മനുഷ്യരുടെ തലമുടിയുമായി ബന്ധപ്പെട്ട് അതിന്റെ പരിപാലത്തിലും മറ്റും ഇസ്ലാം കൃത്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ സൂചിപ്പിക്കുന്നു.
മുടിയെ ആദരിക്കണം
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : مَنْ كَانَ لَهُ شَعْرٌ فَلْيُكْرِمْهُ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആർക്കെങ്കിലും മുടിയുണ്ടെങ്കിൽ അവൻ അതിനെ ആദരിക്കട്ടെ. (അബൂദാവൂദ്:4163)
عَنْ جَابِرِ بْنِ عَبْدِ اللَّهِ، أَنَّهُ قَالَ أَتَانَا النَّبِيُّ صلى الله عليه وسلم فَرَأَى رَجُلاً ثَائِرَ الرَّأْسِ فَقَالَ : أَمَا يَجِدُ هَذَا مَا يُسَكِّنُ بِهِ شَعْرَهُ
ജാബിർ ബ്നു അബ്ദില്ലാ رَضِيَ اللَّهُ عَنْهُ പറയുന്നു: നബി ﷺ ഞങ്ങളുടെ അടുത്ത് വന്നപ്പോൾ പാറിപ്പറക്കുന്ന തരത്തിലുള്ള മുടിയുള്ള ഒരാളെ കണ്ടു. നബി ﷺ പറഞ്ഞു:ഈ മനുഷ്യന് തന്റെ തലമുടി (ഒതുക്കി) ശാന്തമാക്കാൻ എന്തെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ലേ? (നസാഇ:5236)
വൃത്തിയായി കഴുകി ഭംഗിയോടെ കൊണ്ടുനടക്കട്ടെയെന്നാണ് ആദരിക്കട്ടെ എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം. എന്നാൽ അതിന്റെ പേരിൽ പരിധി വിടരുത്. അതായത് മുടിയുടെ പരിപാലനത്തിന്റെ പേരിൽ സമയവും സമ്പത്തും ചെലവഴിച്ച് നടക്കുന്ന അവസ്ഥയുണ്ടാകരുത്. മുടിയുടെ പേരിൽ അഹങ്കാരത്തിലേക്ക് മാറുന്ന സാഹചര്യവും ഉണ്ടാകരുത്.
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : بَيْنَمَا رَجُلٌ يَمْشِي فِي حُلَّةٍ، تُعْجِبُهُ نَفْسُهُ مُرَجِّلٌ جُمَّتَهُ، إِذْ خَسَفَ اللَّهُ بِهِ، فَهْوَ يَتَجَلَّلُ إِلَى يَوْمِ الْقِيَامَةِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ഒരാൾ തന്റെ മുടി ചീകിയൊതുക്കി പൊങ്ങച്ചത്തോടെ നടന്നു പോകുമ്പോൾ അല്ലാഹു ﷻ അയാളെ ഭൂമിയെകൊണ്ട് ആഴ്ത്തുകയുണ്ടായി, അയാൾ അന്ത്യനാൾ വരെ ഭൂമിയിൽ ആണ്ടുപോയികൊണ്ടേയിരിക്കുന്നു. (ബുഖാരി: 5789)
മുടി ചീകുമ്പോൾ വലതുഭാഗത്ത് നിന്നും തുടങ്ങുക
عَنْ عَائِشَةَ، قَالَتْ كَانَ النَّبِيُّ صلى الله عليه وسلم يُعْجِبُهُ التَّيَمُّنُ فِي تَنَعُّلِهِ وَتَرَجُّلِهِ وَطُهُورِهِ وَفِي شَأْنِهِ كُلِّهِ.
ആയിശ رضي الله عنها യിൽ നിന്നും നിവേദനം: കാലില്‍ ചെരിപ്പ് ധരിക്കുക, മുടി ചീകുക, ശുദ്ധീകരണം വരുത്തുക എന്നുവേണ്ട തന്റെ എല്ലാ കാര്യങ്ങളും വലതുഭാഗം കൊണ്ട് തുടങ്ങുന്നതിനെ നബി ﷺ ഇഷ്ടപ്പെട്ടിരുന്നു. (ബുഖാരി:168)
നബി ﷺ യുടെ മുടി
عَنْ قَتَادَةَ، قَالَ سَأَلْتُ أَنَسَ بْنَ مَالِكٍ ـ رضى الله عنه ـ عَنْ شَعَرِ، رَسُولِ اللَّهِ صلى الله عليه وسلم فَقَالَ كَانَ شَعَرُ رَسُولِ اللَّهِ صلى الله عليه وسلم رَجِلاً، لَيْسَ بِالسَّبِطِ، وَلاَ الْجَعْدِ، بَيْنَ أُذُنَيْهِ وَعَاتِقِهِ.
അനസ് ബ്നു മാലിക് رَضِيَ اللَّهُ عَنْهُ പറയുന്നു: നബി ﷺ യുടെ മുടി അധികം ചുരുണ്ടതോ ഏറെ നീണ്ടുകിടക്കുന്നതോ ആയിരുന്നില്ല. മിതമായ വിധത്തിൽ ചുരുണ്ടതായിരുന്നു. രണ്ടു ചെവിക്കും പിരടിക്കുമിടക്കായി അത് താഴ്‌ന്നുകിടന്നിരുന്നു. (ബുഖാരി: 5905)
പുരുഷൻമാർ മുടി നീട്ടി വളർത്തൽ
ശൈഖ് ഇബ്നു ഉഥൈമീൻ رحمه الله പറയുന്നു: മുടി നീട്ടി വളർത്തൽ സുന്നത്തല്ല. അറബികളുടെ നാട്ടിലെ പതിവ് എന്ന നിലക്ക് മാത്രമാണ് നബിﷺ മുടി വളർത്തിയത്. അതുകൊണ്ടാണ്, മുടിയുടെ കുറച്ചു ഭാഗം വടിച്ചു കളഞ്ഞ കുട്ടിയോട് നബിﷺ പറഞ്ഞത്: “ഒന്നുകിൽ മുഴുവൻ വടിക്കുക; അല്ലെങ്കിൽ മുഴുവൻ ഭാഗവും വളർത്തുക.” വളർത്തേണ്ട ഒന്നായിരുന്നു മുടിയെങ്കിൽ അത് വടിക്കാതെ, നീട്ടി വളർത്താൻ നബിﷺ പറയുമായിരുന്നു. അതിനാൽ മുടി വളർത്തൽ സുന്നത്തല്ലെന്നാണ് നമുക്ക് പറയാനുള്ളത്. വളർത്തലാണ് ഒരു നാട്ടിലെ പതിവെങ്കിൽ വളർത്തുക. അല്ലെങ്കിൽ അവിടത്തെ ജനങ്ങളുടെ പതിവനുസരിച്ച് ചെയ്യുകയുമാണ് വേണ്ടത്. (https://binothaimeen.net/content/6651)
ശൈഖ് ഇബ്നുബാസ് رحمه الله പറയുന്നു: പുരുഷന് മുടി നീട്ടി വളർത്തൽ അനുവദനീയമാണ്. അറബികൾ അവരുടെ മുടി നീട്ടി വളർത്തിയിരുന്നു. ചിലപ്പോൾ നബിﷺയുടെ മുടി ചുമൽ വരെ എത്തിയിരുന്നു. മോശമായ ഉദ്ദേശങ്ങൾക്കോ ഫിത്നകൾക്കോ സ്ത്രീകളെ ആകർഷിക്കാനോ വേണ്ടിയൊന്നും അല്ലെങ്കിൽ അതിൽ തെറ്റൊന്നുമില്ല. മുടി നീട്ടി വളർത്തുന്നവരെ മോശക്കാരനായി കാണുന്ന നാട്ടിലാണെങ്കിൽ നീട്ടിവളർത്തുന്നത് ഒഴിവാക്കണം. സ്ത്രീകളോട് ശൃംഗരിക്കലോ ഫിത്നയോ ഒക്കെയാണ് ഉദ്ദേശമെങ്കിൽ മുടി നീട്ടി വളർത്തൽ തിന്മയാണ്. (https://bit.ly/3reg3Mm)
മുടി കറുപ്പിക്കൽ അനുവദനീയമല്ല
عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ أُتِيَ بِأَبِي قُحَافَةَ يَوْمَ فَتْحِ مَكَّةَ وَرَأْسُهُ وَلِحْيَتُهُ كَالثَّغَامَةِ بَيَاضًا فَقَالَ رَسُولُ اللَّهِ صلى الله عليه وسلم : غَيِّرُوا هَذَا بِشَىْءٍ وَاجْتَنِبُوا السَّوَادَ
ജാബിർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. മക്കാവിജയ ദിവസം അബൂബക്കർ رَضِيَ اللَّهُ عَنْهُ വിന്റെ പിതാവ് അബൂഖുഹാഫയെ കൊണ്ടുവരപ്പെട്ടു. അദ്ദേഹത്തിന്റെ തലയും താടിയും വെളുത്ത നിലയിലായിരുന്നു, അപ്പോൾ നബി ﷺ പറഞ്ഞു. നിങ്ങൾ അതിന് ചായം കൊടുക്കൂ. എന്നാൽ കറുപ്പ്ചായം നിങ്ങൾ വെടിയുക (മുസ്‌ലിം:2120)
عَنِ ابْنِ عَبَّاسٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: يَكُونُ قَوْمٌ يَخْضِبُونَ فِي آخِرِ الزَّمَانِ بِالسَّوَادِ كَحَوَاصِلِ الْحَمَامِ لاَ يَرِيحُونَ رَائِحَةَ الْجَنَّةِ
ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : കാലാവസാനത്തില്‍ ഒരു വിഭാഗം ആളുകള്‍ പ്രാവുകളുടെ മേട പോലെ (മുടിക്കുറ്റി വെളുത്തതും അഗ്രഭാഗം കറുത്തതുമായ രീതിയില്‍) കറുപ്പ് കൊടുക്കുന്നവരായിരിക്കും. അവ൪ സ്വ൪ഗത്തിന്റെ പരിമളംപോലും അനുഭവിക്കുകയില്ല. (അബൂദാവൂദ് :4212 – അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
ഇമാം നവവി رحمه الله പറയുന്നു: പുരുഷന് തന്റെ നര മറക്കാന്‍ മഞ്ഞയോ ചുവപ്പോ നിറം നല്‍കുന്നത് അഭികാമ്യമാണെന്നതാണ് നമ്മുടെ അഭിപ്രായം. കറുപ്പിക്കുന്നത് നിഷിദ്ധമാണെന്നാണ് ശരിയായ അഭിപ്രായം. (ശറഹ് മുസ്‌ലിം)
നരയെ മൈലാഞ്ചിയോ ചുവപ്പ്, മഞ്‍ഞ, ബ്രൌണ്‍ തുടങ്ങിയ നിറങ്ങളാലോ വ൪ണ്ണാങ്കിതമാക്കാം. പക്ഷെ ശുദ്ധീകരണങ്ങളുടെ വെള്ളങ്ങൾ ചേരുന്നതിനെ തടയാത്തത് ആവണം. വെള്ളം ചേരുന്നതിനെ തടയുന്ന രീതിയിലുള്ളതുകൊണ്ടാണത് ചെയ്തതെങ്കിൽ ശുചീകരണവേളയില്‍ അത് നീക്കം ചെയ്യല്‍ നിര്‍ബന്ധമാണ്.
മുടി വെട്ടുമ്പോൾ
عَنِ ابْنِ عُمَرَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم نَهَى عَنِ الْقَزَعِ.
ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُ വില്‍ നിന്ന് നിവേദനം: അദ്ധേഹം പറഞ്ഞു: നബി ﷺ ‘ക്വസഅ് ‘ വിരോധിച്ചിരിക്കുന്നു. (ബുഖാരി:5921)
തലയുടെ അൽപ ഭാഗം മുടി എടുക്കുകയും ബാക്കി ഭാഗം എടുക്കാതിരിക്കുകയും ചെയ്യുന്നതിനാണ് ‘ക്വസഅ് ‘ എന്ന് പറയുന്നത്. ചില കളിക്കാരുടെ തല മുടി മുറിച്ചത് പോലെ നമ്മുടെ നാട്ടിലെ കുട്ടികളും , യുവാക്കളും അതിനെ അനുകരിക്കുന്നത് കാണാം. അത് നിഷിദ്ധമാണ്.
ഈ ഹദീഥിനെ വിവരിച്ചുകൊണ്ട് ഇമാം ഇബ്‌നുല്‍ ഖയ്യിം رحمه الله പറയുന്നു: നബി ﷺ നിരോധിച്ച ‘ഭാഗികമായ മുടി വെട്ടല്‍’ എന്നാല്‍ കുട്ടിയുടെ തലയിലെ മുടിയില്‍ നിന്ന് അല്‍പം പൂര്‍ണമായി എടുക്കുകയും അല്‍പം പൂര്‍ണമായി വിട്ടേക്കുകയും ചെയ്യുകയെന്നതാണ്. അതാവട്ടെ. നാലു രൂപത്തിലാണ്:
1. ചില വ്യത്യസ്ത ഭാഗങ്ങളില്‍ നിന്ന് പൂര്‍ണമായി കളയുക,
2. തലയുടെ മധ്യ ഭാഗത്തു നിന്ന് പൂര്‍ണമായി മുടി എടുത്തു കളയുക; ചുറ്റു ഭാഗത്തിലും മുടി വിട്ടേക്കുക.
3. തലയുടെ ചുറ്റിലും പൂര്‍ണമായി വടിച്ചുകളയുകയും മധ്യഭാഗത്ത് മുടി വിട്ടേക്കുകയും ചെയ്യുക. (ഇന്നത്തെ കുട്ടികളില്‍ കാണപ്പെടുന്നത് പോലെ).
4. മുന്‍ഭാഗത്തെ മുടി വെട്ടിക്കളയുകയും പിന്‍ഭാഗത്തേത് പൂര്‍ണമായും നിലനിര്‍ത്തുകയും ചെയ്യുക. (ഈ രീതികളിലെല്ലാം മുടിവെട്ടുന്നതിനെ ഇസ്‌ലാം നിരോധിച്ചിരിക്കുന്നു). (അഹ്കാമല്‍ മൗലൂദ്)
عَنِ ابْنِ عُمَرَ، أَنَّ النَّبِيَّ صلى الله عليه وسلم رَأَى صَبِيًّا قَدْ حُلِقَ بَعْضُ شَعْرِهِ وَتُرِكَ بَعْضُهُ فَنَهَاهُمْ عَنْ ذَلِكَ وَقَالَ : احْلِقُوهُ كُلَّهُ أَوِ اتْرُكُوهُ كُلَّهُ
ഇബ്നുഉമർ رَضِيَ اللَّهُ عَنْهُ വില്‍ നിന്ന് നിവേദനം: ഒരിക്കല്‍ നബി ﷺ തലമുടി അല്പം കളഞ്ഞ് ബാക്കിഭാഗം ഉപേക്ഷിച്ച ഒരു കുട്ടിയെ കണ്ടപ്പോള്‍, മുടി അപ്രകാരം വെട്ടുന്നത് നിരോധിച്ചുകൊണ്ട് പറഞ്ഞു:ഒന്നുകിൽ നീ പൂർണമായും വടിക്കുക, അല്ലെങ്കിൽ നീ പൂർണ്ണമായും വടിക്കാതെ നിലനിർത്തുക. (അബൂദാവൂദ്:4195)
തല മുണ്ഡനം ചെയ്യൽ
عَنِ ابْنِ عُمَرَ، أَنَّ النَّبِيَّ صلى الله عليه وسلم رَأَى صَبِيًّا قَدْ حُلِقَ بَعْضُ شَعْرِهِ وَتُرِكَ بَعْضُهُ فَنَهَاهُمْ عَنْ ذَلِكَ وَقَالَ : احْلِقُوهُ كُلَّهُ أَوِ اتْرُكُوهُ كُلَّهُ
ഇബ്നുഉമർ رَضِيَ اللَّهُ عَنْهُ വില്‍ നിന്ന് നിവേദനം: ഒരിക്കല്‍ തലമുടി അല്പം കളഞ്ഞ് ബാക്കിഭാഗം ഉപേക്ഷിച്ച ഒരു കുട്ടിയെ നബി ﷺ കണ്ടപ്പോള്‍, മുടി അപ്രകാരം വെട്ടുന്നത് നിരോധിച്ചുകൊണ്ട് പറഞ്ഞു: ഒന്നുകിൽ നീ പൂർണമായും വടിക്കുക, അല്ലെങ്കിൽ നീ പൂർണ്ണമായും വടിക്കാതെ നിലനിർത്തുക. (അബൂദാവൂദ്:4195)
തലയിൽ നിന്ന് മുടി പൂർണ്ണമായും വടിക്കുന്നത് അനുവദനീയമാണ് എന്നതിന് ഈ ഹദീസിൽ തെളിവുണ്ട്. സ്ത്രീകൾ അവരുടെ തല മുണ്ഡനം ചെയ്യൽ അനുവദനീയമല്ല.
ഹജ്ജിനോ ഉംറക്കോ വേണ്ടിയല്ലാതെ തല പൂർണമായി മുണ്ഡനം ചെയ്യുന്നതിന്റെ വിധിയെന്താണെന്ന ചോദ്യത്തിന് സൗദ്യഅറേബ്യയിലെ ലജ്നത്തുദ്ദാഇമ നൽകിയ ഫത്വയിൽ ഇപ്രകാരം കാണാം:
أولا: لا يجوز للمرأة حلق رأسها وأما في الحج فتقصر فقط. ثانيا: يجوز للرجل حلق رأسه؛ لأنه لم يرد فيه نهي عن الحلق فيبقى على الأصل وهو الإباحة، وأما في الحج والعمرة فالحلق أو التقصير واجب من واجباتهما.
ഒന്നാമതായി, സ്ത്രീകൾ അവരുടെ തല മുണ്ഡനം ചെയ്യൽ അനുവദനീയമല്ല. ഹജ്ജിന്റെ വേളയിൽ അവർ മുടി മുറിക്കുകയാണ് വേണ്ടത്. രണ്ടാമതായി, പുരുഷന്മാർക്ക് അവരുടെ തല പൂർണമായും മുണ്ഡനം ചെയ്യാവുന്നതാണ്. കാരണം, തല പൂർണമായി മുണ്ഡനം ചെയ്യുന്നത് വിലക്കിയതായി തെളിവൊന്നും വന്നിട്ടില്ല. അപ്പോൾ, അത് അനുവദനീയമാണ് എന്നതാണ് അടിസ്ഥാനം. എന്നാൽ, തല പൂർണമായി മുണ്ഡനം ചെയ്യുകയോ മുടി വെട്ടി ചെറുതാക്കുകയോ ചെയ്യുക എന്നുള്ളത് ഹജ്ജിന്റെയും ഉംറയുടെയും നിർബന്ധമായ കാര്യങ്ങളിൽ പെട്ടതാണ്. (ലജ്നത്തുദ്ദാഇമ)
ഹജ്ജിന്റെയും ഉംറയുടെയും ഇഹ്റാമിൽ നിന്ന് വിരമിക്കുമ്പോൾ തല മുണ്ഡനം ചെയ്യൽ സുന്നത്താണ്.
ﻣُﺤَﻠِّﻘِﻴﻦَ ﺭُءُﻭﺳَﻜُﻢْ ﻭَﻣُﻘَﺼِّﺮِﻳﻦَ
…….തല മുണ്ഡനം ചെയ്തവരും മുടി വെട്ടിയവരും ആയികൊണ്ട് … (ഖു൪ആന്‍: 48/27)
عَنِ ابْنِ عُمَرَ، ـ رضى الله عنهما ـ قَالَ : حَلَقَ رَسُولُ اللَّهِ صلى الله عليه وسلم فِي حَجَّتِهِ.
ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُ പറയുന്നു: നബി ﷺ അവിടുത്തെ ഹജ്ജ് നിർവ്വഹണത്തിൽ തല മുണ്ഡനം ചെയ്യുകയുണ്ടായി. (ബുഖാരി: 1726)
عَنْ نَافِعٍ، أَخْبَرَهُ ابْنُ عُمَرَ، أَنَّ النَّبِيَّ صلى الله عليه وسلم حَلَقَ فِي حَجَّةِ الْوَدَاعِ وَأُنَاسٌ مِنْ أَصْحَابِهِ وَقَصَّرَ بَعْضُهُمْ.
ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُ വില്‍ നിന്ന് നിവേദനം: നബി ﷺ ഹജ്ജത്തുൽ വദാഇൽ തലമുണ്ഡനം ചെയ്തു. ചില സ്വഹാബിമാരും അങ്ങിനെ ചെയ്‌തു. വേറെ ചിലർ മുടി ചെറുതാക്കുകയാണുണ്ടായത്. (ബുഖാരി: 4411)
ഇഹ്റാമിൽ നിന്ന് വിരമിക്കുമ്പോൾ മുടി ചെറുതാക്കുന്നതിനേക്കാൾ മുടി വടിക്കലാണ് ഉത്തമം.
സ്ത്രീകളും മുടിയും
ശൈഖ് അസീസ് ഫർഹാൻ അൽ അനസി حَفِظَهُ اللَّهُ പറയുന്നു: ഒരു പെണ്ണിന്റെ മുടി ഔറത്താണ് എന്ന കാര്യത്തിൽ പണ്ഡിതന്മാർ ഏകാഭിപ്രായക്കാരാണ്. പ്രായപൂർത്തിയായാൽ ഒരു പെണ്ണ് അവളുടെ മുടി (പൂർണ്ണമായും) മറക്കൽ നിർബന്ധമാണ്. പ്രായപൂർത്തിയായ ഓരോ പെൺകുട്ടിയും നിർബന്ധമായും ഇക്കാര്യം മനസ്സിലാക്കുകയും ഈ വിധി അറിയുകയും ഈ വിഷയത്തിൽ അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുകയും ചെയ്യണം. (https://youtu.be/ZiqKUhNzPvc)
സ്ത്രീകളുടെ മുടി മുറിക്കൽ അനുവദനീയമാണോ?
ശൈഖ് സുലൈമാൻ റുഹൈലി حَفِظَهُ اللَّهُ പറയുന്നു: സ്ത്രീകൾക്ക് മുൻഭാഗത്ത് നിന്നും പിൻഭാഗത്ത് നിന്നും മുടി മുറിക്കൽ അനുവദനീയമാണെന്നതാണ് പ്രബലാഭിപ്രായം. ചില പണ്ഢിതന്മാർ പിൻ ഭാഗത്ത് നിന്നെടുക്കൽ അനുവദനീയമല്ല എന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ, ഇരുഭാഗത്ത് നിന്നുമെടുക്കാമെന്നതാണ് പ്രബലാഭിപ്രായം. എന്നാൽ , പുരുഷന്മാരോട് സാദ്യശ്യം തോന്നുന്ന രീതിയിൽ മുടിയെടുക്കൽ സ്ത്രീകൾക്ക് ഹറാമാണ്. (https://youtu.be/PPFJN8bk-_g)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : صِنْفَانِ مِنْ أَهْلِ النَّارِ لَمْ أَرَهُمَا قَوْمٌ مَعَهُمْ سِيَاطٌ كَأَذْنَابِ الْبَقَرِ يَضْرِبُونَ بِهَا النَّاسَ وَنِسَاءٌ كَاسِيَاتٌ عَارِيَاتٌ مُمِيلاَتٌ مَائِلاَتٌ رُءُوسُهُنَّ كَأَسْنِمَةِ الْبُخْتِ الْمَائِلَةِ لاَ يَدْخُلْنَ الْجَنَّةَ وَلاَ يَجِدْنَ رِيحَهَا وَإِنَّ رِيحَهَا لَيُوجَدُ مِنْ مَسِيرَةِ كَذَا وَكَذَا
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘നരകത്തിന്റെ ആൾക്കാരിൽപെട്ട രണ്ടു തരക്കാരെ ഞാൻ കാണുകയുണ്ടായിട്ടില്ല: (അവർ പിന്നീട് വരാനിരിക്കുന്നു.) പശുക്കളുടെ കാലുപോലെയുള്ള (തലപ്പത്ത് ഒരുതരം പൊടുപ്പു വെച്ച) ചമ്മട്ടികൾ കൈവശംവെച്ച് അവകൊണ്ട് ജനങ്ങളെ അടിക്കുന്ന ജനതയാണ് (അക്രമികളായ അധികാരസ്ഥന്മാരാണ് ) ഒന്ന്. വസ്ത്രം ധരിച്ച നഗ്നകളും (നാമമാത്ര വസ്ത്രധാരിണികളും) കുണുങ്ങി നടക്കുന്നവരും, വശീകരിക്കുന്ന വരുമായ സ്ത്രീകളാണ് മറ്റൊന്ന്. ഇവരുടെ തലകൾ തടിച്ച ഒട്ടകത്തിന്റെ (കൊഴുത്തു) മറിഞ്ഞ പൂഞ്ഞകൾ പോലെയായിരിക്കും. ഇവർ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല; അതിന്റെ പരിമളം അവർക്ക് ലഭിക്കുകയുമില്ല. (മുസ്ലിം:2128).
മുടി കൂട്ടിച്ചേർക്കൽ,
عَنِ ابْنِ عُمَرَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم لَعَنَ الْوَاصِلَةَ وَالْمُسْتَوْصِلَةَ وَالْوَاشِمَةَ وَالْمُسْتَوْشِمَةَ .
ഇബ്‌നു ഉമർ رَضِيَ اللَّهُ عَنْهُ വില്‍ നിന്ന് നിവേദനം:മുടി ചേർക്കുന്നവളെയും പച്ച കുത്തുന്നവളേയും അത് ആവശ്യപ്പെടുന്നവളേയും നബി ﷺ ശപിച്ചിരിക്കുന്നു. (മുസ്ലിം: 2124)
عَنْ عَائِشَةَ، أَنَّ امْرَأَةً، مِنَ الأَنْصَارِ زَوَّجَتِ ابْنَتَهَا فَتَمَعَّطَ شَعَرُ رَأْسِهَا، فَجَاءَتْ إِلَى النَّبِيِّ صلى الله عليه وسلم فَذَكَرَتْ ذَلِكَ لَهُ، فَقَالَتْ إِنَّ زَوْجَهَا أَمَرَنِي أَنْ أَصِلَ فِي شَعَرِهَا. فَقَالَ “ لاَ إِنَّهُ قَدْ لُعِنَ الْمُوصِلاَتُ ”.
ആയിശ رضي الله عنها യില്‍ നിന്ന് നിവേദനം: ഒരു അന്‍സാരി സ്ത്രീ തന്റെ പുത്രിയെ ഒരാള്‍ക്ക് വിവാഹം ചെയ്തു കൊടുത്തു. എന്നാല്‍ അവളുടെ തലമുടി കൊഴിഞ്ഞുപോയി. അപ്പോള്‍ അവള്‍ നബി ﷺ യുടെ അടുത്തുവന്ന് വിവരം പറഞ്ഞു. ശേഷം ഇപ്രകാരം പറഞ്ഞു: അവളുടെ ഭര്‍ത്താവ് അവളോട് കൃത്രിമമുടി ചേര്‍ത്തു ബന്ധിപ്പിക്കാന്‍ കല്‍പിക്കുന്നു. നബി ﷺ അരുളി: പാടില്ല. ഇപ്രകാരം ചെയ്യുന്ന സ്ത്രീകള്‍ ശപിക്കപ്പെട്ടിരിക്കുന്നു. (ബുഖാരി:5205)
عَنْ أَسْمَاءَ بِنْتِ أَبِي بَكْرٍ، قَالَتْ جَاءَتِ امْرَأَةٌ إِلَى النَّبِيِّ صلى الله عليه وسلم فَقَالَتْ يَا رَسُولَ اللَّهِ إِنَّ لِي ابْنَةً عُرَيِّسًا أَصَابَتْهَا حَصْبَةٌ فَتَمَرَّقَ شَعْرُهَا أَفَأَصِلُهُ فَقَالَ “ لَعَنَ اللَّهُ الْوَاصِلَةَ وَالْمُسْتَوْصِلَةَ ” .
അസ്മാഅ് ബിൻത് അബൂബക്കർ رضي الله عنها യില്‍ നിന്ന് നിവേദനം: അവർ പറയുന്നു: ഒരു സ്ത്രീ നബിയുടെ അടുക്കൽ വന്നിട്ട് പറഞ്ഞു: അല്ലാഹുവിന്റെ റസൂലെ, എന്റെ മംഗല്യവതിയായ മകൾക്ക് അഞ്ചാം പനി പിടികൂടുകയും മുടി കൊഴിഞ്ഞ് വീഴുകയും ചെയ്തു. ഞാൻ അൽപ്പം മുടി അവളുടെ തലയിൽ കൂട്ടിച്ചേർക്കെട്ടെയോ? നബി ﷺ പറഞ്ഞു: മുടി കൂട്ടിച്ചേർക്കുന്നവളെയും, അത് ആവശ്യപ്പെടുന്നവളെയും, അല്ലാഹു ശപിച്ചിരിക്കുന്നു. (മുസ്ലിം:2122)
നവജാതശിശുവും മുടിയും
ജനിച്ച കുട്ടിയുടെ പിറവ്മുടി നജസാണ് എന്ന് പറയുന്നത് ശരിയാണോ?
ശൈഖ് അബ്ദുല്ല അൽ ഗ്വുദയ്യാൻ رحمه الله പറയുന്നു: ജനിച്ച കുട്ടിയുടെ മുടിയും ശരീരത്തിലെ ബാക്കി ഭാഗങ്ങളും തമ്മിൽ ഒരു വ്യത്യാസവുമില്ല. ആ കുട്ടിയുടെ മുടി ശുദ്ധിയുള്ളതാണ്. അത് നജസല്ല. (https://youtu.be/8Lm4C3qtTzo)
കുഞ്ഞ് ജനിച്ച് ഏഴാം ദിവസം കുഞ്ഞിന്റെ മുടി നീക്കം ചെയ്യേണ്ടതും അതിന്റെ തൂക്കത്തിനനുസരിച്ച് വെള്ളി ദാനം ചെയ്യേണ്ടതുമാണ്.
عَنْ سَمُرَةَ بْنِ جُنْدُبٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : كُلُّ غُلاَمٍ رَهِينَةٌ بِعَقِيقَتِهِ تُذْبَحُ عَنْهُ يَوْمَ سَابِعِهِ وَيُحْلَقُ وَيُسَمَّى
സമുറത്ത ബ്നു ജുൻദുബ് رَضِيَ اللَّهُ عَنْهُ വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘എല്ലാ കുട്ടിയും അവന്റെ അഖീഖയുടെ പണയത്തില്‍ ബന്ധനസ്ഥനാണ്. ഏഴാം നാളിലാണ് അവന് വേണ്ടി അറവ് നടത്തുന്നത്. അന്ന് തന്നെയാണ് മുടി നീക്കേണ്ടതും, പേരിടേണ്ടതും.’ (അബൂദാവൂദ്: 2838)
عَنْ عَلِيِّ بْنِ أَبِي طَالِبٍ، قَالَ عَقَّ رَسُولُ اللَّهِ صلى الله عليه وسلم عَنِ الْحَسَنِ بِشَاةٍ وَقَالَ “ يَا فَاطِمَةُ احْلِقِي رَأْسَهُ وَتَصَدَّقِي بِزِنَةِ شَعْرِهِ فِضَّةً ” . قَالَ فَوَزَنَتْهُ فَكَانَ وَزْنُهُ دِرْهَمًا أَوْ بَعْضَ دِرْهَمٍ
അലി رَضِيَ اللَّهُ عَنْهُ വില്‍ നിന്ന് നിവേദനം:അദ്ദേഹം പറഞ്ഞു: നബി ﷺ ഹസന് വേണ്ടി ഒരു ആടിനെ അഖീഖ അറുത്തു. തുടർന്ന് ഇപ്രകാരം പറഞ്ഞു: ഫാത്തിമാ, അവന്റെ മുടി കളയുക യും മുടിയുടെ തൂക്ക ത്തിനനുസരിച്ച് വെള്ളി ദാനമായി നൽകുകയും ചെയ്യുക. അങ്ങനെ അവരത് തൂക്കി നോക്കിയപ്പോൾ അതിന്റെ തൂക്കം ഒരു ദിർഹമോ , അതിനേക്കാൾ കൂടുതൽ ദിർഹമുകളോ ഉണ്ടായിരുന്നു. (തിർമിദി: 1519 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
പെൺകുട്ടികളുടെ മുടി കളയേണ്ടതുണ്ടോ ?
പെൺകുട്ടിയുടെ മുടി കളയുന്നത് കറാഹത്താണെന്ന് അഭിപ്രായപ്പെട്ട പണ്ഡിതൻമാരുണ്ട് . അതിനെ കുറിച്ച് ഹദീസുകളിൽ പരാമർശമില്ല എന്നതാണ് അവരുടെ ന്യായം. എന്നാൽ മുകളിൽ സൂചിപ്പിച്ച ഹദീസിൽ يحلق (മുണ്ഡനം ചെയ്യപ്പെടണം) എന്ന പൊതുവായ അഭിപ്രായത്തിൽ പെൺകുട്ടിയും ഉൾപ്പെടുമെന്നാണ് പ്രബലാഭിപ്രായം.
.
ശൈഖ് അൽബാനിയുടെ ഒരു ഫത്വ കാണുക:
ചോദ്യം : ജനനത്തിനോട് അനുബന്ധിച്ച് പെൺകുട്ടിയുടെ മുടിയും കളയേണ്ടതുണ്ടോ ?
മറുപടി : അതെ . ആൺകുട്ടിയുടേത് പോലെ അതും കളയേണ്ടതാണ് .
(സിൽസിലത്തു ഹുദാ വന്നൂർ)
മുടി നീക്കം ചെയ്യാൻ വിരോധിക്കപ്പെട്ട സന്ദർഭം
ഉള്ഹിയ്യത് അറുക്കാൻ ഉദ്ദേശിക്കുന്നവർ ദുൽഹിജ്ജയുടെ മാസപ്പിറവി ദർശിക്കുകയോ ദുൽഖഅദ മുപ്പത് പൂർത്തിയാക്കുകയോ ചെയ്താൽ- അഥവാ ദുൽഹിജ്ജ മാസത്തിൽ പ്രവേശിക്കുന്നത് മുതൽ തങ്ങളുടെ ഉള്ഹിയ്യത്ത് അറുക്കുന്നത് തലമുടി മുറിക്കാനോ വടിക്കാനോ പാടുള്ളതല്ല.
عن أُمِّ سَلَمَةَ أَنَّ النبي صلى الله عليه وسلم قال: إذا رَأَيْتُمْ هِلَالَ ذِي الْحِجَّةِ وَأَرَادَ أحدكم أَنْ يُضَحِّيَ فَلْيُمْسِكْ عن شَعْرِه وَأَظْفَارِهِ
ഉമ്മു സൽമ رضي الله عنها യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘നിങ്ങളില്‍ ബലി (ഉളുഹിയ്യത്ത്) അറുക്കാന്‍ ഉദ്ദേശിക്കുന്നവന്‍ ദുൽഹജ്ജ് മാസമായാല്‍ തന്റെ നഖവും മുടിയും നീക്കം ചെയ്യാൻ പാടില്ല’. (മുസ്‌ലിം: 1977)
kanzululoom.com