അർഥവും തെളിവുകളും

1.ഖുൽഇന്റെ നിർവചനം:

خلع الثوب (വസ്ത്രം ഉരിഞ്ഞു) എന്നതിൽനിന്ന് എടുക്കപ്പെട്ടതാണ് ഖുൽഅ് (خُلْع) എന്ന പദം. കാരണം, ദമ്പതികൾ ഓരോരുത്തരും അപരന്റെ വസ്ത്രങ്ങളാകുന്നു.

وشرعاً: فُرْقَةٌ تجري بين الزوجين على عوض تدفعه المرأة لزوجها، بألفاظ مخصوصة.

ഭാര്യ ഭർത്താവിന് നൽകുന്ന പ്രതിഫലത്തിന്മേൽ അവർക്കിടയിൽ ചില നിർണിത പദങ്ങളിലൂടെയുണ്ടാക്കുന്ന വേർപാടിനാണ് ‘ഖുൽഅ്’ എന്ന് മതപരമായി പറയപ്പെടുന്നത്.

2. ഖുൽഅ് നിയമമാണെന്നതിന്റെ തെളിവ്:

فَإِنْ خِفْتُمْ أَلَّا يُقِيمَا حُدُودَ ٱللَّهِ فَلَا جُنَاحَ عَلَيْهِمَا فِيمَا ٱفْتَدَتْ بِهِۦ ۗ

അങ്ങനെ അവർക്ക് (ദമ്പതിമാർക്ക്) അല്ലാഹുവിന്റെ നിയമ പരിധികൾ പാലിക്കുവാൻ കഴിയില്ലെന്ന് നിങ്ങൾക്ക് ഉൽക്കണ്ഠ തോന്നുകയാണെങ്കിൽ അവൾ വല്ലതും വിട്ടുകൊടുത്തുകൊണ്ട് സ്വയം മോചനം നേടുന്നതിൽ അവർ ഇരുവർക്കും കുറ്റമില്ല. (ഖുർആൻ:2/229)

عَنِ ابْنِ عَبَّاسٍ،‏.‏ أَنَّ امْرَأَةَ، ثَابِتِ بْنِ قَيْسٍ أَتَتِ النَّبِيَّ صلى الله عليه وسلم فَقَالَتْ يَا رَسُولَ اللَّهِ ثَابِتُ بْنُ قَيْسٍ مَا أَعْتُبُ عَلَيْهِ فِي خُلُقٍ وَلاَ دِينٍ، وَلَكِنِّي أَكْرَهُ الْكُفْرَ فِي الإِسْلاَمِ‏.‏ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ أَتَرُدِّينَ عَلَيْهِ حَدِيقَتَهُ ‏”‏‏.‏ قَالَتْ نَعَمْ‏.‏ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ اقْبَلِ الْحَدِيقَةَ وَطَلِّقْهَا تَطْلِيقَةً ‏”‏‏.‏

ഇബ്‌നു അബ്ബാസ്  رضي الله عنهما യിൽ നിന്നും നിവേദനം: “സാബിത് ഇബ്‌നു ക്വയ്‌സ് رضي الله عنه വിന്റെ ഭാര്യ തിരുനബിﷺയുടെ അടുക്കൽ ചെന്നുകൊണ്ട് പറഞ്ഞു: “അല്ലാഹുവിന്റെ തിരുദൂതരേ, സാബിത് ഇബ്‌നു ക്വയ്‌സിന്റെ സ്വഭാവത്തെയോ മതനിഷ്ഠയെയോ കുറിച്ച് എനിക്ക് യാതൊരു ആക്ഷേപവുമില്ല. പക്ഷേ, ഇസ്‌ലാമിൽ കുഫ്‌റിനെ (ഭർത്താവിന്റെ സൽപെരുമാറ്റത്തെ നിഷേധിക്കുന്നതിനെ) ഞാൻ ഇഷ്ടപ്പെടുന്നില്ല.’ തിരുനബിﷺ പറഞ്ഞു: ‘അദ്ദേഹം (നിങ്ങൾക്കു മഹ്ർ) നൽകിയ തോട്ടം അദ്ദേഹത്തിനു നിങ്ങൾ തിരിച്ചു നൽകുമോ?’ അവർ പറഞ്ഞു: ‘അതെ.’ അപ്പോൾ തിരുദൂതർ (സാബിതിനോടു) പറഞ്ഞു: ‘തോട്ടം തിരിച്ചുവാങ്ങി അവരെ ത്വലാക്വ് ചൊല്ലുക.’’ (ബുഖാരി:5273)

മതവിധികളും യുക്തിയും

I. ഖുൽഇന്റെ മതവിധികൾ:

ഖുൽഉമായി ബന്ധപ്പെട്ട മതവിധികൾ താഴെ വരുന്ന കാര്യങ്ങളിൽ ചുരുക്കാം:

1. ദമ്പതികൾക്കിടയിലെ സമ്പർക്കം മോശമായാൽ ഖുർഅ് അനുവദനീയമാകുന്നു. ഭാര്യ ഭർത്താവിനു നിശ്ചയിക്കുന്ന സാമ്പത്തികമായ പ്രതിഫലം കൊണ്ടല്ലാതെ ഖുൽഅ് സംഭവിക്കുകയില്ല.

2. തന്റേടമുള്ള ഭാര്യയിൽ നിന്നല്ലാതെ അത് സംഭവിക്കുകയില്ല. കാരണം തന്റേടമില്ലാത്തവൾ യോഗ്യതക്കുറവ് കാരണത്താൽ സാമ്പത്തിക വിനിമയം ഉടമപ്പെടുത്തുന്നില്ല.

3. ഒരു പുരുഷൻ തന്റെ ഭാര്യയെ ഖുൽഅ് ചെയ്താൽ സ്ത്രീ അവളുടെ കാര്യം ഉടമപ്പെടുത്തി. ഭർത്താവിന് അവളുടെമേൽ യാതൊരു അധികാരവും ശേഷിക്കുകയില്ല. അയാൾക്ക് അവളെ മടക്കിയെടുക്കലുമില്ല.

4. ഖുൽഇലൂടെ മോചിതയായ സ്ത്രീക്ക് അവളുടെ ഇദ്ദയുടെ കാലത്ത് ഖുൽഅ് ചെയ്ത ഭർത്താവിൽ നിന്ന് ത്വലാക്വോ ള്വിഹാറോ ഈലാഓ ഏൽക്കുകയില്ല. കാരണം അവർ തന്റെ ഭർത്താവിൽനിന്ന് അന്യയായിത്തീരും.

5. ആർത്തവകാലത്തും ലൈംഗിക ബന്ധത്തിലേർപെട്ട ശുദ്ധികാലത്തും ഖുൽഅ് അനുവദനീയമാകുന്നു. അതിലൂടെ അവൾക്ക് ക്ഷതമൊന്നുമില്ലാത്തതിനാലാണ്. കാരണം അല്ലാഹു നിർണിത കാലമെന്ന് ഉപാധിവെക്കാതെ അത് നിരുപാധികമാക്കുകയാണ് ചെയ്തത്.

6. ഖുൽഇലൂടെ മോചനം നേടുവാൻ നിർബന്ധിതയാകുവോളം ഭാര്യയെ ഉപദ്രവിക്കലും അവളുടെ അവകാശങ്ങൾ തടയലും പുരുഷനു നിഷിദ്ധമാണ്.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا يَحِلُّ لَكُمْ أَن تَرِثُوا۟ ٱلنِّسَآءَ كَرْهًا ۖ وَلَا تَعْضُلُوهُنَّ لِتَذْهَبُوا۟ بِبَعْضِ مَآ ءَاتَيْتُمُوهُنَّ إِلَّآ أَن يَأْتِينَ بِفَٰحِشَةٍ مُّبَيِّنَةٍ ۚ

സത്യവിശ്വാസികളേ, സ്ത്രീകളെ ബലാൽക്കാരമായിട്ട് അനന്തരാവകാശ സ്വത്തായി എടുക്കൽ നിങ്ങൾക്ക് അനുവദനീയമല്ല. അവർക്ക് (ഭാര്യമാർക്ക്) നിങ്ങൾ കൊടുത്തിട്ടുള്ളതിൽ ഒരു ഭാഗം തട്ടിയെടുക്കുവാൻ വേണ്ടി നിങ്ങളവരെ മുടക്കിയിടുകയും ചെയ്യരുത്. അവർ പ്രത്യക്ഷമായ വല്ല നീചവൃത്തിയും ചെയ്‌തെങ്കിലല്ലാതെ. (ഖുർആൻ:4/19)

7. അവസ്ഥകൾ നേരെ ചൊവ്വെയായിട്ടും ഖുൽഇനെ തേടുന്ന കാരണമൊന്നുമില്ലാതിരുന്നിട്ടും ഭർത്താവിൽനിന്ന് മോചനം നേടുന്നത് ഭാര്യക്ക് വെറുക്കപ്പെട്ടതും നിഷിദ്ധവുമാകുന്നു. ഒന്നിച്ചു ജീവിക്കുവാൻ സാധിക്കാത്തവിധം സൃഷ്ടിപ്പിൽ ഭർത്താവ് കുറവുള്ളവനാവുക, സ്വഭാവത്തിൽ ദൂഷ്യമുള്ളവനാകുക, അല്ലാഹുവിന്റെ നിയമങ്ങൾ പാലിക്കുകയില്ലെന്ന് അവൾ ആശങ്കിക്കുക എന്നിവയാണ് ഖുൽഇനെ തേടുന്ന കാരണങ്ങൾ.

II. ഖുൽഅ് നിയമമാക്കിയതിലെ ഹിക്മത്ത്

ദമ്പതികൾക്കിടയിലെ പാരസ്പര്യവും ന്യായമായ സമ്പർക്കവുമാണ് വിവാഹമെന്നത് സുവിദിതമാണല്ലോ. അല്ലാഹു പറഞ്ഞു:

وَمِنْ ءَايَٰتِهِۦٓ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَٰجًا لِّتَسْكُنُوٓا۟ إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ إِنَّ فِى ذَٰلِكَ لَـَٔايَٰتٍ لِّقَوْمٍ يَتَفَكَّرُونَ

നിങ്ങൾക്ക് സമാധാനപൂർവം ഒത്തുചേരേണ്ടതിനായി നിങ്ങളിൽ നിന്നുതന്നെ നിങ്ങൾക്ക് ഇണകളെ സൃഷ്ടിക്കുകയും നിങ്ങൾക്കിടയിൽ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ. (ഖുർആൻ:30/21)

ഇത് നികാഹിന്റെ ഫലമാണ്. ഈ ആശയം സഫലമാകാതിരിക്കുകയും രണ്ടു പേരിൽനിന്നും സ്‌നേഹം ഉണ്ടാകാതിരിക്കുകയും അല്ലെങ്കിൽ ഭർത്താവിൽനിന്ന് സ്‌നേഹം ഉണ്ടാകാതിരിക്കുകയും അങ്ങനെ ബന്ധം മോശമായിത്തീരുകയും പ്രശ്‌നപരിഹാരം ശ്രമകരമാവുകയും ചെയ്താൽ അത്തരുണത്തിൽ ഭാര്യയെ ഭംഗിയായി പിരിച്ചയക്കുവാൻ കൽപിക്കപെട്ടവനാണ് ഭർത്താവ്.

فَإِمْسَاكُۢ بِمَعْرُوفٍ أَوْ تَسْرِيحُۢ بِإِحْسَٰنٍ

പിന്നെ ഒന്നുകിൽ മര്യാദയനുസരിച്ച് കൂടെ നിർത്തുകയോ, അല്ലെങ്കിൽ നല്ലനിലയിൽ പിരിച്ചയക്കുകയോ ആണ് വേണ്ടത്. (ഖുർആൻ:2/229)

ഭർത്താവിൽനിന്ന് സ്‌നേഹം ഉണ്ടാവുകയും ഭർത്താവിന്റെ സ്വഭാവം വെറുത്തതിനാലോ ഭർത്താവിനു ദീനീനിഷ്ഠ കുറഞ്ഞതിനാൽ നീരസപ്പെട്ടതിനാലോ അവൾക്ക് അവനോട് സ്‌നേഹമില്ലാതിരിക്കുകയും അല്ലെങ്കിൽ അവനോടുള്ള കടമ നിർവഹണത്തിൽ ഉപേക്ഷ വരുത്തുന്നതിനാലുള്ള കുറ്റം അവൾ ഭയക്കുകയും ചെയ്താൽ ഇത്തരം അവസ്ഥകളിൽ അവൾ വിനിയോഗിക്കുന്ന പ്രതിഫലം നൽകി അവനിൽനിന്ന് മോചനം തേടാവുന്നതും സ്വന്തത്തിന് മോചനം നേടാവുന്നതുമാണ്. അല്ലാഹു പറഞ്ഞു:

فَإِنْ خِفْتُمْ أَلَّا يُقِيمَا حُدُودَ ٱللَّهِ فَلَا جُنَاحَ عَلَيْهِمَا فِيمَا ٱفْتَدَتْ بِهِۦ ۗ

അങ്ങനെ അവർക്ക് (ദമ്പതിമാർക്ക്) അല്ലാഹുവിന്റെ നിയമ പരിധികൾ പാലിക്കുവാൻ കഴിയില്ലെന്ന് നിങ്ങൾക്ക് ഉൽക്കണ്ഠ തോന്നുകയാണെങ്കിൽ അവൾ വല്ലതും വിട്ടുകൊടുത്തുകൊണ്ട് സ്വയം മോചനം നേടുന്നതിൽ അവർ ഇരുവർക്കും കുറ്റമില്ല. (ഖുർആൻ:2/229)

 

ഒരു സംഘം പണ്ഡിതന്മാർ രചിച്ച الفقه الميسر في ضوء الكتاب والسنة എന്ന ഗ്രന്ഥത്തിൽനിന്നുമെടുത്തത്

വിവര്‍ത്തനം : അബ്ദുൽ ജബ്ബാർ മദീനി

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *