ഇസ്തിഹാളത് ഉള്ള സ്ത്രീകളുടെ നോമ്പ്, നമസ്‌കാരം, ഖുര്‍ആന്‍ പാരായണം

സ്ത്രീകളില്‍ നിന്നും വരുന്ന രക്തങ്ങള്‍ മൂന്ന് തരത്തിലാണ്.

(1) ഹൈള് അഥവാ ആര്‍ത്തവം

(2) നിഫാസ് അഥവാ പ്രസവരക്തം

(3) ഇസ്തിഹാളത് അഥവാ രോഗാവസ്ഥയിലുള്ള രക്തസ്രാവം.

ഇതില്‍ ഹൈളും നിഫാസും ഉള്ള അവസ്ഥയില്‍ സ്ത്രീകള്‍ നോമ്പ്, നമസ്‌കാരം തുടങ്ങിയ ആരാധനാകര്‍മങ്ങള്‍ നിര്‍വഹിക്കല്‍ നിഷിദ്ധമാണ്. സ്ത്രീകള്‍ ഈ അവസ്ഥയില്‍ നിന്നും ശുദ്ധി കൈവരിച്ചാല്‍ ഒഴിവാക്കിയ നമസ്‌കാരം നമസ്‌കരിച്ചു വീട്ടേണ്ടതില്ല, എന്നാല്‍ ഒഴിവാക്കിയ നോമ്പ് നോറ്റുവീട്ടേണ്ടതാണ്.

ഇപ്പറഞ്ഞതില്‍ നിന്നും തികച്ചും വ്യത്യസ്തമായ വിധിയാണ് ഇസ്തിഹാളതിന്റെ അവസ്ഥയിലുള്ളവര്‍ക്കുള്ളത്. ഈ അവസ്ഥയിലുള്ള സ്ത്രീകള്‍ നോമ്പ്, നമസ്‌കാരം തുടങ്ങിയ നിര്‍ബന്ധ കര്‍മങ്ങള്‍ വീഴ്ച വരുത്താതെ നിര്‍വഹിക്കേണ്ടതാണ്. നമസ്‌കാരം, നോമ്പ്, ക്വുര്‍ആന്‍ പാരായണം, ഭാര്യാഭര്‍തൃ ബന്ധം തുടങ്ങി ശുദ്ധിയുള്ള അവസ്ഥയില്‍ ഒരു സ്ത്രീക്ക് ഇസ്ലാമില്‍ എന്തെല്ലാം അനുവദിക്കപ്പെട്ടിട്ടുണ്ടോ അതെല്ലാം ഇവര്‍ക്ക് അനുവദനീയമാണ്.

ഇസ്തിഹാളത് ഉള്ള ഫാത്വിമ ബിന്‍ത് അബീ ഹുബൈശ് رَضِيَ اللَّهُ عَنْها യോട് നബി ﷺ പറഞ്ഞത്,  അത് ഒരു തരം ഞരമ്പ് രോഗമാണെന്നും ആര്‍ത്തവമെല്ലന്നും ആര്‍ത്തവസമയമായാല്‍ ആര്‍ത്തവകാരികളെ പോലെ നമസ്‌കാരം ഉപേക്ഷിക്കണമെന്നും പിന്നീട് ശുദ്ധിയുടെ സമയം ആയാല്‍ രക്തസ്രാവമുണ്ടെങ്കിലും കുളിച്ചു ശുദ്ധിയായി രക്തം കഴുകിക്കളഞ്ഞ് നമസ്‌കരിക്കണമെന്നുമാണ്.

عَنْ عَائِشَةَ، قَالَتْ جَاءَتْ فَاطِمَةُ ابْنَةُ أَبِي حُبَيْشٍ إِلَى النَّبِيِّ صلى الله عليه وسلم فَقَالَتْ يَا رَسُولَ اللَّهِ إِنِّي امْرَأَةٌ أُسْتَحَاضُ فَلاَ أَطْهُرُ، أَفَأَدَعُ الصَّلاَةَ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ لاَ، إِنَّمَا ذَلِكِ عِرْقٌ، وَلَيْسَ بِحَيْضٍ، فَإِذَا أَقْبَلَتْ حَيْضَتُكِ فَدَعِي الصَّلاَةَ، وَإِذَا أَدْبَرَتْ فَاغْسِلِي عَنْكِ الدَّمَ ثُمَّ صَلِّي ‏”‏‏.‏ قَالَ وَقَالَ أَبِي ‏”‏ ثُمَّ تَوَضَّئِي لِكُلِّ صَلاَةٍ، حَتَّى يَجِيءَ ذَلِكَ الْوَقْتُ ‏”‏‏.‏

ആയിശ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം: അബീഹുബൈശിന്‍റെ മകള്‍ ഫാത്തിമ رَضِيَ اللَّهُ عَنْها ഒരിക്കല്‍ നബി ﷺ യുടെ അടുക്കല്‍ വന്നിട്ട്‌ ചോദിച്ചു. അല്ലാഹുവിന്‍റെ റസൂലേ, നിത്യേന രക്തം പോയിക്കൊണ്ടിരിക്കുന്ന ഒരു സ്ത്രീയാണ്‌ ഞാന്‍ . ശുചിത്വം പാലിക്കുവാന്‍ എനിക്കു സാധിക്കുന്നില്ല. അതുകൊണ്ട്‌ നമസ്കാരം ഉപേക്ഷിക്കണോ? നബി ﷺ പറഞ്ഞു: വേണ്ട. അത്‌ ആര്‍ത്തവമല്ല. ഞരമ്പ്‌ സംബന്ധമായ ഒരു രോഗമാണ്‌. അതുകൊണ്ട്‌ ആര്‍ത്തവദിനങ്ങള്‍ വന്നാല്‍ നമസ്കാരം വിട്ടു കളയുക. ആ ദിവസങ്ങള്‍ പിന്നിട്ടുകഴിഞ്ഞാല്‍ രക്തം കഴുകി ശുചീകരിച്ചു നമസ്കരിക്കുക. അങ്ങനെ അടുത്ത മാസം വീണ്ടും ആര്‍ത്തവദിനങ്ങള്‍ വരുന്നതുവരെ ഒരോ നമസ്കാരത്തിനും പ്രത്യേകം പ്രത്യേകം വുളു ചെയ്യുക. (ബുഖാരി:228)

എല്ലാ ദിവസവും അഥവാ മാസം മുഴുവനും രക്തസ്രാവമുള്ള സ്ത്രീകള്‍ ആര്‍ത്തവത്തിന്റെ സമയം അറിയുന്നവരാണെങ്കില്‍ അവര്‍ ആ സമയെത്ത അശുദ്ധിയുടെ കാലമായി കണക്കാക്കി അതുപോലെ പ്രവര്‍ത്തിക്കുകയും, ശുദ്ധിയുടെ സമയമായാല്‍ കുളിച്ചു ശുദ്ധിയായി നമസ്‌കാരം തുടങ്ങേണ്ടതുമാണ്.

ആര്‍ത്തവത്തിന്റെ സമയം അറിയാത്തവരാണെങ്കില്‍ അവര്‍ക്ക് രക്തസ്രാവത്തിന്റെ നിറത്തില്‍നിന്നുംകട്ടിയില്‍നിന്നും ഗന്ധത്തില്‍ നിന്നും വേര്‍തിരിച്ച് മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. കാരണം ആര്‍ത്തവ രക്തവും ഇസ്തിഹാളത്തിന്റെ രക്തവും തമ്മില്‍ വ്യത്യാസമുണ്ട്. അതുകൊണ്ട് ശുദ്ധിയുടെയും അശുദ്ധിയുടെയും കാലയളവ് സ്വയം തിരിച്ചറിഞ്ഞ് അതിന്റെ ഇസ്ലാമിക വിധി പാലിക്കേണ്ടതാണ്.

എന്നാല്‍ ഇതൊന്നും തിരിച്ചറിയാന്‍ കഴിയാത്തവരാണ് എങ്കില്‍ നാട്ടിലെ പതിവനുസരിച്ച് സ്ത്രീകള്‍ക്ക് എത്രയാണ് ആര്‍ത്തവത്തിന്റെ സമയ കാലാവധി എന്ന് മനസ്സിലാക്കി ഒരു മാസത്തില്‍ അത്രയും ദിവസം അതിന്റെ ദിവസമായി കണക്കാക്കുകയും ശേഷമുള്ള ദിവസങ്ങള്‍ ഇസ്തിഹാളത്തിന്റെ അവസ്ഥയായി പരിഗണിച്ച് അത് പോലെ പ്രവര്‍ത്തിക്കേണ്ടതുമാണ്.

ആർത്തവത്തിന്റെ പരിഗണനീയമായ അവസാനസമയത്ത് കുളിക്കൽ അവൾക്കു നിർബന്ധമാണ്. ഇസ്തിഹാദത്തിന്റെ അവസരത്തിൽ ഗുഹ്യാവയവം കഴുകി രക്തം തടയുന്ന രീതിയിൽ സ്രവിക്കുന്നേടത്ത് പരുത്തിയോ മറ്റോ വെച്ച് രക്തം നിലത്തുവീഴാതെ കെട്ടി ഭദ്രമാക്കുക. ഇന്ന് ഇതിനു പകരമായി ഹെൽത്തി പാഡുകൾ മതിയാകുന്നതാണ്. ശേഷം ഓരോ നമസ്‌കാര സമയമാകുമ്പോഴും വുദൂഅ് ചെയ്യുക.

നബി ﷺ ഒരിക്കൽ പള്ളിയില്‍ ഇഅ്തികാഫ് ഇരുന്നപ്പോൾ, കൂടെ അദ്ദേഹത്തിന്റെ ചില ഭാര്യമാരും ഉണ്ടായിരുന്നു. അവരിലാണെങ്കില്‍ ഇഅ്തികാഫിന്റെ വേളയില്‍ ഇസ്തിഹാളത്തുള്ള ഭാര്യയുമുണ്ടായിരുന്നു. എത്രയാണെന്ന് വെച്ചാല്‍ രക്തസ്രാവത്തിന്റെ കാഠിന്യത്താല്‍ താഴെ തളിക വച്ചാണ് നബിﷺയുടെ കൂടെ അവര്‍ ഇഅ്തികാഫ് നിര്‍വഹിച്ചിരുന്നത്.

عَنْ عَائِشَةَ، قَالَتِ اعْتَكَفَتْ مَعَ رَسُولِ اللَّهِ صلى الله عليه وسلم امْرَأَةٌ مِنْ أَزْوَاجِهِ، فَكَانَتْ تَرَى الدَّمَ وَالصُّفْرَةَ، وَالطَّسْتُ تَحْتَهَا وَهْىَ تُصَلِّي‏.‏

ആയിശ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം: നബി ﷺ യുടെ കൂടെ അവിടുത്തെ ഒരു ഭാര്യ ഇഅ്തികാഫ് ഇരുന്നു. അവര്‍ മഞ്ഞകലര്‍ന്ന നിറമുള്ള രക്തം ദര്‍ശിക്കാറുണ്ട്‌. അവര്‍ നമസ്ക്കരിക്കുമ്പോള്‍ തളിക അവരുടെ ചുവട്ടില്‍ ഉണ്ടായിരിക്കും. (ബുഖാരി:310)

عَنْ عَائِشَةَ، أَنَّ النَّبِيَّ صلى الله عليه وسلم اعْتَكَفَ مَعَهُ بَعْضُ نِسَائِهِ وَهْىَ مُسْتَحَاضَةٌ تَرَى الدَّمَ، فَرُبَّمَا وَضَعَتِ الطَّسْتَ تَحْتَهَا مِنَ الدَّمِ‏.‏ وَزَعَمَ أَنَّ عَائِشَةَ رَأَتْ مَاءَ الْعُصْفُرِ فَقَالَتْ كَأَنَّ هَذَا شَىْءٌ كَانَتْ فُلاَنَةُ تَجِدُهُ‏.‏

ആയിശ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം: നബി ﷺ യോടൊപ്പം സ്വപത്നികളില്‍ ചിലര്‍ ഇഅ്തികാഫ് ഇരുന്നു. അവര്‍ക്ക് ഇസ്തിഹാളത്  (അമിതമായി രക്തം പോകുന്ന രോഗം) ഉണ്ടായിരുന്നു. രക്തം കാരണം ചിലപ്പോള്‍ താഴെ തളിക വെക്കുകയാണ്‌ അവര്‍ ചെയ്തിരുന്നത്‌. മഞ്ഞ നിറമുള്ള ദ്രാവകം ആയിശ رَضِيَ اللَّهُ عَنْها ദര്‍ശിച്ചിരുന്നു. ഇന്നവര്‍ ഈ രീതിയിലുള്ള രക്തമാണ്‌ കണ്ടിരുന്നതെന്ന്‌ അവര്‍ പറയാറുണ്ട്‌. (ബുഖാരി:309)

ഇസ്തിഹാളത്തിന്റെ സമയം ശുദ്ധിയുടെ സമയമാണെന്നും ഈ വേളയില്‍ നമസ്‌കാരം, നോമ്പ്, ക്വുര്‍ആന്‍ പാരായണം, ഭാര്യാഭര്‍തൃബന്ധം എന്നിവയെല്ലാം അനുവദനീയമാണെന്നും ഇതില്‍നിന്നും നമുക്ക് മനസ്സിലാക്കാവുന്നതാണ്.

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *