ഗീറത്ത് (അഭിമാനരോഷം)

തനിക്കു പവിത്രമായത് സംരക്ഷിക്കുന്നതിനാലുണ്ടാകുന്ന രോഷം ഏറ്റവും അഭികാമ്യമാണ്. അറബി ഭാഷയില്‍ അതിന് ‘ഗീറത്ത്’ എന്നു പറയും. ഒരു വിശ്വാസി ഹറാമുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ അല്ലാഹുവിന്ന് രോഷമുണ്ടാകുമെന്ന് ഹദീഥുകളില്‍ വന്നിട്ടുണ്ട്:

عَنْ أَبِي سَلَمَةَ، أَنَّهُ سَمِعَ أَبَا هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ قَالَ ‏:‏ إِنَّ اللَّهَ يَغَارُ وَغَيْرَةُ اللَّهِ أَنْ يَأْتِيَ الْمُؤْمِنُ مَا حَرَّمَ اللَّهُ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:നിശ്ചയം അല്ലാഹുവിന് രോഷമുണ്ടാകും. അല്ലാഹു നിഷിദ്ധമാക്കിയവ ഒരു വിശ്വാസി ചെയ്യുകയായാലാണ് അല്ലാഹുവിന് രോഷമുണ്ടാവുക. (ബുഖാരി:5223)

പവിത്രമായത് സംരക്ഷിക്കുന്ന മാര്‍ഗേണ കാരുണ്യത്തിന്റെ തിരുദൂതര്‍ ﷺ രോഷംകൊള്ളാറുണ്ടായിരുന്നു.

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവാണേ, ഞാന്‍ രോഷംകൊള്ളും, തീര്‍ച്ച. അല്ലാഹുവാകട്ടെ എന്നെക്കാള്‍ രോഷമുള്ളവനാകുന്നു. അവന്റെ രോഷത്താല്‍ അവന്‍ നീചവൃത്തികള്‍ വിരോധിച്ചു. (മുസ്‌നദു അഹ്മദ്. അര്‍നാഊത്വ് സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

തന്റെ സ്വന്തക്കാര്‍ ഒരു തെറ്റുചെയ്യുമ്പോള്‍ അവരുടെ വിഷയത്തിലുണ്ടാകുന്ന രോഷം അല്ലാഹു ഇഷ്ടെപ്പടുന്ന സ്വഭാവമാണ്. അല്ലാഹു അനുവദിച്ചത് ചെയ്യുമ്പോള്‍ രോഷം പ്രകടിപ്പിക്കുന്നത് അല്ലാഹുവിന് അനിഷ്ടകരമായ സ്വഭാവവുമാണ്. സ്തുത്യര്‍ഹമായ രോഷത്തിന്റെ വിഷയത്തില്‍ തിരുദൂതര്‍ ﷺ പറഞ്ഞു:

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ :‏ الْمُؤْمِنُ يَغَارُ وَاللَّهُ أَشَدُّ غَيْرًا ‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സത്യവിശ്വാസിക്ക് രോഷമുണ്ടാകും. അല്ലാഹുവാകട്ടെ ഏറ്റവും കഠിനമായ രോഷമുള്ളവനാകുന്നു. (മുസ്‌ലിം:2761)

മറ്റൊരു റിപ്പോര്‍ട്ടില്‍ തിരുമേനി ആവര്‍ത്തിച്ചു പറഞ്ഞത് വിഷയത്തിന്റെ ഗൗരവമാണ് അറിയിക്കുന്നത്:

الـمُؤمِنُ يَغارُ، الـمُؤمنُ يَغارُ، الـمُؤمِنُ يَغارُ، واللهُ أَشَدُّ غَيْرًا.

സത്യവിശ്വാസിക്ക് രോഷമുണ്ടാകും, സത്യവിശ്വാസിക്ക് രോഷമുണ്ടാകും, സത്യവിശ്വാസിക്ക് രോഷമുണ്ടാകും! അല്ലാഹുവാകട്ടെ ഏറ്റവും കഠിനമായ രോഷമുള്ളവനാകുന്നു. (മുസ്‌നദു അഹ്മദ്. അര്‍നാഊത്വ് സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

ദാവൂദ് നബി عليه السلام യുമായി ബന്ധപ്പെട്ട ഒരു ചരിത്രം ഈവിഷയത്തില്‍ ശ്രദ്ധേയമാണ്.

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വില്‍ നിന്ന് നിവേദനം; തിരുദൂതര്‍ ﷺ പറഞ്ഞു: ദാവൂദ് നബിعليه السلامക്ക് കടുത്ത അഭിമാനരോഷമുണ്ടായിരുന്നു. അദ്ദേഹം വീടുവിട്ടിറങ്ങിയാല്‍ വാതിലുകള്‍ പൂട്ടിയിടുമായിരുന്നു. അങ്ങനെ അദ്ദേഹം മടങ്ങുന്നതുവരെ കുടുംബത്തിലേക്ക് ആരും പ്രവേശിക്കുമായിരുന്നില്ല. ഒരുദിനം അദ്ദേഹം വീടുവിട്ടിറങ്ങുകയും വീട് പൂട്ടുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭാര്യ വീട്ടിലേക്ക് വരികയുണ്ടായി. അപ്പോഴതാ വീട്ടിനകത്ത് ഒരു വ്യക്തി നില്‍ക്കുന്നു. വീട്ടിനകത്തുള്ള വ്യക്തിയോട് അവര്‍ ചോദിച്ചു: ‘വീട് പൂട്ടിക്കിടക്കെ ഈ വ്യക്തി എവിടെ നിന്നാണ് വീട്ടില്‍ പ്രവേശിച്ചത്? നീ ദാവൂദിനാല്‍ ആക്ഷേപിക്കപ്പെടുക തന്നെ ചെയ്യും.’ അങ്ങനെ ദാവൂദ് عليه السلام വന്നപ്പോഴും ആ വ്യക്തി വീട്ടിനകത്ത് നിലയുറപ്പിച്ചിരിക്കുകയായിരുന്നു. ദാവൂദ് عليه السلام ആ വ്യക്തിയോട് ചോദിച്ചു: ‘താങ്കള്‍ ആരാണ്?’ അയാള്‍ പറഞ്ഞു: ‘ഞാന്‍ രാജാക്കളെ ഭയക്കാത്തവനാണ്; ഒരാള്‍ക്കും എന്നെ പ്രതിരോധിക്കുവാനാവില്ല.’ ദാവൂദ് عليه السلام പറഞ്ഞു: ‘അല്ലാഹുവാണേ, താങ്കള്‍ മലകുല്‍ മൗതാകുന്നു. അല്ലാഹുവിന്റെ കല്‍പനക്ക് സ്വാഗതം.’ ദാവൂദ് അവിടം വിട്ട് വേഗത്തില്‍ നടന്നു; അവിടെ വെച്ച് അദ്ദേഹത്തിന്റെ ആത്മാവ് പിടികൂടപ്പെട്ടു. അദ്ദേഹത്തിന്റെ മരണാനന്തരം അദ്ദേഹത്തിനു സൂര്യപ്രകാശമേറ്റു. അപ്പോള്‍ പക്ഷികളോട് സുലൈമാന്‍ عليه السلام പറഞ്ഞു: ‘ദാവൂദിന് തണല്‍ വിരിക്കുക.’ ഉടന്‍ അദ്ദേഹത്തിനു പക്ഷികള്‍ തണല്‍വിരിക്കുകയും ദാവൂദിനും സുലൈമാനും ഭൂമി ഇരുട്ടുകയും ചെയ്തു. സുലൈമാൻ عليه السلام പക്ഷികളോട് പറഞ്ഞു: ‘ഓരോ ചിറകുകളായി ചുരുട്ടിപ്പിടിക്കുക… (മുസ്‌നദു അഹ്മദ്. ഇബ്‌നുകഥീര്‍ സനദ് ശക്തമെന്നു പറഞ്ഞു).

തിരുദൂതര്‍ ﷺ രോഷം പ്രകടിപ്പിച്ച സന്ദര്‍ഭങ്ങള്‍ ചരിത്രത്തില്‍ പലതാണ്. എല്ലാം സ്തുത്യര്‍ഹമായ പാഠങ്ങളാണ് നമുക്കു നല്‍കുന്നത്.

عَنْ عَائِشَةَ ـ رضى الله عنها ـ أَنَّ النَّبِيَّ صلى الله عليه وسلم دَخَلَ عَلَيْهَا وَعِنْدَهَا رَجُلٌ، فَكَأَنَّهُ تَغَيَّرَ وَجْهُهُ، كَأَنَّهُ كَرِهَ ذَلِكَ فَقَالَتْ إِنَّهُ أَخِي‏.‏ فَقَالَ ‏ “‏ انْظُرْنَ مَا إِخْوَانُكُنَّ، فَإِنَّمَا الرَّضَاعَةُ مِنَ الْمَجَاعَةِ ‏”‏‏.‏

ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ رَضِيَ اللَّهُ عَنْها പറയുന്നു: ഒരു വ്യക്തി എന്റെ അടുക്കല്‍ ഇരിക്കെ അല്ലാഹുവിന്റെ തിരുദൂതര്‍ എന്റെ അടുക്കലേക്ക് പ്രവേശിച്ചു. രംഗം തിരുമേനിക്ക് ഏറെ പ്രയാസകരമായി. കോപം തിരുമുഖത്ത് ഞാന്‍ കണ്ടു. ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ തിരുദൂതരേ, മുലകുടിബന്ധത്തില്‍ എന്റെ സഹോദരനാണ് ഇത്.’ തിരുമേനി പ്രതികരിച്ചു: ‘മുലകുടി ബന്ധത്താലുള്ള നിങ്ങളുടെ സഹോദരങ്ങള്‍ ആരാണെന്നു നിങ്ങള്‍ നോക്കുക. (ചെറുപ്രായത്തില്‍) വിശപ്പുമാറാനുള്ള മുലകുടിയാണ് പരിഗണനീയമായത്. (ബുഖാരി:5102)

عَنْ أُمِّ سَلَمَةَ، قَالَتْ كُنْتُ عِنْدَ رَسُولِ اللَّهِ صلى الله عليه وسلم وَعِنْدَهُ مَيْمُونَةُ فَأَقْبَلَ ابْنُ أُمِّ مَكْتُومٍ وَذَلِكَ بَعْدَ أَنْ أُمِرْنَا بِالْحِجَابِ فَقَالَ النَّبِيُّ صلى الله عليه وسلم ‏”‏ احْتَجِبَا مِنْهُ ‏”‏ ‏.‏ فَقُلْنَا يَا رَسُولَ اللَّهِ أَلَيْسَ أَعْمَى لاَ يُبْصِرُنَا وَلاَ يَعْرِفُنَا فَقَالَ النَّبِيُّ صلى الله عليه وسلم ‏”‏ أَفَعَمْيَاوَانِ أَنْتُمَا أَلَسْتُمَا تُبْصِرَانِهِ ‏”‏ ‏.

ഉമ്മുസലമ رَضِيَ اللَّهُ عَنْها യില്‍ നിന്ന് നിവേദനം; അവര്‍ പറഞ്ഞു: ”ഞാന്‍ അല്ലാഹുവിന്റെ തിരുദൂതരുടെ അടുക്കല്‍ ഉണ്ടായിരുന്നു. തിരുമേനി ﷺ യുടെ അടുക്കല്‍ മൈമൂന رَضِيَ اللَّهُ عَنْها യുമുണ്ടായിരുന്നു. അപ്പോള്‍ ഇബ്‌നു ഉമ്മിമക്തൂം رَضِيَ اللَّهُ عَنْهُ കടന്നുവന്നു. ഇതു ഞങ്ങള്‍ ഹിജാബുകൊണ്ട് കല്‍പിക്കപ്പെട്ടതിനു ശേഷമായിരുന്നു. ഉടന്‍ തിരുനബി ﷺ പറഞ്ഞു: ‘നിങ്ങള്‍ രണ്ടുപേരും അദ്ദേഹത്തില്‍നിന്നു മറഞ്ഞു നില്‍ക്കുക.’ ഞങ്ങള്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, അദ്ദേഹം അന്ധനല്ലേ? അദ്ദേഹം ഞങ്ങളെ കാണുകയോ അറിയുകയോ ഇല്ലല്ലോ!’ നബി ﷺ പറഞ്ഞു: ‘നിങ്ങള്‍ രണ്ടുപേരും അന്ധരാണോ, നിങ്ങള്‍ അദ്ദേഹത്തെ കാണുകയില്ലേ?” (സുനനുഅബീദാവൂദ്:4112. സുനനുത്തുര്‍മുദി. ഇമാം തുര്‍മുദി ഹസനുന്‍ സ്വഹീഹ് എന്നു വിശേഷിപ്പിച്ചു).

ഉമര്‍ رَضِيَ اللَّهُ عَنْهُ വിന്റെ രോഷം അറിയിക്കുന്ന ഒരു സംഭവം ഇപ്രകാരം നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്:

عَنْ جَابِرٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ “‏ دَخَلْتُ الْجَنَّةَ فَرَأَيْتُ فِيهَا دَارًا أَوْ قَصْرًا فَقُلْتُ لِمَنْ هَذَا فَقَالُوا لِعُمَرَ بْنِ الْخَطَّابِ ‏.‏ فَأَرَدْتُ أَنْ أَدْخُلَ ‏.‏ فَذَكَرْتُ غَيْرَتَكَ ‏”‏ ‏.‏ فَبَكَى عُمَرُ وَقَالَ أَىْ رَسُولَ اللَّهِ أَوَعَلَيْكَ يُغَارُ

ജാബിര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ഞാന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു. അപ്പോള്‍ അതില്‍ ഞാന്‍ ഒരു വീട് -അല്ലെങ്കില്‍ കൊട്ടാരം- കണ്ടു. അപ്പോള്‍ ഞാന്‍ ചോദിച്ചു: ‘ഇത് ആര്‍ക്കാണ്?’ അവര്‍ പറഞ്ഞു: ‘ഇത് ഉമര്‍ ഇബ്‌നുല്‍ഖത്ത്വാബിനാണ്.’ അപ്പോള്‍ അതില്‍ പ്രവേശിക്കുവാന്‍ ഞാന്‍ ഉദ്ദേശിച്ചു. ഉടന്‍ ഞാന്‍ താങ്കളുടെ അഭിമാനരോഷം ഓര്‍ത്തുപോയി. അതില്‍ ഉമര്‍(റ) കരഞ്ഞു. അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്റെ തിരുദൂതരേ, താങ്കള്‍ക്കുനേരെ രോഷം കാണിക്കപ്പെടുമോ?” (മുസ്‌ലിം:2394)

 

അബ്ദുല്‍ ജബ്ബാര്‍ മദീനി

 

www.kanzululoom.com

Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket

Leave a Reply

Your email address will not be published.

SIMILAR POSTS