നാവിന്റെ വിപത്തുകൾ: അല്ലാഹുവിന്റെയും റസൂലിന്റെയും പേരിൽ കള്ളം

ശൈഖ് സഈദ് ബിൻ അലി ബിൻ വഹ്ഫ് അൽ ഖഹ്താനി رَحِمَهُ اللَّهُ യുടെ ‘ആഫാത്തുല്ലിസാൻ’ എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി തയ്യാറാക്കിയത്

മനുഷ്യനെ നാശത്തിലേക്ക് നയിക്കുന്ന നാവിന്റെ വിപത്തുകളിൽ ഏറ്റവും ഗൗരവമേറിയതും, പരലോകത്ത് കഠിനമായ ശിക്ഷയ്ക്ക് കാരണമാകുന്നതുമായ മഹാപാപമാണ് അല്ലാഹുവിന്റെയും അവന്റെ റസൂൽ ﷺ യുടെയും പേരിൽ കള്ളം കെട്ടിച്ചമച്ചു പറയുക എന്നത്. മറ്റുള്ളവരുടെ പേരിൽ കളവ് പറയുന്നതിനേക്കാൾ എത്രയോ മടങ്ങ് ഗൗരവമാണ് മതത്തിന്റെ പ്രമാണങ്ങളിൽ കളവ് ചേർക്കുന്നത്.

എന്താണ് കളവ് (الكِذْب)?

അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ പണ്ഡിതന്മാർ നൽകുന്ന വിശദീകരണമനുസരിച്ച്, യാഥാർത്ഥ്യത്തിന് വിരുദ്ധമായി ഒരു കാര്യം പറയുന്നതിനാണ് ‘കളവ്’ എന്ന് പറയുന്നത്.

ഇമാം നവവി رَحِمَهُ اللَّهُ പറയുന്നു: “ഒരു കാര്യം ഉള്ളതിന് വിരുദ്ധമായി പറയലാണ് കളവ്; അത് മനപ്പൂർവ്വം ചെയ്യുന്നതാണെങ്കിലും അജ്ഞത കൊണ്ട് സംഭവിക്കുന്നതാണെങ്കിലും ശരി. എന്നാൽ, അറിവില്ലായ്മ കൊണ്ട് സംഭവിക്കുന്ന പിഴവുകൾക്ക് കുറ്റമില്ല. മറിച്ച്, അറിഞ്ഞുകൊണ്ട് (മനപ്പൂർവ്വം) അസത്യം പറയുന്നതിലാണ് ശിക്ഷയുള്ളത്.”

അല്ലാഹുവിന്റെ പേരിൽ കള്ളം പറയുന്നതിനെതിരെയുള്ള താക്കീതുകൾ

സൃഷ്ടികളുടെ പേരിൽ കള്ളം പറയുന്നതിനേക്കാൾ എത്രയോ മടങ്ങ് ഗൗരവമുള്ളതും, വലിയ പാപവുമാണ് സ്രഷ്ടാവായ അല്ലാഹുവിന്റെ പേരിൽ കള്ളം പറയുക എന്നത്. പരിശുദ്ധ ഖുർആൻ അനേകം വചനങ്ങളിലൂടെ ഇക്കാര്യം കർശനമായി വിലക്കിയിട്ടുണ്ട്.

അറിവില്ലാതെ ജനങ്ങളെ വഴിപിഴപ്പിക്കാൻ വേണ്ടി അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമക്കുന്നവനേക്കാൾ വലിയ അക്രമി മറ്റാരുണ്ട്? അല്ലാഹു (ﷻ) ചോദിക്കുന്നു:

فَمَنْ أَظْلَمُ مِمَّنِ افْتَرَى عَلَى اللَّهِ كَذِبًا لِيُضِلَّ النَّاسَ بِغَيْرِ عِلْمٍ ۗ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الظَّالِمِينَ

ഒരു അറിവുമില്ലാതെ ജനങ്ങളെ പിഴപ്പിക്കാന്‍ വേണ്ടി അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവനെക്കാള്‍ വലിയ അക്രമി ആരുണ്ട്‌? അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലേക്ക് നയിക്കുകയില്ല; തീര്‍ച്ച. (ഖു൪ആന്‍: 6/144)

മതത്തിൽ ഒരു കാര്യം ഹലാലാണെന്നോ ഹറാമാണെന്നോ വിധിയെഴുതുമ്പോൾ നാം അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. പ്രമാണരേഖകളില്ലാതെ സ്വന്തം ഇഷ്ടപ്രകാരം വിധി വിലക്കുകൾ നിശ്ചയിക്കുന്നവർ അല്ലാഹുവിന്റെ പേരിൽ കളവ് പറയുകയാണ് ചെയ്യുന്നത്. അല്ലാഹു (ﷻ) അരുളുന്നു:

وَلَا تَقُولُوا لِمَا تَصِفُ أَلْسِنَتُكُمُ الْكَذِبَ هَٰذَا حَلَالٌ وَهَٰذَا حَرَامٌ لِّتَفْتَرُوا عَلَى اللَّهِ الْكَذِبَ ۚ إِنَّ الَّذِينَ يَفْتَرُونَ عَلَى اللَّهِ الْكَذِبَ لَا يُفْلِحُونَ

നിങ്ങളുടെ നാവുകള്‍ വിശേഷിപ്പിക്കുന്നതിന്‍റെ അടിസ്ഥാനത്തില്‍ ‘ഇത് അനുവദനീയമാണ്‌, ഇത് നിഷിദ്ധമാണ്’ എന്നിങ്ങനെ കള്ളം നിങ്ങൾ പറയരുത്‌. നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയത്രെ (അതിന്‍റെ ഫലം.) അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുന്നവര്‍ വിജയിക്കുകയില്ല; തീര്‍ച്ച. (ഖു൪ആന്‍: 16/116)

അല്ലാഹുവിന്റെ ആയത്തുകളെ നിഷേധിക്കുകയും പരലോകത്തിൽ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നവരാണ് യഥാർത്ഥത്തിൽ അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമക്കുന്നത്. അല്ലാഹു (ﷻ) പറയുന്നു:

إِنَّمَا يَفْتَرِي الْكَذِبَ الَّذِينَ لَا يُؤْمِنُونَ بِآيَاتِ اللَّهِ ۖ وَأُولَٰئِكَ هُمُ الْكَاذِبُونَ

അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കാത്തവര്‍ തന്നെയാണ് കള്ളം കെട്ടിച്ചമയ്ക്കുന്നത്‌. അവര്‍ തന്നെയാണ് വ്യാജവാദികള്‍.(ഖു൪ആന്‍: 16/105)

അല്ലാഹുവിനെക്കുറിച്ച് അറിവില്ലാത്തത് പറയുക എന്നത് ശിർക്കിനോട് ചേർത്തുപറയപ്പെട്ട വലിയ തിന്മയാണെന്ന് താഴെ പറയുന്ന വചനത്തിൽ നിന്ന് മനസ്സിലാക്കാം:

﴿قُلْ إِنَّمَا حَرَّمَ رَبِّيَ الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَالْإِثْمَ وَالْبَغْيَ بِغَيْرِ الْحَقِّ وَأَن تُشْرِكُوا بِاللَّهِ مَا لَمْ يُنَزِّلْ بِهِ سُلْطَانًا وَأَن تَقُولُوا عَلَى اللَّهِ مَا لَا تَعْلَمُونَ﴾

പറയുക: എന്‍റെ രക്ഷിതാവ് നിഷിദ്ധമാക്കിയിട്ടുള്ളത് പ്രത്യക്ഷമായതും പരോക്ഷമായതുമായ നീചവൃത്തികളും, അധര്‍മ്മവും, ന്യായം കൂടാതെയുള്ള കയ്യേറ്റവും, യാതൊരു പ്രമാണവും അല്ലാഹു ഇറക്കിത്തന്നിട്ടില്ലാത്തതിനെ അവനോട് നിങ്ങള്‍ പങ്കുചേര്‍ക്കുന്നതും, അല്ലാഹുവിന്‍റെ പേരില്‍ നിങ്ങള്‍ക്കു വിവരമില്ലാത്തത് നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതും മാത്രമാണ്‌. (ഖു൪ആന്‍: 7/33)

പ്രവാചകന്റെ (ﷺ) പേരിൽ കള്ളം പറയുന്നതിന്റെ ഭവിഷ്യത്തുകൾ

അല്ലാഹുവിന്റെ റസൂൽ (ﷺ) യുടെ പേരിൽ കള്ളം പറയുന്നത് അല്ലാഹുവിന്റെ പേരിൽ കള്ളം പറയുന്നതിന് തുല്യമാണ്. കാരണം നബി (ﷺ) സ്വന്തം ഇഷ്ടപ്രകാരമല്ല സംസാരിക്കുന്നത്, മറിച്ച് അല്ലാഹുവിൽ നിന്നുള്ള വഹ്‌യ് അനുസരിച്ചാണ്. നബി (ﷺ) യുടെ പേരിൽ കള്ളം പറയുന്നവർക്ക് നരകമാണ് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്.

عن علي قال: قال النبي صلى الله عليه وسلم: ‏ لاَ تَكْذِبُوا عَلَىَّ، فَإِنَّهُ مَنْ كَذَبَ عَلَىَّ فَلْيَلِجِ النَّارَ

അലി (رَضِيَ اللَّهُ عَنْهُ) വിൽ നിന്ന് നിവേദനം; നബി (ﷺ) അരുളി:നിങ്ങൾ എന്റെ പേരിൽ കള്ളം പറയരുത്. തീർച്ചയായും ആരെങ്കിലും എന്റെ പേരിൽ കള്ളം പറഞ്ഞാൽ അവൻ നരകത്തിൽ പ്രവേശിക്കട്ടെ. [ബുഖാരി: 106]

മറ്റൊരു ഹദീസിൽ സുബൈർ (رَضِيَ اللَّهُ عَنْهُ) നിവേദനം ചെയ്യുന്നു. നബി (ﷺ) പറഞ്ഞു:

مَنْ كَذَبَ عَلَيَّ فَلْيَتَبَوَّأْ مَقْعَدَهُ مِنَ النَّارِ

ആരെങ്കിലും എന്റെ പേരിൽ കള്ളം പറഞ്ഞാൽ അവൻ നരകത്തിൽ തന്റെ ഇരിപ്പിടം ഉറപ്പിച്ചു കൊള്ളട്ടെ. [ബുഖാരി: 107]

സാധാരണക്കാരായ മനുഷ്യരുടെ പേരിൽ കള്ളം പറയുന്നതുപോലെയല്ല പ്രവാചകന്റെ പേരിൽ കള്ളം പറയുന്നത് എന്ന് ഹദീസുകളിൽ വ്യക്തമായി കാണാം.

عَنِ الْمُغِيرَةِ ـ رضى الله عنه ـ قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ ‏”‏ إِنَّ كَذِبًا عَلَىَّ لَيْسَ كَكَذِبٍ عَلَى أَحَدٍ، مَنْ كَذَبَ عَلَىَّ مُتَعَمِّدًا فَلْيَتَبَوَّأْ مَقْعَدَهُ مِنَ النَّارِ ‏”‏‏.‏

മുഗീറത്ത് ബ്നു ശുഅ്ബ (رَضِيَ اللَّهُ عَنْهُ) നിവേദനം; നബി (ﷺ) അരുളി:എന്റെ പേരിൽ കള്ളം പറയുന്നത് മറ്റൊരാളുടെ പേരിൽ കള്ളം പറയുന്നതുപോലെയല്ല. ആരെങ്കിലും മനപ്പൂർവ്വം എന്റെ പേരിൽ കള്ളം പറഞ്ഞാൽ അവൻ നരകത്തിൽ തന്റെ ഇരിപ്പിടം ഉറപ്പിച്ചു കൊള്ളട്ടെ.” [ബുഖാരി: 1291, മുസ്ലിം: 4]

കൂടാതെ, താൻ പറയാത്ത കാര്യങ്ങൾ തന്റേതാണെന്ന് പ്രചരിപ്പിക്കുന്നതിനെതിരെ നബി (ﷺ) ശക്തമായി താക്കീത് നൽകിയിട്ടുണ്ട്.

عَنْ سَلَمَةَ، قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ ‏ “‏ مَنْ يَقُلْ عَلَىَّ مَا لَمْ أَقُلْ فَلْيَتَبَوَّأْ مَقْعَدَهُ مِنَ النَّارِ ‏”‏‏.‏

സലമത് ബ്നുൽ അക്വഅ് (رَضِيَ اللَّهُ عَنْهُ) വിൽ നിന്ന് നിവേദനം; നബി (ﷺ) അരുളി:ഞാൻ പറയാത്ത കാര്യം ആരെങ്കിലും എന്റെ പേരിൽ പറഞ്ഞാൽ അവൻ തന്റെ ഇരിപ്പിടം നരകത്തിൽ ഉറപ്പിച്ചു കൊള്ളട്ടെ.” [ബുഖാരി: 109]

عن واثلة بن الأسقع قال: قال رسول الله صلى الله عليه وسلم: إِنَّ مِنْ أَعْظَمِ الْفِرَى أَنْ يَدَّعِيَ الرَّجُلُ إِلَى غَيْرِ أَبِيهِ، أَوْ يُرِيَ عَيْنَهُ مَا لَمْ تَرَ، أَوْ يَقُولُ عَلَى رَسُولِ اللَّهِ صلى الله عليه وسلم مَا لَمْ يَقُلْ

വാഥിലത് ബ്നുൽ അസ്ഖഅ് (رَضِيَ اللَّهُ عَنْهُ) വിൽ നിന്ന് നിവേദനം; നബി (ﷺ) പറഞ്ഞു:ഏറ്റവും വലിയ കള്ളത്തരങ്ങളിൽ പെട്ടതാണ് ഒരാൾ തന്റെ പിതാവല്ലാത്തവരിലേക്ക് (പിതൃത്വം) ചേർത്തു പറയുന്നതും, തന്റെ കണ്ണ് കാണാത്തത് കണ്ടു എന്ന് പറയുന്നതും (സ്വപ്നത്തിൽ കള്ളം പറയുക), റസൂൽ (ﷺ) പറയാത്തത് അവിടുത്തെ പേരിൽ പറയുന്നതും.” [ബുഖാരി: 3509]

കേട്ടതെല്ലാം പറഞ്ഞുപരത്തുന്നതിന്റെ അപകടം

സോഷ്യൽ മീഡിയയുടെയും മറ്റും ഈ കാലഘട്ടത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് കേട്ടുകേൾവികൾ പ്രചരിപ്പിക്കുക എന്നത്. സത്യാവസ്ഥ ബോധ്യപ്പെടാതെ, കേൾക്കുന്നതെന്തും മറ്റുള്ളവരിലേക്ക് കൈമാറുന്നത് കളവ് പറയുന്നതിന് തുല്യമാണെന്ന് പ്രവാചകൻ (ﷺ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم:كَفَى بِالْمَرْءِ كَذِبًا أَنْ يُحَدِّثَ بِكُلِّ مَا سَمِعَ

അബൂഹുറൈറ (رَضِيَ اللَّهُ عَنْهُ) വിൽ നിന്ന് നിവേദനം; റസൂൽ (ﷺ) അരുളി:ഒരാൾ കേട്ട കാര്യങ്ങളെല്ലാം പറഞ്ഞുപരത്തുന്നത് തന്നെ അയാൾക്ക് കളവ് (കുറ്റം) ആയി മതിയാകുന്നതാണ്.” [മുസ്ലിം: 5]

ഉമർ ബ്നുൽ ഖത്താബ് (رَضِيَ اللَّهُ عَنْهُ) വും, അബ്ദുല്ലാഹി ബ്നു മസ്ഊദ് (رَضِيَ اللَّهُ عَنْهُ) വും, ഇമാം മാലിക്കും (رَحِمَهُمُ اللَّهُ) എല്ലാം ഇതേ ആശയം വളരെ ഗൗരവപൂർവ്വം ഉണർത്തിയിട്ടുണ്ട്. പണ്ഡിതന്മാർ വ്യക്തമാക്കുന്നത്, കേട്ട കാര്യങ്ങളിൽ സത്യവും അസത്യവും ഉണ്ടാകാം. അവ വേർതിരിച്ചറിയാതെ എല്ലാം പ്രചരിപ്പിക്കുന്നവൻ അനിവാര്യമായും കളവിന്റെ ഭാഗഭാക്കാകും എന്നാണ്.

أَنَّ عَبْدَ اللَّهِ بْنَ مَسْعُودٍ، قَالَ مَا أَنْتَ بِمُحَدِّثٍ قَوْمًا حَدِيثًا لاَ تَبْلُغُهُ عُقُولُهُمْ إِلاَّ كَانَ لِبَعْضِهِمْ فِتْنَةً ‏.‏

അബ്ദുല്ലാഹി ബ്നു മസ്ഊദ് (رَضِيَ اللَّهُ عَنْهُ) പറഞ്ഞു: ജനങ്ങളുടെ ബുദ്ധിക്ക് ഉൾക്കൊള്ളാൻ കഴിയാത്ത വർത്തമാനം നീ അവരോട് പറയരുത്; അപ്രകാരം ചെയ്താൽ അത് അവരിൽ ചിലർക്ക് കുഴപ്പത്തിന് കാരണമാകാതിരിക്കില്ല.” [മുസ്ലിം, മുഖദ്ദിമ]

പണ്ഡിതന്മാരുടെ അഭിപ്രായങ്ങളും വിധിവിലക്കുകളും

നബി (ﷺ) യുടെ പേരിൽ കള്ളം പറയുന്നതിന്റെ മതപരമായ വിധി എന്താണെന്നതിൽ പണ്ഡിതന്മാർക്കിടയിൽ വിശദമായ ചർച്ചകൾ നടന്നിട്ടുണ്ട്.

അഹ്ലുസ്സുന്നയുടെ ഭൂരിപക്ഷ അഭിപ്രായം: നബി (ﷺ) യുടെ പേരിൽ കള്ളം പറയുന്നത് വൻപാപം ആണ്. എന്നാൽ അത് ചെയ്യുന്നവൻ ഇസ്ലാം മതത്തിൽ നിന്ന് പുറത്തുപോകുന്ന ‘കാഫിർ’ ആകുമോ എന്നതിൽ അഭിപ്രായ വ്യത്യാസമുണ്ട്. ഭൂരിഭാഗം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത്, അത് ഹലാലാണെന്ന് വിശ്വസിക്കാത്ത കാലത്തോളം അയാൾ ഇസ്ലാമിൽ നിന്ന് പുറത്തുപോകുന്നില്ല എന്നാണ്. എന്നാൽ അയാൾ കടുത്ത പാപിയും ധിക്കാരിയുമാണ്.

ചില പണ്ഡിതന്മാരുടെ അഭിപ്രായം: ഇമാം ജുവൈനിയുടെ (رَحِمَهُ اللَّهُ) പിതാവിനെപ്പോലുള്ള ചില പണ്ഡിതന്മാർ നബി (ﷺ) യുടെ പേരിൽ മനപ്പൂർവ്വം കള്ളം പറയുന്നവൻ കാഫിർ ആകുമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. കാരണം, ഹറാമായ ഒരു കാര്യത്തെ ഹലാലാക്കി മാറ്റാനോ (ഇസ്തിഹ്ലാൽ), മതത്തെ പരിഹസിക്കാനോ ആണ് അത് കാരണമാകുന്നത്. എന്നാൽ ഈ അഭിപ്രായം പ്രബലമല്ലെന്ന് ഇമാം നവവിയും ഇബ്നു ഹജറും (رَحِمَهُمُ اللَّهُ) വ്യക്തമാക്കിയിട്ടുണ്ട്.

ഹാഫിള് ഇബ്നു ഹജറിന്റെ (رَحِمَهُ اللَّهُ) വിശദീകരണം: ഇബ്നു ഹജർ അസ്ഖലാനി “ഫൽ-യതബവ്വഅ്” (അവൻ ഇരിപ്പിടം ഉറപ്പിച്ചു കൊള്ളട്ടെ) എന്ന ഹദീസ് വാചകത്തെ വിശദീകരിച്ചുകൊണ്ട് പറയുന്നു: “ഇതൊരു ശാശ്വതമായ താമസത്തെയാണ് സൂചിപ്പിക്കുന്നത്. നരകമല്ലാതെ മറ്റൊരു സ്ഥലം അവനായി നിശ്ചയിക്കപ്പെട്ടിട്ടില്ല എന്നാണ് ഇതിന്റെ അർത്ഥം.” എന്നിരുന്നാലും, നരകത്തിൽ ശാശ്വതമായി വസിക്കുക എന്നത് അവിശ്വാസികൾക്ക് മാത്രമുള്ളതാണെന്ന് ഖണ്ഡിതമായ പ്രമാണങ്ങൾ വ്യക്തമാക്കുന്നു. അതിനാൽ, നബി (ﷺ) യുടെ പേരിൽ കള്ളം പറയുന്നവൻ കാഫിർ ആകുന്നില്ലെങ്കിലും, നരകശിക്ഷയ്ക്ക് അർഹനാകുന്ന വൻപാപിയാണ്.

നിവേദനം സ്വീകരിക്കില്ല: ഒരു തവണയെങ്കിലും നബി (ﷺ) യുടെ പേരിൽ മനപ്പൂർവ്വം കള്ളം പറഞ്ഞാൽ ആ വ്യക്തിയുടെ വിശ്വാസ്യത (അദാലത്ത്) നഷ്ടപ്പെടുകയും, അയാളുടെ നിവേദനങ്ങളും സാക്ഷ്യങ്ങളും പിന്നീട് ഒരിക്കലും സ്വീകരിക്കപ്പെടുകയില്ലെന്നും പണ്ഡിതന്മാർ വിധിയെഴുതിയിട്ടുണ്ട്.

അല്ലാഹുവിന്റെ വചനങ്ങളും നബി (ﷺ) യുടെ ഹദീസുകളും കൈകാര്യം ചെയ്യുമ്പോൾ അതീവ സൂക്ഷ്മത പാലിക്കേണ്ടതുണ്ട്. ആധികാരികമായ ഉറവിടങ്ങളിൽ നിന്നല്ലാതെ ദീനീപരമായ കാര്യങ്ങൾ സ്വീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. അല്ലാഹുവിന്റെയും റസൂലിന്റെയും പേരിൽ കള്ളം പറയുക എന്നത് അല്ലാഹുവിനെക്കുറിച്ച് അറിവില്ലാതെ സംസാരിക്കുന്നതിന്റെ ഭാഗമാണ്. അത് അല്ലാഹു വിലക്കിയിരിക്കുന്നു. അല്ലാഹുവിന്റെയും റസൂലിന്റെയും പേരിൽ അറിയാതെ പോലും കള്ളം പറയുന്നതിൽ നിന്ന് നാഥൻ നമ്മെ കാത്തുരക്ഷിക്കുമാറാകട്ടെ.

 

മുഹമ്മദ് അമീൻ

 

WWW.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *