വിവാഹം കാരണത്താൽ വരൻ നിർബന്ധമായും വധുവിനു നൽകേണ്ട മൂല്യത്തിന് ‘സ്വദ്വാക്വ്’ എന്ന് സാങ്കേതികമായി പറയുന്നു. ‘സ്വിദ്ക്വി’ൽനിന്ന് എടുക്കപ്പെട്ടതാകുന്നു ‘സ്വദാക്വ്.’ കദിബിന്റെ (കളവിന്റെ) വിപരീതമാകുന്നു ‘സ്വിദ്ക്വ‌്.’ സ്വദാക്വ് വിനിയോഗിക്കുന്നവന് വിവാഹത്തിലുള്ള തന്റെ അഭിലാഷം സത്യസന്ധമാണന്ന് അറിയിക്കുന്നതിനാലാണ് അതിനു സ്വദാക്വ് എന്നു പറയപ്പെട്ടത്. മഹ്ർ, നിഹ്‌ലത്ത്, ഉക്വ‌്‌ർ എന്നീ പേരുകളും അതിനുണ്ട്.

തെളിവുകൾ: മഹ്ർ മതപരമെന്നതിനുള്ള പ്രമാണം വിശുദ്ധക്വുർആനും തിരുസുന്നത്തും ഇജ്മാഉമാകുന്നു. അതിന്റെ വിവരണം മഹ്‌റിന്റെ മതവിധിയിൽ വഴിയെ വരുന്നുണ്ട്.

മഹ്‌റിന്റെ മതവിധി: വിവാഹ ഉടമ്പടി പൂർണമാകുന്നതോടുകൂടി വിവാഹമൂല്യം നൽകൽ വരന്റെമേൽ നിർബന്ധമായി. അത് ഒഴിവാക്കൽ അനുവദനീയമല്ല. താഴെ വരുന്ന പ്രമാണവചനങ്ങൾ ഇത് അറിയിക്കുന്നു:

وَءَاتُوا۟ ٱلنِّسَآءَ صَدُقَٰتِهِنَّ نِحْلَةً ۚ

സ്ത്രീകൾക്ക് അവരുടെ വിവാഹമൂല്യങ്ങൾ മനഃസംതൃപ്തിയോടുകൂടി നിങ്ങൾ നൽകുക. (ഖുർആൻ:4/4)

فَمَا ٱسْتَمْتَعْتُم بِهِۦ مِنْهُنَّ فَـَٔاتُوهُنَّ أُجُورَهُنَّ فَرِيضَةً ۚ

അങ്ങനെ അവരിൽനിന്ന് നിങ്ങൾ വല്ല സുഖവുമനുഭവിച്ചാൽ അവർക്കുള്ള വിവാഹമൂല്യം ഒരു ബാധ്യതയെന്ന നിലയിൽ നിങ്ങൾ നൽകേണ്ടതാണ്. (ഖുർആൻ:4/24)

لَّا جُنَاحَ عَلَيْكُمْ إِن طَلَّقْتُمُ ٱلنِّسَآءَ مَا لَمْ تَمَسُّوهُنَّ أَوْ تَفْرِضُوا۟ لَهُنَّ فَرِيضَةً ۚ

നിങ്ങൾ ഭാര്യമാരെ സ്പർശിക്കുകയോ അവരുടെ വിവാഹമൂല്യം നിശ്ചയിക്കുകയോ ചെയ്യുന്നതിനുമുമ്പായി നിങ്ങളവരുമായുള്ള ബന്ധം വേർപെടുത്തിയാൽ (മഹ്ർ നൽകാത്തതിന്റെ പേരിൽ) നിങ്ങൾക്ക് കുറ്റമില്ല. (ഖുർആൻ:2/236)

 أن رسول الله – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – رأى على عبد الرحمن بن عوف أثر زعفران، فقال النبي – صَلَّى اللَّهُ عَلَيْهِ وَسَلَّمَ -: (مَهْيَمْ؟)، – يعني: ما شأنك وما أمرك؟ – فقال: يا رسول الله تزوجت امرأة، فقال: (ما أصدقتها؟) قال: وزن نواة من ذهب، فقال: (بارك الله لك، أولم ولو بشاة)

അബ്ദുർറഹ്‌മാൻ ഇബ്‌നു ഔഫ് رضي الله عنه വിൽ തിരുനബി ﷺ കുങ്കുമത്തിന്റെ പാട് കണ്ടു. തിരുനബി ചോദിച്ചു: ‘എന്താണ് കാര്യം?’ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്റെ തിരുദൂതരേ, ഞാൻ ഒരു മഹതിയെ വിവാഹം കഴിച്ചിരിക്കുന്നു.’ തിരുമേനിﷺ ചോദിച്ചു: ‘താങ്കൾ അവർക്ക് എന്താണ് മഹ്ർ നൽകിയത്?’ അദ്ദേഹം പറഞ്ഞു: ‘ഒരു ഈത്തപ്പനക്കുരുവിന്റെ തൂക്കം സ്വർണം.’ തിരുമേനി പ്രതികരിച്ചു: ‘താങ്കളിൽ അല്ലാഹു അനുഗ്രഹം ചൊരിയട്ടെ. ഒരു ആടിനെയെങ്കിലും അറുത്ത് വിവാഹ സൽകാരം നടത്തുക.’’ (ബുഖാരി, മുസ്ലിം)

നികാഹിൽ മഹ്ർ മതപരമാണെന്നതിൽ മുസ്‌ലിംകൾ ഏകോപിച്ചിരിക്കുന്നു.

1. മഹ്‌റിന്റെ പരിധി

മഹ്‌റിന്റെ ഏറ്റവും കുറഞ്ഞ അളവിനും കൂടിയ അളവിനും യാതൊരു പരിധിയുമില്ല. ഒരു മൂല്യമാകുവാനും കൂലിയാകുവാനും പറ്റിയതെല്ലാം മഹ്‌റാകാവുന്നതാണ്. അല്ലാഹു പറഞ്ഞു:

وَأُحِلَّ لَكُمْ مَا وَرَاءَ ذَلِكُمْ أَنْ تَبْتَغُوا بِأَمْوَالِكُمْ

“…അതിന്നപ്പുറമുള്ള സ്ത്രീകളുമായി നിങ്ങളുടെ ധനം (മഹ്‌റായി)നൽകിക്കൊണ്ട് നിങ്ങൾ (വിവാഹബന്ധം) തേടുന്നത് നിങ്ങൾക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. (ഖുർആൻ:4/24)

ആയത്തിൽ ‘മാൽ’ (ധനം) എന്ന് നിരുപാധികമായി, ഒരു നിർണിത പരിധി നിശ്ചയിക്കാതെ പറഞ്ഞിരിക്കുന്നു. സഹ്ൽ ഇബ്‌നുസഅദിൽനിന്നുള്ള ഹദീസിൽ أعطها، ولو خاتماً من حديد (താങ്കൾ അവർക്ക് ഇരുമ്പിന്റെ ഒരു മോതിരമെങ്കിലും നൽകുക) എന്ന് നബിﷺ പറഞ്ഞതായി കാണാം.

ധനം എന്നു പറയപ്പെടാവുന്ന ഏറ്റവും ചെറിയ അളവ് മഹ്‌റിന് അനുവദനീയമാണെന്ന് ഇതറിയിക്കുന്നു. എന്നാൽ കൂടുതൽ ധനവും മഹ്‌റിൽ അനുവദനീയമെന്നതിന്റെ തെളിവ് അല്ലാഹുവിന്റെ വചനമാകുന്നു.

وَإِنْ أَرَدتُّمُ ٱسْتِبْدَالَ زَوْجٍ مَّكَانَ زَوْجٍ وَءَاتَيْتُمْ إِحْدَىٰهُنَّ قِنطَارًا فَلَا تَأْخُذُوا۟ مِنْهُ شَيْـًٔا ۚ أَتَأْخُذُونَهُۥ بُهْتَٰنًا وَإِثْمًا مُّبِينًا

നിങ്ങൾ ഒരു ഭാര്യയുടെ സ്ഥാനത്ത് മറ്റൊരു ഭാര്യയെ പകരം സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്ന പക്ഷം അവരിൽ ഒരുവൾക്ക് നിങ്ങൾ ഒരു കൂമ്പാരം തന്നെ കൊടുത്തിട്ടുണ്ടായിരുന്നുവെങ്കിലും അതിൽനിന്ന് യാതൊന്നുംതന്നെ നിങ്ങൾ തിരിച്ചുവാങ്ങരുത്. (ഖുർആൻ:4/20)

2. മഹ്ർ നിശ്ചയിച്ചതിലെ യുക്തി

തന്റെ ഇണയോടുള്ള സഹവർത്തനം മാന്യമാക്കുവാനും വൈവാഹികജീവിതം ആദരണീയമായി കെട്ടിപ്പടുക്കുവാനുമുള്ള, വരന്റെ താൽപര്യത്തിൽ സത്യസന്ധതക്കുള്ള പ്രകടനമാണ് മഹ്ർ നിയമമാക്കിയതിലുള്ള പൊരുൾ. സ്ത്രീയെ ബഹുമാനിക്കലും ആദരിക്കലും വസ്ത്രം, ഇതര ജീവിതച്ചെലവുകൾ തുടങ്ങി വിവാഹത്തിന് ആവശ്യമായ കാര്യങ്ങളൊരുക്കുവാൻ അവൾക്ക് അവസരം നൽകലുമാണ് മഹ്ർ നിയമമാക്കിയതിലുള്ളത്.

3. മഹ്ർ പുരുഷനു ബാധ്യതയാക്കിയതിലെ യുക്തി

സ്ത്രീയെ സംരക്ഷിക്കുന്നതിനുള്ള ഇസ്‌ലാമിന്റെ താൽപര്യത്താലാണ് പുരുഷന്റെമേൽ മഹർ ബാധ്യതയായി നിശ്ചയിച്ചത്. പുരുഷനു മഹ്ർ നൽകുവാൻ സ്വത്ത് സമ്പാദിക്കുന്ന മാർഗേണ അവൾക്കുള്ള ആദരവിനെ അവൾ കളങ്കപ്പെടുത്തുന്നതിൽനിന്ന് അവൾക്ക് ഇസ്‌ലാമികമായ സംരക്ഷണമാണത്. ജീവിതച്ചെലവുകളാകുന്ന ബാധ്യതകൾകൊണ്ട് കൽപിക്കപ്പെട്ടത് പുരുഷനാണ്; സ്ത്രീയല്ല എന്ന മതത്തിന്റെ അടിസ്ഥാനത്തോട് ഇത് യോജിക്കുകയും ചെയ്യുന്നു.

4. മഹ്‌റിന്റെ ഉടമസ്ഥാവകാശം

മഹ്ർ ഭാര്യയുടെ മാത്രം അവകാശമാണ്. അവളുടെ രക്ഷാകർത്താക്കളിൽ ഒരാൾക്കും അതിൽ യാതൊരു അവകാശവുമില്ല. മഹ്ർ ഏറ്റുവാങ്ങുവാൻ അവർക്ക് അവകാശമുണ്ടെങ്കിലും അവർ ഏറ്റുവാങ്ങുന്നത് അവളുടെ കണക്കിലേക്കും ഉടമസ്ഥതയിലേക്കുമാണ്. അല്ലാഹു പറഞ്ഞു:

فَإِن طِبْنَ لَكُمْ عَن شَىْءٍ مِّنْهُ نَفْسًا فَكُلُوهُ هَنِيٓـًٔا مَّرِيٓـًٔا

ഇനി അതിൽ നിന്ന് വല്ലതും സൻമനസ്സോടെ അവർ വിട്ടുതരുന്നപക്ഷം നിങ്ങളത് സന്തോഷപൂർവം സുഖമായി ഭക്ഷിച്ചു കൊള്ളുക. (ഖുർആൻ:4/4)

فَلَا تَأْخُذُوا مِنْهُ شَيْئًا أَتَأْخُذُونَهُ بُهْتَانًا وَإِثْمًا مُبِينًا

അതിൽനിന്ന് യാതൊന്നും തന്നെ നിങ്ങൾ തിരിച്ചുവാങ്ങരുത്. കള്ള ആരോ പണം ചുമത്തിക്കൊണ്ടും പ്രത്യക്ഷമായ അധർമം ചെയ്തുകൊണ്ടും നിങ്ങളത് വാങ്ങിക്കുകയോ? (ഖുർആൻ:4/20)

5. നികാഹിൽ മഹ്ർ പറയൽ

വിവാഹ ഉടമ്പടിയിൽ മഹ്ർ നിർണയിക്കലും പറയലും സുന്നത്താകുന്നു. കാരണം തിരുനബിﷺ ഒരു നികാഹും മഹർ പറയാതെ ഒഴിവാക്കിയിട്ടില്ല. മാത്രവുമല്ല ഭാര്യാഭർത്താക്കന്മാർക്കിടയിൽ ഉണ്ടായേക്കാവുന്ന തർക്കങ്ങളുടെയും പ്രശ്‌നങ്ങളുടെയും കവാടം കൊട്ടിയടക്കലുമാണ് മഹ്ർ പറയുന്നതിലുള്ളത്.

6. മഹ്‌റിന്റെ നിബന്ധനകകൾ

ഉടമപ്പെടുത്തലും വ്യാപരിക്കലും ഉപകാരമെടുക്കലും അനുവദനീയമായ മൂല്യമുള്ളതും അനുവദനീയവുമായ സ്വത്തായിരിക്കണം മഹ്ർ. അതിനാൽതന്നെ മദ്യം, പന്നി, അറിഞ്ഞുകൊണ്ടുള്ള കൊള്ളസ്വത്ത് എന്നിവ മഹ്‌റായി അനുവദനീയമല്ല. മഹ്ർ വഞ്ചനയിൽനിന്ന് സുരക്ഷിതമായിരിക്കണം. അതിനാൽ അത് അറിയപ്പെടുകയും നിർണയിക്കപ്പെടുകയും വേണം. നിർണിതമല്ലാത്ത വീട്, നിരുപാധികമായ വാഹനം, നിരുപാധികം വൃക്ഷം വിളയിക്കുന്ന ഫലം, ഈ വർഷത്തെ ഫലം തുടങ്ങി അജ്ഞമായത് മഹ്‌റായി സാധുവാകുകയില്ല. അറിയപ്പെട്ട ഒരു വസ്തു, കടം, പ്രയോജനം തുടങ്ങിയുള്ള കൂലിയാകുവാനും വിലയാകുവാനും പറ്റുന്ന എല്ലാം മഹ്‌റായി സാധുവാകുന്നതാണ്.

7. മഹ്ർ റൊക്കമാക്കലും അവധിവെക്കലും

നാട്ടുപതിവും സമ്പ്രദായങ്ങളുമനുസരിച്ച് മഹ്ർ മുഴുവനായോ അല്ലെങ്കിൽ ഭാഗികമായോ വേഗത്തിൽ നൽകലും അവധിവെച്ചു നൽകലും അനുവദനീയമാണ്. അവധി മോശമാംവിധം അജ്ഞമാകുകയും കാലപരിധി അതിവിദൂരമാവുകയുമരുത് എന്ന നിബന്ധനയുള്ളതോടൊപ്പമാണിത്. കാരണം വിദൂരമായ കാലപരിധി മഹ്ർ നഷ്ടപ്പെടാൻ അവസരം സൃഷ്ടിക്കലാണ്.

മഹ്ർ അമിതമാക്കുന്നതിന്റെ വിധി

താഴെ വരുന്ന തെളിവുകളുടെ വെളിച്ചത്തിൽ മഹ്ർ അമിതമാക്കാതിരിക്കൽ പ്രതിഫലാർഹമാകുന്നു:

ഒന്ന്

عن عائشة رضي الله عنها عن النبي – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – أنه قال: من يُمْنِ المرأة تسهيل أمرها، وقلة صداقها. [واليُمْن: البركة]

ആഇശ رضي الله عنها യിൽനിന്നു നിവേദനം: തിരുനബിﷺ പറഞ്ഞു: ഒരു സ്ത്രീയുമായുള്ള വിവാഹം എളുപ്പമാകുക എന്നതും മഹ്ർ കുറയുക എന്നതും അവളുടെ ബറകത്താണ്. (ഇബ്നുഹിബ്ബാൻ, ഹാകിം)

രണ്ട്

عن عمر – رضي الله عنه – أنه قال: ألا لا تغالوا في صُدُق النساء، فإنه لو كان مكرمة في الدنيا أو تقوى عند الله، كان أولاكم بها رسول الله – صَلَّى اللَّهُ عَلَيْهِ وَسَلَّمَ -، ما أصدق رسول الله – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – امرأة من نسائه، ولا أصدقت امرأة من بناته أكثر من اثنتي عشرة أوقية، وإن الرجل ليغلي بصدقة امرأته حتى يكون لها عداوة في قلبه، وحتى يقول كَلِفْتُ فيك عَلَقَ القِرْبة) (٢)

ഉമർ رضي الله عنه പറഞ്ഞു: സ്ത്രീകളുടെ മഹ്‌റിൽ നിങ്ങൾ അമിതമാക്കരുത്. കാരണം മഹ്ർ അമിതമാക്കൽ ദുൻയാവിൽ ആദരണീയവും അല്ലാഹുവിങ്കൽ തക്വ്‌വയുമായിരുന്നുവെങ്കിൽ അല്ലാഹുവിന്റെ തിരുദൂതനായിരുന്നു അമിതമായ മഹ്‌റിന് യോഗ്യൻ. പന്ത്രണ്ട് ഊക്വിയയെക്കാൾ തന്റെ പെൺമക്കളിൽ ഒരാൾക്കും മഹ്ർ നൽകപ്പെടുകയോ തിരുദൂതർﷺ തന്റെ ഭാര്യമാരിൽ ഒരാൾക്കും മഹ്ർ നൽകുകയോ ചെയ്തിട്ടില്ല. ഒരാൾ തന്റെ ഭാര്യയുടെ മഹ്ർ അമിതമാക്കുകയും അയാളുടെ മനസ്സിൽ അവൾക്കുനേരെ ശത്രുത ഉടലെടുക്കുകയും അയാൾ പറയുകയും ചെയ്യും: തോൽസഞ്ചി കെട്ടുന്ന കയറുവരെ നിനക്കുവേണ്ടി ഞാൻ ചെലവഴിച്ചുപോയി. (അബൂദാവൂദ്, അഹ്മദ്, തിര്‍മിദി, ഇബ്നുമാജ)

മൂന്ന്

عن أبي سلمة قال: سألت عائشة رضي الله عنها عن صداق رسول الله – صَلَّى اللَّهُ عَلَيْهِ وَسَلَّمَ -؟ فقالت: اثنتي عشرة أوقية ونَشّاً. قالت: أتدري ما النشُّ؟ قلت: لا أدري. قالت: نصف أوقية.

അബൂസലമ رضي الله عنها യിൽനിന്ന് നിവേദനം: അല്ലാഹുവിന്റെ തിരുദൂതർﷺ പത്‌നിമാർക്ക് നൽകിയിരുന്ന മഹ്‌റിനെ കുറിച്ച് ഞാൻ ആഇശ رضي الله عنها യോടു ചോദിച്ചു. അവർ പറഞ്ഞു: ‘പന്ത്രണ്ട് ഊക്വിയയും ഒരു നശ്ശുമായിരുന്നു.’ അവർ ചോദിച്ചു: ‘നശ്ശ് എന്നാൽ എന്താണെന്നറിയുമോ?’ ഞാൻ പറഞ്ഞു: ‘ഇല്ല.’ അവർ പറഞ്ഞു: ‘അര ഊക്വിയയാണ്.’ (മുസ്ലിം)

 

ഒരു സംഘം പണ്ഡിതന്മാർ രചിച്ച الفقه الميسر في ضوء الكتاب والسنة എന്ന ഗ്രന്ഥത്തിൽനിന്നുമെടുത്തത്

വിവര്‍ത്തനം : അബ്ദുൽ ജബ്ബാർ മദീനി

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *