മുഹമ്മദ് നബി ﷺ യുടെ ദൗത്യത്തിൽ പെട്ടതാണ് സന്തോഷവാർത്ത അറിയിക്കലും താക്കീത് ചെയ്യലും. വിശുദ്ധ ഖുർആൻ ചിലർക്ക് സന്തോഷവാർത്ത അറിയിക്കുന്നുണ്ട്. ആരാണവർ? അവരിൽ ഉൾപ്പെടാനായി പരിശ്രമിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മുഅ്മിനീങ്ങൾ
أَكَانَ لِلنَّاسِ عَجَبًا أَنْ أَوْحَيْنَآ إِلَىٰ رَجُلٍ مِّنْهُمْ أَنْ أَنذِرِ ٱلنَّاسَ وَبَشِّرِ ٱلَّذِينَ ءَامَنُوٓا۟ أَنَّ لَهُمْ قَدَمَ صِدْقٍ عِندَ رَبِّهِمْ ۗ
നങ്ങള്‍ക്ക് താക്കീത് നല്‍കുകയും, സത്യവിശ്വാസികളെ, അവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ സത്യത്തിന്‍റെതായ പദവിയുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുക എന്ന് അവരുടെ കൂട്ടത്തില്‍ നിന്നുതന്നെയുള്ള ഒരാള്‍ക്ക് നാം ദിവ്യസന്ദേശം നല്‍കിയത് ജനങ്ങള്‍ക്ക് ഒരു അത്ഭുതമായിപ്പോയോ? (ഖു൪ആന്‍:10/2)
نِسَآؤُكُمْ حَرْثٌ لَّكُمْ فَأْتُوا۟ حَرْثَكُمْ أَنَّىٰ شِئْتُمْ ۖ وَقَدِّمُوا۟ لِأَنفُسِكُمْ ۚ وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّكُم مُّلَٰقُوهُ ۗ وَبَشِّرِ ٱلْمُؤْمِنِينَ
നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍ നിങ്ങള്‍ ഇച്ഛിക്കും വിധം നിങ്ങള്‍ക്ക് നിങ്ങളുടെ കൃഷിയിടത്തില്‍ ചെല്ലാവുന്നതാണ്. നിങ്ങളുടെ നന്‍മയ്ക്ക് വേണ്ടത് നിങ്ങള്‍ മുന്‍കൂട്ടി ചെയ്തു വെക്കേണ്ടതുമാണ്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവനുമായി നിങ്ങള്‍ കണ്ടുമുട്ടേണ്ടതുണ്ടെന്ന് അറിഞ്ഞിരിക്കുകയും ചെയ്യുക. സത്യവിശ്വാസികള്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുക. (ഖു൪ആന്‍:2/223)
ٱلتَّٰٓئِبُونَ ٱلْعَٰبِدُونَ ٱلْحَٰمِدُونَ ٱلسَّٰٓئِحُونَ ٱلرَّٰكِعُونَ ٱلسَّٰجِدُونَ ٱلْـَٔامِرُونَ بِٱلْمَعْرُوفِ وَٱلنَّاهُونَ عَنِ ٱلْمُنكَرِ وَٱلْحَٰفِظُونَ لِحُدُودِ ٱللَّهِ ۗ وَبَشِّرِ ٱلْمُؤْمِنِينَ
പശ്ചാത്തപിക്കുന്നവര്‍, ആരാധനയില്‍ ഏര്‍പെടുന്നവര്‍, സ്തുതികീര്‍ത്തനം ചെയ്യുന്നവര്‍, (അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍) സഞ്ചരിക്കുന്നവര്‍, കുമ്പിടുകയും സാഷ്ടാംഗം നടത്തുകയും ചെയ്യുന്നവര്‍, സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍നിന്ന് വിലക്കുകയും ചെയ്യുന്നവര്‍, അല്ലാഹുവിന്‍റെ അതിര്‍വരമ്പുകളെ കാത്തുസൂക്ഷിക്കുന്നവര്‍. (ഇങ്ങനെയുള്ള) സത്യവിശ്വാസികള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക. (ഖു൪ആന്‍:9/112)
ഈ എട്ട് ഗുണങ്ങളോടുകൂടിയ സത്യവിശ്വാസികള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കണം (وَبَشِّرِ الْمُؤْمِنِينَ) എന്നും അവസാനമായി നബി ﷺ യോട് കല്‍പിക്കുന്നു. ഇന്ന വിഷയത്തെക്കുറിച്ചുള്ള സന്തോഷവാര്‍ത്ത എന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ലാത്ത സ്ഥിതിക്ക് ഇഹത്തിലും പരത്തിലും നന്മയുടെതായ എല്ലാ സന്തോഷവാര്‍ത്തയും അറിയിക്കപ്പെടുവാന്‍ അര്‍ഹരാണവര്‍ എന്നാണത് സൂചിപ്പിക്കുന്നത്. وَللهُ اَعْلَم (അമാനി തഫ്സീര്‍)
وَأَوْحَيْنَآ إِلَىٰ مُوسَىٰ وَأَخِيهِ أَن تَبَوَّءَا لِقَوْمِكُمَا بِمِصْرَ بُيُوتًا وَٱجْعَلُوا۟ بُيُوتَكُمْ قِبْلَةً وَأَقِيمُوا۟ ٱلصَّلَوٰةَ ۗ وَبَشِّرِ ٱلْمُؤْمِنِينَ
മൂസായ്ക്കും അദ്ദേഹത്തിന്‍റെ സഹോദരന്നും നാം ഇപ്രകാരം സന്ദേശം നല്‍കി: നിങ്ങള്‍ രണ്ടുപേരും നിങ്ങളുടെ ആളുകള്‍ക്ക് വേണ്ടി ഈജിപ്തില്‍ (പ്രത്യേകം) വീടുകള്‍ സൌകര്യപ്പെടുത്തുകയും, നിങ്ങളുടെ വീടുകള്‍ ഖിബ്ലയാക്കുകയും, നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക. സത്യവിശ്വാസികള്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുക. (ഖു൪ആന്‍:10/87)
وَبَشِّرِ ٱلْمُؤْمِنِينَ بِأَنَّ لَهُم مِّنَ ٱللَّهِ فَضْلًا كَبِيرًا
സത്യവിശ്വാസികള്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ന് വലിയ ഔദാര്യം ലഭിക്കാനുണ്ട് എന്ന് നീ അവരെ സന്തോഷവാര്‍ത്ത അറിയിക്കുക. (ഖു൪ആന്‍:33/47)
മഹത്തായ ഔദാര്യത്തെക്കുറിച്ചാണ് സന്തോഷവാർത്ത. അതായത് കണക്ക് നിശ്ചയിക്കാനാകാത്ത മഹത്തായ ഔദാര്യം. ദുനിയാവിലെ സഹായം, ഹൃദയങ്ങൾക്ക് മാർഗദർശനം, പാപമോചനം, ദുരിതങ്ങളിൽനിന്ന് ആശ്വാസം, സമൃദ്ധവും വർധിച്ചതുമായ ഉപജീവനം, അനുഗ്രഹം നൽകൽ, തങ്ങളുടെ രക്ഷിതാവിന്റെ പ്രീതിയും പ്രതിഫലവും നേടിയെടുക്കൽ, അവന്റെ കോപത്തിൽനിന്നും ശിക്ഷയിൽനിന്നും രക്ഷ നേടൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. (തഫ്സീറുസ്സഅ്ദി)
يَوْمَ تَرَى ٱلْمُؤْمِنِينَ وَٱلْمُؤْمِنَٰتِ يَسْعَىٰ نُورُهُم بَيْنَ أَيْدِيهِمْ وَبِأَيْمَٰنِهِم بُشْرَىٰكُمُ ٱلْيَوْمَ جَنَّٰتٌ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَا ۚ ذَٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ
സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും, അവരുടെ പ്രകാശം അവരുടെ മുന്‍ഭാഗങ്ങളിലൂടെയും വലതുഭാഗങ്ങളിലൂടെയും സഞ്ചരിക്കുന്ന നിലയില്‍ നീ കാണുന്ന ദിവസം! (അന്നവരോട് പറയപ്പെടും:) ഇന്നു നിങ്ങള്‍ക്കുള്ള സന്തോഷവാര്‍ത്ത ചില സ്വര്‍ഗത്തോപ്പുകളെ പറ്റിയാകുന്നു. അവയുടെ താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകികൊണ്ടിരിക്കും. നിങ്ങള്‍ അതില്‍ നിത്യവാസികളായിരിക്കും. അത് മഹത്തായ ഭാഗ്യം തന്നെയാണ്. (ഖു൪ആന്‍:57/12)
ഈമാനും സൽകര്‍മ്മവും
إِنَّ هَٰذَا ٱلْقُرْءَانَ يَهْدِى لِلَّتِى هِىَ أَقْوَمُ وَيُبَشِّرُ ٱلْمُؤْمِنِينَ ٱلَّذِينَ يَعْمَلُونَ ٱلصَّٰلِحَٰتِ أَنَّ لَهُمْ أَجْرًا كَبِيرًا
തീര്‍ച്ചയായും ഈ ഖുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു. (ഖു൪ആന്‍:17/9)
وَبَشِّرِ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ أَنَّ لَهُمْ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ ۖ كُلَّمَا رُزِقُوا۟ مِنْهَا مِن ثَمَرَةٍ رِّزْقًا ۙ قَالُوا۟ هَٰذَا ٱلَّذِى رُزِقْنَا مِن قَبْلُ ۖ وَأُتُوا۟ بِهِۦ مُتَشَٰبِهًا ۖ وَلَهُمْ فِيهَآ أَزْوَٰجٌ مُّطَهَّرَةٌ ۖ وَهُمْ فِيهَا خَٰلِدُونَ
(നബിയേ,) വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് താഴ്ഭാഗത്ത്കൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകള്‍ ലഭിക്കുവാനുണ്ടെന്ന് സന്തോഷവാര്‍ത്ത അറിയിക്കുക. അതിലെ ഓരോ വിഭവവും ഭക്ഷിക്കുവാനായി നല്‍കപ്പെടുമ്പോള്‍, ഇതിന് മുമ്പ് ഞങ്ങള്‍ക്ക് നല്‍കപ്പെട്ടത് തന്നെയാണല്ലോ ഇതും എന്നായിരിക്കും അവര്‍ പറയുക. (വാസ്തവത്തില്‍) പരസ്പര സാദൃശ്യമുള്ള നിലയില്‍ അതവര്‍ക്ക് നല്‍കപ്പെടുകയാണുണ്ടായത്.പരിശുദ്ധരായ ഇണകളും അവര്‍ക്കവിടെ ഉണ്ടായിരിക്കും. അവര്‍ അവിടെ നിത്യവാസികളായിരിക്കുകയും ചെയ്യും. (ഖു൪ആന്‍:2/25)
മുഖ്ബിതീങ്ങൾ
അല്ലാഹുവിനോട് അങ്ങേ അറ്റത്തെ താഴ്മയും വിനയവും കാണിക്കുന്നതിനെയാണ് ഇഖ്ബാത് എന്ന് പറയുന്നത്.
وَلِكُلِّ أُمَّةٍ جَعَلْنَا مَنسَكًا لِّيَذْكُرُوا۟ ٱسْمَ ٱللَّهِ عَلَىٰ مَا رَزَقَهُم مِّنۢ بَهِيمَةِ ٱلْأَنْعَٰمِ ۗ فَإِلَٰهُكُمْ إِلَٰهٌ وَٰحِدٌ فَلَهُۥٓ أَسْلِمُوا۟ ۗ وَبَشِّرِ ٱلْمُخْبِتِينَ ﴿٣٤﴾ ٱلَّذِينَ إِذَا ذُكِرَ ٱللَّهُ وَجِلَتْ قُلُوبُهُمْ وَٱلصَّٰبِرِينَ عَلَىٰ مَآ أَصَابَهُمْ وَٱلْمُقِيمِى ٱلصَّلَوٰةِ وَمِمَّا رَزَقْنَٰهُمْ يُنفِقُونَ ﴿٣٥﴾
ഓരോ സമുദായത്തിനും നാം ഓരോ ആരാധനാകര്‍മ്മം നിശ്ചയിച്ചിട്ടുണ്ട്. അവര്‍ക്ക് ഉപജീവനത്തിനായി അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ള കന്നുകാലിമൃഗങ്ങളെ അവന്‍റെ നാമം ഉച്ചരിച്ചു കൊണ്ട് അവര്‍ അറുക്കേണ്ടതിനു വേണ്ടിയത്രെ അത്. നിങ്ങളുടെ ദൈവം ഏകദൈവമാകുന്നു. അതിനാല്‍ അവന്നു മാത്രം നിങ്ങള്‍ കീഴ്പെടുക. (നബിയേ,) മുഖ്ബിതീങ്ങൾക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുക. അല്ലാഹുവെപ്പറ്റി പരാമര്‍ശിക്കപ്പെട്ടാല്‍ ഹൃദയങ്ങള്‍ കിടിലം കൊള്ളുന്നവരും, തങ്ങളെ ബാധിച്ച ആപത്തിനെ ക്ഷമാപൂര്‍വ്വം തരണം ചെയ്യുന്നവരും, നമസ്കാരം മുറപോലെ നിര്‍വഹിക്കുന്നവരും, നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് ചെലവ് ചെയ്യുന്നവരുമത്രെ അവര്‍. (ഖു൪ആന്‍:22/34-35)
മുഖ്ബിതീങ്ങളുടെ നാല് സ്വഭാവ ഗുണങ്ങളും ഈ ആയത്തിൽ നിന്ന് വ്യക്തം.
മുഹ്സിനുകൾ
നന്മയില്‍ വര്‍ത്തിക്കുന്നതിനാണ് ഇഹ്‌സാന്‍ എന്ന് പറയുക. ഇഹ്‌സാന്‍ രണ്ടു തരമുണ്ട്: ഒന്ന്: അല്ലാഹുവിനുള്ള ഇബാദത്തിലെ ഇഹ്‌സാന്‍, പടപ്പുകളോടുള്ള ഇഹ്‌സാന്‍. ഇഹ്‌സാന്‍ എന്ന ഗുണമുള്ളവരാണ് മുഹ്സിനുകൾ.
وَمِن قَبْلِهِۦ كِتَٰبُ مُوسَىٰٓ إِمَامًا وَرَحْمَةً ۚ وَهَٰذَا كِتَٰبٌ مُّصَدِّقٌ لِّسَانًا عَرَبِيًّا لِّيُنذِرَ ٱلَّذِينَ ظَلَمُوا۟ وَبُشْرَىٰ لِلْمُحْسِنِينَ
മാതൃകായോഗ്യമായിക്കൊണ്ടും കാരുണ്യമായിക്കൊണ്ടും ഇതിനു മുമ്പ് മൂസായുടെ ഗ്രന്ഥം വന്നിട്ടുണ്ട്. ഇത് (അതിനെ) സത്യപ്പെടുത്തുന്ന അറബിഭാഷയിലുള്ള ഒരു ഗ്രന്ഥമാകുന്നു. അക്രമം ചെയ്തവര്‍ക്ക് താക്കീത് നല്‍കുവാന്‍ വേണ്ടിയും, സദ്‌വൃത്തര്‍ക്ക് സന്തോഷവാര്‍ത്ത ആയിക്കൊണ്ടും. (ഖു൪ആന്‍:46/12)
{സദ്‌വൃത്തർക്ക് സന്തോഷവാർത്ത ആയിക്കൊണ്ടും} സ്രഷ്ടാവിനെ ആരാധിക്കുന്നതിനും സൃഷ്ടികൾക്ക് ഉപകാരം ചെയ്യുന്നതിനും ഇഹലോകത്തും പരലോകത്തും മഹത്തായ പ്രതിഫലമുണ്ടെന്ന സന്തോഷവാർത്ത. (തഫ്സീറുസ്സഅ്ദി)
وَٱلْبُدْنَ جَعَلْنَٰهَا لَكُم مِّن شَعَٰٓئِرِ ٱللَّهِ لَكُمْ فِيهَا خَيْرٌ ۖ فَٱذْكُرُوا۟ ٱسْمَ ٱللَّهِ عَلَيْهَا صَوَآفَّ ۖ فَإِذَا وَجَبَتْ جُنُوبُهَا فَكُلُوا۟ مِنْهَا وَأَطْعِمُوا۟ ٱلْقَانِعَ وَٱلْمُعْتَرَّ ۚ كَذَٰلِكَ سَخَّرْنَٰهَا لَكُمْ لَعَلَّكُمْ تَشْكُرُونَ ﴿٣٦﴾ لَن يَنَالَ ٱللَّهَ لُحُومُهَا وَلَا دِمَآؤُهَا وَلَٰكِن يَنَالُهُ ٱلتَّقْوَىٰ مِنكُمْ ۚ كَذَٰلِكَ سَخَّرَهَا لَكُمْ لِتُكَبِّرُوا۟ ٱللَّهَ عَلَىٰ مَا هَدَىٰكُمْ ۗ وَبَشِّرِ ٱلْمُحْسِنِينَ ﴿٣٧﴾
ബലി ഒട്ടകങ്ങളെ നാം നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ചിഹ്നങ്ങളില്‍ പെട്ടതാക്കിയിരിക്കുന്നു. നിങ്ങള്‍ക്കവയില്‍ ഗുണമുണ്ട്. അതിനാല്‍ അവയെ വരിവരിയായി നിര്‍ത്തിക്കൊണ്ട് അവയുടെ മേല്‍ നിങ്ങള്‍ അല്ലാഹുവിന്‍റെ നാമം ഉച്ചരി(ച്ചുകൊണ്ട് ബലിയര്‍പ്പി)ക്കുക. അങ്ങനെ അവ പാര്‍ശ്വങ്ങളില്‍ വീണ് കഴിഞ്ഞാല്‍ അവയില്‍ നിന്നെടുത്ത് നിങ്ങള്‍ ഭക്ഷിക്കുകയും, (യാചിക്കാതെ) സംതൃപ്തിയടയുന്നവന്നും, ആവശ്യപ്പെട്ടു വരുന്നവന്നും നിങ്ങള്‍ ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക. നിങ്ങള്‍ നന്ദികാണിക്കുവാന്‍ വേണ്ടി അവയെ നിങ്ങള്‍ക്ക് അപ്രകാരം നാം കീഴ്പെടുത്തിത്തന്നിരിക്കുന്നു. അവയുടെ മാംസമോ രക്തമോ അല്ലാഹുവിങ്കല്‍ എത്തുന്നതേയില്ല. എന്നാല്‍ നിങ്ങളുടെ ധര്‍മ്മനിഷ്ഠയാണ് അവങ്കല്‍ എത്തുന്നത്. അല്ലാഹു നിങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയതിന്‍റെ പേരില്‍ നിങ്ങള്‍ അവന്‍റെ മഹത്വം പ്രകീര്‍ത്തിക്കേണ്ടതിനായി അപ്രകാരം അവന്‍ അവയെ നിങ്ങള്‍ക്ക് കീഴ്പെടുത്തി തന്നിരിക്കുന്നു. (നബിയേ,) സദ്‌വൃത്തര്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുക. (ഖു൪ആന്‍:22/36-37)
മുത്തഖീങ്ങൾ
അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ച് അവനെ അനുസരിച്ച് ജീവിക്കലും അല്ലാഹുവിന്റെ ശിക്ഷയെ ഭയന്ന് അവൻ വിരോധിച്ച കാര്യം വെടിയലുമാണ് തഖ്‌വ. ഈ ഗുണമുള്ളവരാണ് മുത്തഖീങ്ങൾ.
فَإِنَّمَا يَسَّرْنَٰهُ بِلِسَانِكَ لِتُبَشِّرَ بِهِ ٱلْمُتَّقِينَ وَتُنذِرَ بِهِۦ قَوْمًا لُّدًّا
ഇത് (ഖുര്‍ആന്‍) നിന്‍റെ ഭാഷയില്‍ നാം ലളിതമാക്കിതന്നിരിക്കുന്നത് മുത്തഖീങ്ങൾക്ക് ഇത് മുഖേന നീ സന്തോഷവാര്‍ത്ത നല്‍കുവാനും, മര്‍ക്കടമുഷ്ടിക്കാരായ ആളുകള്‍ക്ക് ഇത് മുഖേന നീ താക്കീത് നല്‍കുവാനും വേണ്ടി മാത്രമാകുന്നു. (ഖു൪ആന്‍:19/97)
മുനീബ്
അല്ലാഹുവിനോടുള്ള അടുപ്പം, അവന്റെ മഹത്വത്തിന് മുന്നിൽ കീഴൊതുങ്ങൽ, അവന്റെ പ്രീതിക്കായി തിടുക്കം കൂട്ടൽ, അവനെ അനുസരിക്കാനുള്ള വ്യഗ്രത, ഇതാണ് ഇനാബ: ഈ ഗുണമുള്ളവനാണ് മുനീബ്.
وَٱلَّذِينَ ٱجْتَنَبُوا۟ ٱلطَّٰغُوتَ أَن يَعْبُدُوهَا وَأَنَابُوٓا۟ إِلَى ٱللَّهِ لَهُمُ ٱلْبُشْرَىٰ ۚ فَبَشِّرْ عِبَادِ ﴿١٧﴾ ٱلَّذِينَ يَسْتَمِعُونَ ٱلْقَوْلَ فَيَتَّبِعُونَ أَحْسَنَهُۥٓ ۚ أُو۟لَٰٓئِكَ ٱلَّذِينَ هَدَىٰهُمُ ٱللَّهُ ۖ وَأُو۟لَٰٓئِكَ هُمْ أُو۟لُوا۟ ٱلْأَلْبَٰبِ ﴿١٨﴾
ദുര്‍മൂര്‍ത്തിയെ -അതിനെ ആരാധിക്കുന്നത്- വര്‍ജ്ജിക്കുകയും, അല്ലാഹുവിലേക്ക് വിനയത്തോടെ മടങ്ങുകയും ചെയ്തവരാരോ അവര്‍ക്കാണ് സന്തോഷവാര്‍ത്ത. അതിനാല്‍ എന്‍റെ ദാസന്‍മാര്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുക അതായത് വാക്ക് ശ്രദ്ധിച്ചു കേള്‍ക്കുകയും അതില്‍ ഏറ്റവും നല്ലത് പിന്‍പറ്റുകയും ചെയ്യുന്നവര്‍ക്ക് .അക്കൂട്ടര്‍ക്കാകുന്നു അല്ലാഹു മാര്‍ഗദര്‍ശനം നല്‍കിയിട്ടുള്ളത്. അവര്‍ തന്നെയാകുന്നു ബുദ്ധിമാന്‍മാര്‍. (ഖു൪ആന്‍:39/17-18)
{ത്വാഗൂത്തിനെ-അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നവയെ – ആരാധിക്കുന്നത് വർജിക്കുകയും} ഇവിടെ ത്വാഗൂത്ത് കൊണ്ട് ഉദ്ദേശ്യം അല്ലാഹു അല്ലാത്തവർക്കുള്ള ആരാധനയാണ്. അവയ്ക്കുള്ള ആരാധന നിങ്ങൾ ഉപേക്ഷിക്കണം. അഗാധജ്ഞനും യുക്തിമാനുമായ അല്ലാഹുവിന്റെ അതിസൂക്ഷ്മമായ ഒരു പ്രയോഗമാണിത്. അവയ്ക്കുള്ള ആരാധന ഉപേക്ഷിക്കുന്നവർ മാത്രമെ ഈ പ്രശംസക്ക് അർഹരാകൂ. {അല്ലാഹുവിലേക്ക് വിനയത്തോടെ മടങ്ങുകയും ചെയ്തവർ} അവനെ ആരാധിക്കുകയും കീഴ്‌വണക്കം അവന് മാത്രമാക്കുകയും ചെയ്തുകൊണ്ട്. ബിംബങ്ങളെ ആരാധിക്കുന്നതിൽനിന്നും അവരുടെ താൽപര്യം എല്ലാമറിയുന്ന രാജാധിപതിലേക്ക്, ശിർക്കിൽനിന്നും തെറ്റുകളിൽനിന്നും തൗഹീദിലേക്കും ശരിയിലേക്കും അവർ വന്നു. {അവർക്കാണ് സന്തോഷവാർത്ത} അതിന്റെ മഹത്ത്വവും വിവരണവും അല്ലാഹു പ്രത്യേകം ആദരിക്കുന്നവർക്കല്ലാതെ മറ്റാർക്കും അറിയാൻ കഴിയില്ല. ഇഹലോകത്ത് ലഭിക്കുന്ന സന്തോഷങ്ങളും ഇതിൽ ഉൾപ്പെടുത്താം. നല്ല സ്വപ്‌നങ്ങളും അല്ലാഹുവിൽനിന്നുള്ള പരിഗണനകളും ഇതിൽ ഉൾപ്പെടുത്താം. അല്ലാഹു ഇഹപര ലോകങ്ങളിൽ അവരെ ആദരിക്കാൻ ഉദ്ദേശിക്കുന്നു. മാത്രമല്ല, അവർക്കുള്ള സന്തോഷം പരലോകജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ ലഭിക്കും. മരണസമയത്തും ക്വബ്‌റിലും ഉയിർത്തെഴുന്നേൽപിലുമെല്ലാം. ഈ സന്തോഷങ്ങളുടെ പരിസമാപ്തി ഔദാര്യവാനായ അല്ലാഹു തന്റെ നിത്യമായ തൃപ്തിയും നന്മയും സംരക്ഷണവും സ്വർഗത്തിൽ വെച്ച് അവരെ അറിയിക്കുമ്പോഴാണ്. (തഫ്സീറുസ്സഅ്ദി)
ക്ഷമാശീലര്‍
وَلَنَبْلُوَنَّكُم بِشَىْءٍ مِّنَ ٱلْخَوْفِ وَٱلْجُوعِ وَنَقْصٍ مِّنَ ٱلْأَمْوَٰلِ وَٱلْأَنفُسِ وَٱلثَّمَرَٰتِ ۗ وَبَشِّرِ ٱلصَّٰبِرِينَ ﴿١٥٥﴾ ٱلَّذِينَ إِذَآ أَصَٰبَتْهُم مُّصِيبَةٌ قَالُوٓا۟ إِنَّا لِلَّهِ وَإِنَّآ إِلَيْهِ رَٰجِعُونَ ﴿١٥٦﴾ أُو۟لَٰٓئِكَ عَلَيْهِمْ صَلَوَٰتٌ مِّن رَّبِّهِمْ وَرَحْمَةٌ ۖ وَأُو۟لَٰٓئِكَ هُمُ ٱلْمُهْتَدُونَ ﴿١٥٧﴾
കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ആ സത്യവിശ്വാസികളായ ക്ഷമാശീലര്‍) പറയുന്നത്, ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്. അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്. അവരത്രെ സന്‍മാര്‍ഗം പ്രാപിച്ചവര്‍. (ഖു൪ആന്‍:2/155-157)
കാഫിറുകൾക്കും മുനാഫിഖുകൾക്കുമുള്ള സന്തോഷവാര്‍ത്ത
وَبَشِّرِ ٱلَّذِينَ كَفَرُوا۟ بِعَذَابٍ أَلِيمٍ
(നബിയേ,) സത്യനിഷേധികള്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി നീ സന്തോഷവാര്‍ത്ത അറിയിക്കുക. (ഖു൪ആന്‍:9/3)
بَشِّرِ ٱلْمُنَٰفِقِينَ بِأَنَّ لَهُمْ عَذَابًا أَلِيمًا
കപടവിശ്വാസികള്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട് എന്ന സന്തോഷവാര്‍ത്ത നീ അവരെ അറിയിക്കുക. (ഖു൪ആന്‍:4/138)
www.kanzululoom.com