عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ” مَا بَعَثَ اللَّهُ نَبِيًّا إِلاَّ رَعَى الْغَنَمَ ”. فَقَالَ أَصْحَابُهُ وَأَنْتَ فَقَالَ ” نَعَمْ كُنْتُ أَرْعَاهَا عَلَى قَرَارِيطَ لأَهْلِ مَكَّةَ ”.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘അല്ലാഹു നിയോഗിച്ച ഏതൊരു നബിയും ആടുകളെ മേയ്ക്കാതിരുന്നിട്ടില്ല.’ സ്വഹാബികൾ ചോദിച്ചു: ‘അങ്ങും (ആടിനെ മേയ്ച്ചിട്ടുണ്ടോ?!)’ നബി -ﷺ- പറഞ്ഞു: ‘അതെ, ഞാൻ മക്കയിലുള്ളവർക്ക് ഏതാനും നാണയതുട്ടുകൾ പ്രതിഫലം വാങ്ങി ആടുമേച്ചിട്ടുണ്ട്.’ (ബുഖാരി: 2262)
عَنْ عَبَدَةَ بْنِ حَزْنٍ قَالَ: تَفَاخَرَ أَهْلُ الإِبِلِ وَأَصْحَابُ الشَّاءِ، فَقَالَ النَّبِيُّ صلى الله عليه وسلم: بُعِثَ مُوسَى وَهُوَ رَاعِي غَنَمٍ، وَبُعِثَ دَاوُدُ وَهُوَ رَاعٍ، وَبُعِثْتُ أَنَا وَأَنَا أَرْعَى غَنَمًا لأَهْلِي بِأَجْيَادِ.
അബ്ദതു ബ്നു ഹസൻ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഒരിക്കൽ ഒട്ടകത്തിന്റെയും ആടുകളുടെയും ഉടമകൾ പരസ്പരം പൊങ്ങച്ചം പറഞ്ഞു. അപ്പോൾ നബി ﷺ പറഞ്ഞു: ‘മൂസാ നിയോഗിക്കപ്പെട്ടു; അദ്ദേഹം ആടിനെ മേയ്ച്ചിരുന്നു. ദാവൂദ് നബിയായി അയക്കപ്പെട്ടു; അദ്ദേഹവും ആടിനെ മേയ്ച്ചിരുന്നു. ഞാൻ നിയോഗിക്കപ്പെട്ടു; എന്റെ കുടുംബത്തിന് വേണ്ടി (മക്കയിലുള്ള പർവ്വതമായ) അജ്‌യാദിന്റെ അരികിൽ ഞാനും ആടുകളെ മേയ്ച്ചിട്ടുണ്ട്.’ (അദബുൽ മുഫ്റദ് :577 – സ്വഹീഹ് അൽബാനി)
عَنْ جَابِرِ بْنِ عَبْدِ اللَّهِ رَضِيَ اللَّهُ عَنْهُمَا، قَالَ: كُنَّا مَعَ رَسُولِ اللَّهِ صلى الله عليه وسلم بِمَرِّ الظَّهْرَانِ نَجْنِي الْكَبَاثَ فَقَالَ ” عَلَيْكُمْ بِالأَسْوَدِ مِنْهُ، فَإِنَّهُ أَيْطَبُ ”. فَقَالَ أَكُنْتَ تَرْعَى الْغَنَمَ قَالَ ” نَعَمْ، وَهَلْ مِنْ نَبِيٍّ إِلاَّ رَعَاهَا ”.
ജാബിർ ബ്നു അബ്ദില്ലാഹ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഞങ്ങൾ നബി ﷺ യോടൊപ്പം അറാകിന്റെ കൊള്ളികൾ പറിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ അവിടുന്ന് പറഞ്ഞു: ‘നിങ്ങൾ അവയിൽ കറുത്തത് എടുക്കുക. അതാണ് അതിലേറ്റവും നല്ലത്.’ (അത് കേട്ടപ്പോൾ) ഞങ്ങൾ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ! അങ്ങ് ആടുകളെ മേയ്ക്കാറുണ്ടായിരുന്നോ?’ നബി ﷺ പറഞ്ഞു: ‘അതെ! ആടുകളെ മേയ്ക്കാത്ത വല്ല നബിയുമുണ്ടോ?’ (ബുഖാരി: 5453)
ആടുകളെ മേയ്ക്കുന്നവർക്കാണ് പൊതുവെ നല്ല ചെടികളെ കുറിച്ച് അറിവുയിരിക്കുക എന്നത് കൊണ്ടാണ് സ്വഹാബികൾ നബി ﷺ യോട് ഇപ്രകാരം ചോദിച്ചത്.
ആടു മേയ്ക്കുക എന്ന തൊഴിൽ നബി ﷺ യും മറ്റ് പ്രവാചകൻമാരും നിര്‍വ്വഹിച്ചതിന് പിന്നിൽ മഹത്തരമായ ചില ഉദ്ദേശലക്ഷ്യങ്ങളുണ്ടെന്ന് പണ്ഡിതന്മാർ വിവരിച്ചതായി കാണാം. പ്രധാനപ്പെട്ട ചിലത് താഴെ ചേര്‍ക്കുന്നു:
(1) തങ്ങളുടെ ജനതയെ നയിക്കുന്നതിനുള്ള പരിചയം നേടാൻ ആടുകളെ മേയ്ക്കുന്നത് സഹായകമാണ്. ആടുകളെ മേയ്ക്കുന്നതിന് വേണ്ട ക്ഷമയും അനുകമ്പയും, ചിതറിപ്പോയാൽ അവയെ ഒരുമിച്ചു കൂട്ടാനുള്ള പരിശ്രമവും, ഒരു മേച്ചിൽപുറത്ത് നിന്ന് മറ്റൊരിടത്തേക്ക് അവയെ നയിക്കാൻ വേണ്ട കഴിവും, ആടുകളെ ചെന്നായയും മറ്റും പിടിക്കാതിരിക്കാൻ പുലർത്തേണ്ട ജാഗ്രതയും, ആടുകളുടെ പ്രകൃതത്തിലുള്ള അന്തരങ്ങൾ പരിഗണിക്കലും, അവയെ നിരന്തരം ശ്രദ്ധിച്ചു കൊണ്ടിരിക്കേണ്ടതിന്റെ ആവശ്യകതയും ഒരു ജനതയെ നയിക്കാനുള്ള ഗുണങ്ങൾ വളർത്തിയെടുക്കാൻ ഏറെ സഹായകമാണ്.
(2) മുഹമ്മദ് നബി ﷺ യുടെ വിനയവും താഴ്മയും: അവിടുന്ന് നബിയും റസൂലുമാവുകയും, തന്റെ ജനതയുടെ നേതാവായി തീരുകയും ചെയ്തതിന് ശേഷം തന്റെ നാട്ടുകാരുടെ ആടുകളെ താൻ മുൻപ് മേയ്ച്ചിരുന്നു എന്ന് എടുത്തു പറയുന്നതിൽ എന്തെങ്കിലും കുറവോ ന്യൂനതയോ അവിടുന്ന് കണ്ടില്ല. ഇത് അവിടുത്തെ വിനയത്തിന്റെ അടയാളമാണ്.
(3) മുഹമ്മദ് നബി ﷺ യുടെ ഔന്നത്യം: അബൂ ത്വാലിബിന്റെ സാമ്പത്തിക സ്ഥിതി പരിഗണിക്കുകയും, തന്നെ കൊണ്ടാകുന്ന സഹായം അദ്ദേഹത്തിനും കുടുംബത്തിനും നൽകണമെന്ന് ചിന്തിക്കുകയും, മടിപിടിച്ചിരിക്കുകയോ മറ്റുള്ളവരുടെ ചിലവിൽ കഴിഞ്ഞു കൂടുകയോ ചെയ്യാമെന്ന് തീരുമാനിക്കാതെ ഉണർവ് പ്രകടിപ്പിക്കുകയും ചെയ്തത് അവിടുത്തെ മഹനീയമായ മാതൃകയുടെ അടയാളമാണ്.
(4) സ്വയം അദ്ധ്വാനത്തിലൂടെയുള്ള ജീവിതത്തിൻറ മഹത്വം : പ്രവാചകൻമാരെല്ലാം സ്വന്തം അദ്ധ്വാനത്തിലൂടെ ജീവിതം നയിച്ചവരായിരുന്നു എന്നും സ്വന്തം അദ്ധ്വാനത്തിലൂടെ കഴിക്കുന്ന ഭക്ഷണത്തെക്കാൾ ഉത്തമമായ ഭക്ഷണം ഒരാളും കഴിച്ചിട്ടില്ലെന്നും നബി ﷺ തന്നെ പഠിപ്പിച്ചിട്ടുണ്ട്.
kanzululoom.com