الحوالة: نقل الدين من ذمةِ المُحِيلِ إلى ذمةِ المُحَالِ عليه
കടബാധ്യത ഉള്ളവന്റെ ഉത്തരവാദിത്തത്തിൽനിന്ന് ഏതൊരു വ്യക്തിയെയാണോ (കടബാധ്യത) ഏൽപിക്കുന്നത് ആ വ്യക്തിയുടെ ഉത്തരവാദിത്തത്തിലേക്ക് കടബാധ്യത ഏൽപിക്കലാണ് ഹവാല.
ഉപകാരമേകൽ, സമുദായത്തിലെ അംഗങ്ങൾക്കിടയിൽ ഉപകാരങ്ങളുടെ കൈമാറ്റം, പരസ്പരം വിട്ടുവീഴ്ച, ഇടപാടുകൾ എളുപ്പമാക്കൽ തുടങ്ങിയവ ഹവാലയിലുള്ളതു കാരണത്താൽ അതു മതത്തിൽ അനുവദനീയമാകുന്നു.
عن أبي هريرة – رضي الله عنه – أن رسول الله – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – قال: إذا أتْبعِ أحدكم على مليءٍ فليتبع.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: തിരുദൂതർﷺ പറഞ്ഞു: നിങ്ങളുടെ പക്കൽനിന്ന് കടം വാങ്ങിയവൻ ഏതെങ്കിലും ധനികനെ പിന്തുടരാനാണ് നിങ്ങളോട് നിർദ്ദേശിക്കുന്നതെങ്കിൽ നിങ്ങൾ അപ്രകാരം ചെയ്യേണ്ടതാണ്. (ബുഖാരി, മുസ്ലിം)
തനിക്കുള്ള കടത്തെ കഴിവുള്ളവനിലേക്കാണ് ഏൽപിക്കുന്നതെങ്കിൽ അത് ഏൽക്കുകയും ഹവാല സ്വീകരിക്കുകയും ചെയ്യട്ടെ. എന്നാൽ കടക്കാരൻ തനിക്കു കടം തന്നവനെ പാപ്പരായവനിലേക്കാണ് എൽപിക്കുന്നതെങ്കിൽ ഏൽപിച്ചവനിലേക്ക് തന്റെ അവകാശത്തിന് അവനു മടങ്ങാവുന്നതാണ്. കാരണം പാപ്പരത്തം അയാൾ സ്വീകരിക്കാത്ത ന്യൂനതയാണ്. അതിനാൽ അയാൾക്ക് തന്റെ അവകാശം ചോദിച്ചു മടങ്ങാനുള്ള അർഹതയുണ്ട്.
ഹവാല സാധുവാകുവാനുള്ള നിബന്ധനകൾ
ഹവാല സാധുവാകുവാൻ താഴെ വരുന്ന കാര്യങ്ങൾ നിബന്ധനയാക്കപ്പെടും:
1. മുഹീലിന്റെ (ഏൽപിക്കുന്നവന്റെ) തൃപ്തി. കാരണം, കടം വീട്ടുവാനുള്ള ഭാഗങ്ങളുടെ വിഷയത്തിൽ തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യമുള്ളവനാണവൻ. ബലാൽക്കാരമായി ഒരു ഭാഗം തെരഞ്ഞെടുക്കൽ അവന്റെ ബാധ്യതയല്ല.
2. എൽപിക്കുന്നതും ഏൽപിക്കപ്പെടുന്നതുമായ സ്വത്തുകൾ അളവിലും വർഗത്തിലും വിശേഷണത്തിലും ഒത്തതായിരിക്കണം.
3. മുഹാൽ അലയ്ഹിയുടെ (ഏൽപിക്കപ്പെടുന്നവന്റെ) ഉത്തരവാദിത്തത്തിൽ സ്ഥിരപ്പെട്ട കടമായിരിക്കണം എൽപിക്കുന്ന സ്വത്ത്.
ഹവാലയുടെ ആധുനിക രൂപങ്ങൾ
ബാങ്കിംഗ് ഡ്രാഫ്റ്റ്:
ഒരിടത്ത് നൽകുന്ന പണത്തിനു പകരമായി മറ്റൊരിടത്ത് അതിനു പകരമായ സംഖ്യ നൽകുന്നതിനുള്ള മാർഗമാണിത്.
ഇതിന്റെ രൂപം:
ഒരു വ്യക്തി ബാങ്കിൽ പണം നൽകുകയും ഈ പണത്തിന്റെ തുക മറ്റൊരു നാട്ടിൽ ഒരു വ്യക്തിക്ക് നൽകുവാൻ ആവശ്യപ്പെടുകയും ചെയ്യുക. ബാങ്ക് ആവശ്യപ്പെടുന്ന കമ്മീഷനു പകരമായാണത്.
സുഫ്തജ:
ഹവാലയിലേക്ക് ചേർക്കപ്പെടുന്ന ഒരുതരം ഇടപാടാണിത്. ഒരു തുണ്ടു കടലാസിന്, അല്ലെങ്കിൽ ഒരു രേഖക്കാണ് സുഫ്തജ എന്നു പറയപ്പെടുന്നത്. കടം സ്വീകരിക്കുന്നവൻ കടം നൽകുന്നവന്, അല്ലെങ്കിൽ കടം സ്വീകരിക്കുന്നവന്റെ പ്രതിനിധി കടം നൽകുന്നവന്റെ പ്രതിനിധിക്ക് മറ്റൊരു നാട്ടിൽവെച്ച് കടം നൽകിയവന് കടം വീട്ടുവാൻ വേണ്ടി അതിൽ രേഖപ്പെടുത്തി നൽകുന്നു. അല്ലെങ്കിൽ ഒരാൾ മറ്റൊരാൾക്ക് ഒരു നാട്ടിൽവെച്ച് കടം നൽകുന്നു; കടം സ്വീകരിച്ചവനോ അവന്റെ പ്രതിനിധിയോ കടം നൽകിയവന്നോ അവന്റെ പ്രതിനിധിക്കോ മറ്റൊരു നാട്ടിൽ കടം വീട്ടുന്നതിനു വേണ്ടിയാണത്. കടം വാങ്ങിയവൻ എഴുതുന്ന കടലാസിനാണ് സുഫ്തജ എന്നു പറയപ്പെടുന്നത്. അത് അറബീകരിക്കപ്പെട്ട പേർഷ്യൻ പദമാണ്. ചിലർ അത് പാടില്ലാത്ത ഇടപാടാണെന്ന പക്ഷക്കാരാണ്. ശരിയായ നിലപാട് ഇത് അനുവദനീയമെന്നതാണ്. കാരണം, മതപരമായ വിലക്കോ ഇടപാടുകാരിൽ ഒരാൾക്കും യാതൊരു ഉപദ്രവമോ ഇല്ലാതെതന്നെ ഇരു കൂട്ടർക്കും മസ്വ്ലഹത്താണ് ഇതിലുള്ളത്.
ഒരു സംഘം പണ്ഡിതന്മാർ രചിച്ച الفقه الميسر في ضوء الكتاب والسنة എന്ന ഗ്രന്ഥത്തിൽനിന്നുമെടുത്തത്
www.kanzululoom.com