അല്ലാഹുവിന്റെ ഭവനങ്ങള്‍

അല്ലാഹുവിന്റെ വീടുകള്‍ (بُيُوتُ اللَّـهِ) എന്നുപറയാവുന്നത് എന്തെങ്കിലും ഈ ലോകത്ത് ഉണ്ടെങ്കില്‍ അത് മസ്ജിദുകളാണ് (പള്ളികളാണ്). നാടുകളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത് അവിടെയുള്ള പള്ളികളാണെന്ന് നബി(സ്വ) നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്.

عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ :‏ أَحَبُّ الْبِلاَدِ إِلَى اللَّهِ مَسَاجِدُهَا وَأَبْغَضُ الْبِلاَدِ إِلَى اللَّهِ أَسْوَاقُهَا

അബൂഹുറൈറയില്‍(റ) നിന്ന് നിവദനം. നബി(സ്വ) പറഞ്ഞു: നാടുകളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത് അവിടെയുള്ള പള്ളികളും ഏറ്റവും വെറുപ്പുള്ളത് അങ്ങാടികളുമാകുന്നു. (മുസ്‌ലിം:671)

ഒരു സത്യവിശ്വാസിക്ക് പള്ളിയുമായുള്ള ബന്ധം അഭേദ്യമാണ്. പള്ളിയുമായുള്ള ബന്ധം കാത്തുസൂക്ഷിക്കുന്ന മനുഷ്യന് അല്ലാഹു ധാരാളം പ്രതിഫലം നല്‍കുന്നതാണ്. പരലോകത്ത് മഹ്ശറയില്‍ സൂര്യന്‍ തലക്ക് മുകളില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ചില ആളുകള്‍ക്ക് അല്ലാഹു തണല്‍ കൊടുക്കുന്നതായിരിക്കുമെന്ന് നബി (സ്വ) പഠിപ്പിച്ച് തന്നിട്ടുണ്ട് അതില്‍ പെട്ട ഒരു വിഭാഗമാണ് ഹൃദയം എല്ലാ സമയവും പള്ളിയുമായി ബന്ധപ്പെട്ട മനുഷ്യ൪.

‌عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : سَبْعَةٌ يُظِلُّهُمُ اللَّهُ تَعَالَى فِي ظِلِّهِ يَوْمَ لاَ ظِلَّ إِلاَّ ظِلُّهُ إِمَامٌ عَدْلٌ، وَشَابٌّ نَشَأَ فِي عِبَادَةِ اللَّهِ، وَرَجُلٌ قَلْبُهُ مُعَلَّقٌ فِي الْمَسَاجِدِ، وَرَجُلاَنِ تَحَابَّا فِي اللَّهِ اجْتَمَعَا عَلَيْهِ وَتَفَرَّقَا عَلَيْهِ، وَرَجُلٌ دَعَتْهُ امْرَأَةٌ ذَاتُ مَنْصِبٍ وَجَمَالٍ فَقَالَ إِنِّي أَخَافُ اللَّهَ، وَرَجُلٌ تَصَدَّقَ بِصَدَقَةٍ فَأَخْفَاهَا حَتَّى لاَ تَعْلَمَ شِمَالُهُ مَا تُنْفِقُ يَمِينُهُ، وَرَجُلٌ ذَكَرَ اللَّهَ خَالِيًا فَفَاضَتْ عَيْنَاهُ

അബൂഹുറൈറ(റ) പറയുന്നു: നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ തണലല്ലാത്ത മറ്റു യാതൊരു തണലുമില്ലാത്ത ദിവസം ഏഴ് വിഭാഗത്തിന് അവൻ തണല്‍ നൽകുന്നതാണ്. നീതിമാനായ നേതാവ്, അല്ലാഹുവിന് ഇബാദത്ത്‌ ചെയ്തുകൊണ്ട് ജീവിച്ചു വളർന്ന യുവാവ്, ഹൃദയം എല്ലാ സമയവും പള്ളിയുമായി ബന്ധപ്പെട്ട മനുഷ്യൻ, അല്ലാഹുവിന്റെ പേരിൽ പരസ്‌പരം സ്നേഹിക്കുകയും അതായത് അവന്റെ പേരിൽ ഒന്നിക്കുകയും അവന്റെ പേരിൽ ഭിന്നിക്കുകയും ചെയ്ത രണ്ട് ആളുകൾ, സൗന്ദര്യവും സ്ഥാനമാനങ്ങളുമുള്ള ഒരു സ്‌ത്രീ അവിഹിത വേഴ്ചക്ക് ആവശ്യപ്പെട്ടപ്പോൾ ഞാൻ അല്ലാഹുവിനെ സൂക്ഷിക്കുന്നുവെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറിയ മനുഷ്യൻ, വലത് കൈകൊണ്ട് കൊടുക്കുന്നത് ഇടത് കൈപോലും അറിയാത്ത വിധത്തിൽ വളരെ രഹസ്യമായി ദാനധർമ്മങ്ങൾ ചെയ്‌തവൻ, ഏകനായിരുന്നുകൊണ്ട് അല്ലാഹുവിനെ ഓർത്ത്‌ കണ്ണുനീർ വാർത്തവൻ (ഇവരാണ് ഏഴു കൂട്ടർ). (ബുഖാരി:1423)

പള്ളിയുമായി ബന്ധപ്പെട്ട് ജീവിക്കുകയെന്ന് പറഞ്ഞാല്‍, പള്ളിയില്‍ വെച്ചുള്ള എല്ലാ ആരാധനകളിലും നന്‍മകളിലും പങ്കെടുക്കുക, പള്ളിയെ സംരക്ഷിക്കുക, അവിടെ അത്യാവശ്യമുള്ള കാര്യങ്ങള്‍ നോക്കി നടത്തുക പോലെയുള്ള കാര്യങ്ങളാണ്. ഇതെല്ലാം അവിടെയുള്ള ഓരോ മുസ്ലിമിന്റെയും ബാധ്യതയാണ്.

പള്ളിയുമായി ബന്ധപ്പെട്ട് പുരുഷന്‍മാ൪ക്കുള്ള പരമപ്രധാനമായ ബാധ്യത അഞ്ച് നേരത്തെ നമസ്കാരങ്ങള്‍ പള്ളിയില്‍ വെച്ച് ജമാഅത്തായിട്ടാണ് നി൪വ്വഹിക്കുക എന്നുള്ളതാണ്. വിശുദ്ധ ഖു൪ആനില്‍ നമസ്കാരം ജമാഅത്തായി നമസ്കരിക്കണമെന്നുള്ള സൂചന കാണാന്‍ കഴിയും.

ﻭَﺃَﻗِﻴﻤُﻮا۟ ٱﻟﺼَّﻠَﻮٰﺓَ ﻭَءَاﺗُﻮا۟ ٱﻟﺰَّﻛَﻮٰﺓَ ﻭَٱﺭْﻛَﻌُﻮا۟ ﻣَﻊَ ٱﻟﺮَّٰﻛِﻌِﻴﻦَ

പ്രാര്‍ത്ഥന മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, (അല്ലാഹുവിന്റെ മുമ്പില്‍) തലകുനിക്കുന്നവരോടൊപ്പം നിങ്ങള്‍ തലകുനിക്കുകയും ചെയ്യുവിന്‍.(ഖു൪ആന്‍ :2/43)

ഇവിടെ നിങ്ങള്‍ നമസ്കാരം നി൪വ്വഹിക്കുക എന്ന് പറഞ്ഞതിന് ശേഷം ‘റുകൂഅ് ചെയ്യുന്നവരോടൊപ്പം റുകൂഅ് ചെയ്യുക’ എന്ന് വീണ്ടും പറഞ്ഞതില്‍ നിന്നും നമസ്കാരം ജമാഅത്തായിട്ടാണ് നി൪വ്വഹിക്കേണ്ടതെന്ന് മനസ്സിലാക്കാം.

അഞ്ച് നേരത്തെ നമസ്കാരങ്ങള്‍ പള്ളിയില്‍ വെച്ച് ജമാഅത്തായി നി൪വ്വഹിക്കുകയെന്ന ബാധ്യത നി൪വ്വഹിക്കുന്നവ൪ക്ക് ധാരാളം പ്രതിഫലം ലഭിക്കുന്നതാണ്.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ تَطَهَّرَ فِي بَيْتِهِ ثُمَّ مَشَى إِلَى بَيْتٍ مِنْ بُيُوتِ اللَّهِ لِيَقْضِيَ فَرِيضَةً مِنْ فَرَائِضِ اللَّهِ كَانَتْ خَطْوَتَاهُ إِحْدَاهُمَا تَحُطُّ خَطِيئَةً وَالأُخْرَى تَرْفَعُ دَرَجَةً

ബുറൈദയില്‍(റ) നിന്ന് നിവേദനം:നബി(സ്വ) പറഞ്ഞു:ആരെങ്കിലും അല്ലാഹുവിനോടുള്ള നി൪ബന്ധ ബാധ്യതയായ നമസ്കാരം നി൪വ്വഹിക്കുന്നതിനായി തന്റെ വീട്ടില്‍ നിന്ന് വുളു ചെയ്ത് ശുദ്ധി വരുത്തി അല്ലാഹുവിന്റെ ഭവനങ്ങളില്‍ പെട്ട ഏതെങ്കിലും ഒരു പള്ളിയിലേക്ക് പുറപ്പെടുന്നപക്ഷം അവന്റെ കാലടികള്‍ വെക്കുന്നതിനനുസരിച്ച് ഓരോ പാപങ്ങള്‍ ഉതി൪ന്ന് പോകുകയും പദവികള്‍ ഉയ൪ത്തപ്പെടുകയും ചെയ്യാതിരിക്കില്ല.(മുസ്ലിം:666)

عَنْ بُرَيْدَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ :‏ بَشِّرِ الْمَشَّائِينَ فِي الظُّلَمِ إِلَى الْمَسَاجِدِ بِالنُّورِ التَّامِّ يَوْمَ الْقِيَامَةِ

നബി(സ്വ) പറഞ്ഞു : പള്ളിയിലേക്ക് ഇരുട്ടില്‍ പോകുന്നവ൪ക്ക് പരലോകത്ത് സമ്പൂ൪ണ്ണ പ്രകാശം കൊണ്ട് സന്തോഷ വാ൪ത്ത അറിയിക്കുക. (അബൂദാവൂദ്:561 – തി൪മിദി:223 – മിശ്കാത്ത് ലില്‍ അല്‍ബാനി :1/224)

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏”‏ أَلاَ أَدُلُّكُمْ عَلَى مَا يَمْحُو اللَّهُ بِهِ الْخَطَايَا وَيَرْفَعُ بِهِ الدَّرَجَاتِ ‏”‏ ‏.‏ قَالُوا بَلَى يَا رَسُولَ اللَّهِ ‏.‏ قَالَ ‏”‏ إِسْبَاغُ الْوُضُوءِ عَلَى الْمَكَارِهِ وَكَثْرَةُ الْخُطَا إِلَى الْمَسَاجِدِ وَانْتِظَارُ الصَّلاَةِ بَعْدَ الصَّلاَةِ فَذَلِكُمُ الرِّبَاطُ ‏”‏

അബൂഹുറൈറ (റ) വില്‍ നിവേദനം: നബി ﷺ പറഞ്ഞു: ‘അല്ലാഹു പാപങ്ങള്‍ മായ്ക്കുകയും പദവികളെ ഉയര്‍ത്തുകയും ചെയ്യുന്ന കാര്യങ്ങളെ ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചുതരട്ടയോ?’ അവര്‍ (സ്വഹാബികൾ) പറഞ്ഞു: ‘അതെ.’ നബി ﷺ പറഞ്ഞു: ‘ക്ലേശകരമായ അവസ്ഥയില്‍ വുദൂഅ് സമ്പൂര്‍ണമായി ചെയ്യലും പള്ളികളിലേക്ക് ധാരാളമായുള്ള കാല്‍വെപ്പുകളും ഒരു നമസ്‌കാരത്തിനുശേഷം മറ്റൊരു നമസ്‌കാരത്തെ കാത്തിരിക്കലും. അതത്രെ രിബാത്വ്.’ (മുസ്‌ലിം:251)

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ:‏ حِينَ يَخْرُجُ الرَّجُلُ مِنْ بَيْتِهِ إِلَى مَسْجِدِهِ فَرِجْلٌ تُكْتَبُ حَسَنَةً وَرِجْلٌ تَمْحُو سَيِّئَةً ‏‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാള്‍ വീട്ടില്‍ നിന്നും പള്ളിയിലേക്ക് പുറപ്പെടുമ്പോള്‍ അവന്റെ ഒരു കാല്‍ ഒരു നന്‍മ രേഖപ്പെടുത്തുകയും ഒരു കാല്‍ ഒരു തിന്മ മായ്ച്ച് കളയുകയും ചെയ്യുന്നു.(നസാഇ:705 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عَنْ أَبِي مُوسَى، قَالَ قَالَ النَّبِيُّ صلى الله عليه وسلم : أَعْظَمُ النَّاسِ أَجْرًا فِي الصَّلاَةِ أَبْعَدُهُمْ فَأَبْعَدُهُمْ مَمْشًى، وَالَّذِي يَنْتَظِرُ الصَّلاَةَ حَتَّى يُصَلِّيَهَا مَعَ الإِمَامِ أَعْظَمُ أَجْرًا مِنَ الَّذِي يُصَلِّي ثُمَّ يَنَامُ

അബൂമൂസ(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: വളരെ കൂടുതൽ അകലെനിന്ന് നടന്നുവന്ന് (ജമാഅത്ത്) നമസ്‌കാരത്തിൽ പങ്കെടുക്കുന്നവർക്കാണ് കൂടുതൽ പ്രതിഫലം ലഭിക്കുക. ഇമാമിനോടൊപ്പം നമസ്‌കരിക്കാൻ കാത്തിരിക്കുന്നവന്, തനിയെ നമസ്‌കരിച്ച് ഉറങ്ങുന്നവനെക്കാൾ പ്രതിഫലമുണ്ട്.(ബുഖാരി: 651)

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: مَنْ غَدَا إِلَى الْمَسْجِدِ وَرَاحَ أَعَدَّ اللَّهُ لَهُ نُزُلَهُ مِنَ الْجَنَّةِ كُلَّمَا غَدَا أَوْ رَاحَ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം : നബി(സ്വ) പറഞ്ഞു: ആരെങ്കിലും രാവിലെയോ വൈകുന്നേരമോ പള്ളിയിലേക്ക് (ജമാഅത്ത് നമസ്കാരത്തിന്) പോയാൽ അല്ലാഹു അവനുവേണ്ടി സ്വർഗത്തിൽ വിരുന്ന് തയ്യാറാക്കുന്നതാണ്. എല്ലാ രാവിലെയും വൈകുന്നേരവും പോകുമ്പോഴെല്ലാം ഇപ്രകാരം തന്നെ.(ബുഖാരി : 662 – മുസ്‌ലിം: 669)

ഒഴിവ് സമയങ്ങളില്‍ അങ്ങാടികളില്‍ കഴിച്ചുകൂട്ടാനാണ് ആളുകള്‍ക്ക് കൂടുതല്‍ ഇഷ്ടം. ഇത് നബി(സ്വ) വിരോധിച്ചിട്ടുള്ള കാര്യമാണ്.

عَنْ سَلْمَانَ، قَالَ لاَ تَكُونَنَّ إِنِ اسْتَطَعْتَ أَوَّلَ مَنْ يَدْخُلُ السُّوقَ وَلاَ آخِرَ مَنْ يَخْرُجُ مِنْهَا فَإِنَّهَا مَعْرَكَةُ الشَّيْطَانِ وَبِهَا يَنْصِبُ رَايَتَهُ

സല്‍മാൻ رَضِيَ اللَّهُ عَنْهُ പറയുന്നു: കഴിവതും അങ്ങാടിയില്‍ ആദ്യം പ്രവേശിക്കുന്നവനും അവിടെ നിന്ന് അവസാനം പുറപ്പെടുന്നവനും നീ ആകാതിരിക്കാന്‍ ശ്രദ്ധിക്കണം. നിശ്ചയം അത് പിശാചിന്റെ സങ്കേതമാണ്. അവിടെയാണ് അവന്‍ പതാക നാട്ടുന്നത്. (മുസ്‌ലിം:2451)

നമസ്‌കാരവും പ്രാ൪ത്ഥനയും ഖുര്‍ആന്‍ പഠനവുമൊക്കെയായി അനുഗ്രഹീതമായ പള്ളിയില്‍ അല്പ സമയം ചെലവഴിക്കുക പലര്‍ക്കും അസഹ്യമാണ്. ഒഴിവ് സമയങ്ങളില്‍ പള്ളിയില്‍ കഴിച്ചു കൂട്ടുന്നവ൪ക്ക് ധാരാളം നന്‍മകള്‍ കരസ്ഥമാക്കാന്‍ കഴിയും.

عَنْ أَنَسٍ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: إِنَّ هَذِهِ الْمَسَاجِدَ لَا تَصْلَحُ لِشَيْءٍ مِنْ الْبَوْلِ وَلَا الْقَذَرِ، إِنَّمَا هِيَ لِذِكْرِ اللَّهِ تَعَالَى، وَقِرَاءَةِ الْقُرْآنِ”

അനസ്‌(റ)വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിശ്ചയം ഈ പള്ളി മൂത്രിക്കാനോ വൃത്തികേടാക്കാനോ പാടില്ല. ഇത് അല്ലാഹു ﷻ വിനെ സ്മരിക്കാനും ഖുർആൻ പാരായണത്തിനുമുള്ളതാണ്. (റിയാദുസ്സ്വാലിഹീൻ: 1695)

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ : الْمَلاَئِكَةُ تُصَلِّي عَلَى أَحَدِكُمْ مَا دَامَ فِي مُصَلاَّهُ الَّذِي صَلَّى فِيهِ، مَا لَمْ يُحْدِثْ، تَقُولُ اللَّهُمَّ اغْفِرْ لَهُ اللَّهُمَّ ارْحَمْهُ

അബൂഹുറൈറ(റ) നിവേദനം: വുളു മുറിയാത്ത അവസ്ഥയില്‍ ഒരാള്‍ താന്‍ നമസ്കരിച്ച സ്ഥലത്തുതന്നെ ഇരിക്കുന്ന സമയത്ത് മലക്കുകള്‍ അവനുവേണ്ടി പാപമോചനത്തിന് തേടുന്നതാണ്. അവര്‍ പറയും: അല്ലാഹുവേ, ഇവന് നീ പൊറുത്തു കൊടുക്കേണമേ, അല്ലാഹുവേ, ഇവന് നീ പൊറുത്തു കൊടുക്കേണമേ. (ബുഖാരി:445)

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ :‏ لاَ يَزَالُ الْعَبْدُ فِي صَلاَةٍ مَا كَانَ فِي مُصَلاَّهُ يَنْتَظِرُ الصَّلاَةَ وَتَقُولُ الْمَلاَئِكَةُ اللَّهُمَّ اغْفِرْ لَهُ اللَّهُمَّ ارْحَمْهُ ‏.‏ حَتَّى يَنْصَرِفَ أَوْ يُحْدِثَ ‏‏ ‏.‏ قُلْتُ مَا يُحْدِثُ قَالَ يَفْسُو أَوْ يَضْرِطُ

അബൂഹുറൈറ (റ) വില്‍ നിവേദനം: നബി ﷺ പറഞ്ഞു: ‘ഒരു ദാസന്‍ തന്റെ മുസ്വല്ലയില്‍ നമസ്കാരത്തെ കാത്തിരിക്കുന്ന സമയമത്രയും അവന്‍ നമസ്കാരത്തിലായിരിക്കും. മലക്കുകള്‍ (അവന് വേണ്ടി) പ്രാ൪ത്ഥിക്കും: അല്ലാഹുവേ ഇദ്ദേഹം പിരിഞ്ഞു പോകുന്നതുവരേയോ അല്ലെങ്കില്‍ ഇയാള്‍ക്ക് വുളു നഷ്ടമാകുന്നതുവരെയോ ഇദ്ദേഹത്തിന് പൊറുക്കേണമേ, ഇദ്ദേഹത്തോട് കരുണ കാണിക്കേണമേ. ഞാന്‍ ചോദിച്ചു:എന്താണ് വുളൂഇനെ നഷ്ടമാക്കുക? നബി(സ്വ) പറഞ്ഞു: കീഴ്’വായു പോകലാണ്.(മുസ്ലിം:649)

പള്ളിയില്‍ ഖു൪ആന്‍ പഠിക്കുകയും പാരായണം ചെയ്യുകയും ചെയ്യുന്നതിന് ശ്രേഷ്ടതയും പ്രതിഫലവുമുണ്ട്.

و ما اجتمع قوم فى بيت من ب يوت لله يتلون كتاب لله ويتدا رسونه بينهم الا نزلت عليهم السكينة وغشيهم الرحمة وحفتهم الملئكة وذ كرھم لله فيمن عنده

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: റസൂൽ(സ്വ) പറഞ്ഞു: അല്ലാഹുവിന്റെ ഭവനങ്ങളായ പള്ളികളിലെ ഒരു പള്ളിയില്‍ വെച്ച് ഒരുമിച്ച് കൂടുകയും അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും അവ൪ അത് അന്യോനം പഠിക്കുകയുമായാല്‍ അവരുടെ മേല്‍ സകീനത്ത് (ശാന്തത) വന്നിറങ്ങുകയും റഹ്മത്ത് അവരെ ആവരണം ചെയ്യുകയും മലക്കുകൾ അവരെ പൊതിയുകയും അല്ലാഹു തന്റെ അടുത്തുള്ളവരിൽ അവരെ അനുസ്മരിക്കുകയും ചെയ്യും. (മുസ്ലിം)

عَنْ عُقْبَةَ بْنِ عَامِرٍ، قَالَ خَرَجَ رَسُولُ اللَّهِ صلى الله عليه وسلم وَنَحْنُ فِي الصُّفَّةِ فَقَالَ ‏”‏ أَيُّكُمْ يُحِبُّ أَنْ يَغْدُوَ كُلَّ يَوْمٍ إِلَى بُطْحَانَ أَوْ إِلَى الْعَقِيقِ فَيَأْتِيَ مِنْهُ بِنَاقَتَيْنِ كَوْمَاوَيْنِ فِي غَيْرِ إِثْمٍ وَلاَ قَطْعِ رَحِمٍ ‏”‏ ‏.‏ فَقُلْنَا يَا رَسُولَ اللَّهِ نُحِبُّ ذَلِكَ ‏.‏ قَالَ ‏”‏ أَفَلاَ يَغْدُو أَحَدُكُمْ إِلَى الْمَسْجِدِ فَيَعْلَمَ أَوْ يَقْرَأَ آيَتَيْنِ مِنْ كِتَابِ اللَّهِ عَزَّ وَجَلَّ خَيْرٌ لَهُ مِنْ نَاقَتَيْنِ وَثَلاَثٌ خَيْرٌ لَهُ مِنْ ثَلاَثٍ وَأَرْبَعٌ خَيْرٌ لَهُ مِنْ أَرْبَعٍ وَمِنْ أَعْدَادِهِنَّ مِنَ الإِبِلِ ‏”‏ ‏.‏

ഉക്വ്ബത്ത് ഇബ്നു ആമിറില്‍(റ) നിന്ന് നിവേദനം : ഞങ്ങള്‍ സുഫ്ഫയിലാരിക്കെ (മുഹാജിറുകളിലെ സാധുക്കള്‍ അഭയം പ്രാപിച്ചിരുന്ന മസ്ജിദുന്നബവിയിലെ തണലുള്ള സ്ഥലം) നബി ﷺ പുറത്തുവന്നുകൊണ്ട് പറഞ്ഞു: നിങ്ങളില്‍ ആരെങ്കിലും തെറ്റ് ചെയ്യാതെയും കുടുംബബന്ധം തക൪ക്കാതെയും എല്ലാ ദിവസവും രാവിലെ ബുഹ്താനിലേക്കോ(മദീനക്ക് അടുത്തുള്ള സ്ഥലം) അക്വീക്വിലേക്കോ(മദീനയിലെ ഒരു താഴ്വര) പോയി വലിയ പൂഞ്ഞയുള്ള രണ്ട് ഒട്ടകങ്ങളെ കൊണ്ടുവരുവാന്‍ ഇഷ്ടപ്പെടുന്നുവോ? അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു:അല്ലാഹുവിന്റെ റസൂലെ ഞങ്ങളത് ഇഷ്ടപ്പെടുന്നു. അപ്പോള്‍ നബി ﷺ പറഞ്ഞു: നിങ്ങളില്‍ ഒരാള്‍ പള്ളിയിലേക്ക് രാവിലെ പോകുകയും അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ നിന്ന് രണ്ട് ആയത്തുകള്‍ പഠിക്കുകയോ അല്ലെങ്കില്‍ പാരായണം ചെയ്യുകയോ ചെയ്താല്‍ അതാണ് അയാള്‍ക്ക് രണ്ട് ഒട്ടകങ്ങളെ കിട്ടുന്നതിനേക്കാള്‍ ഉത്തമമായത്. മൂന്ന് ആയത്തുകള്‍ പഠിക്കുകയോ അല്ലെങ്കില്‍ പാരായണം ചെയ്യുകയോ ചെയ്താല്‍ അതാണ് അയാള്‍ക്ക് മൂന്ന് ഒട്ടകങ്ങളെ കിട്ടുന്നതിനേക്കാള്‍ ഉത്തമമായത്. നാല് ആയത്തുകള്‍ പഠിക്കുകയോ അല്ലെങ്കില്‍ പാരായണം ചെയ്യുകയോ ചെയ്താല്‍ അതാണ് അയാള്‍ക്ക് നാല് ഒട്ടകങ്ങളെ കിട്ടുന്നതിനേക്കാള്‍ ഉത്തമമായത്. (പഠിക്കുകയോ അല്ലെങ്കില്‍ പാരായണം ചെയ്യുകയോ ചെയ്യുന്ന) ആയത്തിന്റെ എണ്ണം അനുസരിച്ചായിരിക്കും അവയുടെ(ഒട്ടകങ്ങളുടെ) എണ്ണവും.(മുസ്ലിം:803)

പള്ളിയുമായി ബന്ധപ്പെട്ട ചില മര്യാദകള്‍

1.പള്ളിയില്‍ വരുമ്പോള്‍ വായ വൃത്തിയാക്കുക

പള്ളിയില്‍ വരുന്നവരില്‍ പുകവലി പോലെയുള്ള ദു:സ്വഭാവങ്ങളുള്ളവരെയും കാണാം. അവരുടെ വായയില്‍ നിന്നുള്ള ദു൪ഗന്ധം മറ്റുള്ളവ൪ക്ക് വളരെയേറെ ബുദ്ധിമുട്ടാണ്. അതേപോലെ വായ വൃത്തിയായി സൂക്ഷിക്കാത്തതുമൂലവും മറ്റുള്ളവ൪ക്ക് ബുദ്ധിമുട്ടാണ്. നമ്മുടെ വായയില്‍ നിന്നുള്ള ദു൪ഗന്ധം കാരണം പള്ളിയില്‍ മറ്റുള്ളവ൪ക്ക് ബുദ്ധിമുട്ടാകാന്‍ പാടില്ല.വളരെ ശക്തമായി നബി (ﷺ)ഈ വിഷയത്തിൽ താക്കീതുകൾ നൽകിയത് കാണാം .കാരണം പള്ളികളിൽ നിസ്കരിക്കാൻ വരുന്ന ആളുകൾ മാത്രമല്ല അല്ലാഹുവിന്റെ പരിശുദ്ധരായ മലക്കു കളുടെ സാന്നിദ്ധ്യവും അവിടെ ഉണ്ടാകുo.അതുകൊണ്ടു തന്നെ മനുഷ്യർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഉപദ്രവകരമായ കാര്യങ്ങൾ മലക്കുകൾക്കും പ്രയാസമുണ്ടാക്കും.എന്നത് നബി(ﷺ) പറഞ്ഞിട്ടുണ്ട്.ദുർഗന്ധം മനുഷ്യർ ഇഷ്ടപ്പെടാത്ത പോലെ അല്ലെങ്കിൽ പ്രയാസമാകുന്ന പോലെ മലക്കുകൾക്കും അത് പ്രയാസമായിത്തീരും.

عَنْ جَابِرَ بْنَ عَبْدِ اللَّهِ، زَعَمَ أَنَّ النَّبِيَّ صلى الله عليه وسلم قَالَ: مَنْ أَكَلَ ثُومًا أَوْ بَصَلاً فَلْيَعْتَزِلْنَا ـ أَوْ قَالَ ـ فَلْيَعْتَزِلْ مَسْجِدَنَا، وَلْيَقْعُدْ فِي بَيْتِهِ

ജാബി൪ ബിന്‍ അബ്ദില്ലയില്‍(റ) നിന്ന് നിവേദനം:റസൂൽ(സ്വ) പറഞ്ഞു: ആരെങ്കിലും വെളുത്തുള്ളിയോ ചുവന്നുള്ളിയോ ഭക്ഷിച്ചാല്‍ നമ്മളില്‍ നിന്നും വിട്ടു നില്‍ക്കട്ടെ, അല്ലെങ്കില്‍ നബി(സ്വ) പറഞ്ഞു: നമ്മുടെ പള്ളികളില്‍ നിന്നും വിട്ടു നില്‍ക്കുകയും അവന്‍ അവന്റെ വീട്ടില്‍ ഇരിക്കുകയും ചെയ്യട്ടെ. (ബുഖാരി:855)

عَنْ جَابِرٍ، قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ أَكَلَ مِنْ هَذِهِ الشَّجَرَةِ الْمُنْتِنَةِ فَلاَ يَقْرَبَنَّ مَسْجِدَنَا فَإِنَّ الْمَلاَئِكَةَ تَأَذَّى مِمَّا يَتَأَذَّى مِنْهُ الإِنْسُ

ജാബി൪ ബിന്‍ അബ്ദില്ലയില്‍(റ) നിന്ന് നിവേദനം: റസൂൽ(സ്വ) പറഞ്ഞു: ആരെങ്കിലും വെളുത്തുള്ളിയില്‍ നിന്ന് തിന്നാല്‍ നമ്മുടെ പള്ളിയോട് അടുക്കരുത്. കാരണം മനുഷ്യ൪ക്ക് ഉപദ്രവകരമായത് മലക്കുകളേയും ബുദ്ധിമുട്ടിക്കും. (മുസ്ലിം:563)

ഉമ൪(റ) ജുമുഅ ഖുതുബ നി൪വ്വഹിക്കവെ ഇപ്രകാരം പറഞ്ഞു:

ثُمَّ إِنَّكُمْ أَيُّهَا النَّاسُ تَأْكُلُونَ شَجَرَتَيْنِ لاَ أَرَاهُمَا إِلاَّ خَبِيثَتَيْنِ هَذَا الْبَصَلَ وَالثُّومَ لَقَدْ رَأَيْتُ رَسُولَ اللَّهِ صلى الله عليه وسلم إِذَا وَجَدَ رِيحَهُمَا مِنَ الرَّجُلِ فِي الْمَسْجِدِ أَمَرَ بِهِ فَأُخْرِجَ إِلَى الْبَقِيعِ فَمَنْ أَكَلَهُمَا فَلْيُمِتْهُمَا طَبْخًا

ജനങ്ങളെ നിങ്ങള്‍ ഉള്ളിയും വെളുത്തുള്ളിയും തിന്നുന്നു. ഞനാവട്ടെ അവ രണ്ടും ഉപദ്രവകാരികളായിട്ട മാത്രമാണ് കാണുന്നത്. തീ൪ച്ചയായും അല്ലാഹുവിന്റെ നബി ﷺ പള്ളിയിലുള്ള ആരെങ്കിലും അവയുടെ വാസനയറിഞ്ഞാല്‍ അയാളെ പുറത്താക്കാന്‍ കല്‍പ്പിക്കുകയും അപ്രകാരം ബഖീഇന്റെ ഭാഗത്തേക്ക് അയാള്‍ പുറത്താക്കപ്പെടുകയും ചെയ്യുമായിരുന്നു. നിങ്ങളില്‍ ആരെങ്കിലും ഉള്ളിയോ വെളുത്തുള്ളിയോ ഭക്ഷിക്കുന്നുവെങ്കില്‍ വേവിച്ച് അതിന്റെ വാസന കളയുക. (മുസ്ലിം:567)

2. പള്ളിയിലേക്ക് പുറപ്പെട്ടാല്‍ കൈവിരലുകള്‍ കോ൪ക്കരുത്

عَنْ كَعْبَ بْنَ عُجْرَةَ، قَالَ النَّبِيُّ صلى الله عليه وسلم:‏: إِذَا تَوَضَّأَ أَحَدُكُمْ فَأَحْسَنَ وُضُوءَهُ ثُمَّ خَرَجَ عَامِدًا إِلَى الْمَسْجِدِ فَلاَ يُشَبِّكَنَّ يَدَيْهِ فَإِنَّهُ فِي صَلاَةٍ ‏”‏ ‏.‏

കഅ്ബ് ബ്നു ഉജുറയില്‍(റ) നിന്ന് നിവേദനം:റസൂൽ(സ്വ) പറഞ്ഞു: നിങ്ങളിലോരാള്‍ വുളൂഅ് ചെയ്യുകയും വുളൂഅ് നന്നാക്കുകയും ശേഷം പള്ളിയെ ഉദ്ദേശിച്ച് പുറപ്പെടുകയും ചെയ്താല്‍ അവന്‍ തന്റെ ഇരുകൈകളേയും കോ൪ക്കരുത്. കാരണം അവ൪ നമസ്കാരത്തിലാണ്. (അബൂദാവീദ്:562 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

3. പള്ളിയില്‍ പ്രവേശിച്ചാല്‍ രണ്ട് റക്അത്ത് തഹിയത്ത് നമസ്കരിക്കുക

عَنْ أَبَا قَتَادَةَ بْنَ رِبْعِيٍّ الأَنْصَارِيّ َ ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم:‏ إِذَا دَخَلَ أَحَدُكُمُ الْمَسْجِدَ فَلاَ يَجْلِسْ حَتَّى يُصَلِّيَ رَكْعَتَيْنِ

അബൂഖതാദയില്‍(റ) നിന്ന് നിവേദനം:നബി(ﷺ) പറഞ്ഞു: നിങ്ങളിലൊരാള്‍ പള്ളിയില്‍ പ്രവേശിച്ചാല്‍ അവന്‍ രണ്ട് റക്അത്ത് നമസ്കരിക്കുന്നതു വരെ ഇരിക്കരുത്. (ബുഖാരി:1167)

പള്ളിയില്‍ പ്രവേശിച്ച സമയം റവാത്തിബ് സുന്നത്ത് നമസ്കാരമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും നമസ്കരാമോ നി൪വ്വഹിക്കാനുണ്ടെങ്കില്‍ അത് നി൪വ്വഹിച്ചാല്‍ മതി.

ശൈഖ് ബിന്‍ ബാസ് – റഹിമഹുല്ലാഹ് – പറഞ്ഞു: ”പള്ളിയില്‍ പ്രവേശിച്ചവന് ഇരിക്കുന്നതിന് മുമ്പായി രണ്ട് റക്കഅത്ത് നമസ്ക്കരില്‍ ശറആക്ക പെട്ടതാണ്.അത് ഏത് സമയത്തായിരുന്നാലും,നിസ്ക്കാരം വിലക്കിയ സമയത്താണെങ്കിലും ശരി.(അതില്‍)നബി – സ്വല്ലള്ളാഹു അലൈഹിവസല്ലമയുടെ വാക്ക് സ്‌ഥിരപ്പെട്ട് വന്നിട്ടുണ്ട്. ”നിങ്ങളിലാരെങ്കിലും പള്ളിയില്‍ പ്രവേശിച്ചാല്‍ രണ്ട് റക്കഅത്ത് നമസ്ക്കരിക്കുന്നത്‌വരെ ഇരിക്കരുത്.”(ബുഖാരി – മുസ്‌ലിം) ഇനി ബാങ്ക് കൊടുത്തശേഷം പള്ളിയില്‍ പ്രവേശിച്ചവനായാല്‍,അവന്‍ ഫര്‍ളിന് മുമ്പുള്ള സുന്നത് നമസ്ക്കരിക്കുന്നു.അപ്പോള്‍ തഹിയ്യത്ത് നിസ്ക്കാരത്തിന് (പകരം)അവന് അത് മതിയാകുന്നതാണ്.’ (മജ്മൂഅ് ഫത്താവ -30/62)

4. പള്ളിയില്‍ കച്ചവടം പാടില്ല

പള്ളിയില്‍ വെച്ച് കച്ചവടം നടത്തുകയോ കച്ചവടം സംബന്ധിച്ച സംസാരം ചെയ്യുകയോ പാടുള്ളതല്ല.

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ :‏ إِذَا رَأَيْتُمْ مَنْ يَبِيعُ أَوْ يَبْتَاعُ فِي الْمَسْجِدِ فَقُولُوا لاَ أَرْبَحَ اللَّهُ تِجَارَتَكَ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: റസൂൽ(സ്വ) പറഞ്ഞു:പള്ളിയില്‍ വില്‍ക്കുകയോ വാങ്ങുകയോ ചെയ്യുന്നവരെ കണ്ടാല്‍ നിങ്ങള്‍ പറയുക: നിന്റെ കച്ചവടത്തില്‍ അല്ലാഹു ലാഭം നല്‍കാതിരിക്കട്ടെ. (തി൪മിദി:1321 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

5. നഷ്ടപ്പെട്ട കാര്യം പള്ളിയില്‍ വെച്ച് അന്വേഷിക്കരുത്

عَنْ أَبِي هُرَيْرَةَ، قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : مَنْ سَمِعَ رَجُلاً يَنْشُدُ ضَالَّةً فِي الْمَسْجِدِ فَلْيَقُلْ لاَ رَدَّهَا اللَّهُ عَلَيْكَ فَإِنَّ الْمَسَاجِدَ لَمْ تُبْنَ لِهَذَا ‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: റസൂൽ(സ്വ) പറഞ്ഞു: പള്ളിയില്‍ നഷ്ടപ്പെട്ടത് വിളിച്ച് പറയുന്നവനെ ആരെങ്കിലും കേട്ടാല്‍ അല്ലാഹു നിനക്കത് തിരിച്ചു നല്‍കാതിരിക്കട്ടെ എന്ന് അവന്‍ പറയട്ടെ. കാരണം പള്ളി അതിനുവേണ്ടി നി൪മ്മിക്കപ്പെട്ടതല്ല. (മുസ്ലിം:568)

6. പള്ളിയില്‍ തുപ്പാന്‍ പാടില്ല

عَنْ أَنَسٍ بْنَ مَالِكٍ، رَضِيَ اللَّهُ عَنْهُ  قَالَ النَّبِيُّ صلى الله عليه وسلم : الْبُزَاقُ فِي الْمَسْجِدِ خَطِيئَةٌ، وَكَفَّارَتُهَا دَفْنُهَا

അനസില്‍(റ) നിന്ന് നിവേദനം: റസൂൽ(സ്വ) പറഞ്ഞു: പള്ളിയില്‍ തുപ്പുന്നത് പാപമാണ്. അതിനുള്ള പ്രായശ്ചിത്തം അത് മൂടലാണ്. (ബുഖാരി:415)

7. ബാങ്ക് വിളിച്ചതിന് ശേഷം പള്ളിയില്‍ നിന്ന് പുറത്തേക്ക് പാകാന്‍ പാടില്ല

عَنْ أَبِي الشَّعْثَاءِ، قَالَ كُنَّا قُعُودًا فِي الْمَسْجِدِ مَعَ أَبِي هُرَيْرَةَ فَأَذَّنَ الْمُؤَذِّنُ فَقَامَ رَجُلٌ مِنَ الْمَسْجِدِ يَمْشِي فَأَتْبَعَهُ أَبُو هُرَيْرَةَ بَصَرَهُ حَتَّى خَرَجَ مِنَ الْمَسْجِدِ فَقَالَ أَبُو هُرَيْرَةَ أَمَّا هَذَا فَقَدْ عَصَى أَبَا الْقَاسِمِ صلى الله عليه وسلم

അബൂ ശഹ്സാഹില്‍(റ) നിന്ന് നിവേദനം : ഒരിക്കൽ ഞങ്ങൾ അബൂഹുറൈറയോടൊപ്പം(റ) പള്ളിയിൽ ഇരിക്കവെ ബാങ്ക് വിളിക്കുന്നവൻ ബാങ്ക് വിളിച്ചു. അന്നേരം പള്ളിയിൽ നിന്ന് ഒരാൾ എഴുന്നേറ്റ് പോയി. അദ്ധേഹം പള്ളിയിൽ നിന്ന് പുറത്തുപോകുവോളം അബൂഹുറൈറ(റ) അദ്ധേഹത്തിലേക്ക് തന്നെ ദൃഷ്ടി പതിപ്പിച്ച് കൊണ്ട് പറഞ്ഞു: ഇവൻ അബുൽ ഖാസിമിനെ (പ്രവാചകനെ) ധിക്കരിച്ചിരിക്കുന്നു. (മുസ്‌ലിം: 655)

8. ഭൌതിക കാര്യങ്ങള്‍ക്ക് മാത്രം പള്ളിയില്‍ സംഗമിക്കരുത്

അബ്ദില്ലാഹിബ്നു മസ്ഊദില്‍(റ) നിന്ന് നിവേദനം : അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞു: കാലാവസാനത്തില്‍ ഒരു വിഭാഗം ആളുകള്‍ ഉണ്ടാകും. അവ൪ പള്ളികളില്‍ കൂട്ടങ്ങളായി കൂടിയിരിക്കും. അവരുടെ (സംസാരത്തിന്റെ) മുഖ്യവിഷയം ദുന്‍യാവ് ആയിരിക്കും. നിങ്ങള്‍ അവരുടെ കൂടെ ഇരിക്കരുത്. കാരണം അവരില്‍ അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല. (മുഅ്ജമുത്ത്വബറാനി – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞു: ജനങ്ങള്‍ക്ക് ഒരു കാലം വരും. പള്ളികളില്‍ അവരുടെ സംസാരം ദുന്‍യാവിന്റെ കാര്യത്തിലായിരിക്കും. നിങ്ങള്‍ അവരുടെ കൂടെ ഇരിക്കരുത്. കാരണം അവരില്‍ അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല. (സ്വഹീഹ് ഇബ്നുഹിബ്ബാന്‍)

പള്ളിയിലിരുന്ന് ദുനിയാവിന്റെ വിഷയങ്ങൾ സംസാരിക്കുന്നത് കുറ്റകരമാണോ?

ശൈഖ് മുഹമ്മദ് ബിൻ സ്വാലിഹ് അൽ ഉഥൈമീൻ (റഹിമഹുല്ലാഹ്) പറയുന്നു:

الكلام في المسجد ينقسم إلى قسمين؛ القسم الأول: أن يكون فيه تشويش على المصلين والقارئين والدارسين، فهذا لا يجوز وليس لأحد أن يفعل ما يشوش على المصلين والقارئين والدارسين، والقسم أن لا يكون فيه تشويش على أحد، فهذا إن كان في أمور الخير، فهو خير، وإن كان في أمور الدنيا؛ فإن منه ما هو ممنوع، ومنه ما هو جائز، فمن الممنوع؛ البيع والشراء والإيجار، فلا يجوز للإنسان أن يبيع، أو يشتري في المسجد، أو يستأجر، أو يؤجر في المسجد، وكذلك إنشاد الضالة؛ فإن الرسول عليه الصلاة والسلام قال: «إذا سمعتم من ينشد الضالة فقولوا: لا ردها الله عليك؛ فإن المساجد لم تبن لهذا» ومن الجائز أن يتحدث الناس في أمور الدنيا بالحديث الصدق الذي ليس فيه شيء محرم.

പള്ളിയിൽ വെച്ചുള്ള സംസാരം രണ്ട് തരമാണ്. ഒന്നാമത്തേത്: നമസ്കരിക്കുന്നവർക്കും ക്വുർആൻ ഓതുന്നവർക്കും പഠിക്കുന്നവർക്കും ശല്യമുണ്ടാക്കുന്ന വിധത്തിലുള്ള സംസാരം. അത് അനുവദനീയമല്ല. നമസ്കരിക്കുന്നവരെയും ക്വുർആൻ ഓതുന്നവരെയും പഠിക്കുന്നവരെയും ശല്യം ചെയ്യാൻ ഒരാൾക്കും അവകാശമില്ല. രണ്ടാമത്തേത്: ആർക്കും ശല്യമില്ലാത്ത രീതിയിൽ സംസാരിക്കലാണ്. അത് നല്ല കാര്യങ്ങളെ പറ്റിയുള്ള സംസാരമാണെങ്കിൽ, ആ സംസാരം നല്ലതാണ്.

ഇനി ദുനിയാവിന്റെ വിഷയങ്ങളാണെങ്കിൽ, അതിൽ വിരോധിക്കപ്പെട്ടതും അനുവദനീയമായതുമുണ്ട്. വിൽക്കലും വാങ്ങലും വാടകയിടപാടുകൾ നടത്തലുമെല്ലാം വിരോധിക്കപ്പെട്ടവയാണ്. (അബൂദാവൂദ്: 1079) അതുപോലെ, നഷ്ടപ്പെട്ട വസ്തു വിളിച്ച് ചോദിക്കുകയും ചെയ്യരുത്. നബിﷺ പറഞ്ഞു: “പള്ളിയിൽ വെച്ച് ആരെങ്കിലും, കാണാതായ വസ്തുവിന് വേണ്ടി വിളിച്ച് പറയുന്നത് കേട്ടാൽ, ‘അല്ലാഹു നിങ്ങൾക്ക് അത്‌ തിരികെ നൽകാതിരിക്കട്ടെ’ എന്ന് നിങ്ങൾ പറയുക. പള്ളികൾ നിർമിക്കപ്പെട്ടത് അതിന് വേണ്ടിയല്ല.” (മുസ്‌ലിം: 568)

എന്നാൽ ദുനിയാവിന്റെ വിഷയങ്ങളെ പറ്റി, ഹറാമുകൾ കൂടിക്കലരാത്ത സത്യസന്ധമായ സംസാരങ്ങൾ പള്ളിയിൽ വെച്ച് അനുവദനീയമാണ്. (https://binothaimeen.net/content/10517)

9. പള്ളിയിൽ വെച്ച് ശബ്ദകോലാഹലം ഉണ്ടാക്കരുത്

سَمِعَ عمر بن الخطاب – رضي الله عنه – رجلًا رافعًا صوته في المسجد فقال :أتدري أين أنت ؟ (ابن أبي شيبة ٧٩٨٦)

പള്ളിയില്‍ ഒരു മനുഷ്യന്‍ തന്‍റെ ശബ്ദം ഉയര്‍ത്തുന്നത് ഉമര്‍ -റളിയള്ളാഹു അന്‍ഹു -കേട്ടു:അപ്പോള്‍ അദ്ദേഹം ആ മനുഷ്യനോട് ചോദിച്ചു:’നീ എവിടെയാണെന്ന് നിനക്കറിയുമൊ?

عَنِ السَّائِبِ بْنِ يَزِيدَ، قَالَ كُنْتُ قَائِمًا فِي الْمَسْجِدِ فَحَصَبَنِي رَجُلٌ، فَنَظَرْتُ فَإِذَا عُمَرُ بْنُ الْخَطَّابِ فَقَالَ اذْهَبْ فَأْتِنِي بِهَذَيْنِ‏.‏ فَجِئْتُهُ بِهِمَا‏.‏ قَالَ مَنْ أَنْتُمَا ـ أَوْ مِنْ أَيْنَ أَنْتُمَا قَالاَ مِنْ أَهْلِ الطَّائِفِ‏.‏ قَالَ لَوْ كُنْتُمَا مِنْ أَهْلِ الْبَلَدِ لأَوْجَعْتُكُمَا، تَرْفَعَانِ أَصْوَاتَكُمَا فِي مَسْجِدِ رَسُولِ اللَّهِ صلى الله عليه وسلم

സാഇബ്‌(റ)വിൽ നിന്ന് നിവേദനം: ഞാൻ പള്ളിയിൽ ആയിരുന്നപ്പോൾ ഒരാൾ എന്നെ കല്ലെറിഞ്ഞു. തിരിഞ്ഞു നോക്കിയപ്പോൾ അത് ഉമർ ബ്‌നുൽ ഖത്താബ് (റ) അയിരുന്നു. അദ്ദേഹം പറഞ്ഞു. നീ പോയി ഇവരെ എന്റെ അടുത്ത് കൊണ്ടുവരിക. ഞാൻ അവരെ കൊണ്ടു വന്നപ്പോൾ അദ്ദേഹം ചോദിച്ചു. നിങ്ങൾ എവിടെയുള്ളവരാണ്? അവർ പറഞ്ഞു ത്വാഇഫുകാരാണ്. അദ്ദേഹം പറഞ്ഞു. നിങ്ങൾ രണ്ടു പേരും ഈ നാട്ടുകാരായിരുന്നുവെങ്കിൽ പ്രവാചക(ﷺ)ന്റെ പള്ളിയിൽ വെച്ച് ശബ്ദകോലാഹലം ഉണ്ടാക്കിയ കാരണത്താൽ ഞാൻ നിങ്ങളെ ശിക്ഷിക്കുമായിരുന്നു. (ബുഖാരി: 470)

10. നമസ്കരിച്ച് കൊണ്ടിരിക്കുന്നവന്റെ മുന്നിലൂടെ നടക്കരുത്

قَالَ أَبُو جُهَيْمٍ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ لَوْ يَعْلَمُ الْمَارُّ بَيْنَ يَدَىِ الْمُصَلِّي مَاذَا عَلَيْهِ لَكَانَ أَنْ يَقِفَ أَرْبَعِينَ خَيْرًا لَهُ مِنْ أَنْ يَمُرَّ بَيْنَ يَدَيْهِ ‏”‏‏.‏ قَالَ أَبُو النَّضْرِ لاَ أَدْرِي أَقَالَ أَرْبَعِينَ يَوْمًا أَوْ شَهْرًا أَوْ سَنَةً‏.‏

അബൂജുഹയ്മിയില്‍(റ) നിന്നും നിവേദനം:നബി(സ്വ) പറഞ്ഞു: നമസ്കരിച്ച് കൊണ്ടിരിക്കുന്നവന്റെ മുന്നിലൂടെ നടക്കുന്നവന്റെമേല്‍ എന്താണ് (പാപമായി) ഉള്ളതെന്ന് അവന്‍ അറിഞ്ഞിരുന്നുവെങ്കില്‍ അവന്റെ മുന്നിലൂടെ നടക്കുന്നതിനേക്കാള്‍ ‘നാല്‍പത് ‘ നില്‍ക്കലാണ് അവന് ഉത്തമമായത്. അബുന്നദ്റ് പറഞ്ഞു: നാല്‍പത് ദിവസമോ നാല്‍പത് മാസമാണോ നാല്‍പത് വ൪ഷമാണോ നബി (സ്വ) പറഞ്ഞതെന്ന് എനിക്കറിയില്ല. (ബുഖാരി:510)

11. നമസ്കരിക്കുമ്പോള്‍ മുന്നില്‍‌ മറ സ്വീകരിക്കുക

عَنْ يَزِيدُ بْنُ أَبِي عُبَيْدٍ، قَالَ كُنْتُ آتِي مَعَ سَلَمَةَ بْنِ الأَكْوَعِ فَيُصَلِّي عِنْدَ الأُسْطُوَانَةِ الَّتِي عِنْدَ الْمُصْحَفِ‏.‏ فَقُلْتُ يَا أَبَا مُسْلِمٍ أَرَاكَ تَتَحَرَّى الصَّلاَةَ عِنْدَ هَذِهِ الأُسْطُوَانَةِ‏.‏ قَالَ فَإِنِّي رَأَيْتُ النَّبِيَّ صلى الله عليه وسلم يَتَحَرَّى الصَّلاَةَ عِنْدَهَا

യസീദ് ബിന്‍ അബീ ഉബൈദ് (റ)പറയുന്നു : ഞാൻ സലമത് ബ്നുൽ അക്’വഇന്റെ കൂടെ വരുമ്പോൾ മുസ്വ്ഹഫിന്റെ അടുത്തുള്ള തൂണിന്റെ അരികിൽ അദ്ദേഹം നമസ്കരിച്ചു. അപ്പോൾ ഞാൻ ചോദിച്ചു: അല്ലയോ അബൂ മുസ്‌ലിം, എന്താണ് താങ്കൾ ഈ തൂണിന്റെയരികിൽ നമസ്കരിക്കുന്നതിൽ ജാഗ്രത കാണിക്കുന്നത് ? അദ്ദേഹം പറഞ്ഞു: ‘നിശ്ചയം, നബി (സ്വ) അതിന്റെയരികിൽ നമസ്കരിക്കാൻ ജാഗ്രത കാണിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് ‘ (ബുഖാരി:502)

عَنْ سَهْلِ بْنِ أَبِي حَثْمَةَ، يَبْلُغُ بِهِ النَّبِيَّ صلى الله عليه وسلم قَالَ ‏: إِذَا صَلَّى أَحَدُكُمْ إِلَى سُتْرَةٍ فَلْيَدْنُ مِنْهَا لاَ يَقْطَع الشَّيْطَانُ عَلَيْهِ صَلاَتَهُ

നബി(സ്വ) പറയുന്നു :നിങ്ങളില്‍ ആരെങ്കിലും സുത്റ സ്വീകരിച്ചുകൊണ്ട് നമസ്കരിക്കുന്നതായാല്‍ അവന്‍ അതിനടുത്ത് നില്‍ക്കേണ്ടതാണ്. പിശാചിന് അവന്റെ നമസ്കാരം മുറിക്കാന്‍ സാധിക്കരുത്. (അബൂദാവൂദ്:695 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു )

12. വൃത്തിയിലും നല്ല വേഷം ധരിച്ചു കൊണ്ടുമാണ് പള്ളിയില്‍ വരേണ്ടത്.

അല്ലാഹുവിനുള്ള ആരാധനാകര്‍മങ്ങള്‍ നി൪വ്വഹിക്കുമ്പോള്‍ നല്ല വസ്ത്രധാരണം സ്വീകരിക്കേണ്ടതാണ്. വീടുകളില്‍ മാത്രം ധരിക്കാറുള്ള വസ്ത്രം ധരിച്ചുകൊണ്ട് പള്ളിയില്‍ ജമാഅത്തിന് വരുന്നവരെ കാണാം. ഇത് ശരിയായ രീതിയല്ല.

يَٰبَنِىٓ ءَادَمَ خُذُوا۟ زِينَتَكُمْ عِندَ كُلِّ مَسْجِدٍ وَكُلُوا۟ وَٱشْرَبُوا۟ وَلَا تُسْرِفُوٓا۟ ۚ إِنَّهُۥ لَا يُحِبُّ ٱلْمُسْرِفِينَ

ആദം സന്തതികളേ, എല്ലാ ആരാധനാലയത്തിങ്കലും (അഥവാ എല്ലാ ആരാധനാവേളകളിലും) നിങ്ങള്‍ക്ക് അലങ്കാരമായിട്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചുകൊള്ളുക നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. എന്നാല്‍ നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്‌. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല. (ഖു൪ആന്‍ :7/31)

13. ജമാഅത്ത് ലഭിക്കുന്നതിനായി നമസ്കാര സ്ഥലത്തേക്ക് ഓടി വരരുത്

ഇന്ന് പള്ളികളില്‍ ജമാഅത്ത് നമസ്കാരം നടക്കുമ്പോള്‍ ജമാഅത്ത് ലഭിക്കുന്നതിനായി ഓടി വരുന്ന ആളുകളെ കാണാറുണ്ട്. ഇവരുടെ ഓട്ടവും ധൃതിയും നമസ്കരിച്ചുകൊണ്ടിരിക്കുന്ന ആളുകള്‍ക്ക് ബുദ്ധിമുട്ടാകാറുണ്ട്. ഇത് നബി(സ്വ) വിരോധിച്ച കാര്യമാണ്.

عَنْ عَبْدِ اللَّهِ بْنِ أَبِي قَتَادَةَ، عَنْ أَبِيهِ، قَالَ بَيْنَمَا نَحْنُ نُصَلِّي مَعَ النَّبِيِّ صلى الله عليه وسلم إِذْ سَمِعَ جَلَبَةَ رِجَالٍ فَلَمَّا صَلَّى قَالَ ‏”‏ مَا شَأْنُكُمْ ‏”‏‏.‏ قَالُوا اسْتَعْجَلْنَا إِلَى الصَّلاَةِ‏.‏ قَالَ ‏”‏ فَلاَ تَفْعَلُوا، إِذَا أَتَيْتُمُ الصَّلاَةَ فَعَلَيْكُمْ بِالسَّكِينَةِ، فَمَا أَدْرَكْتُمْ فَصَلُّوا وَمَا فَاتَكُمْ فَأَتِمُّوا

അബ്ദില്ലാഹിബ്നു അബൂ ഖത്വാദ(റ) തന്റെ പിതാവില്‍ നിന്നും ഉദ്ദരിക്കുന്നു: ഞങ്ങള്‍ നബിയോടൊപ്പം(സ്വ) നമസ്കരിക്കുകയായിരുന്നു. ആ സന്ദ൪ഭത്തില്‍ ചില മനുഷ്യ൪ നമസ്കാരത്തില്‍ ഓടി വരുന്ന ശബ്ദം കേള്‍ക്കുകയുണ്ടായി. നമസ്കാരം കഴിഞ്ഞപ്പോള്‍ നബി(സ്വ) ചോദിച്ചു: എന്താണ് നിങ്ങളുടെ പ്രശ്നം. അവ൪ പറഞ്ഞു: ഞങ്ങള്‍ നമസ്കാരത്തിലേക്ക് ധൃതിപിടിച്ച് വന്നതാണ്. അപ്പോള്‍ നബി(സ്വ) പറഞ്ഞു: നിങ്ങള്‍ അപ്രകാരം പ്രവ൪ത്തിക്കരുത്. നിങ്ങള്‍ നമസ്കാരത്തിലേക്ക് വരികയാണെങ്കില്‍ നിങ്ങള്‍ സമാധാനത്തോടെ വരിക. നിങ്ങള്‍ക്ക് എന്താണോ ലഭിക്കുന്നത്, അത് നിങ്ങള്‍ നമസ്കരിക്കുകയും. നഷ്ടമായത് പൂ൪ത്തീകരിക്കുകയും ചെയ്യുക. (ബുഖാരി :635)

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَال :إِذَا سَمِعْتُمُ الإِقَامَةَ فَامْشُوا إِلَى الصَّلاَةِ، وَعَلَيْكُمْ بِالسَّكِينَةِ وَالْوَقَارِ وَلاَ تُسْرِعُوا، فَمَا أَدْرَكْتُمْ فَصَلُّوا وَمَا فَاتَكُمْ فَأَتِمُّوا

അബൂഹുറൈറ നിങ്ങള്‍ ഇഖാമത്ത് കേട്ടാല്‍ നമസ്കാരത്തിലേക്ക് നടന്നു പോകുക. നിങ്ങളുടെ മേല്‍ സമാധാനവും അടക്കവും ഉണ്ടാകണം. നിങ്ങള്‍ വേഗത കൂട്ടരുത്. നിങ്ങള്‍ക്ക് കിട്ടിയത് നിങ്ങള്‍ നമസ്കരിക്കുക. നിങ്ങള്‍ക്ക് നഷ്ടമായത് പൂ൪ത്തീകരിക്കുക. (ബുഖാരി:636)

14. സ്ത്രീകള്‍‌ക്ക് ജമാഅത്തിലും ജുമുഅയിലും പങ്കെടുക്കാം

عَنْ عَائِشَةَ، قَالَتْ، كُنَّ نِسَاءُ الْمُؤْمِنَاتِ يَشْهَدْنَ مَعَ رَسُولِ اللَّهِ صلى الله عليه وسلم صَلاَةَ الْفَجْرِ مُتَلَفِّعَاتٍ بِمُرُوطِهِنَّ، ثُمَّ يَنْقَلِبْنَ إِلَى بُيُوتِهِنَّ حِينَ يَقْضِينَ الصَّلاَةَ، لاَ يَعْرِفُهُنَّ أَحَدٌ مِنَ الْغَلَسِ

ആയിശയില്‍ (റ) നിന്ന് നിവേദനം: സത്യവിശ്വാസിനികളായ സ്ത്രീകള്‍ നബിയുടെ(സ്വ) കൂടെ അവരുടെ പട്ടുപുതപ്പ് മൂടിപ്പുതച്ചു കൊണ്ട് സുബ്ഹ് നമസ്‌ക്കാരത്തില്‍ പങ്കെടുക്കാറുണ്ടായിരുന്നു. നമസ്‌കാരം നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍ അവര്‍ അവരുടെ വീടുകളിക്ക് പിരിഞ്ഞു പോകും. ഇരുട്ടുകാരണം അവരെ ആരും തിരിച്ചറിയുകയില്ല. (ബുഖാരി:578)

അഞ്ച് നേരത്തെ നമസ്കാരങ്ങള്‍ പള്ളിയില്‍ പോയി ജമാഅത്തായി നി൪വ്വഹിക്കുന്നതും ജുമുഅയില്‍ പങ്കെടുക്കുന്നതും സ്ത്രീകള്‍ക്ക് അനുവദനീയമാണ്. എന്നാല്‍ അവ൪ക്ക് പുരുഷന്‍മാരെ പോലെ നി൪ബന്ധമില്ല. ഏതെങ്കിലും ഒരു സ്ത്രീ ഇസ്ലാമിക മര്യാദകള്‍ പാലിച്ച് ജുമുഅക്കോ ജമാഅത്തിനോ അനുവാദം ചോദിച്ചാല്‍ അവളെ തടയാന്‍ പാടില്ല.

عَنْ سَالِمٍ، عَنْ أَبِيهِ، عَنِ النَّبِيِّ صلى الله عليه وسلم ‏ : إِذَا اسْتَأْذَنَتِ امْرَأَةُ أَحَدِكُمْ إِلَى الْمَسْجِدِ فَلاَ يَمْنَعْهَا

സാലിം (റ) തന്റെ പിതാവില്‍നിന്ന് നിവേദനം ചെയ്യുന്നു: അല്ലാഹുവിന്റെ പ്രവാചകന്‍ (സ്വ) അരുളി: നിങ്ങളിലൊരാളുടെ ഭാര്യ പള്ളിയിലേക്ക് പോകാന്‍ അനുവാദം ചോദിച്ചാല്‍ അവളെ തടുക്കരുത് .(ബുഖാരി : 5238)

عَنِ ابْنِ عُمَرَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ:‏ ائْذَنُوا لِلنِّسَاءِ بِاللَّيْلِ إِلَى الْمَسَاجِدِ ‏‏

ഇബ്‌നുഉമറില്‍(റ) നിന്നും നിവേദനം: നബി(സ്വ) അരുളി: നിങ്ങള്‍ സ്ത്രീകള്‍ക്ക് പള്ളിയില്‍ പോവാന്‍ രാത്രിയില്‍ (പോലും) അനുമതി നല്‍കുവിന്‍. (ബുഖാരി:899)

15.പള്ളിയില്‍ വെച്ച് അല്ലാഹുവല്ലാത്തവരോട് പ്രാ൪ത്ഥിക്കരുത്

പള്ളികള്‍ അല്ലാഹുവിനെ ആരാധിക്കുന്നതിന് വേണ്ടിയുള്ളതാണ്. പള്ളികളില്‍ വെച്ചും അല്ലാത്ത അവസരത്തിലും അല്ലാഹു അല്ലാത്തവരോട് പ്രാ൪ത്ഥിക്കരുത്.

وَأَنَّ ٱلْمَسَٰجِدَ لِلَّهِ فَلَا تَدْعُوا۟ مَعَ ٱللَّهِ أَحَدًا

പള്ളികള്‍ അല്ലാഹുവിനുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ച് പ്രാര്‍ത്ഥിക്കരുത് എന്നും. (ഖു൪ആന്‍:72/18)

പള്ളിയില്‍ ഖിബ്‌ലക്ക് കാല് നീട്ടി വെക്കൽ

പള്ളിയില്‍ ഖിബ്‌ലക്ക് കാല് നീട്ടി വെക്കുന്നതിനെ സംബന്ധിച്ച് ലജ്നത്തു അദ്ദാഇമയോട് ചോദിച്ചപ്പോള്‍ അതിന് നല്‍കിയ മറുപടി.

ഒരു മുസ്‌ലിമിന് അവന്‍റെ രണ്ട് കാലോ,അല്ലെങ്കില്‍ ഒരു കാലോ ഖിബ്‌ലയിലേക്ക് നീട്ടിവെക്കുന്നതിന് വിരോധമില്ല.അത് പള്ളിയിലായാലും,മറ്റിടങ്ങളിലായാലും സമമാണ്. (ഫത്താവ ലജ്നത്തുദ്ദാഇമ -6/295)

പള്ളിയിൽ ഉറങ്ങാൻ പാടുണ്ടോ?

പള്ളിയിൽ കിടന്ന് ഉറങ്ങൽ അനുവദനീയമാണ്.

عَنْ سَهْلِ بْنِ سَعْدٍ، قَالَ جَاءَ رَسُولُ اللَّهِ صلى الله عليه وسلم بَيْتَ فَاطِمَةَ، فَلَمْ يَجِدْ عَلِيًّا فِي الْبَيْتِ فَقَالَ ‏”‏ أَيْنَ ابْنُ عَمِّكِ ‏”‏‏.‏ قَالَتْ كَانَ بَيْنِي وَبَيْنَهُ شَىْءٌ، فَغَاضَبَنِي فَخَرَجَ فَلَمْ يَقِلْ عِنْدِي‏.‏ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم لإِنْسَانٍ ‏”‏ انْظُرْ أَيْنَ هُوَ ‏”‏‏.‏ فَجَاءَ فَقَالَ يَا رَسُولَ اللَّهِ، هُوَ فِي الْمَسْجِدِ رَاقِدٌ، فَجَاءَ رَسُولُ اللَّهِ صلى الله عليه وسلم وَهْوَ مُضْطَجِعٌ، قَدْ سَقَطَ رِدَاؤُهُ عَنْ شِقِّهِ، وَأَصَابَهُ تُرَابٌ، فَجَعَلَ رَسُولُ اللَّهِ صلى الله عليه وسلم يَمْسَحُهُ عَنْهُ وَيَقُولُ ‏”‏ قُمْ أَبَا تُرَابٍ، قُمْ أَبَا تُرَابٍ ‏”‏‏.‏

സഹ‌ലു ബ്‌നു സഅദ്(റ) പറയുന്നു: അല്ലാഹുവിൻ്റെ റസൂൽ (സ്വ) ഫാത്തിമ (റ)യുടെ വീട്ടിലേക്ക് വന്നു. വീട്ടിൽ അലി(റ)വിനെ കണ്ടില്ല. നബി(സ്വ) ചോദിച്ചു. അലി എവിടെ?ഫാത്തിമ (റ) പറഞ്ഞു:ഞങ്ങൾക്കിടയിൽ ചിലകാര്യങ്ങൾ ഉണ്ടായി. എന്നിട്ട് എന്നോട് ദേഷ്യപ്പെട്ടു ഇറങ്ങിപ്പോയി. എൻ്റെ അടുക്കൽ ഉച്ചയുറക്കം ഉണ്ടായിട്ടില്ല. അപ്പോൾ റസൂൽ(സ്വ)ഒരാളോട് അദ്ദേഹം എവിടെയെന്ന് അന്വേഷിക്കാൻ ആവശ്യപ്പെട്ടു. അയാൾ വന്നിട്ട് പറഞ്ഞു: റസൂലേ, അദ്ദേഹം പള്ളിയിൽ കിടന്നുറങ്ങുന്നുണ്ട്. അപ്പോൾ റസൂൽ (സ്വ) (പള്ളിയിലേക്കു) വന്നു. അദ്ദേഹം കിടന്നുറങ്ങുകയാണ്. അദ്ദേഹത്തിന്റെ മേൽ വസ്ത്രത്തിൻ്റെ ഒരു ഭാഗം നിലത്തേക്ക് വീണുകിടന്നിരുന്നു. ശരീരത്തിൽ മണ്ണ് പുരണ്ടിരുന്നു. റസൂൽ(സ്വ) അദ്ദേഹത്തിൽ നിന്ന് മണ്ണ് തുടച്ചു നീക്കി ക്കൊണ്ട് പറഞ്ഞു, അബൂതുറാബ് (മണ്ണ് പുരണ്ടവനേ) എഴുന്നേൽക്കൂ, അബൂ തുറാബ് എഴുന്നേൽക്കൂ. (ബുഖാരി:441)

പള്ളിയിലേക്ക് പോകുമ്പോഴുള്ള പ്രാ൪ത്ഥന

നബി(സ്വ) പള്ളിയിലേക്ക് പോകുമ്പോള്‍ ഇപ്രകാരം പ്രാ൪ത്ഥിക്കാറുണ്ടായിരുന്നു.(ബുഖാരി : 6316 – മുസ്‌ലിം: 763)

اَللهُمَّ اجْعَلْ فِي قَلْبِي نُوراً ، وَفِي لِسَانِي نُوراً ، وَفِي بَصَرِي نُوراً ، وَ فِي سَمْعِي نُوراً ، وَعَنْ يَمِينِي نُوراً، وَعَنْ شِمَالِي نُوراً، وَمِنْ فَوْقِي نُوراً، وَمِنْ تَحْتِي نُوراً ، وَمِنْ أَمَامِي نُوراً ، وَمِنْ خَلْفِي نُوراً ، وَاجْعَلْ لِي نُوراً

അല്ലാഹുമ്മ ജ്അല്‍ ഫീ ഖല്‍ബീ നൂറന്‍, വ ഫീ ലിസാനീ നൂറന്‍, വ ഫീ ബസ്വരീ നൂറന്‍, വ ഫീ സമ്ഈ നൂറന്‍, വ അന്‍ യമീനീ നൂറന്‍, വ അന്‍ ശിമാലീ നൂറന്‍, വ മിന്‍ ഫൌഖീ നൂറന്‍, വ മിന്‍ തഹ്തീ നൂറന്‍, വ മിന്‍ അമാമീ നൂറന്‍, വ മിന്‍ ഖല്‍ഫീ നൂറന്‍, വ ജ്അല്‍ലീ നൂറാ.

അല്ലാഹുവേ, നീ എന്റെ ഹൃദയത്തില്‍ വെളിച്ചം (സത്യം, നേര്‍മാര്‍ഗം, ഇസ്ലാമികത) ഉണ്ടാക്കേണമേ. നീ എന്റെ വാക്കുകളിലും, എന്റെ കാഴ്ചയിലും കേള്‍വിയിലും വെളിച്ചമുണ്ടാക്കേണമേ. നീ എന്റെ വലതു ഭാഗത്ത് നിന്നും, ഇടതു ഭാഗത്ത് നിന്നും മുകള്‍ഭാഗത്ത് നിന്നും (ആകാശത്ത് നിന്നും ) താഴ്ഭാഗത്തു നിന്നും (ഭൂമിയില്‍നിന്നും) മുന്‍ഭാഗത്ത് നിന്നും, പിന്‍ഭാഗത്ത് നിന്നും (എല്ലായിടത്തു നിന്നും) എനിക്ക് വെളിച്ചം നല്‍കേണമേ. അല്ലാഹുവേ, നീ എനിക്ക് വെളിച്ചം (സത്യം, നേര്‍മാര്‍ഗം, ഇസ്ലാമികത) നല്‍കേണമേ.

നബി(സ്വ) പള്ളിയിലേക്ക് പ്രവേശിക്കുമ്പോള്‍ ഇപ്രകാരം പ്രാ൪ത്ഥിക്കാറുണ്ടായിരുന്നു.

بِسْمِ اللهِ ، وَالصَّلاةُ وَالسَّلاَمُ عَلَى رَسُولِ اللهِ اَللهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ

ബിസ്മില്ലാഹി, വസ്സ്വലാതു വസ്സലാമു അലാ റസൂലില്ലാഹി, അല്ലാഹുമ്മ ഫ്‌തഹ്ലീ അബ്’വാബ റഹ്മതിക.

അല്ലാഹുവിന്റെ നാമത്തില്‍, അല്ലാഹുവിന്റെ ദൂതന്റെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹവും രക്ഷയുമുണ്ടാകട്ടെ. അല്ലാഹുവേ, നിന്റെ പരമകാരുണ്യത്തിന്റെ കവാടങ്ങള്‍ നീ എനിക്ക് തുറന്നു തരേണമേ.(സ്വഹീഹ് അല്‍ബാനി)

തുട൪ന്ന് ചൊല്ലുക:

أَعُوذُ بِاللهِ الْعَظِيمِ, وَبِوَجْهِهِ الُكَرِيمِ, وَسُلْطَانِهِ الْقَدِيمِ, مِنَ الشَّيْطَانِ الرَّجِيمِ

അഊദു ബില്ലാഹില്‍ അളീം, വബി വജിഹില്‍ കരീം, വ സുല്‍ത്താനിഹില്‍ ഖ്വദീം, മിന ശൈത്താനിര്‍റജീം.

അതിമഹാനായ അല്ലാഹുവിനെ കൊണ്ടും, അതിമഹനീയമായ അവന്റെ വജ്ഹ് (മുഖം, തൃപ്തി) കൊണ്ടും, അനശ്വരമായ അവന്റെ ആധിപത്യം മുഖേനയും ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവോട് ഞാന്‍ രക്ഷ ചോദിക്കുന്നു.

നബി(സ്വ) പള്ളിയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോള്‍ ഇപ്രകാരം പ്രാ൪ത്ഥിക്കാറുണ്ടായിരുന്നു.

بِسْمِ اللهِ وَالصَّلاَةُ وَالسَّلاَمُ عَلَى رَسُولِ اللهِ اَللّهُمَّ إِنِّي أَسْأَلُكَ مِنْ فَضْلِكَ

ബിസ്മില്ലാഹി, വസ്സ്വലാത്തു വസ്സലാമു അലാ റസൂലില്ലാഹി, അല്ലാഹുമ്മ ഇന്നീ അസ്അലുക മിന്‍ ഫള്’ലിക.

അല്ലാഹുവിന്റെ നാമത്തില്‍, അല്ലാഹുവിന്റെ ദൂതന്റെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹവും രക്ഷയുമുണ്ടാകട്ടെ. അല്ലാഹുവേ, നിന്റെ ഔദാര്യ വിഭവത്തില്‍ നിന്ന് ഞാന്‍ ചോദിക്കുന്നു.(മുസ്ലിം: 713, സുനനു ഇബ്നുമാജ : 771 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

തുടര്‍ന്ന് ചൊല്ലുക:

اَللهُمَّ اعْصِمْنِي مِنَ الشَّيْطَانِ الرَّجِيمِ

അല്ലാഹുമ്മ ഇഅ്സ്വിംനീ മിന ശൈയ്ത്വാനിര്‍റജീം

അല്ലാഹുവേ, ശപിക്കപ്പെട്ട പിശാചില്‍ നിന്നും നീ എന്നെ രക്ഷിക്കേണമേ.(ഇബ്നുമാജ : 773 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *