങളുടെ തിരക്ക് കൂടുന്നതിന് മുമ്പ് മുസ്ദലിഫ വിട്ടുപോകുവാൻ സൗദ നബി ﷺ യോട് അനുവാദം ചോദിച്ചു. വളരെ സാവകാശം നടക്കുന്ന സ്ത്രീയായിരുന്നു സൗദ . നബി ﷺ അവർക്ക് അനുവാദം കൊടുത്തു. അങ്ങിനെ ജനങ്ങളുടെ തിരക്ക് വരുന്നതിനു മുമ്പ് അവർ മുസ്ദലിഫയിൽ നിന്നും പോയി. ഞങ്ങൾ നേരം പുലരുവോളം മുസ്ദലിഫയിൽ തന്നെ നിന്നു. നബി ﷺ യോടൊപ്പമാണ് ഞങ്ങൾ പോയത്…(ബുഖാരി: 1681)

عَنِ ابْنُ عَبَّاسٍ ـ رضى الله عنهما ـ قَالَ: أَنَا مِمَّنْ، قَدَّمَ النَّبِيُّ صلى الله عليه وسلم لَيْلَةَ الْمُزْدَلِفَةِ فِي ضَعَفَةِ أَهْلِهِ‏.‏

ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു. തന്റെ കുടുംബത്തിലെ ദുർബലരോടൊപ്പം പോയ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു. (ബുഖാരി: 1678 മുസ്ലിം 1293)

ദുൽഹജ്ജ് 10

ദുൽഹജ്ജ് പത്തിന് മുസ്ദലിഫയിൽ വെച്ച് നേരം പുലർന്നു. ബാങ്കും ഇഖാമത്തും വിളിച്ച് സ്വഹാബികളെയും കൊണ്ട് സുബഹി നമസ്കരിച്ചു. ശേഷം നബി ﷺ തന്റെ ഒട്ടകപ്പുറത്ത് കയറി മശ്അറുൽ ഹറാമിലേക്ക് വന്നു. അവിടെ നിന്നു കൊണ്ട് ഖിബ്ലക്കഭിമുഖമായി സുദീർഘമായി പ്രാർത്ഥിച്ചു. അല്ലാഹുവിനെ വാഴ്ത്തുകയും തക്ബീർ (അല്ലാഹു അക്ബർ) ചൊല്ലുകയും ചെയ്തു. സൂര്യനുദിക്കുന്നതിനു മുന്പ് വെളിച്ചം നന്നായി വരുന്നതുവരെ പ്രാർത്ഥനയിൽ തന്നെ നിന്നു. മശ്അറുൽ ഹറാമിൽ നിൽക്കുമ്പോൾ നബി ﷺ സ്വഹാബിമാരോട് ഇപ്രകാരം പറഞ്ഞു. “ഞാൻ ഇവിടെ നിന്നു (എന്ന് മാത്രം). മുസ്ദലിഫയിൽ എവിടെയും നിൽക്കാവുന്നതാണ്.” (മുസ്ലിം:1218)

മുസ്ദലിഫയിൽ നിന്നും മിനായിലേക്കുള്ള യാത്രയിലാണ് നബി ﷺ തനിക്ക് എറിയാനാവശ്യമായ കല്ല് പെറുക്കി എടുത്തത്.

ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:അദ്ദേഹം പറയുന്നു: “മുസ്ദലിഫയിൽ വെച്ച് ബലിയുടെ ദിവസം രാവിലെ പ്രവാചകൻ എന്നോട് പറഞ്ഞു: ‘വരൂ എനിക്ക് കല്ല് പെറുക്കിത്തരൂ. ഞാൻ നബി ﷺക്കാവശ്യമായ കല്ലുകൾ എടുത്തു കൊടുത്തു. നബി ﷺ അവകൾ തന്റെ കയ്യിൽ വെച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു: ‘അതെ ഇത്തരം കല്ലുകൾ കൊണ്ടാണ് എറിയേണ്ടത്. മതത്തിൽ അതിരു കവിയുന്നതിനെ നിങ്ങൾ സൂക്ഷിക്കുക. മതത്തിൽ അതിരു കവിഞ്ഞതാണ് നിങ്ങൾക്ക് മുമ്പുള്ള സമൂഹം നശിക്കാനുള്ള കാരണം”. (അഹ്മദ്: 1851).

സൂര്യൻ ഉദിക്കുന്നതിനു മുമ്പായി നബി ﷺ മുസ്ദലിഫയിൽ നിന്ന് പുറപ്പെട്ടു. മുശ്രിക്കുകൾക്ക് എതിര് പ്രവർത്തിക്കലായിരുന്നു ഇത്. കാരണം മുശ്രികുകൾ ഹജ്ജ് ചെയ്യുന്ന സന്ദർഭത്തിൽ സൂര്യനുദിച്ചതിനു ശേഷമല്ലാതെ മുസ്ദലിഫയിൽ നിന്നും പുറപ്പെടാറുണ്ടായിരുന്നില്ല. നബി യുടെ പിറകിൽ ഇബ്നു അബ്ബാസും ഉണ്ടായിരുന്നു.

عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ أَنَّ أُسَامَةَ بْنَ زَيْدٍ ـ رضى الله عنهما ـ كَانَ رِدْفَ النَّبِيِّ صلى الله عليه وسلم مِنْ عَرَفَةَ إِلَى الْمُزْدَلِفَةِ، ثُمَّ أَرْدَفَ الْفَضْلَ مِنَ الْمُزْدَلِفَةِ إِلَى مِنًى ـ قَالَ ـ فَكِلاَهُمَا قَالاَ لَمْ يَزَلِ النَّبِيُّ صلى الله عليه وسلم يُلَبِّي حَتَّى رَمَى جَمْرَةَ الْعَقَبَةِ‏.‏

ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:അറഫയിൽ നിന്ന് മുസ്ദലിഫയിലേക്ക് വരുമ്പോൾ നബി ﷺ യുടെ പിറകിൽ ഉസാമത് ബ്നു സൈദാണ് ഉണ്ടായിരുന്നത്. മുസ്ദലിഫയിൽ നിന്ന് മിനയിലേക്ക് പോകുമ്പോൾ നബി തന്റെ പിറകിൽ ഫള്ലിനെ നിർത്തി. രണ്ടുപേരും (ഉസാമയും ഫള്ലും) ഇപ്രകാരം പറഞ്ഞു: ജംറത്തുൽ അഖബയിൽ എറിയുന്നത് വരെ നബി തർബിയത്ത് ചൊല്ലിക്കൊണ്ടിരുന്നിട്ടുണ്ട്. (ബുഖാരി:1686)

മുസ്ദലിഫയിൽ നിന്ന് പുറപ്പെടുന്ന സന്ദർഭത്തിൽ നബി ﷺക്ക് അരികിലൂടെ ഒരു സംഘം സ്ത്രീകൾ കടന്നു പോയി. ഫള്‌ ൽ ബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ  അവരിലേക്ക് നോക്കിയ സന്ദർഭത്തിൽ നബി ﷺ അദ്ദേഹത്തിന്റെ മുഖത്ത് കൈ വെച്ചു. അപ്പോൾ ഇബ്നു അബ്ബാസ് തന്റെ മുഖത്തെ മറു ഭാഗത്തേക്ക് തിരിച്ചു. വാദി മുഹസ്സറിൽ എത്തിയപ്പോൾ അല്പം വേഗത്തിലാണ് നബി ﷺ പോയത്. (മുസ്ലിം: 1218)

عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ أَنَّ امْرَأَةً، مِنْ جُهَيْنَةَ جَاءَتْ إِلَى النَّبِيِّ صلى الله عليه وسلم فَقَالَتْ إِنَّ أُمِّي نَذَرَتْ أَنْ تَحُجَّ، فَلَمْ تَحُجَّ حَتَّى مَاتَتْ أَفَأَحُجُّ عَنْهَا قَالَ ‏ “‏ نَعَمْ‏.‏ حُجِّي عَنْهَا، أَرَأَيْتِ لَوْ كَانَ عَلَى أُمِّكِ دَيْنٌ أَكُنْتِ قَاضِيَةً اقْضُوا اللَّهَ، فَاللَّهُ أَحَقُّ بِالْوَفَاءِ ‏”‏‏.‏

ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഒരു സ്ത്രീ വന്നു കൊണ്ട് നബിയോട് ചോദിച്ചു. എന്റെ ഉമ്മ ഹജ്ജ് ചെയ്യാൻ നേർച്ച നേർന്നിരുന്നു. പക്ഷെ ഉമ്മ മരണപ്പെട്ടു. എന്റെ ഉമ്മാക്ക് വേണ്ടി ഞാൻ ഹജ്ജ് ചെയ്യാൻ പറ്റുമോ?. നബി ﷺ പറഞ്ഞു: ഉമ്മാക്ക് വേണ്ടി നിങ്ങൾ ഹജ്ജ് ചെയ്തു കൊള്ളുക. നിങ്ങളുടെ ഉമ്മാക്ക് കടം ഉണ്ടെങ്കിൽ ആ കടം നിങ്ങൾ വിട്ടുന്നതല്ലേ.. അവർ പറഞ്ഞു: അതെ. നബി ﷺ പറഞ്ഞു: എങ്കിൽ അല്ലാഹുവിനുള്ളതും (നേർച്ച നേർന്നത്. വീട്ടിക്കൊള്ളുക. അല്ലാഹുവിനോടുള്ള ബാധ്യതയാണ് ഏറ്റവും കൂടുതൽ വീട്ടാൻ അർഹതപ്പെട്ടതായിട്ടുള്ളത്. (ബുഖാരി 1852).

ശാന്തതയോടു കൂടി വളരെ സാവധാനം മാത്രമേ നബി നടന്നിരുന്നുള്ളൂ. മുഹസ്സർ താഴ്വരയിൽ എത്തിയപ്പോൾ തന്റെ ഒട്ടകത്തെ അല്പം ചലിപ്പിച്ചു. മുഹസ്സർ താഴ്വര വിട്ടു കടന്നപ്പോൾ സ്വഹാബികളോട് പറഞ്ഞു: ജംറയിൽ ഏറിയുവാനുള്ള കല്ലുകൾ പെറുക്കി കൊള്ളുക. ശേഷം നിർദ്ദേശിക്കുകയും ചെയ്തു. (അഹ്മദ്:  14553)

ജംറയിൽ എത്തുവോളം നബി തൽബിയത് ചൊല്ലിക്കൊണ്ടേയിരുന്നു. ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഫളുബ്നു അബ്ബാസിനെ നബി തന്റെ പിറകിൽ നിർത്തിയിരുന്നു. ജംറയിൽ എറിയുന്നതുവരെ നബി തൽബിയത് ചൊല്ലിക്കൊണ്ടിരുന്നു എന്ന് ഫത് ഫള്ൽ പറഞ്ഞിട്ടുണ്ട്. (ബുഖാരി 1685)

ജംറതുൽ അഖബയിലെത്തിയപ്പോൾ നബി താഴ്വരയുടെ താഴ്ഭാഗത്തു നിന്നു. കഅബയെ തന്റെ ഇടതുവശത്താക്കി. മിനാ വലതു ഭാഗത്തുമായിരുന്നു. അങ്ങിനെ ജംറക്ക് അഭിമുഖമായി നിന്നു . നബി തന്റെ ഒട്ടകപ്പുറത്ത് തന്നെയായിരുന്നു ഉണ്ടായിരുന്നത്. ചെറിയ ഏഴ് കല്ലുകൾ കൊണ്ട് തക്ബീർ ചൊല്ലി ജംറകളിൽ എറിഞ്ഞു.

عَنْ جَابِرٍ، قَالَ رَأَيْتُ النَّبِيَّ صلى الله عليه وسلم يَرْمِي عَلَى رَاحِلَتِهِ يَوْمَ النَّحْرِ وَيَقُولُ ‏ “‏ لِتَأْخُذُوا مَنَاسِكَكُمْ فَإِنِّي لاَ أَدْرِي لَعَلِّي لاَ أَحُجُّ بَعْدَ حَجَّتِي هَذِهِ ‏”‏ ‏.‏

ജാബിർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ബലിയുടെ ദിവസം നബി തന്റെ വാഹനപ്പുറത്തിരുന്നു കൊണ്ട് ജംറകളിൽ എറിയുന്നത് ഞാൻ കണ്ടു. ആ സന്ദർഭത്തിൽ നബി ഇപ്രകാരം പറയുന്നുണ്ടായിരുന്നു. ഹജ്ജ് കർമ്മങ്ങൾ നിങ്ങൾ എന്നിൽ നിന്നും സ്വീകരിക്കുക. എന്റെ ഈ ഹജ്ജിന് ശേഷം ഇനി ഞാൻ ഹജ്ജ് ചെയ്യുമോ എന്ന് എനിക്കറിയില്ല. (മുസ്ലിം: 1297)

ഉമ്മുൽ ഹുസൈൻ പറയുന്നു: ഹജ്ജതുൽ വദാഇൽ നബി യോടൊപ്പം ഞാൻ ഹജ്ജ് ചെയ്തിട്ടുണ്ട്. ജംറത്തുൽ അഖബയിൽ കല്ലെറിയുമ്പോൾ നബിയെ ഞാൻ കണ്ടു. (മുസ്ലിം): 1298).

ജംറയിൽ ജനങ്ങൾ തിരക്കും തിരക്കും കുട്ടിയപ്പോൾ ശാന്തമായി എറിയാൻ നബി അവരോട് നിർദ്ദേശിച്ചു. നിങ്ങളിൽ ചിലർ ചിലരെ കൊല്ലരുത് എന്നും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും നിർദേശിച്ചതായി അഹ്മദുബ്നു ഹമ്പലിന്റെ ഹദീസിൽ കാണുവാൻ സാധിക്കും. (അഹ്മദ് 16078)

ഹജ്ജിന്റെ ഓരോ അനുഷ്ഠാനങ്ങളും നിർവഹിച്ചു കൊണ്ടിരിക്കുന്ന സമയത്ത് അവിടുന്ന് ഇപ്രകാരം പറയുന്നുമുണ്ടായിരുന്നു:

ജാബിര്‍ رَضِيَ اللَّهُ عَنْهُ  പറയുന്നു: അറവ് ദിനത്തിൽ (ദുൽഹിജ്ജ പത്തിന്) നബി ﷺ അവിടുത്തെ വാഹനത്തിൽ ഇരുന്ന് എറിഞ്ഞുകൊണ്ട് (ഇപ്രകാരം) പറയുന്നുണ്ടായിരുന്നു: ‘നിങ്ങൾ നിങ്ങളുടെ ഹജ്ജിന്റെ കർമങ്ങൾ (എന്നിൽനിന്നും) സ്വീകരിക്കുക. കാരണം, എന്റെ ഈ ഹജ്ജിന് ശേഷം ഞാൻ ഇനി ഹജ്ജ് ചെയ്‌തേക്കുമോ എന്ന് എനിക്ക് അറിയുകയില്ല. (മുസ്‌ലിം).

ജംറതുൽ അഖബയിൽ എത്തിയപ്പോൾ ഏതാണ്ട് ളുഹാ സമയമായിക്കഴിഞ്ഞിരുന്നു. ജംറകൾക്കിടയിൽ നിന്നു കൊണ്ട് നബി ഒരു പ്രഭാഷണം നടത്തി. അലി യായിരുന്നു നബി യുടെ വാക്കുകളെ വീണ്ടും ഉച്ചത്തിൽ ഏറ്റു പറഞ്ഞിരുന്നത്. സ്വഹാബികൾ നബിക്ക് ചുറ്റും നിന്നും ഇരുന്നും ആ പ്രഭാഷണം ശ്രദ്ധിച്ചു. അറഫയിൽ പറഞ്ഞ അതേ കാര്യങ്ങൾ ഒന്നു കൂടി ഇവിടെ വെച്ച് തറപ്പിച്ചു പറഞ്ഞു.

عَنْ أَبِي بَكْرَةَ،، وَرَجُلٌ، أَفْضَلُ فِي نَفْسِي مِنْ عَبْدِ الرَّحْمَنِ حُمَيْدُ بْنُ عَبْدِ الرَّحْمَنِ عَنْ أَبِي بَكْرَةَ ـ رضى الله عنه ـ قَالَ خَطَبَنَا النَّبِيُّ صلى الله عليه وسلم يَوْمَ النَّحْرِ، قَالَ ‏”‏ أَتَدْرُونَ أَىُّ يَوْمٍ هَذَا ‏”‏‏.‏ قُلْنَا اللَّهُ وَرَسُولُهُ أَعْلَمُ‏.‏ فَسَكَتَ حَتَّى ظَنَنَّا أَنَّهُ سَيُسَمِّيهِ بِغَيْرِ اسْمِهِ‏.‏ قَالَ ‏”‏ أَلَيْسَ يَوْمَ النَّحْرِ ‏”‏‏.‏ قُلْنَا بَلَى‏.‏ قَالَ ‏”‏ أَىُّ شَهْرٍ هَذَا ‏”‏‏.‏ قُلْنَا اللَّهُ وَرَسُولُهُ أَعْلَمُ‏.‏ فَسَكَتَ حَتَّى ظَنَنَّا أَنَّهُ سَيُسَمِّيهِ بِغَيْرِ اسْمِهِ‏.‏ فَقَالَ ‏”‏ أَلَيْسَ ذُو الْحَجَّةِ ‏”‏‏.‏ قُلْنَا بَلَى‏.‏ قَالَ ‏”‏ أَىُّ بَلَدٍ هَذَا ‏”‏‏.‏ قُلْنَا اللَّهُ وَرَسُولُهُ أَعْلَمُ‏.‏ فَسَكَتَ حَتَّى ظَنَنَّا أَنَّهُ سَيُسَمِّيهِ بِغَيْرِ اسْمِهِ‏.‏ قَالَ ‏”‏ أَلَيْسَتْ بِالْبَلْدَةِ الْحَرَامِ ‏”‏‏.‏ قُلْنَا بَلَى‏.‏ قَالَ ‏”‏ فَإِنَّ دِمَاءَكُمْ وَأَمْوَالَكُمْ عَلَيْكُمْ حَرَامٌ، كَحُرْمَةِ يَوْمِكُمْ هَذَا، فِي شَهْرِكُمْ هَذَا، فِي بَلَدِكُمْ هَذَا، إِلَى يَوْمِ تَلْقَوْنَ رَبَّكُمْ‏.‏ أَلاَ هَلْ بَلَّغْتُ ‏”‏‏.‏ قَالُوا نَعَمْ‏.‏ قَالَ ‏”‏ اللَّهُمَّ اشْهَدْ، فَلْيُبَلِّغِ الشَّاهِدُ الْغَائِبَ، فَرُبَّ مُبَلَّغٍ أَوْعَى مِنْ سَامِعٍ، فَلاَ تَرْجِعُوا بَعْدِي كُفَّارًا يَضْرِبُ بَعْضُكُمْ رِقَابَ بَعْضٍ ‏”‏‏.‏

അബൂബകറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു. ബലിയുടെ ദിവസം നബി ﷺ ഞങ്ങളോട് പ്രസംഗിച്ചു. നബി ﷺ ചോദിച്ചു. ഇത് ഏത് ദിവസമാണെന്ന് നിങ്ങൾക്കറിയാമോ? ഞങ്ങൾ പറഞ്ഞു: അല്ലാഹുവിനും അവന്റെ പ്രവാചകനും അറിയാം. അൽപനേരം നബി നിശബ്ദമായി നിന്നു. ഈ ദിവസത്തിന്റെ അറിയപ്പെടുന്ന പേരല്ലാത്ത മറ്റൊരു പേര് പറയും എന്നാണ് ഞങ്ങൾ കരുതിയത്. നബി ചോദിച്ചു. ഇത് ബലിയുടെ (യൗമുന്നഹ്ർ ) ദിവസമല്ലേ?, ഞങ്ങൾ പറഞ്ഞു. അതേ, തീർച്ചയായും, നബി ﷺ വീണ്ടും ചോദിച്ചു; ഇത് ഏത് മാസമാണ്. ഞങ്ങൾ പറഞ്ഞു: അല്ലാഹുവിനും റസൂലിനും അറിയാം. അല്പ സമയം നബി ﷺ നിശബ്ദനായി. ഈ മാസത്തിന്റെ പേരല്ലാത്ത മറ്റൊരു പേര് നബി പറയും എന്നാണ് ഞങ്ങൾ കരുതിയത്. നബി ചോദിച്ചു; ഇത് ദുൽഹജ്ജ് മാസമല്ലേ? ഞങ്ങൾ പറഞ്ഞു: അതെ, തീർച്ചയായും. നബി ചോദിച്ചു; ഇത് ഏത് രാജ്യമാണ്? അല്ലാഹുവിനും അവന്റെ പ്രവാചകനും അറിയാമെന്ന് ഞങ്ങൾ പറഞ്ഞു. നബി ﷺ അല്പസമയം നിശബ്ദനായി. ഈ രാജ്യത്തിനു നിലവിലുള്ള പേരല്ലാത്ത മറ്റൊരു പേര് നബി പറയും എന്നാണ് ഞങ്ങൾ കരുതിയത്. നബി ﷺ ചോദിച്ചു; ഇത് പവിത്ര രാജ്യമല്ലെ?. ഞങ്ങൾ പറഞ്ഞു: അതെ, തീർച്ചയായും. നബി ﷺ പറഞ്ഞു: ഈ ദിവസത്തിന്റെയും മാസത്തിന്റെയും രാജ്യത്തിന്റെയും പവിത്രത പോലെ നിങ്ങൾ നിങ്ങളുടെ റബ്ബിനെ കണ്ടുമുട്ടുന്ന ദിവസം വരെ നിങ്ങളുടെ രക്തവും സമ്പത്തും പവിത്രമാണ്. ഞാൻ സന്ദേശം) നിങ്ങൾക്ക് എത്തിച്ചു തന്നില്ലേ?. അവർ പറഞ്ഞു: അതെ (എത്തിച്ചു തന്നു). നബി ﷺ പറഞ്ഞു: ‘അല്ലാഹുവേ നീ സാക്ഷിയാണ്. ഇവിടെ ഹാജരുള്ളവർ കേൾക്കുന്നവനെക്കാൾ ഇല്ലാത്തവർക്ക് എത്തിച്ചു കൊടുക്കുക. (നേരിട്ട്) നല്ലപോലെ മനസ്സിലാക്കുന്ന എത്രയോ സന്ദേശം) എത്തിക്കപ്പെട്ട ആളുകളുണ്ട്. പരസ്പരം കഴുത്തു വെട്ടിക്കൊണ്ട് എനിക്കു ശേഷം നിങ്ങൾ സത്യ നിഷേധികളായി മടങ്ങരുത്. (ബുഖാരി:1741)

ഒട്ടനവധി ഉപദേശങ്ങൾ ആ ദിവസത്തിൽ നബി ﷺ സ്വഹാബിമാർക്ക് നൽകി.

ശേഷം നബി ﷺ ഓരോ വിഭാഗം ആളുകളെയും ഓരോ ഭാഗത്തു താമസിപ്പിച്ചു. മുഹാജിറുകളെ ഖിബ്ലയുടെ വലത് ഭാഗത്തും അൻസ്വാറുകളെ ഇടത് ഭാഗത്തുമായാണ് താമസിപ്പിച്ചത്. മറ്റുള്ള ജനങ്ങളെ അവർക്ക് ചുറ്റും താമസിപ്പിച്ചു. നബി ﷺ യാകട്ടെ മിനയിൽ നമസ്കാര സ്ഥലത്ത് ഇമാമ് നിൽക്കുന്നതിന്റെ ഇടതു ഭാഗത്തും ഇറങ്ങി. (അബൂദാവൂദ്: 1951).

ചില സംശയങ്ങളുമായി ആളുകൾ നബി ﷺയുടെ അടുത്തേക്ക് വന്നു. കാരണം ചിലർ ബലിയറുക്കുന്നതിനു മുമ്പ് തലമുണ്ഡനം ചെയ്തു. മറ്റു ചിലരാകട്ടെ എറിയുന്നതിനു മുമ്പ് ബലി നടത്തി. ഇങ്ങനെ മുന്തിച്ചും പിന്തിച്ചുമെല്ലാം ചെയ്ത പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ വേണ്ടിയായിരുന്നു സഹാബിമാർ നബി ﷺയുടെ അടുക്കൽ വന്നത്.

عَنْ عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم وَقَفَ فِي حَجَّةِ الْوَدَاعِ بِمِنًى لِلنَّاسِ يَسْأَلُونَهُ، فَجَاءَهُ رَجُلٌ فَقَالَ لَمْ أَشْعُرْ فَحَلَقْتُ قَبْلَ أَنْ أَذْبَحَ‏.‏ فَقَالَ ‏”‏ اذْبَحْ وَلاَ حَرَجَ ‏”‏‏.‏ فَجَاءَ آخَرُ فَقَالَ لَمْ أَشْعُرْ، فَنَحَرْتُ قَبْلَ أَنْ أَرْمِيَ‏.‏ قَالَ ‏”‏ ارْمِ وَلاَ حَرَجَ ‏”‏‏.‏ فَمَا سُئِلَ النَّبِيُّ صلى الله عليه وسلم عَنْ شَىْءٍ قُدِّمَ وَلاَ أُخِّرَ إِلاَّ قَالَ افْعَلْ وَلاَ حَرَجَ‏.‏

അബ്ദുല്ലാഹിബ്നു അംറ് ബ്നു ആസ്വ്  رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഹജ്ജത്തുൽ വദാഇന്റെ സന്ദർഭത്തിൽ അല്ലാഹുവിന്റെ പ്രവാചകൻ മിനയിൽ വെച്ച് കൊണ്ട് ജനങ്ങൾക്ക് ചോദിക്കാൻ വേണ്ടി നിന്നു കൊടുത്തു. അപ്പോൾ ഒരു വ്യക്തി വന്നു കൊണ്ട് ചോദിച്ചു. ഞാൻ അറുക്കുന്നതിന് മുന് തലമുണ്ഡനം ചെയ്തു. എനിക്ക് അതിനെക്കുറിച്ച് അറിയില്ലായിരുന്നു. നബി പറഞ്ഞു: അറുത്തു കൊള്ളുക വിരോധമില്ല. ഒരു വ്യക്തി വന്നു കൊണ്ട് ചോദിച്ചു: ഞാൻ ഏറ് നടത്തുന്നതിനു മുമ്പ് ബലിയറുത്തു. എനിക്ക് അതിനെക്കുറിച്ച് അറിയുമായിരുന്നില്ല. നബി പറഞ്ഞു: എറിഞ്ഞു കൊള്ളുക കുഴപ്പമില്ല. മുന്നോട്ടും പിന്നോട്ടും മാറ്റിയ ഏതെല്ലാം പ്രവർത്തനങ്ങളെക്കുറിച്ച് അന്ന് ചോദിക്കപ്പെട്ടുവോ അതിനെക്കുറിച്ചെല്ലാം ചെയ്തു കൊള്ളുക വിരോധമില്ല’ എന്ന മറുപടിയാണ് നൽകിയത്. (ബുഖാരി:83).

അതിനു ശേഷം മിനയിലെ അറവിന്റെ സ്ഥാനത്തേക്ക് നബി നീങ്ങി. 63 ഒട്ടകങ്ങളെയാണ് നബി തന്റെ കൈകൊണ്ട് അറുത്തത്. ബാക്കിയുള്ള 37 ഒട്ടകങ്ങളെ അറുക്കുവാൻ അലി യോട് നബി കൽപ്പിച്ചു. നബി അതിൽ നിന്ന് ഭക്ഷിക്കുകയും മിസ്കീനുകൾക്ക് വിതരണം ചെയ്യാൻ അലി യോട് കൽപ്പിക്കുകയും ചെയ്തു. ബലി മൃഗങ്ങളെ മിനായിൽ വെച്ചു കൊണ്ട് തന്നെ പാകം ചെയ്യുകയും നബിയും അലി വും അതിൽ നിന്ന് ഭക്ഷിക്കുകയും അതിന്റെ കറി കുടിക്കുകയും ചെയ്തു. (മുസ്ലിം 1218)

ബലിമൃഗത്തിന്റെ മാംസവും തൊലിയും കുളമ്പുകളുമെല്ലാം ദാനം ചെയ്യുവാൻ അലിയെ ) നബി ﷺ ഏൽപിച്ചു. അറവിന്റെ പ്രതിഫലമായി അതിൽ നിന്ന് ഒന്നും കൊടുക്കരുത് എന്നും കല്പിച്ചു. (ബുഖാരി: 1717. മുസ്ലിം: 1317)

ഭാര്യമാർക്ക് വേണ്ടിയും നബി ബലിയറുക്കുകയുണ്ടായി. കാരണം, അവർ തമത്തുഇന്റെ ഹജ്ജിലായിരുന്നു. സ്വഹാബികൾ ഓരോരുത്തരു അവനവന്റെ ബലിമൃഗങ്ങളെ അറുത്തു. 7 ആളുകൾ ചേർന്ന് ഒട്ടകം പശു എന്നിവയെയും ആടുകളെ ഓരോ വ്യക്തികൾ വീതവും അറുത്തു

عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ كَانَ الْفَضْلُ رَدِيفَ رَسُولِ اللَّهِ صلى الله عليه وسلم فَجَاءَتِ امْرَأَةٌ مِنْ خَثْعَمَ، فَجَعَلَ الْفَضْلُ يَنْظُرُ إِلَيْهَا وَتَنْظُرُ إِلَيْهِ، وَجَعَلَ النَّبِيُّ صلى الله عليه وسلم يَصْرِفُ وَجْهَ الْفَضْلِ إِلَى الشِّقِّ الآخَرِ فَقَالَتْ يَا رَسُولَ اللَّهِ إِنَّ فَرِيضَةَ اللَّهِ عَلَى عِبَادِهِ فِي الْحَجِّ أَدْرَكَتْ أَبِي شَيْخًا كَبِيرًا، لاَ يَثْبُتُ عَلَى الرَّاحِلَةِ، أَفَأَحُجُّ عَنْهُ قَالَ ‏ “‏ نَعَمْ ‏”‏‏.‏ وَذَلِكَ فِي حَجَّةِ الْوَدَاعِ‏.‏

അബ്ദുല്ലാഹിബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു. ഇബ്നു അബ്ബാസ് നബിയുടെ പിറകിലായിരുന്നു ഉണ്ടായിരുന്നത്. ഈ സന്ദർഭത്തിൽ (ഖശ്അം ഗോത്രത്തിൽ പെട്ട ) ഒരു സ്ത്രീ നബി യുടെ അടുക്കലേക്കു വന്നു. ഇബ്നു അബ്ബാസ് ആ സ്ത്രീയെ നോക്കി. ആ സ്ത്രി ഇബ്നു അബ്ബാസിനെയും നോക്കുന്നുണ്ടായിരുന്നു. നബി ഇബ്നു അബ്ബാസിന്റെ മുഖത്തെ മറുഭാഗത്തേക്ക് തിരിച്ചു. ആ സ്ത്രീ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, വൃദ്ധനായ എന്റെ പിതാവിന് ഹജ്ജ് നിർബന്ധമായിരിക്കുന്നു. എന്നാൽ വാഹനപ്പുറത്ത് ഉറച്ചിരിക്കാൻ പിതാവിന് കഴിയുകയില്ല. അദ്ദേഹത്തിന് വേണ്ടി ഞാൻ ഹജ്ജ് ചെയ്യാൻ പറ്റുമോ?. അപ്പോൾ നബി ﷺ പറഞ്ഞു: ചെയ്യാം. ഫജ്ജതുൽ വിദാഇന്റെ സന്ദർഭത്തിലായിരുന്നു ഇത്.” (ബുഖാരി 1513)

ജനങ്ങളെ മത കാര്യങ്ങൾ പഠിപ്പിക്കലും നന്മ കല്പിക്കലും തിന്മ വിരോധിക്കലും ഹജ്ജിന്റെ ചിഹ്നങ്ങളിൽ പെട്ടതാണെന്ന് ഇത്തരം ഹദീസുകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും. ബലി കർമ്മം നിർവഹിച്ച ശേഷം നബി തന്റെ മുടി വെട്ടുന്ന ആളെ വിളിച്ചു. അങ്ങനെ തന്റെ തല മുണ്ഡനം ചെയ്തു.

മഅമറുബ്നു അബ്ദില്ലാഹിൽ അദ്‌വി ആയിരുന്നു നബി യുടെ തല മുണ്ഡനം ചെയ്തത്. “ആദ്യം വലതു ഭാഗത്തെയും ശേഷം ഇടതു ഭാഗത്തെയും മുടിയെടുക്കാൻ അദ്ദേഹത്തോട് നബി പറഞ്ഞു. ജനങ്ങൾക്കിടയിൽ ആ മുടി വിതരണം ചെയ്യുകയും ചെയ്തു. (മുസ്ലിം: 1305).

നബി ﷺയുടെ തലയിൽ നിന്നും താഴെ വീഴുന്ന ഓരോ മുടികളും സ്വഹാബികളുടെ കൈകളിലായിരുന്നു പതിച്ചിരുന്നത്. (മുസ്ലിം: 2325)

നബി യുടെ കൂടെയുണ്ടായിരുന്നവരിൽ ചില ആളുകൾ തല മുണ്ഡനം ചെയ്യുകയും ചില ആളുകൾ മുടി വെട്ടുകയും ചെയ്തു. മുടി വടിച്ചവർക്ക് കാരുണ്യത്തിനും പാപമോചനത്തിനുമായി നബി മൂന്നു തവണ പ്രാർത്ഥിച്ചു. മുടി വെട്ടിയവർക്ക് ഒരു തവണയും പ്രാർത്ഥിച്ചു. (ബുഖാരി: 1728, മുസ്ലിം: 1302).

തലമുണ്ഡനം ചെയ്തതിനു ശേഷം നബി തന്റെ ഇഹ്റാമിന്റെ വസ്ത്രം അഴിച്ചു വെക്കുകയും സാധാരണ വസ്ത്രം ധരിക്കുകയും ചെയ്തു. സുഗന്ധം പൂശി . ആയിശ رَضِيَ اللَّهُ عَنْها യാണ് സുഗന്ധം പുരട്ടി കൊടുത്തത്. കസ്തൂരിയുടെ ചേരുവ ഉണ്ടായിരുന്ന സുഗന്ധമായിരുന്നു ഉപയോഗിച്ചത്. തവാഫുൽ ഇഫാളയുടെ (തവാൽ ഹജ്ജ് ) മുമ്പായിരുന്നു ഇത് ചെയ്തത്.

عَنْ عَائِشَةَ ـ رضى الله عنها ـ زَوْجِ النَّبِيِّ صلى الله عليه وسلم قَالَتْ كُنْتُ أُطَيِّبُ رَسُولَ اللَّهِ صلى الله عليه وسلم لإِحْرَامِهِ حِينَ يُحْرِمُ، وَلِحِلِّهِ قَبْلَ أَنْ يَطُوفَ بِالْبَيْتِ‏.‏

ആയിശ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം: അവർ പറയുന്നു: “നബി ഇഹ്റാമിൽ പ്രവേശിക്കുമ്പോഴും ത്വവാഫ് (ത്വവാഫുൽ ഇഫാള) ചെയ്യുന്നതിനു മുമ്പ് ഇഹ്റാമിൽ നിന്ന് ഒഴിവാകുമ്പോഴും ഞാൻ സുഗന്ധം പുരട്ടി കൊടുത്തിരുന്നു. (ബുഖാരി. 1539)

നബി തന്റെ ഒട്ടകപ്പുറത്ത് കയറി ളുഹ്റിന് മുമ്പായി മസ്ജിദുൽ ഹറാമിലേക്ക് ചെന്നു. ഒട്ടകപ്പുറത്ത് ഇരുന്നു കൊണ്ട് തന്നെയാണ് നബി ﷺ തന്റെ ത്വവാഫ് നിർവഹിച്ചത്. മറ്റുള്ള ആളുകൾ കാണുന്നതിന് വേണ്ടിയായിരുന്നു അത്. കാരണം നബിയിൽ നിന്നാണ് ജനങ്ങൾ പഠിക്കേണ്ടത്. മാത്രമല്ല ജനങ്ങൾക്ക് ചോദിച്ചറിയുവാനുള്ള അവസരവും ഉണ്ടാകേണ്ടതുണ്ട്. ത്വവാഫിന്റെ സന്ദർഭത്തിൽ ഓരോ ചുറ്റിലും നബി ﷺ തന്റെ കയ്യിലുള്ള വടികൊണ്ട് ഹജറുൽ അസ്വദിനെ സ്പർശിച്ചിരുന്നു. വടി കൊണ്ട് (അതല്ലെങ്കിൽ കയ്യിലുള്ള എന്തെങ്കിലും വസ്തുകൊണ്ട് അതിലേക്ക് ചൂണ്ടിക്കാണിക്കുകയും അല്ലാഹുഅക്ബർ എന്ന് പറയുകയും ചെയ്തിട്ടുണ്ട്. (ബുഖാരി 1613)

ത്വവാഫ് നിർവഹിച്ചതിനു ശേഷം സംസമിന്റെ അടുക്കലേക്ക് ചെന്നു. അബ്ദുൽ മുത്തലിബിന്റെ സന്തതികളായിരുന്നു. വെള്ളം കോരി കൊടുത്തിരുന്നത്. നബി ﷺ അവരോടു വെള്ളം ആവശ്യപ്പെടുകയും ഒരു പാത്രത്തിൽ അവർ വെള്ളം എടുത്തു കൊടുക്കുകയും നബി അതിൽ നിന്നും കുടിക്കുകയും ചെയ്തു. നിങ്ങൾ പണിയെടുത്ത് കൊള്ളുക. ഏറ്റവും നല്ല പണിയാണ് നിങ്ങൾ ചെയ്യുന്നത് എന്നും അവരോട് പറഞ്ഞു. (ബുഖാരി: 1635, മുസ്ലിം: 1218).

ത്വവാഫുൽ ഇഫാള നിർവഹിച്ചതിനു ശേഷം അന്നേ ദിവസം തന്നെ നബി ﷺ മിനയിലേക്ക് മടങ്ങി. അയ്യാമുത്തശ്രീഖിന്റെ മൂന്നു ദിവസങ്ങളും മിനായിൽ താമസിച്ചു. തന്റെ കൂടെയുള്ള ആളുകളെയും കൊണ്ട് ഓരോ സമയത്തെയും നമസ്കാരങ്ങൾ ജമാഅത്തായി ചുരുക്കി കൊണ്ട് നിർവഹിച്ചു. ബശീറുബ്നു സുഹൈം എന്ന സ്വഹാബിയോട് ഇപ്രകാരം വിളിച്ചു പറയുവാൻ നബി ﷺ കല്പിച്ചു; “അറിയുക സത്യ വിശ്വാസിക്കല്ലാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. (അയ്യാമുത്തശ്രീഖിന്റെ ദിവസങ്ങൾ) തിന്നാനും കുടിക്കാനും ഉള്ള ദിവസങ്ങളാണ്. (അഹമ്മദ്: 15429).

അയ്യാമുത്തശ്രീഖിന്റെ ദിവസങ്ങളിൽ നബി ﷺ ജംറയിൽ പോയി കല്ലേറു നടത്തി. സൂര്യൻ മധ്യത്തിൽ നിന്നും തെറ്റിയതിനു ശേഷമാണ് കല്ലെറിയാൻ പോയിരുന്നത്. നടന്നു കൊണ്ടായിരുന്നു. കല്ലെറിയാൻ പോയിരുന്നതും തിരിച്ചു വന്നിരുന്നതും. അയ്യാമുത്തശ്രീഖിന്റെ ദിവസങ്ങളിൽ ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും ജംറകളിൽ കല്ലെറിഞ്ഞിട്ടുണ്ട്.

عَنِ ابْنِ عُمَرَ ـ رضى الله عنهما ـ أَنَّهُ كَانَ يَرْمِي الْجَمْرَةَ الدُّنْيَا بِسَبْعِ حَصَيَاتٍ، يُكَبِّرُ عَلَى إِثْرِ كُلِّ حَصَاةٍ، ثُمَّ يَتَقَدَّمُ حَتَّى يُسْهِلَ فَيَقُومَ مُسْتَقْبِلَ الْقِبْلَةِ فَيَقُومُ طَوِيلاً، وَيَدْعُو وَيَرْفَعُ يَدَيْهِ، ثُمَّ يَرْمِي الْوُسْطَى، ثُمَّ يَأْخُذُ ذَاتَ الشِّمَالِ فَيَسْتَهِلُ وَيَقُومُ مُسْتَقْبِلَ الْقِبْلَةِ فَيَقُومُ طَوِيلاً وَيَدْعُو وَيَرْفَعُ يَدَيْهِ، وَيَقُومُ طَوِيلاً، ثُمَّ يَرْمِي جَمْرَةَ ذَاتِ الْعَقَبَةِ مِنْ بَطْنِ الْوَادِي، وَلاَ يَقِفُ عِنْدَهَا ثُمَّ يَنْصَرِفُ فَيَقُولُ هَكَذَا رَأَيْتُ النَّبِيَّ صلى الله عليه وسلم يَفْعَلُهُ‏.‏

ഇബ്നു ഉമര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:നബി ഏഴു കല്ലുകൾ വീതമാണ് എറിഞ്ഞത്. ഓരോ കല്ലുകൾ എറിയുമ്പോഴും അല്ലാഹുഅക്ബർ എന്ന് പറയും. ഒന്നാമത്തെയും രണ്ടാമത്തെയും ജംറകളിൽ എറിഞ്ഞതിനു ശേഷം അല്പം മുമ്പോട്ടു നീങ്ങി ഖിബ്ലക്കഭിമുഖമായി നിന്ന് കൈകളുയർത്തി പ്രാർത്ഥിച്ചിരുന്നു. ശേഷം താഴ്വരയുടെ ഭാഗത്തു നിന്ന് കൊണ്ട് ജംറത്തുൽ അഖബയിൽ എറിയും. ജംറത്തുൽ അഖബയിൽ ഏറിഞ്ഞതിനു ശേഷം അവിടെ നിൽക്കാറുണ്ടായിരുന്നില്ല. ശേഷം ജംറകളിൽ നിന്ന് തിരിച്ചു പോരും. ഇപ്രകാരമാണ് നബി ചെയ്യുന്നതായി ഞാൻ കണ്ടിട്ടുള്ളത്. (ബുഖാരി 1751),

ഏറു കഴിഞ്ഞു തിരിച്ചു വരുന്ന സന്ദർഭത്തിൽ മസ്ജിദുൽ ഖൈഫിൽ കയറി രണ്ട് റത്ത് ളുഹ്ർ നമസ്കരിക്കുകയും ചെയ്യും. മിനായിൽ താമസിച്ച ദിവസങ്ങളിൽ നബി മസ്ജിദുൽ ഹറാമിലേക്ക് പോയിട്ടില്ല. നേരെമറിച്ച് തവാഫുൽ വിദാഇനു വേണ്ടി പോകുന്നതു വരെ മിനായിൽ തന്നെയായിരുന്നു ഉണ്ടായിരുന്നത്. ആളുകൾക്ക് വെള്ളം കുടിക്കാൻ കൊടുക്കുക എന്നുള്ള ജോലി ഉള്ളതു കൊണ്ട് അയ്യാമുത്തശ്രീഖിന്റെ ദിവസങ്ങളിൽ മക്കയിൽ താമസിക്കുവാൻ അബ്ബാസ് നബി ﷺയോട് അനുവാദം ചോദിച്ചു. നബി അദ്ദേഹത്തിന് അനുവാദം നൽകുകയും ചെയ്തു. (ബുഖാരി. 1745. മുസ്ലിം.: 1315).

ഒട്ടകത്തെ മേക്കുന്ന ആളുകളും മിനയുടെ പുറത്ത് താമസിക്കുവാനും വൈകി എറിയുവാനും നബി ﷺയോട് അനുവാദം ചോദിക്കുകയുണ്ടായി. നബി ﷺ അവർക്ക് ഇളവ് നൽകുകയും ചെയ്തു. (അഹ്മദ്: 23775)

അയ്യാമുത്തശ്രീഖിന്റെ ദിവസത്തിലും നബി ﷺ സ്വഹാബിമാരോട് പ്രസംഗിച്ചിട്ടുണ്ട്. അബൂ നള്ർ വിൽ നിന്നും നിവേദനം; അയ്യാമുത്തശ്രീഖിന്റെ ദിവസത്തിൽ നബി ﷺയുടെ ഖുതുബ കേട്ട ഒരാൾ എന്നോട് പറഞ്ഞ് തന്നു : “അല്ലയോ ജനങ്ങളെ അറിയുക; നിങ്ങളുടെ റബ്ബ് ഏകനാണ്. അറിയുക; അറബിക്ക് അനറബിയെക്കാൾ ഒരു ശ്രേഷ്ഠതയുമില്ല. അനറബിക്ക് അറബിയെക്കാളും ശ്രേഷ്ഠതയില്ല. ചുവന്ന നിറമുള്ളവന് കറുപ്പു നിറമുള്ളവനെക്കാളോ കറുപ്പു നിറമുള്ളവന് ചുവന്ന നിറമുള്ളവനെക്കാളോ പ്രത്യേകതയില്ല. തഖ്‌വയുടെ അടിസ്ഥാനത്തിൽ അല്ലാതെ?ഞാൻ നിങ്ങൾക്ക് (സന്ദേശം) എത്തിച്ചു തന്നില്ലെയോ (അഹ്മദ് : 23489)

അയ്യാമുത്തശ്രീഖിന്റെ അവസാന ദിവസത്തിൽ നബി ﷺ മിനായിൽ നിന്നും പുറപ്പെട്ടു. ഉച്ചക്കു ശേഷം ജംറയിൽ എറിഞ്ഞതിനു ശേഷമായിരുന്നു പോന്നത്. ‘അൽ മുഹസ്വബ്’ വഴിയാണ് നബി പോയത്. ബനൂ കിനാനക്കാരുടെ ഒരു ഉയർന്ന പ്രദേശമായിരുന്നു അത്. ഇന്ന് ആ സ്ഥലത്ത് വഴികളും കെട്ടിടങ്ങളുമാണ്. അവിടെ എത്തിയപ്പോൾ അബു റാഫിഅ് നബി ﷺക്ക് വേണ്ടി ഒരു ടെന്റ് ഉണ്ടാക്കിയിരുന്നു. നബി ﷺ അവിടെ ഇറങ്ങി.

عَنْ أَبِي سَلَمَةَ، عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم مِنَ الْغَدِ يَوْمَ النَّحْرِ وَهُوَ بِمِنًى ‏ “‏ نَحْنُ نَازِلُونَ غَدًا بِخَيْفِ بَنِي كِنَانَةَ حَيْثُ تَقَاسَمُوا عَلَى الْكُفْرِ ‏”‏‏.‏ يَعْنِي ذَلِكَ الْمُحَصَّبَ، وَذَلِكَ أَنَّ قُرَيْشًا وَكِنَانَةَ تَحَالَفَتْ عَلَى بَنِي هَاشِمٍ وَبَنِي عَبْدِ الْمُطَّلِبِ، أَوْ بَنِي الْمُطَّلِبِ أَنْ لاَ يُنَاكِحُوهُمْ، وَلاَ يُبَايِعُوهُمْ حَتَّى يُسْلِمُوا إِلَيْهِمُ النَّبِيَّ صلى الله عليه وسلم‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: നബി ﷺ മിനയിൽ ആയിരിക്കെ ഇപ്രകാരം പറയുകയുണ്ടായി: “നാളെ നാം ബനൂ കിനാനക്കാരുടെ ഉയർന്ന പ്രദേശത്ത് ഇറങ്ങുന്നതാണ്. കുഫ്റിന്റെ മേലിൽ പരസ്പരം അവർ സത്യം ചെയ്ത സ്ഥലമാണ് അത്. ‘അൽ മഹസ്സബ്. അതായത് ഖുറൈശികളും കിനാനക്കാരും ഒരുമിച്ചു കൂടിക്കൊണ്ട് മുഹമ്മദ് നബി ﷺ യെ അവർക്ക് വിട്ടു കൊടുക്കുന്നത് ബനു ഹാശിമുമായും ബനുൽ മുത്ത്വലിബുമായും വിവാഹ ബന്ധമോ കച്ചവടബന്ധമോ ഉണ്ടാവുകയില്ല എന്ന് സത്യം ചെയ്ത സ്ഥലമാകുന്നു അത്. (ബുഖാരി: 1590 )

മിനായിൽ നിന്നും പുറപ്പെട്ടതിനു ശേഷം ബാക്കിയുള്ള ദിവസവും അന്നത്തെ രാത്രിയും മുഹസ്സബിലാണ് നബി ﷺ താമസിച്ചത്.

عَنْ أَنَسِ بْنِ مَالِكٍ، أَنَّ النَّبِيَّ صلى الله عليه وسلم أَنَّ النَّبِيَّ صلى الله عليه وسلم صَلَّى الظُّهْرَ وَالْعَصْرَ، وَالْمَغْرِبَ وَالْعِشَاءَ، ثُمَّ رَقَدَ رَقْدَةً بِالْمُحَصَّبِ، ثُمَّ رَكِبَ إِلَى الْبَيْتِ فَطَافَ بِهِ‏.‏

അനസുബ്നു മാലിക്  رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:നബി ﷺ ളുഹ്റും അസ്റും, മശ്‌രിബും ഇശാഉം മുഹസ്സാബിൽ വെച്ചാണ് നമസ്കരിച്ചത്. ശേഷം അവിടെത്തന്നെ കിടന്നുറങ്ങി. പിന്നീട് കഅ്ബയിലേക്ക് പുറപ്പെടുകയും തവാഫ് നിർവഹിക്കുകയും ചെയ്തു. (ബുഖാരി 1756)

ഈ ദിവസത്തിലാണ് ആയിശ رَضِيَ اللَّهُ عَنْها ക്ക് ഉം നിർവഹിക്കുവാനുള്ള ആഗ്രഹം ഉണ്ടായത്. അപ്പോൾ നബി ﷺ ആയിശ رَضِيَ اللَّهُ عَنْها യുടെ സഹോദരൻ അബ്ദുറഹ്മാനിനോട് ആയിശ رَضِيَ اللَّهُ عَنْها യെയും കൊണ്ട് തൻഈമിലേക്ക് പോകുവാനും അവിടെ നിന്ന് ഇഹറാമിൽ പ്രവേശിച്ചു ആയിശ رَضِيَ اللَّهُ عَنْها യെ ഉംറ ചെയ്യിപ്പിക്കാനും നിർദ്ദേശിച്ചു.  ആയിശ رَضِيَ اللَّهُ عَنْها യുടെ മനസ്സിന് സന്തോഷം പകരുവാൻ വേണ്ടിയായിരുന്നു അത്. അങ്ങനെ  ആയിശ رَضِيَ اللَّهُ عَنْها തന്റെ സഹോദരൻ അബ്ദുറഹ്മാന്റെ  കൂടെ തൻഈമിലേക്ക് പുറപ്പെട്ടു. ഇഹറാമിൽ പ്രവേശിച്ചു. മക്കയിൽ വന്ന് ഉംറയും നിർവഹിച്ചു. രാത്രിയോടു കൂടി ഉംറ അവസാനിച്ചു. അന്ന് രാത്രി തന്നെ തന്റെ സഹോദരന്റെ കൂടെ ആയിശ رَضِيَ اللَّهُ عَنْها നബിയുടെ അടുത്തേക്ക് വരുകയും ചെയ്തു. നബി ﷺ ആ സന്ദർഭത്തിൽ മുഹസ്സബിൽ ഉണ്ടായിരുന്നു. ആയിശ رَضِيَ اللَّهُ عَنْها മടങ്ങി വന്നതിനു ശേഷമാണ് നബി ﷺ തന്റെ കുടെയുള്ള ആളുകൾക്ക് പോകാനുള്ള അനുമതി കൊടുത്തത്.

ആയിശ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ പ്രവാചകരെ. നിങ്ങൾ ഹജ്ജും ഉംറയുമായിട്ടാണല്ലോ മടങ്ങി പോകുന്നത്. ഞാൻ ഹജ്ജ് കൊണ്ട് (മാത്രമാണ് ) മടങ്ങി പോകുന്നത്. അപ്പോൾ നബി അബ്ദുറഹ്മാൻ നോട് അവരുടെ കൂടെ തൻഈമിലേക്ക് പോകുവാൻ കൽപ്പിച്ചു. അങ്ങനെ ഹജ്ജിനു ശേഷം ദുൽഹജ് മാസത്തിൽ തന്നെ അവർ ഉംറ നിർവ്വഹിക്കുകയും ചെയ്തു. (ബുഖാരി: 1785 മുസ്ലിം: 1216).

ഉംറ നിർവഹിച്ചതിനു ശേഷം പാതിരാ സമയത്താണ് ആയിശ رَضِيَ اللَّهُ عَنْها നബി ﷺ യുടെ അടുക്കൽ കയറി വരുന്നത്. അപ്പോൾ നബി ﷺ ചോദിച്ചു; ഉംറ കഴിഞ്ഞോ?ആയിശ رَضِيَ اللَّهُ عَنْها പറയുകയാണ്. അതെ, കഴിഞ്ഞു. അപ്പോൾ നബി ﷺ തന്റെ സ്വഹാബിമാർക്ക് പോകാനുള്ള അനുമതി കൊടുത്തു. അങ്ങനെ അവർ യാത പുറപ്പെട്ടു. (ബുഖാരി: 1560)

തങ്ങളുടെ അവസാനത്തെ ബന്ധം കഅ്ബയോടായിക്കൊണ്ടല്ലാതെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകരുതെന്ന് നബി ﷺ സ്വഹാബികളോട് നിർദ്ദേശിച്ചു.

عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ أُمِرَ النَّاسُ أَنْ يَكُونَ آخِرُ عَهْدِهِمْ بِالْبَيْتِ، إِلاَّ أَنَّهُ خُفِّفَ عَنِ الْحَائِضِ‏.‏

ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: “അവസാനത്തെ ബന്ധം കഅ്ബയോട് ആക്കുവാൻ ജനങ്ങൾ കൽപ്പിക്കപ്പെട്ടു.”(ബുഖാരി: 1755)

മുഹസ്സബിൽ താമസിച്ച ആ ദിവസം രാത്രി തന്നെ തവാഫുൽ വിദാഇനു വേണ്ടി നബി ﷺ തന്റെ സ്വഹാബിമാരോട് പുറപ്പെടാൻ കൽപിച്ചു. സുബ്ഹി നമസ്കാരത്തിന് മുമ്പായി അവർ കഅ്ബ ത്വവാഫ് ചെയ്യുകയും ചെയ്തു. ശേഷം മദീനയിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. (ബുഖാരി: 1788. മുസ്ലിം 1211).

ആർത്തവകാരികളായിട്ടുള്ളവർക്ക് തവാഫുൽ വിദാഇന്റെ വിഷയത്തിൽ ഇളവ് കൊടുക്കുകയും ചെയ്തു.

عَنْ عَائِشَةَ ـ رضى الله عنها ـ أَنَّ صَفِيَّةَ بِنْتَ حُيَىٍّ، زَوْجَ النَّبِيِّ صلى الله عليه وسلم حَاضَتْ، فَذَكَرْتُ ذَلِكَ لِرَسُولِ اللَّهِ صلى الله عليه وسلم فَقَالَ ‏”‏ أَحَابِسَتُنَا هِيَ ‏”‏‏.‏ قَالُوا إِنَّهَا قَدْ أَفَاضَتْ‏.‏ قَالَ ‏”‏ فَلاَ إِذًا ‏”‏‏.‏

ആയിശ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം: പ്രവാചക പത്നി “സ്വഫിയ്യ ബിൻ ഹുയയ്യിന് (തവാഫുൽ വിദാഇനു മുമ്പ്) ആർത്തവം തുടങ്ങി. ഞാൻ ഈ വിവരം നബിയെ അറിയിച്ചു. നബി ചോദിച്ചു “അവർ നമ്മളെ തടഞ്ഞു വെക്കുമോ’ അപ്പോൾ ആയിശ رَضِيَ اللَّهُ عَنْها  പറഞ്ഞു: അവർ ത്വവാഫുല് ഇഫാള നിർവഹിച്ചു കഴിഞ്ഞതാണ്. അപ്പോൾ നബി പറഞ്ഞു: എങ്കിൽ വിരോധമില്ല. (തവാഫുൽ വിദാഅ് നിർബന്ധമില്ല എന്ന അർത്ഥം)”. (ബുഖാരി: 1757)

തവാഫുൽ വിദാഅ് നിർവഹിച്ചതിനു ശേഷം നബി ﷺ മസ്ജിദുൽ ഹറാമിൽ നിന്നും നേരെ മദീന ലക്ഷ്യമാക്കി നീങ്ങി. മക്കയുടെ താഴ്ഭാഗത്തുള്ള ‘കുട’ വഴിയാണ് നബി ﷺ പുറപ്പെട്ടത്. പത്ത് ദിവസമാണ് നബി ﷺ മക്കയിൽ താമസിച്ചത്.

മക്കയുടെ ഉയർന്ന ഭാഗമായ ‘കദാഅ്’ എന്ന സ്ഥലത്ത് കൂടെ നബി ﷺ മക്കയിൽ പ്രവേശിക്കുകയും താഴ്ന്ന ഭാഗത്തു കൂടെ (കുദൈ) പുറത്തു പോവുകയും ചെയ്തു. (ബുഖാരി: 1576. മുസ്ലിം: 1257)

നബി ﷺ സഹാബികളെയും കൊണ്ട് മക്കയിൽ നിന്നും മദീനയിലേക്ക് പുറപ്പെട്ടു. ‘ഗദീറും ഖും’ എന്ന സ്ഥലത്തെത്തിയപ്പോൾ നനബി ﷺബി അവിടെ ഇറങ്ങി. ഒരു ജലതടാകമായിരുന്നു. അത്. അവിടെ വെച്ചു കൊണ്ട് സ്വഹാബികളോട് വലിയ ഒരു പ്രഭാഷണം നടത്തി. അതിൽ അവരോട് ചില ഉപദേശ നിർദേശങ്ങളും അല്ലാഹുവിന്റെ കിതാബ് അനുസരിച്ചു കൊണ്ട് ജീവിക്കണം എന്നുള്ള വസ്വിയ്യത്തുമൊക്കെ നൽകി.

عَنْ زَيْدِ بْنِ أَرْقَمَ قَالَ قَامَ رَسُولُ اللَّهِ صلى الله عليه وسلم يَوْمًا فِينَا خَطِيبًا بِمَاءٍ يُدْعَى خُمًّا بَيْنَ مَكَّةَ وَالْمَدِينَةِ فَحَمِدَ اللَّهَ وَأَثْنَى عَلَيْهِ وَوَعَظَ وَذَكَّرَ ثُمَّ قَالَ ‏”‏ أَمَّا بَعْدُ أَلاَ أَيُّهَا النَّاسُ فَإِنَّمَا أَنَا بَشَرٌ يُوشِكُ أَنْ يَأْتِيَ رَسُولُ رَبِّي فَأُجِيبَ وَأَنَا تَارِكٌ فِيكُمْ ثَقَلَيْنِ أَوَّلُهُمَا كِتَابُ اللَّهِ فِيهِ الْهُدَى وَالنُّورُ فَخُذُوا بِكِتَابِ اللَّهِ وَاسْتَمْسِكُوا بِهِ ‏”‏ ‏.‏ فَحَثَّ عَلَى كِتَابِ اللَّهِ وَرَغَّبَ فِيهِ ثُمَّ قَالَ ‏”‏ وَأَهْلُ بَيْتِي أُذَكِّرُكُمُ اللَّهَ فِي أَهْلِ بَيْتِي أُذَكِّرُكُمُ اللَّهَ فِي أَهْلِ بَيْتِي أُذَكِّرُكُمُ اللَّهَ فِي أَهْلِ بَيْتِي ‏”‏ ‏.‏ فَقَالَ لَهُ حُصَيْنٌ وَمَنْ أَهْلُ بَيْتِهِ يَا زَيْدُ أَلَيْسَ نِسَاؤُهُ مِنْ أَهْلِ بَيْتِهِ قَالَ نِسَاؤُهُ مِنْ أَهْلِ بَيْتِهِ وَلَكِنْ أَهْلُ بَيْتِهِ مَنْ حُرِمَ الصَّدَقَةَ بَعْدَهُ ‏.‏ قَالَ وَمَنْ هُمْ قَالَ هُمْ آلُ عَلِيٍّ وَآلُ عَقِيلٍ وَآلُ جَعْفَرٍ وَآلُ عَبَّاسٍ ‏.‏ قَالَ كُلُّ هَؤُلاَءِ حُرِمَ الصَّدَقَةَ قَالَ نَعَمْ ‏.‏

സൈദുബ്നു അര്‍ഖം رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: മക്കയുടെയും മദീനയുടെയും ഇടയിലുള്ള ‘ഖുമ്മ്’ എന്ന സ്ഥലത്ത് വെച്ചു കൊണ്ട് നബി ﷺ ഞങ്ങൾക്കിടയിൽ പ്രസംഗത്തിനായി എണീറ്റു നിന്നു. അല്ലാഹുവിനെ പുകഴ്ത്തി പറയുകയും ഞങ്ങളെ ഉപദേശിക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്തു. ശേഷം പറഞ്ഞു: അല്ലയോ ജനങ്ങളെ, ഞാൻ ഒരു മനുഷ്യൻ മാത്രമാണ്. അല്ലാഹുവിന്റെ ദൂതൻ എന്റെ അടുക്കലേക്ക് വരികയും ഞാൻ ഉത്തരം കൊടുക്കുകയും ചെയ്യാറായിട്ടുണ്ട്. രണ്ടു വിലപിടിച്ച വസ്തുക്കൾ ഞാൻ നിങ്ങളിൽ വിട്ടേച്ചു പോവുകയാണ്. അതിലൊന്ന് അല്ലാഹുവിന്റെ കിതാബാണ്. അതിൽ സന്മാർഗ്ഗവും പ്രകാശവും ഉണ്ട് . അതു കൊണ്ട് അല്ലാഹുവിന്റെ കിതാബിനെ നിങ്ങൾ സ്വീകരിക്കുകയും അതിനെ മുറുകെ പിടിക്കുകയും ചെയ്യുക. അങ്ങനെ ഖുർആനിനെക്കുറിച്ച് അവർക്ക് പ്രേരണയും പ്രോത്സാഹനവും ഉണ്ടാക്കി. ശേഷം നബി ﷺ പറഞ്ഞു: രണ്ടാമത്തേത് എന്റെ കുടുംബമാണ്. (അഹ്ലുബൈത്). എന്റെ കുടുംബത്തിന്റെ വിഷയത്തിൽ ഞാൻ നിങ്ങളെ അല്ലാഹുവിനെ ഓർമിപ്പിക്കുന്നു. എന്റെ കുടുംബത്തിന്റെ വിഷയത്തിൽ നിങ്ങൾ അല്ലാഹുവിനെ ഓർമിപ്പിക്കുന്നു. എന്റെ കുടുംബത്തിന്റെ വിഷയത്തിൽ ഞാൻ നിങ്ങളെ അല്ലാഹുവിനെ ഓർമിപ്പിക്കുന്നു. (സൈദുബ്നു അർഖം رَضِيَ اللَّهُ عَنْهُ ഇത് പറയുമ്പോൾ) ഹുസൈനുബ്നു സ്വബ്റ رَضِيَ اللَّهُ عَنْهُ അദ്ദേഹത്തോട് ചോദിച്ചു; അല്ലയോ സൈദ്, ആരാണ് നബിയുടെ കുടുംബം. അവിടുത്തെ ഭാര്യമാർ നബി കുടുംബമല്ലെ? സൈദുബ്നു അർഖം رَضِيَ اللَّهُ عَنْهُ പറഞ്ഞു: അവിടുത്തെ ഭാര്യമാർ കുടുംബത്തിൽ പെട്ടവർ തന്നെയാണ്. എന്നാൽ അഹ്ലു ബൈത് കൊണ്ട് ഉദ്ദേശിക്കുന്നത് നബിക്കു ശേഷം സക്കാത്ത് നിഷിദ്ധമായ ആളുകളാണ്. ഹസൻ رَضِيَ اللَّهُ عَنْهُ ചോദിച്ചു; ആരൊക്കെയാണ് അവർ. സൈദുബ്നു അർഖം رَضِيَ اللَّهُ عَنْهُ പറഞ്ഞു: ആലു അലി, ആലു അഖീൽ, ആലു ജഅ്ഫർ, ആലു അബ്ബാസ് തുടങ്ങിയവരാണവർ. ഇവർക്കെല്ലാം സകാത് നിഷിദ്ധമാണ്. ഹുസൈൻ رَضِيَ اللَّهُ عَنْهُ പറഞ്ഞു: ശരി (മനസ്സിലായി). (മുസ്ലിം: 2408)

ശേഷം അലിയ്യുബ്നു അബീത്വാലിബ് رَضِيَ اللَّهُ عَنْهُ വിന്റെ മഹത്വം നബി ﷺ അവർക്ക് വിശദീകരിച്ചു കൊടുത്തു. യമനിൽ വെച്ചു കൊണ്ട് അദ്ദേഹത്തെക്കുറിച്ച് ആളുകൾ പറഞ്ഞുണ്ടാക്കിയ ചില കാര്യങ്ങളുടെ നിരപരാധിത്വവും നബി ﷺ വ്യക്തമാക്കിക്കൊടുത്തു. എന്നാൽ എനിക്ക് ശേഷം അലി ഖലീഫയായിരിക്കണം എന്ന് നബി ﷺ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു കൊണ്ട് ശിയാക്കൾ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത് അവരുടെ ജല്പനം മാത്രമാണ്.

നബി ﷺ മദീനയിലേക്കുള്ള യാത്ര തുടർന്നു. ദുൽഹുലൈഫയിൽ എത്തിയപ്പോൾ രാത്രി അവിടെ കഴിച്ചുകൂട്ടി. നേരം പുലർന്നപ്പോൾ മദീനയിലേക്കുള്ള യാത്ര തുടർന്നു. മദീന തന്റെ ദൃഷ്ടിയിൽ പെട്ടപ്പോൾ നബി ﷺ മൂന്ന് തവണ അല്ലാഹു അക്ബർ എന്ന് പറഞ്ഞു: ശേഷം ഇപ്രകാരം പറയുകയുണ്ടായി:

لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَىْءٍ قَدِيرٌ آيِبُونَ تَائِبُونَ عَابِدُونَ سَاجِدُونَ لِرَبِّنَا حَامِدُونَ صَدَقَ اللَّهُ وَعْدَهُ وَنَصَرَ عَبْدَهُ وَهَزَمَ الأَحْزَابَ وَحْدَهُ

ആരാധനക്കർഹൻ അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവനൊരു പങ്കുകാരുമില്ല. എല്ലാ അധികാരങ്ങളും അവന്നാണ്. സർവ്വ സ്തുതികളും അവന്നാണ്. അവൻ എല്ലാ കാര്യങ്ങൾക്കും കഴിവുള്ളവനാകുന്നു. പശ്ചാത്തപിക്കുന്നവരായിക്കൊണ്ടും ആരാധിക്കുന്നവരായിക്കൊണ്ടും സുജൂദ് ചെയ്യുന്നവരായിക്കൊണ്ടും ഞങ്ങളുടെ റബ്ബിനെ പുകഴ്ത്തുന്നവരായിക്കൊണ്ടും ഞങ്ങൾ (മടങ്ങുകയാണ്). അല്ലാഹു തന്റെ കരാറുകൾ പാലിച്ചിരിക്കുന്നു. തന്റെ അടിമയെ സഹായിച്ചിരിക്കുന്നു. സഖ്യ കക്ഷികളെ ഒറ്റക്ക് പരാജയപ്പെടുത്തിയിരിക്കുന്നു. (ബുഖാരി:1797. മുസ്ലിം: 1344).

അങ്ങനെ പകൽ സന്ദർഭത്തിലാണ് നബി ﷺ മദീനയിലേക്ക് പ്രവേശിക്കുന്നത്. നേരെ പോയത് മസ്ജിദുന്നബവിയിലേക്കായിരുന്നു. അവിടെ പോയി രണ്ടു റക്അത്തു നമസ്കരിച്ചു. ശേഷം ജനങ്ങൾക്ക് വേണ്ടി ഇരുന്നു കൊടുത്തു. എന്നിട്ട് തന്റെ വീട്ടിലേക്ക് പിരിഞ്ഞു പോവുകയും ചെയ്തു.

عَنْ كَعْبِ بْنِ مَالِكٍ، قَالَ  …وَكَانَ إِذَا قَدِمَ مِنْ سَفَرٍ بَدَأَ بِالْمَسْجِدِ فَرَكَعَ فِيهِ رَكْعَتَيْنِ ثُمَّ جَلَسَ لِلنَّاسِ

കഅ്ബുബ്നു മാലിക് رَضِيَ اللَّهُ عَنْهُ പറയുന്നു: നബി ﷺ ഒരു യാത്ര കഴിഞ്ഞു വന്നാൽ പള്ളി കൊണ്ട് ആരംഭിക്കാറുണ്ടായിരുന്നു. പള്ളിയിൽ വെച്ച് രണ്ട് റക്അത്ത് നമസ്കരിക്കും ശേഷം ആളുകൾക്ക് വേണ്ടി ഇരുന്നു കൊടുക്കും. (ബുഖാരി:1418. മുസ്ലിം: 2869)

 

 

www.kanzululoom.com

Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket

Leave a Reply

Your email address will not be published.