ഇസ്മാമിൽ വർഷങ്ങളും മാസങ്ങളും കണക്കാക്കുന്നത് ചന്ദ്രനെ അടിസ്ഥാനപ്പെടുത്തിയാണ്.

هُوَ ٱلَّذِى جَعَلَ ٱلشَّمْسَ ضِيَآءً وَٱلْقَمَرَ نُورًا وَقَدَّرَهُۥ مَنَازِلَ لِتَعْلَمُوا۟ عَدَدَ ٱلسِّنِينَ وَٱلْحِسَابَ ۚ مَا خَلَقَ ٱللَّهُ ذَٰلِكَ إِلَّا بِٱلْحَقِّ ۚ يُفَصِّلُ ٱلْـَٔايَٰتِ لِقَوْمٍ يَعْلَمُونَ

സൂര്യനെ ഒരു പ്രകാശമാക്കിയത് അവനാകുന്നു. ചന്ദ്രനെ അവനൊരു ശോഭയാക്കുകയും, അതിന് ഘട്ടങ്ങള്‍ നിര്‍ണയിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ കൊല്ലങ്ങളുടെ എണ്ണവും കണക്കും അറിയുന്നതിന് വേണ്ടി. യഥാര്‍ത്ഥ മുറപ്രകാരമല്ലാതെ അല്ലാഹു അതൊന്നും സൃഷ്ടിച്ചിട്ടില്ല. മനസ്സിലാക്കുന്ന ആളുകള്‍ക്കു വേണ്ടി അല്ലാഹു തെളിവുകള്‍ വിശദീകരിക്കുന്നു. (ഖുർആൻ:10/5)

فبالشمس تعرف الأيام ، وبسير القمر تعرف الشهور والأعوام .

സൂര്യനെ കൊണ്ട് നിങ്ങൾക്ക് ദിവസങ്ങളും ചന്ദ്രന്റെ ചലനത്താൽ മാസങ്ങളും വർഷങ്ങളും അറിയാം. (ഇബ്നു കസീർ)

ചന്ദ്രന്‍റെ വൃദ്ധിക്ഷയങ്ങളുടെ അടിസ്ഥാനത്തില്‍ ചാന്ദ്ര മാസങ്ങളും, വര്‍ഷങ്ങളും കണക്കാക്കുന്നു.

മാസത്തിലൊരിക്കല്‍ ചന്ദ്രക്കല ഉദയംചെയ്യുന്നുണ്ട്. ഇങ്ങനെ പന്ത്രണ്ട് പ്രാവശ്യം ചന്ദ്രക്കല പ്രത്യക്ഷപ്പെടുന്നതിനെ ആസ്പദമാക്കി കൊല്ലത്തില്‍ പന്ത്രണ്ട് മാസങ്ങളുണ്ടാകുന്നു. മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണെന്ന് വിശുദ്ധ ഖുർആൻ വ്യക്തമാക്കിയിട്ടുമുണ്ട്.

إِنَّ عِدَّةَ ٱلشُّهُورِ عِندَ ٱللَّهِ ٱثْنَا عَشَرَ شَهْرًا فِى كِتَٰبِ ٱللَّهِ يَوْمَ خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ مِنْهَآ أَرْبَعَةٌ حُرُمٌ ۚ ذَٰلِكَ ٱلدِّينُ ٱلْقَيِّمُ ۚ فَلَا تَظْلِمُوا۟ فِيهِنَّ أَنفُسَكُمْ ۚ

ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്‍റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം (യുദ്ധം) വിലക്കപ്പെട്ടമാസങ്ങളാകുന്നു. അതാണ് വക്രതയില്ലാത്ത മതം. അതിനാല്‍ ആ (നാല്‌) മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത്‌. ……. (ഖു൪ആന്‍ : 9/36)

هذه الآية تدل على أن الواجب تعليق الأحكام من العبادات وغيرها إنما يكون بالشهور والسنين التي تعرفها العرب ، دون الشهور التي تعتبرها العجم والروم والقبط وإن لم تزد على اثني عشر شهرا ؛

അറബികൾക്ക് പരിചിതമായ മാസങ്ങളിലും വർഷങ്ങളിലും മാത്രം ആരാധനകളുടെയും മറ്റും വിധികൾ തീരുമാനിക്കേണ്ടത് നിർബന്ധമാണെന്ന് ഈ സൂക്തം സൂചിപ്പിക്കുന്നു. അറബികളല്ലാത്തവരും റോമാക്കാരും കോപ്‌റ്റുകളും പരിഗണിക്കുന്ന മാസങ്ങളല്ല (നാം പരിഗണണിക്കേണ്ടത്), അവ പന്ത്രണ്ട് മാസത്തിൽ കവിയുന്നില്ലെങ്കിലും. (ഖുർത്വുബി)

قال الشوكاني  رحمه الله  : وفي هذه الآية بيان ……… وأنه لا اعتبار بما عند العجم والروم والقبط، من الشهور التي يصطلحون عليها ويجعلون بعضها ثلاثين يومًا وبعضها أكثر وبعضها أقل

ഇമാം ശൗകാനി رحمه الله പറഞ്ഞു:  ഇന്നത്തെ കാലത്ത് അറബികളല്ലാത്തവരും റോമാക്കാരും കോപ്‌റ്റുകളും പരിഗണിച്ചു വരുന്ന മാസങ്ങളെ പരിഗണിക്കേണ്ട യാതൊരു ആവശ്യവുമില്ല എന്നതിന് ഈ ആയത്തിൽ വിശദീകരണമുണ്ട്. അവർ അതിൽ ചിലത് മുപ്പതു ദിവസവും ചിലത് അതിൽ കൂടുതലും ചിലത് കുറച്ചും ആക്കുന്നു.

يَسْـَٔلُونَكَ عَنِ ٱلْأَهِلَّةِ ۖ قُلْ هِىَ مَوَٰقِيتُ لِلنَّاسِ وَٱلْحَجِّ

(നബിയേ,) നിന്നോടവര്‍ ചന്ദ്രക്കലകളെപ്പറ്റി ചോദിക്കുന്നു. പറയുക: മനുഷ്യരുടെ ആവശ്യങ്ങള്‍ക്കും ഹജ്ജ് തീര്‍ത്ഥാടനത്തിനും കാല നിര്‍ണയത്തിനുള്ള ഉപാധികളാകുന്നു അവ. (ഖു൪ആന്‍ : 2/189)

قال شيخ الإسلام ابن تيمية – رحمه الله – فأخبر أنها مواقيت للناس؛ وهذا عامٌ في جميع أمورهم، فجعل الله الأهلة مواقيت للناس في الأحكام الثابتة بالشرع؛ ابتداء أو سبباً، من العبادة، وللأحكام التي ثبتت بشروط العبد، فما ثبت من الموقتات بشرع أو شرط فالهلال ميقات لـه، وهذا يدخل فيه الصيام، والحج، ومدة الإيلاء والعدة وصوم الكفارة…، وكذلك صوم النذر وغيره، وكذلك الشروط من الأعمال المتعلقة بالثمن، ودين السلم، والزكاة والجزية والعقل والخيار والأيمان وأجل الصداق ونجوم الكتابة والصلح عن القصاص، وسائر ما يؤجل من دين وعقد وغيرهما

ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു : അവ ആളുകൾക്കുള്ള കാല നിര്‍ണയത്തിനുള്ള ഉപാധികളാകുന്നു എന്നാണ് അല്ലാഹു പറഞ്ഞത്. ഇത് അവരുടെ എല്ലാ കാര്യങ്ങളിലും പൊതുവായുള്ള കാര്യമാണ്, അതിനാൽ അല്ലാഹു ചന്ദ്രപ്പിറവിയെ ആളുകൾക്ക് കാല നിര്‍ണയത്തിനുള്ള ഉപാധികളാക്കി………  ഇതിൽ നോമ്പ്, ഹജ്ജ്, ഈലാഇന്റെ കാലഘട്ടം, ഇദ്ദ, പ്രായശ്ചിത്തത്തിന്റെ നോമ്പ് … അതുപോലെ തന്നെ നേർച്ചകളും മറ്റുള്ളവയും ഉൾപ്പെടുന്നു.

أَنَّ ابْنَ عُمَرَ ـ رضى الله عنهما ـ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ :‏ إِذَا رَأَيْتُمُوهُ فَصُومُوا، وَإِذَا رَأَيْتُمُوهُ فَأَفْطِرُوا، فَإِنْ غُمَّ عَلَيْكُمْ فَاقْدُرُوا لَهُ ‏

ഇബ്നു ഉമർ رضى الله عنهما വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:നിങ്ങൾ മാസപ്പിറവി കണ്ടാൽ നോമ്പെടുക്കുക, അത് കണ്ടാൽ നോമ്പവസാനിപ്പിക്കുക. ഇനി മേഘം മൂടിയാൽ (മാസം മുപ്പത് ) കണക്കാക്കുക. (ബുഖാരി:1900)

ഒരു കലണ്ടറുമില്ലാതെ ഏതൊരു സാധാരണക്കാരനും തീയതിയും മാസവും കൃത്യമായി കണക്കാക്കാൻ പറ്റുന്നതാണ് ചന്ദ്രനെ കൊണ്ടുള്ള കാലനിർണ്ണയം. ഏറെ ശാസ്ത്രീയവുമാണ് ഇത്. ഓരോ ദിവസവും ചന്ദ്രമുഖം വികസിച്ചോ, സങ്കോചിച്ചോ, കൊണ്ടിരിക്കുന്നു. ചന്ദ്രമാസാരംഭത്തില്‍ ഒന്നാമത്തെ ദിവസം കേവലം ഒരു നേരിയ അര്‍ദ്ധവളയം പോലെ അതു വാനത്ത് പ്രത്യക്ഷപ്പെടും. പിന്നീട്‌ ദിനം തോറും വൃദ്ധി പ്രാപിച്ചുകൊണ്ട്‌ പതിനാലാം ദിവസത്തേക്ക്‌ പൂര്‍ണവൃത്താകൃതി പ്രാപിക്കുന്നു. വീണ്ടും പഴയ സ്ഥിതിയിലേക്കുതന്നെ മടങ്ങി അവസാനം ഈന്തപ്പനയുടെ ഉണങ്ങിപ്പഴകിയ കുലത്തണ്ടുപോലെ നേര്‍ത്ത ഒരു വളയമായിത്തീരുന്നു. അല്ലാഹു പറഞ്ഞതുപോലെ:

وَٱلْقَمَرَ قَدَّرْنَٰهُ مَنَازِلَ حَتَّىٰ عَادَ كَٱلْعُرْجُونِ ٱلْقَدِيمِ

ചന്ദ്രന് നാം ചില ഘട്ടങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അങ്ങനെ അത് പഴയ ഈന്തപ്പഴക്കുലയുടെ വളഞ്ഞ തണ്ടുപോലെ ആയിത്തീരുന്നു. (ഖുർആൻ: 36/39)

 അവസാനം ഒന്നോ രണ്ടോ രാത്രി ചന്ദ്രൻ അപ്രത്യക്ഷമാകുകയും ചെയ്യും. ഇങ്ങനെ ചന്ദ്രനെ നിത്യവും കൃത്യവുമായി നിരീക്ഷിക്കുന്ന ഏതൊരാൾക്കും ഇന്ന് എത്രയാണ് തീയതിയെന്ന് മനസ്സിലാക്കാൻ സാധിക്കും.

പന്ത്രണ്ട് മാസങ്ങൾ

1.മുഹറം,

2.സഫർ,

3.റബീ ഉൽ അവ്വൽ,

4. റബീഉൽ ആഖർ,

5.ജമാദുൽ അവ്വൽ,

6.ജമാദുൽ ആഖർ,

7.റജബ്,

8.ശഅബാൻ,

9. റമദാൻ,

10.ശവ്വാൽ,

11. ദുൽഖഅദ് ,

12.ദുൽഹജ്ജ്

ഇസ്ലാമിക കലണ്ടറിന്റെ ഉൽഭവം

ഇസ്മാമിൽ വർഷങ്ങളും മാസങ്ങളും കണക്കാക്കുന്നത് ചന്ദ്രനെ അടിസ്ഥാനപ്പെടുത്തിയാണ്. അത് ഒരു കലണ്ടർ എന്ന നിലക്ക് തുടങ്ങിയത് ഉമർ رَضِيَ اللَّهُ عَنْهُ വിന്റെ കാലത്തായിരുന്നു. അതായത് ഹിജ്റയെ അടിസ്ഥാനമാക്കി ഇസ്ലാമിക കലണ്ടർ ആരംഭിച്ചത് ഉമർ رَضِيَ اللَّهُ عَنْهُ ആയിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് അദ്ദേഹം അമീറായി നിയോഗിച്ചിരുന്ന അബൂ മൂസല്‍ അശ്അരി رَضِيَ اللَّهُ عَنْهُ ഉമര്‍ رَضِيَ اللَّهُ عَنْهُ വിന് എഴുതി: ‘തിയ്യതി രേഖപ്പെടുത്താത്ത ധാരാളം എഴുത്തുകള്‍ ഞങ്ങള്‍ക്ക് വന്നെത്തുന്നു. അവയില്‍ ഏതാണ് ആദ്യത്തെത്, ഏതാണ് പിന്നീട് അയച്ചത് എന്ന് ഞങ്ങള്‍ക്കറിയുവാന്‍ കഴിയുന്നില്ല. ഈ സന്ദര്‍ഭത്തില്‍ ഉമര്‍ رَضِيَ اللَّهُ عَنْهُ ജനങ്ങളെ ഒരുമിച്ചുകൂട്ടി എന്തിനെ മാനദണ്ഡമാക്കിയാണ് കലണ്ടര്‍ തീരുമാനിക്കുക എന്ന് ചര്‍ച്ച ചെയ്തു. നബി ﷺ യുടെ ജന്മദിനത്തെ ആധാരമാക്കാം എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. ഹിജ്‌റയെ മാനദണ്ഡമാക്കാം എന്നു മറ്റു ചിലര്‍ പറഞ്ഞു. അപ്പോള്‍ ഉമര്‍ പറഞ്ഞു. ‘ഹിജ്‌റ സത്യത്തെയും നീതിയെയും വേര്‍തിരിച്ച ചരിത്രപ്രാധാന്യമുള്ള സംഭവമാണത്. അതിനാല്‍ അതനുസരിച്ച് കലണ്ടര്‍ തയ്യാറാക്കാം’ അത് ഹിജ്‌റ പതിനേഴാം വര്‍ഷമായിരുന്നു. സഹാബികള്‍ പ്രസ്തുത അഭിപ്രായത്തില്‍ ഐകകണ്‌ഠ്യേന തീരുമാനമെടുക്കുകയുണ്ടായി.

ഹിജ്‌റ അടിസ്ഥാനമാക്കി കലണ്ടര്‍ നിശ്ചയിക്കാമെന്ന് തീരുമാനിച്ചപ്പോള്‍ ഏത് മാസം കൊണ്ടാണ് വര്‍ഷമാരംഭിക്കുക എന്ന ചര്‍ച്ച വരുകയുണ്ടായി. അവസാനം  മുഹര്‍റം മുതല്‍ തുടങ്ങാം എന്നവർ തീരുമാനിച്ചു.

നബി ﷺ മദീനയിലേക്ക്‌ ഹിജ്‌റഃ വരുമ്പോള്‍, മദീനയില്‍ നിന്ന്‌ രണ്ട് നാഴിക തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ക്വുബായില്‍ ഇറങ്ങി അല്‍പദിവസം അവിടെ താമസിക്കുകയുണ്ടായി. ആ അവസരത്തില്‍ നിര്‍മിക്കപ്പെട്ടതും, ഇസ്‌ലാമില്‍ ഒന്നാമതായി സ്ഥാപിക്കപ്പെട്ടതുമായ പള്ളിയത്രെ ക്വുബായിലെ പള്ളി. ഈ പള്ളിയെ കുറിച്ച് വിശുദ്ധ ഖുർആൻ പറഞ്ഞു:

لَّمَسْجِدٌ أُسِّسَ عَلَى ٱلتَّقْوَىٰ مِنْ أَوَّلِ يَوْمٍ أَحَقُّ أَن تَقُومَ فِيهِ

ആദ്യ ദിവസം തന്നെ ഭക്തിയിന്‍മേല്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള പള്ളിയാണ് നീ നിന്നു നമസ്കരിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളത്‌. (ഖുർആൻ:9/108)

ഈ സൂക്തം മുഹറം മാസം കൊണ്ടാണ് വര്‍ഷമാരംഭിക്കുക എന്നതിന് തെളിവാണെന്ന് ചിലർ അഭിപ്രായപ്പെട്ടു.

എന്തുകൊണ്ട് സമകാലിക മുസ്‌ലിം സമൂഹം ക്രിസ്താബ്ദം അടിസ്ഥാനമാക്കി കാര്യങ്ങൾ നിശ്ചയിക്കുന്നു എന്നതിനെ നാം സൂക്ഷമമായി വിലയിരുത്തേണ്ടതുണ്ട്. മുസ്‌ലിം നാടുകള്‍ അധിനിവേശത്തിന് വിധേയമായപ്പോള്‍ മുസ്‌ലിങ്ങളെ അവരുടെ സ്വത്വ- നാഗരിക-സാംസ്‌കാരിക ചിഹ്നങ്ങളില്‍ നിന്ന് വേര്‍പെടുത്തുകയെന്നത് അധിനിവേശക്കാരുടെ അജണ്ടയില്‍ പെട്ടതായിരുന്നു. മുസ്‌ലിങ്ങളുടെ കലണ്ടര്‍ വിസ്മരിപ്പിക്കാനും സൗരവര്‍ഷമടിസ്ഥാനമാക്കി കാര്യങ്ങള്‍ തീരുമാനിക്കാനുള്ള ബോധപൂര്‍വമായ പ്രവര്‍ത്തനങ്ങളില്‍ അവര്‍ ഏര്‍പ്പെടുകയുണ്ടായി.

സത്യവിശ്വാസികളെ, ഇസ്മാമിൽ വർഷങ്ങളും മാസങ്ങളും കണക്കാക്കുന്നത് ചന്ദ്രനെ അടിസ്ഥാനപ്പെടുത്തിയാണെന്നത് വിശുദ്ധ ഖുർആൻ വ്യക്തമാക്കിയതാണ്. ഇസ്ലാമിലെ ഇബാദത്തുകളെല്ലാം ചന്ദ്രമാസത്തെയും ചന്ദ്ര വർഷത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് ഏത്  വർഷമാണെന്നും ഏത് മാസമാണെന്നും ഇന്ന് ഏത് തീയതിയാണെന്നും അറിയാത്തവരാണ് ഭൂരിഭാഗം മുസ്ലിംകളും. നാം വഴിതെറ്റി ധാരാളം സഞ്ചരിച്ചു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ ധാരാളം തിരിഞ്ഞ് സഞ്ചരിക്കേണ്ടതുണ്ട്. അല്ലാഹു സഹായിക്കുമാറാകട്ടെ… ആമീൻ.

 

 

kanzululoom.com