അല്ലാഹുവിന്റെ അഞ്ച് വാഗ്ദാനങ്ങൾ

وَعْدَ ٱللَّهِ ۖ لَا يُخْلِفُ ٱللَّهُ ٱلْمِيعَادَ

അല്ലാഹുവിന്‍റെ വാഗ്ദാനം. അല്ലാഹു വാഗ്ദാനം ലംഘിക്കുകയില്ല. (ഖു൪ആന്‍:39/20)

عَنْ أَبِي العَالِيَةِ، قَالَ: إِنَّ اللهَ قَضَى عَلَى نَفْسِهِ أَنَّ: مَنْ آمَنَ بِهِ هَدَاهُ، وَتَصْدِيْقُ ذَلِكَ فِي كِتَابِ اللهِ: {وَمَنْ يُؤْمِنْ بِاللَّهِ يَهْدِ قَلْبَهُ} [التَّغَابُنُ:11] . وَمَنْ تَوَكَّلَ عَلَيْهِ كَفَاهُ، وَتَصْدِيْقُ ذَلِكَ فِي كِتَابِ اللهِ: {وَمَنْ يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ} [الطَّلاَقُ: 3] . وَمَنْ أَقْرَضَهُ جَازَاهُ، وَتَصْدِيْقُ ذَلِكَ فِي كِتَابِ اللهِ {مَنْ ذَا الَّذِي يُقْرِضُ اللَّهَ قَرْضًا حَسَنًا فَيُضَاعِفَهُ لَهُ أَضْعَافًا كَثِيرَةً} [البَقَرَةُ: 245] . وَمَنِ اسْتَجَارَ مِنْ عَذَابِهِ أَجَارَهُ، وَتَصْدِيْقُ ذَلِكَ فِي كِتَابِ اللهِ {وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا} [آلُ عِمْرَانَ: 103] ، وَالاعْتِصَامُ: الثِّقَةُ بِاللهِ. وَمَنْ دَعَاهُ أَجَابَهُ، وَتَصْدِيْقُ ذَلِكَ فِي كِتَابِ اللهِ: {وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَان} [البقرة: 186] .

അബുൽ ആലിയ رحمه الله പറഞ്ഞു : അല്ലാഹു സ്വന്തം നിലക്ക് ബാധ്യതയായി പ്രഖ്യാപിച്ചിരിക്കുന്നു. അതെന്തെന്നാൽ: ആര് അല്ലാഹുവിൽ ശരിയായി വിശ്വസിക്കുന്നുവോ അവന് ഹിദായത്ത് ലഭിക്കുന്നതാണ്. അത് അല്ലാഹുവിന്റെ ഗ്രന്ഥം സത്യപ്പെടുത്തുന്നുണ്ട്.

وَمَن يُؤْمِنۢ بِٱللَّهِ يَهْدِ قَلْبَهُ

വല്ലവനും അല്ലാഹുവില്‍ വിശ്വസിക്കുന്ന പക്ഷം അവന്‍റെ ഹൃദയത്തെ അവന്‍ നേര്‍വഴിയിലാക്കുന്നതാണ്‌. (ഖു൪ആന്‍:64/11)

[അല്ലാഹുവില്‍ ശരിക്കും വിശ്വസിക്കുന്നവരുടെ ഹൃദയങ്ങൾക്ക് അവന്‍ സന്മാർഗം കാണിച്ചു കൊടുക്കുകയും, അതിലേക്കു നയിക്കുകയും ചെയ്യും. അല്ലാഹുവിങ്കല്‍ നിന്നു ‘ഹിദായത്ത്’ (സന്മാർഗ്ഗദർശനം) ലഭിക്കുവാനുള്ള ഒന്നാമത്തെ ഉപാധി വിശ്വാസം തന്നെ. വിശ്വാസം എങ്ങനെയുള്ളതായിരിക്കണെന്ന് അല്ലാഹു പറയുന്നു:

ٱلَّذِينَ ءَامَنُوا۟ وَلَمْ يَلْبِسُوٓا۟ إِيمَٰنَهُم بِظُلْمٍ أُو۟لَٰٓئِكَ لَهُمُ ٱلْأَمْنُ وَهُم مُّهْتَدُونَ

വിശ്വസിക്കുകയും, തങ്ങളുടെ വിശ്വാസത്തില്‍ അന്യായം കൂട്ടികലര്‍ത്താതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്‌. അവര്‍ തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവര്‍. (ഖു൪ആന്‍:6/82)

സത്യവിശ്വാസം സ്വീകരിച്ച് തൗഹീദില്‍ നിലയുറക്കുകയും, പിന്നീട് ശിര്‍ക്കുപരമായ വല്ല അക്രമങ്ങളും അതില്‍ കൂട്ടിക്കലര്‍ത്തി അതിനെ കളങ്കപ്പെടുത്താതിരിക്കുകയും ചെയ്യുന്നവര്‍ക്കാണു യഥാര്‍ത്ഥവും ശാശ്വതവുമായ സമാധാനം ലഭിക്കുക. അവരാണു യഥാര്‍ത്ഥ സന്മാര്‍ഗ്ഗികളും. വിശ്വാസത്തിന്റെ സാക്ഷാൽകരണം അല്ലാഹുവിനെയും, റസൂലിനെയും – അവരുടെ വിധിവിലക്കുകളെ – അനുസരിക്കൽ കൊണ്ടുമാകുന്നു. ഇതു രണ്ടും സ്വീകരിക്കാന്‍ ഒരാള്‍ തയ്യാറില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്തം അവനുതന്നെ.]

ആര് അല്ലാഹുവിൽ ഭാരമേൽപ്പിക്കുന്നുവോ അവന് അല്ലാഹു മതിയായവനാണ്. അത് അല്ലാഹുവിന്റെ ഗ്രന്ഥം സത്യപ്പെടുത്തുന്നുണ്ട്.

وَمَن يَتَوَكَّلْ عَلَى ٱللَّهِ فَهُوَ حَسْبُهُ

വല്ലവനും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്ന പക്ഷം അവന്ന് അല്ലാഹു തന്നെ മതിയാകുന്നതാണ്‌. (ഖു൪ആന്‍:65/3)

[അല്ലാഹുവിന്റെ മേല്‍ കാര്യങ്ങളെ ഭരമേല്‍പ്പിക്കുന്നവര്‍ക്കു അല്ലാഹു തന്നെ മതി. ഇതിനുള്ള കാരണവും അതോടൊപ്പം അല്ലാഹു എടുത്തുകാട്ടിയിരിക്കുന്നു. അല്ലാഹു ഉദ്ദേശിച്ച കാര്യം അവന്‍ പ്രാപിക്കും. അതിനു യാതൊരു തടസ്സമോ വിഘ്നമോ നേരിടുകയില്ല. അതില്‍ ആരും അവനെ പരാജയപ്പെടുത്തുവാനുമില്ല. ഓരോരോ കാര്യത്തിനും – അത് ഇന്നിന്ന പ്രകാരം ഇന്നിന്നപോലെ എന്നൊക്കെ – അവന്‍ വ്യവസ്ഥയും നിര്‍ണ്ണയവും നിശ്ചയിച്ചിട്ടുണ്ട്. അതു അതുപോലെത്തന്നെ സംഭവിക്കും. അങ്ങിനെ മാത്രമേ സംഭവിക്കുകയുമുള്ളു. ഇതിലൊന്നും മറ്റാരുടെ കൈകടത്തലിനോ ഉദ്ദേശത്തിനോ യാതൊരു പഴുതുമില്ല. എന്നിരിക്കെ, അവനില്‍ കാര്യങ്ങളര്‍പ്പിക്കുന്ന അവന്റെ അടിയാന്റെ കാര്യങ്ങള്‍ വേണ്ടതിന്‍വണ്ണം ശരിപ്പെടുത്തിക്കൊടുക്കുവാന്‍ അവന്‍ തന്നെ പോരേ?! (اليس الله بكاف عبده) തീര്‍ച്ചയായും മതി!]

ആര് അല്ലാഹുവിന് കടം കൊടുക്കുന്നുവോ  അല്ലാഹു അവന് നല്ല രൂപത്തിൽ തിരിച്ചു നൽകുന്നതാണ്. അത് അല്ലാഹുവിന്റെ ഗ്രന്ഥം സത്യപ്പെടുത്തുന്നുണ്ട്.

مَّن ذَا ٱلَّذِى يُقْرِضُ ٱللَّهَ قَرْضًا حَسَنًا فَيُضَٰعِفَهُۥ لَهُۥٓ أَضْعَافًا كَثِيرَةً ۚ

അല്ലാഹുവിന് ഉത്തമമായ കടം നല്‍കുവാനാരുണ്ട്‌? എങ്കില്‍ അല്ലാഹു അതവന്ന് അനേകം ഇരട്ടികളായി വര്‍ദ്ധിപ്പിച്ച് കൊടുക്കുന്നതാണ്‌. (ഖു൪ആന്‍:2/245)

[പൂര്‍ണ മനസ്സോടും, അല്ലാഹുവിന്‍റെ പ്രതിഫലം മോഹിച്ചും നല്‍കുന്ന ഏത് സംഭാവനയും, ദാന ധര്‍മങ്ങളും അല്ലാഹു സ്വീകരിക്കും. ഒന്നും ഒഴിവാകാതെ എല്ലാം അവന്‍ കണക്കുവെക്കുകയും, അതിനെ വളര്‍ത്തി അഭിവൃദ്ധിപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യും. അവസാനം ധാരാളക്കണക്കില്‍ ഇരട്ടിപ്പിച്ചുകൊണ്ട് ധാരാളക്കണക്കില്‍ പ്രതിഫലം നല്‍കുകയും ചെയ്യും.]

അല്ലാഹുവിന്റെ ശിക്ഷയിൽ നിന്ന് ആരാണോ സത്യസന്ധമായി അഭയം തേടുന്നത് അവന് അല്ലാഹു അഭയം നൽകുന്നതാണ്. അത് അല്ലാഹുവിന്റെ ഗ്രന്ഥം സത്യപ്പെടുത്തുന്നുണ്ട്.

وَٱعْتَصِمُوا۟ بِحَبْلِ ٱللَّهِ جَمِيعًا وَلَا تَفَرَّقُوا۟

നിങ്ങളൊന്നിച്ച് അല്ലാഹുവിന്‍റെ കയറില്‍ മുറുകെപിടിക്കുക. നിങ്ങള്‍ ഭിന്നിച്ച് പോകരുത്‌. (ഖു൪ആന്‍:3/103)

[ഖുര്‍ആനും സുന്നത്തും മുറുകെ പിടിച്ച് അതിൽ നിന്നും തെറ്റിപ്പോകാതെ ജീവിച്ചാൽ അവൻ നരകത്തിൽ നിന്നും രക്ഷപെടും.]

ആര് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നുവോ അവന് അല്ലാഹു ഉത്തരം നൽകുന്നതാണ്. അത് അല്ലാഹുവിന്റെ ഗ്രന്ഥം സത്യപ്പെടുത്തുന്നുണ്ട്.

وَإِذَا سَأَلَكَ عِبَادِى عَنِّى فَإِنِّى قَرِيبٌ ۖ أُجِيبُ دَعْوَةَ ٱلدَّاعِ إِذَا دَعَانِ ۖ

നിന്നോട് എന്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക.) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്‌. (ഖു൪ആന്‍:2/186)

[അല്ലാഹു എപ്പോഴും തന്‍റെ അടിയാന്‍മാരുടെ അടുത്ത് തന്നെ ഉണ്ട്. അവരുടെ പ്രാര്‍ത്ഥനകളെല്ലാം അവന്‍ എപ്പോഴും കേള്‍ക്കുകയും അറിയുകയും ചെയ്യും, അവരുടെ പ്രാര്‍ത്ഥനകളെ അവന്‍ പാഴാക്കി കളയുകയില്ല,  അവര്‍ അല്ലാഹുവിനെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നതിന് ഉത്തരം നല്‍കുവാന്‍ സദാ അവൻ സന്നദ്ധനായിരിക്കും.  അല്ലാഹുവിന്റെ കല്‍പനാ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക വഴി അവന്റെ വിളിക്ക് അവരും ഉത്തരം ചെയ്യേണ്ടതാണെന്നും, അല്ലാഹുവിൽ ശരിക്കും വിശ്വസിച്ചിരിക്കേതാണ്ടതാണെന്നും കൂടി ഇതേ ആയത്തിൽതന്നെ ഉണര്‍ത്തുന്നു:

فَلْيَسْتَجِيبُوا۟ لِى وَلْيُؤْمِنُوا۟ بِى لَعَلَّهُمْ يَرْشُدُونَ

അതുകൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്‌. (ഖു൪ആന്‍:2/186)]

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *