സൃഷ്ടികളുടെ കഴിവ്; പരിധിയും പരിമിതിയും

മനുഷ്യരടക്കമുള്ള സൃഷ്ടികളുടെ കേള്‍വി, കാഴ്ച, കൈകാലുകള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍, മറ്റു കഴിവുകള്‍ തുടങ്ങിയവ സൃഷ്ടിക്കുന്നത് ആരാണ് എന്നതിനെക്കുറിച്ച് ഇസ്‌ലാമിക ലോകത്ത് മൂന്ന് വീക്ഷണങ്ങളാണ് ഉള്ളത്:

(1) എല്ലാം സൃഷ്ടിക്കുന്നത് അല്ലാഹുവാണ്. സൃഷ്ടികള്‍ക്ക് ഒരു സ്വാധീനവും ഇല്ല.

ജബരിയ്യ എന്ന ബിദ്ഈ കക്ഷിയുടെ (നൂതനവാദികള്‍) വാദമാണിത്. കാറ്റില്‍ പറക്കുന്ന തൂവല്‍പോലെ ഒരു സ്വാധീനവും നമുക്ക് നമ്മുടെ പ്രവര്‍ത്തിയില്‍ ഇല്ല എന്ന ഈ വാദം അഹ്‌ലുസ്സുന്ന അംഗീകരിക്കുന്നില്ല. കാരണം പ്രവര്‍ത്തനങ്ങള്‍ നമുക്ക് ചെയ്യാനും ചെയ്യാതിരിക്കാനും കഴിയും.

ഉദാഹരണം; വിറവാതം പിടിപെട്ട ഒരാളുടെ കൈ എപ്പോഴും ചലിച്ചുകൊണ്ടിരിക്കും. അയാളുടെ കൈകള്‍ക്ക് ഒരു സ്വാധീനവും ഇല്ല. എന്നാല്‍ അങ്ങനെയൊരു രോഗമില്ലാത്തവരുടെ കൈകാലുകള്‍ ചലിപ്പിക്കുന്നത് അവര്‍ ഉദ്ദേശിക്കുന്നതിന് അനുസരിച്ചാണ്.

ഒരു വീടിന്റെ മുകളില്‍നിന്ന് താഴേക്ക് ഒരു വിഗ്രഹം തള്ളിയിടുന്നതുപോലെയല്ല ഒരാള്‍ സ്വയം ചാടുന്നത്. അയാള്‍ക്ക് ചാടാനും ചാടാതിരിക്കാനും കഴിയും. ഹൃദയമിടിപ്പ് പോലെയല്ല നാം കൈ ഉയര്‍ത്തുന്നത്; ഉദ്ദേശ്യമനുസരിച്ചാണ്.

(2) മനുഷ്യരടക്കമുള്ള സൃഷ്ടികളുടെ പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുന്നത് അവര്‍തന്നെയാണ്. അല്ലാഹു അതില്‍ ഇടപെടുന്നില്ല, അതുകൊണ്ടാണ് പ്രതിഫലവും ശിക്ഷയും ഉള്ളത്.

‘മുഅ്തസില’ എന്ന ബിദ്ഈകക്ഷിയുടെ വാദമാണിത്. അഹ്‌ലുസ്സുന്ന ഈ ആശയവും അംഗീകരിക്കുന്നില്ല. കാരണം ക്വുര്‍ആന്‍ പറയുന്നത് പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുന്നത് അല്ലാഹുവാണ് എന്നാണ്. തളര്‍ന്ന് കിടക്കുന്നവന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചാല്‍ അതിന് കഴിയില്ല. അയാളുടെ മനസ്സ് അതിന് ആഗ്രഹിക്കുണ്ട്, പക്ഷേ, ഇച്ഛാനുസരണം എഴുന്നേല്‍ക്കുന്നില്ല.

(3) ക്വുര്‍ആനിന്റെയും പ്രവാചക വചനങ്ങളുടെയും അടിസ്ഥാനത്തില്‍ അഹ്‌ലുസ്സുന്നയുടെ വിശ്വാസം സൃഷ്ടികളുടെ പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുന്നത് അല്ലാഹുവാണ്, എന്നാല്‍ അത് പ്രവര്‍ത്തിക്കാനും പ്രവര്‍ത്തിക്കാതിരിക്കാനുമുള്ള തിരഞ്ഞെടുപ്പിനുള്ള (ഇച്ഛാ)സ്വാതന്ത്ര്യം അല്ലാഹു അവന് നല്‍കിയിരിക്കുന്നു എന്നാണ്.

അതായത് ഒരു കാര്യം ചെയ്യാനോ ചെയ്യാതിരിക്കാനോ അവന്‍ ഇച്ഛിക്കുമ്പോള്‍ (ഏതെലുമൊന്ന് തിരഞ്ഞെടുക്കുമ്പോള്‍) അല്ലാഹു അത് സൃഷ്ടിച്ച് നല്‍കുന്നു. അതുകൊണ്ടാണ് നന്മ ചെയ്യുന്നതിന് ഉത്തമമായ പ്രതിഫലവും തിന്മയ്ക്ക് ശിക്ഷയും ഉള്ളത്.

അല്ലാഹുവാണ് സൃഷ്ടികളുടെ പ്രവര്‍ത്തനങ്ങളും സൃഷ്ടിക്കുന്നത് എന്ന അഹ്‌ലുസ്സുന്നയുടെ വിശ്വാസംതന്നെയാണ് ആധുനിക ശാസ്ത്രത്തിന്റെ വീക്ഷണമെന്നു മനസ്സിലാക്കാം.

ആധുനിക ശാസ്ത്രത്തിന്റെ വീക്ഷണം

മനുഷ്യരുടെ ശാരീരിക പ്രവര്‍ത്തനങ്ങളെ ജീവശാസ്ത്രം രണ്ടായി തിരിക്കുന്നു:

1. അനൈച്ഛിക പ്രവര്‍ത്തനങ്ങള്‍ (Involuntary actions)

ഹൃദയമിടിപ്പ്, കിഡ്‌നിയുടെ പ്രവര്‍ത്തനം എന്നിവ പോലെ മനുഷ്യന്റെ ഇച്ഛക്ക് ഒരു സ്വാധീനവും ഇല്ലാതെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍. തലച്ചോറില്‍നിന്ന് നാഡികള്‍ വഴി ആവേഗങ്ങള്‍ വന്നാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഈ പ്രവര്‍ത്തനങ്ങളില്‍ മനുഷ്യന് ഒരു സ്വാധീനവും ഇല്ല. ഇവയ്ക്ക് ശിക്ഷയും പ്രതിഫലവും ഇല്ല. സ്വിച്ച് ഇട്ട ഫാനിലേക്ക് വയറിലൂടെ വൈദ്യുതി വന്ന് അത് കറങ്ങുന്നത് പോലെ, സ്റ്റാര്‍ട്ടാക്കിയ കാര്‍ ഡ്രൈവര്‍ ഓടിക്കുന്നത് പോലെ, ഇവിടെ ഫാനിന്റെയും കാറിന്റെയും ഇച്ഛക്കനുസരിച്ചല്ല ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

2. ഐച്ഛിക പ്രവര്‍ത്തനങ്ങള്‍ (Voluantary actions)

കൈകൊണ്ട് പ്രവര്‍ത്തിക്കുക, നടക്കുക, ഓടുക തുടങ്ങിയ മനുഷ്യന്റെ ഇച്ഛക്കനുസരിച്ച് ചെയ്യാനും ചെയ്യാതിരിക്കാനും സ്വാതന്ത്ര്യമുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഐച്ഛിക പ്രവര്‍ത്തനം എന്ന് പറയുന്നത്. പക്ഷേ, ഈ പ്രവര്‍ത്തനം സൃഷ്ടിക്കുന്നതില്‍ മനുഷ്യന് ഒരു സ്വാധീനവും ഇല്ല. ചെയ്യാന്‍ ഇച്ഛിക്കുമ്പോള്‍ തലച്ചോറില്‍നിന്ന് ആവേഗങ്ങള്‍ നാഡി വഴി മസിലുകളിലും എല്ലുകളിലും എത്തി അവയെ ചലിപ്പിക്കുന്നു. പല രാസമാറ്റങ്ങളും ഭൗതിക മാറ്റങ്ങളും ഉണ്ടാകുന്നു.

അപ്പോള്‍ ഹൃദയമിടിപ്പ് പോലെയുള്ള അനൈച്ഛിക ചലനവും നടക്കുക, ഓടുക പോലുള്ള ഐച്ഛിക ചലനവും നടക്കുന്നതില്‍ മനുഷ്യന് ഒരു പങ്കുമില്ല, തലച്ചോറില്‍ ആവേഗങ്ങളുണ്ടായി അത് മസിലുകളിലും എല്ലുകളിലും രാസ-ജൈവ മാറ്റമുണ്ടാക്കി നടക്കുന്നു. ഒന്ന് മനുഷ്യന്റെ ഇച്ഛക്ക് അനുസരിച്ചും മറ്റേത് അല്ലാതെയും നടക്കുന്നു.

മനുഷ്യന്റെ ഇച്ഛക്ക് അനുസരിച്ച് നടക്കുന്ന പ്രവര്‍ത്തനങ്ങളും അല്ലാതെ നടക്കുന്ന പ്രവര്‍ത്തനങ്ങളും സൃഷ്ടിക്കുന്നത് അല്ലാഹുവാണ്. ഇച്ഛക്ക് അനുസരിച്ച് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലവും ശിക്ഷയും ഉണ്ട്. കാരണം അത് അവന്‍ ഇച്ഛിക്കുന്നു, തിരഞ്ഞെടുക്കുന്നു.

ഉദാ: ഒരാള്‍ ക്വുര്‍ആന്‍ പാരായണം ചെയ്യുന്നു. മറ്റൊരാള്‍ അശ്ശീല മാസിക വായിക്കുന്നു.

ഈ രണ്ട് പ്രവര്‍ത്തനവും സൃഷ്ടിക്കുന്നത് അല്ലാഹുവാണ്. ബുക്കുകളിലെ അക്ഷരങ്ങളില്‍ തട്ടി പ്രകാശം കണ്ണില്‍ പതിച്ച് രാസമാറ്റമുണ്ടായി, ശ്രവണനാഡി വഴി ആവേഗങ്ങള്‍ തലച്ചോറില്‍ എത്തുമ്പോള്‍ അയാള്‍ കാണുന്നു, തലച്ചോറില്‍നിന്ന് ആവേഗം വന്ന് രാസ-ജൈവ മാറ്റമുണ്ടാക്കി വായന സാധ്യമാക്കുന്നു. ഇവ രണ്ടിലും നടക്കുന്ന ഈ രാസ-ജൈവ മാറ്റങ്ങള്‍ ചെയ്യുന്നത് മനുഷ്യനല്ല, അവന്‍ വായന ഇച്ഛിക്കുന്നു, അന്നേരം ഈ പ്രതിഭാസങ്ങള്‍ അല്ലാഹു സൃഷ്ടിക്കുന്നു. മനുഷ്യന്‍ ഇച്ഛിക്കുകയും തിരഞ്ഞെടുക്കുകയും ചെയ്യുന്നതുകൊണ്ട് അവന് അത് പ്രതിഫലം ലഭിക്കുന്ന സമ്പാദ്യമായിത്തീരുന്നു. ഒരു ഫാന്‍ കറങ്ങുന്ന, കാര്‍ ഓടുന്ന പ്രവര്‍ത്തനം അവതന്നെ സൃഷ്ടിക്കുകയാണെന്ന് ആരും പറയില്ലല്ലോ.

ഒരാള്‍ ഒരു വടി രണ്ടായി മുറിക്കുന്നു. അയാളുടെ കൈയിന്റെ പ്രവര്‍ത്തനം സൃഷ്ടിക്കുന്നത് മുകളില്‍ പറഞ്ഞപോലെ അല്ലാഹുവാണ്. വിറകിലെ തന്‍മാത്രകളുടെ ആകര്‍ഷണബലം ഇല്ലാതാക്കി അവയെ വേര്‍പെടുത്തുന്നതും അല്ലാഹുവാണ്.

ഒരു വാഹനം ഓടിക്കുമ്പോള്‍ നടക്കുന്ന ആകെ പ്രവര്‍ത്തനങ്ങള്‍ ചിന്തിച്ചാല്‍, ഡ്രൈവറുടെ ആകെ സ്വാധീനം ഇച്ഛമാത്രം എന്ന് കാണാം, ബാക്കിയെല്ലാം സൃഷ്ടിക്കുന്നത് അല്ലാഹുവാണ്.

മുഅ്ജിസത്തും കറാമത്തും

സാധാരണ പ്രവര്‍ത്തനങ്ങളായ കേള്‍വി, കാഴ്ച, നടത്തം പോലുള്ള കാര്യങ്ങള്‍ ചില കാരണങ്ങള്‍ വഴി അവയവങ്ങളിലൂടെയാണ് അല്ലാഹു സൃഷ്ടിക്കുന്നത്; കണ്ണ്, ചെവി, കൈകാലുകള്‍, ആവേഗം, തലച്ചോറ്, ശബ്ദം, പ്രകാശം, മസില്‍ പോലുള്ളവ മുഖേന.

ഈ കാരണങ്ങളില്ലാതെയും അല്ലാഹു ചില കാര്യങ്ങളെ സൃഷ്ടിക്കും. ഉദാ: പുരുഷബീജമില്ലാതെ മറ്‌യം ബീവി ഗര്‍ഭംധരിച്ചത്, ഈസാനബി മരുന്നില്ലാതെ രോഗം മാറ്റിയത് പോലുള്ളവ. ഇവ പ്രവാചകന്‍മാരിലൂടെ പ്രകടമാകുമ്പോള്‍ അതിന് മുഅ്ജിസത്ത് എന്നു പറയുന്നു. അല്ലാഹു ആദരിച്ച് അവന്‍ ഇഷ്ടപ്പെടുന്ന വിശ്വാസിയിലൂടെ, അവന്റെ ഇച്ഛാനുസരണമല്ലാതെ വെളിപ്പെടുത്തുന്ന അത്ഭുത സംഭവങ്ങളെ കറാമത്ത് എന്നും പറയുന്നു.

 

ടി.പി അബ്ദുല്‍ ഗഫൂര്‍, വെള്ളിയഞ്ചേരി

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *