മൂസാ عليه السلام അല്ലാഹുവിന്റെ തീരുമാന പ്രകാരം ഫിര്‍ഔനിന്റെ കൊട്ടാരത്തിലാണ് വളര്‍ന്നത്. അങ്ങനെയിരിക്കെ അദ്ദേഹത്തിന്റെ കൈയബദ്ധത്താൽ ഒരു ഖിബ്ത്തി വിഭാഗത്തിൽ പെട്ടയാൾ കൊല്ലപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തിന് ഈജിപ്ത് വിട്ട് മദ്‌യനിലേക്ക് പലായനം ചെയ്യേണ്ടി വന്നു. അദ്ദേഹം മദ്‌യനിലെത്തിയതും അവിടെ നടക്കുന്നതുമായ സംഭവങ്ങൾ വിശുദ്ധ ഖുർആൻ സൂറ: ഖസസ് 22-28ആയത്തുകളിലായി വിവരിക്കുന്നുണ്ട്. ഈ സംഭവുമായി ബന്ധപ്പെട്ട് സത്യവിശ്വാസികൾ അറിഞ്ഞിരിക്കേണ്ടതും പ്രവർത്തിക്കേണ്ടതുമായ ചില പാഠങ്ങൾ സൂചിപ്പിക്കുന്നു.
وَلَمَّا تَوَجَّهَ تِلْقَآءَ مَدْيَنَ قَالَ عَسَىٰ رَبِّىٓ أَن يَهْدِيَنِى سَوَآءَ ٱلسَّبِيلِ
മദ്‌യന്‍റെ നേര്‍ക്ക് യാത്ര തിരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവ് ശരിയായ മാര്‍ഗത്തിലേക്ക് എന്നെ നയിച്ചേക്കാം. (ഖുർആൻ:28/22)
{മദ്‌യനിന്റെ നേർക്ക് യാത്ര തിരിച്ചപ്പോൾ} മദ്‌യനിനെ ഉദ്ദേശിച്ച് അവിടേക്ക് പുറപ്പെട്ടു. ഫലസ്തീന്റെ തെക്കുഭാഗത്തുള്ള ഈ പ്രദേശം ഫിർഔനിന്റെ അധികാര പരിധിയിൽ പെട്ടതല്ല. {അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവ് ശരിയായ മാർഗത്തിലേക്ക് എന്നെ നയിച്ചേക്കാം} വളരെ എളുപ്പത്തിൽ ശരിയായ വഴിയിലൂടെ അവിടെയെത്തി. അല്ലാഹു ശരിയായ മാർഗം കാണിച്ചുകൊടുത്തു; അങ്ങനെ മദ്‌യനിൽ എത്തി. (തഫ്സീറുസ്സഅ്ദി)
മൂസാ عليه السلام യാത്രതിരിച്ചത് മദ്‌യനിലേക്കായിരുന്നു. ഏറെക്കുറെ ഒരാഴ്ചകാലത്തെ യാത്രകൊണ്ടാണ് അദ്ദേഹം അവിടെ എത്തുക. അഭയാര്‍ത്ഥിയായി ഒളിച്ചുപോകുന്ന അദ്ദേഹം – അക്കാലത്തെ ചുറ്റുപാടുകളില്‍ വിശേഷിച്ചും – വളരെയേറെ ക്ലേശങ്ങള്‍ അനുഭവിച്ചുകൊണ്ടായിരിക്കും മദ്‌യനില്‍ എത്തിയിരിക്കുക എന്നു പറയേണ്ടതില്ല. മദ്‌യന്റെ നേര്‍ക്ക് യാത്ര തിരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: “എന്റെ രക്ഷിതാവ് ശരിയായ മാര്‍ഗത്തിലേക്ക് എന്നെ നയിച്ചേക്കാം“. അതായത്, തനിക്ക് സുരക്ഷിതനായി മദ്‌യനിലെത്തിച്ചേരാനുള്ള വഴി കാണിക്കും, അതോടൊപ്പം നേർമാർഗത്തിലേക്കും. അതെ, സത്യവിശ്വാസികൾ ഏതൊരു കാര്യത്തിന് ഇറങ്ങി പുറപ്പെടുമ്പോഴും അത് തന്റെ അറിവും കഴിവും കൊണ്ടും നടക്കുമെന്നല്ല ചിന്തിക്കേണ്ടത്. അല്ലാഹുവാണ് അത് നടത്തി തരുന്നതെന്നാണ്. അതിനായി അല്ലാഹുവോട് പ്രാർത്ഥിക്കുകയും അവനിൽ സദ്‌വിചാരം വെച്ച് പുലർത്തുകയും വേണം.
وَلَمَّا وَرَدَ مَآءَ مَدْيَنَ وَجَدَ عَلَيْهِ أُمَّةً مِّنَ ٱلنَّاسِ يَسْقُونَ وَوَجَدَ مِن دُونِهِمُ ٱمْرَأَتَيْنِ تَذُودَانِ ۖ قَالَ مَا خَطْبُكُمَا ۖ قَالَتَا لَا نَسْقِى حَتَّىٰ يُصْدِرَ ٱلرِّعَآءُ ۖ وَأَبُونَا شَيْخٌ كَبِيرٌ
മദ്‌യനിലെ ജലാശയത്തിങ്കല്‍ അദ്ദേഹം ചെന്നെത്തിയപ്പോള്‍ ആടുകള്‍ക്ക് വെള്ളം കൊടുത്ത് കൊണ്ടിരിക്കുന്ന ഒരു കൂട്ടം ആളുകളെ അതിന്നടുത്ത് അദ്ദേഹം കണ്ടെത്തി. അവരുടെ ഇപ്പുറത്തായി (തങ്ങളുടെ ആട്ടിന്‍ പറ്റത്തെ) തടഞ്ഞു നിര്‍ത്തിക്കൊണ്ടിരിക്കുന്ന രണ്ട് സ്ത്രീകളെയും അദ്ദേഹം കണ്ടു. അദ്ദേഹം ചോദിച്ചു: എന്താണ് നിങ്ങളുടെ പ്രശ്നം? അവര്‍ പറഞ്ഞു: ഇടയന്‍മാര്‍ (ആടുകള്‍ക്ക് വെള്ളം കൊടുത്ത്) തിരിച്ചു കൊണ്ടു പോകുന്നത് വരെ ഞങ്ങള്‍ക്ക് വെള്ളം കൊടുക്കാനാവില്ല. ഞങ്ങളുടെ പിതാവാകട്ടെ വലിയൊരു വൃദ്ധനുമാണ്. (ഖുർആൻ:28/23)
യാത്രയിലെ പ്രയാസങ്ങളെല്ലാം അനുഭവിച്ച് വളരെ സാഹസപ്പെട്ട് മൂസാ عليه السلام മദ്‌യനില്‍ എത്തി. അദ്ദേഹം അവിടെ കണ്ട ഒരു കാഴ്ച ഇപ്രകാരമാണ്: ഒരു കിണറിന് സമീപം കുറെ പേര്‍ ആടുകളെ വെള്ളം കുടിപ്പിക്കുന്നതിനായി കൂട്ടം കൂടി നില്‍ക്കുന്നു. അവരുടെ തിക്കും തിരക്കിനുമിടയില്‍ തങ്ങളുടെ ആടുകളെ തടഞ്ഞുനിര്‍ത്തിക്കൊണ്ട് രണ്ടു സ്ത്രീകള്‍ അല്‍പം അകലെ മാറി നില്‍ക്കുന്നു. മല്ലന്മാരായ ആണുങ്ങള്‍ അവരുടെ സാമര്‍ത്ഥ്യം കൊണ്ട് അവരുടെ ആടുകള്‍ക്ക് വെള്ളം കൊടുക്കുന്നു.
മൂസാ عليه السلام അവരുടെ രണ്ട് പേരുടെയും അടുക്കല്‍ ചെന്ന്, ആടുകളെ വെള്ളം കൂടിപ്പിക്കാതെ മാറി നില്‍ക്കുവാനുള്ള കാരണം അന്വേഷിച്ചു. ഈ പുരുഷന്മാരായ ഇടയന്മാര്‍ അവരുടെ ആടുകളെ കുടിപ്പിച്ച് കഴിയാതെ ഞങ്ങള്‍ക്ക് ഞങ്ങളുടെ ആടുകളെ വെള്ളം കുടിപ്പിക്കാന്‍ കഴിയില്ല. ഈ മല്ലന്മാരായ ഇടയന്മാര്‍ക്കിടയില്‍ തിക്കും തിരക്കും കൂട്ടി ഞങ്ങളുടെ ആടുകളെ വെള്ളം കുടിപ്പിക്കാന്‍ ഞങ്ങള്‍ക്ക് തുണയായി ഒരു ആണും ഇല്ല. ഉള്ളത് വൃദ്ധനായ ഞങ്ങളുടെ പിതാവ് മാത്രമാണ്. അദ്ദേഹത്തിന് അതിന് കഴിയുകയുമില്ലല്ലോ. അതിനാലാണ് ഇവയെ തെളിച്ച് ഇങ്ങോട്ട് ഞങ്ങള്‍ വരുന്നത്.
മൂസാ عليه السلام അവരെ സഹായിക്കാന്‍ തീരുമാനിച്ചു. അവിടെയുള്ള പുരുഷന്മാര്‍ക്കിടയില്‍ നിന്നും അവരുടെ ആടുകളെ വെള്ളം കുടിപ്പിച്ചു. മൂസാ عليه السلام അവരില്‍ നിന്ന് എന്തെങ്കിലും പ്രത്യുപകാരം കിട്ടും എന്ന് പ്രതീക്ഷിച്ചിട്ടല്ല അവരെ സഹായിക്കാന്‍ മുതിര്‍ന്നത്. സഹായത്തിന് ആവശ്യക്കാരായിട്ടുള്ളവരെ സഹായിക്കുന്നതില്‍ നാം അമാന്തം കാണിച്ചുകൂടാ. കണ്ടില്ലെന്ന് നടിക്കാന്‍ പാടില്ല. പരോപകാരം ചെയ്യുന്നവരെ അല്ലാഹുവിന് ഏറെ ഇഷ്ടമാണ്.
عن ابن عمر ـ رضي الله عنهما: أن رجلاً جاء إلى النبي صلى الله عليه وسلم فقال يا رسول الله: أي الناس أحب إلى الله؟ وأي الأعمال أحب إلى الله؟ فقال رسول الله صلى الله عليه وسلم: أحب الناس إلى الله تعالى أنفعهم للناس، وأحب الأعمال إلى الله تعالى سرور تدخله على مسلم، أو تكشف عنه كربة، أو تقضي عنه ديناً، أو تطرد عنه جوعاً، ولأن أمشي مع أخ في حاجة أحب إلي من أن أعتكف في هذا المسجد ـ يعني مسجد المدينة ـ شهراً، ومن كف غضبه ستر الله عورته، ومن كظم غيظه ـ ولو شاء أن يمضيه أمضاه ـ ملأ الله قلبه رجاء يوم القيامة، ومن مشى مع أخيه في حاجة ـ حتى يثبتها له ـ أثبت الله قدمه يوم تزول الأقدام.
ഇബ്നു ഉമറില്‍ (റ) നിന്ന് നിവേദനം :നബി (ﷺ)പറഞ്ഞു :അല്ലാഹുവിന് ഏറ്റവും പ്രിയം ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരം ചെയ്യുന്നവരെയാണ്. അല്ലാഹുവിന് ഏറ്റവും പ്രിയമുള്ള ക൪മ്മം ഒരു മുസ്ലിമില്‍ സന്തോഷമുണ്ടാക്കുക, അല്ലെങ്കില്‍ അവന്റെ പ്രയാസമകറ്റുക, അല്ലെങ്കില്‍ അവന്റെ കടബാധ്യതയെ നിവൃത്തിച്ച് കൊടുക്കുക, അതുമല്ലെങ്കില്‍ അവന്റെ വിശപ്പിന് പരിഹാരം കാണുക എന്നതാണ്. ഒരു മുസ്ലിം സഹോദരന്റെ ആവശ്യ നിവൃത്തിക്കായി അവനോടൊപ്പം നടക്കുന്നതാണ് ഒരു മാസം മദീന പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം .….. ഏതൊരാള്‍ തന്റെ സഹോദരന്റെ ആവശ്യങ്ങള്‍ പൂ൪ത്തീകരിച്ചു കൊടുക്കുവാന്‍ അവനോടൊപ്പം ചെല്ലുകയും അങ്ങനെ ആ ആവശ്യങ്ങള്‍ സ്ഥാപിച്ചു കൊടുക്കുകയും ചെയ്യുന്നുവോ അവന്റെ പാദത്തെ കാലുകള്‍ അടിതെറ്റുന്ന നാളില്‍ അല്ലാഹു ഉറപ്പിച്ചു നി൪ത്തുന്നതാണ്. (ഇബ്നു അബിദ്ദുന്‍യാ – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
അപരനെ സഹായിക്കണം. സഹായിക്കുന്നതാകട്ടെ, സഹായിക്കപ്പെടുന്നവരില്‍ നിന്നും യാതൊന്നും മോഹിച്ച് കൊണ്ട് ആകുകയും ചെയ്യരുത്. അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ള പ്രതിഫലം മാത്രം മോഹിച്ചിട്ടായിരിക്കണം അതിന് നാം തുനിയേണ്ടത്.
പുരുഷന്മാര്‍ക്കിടയില്‍ കൂടിക്കലരാതെ അവര്‍ മാറി നില്‍ക്കുകയാരുന്നുവല്ലോ. ഇതിലും സത്യവിശ്വാസികൾക്ക് പാഠമുണ്ട്. പതിവ്രതകളായ സ്ത്രീകൾ അന്യപുരുഷൻമാരോടൊപ്പം ഇടകലരാത്തവരായിരിക്കും.
فَسَقَىٰ لَهُمَا ثُمَّ تَوَلَّىٰٓ إِلَى ٱلظِّلِّ فَقَالَ رَبِّ إِنِّى لِمَآ أَنزَلْتَ إِلَىَّ مِنْ خَيْرٍ فَقِيرٌ
അങ്ങനെ അവര്‍ക്കു വേണ്ടി അദ്ദേഹം (അവരുടെ കാലികള്‍ക്ക്) വെള്ളം കൊടുത്തു. പിന്നീടദ്ദേഹം തണലിലേക്ക് മാറിയിരുന്നിട്ട് ഇപ്രകാരം പ്രാര്‍ത്ഥിച്ചു: എന്‍റെ രക്ഷിതാവേ, നീ എനിക്ക് ഇറക്കിത്തരുന്ന ഏതൊരു നന്മയ്ക്കും ഞാന്‍ ആവശ്യക്കാരനാകുന്നു. (ഖുർആൻ:28/24)
മൂസാ عليه السلام അവരുടെ ആടുകളെ വെള്ളം കുടിപ്പിച്ചിട്ട് അവിടെ നിന്നും അല്‍പം മാറി ഒരു തണലില്‍ വിശ്രമിച്ചു. എന്നിട്ട് ഇപ്രകാരം അല്ലാഹുവിനോട് പ്രാര്‍ഥിച്ചു: “എന്റെ രക്ഷിതാവേ, നീ എനിക്ക് ഇറക്കിത്തരുന്ന ഏതൊരു നന്മയ്ക്കും ഞാന്‍ ആവശ്യക്കാരനാകുന്നു.“
{فَقَالَ} في تلك الحالة، مسترزقا ربه {رَبِّ إِنِّي لِمَا أَنْزَلْتَ إِلَيَّ مِنْ خَيْرٍ فَقِيرٌ} أي: إني مفتقر للخير الذي تسوقه إليَّ وتيسره لي. وهذا سؤال منه بحاله، والسؤال بالحال أبلغ من السؤال بلسان المقال،
{ഇപ്രകാരം പറഞ്ഞു} ആ അവസ്ഥയിൽ ഉപജീവനത്തിനായി അദ്ദേഹം അല്ലാഹുവോട് പ്രാർഥിച്ചു: {എന്റെ രക്ഷിതാവേ, നീ എനിക്ക് ഇറക്കിത്തരുന്ന ഏതൊരു നന്മക്കും ഞാൻ ആവശ്യക്കാരനാകുന്നു} അതായത്, നീ എനിക്ക് എത്തിച്ചുതരികയും എളുപ്പമാക്കിത്തരികയും ചെയ്യുന്ന ഏതൊരു നന്മയും എനിക്കാവശ്യമാണ്. ഈ പരോക്ഷമായ ചോദ്യം വ്യക്തമായ ചോദ്യത്തെക്കാൾ വാചാലമാണ്. (തഫ്സീറുസ്സഅ്ദി)
അല്ലാഹുവിലേക്കുള്ള തന്റെ ആവശ്യം എടുത്തു പറഞ്ഞു പ്രാര്‍ത്ഥിക്കുക എന്നത് ഉത്തരം ലഭിക്കാൻ ഏറെ സാധ്യതയുള്ള കാര്യമാണ്. മൂസാ عليه السلام നബി ﷺ ചെയ്തതുപോലെ. ആദ്യം അവിടുന്ന് ﷺ പ്രയാസപ്പെടുന്ന രണ്ടുപേർക്ക് ഒരു ഉപകാരം കരുണയോടെ ചെയ്തുകൊടുത്തു. ശേഷം തന്റെ ദാരിദ്ര്യം എടുത്തു പറഞ്ഞു അല്ലാഹുവിനോടു പ്രാര്‍ത്ഥിച്ചു. ഉടനെ അല്ലാഹു ഉത്തരം നൽകി.
فَجَآءَتْهُ إِحْدَىٰهُمَا تَمْشِى عَلَى ٱسْتِحْيَآءٍ قَالَتْ إِنَّ أَبِى يَدْعُوكَ لِيَجْزِيَكَ أَجْرَ مَا سَقَيْتَ لَنَا ۚ فَلَمَّا جَآءَهُۥ وَقَصَّ عَلَيْهِ ٱلْقَصَصَ قَالَ لَا تَخَفْ ۖ نَجَوْتَ مِنَ ٱلْقَوْمِ ٱلظَّٰلِمِينَ
അപ്പോള്‍ ആ രണ്ട് സ്ത്രീകളില്‍ ഒരാള്‍ നാണിച്ചു കൊണ്ട് അദ്ദേഹത്തിന്‍റെ അടുത്ത് നടന്നു ചെന്നിട്ട് പറഞ്ഞു: താങ്കള്‍ ഞങ്ങള്‍ക്കു വേണ്ടി (ആടുകള്‍ക്ക്) വെള്ളം കൊടുത്തതിനുള്ള പ്രതിഫലം താങ്കള്‍ക്കു നല്‍കുവാനായി എന്‍റെ പിതാവ് താങ്കളെ വിളിക്കുന്നു. അങ്ങനെ മൂസാ അദ്ദേഹത്തിന്‍റെ അടുത്ത് ചെന്നിട്ട് തന്‍റെ കഥ അദ്ദേഹത്തിന് വിവരിച്ചുകൊടുത്തപ്പോള്‍ അദ്ദേഹം പറഞ്ഞു: ഭയപ്പെടേണ്ട. അക്രമികളായ ആ ജനതയില്‍നിന്ന് നീ രക്ഷപ്പെട്ടിരിക്കുന്നു. (ഖുർആൻ:28/25)
അക്ഷമയുടെയോ, നിരാശയുടെയോ കണിക പോലുമില്ലാതെ ആത്മാര്‍ഥമായുള്ള മൂസാ عليه السلام യുടെ പ്രാര്‍ഥനക്ക് അല്ലാഹു ഉത്തരം നല്‍കി. സ്ത്രീകള്‍ രണ്ടാളും വീട്ടില്‍ ചെന്നശേഷം അപരിചിതനായ ആ യുവാവ് തങ്ങള്‍ക്കു ചെയ്തുതന്ന ഉപകാരം പിതാവിനെ അറിയിച്ചു. പ്രസ്തുത മാന്യനെ വെറുതെ വിട്ടുകൂടാ എന്ന് അദ്ദേഹത്തിനു തോന്നി. മൂസാ عليه السلام യെ വിളിക്കുവാന്‍ അവരില്‍ ഒരുവളെത്തന്നെ അയച്ചു.
അവൾ നാണിച്ചു കൊണ്ട് അദ്ദേഹത്തിന്‍റെ അടുത്ത് നടന്നു ചെന്നുവെന്നാണ് ഖുർആൻ പറയുന്നത്. അപരിചിതനായ ഒരു യുവാവിന്‍റെ അടുക്കല്‍ മാന്യയായ ഒരു യുവതി ചെല്ലേണ്ടിവരുമ്പോള്‍ ഉണ്ടാകുന്നതും, ഉണ്ടായിരിക്കേണ്ടതുമായ ലജ്ജാശീലവും അച്ചടക്കവും അവളില്‍ പ്രകടമായിരുന്നു.
{تَمْشِي عَلَى اسْتِحْيَاءٍ} وهذا يدل على كرم عنصرها، وخلقها الحسن، فإن الحياء من الأخلاق الفاضلة، وخصوصا في النساء.
{നാണിച്ചുകൊണ്ട് അദ്ദേഹത്തിന്റെ അടുക്കൽ നടന്നുചെന്നു} ലജ്ജയോടെ നടന്നുചെല്ലുക എന്നത് അവളുടെ കുലീന സ്വഭാവത്തെയും നല്ല മനോഭാവത്തെയും സൂചിപ്പിക്കുന്നു. കാരണം ലജ്ജ ഒരു സൽഗുണമാണ്; പ്രത്യേകിച്ചും സ്ത്രീകളിൽ. (തഫ്സീറുസ്സഅ്ദി)
قال عمر رضي الله عنه : جاءت تمشي على استحياء ، قائلة بثوبها على وجهها ، ليست بسلفع خراجة ولاجة
ഉമർ رضي الله عنه പറഞ്ഞു: അവള്‍ ലജ്ജാവതിയായി വസ്ത്രം കൊണ്ട് മുഖം മറച്ചു നടന്നുവന്നു. തെറിച്ച പെണ്ണുങ്ങളെപ്പോലെ സങ്കോചമില്ലാതെ ചാടിക്കളിച്ചു വന്നില്ല. (ഇബ്നുകസീർ)
ഇതിലും സത്യവിശ്വാസികൾക്ക് പാഠമുണ്ട്. അന്യപുരുഷന്‍മാരുടെ മുമ്പില്‍ സ്ത്രീ ലജ്ജയുള്ളവളായിരിക്കണമെന്ന് നമ്മുടെ ദീൻ നമ്മെ പഠിപ്പിച്ചിട്ടുണ്ട്.
നമ്മുടെ മാതാവായ ആയിശ رضى الله عنها യുടെ ചരിത്രത്തിൽ നിന്നുള്ള ഒരു രംഗം കാണുക: ആയിശ رضى الله عنها യുടെ വീട്ടിലാണ് നബി ﷺ യെ ഖബ്റടക്കിയിട്ടുള്ളത്. അവിടെ തന്നെയാണ് അബൂബക്കർ رَضِيَ اللَّهُ عَنْهُ റിനെയും ഖബ്റടക്കിയിട്ടുള്ളത്. ഒരാള്‍ ആയിശ رضى الله عنها യുടെ ഭ൪ത്താവും മറ്റേയാള്‍ പിതാവുമാണ്. പിന്നീട് അവിടെതന്നെയാണ് ഉമർ رَضِيَ اللَّهُ عَنْهُ വിനെയും ഖബ്റടക്കിയിട്ടുള്ളത്.
كنت أدخل بيتي الذي فيه رسول الله صلى الله عليه وسلم وأبي فأضع ثوبي وأقول إنما هو زوجي وأبي فلما دفن عمر معهم فوالله ما دخلته إلا وأنا مشدودة علي ثيابي حياء من عمر
ആയിശ رضى الله عنها പറയുന്നു :നബി ﷺ യും എന്റെ പിതാവുമുള്ള (അതായത് അവരെ ഖബ്റടക്കിയിട്ടുള്ള) എന്റെ വീട്ടിലേക്ക് ഞാന്‍ പ്രവേശിക്കുമ്പോള്‍ അന്യരുടെ മുമ്പില്‍ ധരിക്കുന്ന വസ്ത്രം ഞാന്‍ അഴിച്ച് വെക്കുമായിരുന്നു. ഞാന്‍ പറയുമായിരുന്നു: ഇവിടെ ഖബ്റടക്കിയിട്ടുള്ളതില്‍ ഒന്ന് എന്റെ ഭ൪ത്താവും മറ്റൊന്ന് എന്റെ പിതാവുമാണ്. അവിടേക്ക് ഉമറിനെ(റ) ഖബ്റടക്കിയശേഷം അന്യരുടെ മുമ്പില്‍ ധരിക്കുന്ന വസ്ത്രം ധരിച്ചുകൊണ്ടല്ലാതെ ഞാന്‍ അവിടേക്ക് പ്രവേശിക്കുമായിരുന്നില്ല, ഉമറിനോടുള്ള ലജ്ജ കാരണത്താലായിരുന്നു അത്. (അഹ്മദ്)
മരണപ്പെട്ടവരുടെ അടുത്തുപോലും ലജ്ജ കാണിച്ചിരുന്നു നമ്മുടെ ഉമ്മയായ ആയിശ رضى الله عنها .എന്നാല്‍ ജീവിച്ചിരിക്കുന്നവരോട് പോലും ലജ്ജിക്കാത്തവരായിരിക്കുന്നു ഈ ഉമ്മത്തിലെ പിന്‍ഗാമികള്‍.
عَنْ أَبُو مَسْعُودٍ، قَالَ قَالَ النَّبِيُّ صلى الله عليه وسلم: إِنَّ مِمَّا أَدْرَكَ النَّاسُ مِنْ كَلاَمِ النُّبُوَّةِ الأُولَى إِذَا لَمْ تَسْتَحِي فَاصْنَعْ مَا شِئْتَ
അബൂമസ്ഊദില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: പ്രവാചകന്‍മാരുടെ ആദ്യകാല അധ്യാപനങ്ങളില്‍ ഒന്ന് ഇതാണ്. ‘നിങ്ങള്‍ക്ക് ലജ്ജയില്ലെങ്കില്‍ നിങ്ങള്‍ക്ക് തോന്നുംപോലെ പ്രവര്‍ത്തിച്ചുകൊള്ളുക’ (ബുഖാരി 6120).
قَالَ النَّبِيُّ صلى الله عليه وسلم: الْحَيَاءُ مِنَ الإِيمَانِ
നബി ﷺ പറഞ്ഞു: ലജ്ജ ഈമാനില്‍ പെട്ടതാണ്. (മുസ്ലിം:36)
മൂസാ عليه السلام അവർക്ക് ചെയ്തുകൊടുത്ത ഈ സേവനം ഒരു വേലക്കാരനെപ്പോലെ ആയിരുന്നില്ല എന്നും ഇത് സൂചിപ്പിക്കുന്നു. ഒരു സേവകനാകുമ്പോൾ സാധാരണയായി അയാൾക്കു മുമ്പിൽ ലജ്ജ തോന്നണമെന്നില്ല. മറിച്ച് മാന്യനായ ഒരാളായിട്ടാണ് അവൾ മനസ്സിലാക്കിയത്. അദ്ദേഹത്തിന്റെ നല്ല പെരുമാറ്റവും സ്വഭാവവുമാകാം അദ്ദേഹത്തിനു മുമ്പിൽ ലജ്ജിക്കാൻ അവരെ പ്രേരിപ്പിച്ചത്. (തഫ്സീറുസ്സഅ്ദി)
മൂസാ عليه السلام ആ സ്ത്രീകളുടെ പിതാവിന്റെ അടുത്തെത്തി. ഈജിപ്തില്‍ നിന്നും മദ്‌യനില്‍ എത്തുവാനുള്ള കാരണങ്ങളെല്ലാം മൂസാ عليه السلام അദ്ദേഹത്തിന് പറഞ്ഞു കൊടുത്തു. മൂസാ عليه السلام യുടെ വിവരണമെല്ലാം ആ പിതാവ് കേട്ടു. നല്ല വാക്ക് പറഞ്ഞ് ആശ്വാസം പകര്‍ന്നു.
ആ മനുഷ്യന്‍ ആരായിരുന്നു എന്നതില്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ ഉണ്ട്. ഒരു വിഭാഗം പറയുന്നത്, അത് മദ്‌യനിലേക്ക് അയക്കപ്പെട്ട ശുഐബ് നബി عليه السلام ആണെന്നാണ്. മറ്റൊ വിഭാഗം അത് ശരിയല്ലെന്നാണ് പറയുന്നത്. വ്യക്തമായ പ്രമാണങ്ങള്‍ ഈ കാര്യത്തില്‍ വരാത്തതിനാല്‍ അത് ശുഐബ് നബി عليه السلام ആണെന്നോ അല്ലെന്നോ പറയേണ്ടതില്ല എന്നതാണ് നല്ല നിലപാട്. الله أعلم
മൂസാ عليه السلام യും ആ രണ്ട് സ്ത്രീകളുടെ പിതാവും സംസാരിക്കുന്നതിനിടയില്‍ ഒരു സ്ത്രീ ഇപ്രകാരം പറഞ്ഞു:
قَالَتْ إِحْدَىٰهُمَا يَٰٓأَبَتِ ٱسْتَـْٔجِرْهُ ۖ إِنَّ خَيْرَ مَنِ ٱسْتَـْٔجَرْتَ ٱلْقَوِىُّ ٱلْأَمِينُ
ആ രണ്ടുസ്ത്രീകളിലൊരാള്‍ പറഞ്ഞു: എന്‍റെ പിതാവേ, ഇദ്ദേഹത്തെ താങ്കള്‍ കൂലിക്കാരനായി നിര്‍ത്തുക. തീര്‍ച്ചയായും താങ്കള്‍ കൂലിക്കാരായി എടുക്കുന്നവരില്‍ ഏറ്റവും ഉത്തമന്‍ ശക്തനും വിശ്വസ്തനുമായിട്ടുള്ളവനത്രെ. (ഖുർആൻ:28/26)
ആട്ടിൻ കൂട്ടങ്ങൾക്ക് വെള്ളം കൊടുക്കുമ്പോൾ മൂസാ عليه السلام യുടെ ശരീരബലവും ഊർജസ്വലതയും അവർ കണ്ടു; അതോടൊപ്പം വിശ്വസ്തതയും. മതപരമായ പ്രതിബദ്ധതയും ബോധ്യപ്പെട്ടു. ഒരു ഉപകാരം കിട്ടുമെന്ന് പ്രതീക്ഷിക്കാത്ത സമയത്താണ് അവരോട് രണ്ടുപേരോടും അദ്ദേഹം കരുണ കാണിച്ചത്. അതിൽ അദ്ദേഹത്തിന്റെ ലക്ഷ്യം അല്ലാഹുവിന്റെ പ്രീതി മാത്രമായിരുന്നു. (തഫ്സീറുസ്സഅ്ദി)
വലിയ മല്ലന്മാരുടെ ഇടയില്‍ നിന്ന് തങ്ങളുടെ ആടുകള്‍ക്ക് വെള്ളം നല്‍കിയതിലൂടെ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയും വിവരങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴും വീട്ടിലേക്ക് നടന്ന് പോകുമ്പോഴും അദ്ദേഹം കാണിച്ച സൂക്ഷ്മതയും അവരില്‍ അദ്ദേഹത്തെ സംബന്ധിച്ച് മതിപ്പുളവാക്കി. പിതാവിനോട് ഇദ്ദേഹം എന്തുകൊണ്ടും നമുക്ക് അനുയോജ്യനാണെന്ന് അറിയിക്കുകയും ചെയ്തു.
മൂസാ عليه السلام ക്ക് പ്രതിഫലം നല്‍കുന്നതിന് വേണ്ടിയാണല്ലോ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചത്. മൂസാ عليه السلام യാണെങ്കില്‍ ആരാരും ഇല്ലാതെ ഒരു വിദേശിയുമാണ്. ജീവിത മാര്‍ഗത്തിന് ഒരു ജോലി കിട്ടിയാല്‍ തന്നെ ഒരു ആശ്വാസമാകുന്ന സമയമാണല്ലോ.
{തീര്‍ച്ചയായും താങ്കള്‍ കൂലിക്കാരായി എടുക്കുന്നവരില്‍ ഏറ്റവും ഉത്തമന്‍ ശക്തനും വിശ്വസ്തനുമായിട്ടുള്ളവനത്രെ} നിങ്ങൾക്ക് ജോലിയെടുക്കാൻ പറ്റുന്ന ഏറ്റവും മികച്ച ആളാണ് മൂസാ. കാരണം, അദ്ദേഹത്തിന് ശക്തിയോടൊപ്പം വിശ്വസ്തതകൂടിയുണ്ട്. അത് രണ്ടുമുള്ള ആളാണ് ജോലിക്ക് ഏറ്റവും നല്ലത്. ഏൽപിച്ച കാര്യം ചെയ്യാനുള്ള കഴിവും ശക്തിയും വഞ്ചനയില്ലാത്ത വിശ്വസ്തതയുമാണാവശ്യം. കൂലിക്കാരനായാലും അല്ലെങ്കിലും ഒരാളെ ഒരു കാര്യം ഏൽപിക്കുമ്പോൾ ഈ രണ്ടു ഗുണങ്ങളാണ് നിർബന്ധമായും പരിഗണിക്കേണ്ടത്. ഈ രണ്ടു വിശേഷണങ്ങളിൽ കുറവ് വരുമ്പോഴാണ് പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്. അവ രണ്ടുമുണ്ടെങ്കിൽ ജോലി ഭംഗിയായി നടക്കും. (തഫ്സീറുസ്സഅ്ദി)
“കൂലിക്കാരായി എടുക്കുന്നവരില്‍ ഏറ്റവും ഉത്തമന്‍ ശക്തനും വിശ്വസ്തനുമായിട്ടുള്ളവനത്രെ“ എന്ന പ്രയോഗം ശ്രദ്ധേയമാണ്. തൊഴിലാളിയെ സ്വീകരിക്കുന്നവര്‍ തൊഴിലാളിയില്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ട രണ്ട് ഗുണങ്ങളാണ് തൊഴിലാളിയുടെ കഴിവും വിശ്വാസ്യതയും. കഴിവില്ലാത്ത തൊഴിലാളിയാണെങ്കില്‍ ഇരുവരുടെയും മനസ്സില്‍ വെറുപ്പുണ്ടാകും. മുതലാളിക്ക് താന്‍ കല്‍പിക്കുന്നത് ചെയ്യാത്തതിനാലുണ്ടാകുന്ന അമര്‍ഷവും തൊഴിലാളിക്ക് തനിക്ക് കഴിയാത്തത് ചെയ്യിപ്പിക്കുന്നതിലുള്ള അമര്‍ഷവും. ഇത് വലിയ അപകടം സൃഷ്ടിക്കുമെന്നത് പറയേണ്ടതില്ലല്ലോ. അതുപോലെ തന്നെയാണ് വിശ്വാസ്യത. പരസ്പര വിശ്വാസം ഉണ്ടെങ്കില്‍ സന്തോഷത്തോടെ അത് മുന്നോട്ട് പോകും.
സുലൈമാന്‍ നബി عليه السلام ബില്‍ഖീസിന്‍റെ സിംഹാസനം ആരാണ് വേഗം കൊണ്ടുവരിക എന്നന്വേഷിച്ചപ്പോള്‍, അങ്ങുന്ന് ഈ സ്ഥാനത്തുനിന്നു എഴുന്നേറ്റുപോകുംമുമ്പ് ഞാന്‍ കൊണ്ടുവരാമെന്നു പറഞ്ഞ ജിന്നും ഇപ്രകാരം പറയുകയുണ്ടായി: وَإِنِّي عَلَيْهِ لَقَوِيٌّ أَمِينٌ (ഞാന്‍ അതിനു കഴിവുള്ളവനും വിശ്വസ്തനുമാണ്)
മകളുടെ അഭിപ്രായം കേട്ട പിതാവ് മൂസാ عليه السلام യോട് പറഞ്ഞു:
قَالَ إِنِّىٓ أُرِيدُ أَنْ أُنكِحَكَ إِحْدَى ٱبْنَتَىَّ هَٰتَيْنِ عَلَىٰٓ أَن تَأْجُرَنِى ثَمَٰنِىَ حِجَجٍ ۖ فَإِنْ أَتْمَمْتَ عَشْرًا فَمِنْ عِندِكَ ۖ وَمَآ أُرِيدُ أَنْ أَشُقَّ عَلَيْكَ ۚ سَتَجِدُنِىٓ إِن شَآءَ ٱللَّهُ مِنَ ٱلصَّٰلِحِينَ
അദ്ദേഹം (പിതാവ്) പറഞ്ഞു: നീ എട്ടു വര്‍ഷം എനിക്ക് കൂലിവേല ചെയ്യണം എന്ന വ്യവസ്ഥയില്‍ എന്‍റെ ഈ രണ്ടു പെണ്‍മക്കളില്‍ ഒരാളെ നിനക്ക് വിവാഹം ചെയ്തു തരാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. ഇനി പത്തുവര്‍ഷം നീ പൂര്‍ത്തിയാക്കുകയാണെങ്കില്‍ അത് നിന്‍റെ ഇഷ്ടം. നിനക്ക് പ്രയാസമുണ്ടാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം നല്ല നിലയില്‍ വര്‍ത്തിക്കുന്നവരില്‍ ഒരാളായി നിനക്ക് എന്നെ കാണാം. (ഖുർആൻ:28/27)
{നിനക്ക് പ്രയാസമുണ്ടാക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല} അത് താങ്കൾക്ക് നിർബന്ധമായിട്ടല്ല. പത്തു വർഷം നിങ്ങളുടെ മേൽ അടിച്ചേൽപിച്ച് ബുദ്ധിമുട്ടിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. നിങ്ങളെ ജോലിക്ക് നിശ്ചയിക്കുന്നതിലൂടെ കഠിനാധ്വാനം ചെയ്യിപ്പിക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല. മറിച്ച് പ്രയാസമില്ലാത്ത എളുപ്പമുള്ള ജോലിക്കാണ് ഞാൻ നിങ്ങളെ നിയമിക്കുന്നത്. {അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം നല്ല നിലയിൽ വർത്തിക്കുന്നവരിൽ ഒരാളായി നിനക്ക് എന്നെ കാണാം} ജോലി എളപ്പമാകുമെന്നും നന്നായി പെരുമാറുമെന്നും പറഞ്ഞുകൊണ്ട് അദ്ദേഹം മൂസായെ പ്രോത്സാഹിപ്പിച്ചു. ഇതിൽനിന്ന് മനസ്സിലാകുന്നത്; നല്ല മനുഷ്യൻ തന്റെ ജോലിയിൽ തനിക്ക് കഴിയുന്നത്ര സൽസ്വഭാവം പുലർത്തണം. മറ്റുള്ളവരിൽനിന്ന് പ്രതീക്ഷിക്കുന്നതിനെക്കാൾ അയാളിൽനിന്ന് പ്രതീക്ഷിക്കുന്നുണ്ട്. (തഫ്സീറുസ്സഅ്ദി)
മൂസാ عليه السلام യുടെ മറുപടി ഇപ്രകാരമായിരുന്നു:
قَالَ ذَٰلِكَ بَيْنِى وَبَيْنَكَ ۖ أَيَّمَا ٱلْأَجَلَيْنِ قَضَيْتُ فَلَا عُدْوَٰنَ عَلَىَّ ۖ وَٱللَّهُ عَلَىٰ مَا نَقُولُ وَكِيلٌ
അദ്ദേഹം (മൂസാ) പറഞ്ഞു; ഞാനും താങ്കളും തമ്മിലുള്ള നിശ്ചയം അതു തന്നെ. ഈ രണ്ട് അവധികളില്‍ ഏത് ഞാന്‍ നിറവേറ്റിയാലും എന്നോട് വിരോധമുണ്ടാകരുത്. നാം പറയുന്നതിന് അല്ലാഹു സാക്ഷിയാകുന്നു. (ഖുർആൻ:28/28)
ഞാന്‍ നിന്നെ നിനക്ക് കഴിയാത്ത ഒരു പണി ഏല്‍പിച്ച് പ്രയാസപ്പെടുത്തില്ലെന്നും, നല്ല നിലയ്‌ക്കേ നിന്നോട് ഞാന്‍ വര്‍ത്തിക്കുകയുള്ളൂവെന്നും, കരാര്‍ പാലിക്കുന്നതിലൂടെയും സത്യസന്ധത പുലര്‍ത്തുന്നതിലൂടെയും അല്ലാഹു ഉദ്ദേശിച്ചാല്‍ എന്നെ സദ്‌വൃത്തനായി നിനക്ക് കാണാം എന്നും ആ പിതാവ് മൂസാ عليه السلام യോട് പറഞ്ഞു. അല്ലാഹുവിനെ സാക്ഷിയാക്കി മൂസാ عليه السلام ആ കരാര്‍ സമ്മതിച്ചു. അങ്ങനെ, ചുരുങ്ങിയതു എട്ടുകൊല്ലം – അധികരിച്ചാല്‍ പത്തുകൊല്ലം കൂലിവേല ചെയ്തുകൊടുക്കാമെന്ന നിശ്ചയത്തിന്‍മേല്‍ മൂസാ عليه السلام നബി വിവാഹിതനായി.
വിവാഹം സാധുവാകണമെങ്കില്‍ മഹ്ര്‍ നിര്‍ബന്ധമാണ്. മഹ്‌റായി ആഭരണം തന്നെ ആകണം എന്ന് വിചാരിക്കുന്നവരും ഉണ്ട്. അതും ശരിയല്ല. മൂല്യമുള്ള എന്തും മഹ്‌റായി നിശ്ചയിക്കാം. ഇവിടെ പിതാവ് മൂസാ عليه السلامയോട് മഹ്‌റായി ആവശ്യപ്പെട്ടത് കൂലി വേലയാണ്. വേറെ ഒന്നും നല്‍കാന്‍ അദ്ദേഹത്തിന് കഴിയില്ലെന്ന് ആ പിതാവിനും അറിയാം. എന്നാല്‍ മൂസാ عليه السلام നല്ല ആരോഗ്യമുള്ള വ്യക്തിയാണെന്ന് അദ്ദേഹത്തിന് മനസ്സിലായിട്ടുമുണ്ട്. ആയതിനാല്‍ കൂലിവേലയാണ് മഹ്‌റായി നിശ്ചയിക്കപ്പെട്ടത്.
ആഭരണം തന്നെ മഹ്‌റായാലേ ആ വിവാഹം സാധുവാകുകയുള്ളൂവെന്ന് ആരും മനസ്സിലാക്കരുത്. ഒരു ദിവസം നബി ﷺ യുടെ മുന്നില്‍ ഒരു സ്വഹാബി ഇരിക്കുകയാണ്. ആ സമയം ഒരു സ്ത്രീ വന്ന് നബി ﷺ യോട് അവളെ വിവാഹം ചെയ്യാന്‍ ആവശ്യപ്പെട്ടു. നബി ﷺ അല്‍പ സമയം ആലോചിച്ചു. എന്നിട്ട് നബി ﷺ പറഞ്ഞു: ‘ഇപ്പോള്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.’ ഇത് കേട്ട് നില്‍ക്കുന്ന ഒരു സ്വഹാബി നബി ﷺ യോട് ‘എനിക്ക് വിവാഹം ചെയ്തു തരുമോ?’ എന്ന് ചോദിച്ചു. നബി ﷺ ചോദിച്ചു: ‘നിന്റെ കയ്യില്‍ (മഹ്‌റായി) എന്താണ് ഉള്ളത്?’ അദ്ദേഹം പറഞ്ഞു: ‘എന്റെ കയ്യില്‍ ഒന്നുമില്ല.’ നബി ﷺ പറഞ്ഞു: ‘വീട്ടില്‍ പോയി വല്ലതും കിട്ടുമോ എന്ന് ഒന്ന് പരതി നോക്കൂ.’ അദ്ദേഹം വീട്ടില്‍ പോയി നോക്കി. ഒന്നും കിട്ടിയില്ല. അപ്പോള്‍ നബി ﷺ ചോദിച്ചു: ‘നിന്റെ പക്കല്‍ ഒരു ഇരുമ്പിന്റെ മോതിരമുണ്ടോ?’ അദ്ദേഹം പറഞ്ഞു: ‘അതും ഇല്ല.’ നബി ﷺ ചോദിച്ചു: ‘നിനക്ക് ക്വുര്‍ആനില്‍ എത്ര മനഃപാഠമുണ്ട്?’ അദ്ദേഹം പറഞ്ഞു: ‘എനിക്ക് ഇന്നയിന്ന സൂറത്തൊക്കെ മനഃപാഠമുണ്ട്.’ നബി ﷺ പറഞ്ഞു: ‘എങ്കില്‍ അത് അവളെ പഠിപ്പിക്കുക എന്നത് മഹ്‌റായി നിശ്ചയിച്ച് ഞാന്‍ നിനക്ക് അവളെ വിവാഹം ചെയ്തു തരാം.’
എത്ര കൊല്ലമാണ് മൂസാ عليه السلام അവിടെ കഴിച്ചുകൂട്ടിയത്? അദ്ദേഹം പത്ത് വര്‍ഷം പൂര്‍ണമായും അവിടെ കഴിച്ചു കൂട്ടി.’
عن سعيد بن جبير قال : سألني يهودي من أهل الحيرة : أي الأجلين قضى موسى ؟ فقلت : لا أدري حتى أقدم على حبر العرب فأسأله . فقدمت فسألت ابن عباس ، رضي الله عنه ، فقال : قضى أكثرهما وأطيبهما ، إن رسول الله إذا قال فعل .
സഈദ് ബിൻ ജുബൈർ رضي الله عنه പറയുന്നു : “ഹിറയിലെ ജനങ്ങളിൽ നിന്നുള്ള ഒരു ജൂതൻ എന്നോട് ചോദിച്ചു: മൂസാ രണ്ട് അവധികളിൽ ഏതാണ് നിറവേറ്റിയത്?” അറബികളുടെ പണ്ഡിതന്റെ അടുത്ത് ചെന്ന് ചോദിക്കുന്നത് വരെ എനിക്കറിയില്ല എന്ന് ഞാൻ പറഞ്ഞു. അങ്ങനെ ഞാൻ ഇബ്നു അബ്ബാസ് رضي الله عنه യുടെ അടുത്ത് ചെന്ന് അവരോട് ചോദിച്ചു. ഇബ്‌നു അബ്ബാസ് رضي الله عنه പറഞ്ഞു:”അവയിൽ ഏറ്റവും ദൈർഘ്യമേറിയതും മികച്ചതുമായ കാര്യങ്ങൾ അവൻ നിറവേറ്റി, കാരണം അല്ലാഹുവിന്റെ ഒരു ദൂതൻ താൻ ഒരു കാര്യം ചെയ്യുമെന്ന് പറഞ്ഞാല്‍, അവർ അത് ചെയ്യും.” (തഫ്സീർ ഇബ്നു കസീർ)
മഹ്‌റായി നിശ്ചയിച്ച അത്രയും കൊല്ലം അവിടെ കഴിച്ചു കൂട്ടിയതിന് ശേഷം മൂസാ عليه السلام തന്റെ കുടുംബത്തെയും കൂട്ടി സ്വദേശമായ ഈജിപ്തിലേക്ക് തന്നെ മടങ്ങാന്‍ തീരുമാനിച്ചു.
മൂസാ عليه السلام യുടെ ചരിത്രം വിശദീകരിക്കുന്ന സൂറ:ഖസസ് 1-50 ആയത്തുകൾക്ക് ശേഷം, ഈ അത്ഭുതകരമായ കഥയിൽനിന്നും പഠിക്കേണ്ട പാഠങ്ങൾ ശൈഖ് നാസിര്‍ അസ്സഅദി رحمة الله തന്റെ തഫ്സീറിൽ വിശദീകരിക്കുന്നുണ്ട്. അതിൽ നിന്നും മദ്‌യനിലെ സംഭവവുമായി ബന്ധപ്പെട്ടവ ഇവിടെ ചേര്‍ക്കുന്നു:
• മൂസായുടെ സഹോദരി കൂടെ പോയതും മദ്‌യനിലെ ഒരാളുടെ രണ്ടു പെൺമക്കൾ ചെയ്തതും മനസ്സിലാക്കിത്തരുന്നത് ഒരു സ്ത്രീക്ക് പുരുഷൻമാരോട് സംസാരിക്കാനും വശ്യങ്ങൾക്ക് പുറത്തു പോകാനും അനുവാദമുണ്ടെന്നാണ്.
• അറിയുന്നവരോടായാലും അല്ലാത്തവരോടായാലും പടപ്പുകൾക്ക് കരുണ ചെയ്യുക എന്നത് പ്രവാചകന്മാരുടെ സ്വഭാവങ്ങളിൽ പെട്ടതാണ്. മൃഗങ്ങൾക്ക് വെള്ളം കൊടുക്കുന്നതും ദുർബലനെ സഹായിക്കുന്നതും നന്മയാണ്.
• നമ്മുടെ അവസ്ഥകളും സാഹചര്യങ്ങളും പറഞ്ഞുകൊണ്ട് പ്രാർഥിക്കുന്നത് നല്ലതാണ്; അതെല്ലാം അല്ലാഹുവിന് അറിയുമെങ്കിലും. കാരണം അല്ലാഹു തന്റെ അടിമ തന്നോട് കാണിക്കുന്ന വിനയവും ആവശ്യം ചോദിക്കുന്നതും ഇഷ്ടപ്പെടുന്നു. അതാണ് മൂസാനബി പറഞ്ഞത്:
رَبِّ إِنِّي لِمَا أَنزَلْتَ إِلَيَّ مِنْ خَيْرٍ فَقِيرٌ
എൻെ രക്ഷിതാവേ, നീ എനിക്ക് ഇറക്കിത്തരുന്ന ഏതൊരു നന്മയ്ക്കും ഞാൻ ആവശ്യക്കാരനാകുന്നു. (28:24).
• പ്രശംസനീയമായ സ്വഭാവങ്ങളിൽ പെട്ടതാണ് ലജ്ജ; പ്രത്യേകിച്ചും മാന്യതയുള്ളവർക്ക്.
• ഉപകാരങ്ങൾക്ക് പ്രത്യുപകാരം ചെയ്യുക എന്നത് പൂർവകാലം മുതൽ നിലനിന്നു പോരുന്നതാണ്.
• ഒരു പ്രതിഫലവും ആഗ്രഹിക്കാതെ ഒരു വ്യക്തി അല്ലാഹുവിന്റെ പ്രീതി പ്രതീക്ഷിച്ച് വല്ല നന്മയും ചെയ്താൽ പിന്നീട് അതിന് പ്രതിഫലം ലഭിച്ചാൽ അതിൽ അവൻ ആക്ഷേപാർഹനല്ല. മദ്‌യനിൽ വെച്ച് മദ്‌യൻകാരൻ, മൂസാ عليه السلام പ്രതിഫലം ആഗ്രഹിക്കാതെ ചെയ്ത നന്മക്ക് പ്രതിഫലം നൽകുന്നുണ്ട്. അദ്ദേഹം ഒരിക്കലും പ്രതിഫലം ആഗ്രഹിച്ചിട്ടില്ല.
• ആടുകളെ മേയ്ക്കാനും സമാനമായ ജോലികൾ ചെയ്യാനും ഒരാളെ കൂലിക്ക് നിയമിക്കുന്നത് അനുവദനീയമാണ്. ജോലിയുടെ തോത് നിശ്ചയിക്കപ്പെടുന്നത് അവിടത്തെ പതിവു നോക്കിയാണ്.
• ഒരു പ്രയോജനം പ്രതിഫലമായി നിശ്ചയിക്കുന്നതും അനുവദനീയമാണ്. ആ ആനുകൂല്യം വിവാഹത്തിന്റെ രൂപത്തിലാണെങ്കിലും തെറ്റില്ല.
• താൻ തിരഞ്ഞെടുക്കുന്ന ഒരാൾക്ക് തന്റെ മകളെ വിവാഹം ചെയ്തുകൊടുക്കാം. അതിനും തെറ്റില്ല.
• ശക്തനും സത്യസന്ധനുമായ ഒരാളാണ് ആളുകളിൽ ഏറ്റവും നല്ല തൊഴിലാളി.
• തൊഴിലാളികളോടും സേവകരോടും നല്ല സ്വഭാവത്തിൽ പെരുമാറുന്നത് മാന്യതയാണ്. ജോലികൊണ്ട് അവരെ ബുദ്ധിമുട്ടിക്കാവതല്ല.
وَمَا أُرِيدُ أَنْ أَشُقَّ عَلَيْكَ ۚ سَتَجِدُنِي إِن شَاءَ اللَّهُ مِنَ الصَّالِحِينَ
നിനക്ക് പ്രയാസമുണ്ടാക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം നല്ല നിലയിൽ വർത്തിക്കുന്നവരിൽ ഒരാളായി നിനക്ക് എന്നെ കാണാം. (28/27)
• സാക്ഷികളില്ലാതെ തന്നെ ജോലിക്കും മറ്റു കാര്യങ്ങൾക്കും കരാറുകൾ ഉണ്ടാക്കുന്നത് അനുവദനീയമാണ്. കാരണം മൂസാ നബി عليه السلام പറയുന്നുണ്ട്:
وَاللَّهُ عَلَىٰ مَا نَقُولُ وَكِيلٌ
ഞങ്ങൾ പറയുന്നതിന് അല്ലാഹു സാക്ഷിയാണ്. (28/28) (തഫ്സീറുസ്സഅ്ദി)
www.kanzululoom.com