മുസ്‌ലിമല്ലാത്ത ഒരാളുടെ മരണവാർത്ത കേട്ടാൽ എന്താണ് ചൊല്ലേണ്ടത്? ‘ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ’ എന്ന് ചൊല്ലാൻ പറ്റുമോ?
الكافر إذا مات فلا بأس أن نقول: إنا لله وإنا إليه راجعون، والحمد لله، ولو كان من غير أقربائك؛ لأن كل الناس إليه راجعون، وكل الناس ملك لله سبحانه وتعالى، فلا بأس بهذا.
ശൈഖ് ഇബ്നുബാസ് رحمه الله പറയുന്നു: അമുസ്‌ലിമായ ഒരാൾ മരിച്ചാൽ, ‘ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ’ എന്ന് പറയുന്നതിന് പ്രശ്നമൊന്നുമില്ല. മരിച്ചയാൾ അടുത്ത ബന്ധു ഒന്നുമല്ലെങ്കിലും അങ്ങനെ ചൊല്ലാവുന്നതാണ്. കാരണം, എല്ലാ മനുഷ്യരും അല്ലാഹുവിലേക്കാണ് മടങ്ങുന്നത്. എല്ലാവരുടെയും ഉടമസ്ഥൻ അല്ലാഹു തന്നെയാണ്. അതുകൊണ്ട് തന്നെ, അങ്ങനെ ചൊല്ലുന്നതിന് പ്രശ്നമൊന്നുമില്ല. (https://bit.ly/3cUFobJ)
പ്രായപൂർത്തിയാവാത്ത കുട്ടികളെ ഇമാമാക്കി നമസ്കരിക്കാമോ?
ശൈഖ് മുഹമ്മദ് ബിൻ സ്വാലിഹ് അൽ ഉഥൈമീൻ رحمه الله പറയുന്നു: അതെ, പ്രായപൂർത്തിയാവാത്ത വർക്ക് ഇമാം നിൽക്കാമെന്നതാണ് പ്രബലമായ അഭിപ്രായം. ഇമാം ബുഖാരി (റ) ഉദ്ധരിച്ചതു പോലെ, ആറോ ഏഴോ വയസ്സുള്ളപ്പോൾ അംറ് ബ്നു സലമ (റ) അദ്ദേഹത്തിന്റെ നാട്ടുകാർക്ക് ഇമാം നിന്ന് നിസ്കരിച്ചിട്ടുണ്ട്. (ബുഖാരി : 4302) കാരണം, ‘നിങ്ങളിൽ ഏറ്റവും നന്നായി ഖുർആൻ കൈകാര്യം ചെയ്യുന്നവനാണ് ഇമാം'(ബുഖാരി : 4302) നിൽക്കേണ്ടതെന്ന നബിവചനത്തിൽ അദ്ദേഹം ഉൾപ്പെട്ടു. അപ്പോൾ, 10 വയസ്സുള്ള ഒരു കുട്ടിക്ക് നന്നായി ഓതാനും നമസ്കരിക്കാനും അറിയുമെന്ന് കരുതുക, അവന് ജുമുഅക്കും അഞ്ച്നേര ജമാഅത്തുകൾക്കും രാത്രിനമസ്കാരത്തിനും ഇമാം നിൽക്കാവുന്നതാണ്. (https://binothaimeen.net/content/13188)
ഉറക്കെ ഓതേണ്ട നമസ്കാരങ്ങൾ ഒറ്റക്ക് നിർവഹിക്കുന്ന ഒരാൾക്ക്, ആ നമസ്കാരങ്ങളിൽ പതുക്കെ ഓതാമോ?
ശൈഖ് ഇബ്നുബാസ് رحمه الله പറയുന്നു:
الجهر بالقراءة في الصلاة الجهرية كالفجر والأولى والثانية في المغرب والعشاء سنة للإمام والمنفرد، ومن أسر فلا حرج عليه، لكنه قد ترك السنة. وإذا رأى المنفرد أن الإسرار أخشع له فلا بأس؛ لأنه ثبت عنه ﷺ أنه كان في صلاة الليل ربما جهر وربما أسر كما ذكرت ذلك عائشة رضي الله عنها عنه عليه الصلاة والسلام، أما الإمام فالسنة له الجهر دائما اقتداء بالنبي ﷺ، ولما في ذلك من نفع الجماعة لإسماعهم لكلام الله سبحانه سواء كانت الصلاة فرضًا أو نفلًا،
ഫജ്ർ, മഗ്‌രിബ്, ഇശാഅ് എന്നിങ്ങനെ ഉറക്കെ ഓതേണ്ട നമസ്കാരങ്ങളിൽ ഉറക്കെ ഓതുക എന്നത്, ഇമാമിനും ഒറ്റക്ക് നമസ്കരിക്കുന്നവനും
സുന്നത്താണ്. ഇനി, ആരെങ്കിലും ഈ നമസ്കാരങ്ങളിൽ പതുക്കെ ഓതിയാലും പ്രശ്നമില്ല. പക്ഷേ, അവൻ സുന്നത്ത് ഉപേക്ഷിച്ചവനാണ്. ഒറ്റക്ക് നമസ്കരിക്കുന്ന ഒരാൾക്ക്, പതുക്കെ ഓതിയാലാണ് കൂടുതൽ ഭക്തി ലഭിക്കുകയെങ്കിൽ, അങ്ങനെ ചെയ്യാവുന്നതാണ്. കാരണം, രാത്രി നമസ്കാരങ്ങളിൽ നബി ﷺ ചിലപ്പോൾ ഉറക്കെയും ചിലപ്പോൾ പതുക്കെയും ഓതാറുണ്ടെന്ന് ആഇശ(റ) പറഞ്ഞിട്ടുണ്ട്. (അബൂദാവൂദ്: 226) എന്നാൽ ഉറക്കെ ഓതേണ്ട ഫർദ്വ് നമസ്കാരങ്ങളിലും സുന്നത്ത് നമസ്കാരങ്ങളിലും, ഇമാമായി നിൽക്കുന്നയാൾ നബി ﷺ യുടെ സുന്നത്തിനെ പിൻപറ്റിക്കൊണ്ട് ഉറക്കെ ഓതൽ തന്നെയാണ് സുന്നത്ത്. ജമാഅത്തിൽ ഉള്ളവരെ അല്ലാഹുവിന്റെ കലാം കേൾപ്പിക്കുക എന്ന പ്രയോജനവും അതിലുണ്ട്.
ഇക്വാമത്ത് കൊടുത്തതിന് ശേഷം സംസാരിക്കുകയോ, മറ്റൊരു മുറിയിൽ പോയി തിരിച്ച് വരികയോ ഒക്കെ ചെയ്താൽ, വീണ്ടും ഇക്വാമത്ത് കൊടുക്കേണ്ടതുണ്ടോ?
ശൈഖ് അസീസ് ഫർഹാൻ അൽ അനിസി حَفِظَهُ اللَّهُ പറയുന്നു: വേണ്ട. ഇക്വാമത്ത് കൊടുത്തതിന് ശേഷം നബിﷺയോട് ഒരാൾ ഒരുപാട് നേരം സംസാരിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. സുദീർഘമായ ആ സംസാരത്തിന് ശേഷം നബിﷺ നമസ്കരിച്ചു. എന്നാൽ, വീണ്ടും ഇക്വാമത്ത് കൊടുക്കാൻ അവിടുന്ന് കൽപ്പിച്ചില്ല.(ബുഖാരി: 642) അതിനാൽ തന്നെ, നമസ്കാരത്തിനും ഇക്വാമത്തിനും ഇടയിൽ വലിയൊരു ഇടവേള വന്നാലും, നേരത്തെ കൊടുത്ത ഇക്വാമത്ത് ബാത്വിലാവുകയില്ല. (https://youtu.be/_JHKwXMwpWQ)
ക്വുർആനിന്റെ ആയത്തുകളും ബാങ്കിന്റെ ശബ്ദവുമൊക്കെ മൊബൈലിന്റെ റിംഗ് ട്യൂണായി ഉപയോഗിക്കുന്നതിന്റെ വിധിയെന്താണ്?
ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حَفِظَهُ اللَّهُ പറയുന്നു: ആയത്തുകളോ ദിക്റുകളോ ബാങ്കോ റിംഗ് ട്യൂണായി ഉപയോഗിക്കാൻ പാടില്ല. അത് അനുവദനീയമല്ല. രണ്ടാളുകളെ പരസ്പരം സംസാരിക്കാൻ ഉണർത്തുന്ന റിംഗ് ട്യൂണായി അദ്കാറുകളെ ഉപയോഗിക്കൽ, അവയോടുള്ള അനാദരവാണ്. റിംഗ്ട്യൂണിന്റെ ആവശ്യത്തിനായി, അദ്കാറുകളല്ലാത്ത സാധാരണഗതിയിലുള്ള ശബ്ദമോ വൈബ്രേഷനോ ഉപയോഗിക്കുകയാണ് ചെയ്യേണ്ടത്. (https://youtu.be/EWcw_4y15a8)
മൊബൈലിൽ നിന്നോ മറ്റ് ഉപകരണങ്ങളിൽ നിന്നോ റെക്കോർഡ് ചെയ്യപ്പെട്ട ബാങ്ക് കേൾക്കുമ്പോൾ അതിന് മറുപടി കൊടുക്കേണ്ടതുണ്ടോ?
ശൈഖ് അബ്ദുൽ കരീം ബ്ൻ അബ്ദില്ലാഹ് അൽ ഖുള്വെെർ (ഹഫിള്വഹുല്ലാഹ്) പറയുന്നു:
لا، لا يُردَّد خلفه؛ لأن الرسول -عليه الصلاة والسلام- يقول: إذا سمعتم المُؤذِّن» [مسلم: 384]، وهذا تسجيل، ليس بمُؤذِّن.
വേണ്ട. അതിന് മറുപടി കൊടുക്കേണ്ടതില്ല. കാരണം നബിﷺ പറഞ്ഞത്, “മുഅദ്ദിൻ ബാങ്ക് വിളിക്കുന്നത് കേട്ടാൽ നിങ്ങൾ അതിന് മറുപടി കൊടുക്കുക” എന്നാണ്.(മുസ്‌ലിം:384) ഇത് റെക്കോർഡ് ആണ്, മുഅദ്ദിൻ അല്ല. (അപ്പോൾ അതിന് മറുപടി കൊടുക്കേണ്ടതില്ല.) (https://shkhudheir.com/fatwa/26526)
ക്വുർആനിന്റെ ആപ്പ് ഉള്ള മൊബൈൽ ഫോൺ പോക്കറ്റിലിട്ട് ടോയ്‌ലെറ്റിൽ പോകാൻ പാടുണ്ടോ?
ശൈഖ് സുലൈമാൻ റുഹൈലി حَفِظَهُ اللَّهُ പറയുന്നു: മൊബൈലിൽ അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ടാകും. എന്നാൽ,അത് മുസ്ഹഫ് അല്ല. ആ മൊബൈലുമായി ഒരാൾക്ക് ഏത് സ്ഥലത്തേക്കും പോകാം. അതിനുള്ളിലുള്ളത് അടച്ച് വെക്കപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് പ്രശ്നമൊന്നുമില്ല. (https://youtu.be/8AgKSZwxGf4)
ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حَفِظَهُ اللَّهُ പറയുന്നു: ക്വുർആനിന്റെ ആപ്പ് ഉള്ള മൊബൈലുമായി ടോയ്‌ലറ്റിൽ പ്രവേശിക്കുന്നതിന് പ്രശ്നമൊന്നുമില്ല. അത് മുസ്ഹഫ് അല്ല. (https://youtu.be/F15jXfUFTOI)
വുദ്വൂഅ് ചെയ്യുന്നതിനിടയിൽ സംസാരിക്കുന്നതിന്റെ വിധിയെന്താണ്? അത് മക്റൂഹാണോ?
ശൈഖ് മുഹമ്മദ് ബിൻ സ്വാലിഹ് അൽ ഉഥൈമീൻ رحمه الله പറയുന്നു: വുദ്വൂഅ് ചെയ്യുന്നതിനിടയിൽ സംസാരിക്കുന്നത് മക്റൂഹ് (വെറുക്കപ്പെട്ട കാര്യം) ഒന്നുമല്ല. എന്നാൽ, വുദ്വൂഅ് ചെയ്യുന്നതിനിടയിലുള്ള സംസാരം വുദ്വൂഅ് എടുക്കുന്നവനെ അശ്രദ്ധയിലാക്കും എന്നതാണ് സത്യം. കാരണം, അല്ലാഹുവിന്റെ കൽപന അനുസരിച്ച് ചെയ്യുന്ന ഒരു കർമ്മമാണ് ഇത് എന്ന നിയ്യത്താണ് മുഖം കഴുകുമ്പോഴും കൈകൾ കഴുകുമ്പോഴും തല തടവുമ്പോഴും കാൽ കഴുകുമ്പോഴുമൊക്കെ ഒരാൾക്ക് ഉണ്ടാകേണ്ടത്. ആ മനസ്സാന്നിധ്യത്തോട് കൂടിയായിരിക്കണം ഒരാൾ വുദ്വൂഅ് നിർവഹിക്കേണ്ടത്. വുദ്വൂഅ് ചെയ്യുന്നതിനിടയിൽ മറ്റൊരാളുമായി സംസാരിക്കുമ്പോൾ ഈ മനസ്സാന്നിധ്യം നഷ്ടപ്പെടും. മാത്രമല്ല, വുദ്വൂഇന്റെ ഇടയിലുള്ള സംസാരം കൊണ്ട് ചിലപ്പോൾ വുദ്വൂഇന്റെ കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടാവുകയോ വസ്‌വാസ് ഉണ്ടാവുകയോ ഒക്കെ ചെയ്യാം. അതിനാൽ, വുദ്വൂഅ് പൂർത്തിയാകുന്നത് വരെ ഒന്നും സംസാരിക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത്. ഇനിയൊരാൾ വുദ്വൂഇനിടയിൽ സംസാരിക്കുകയാണെങ്കിൽ, അതിന് കുറ്റമൊന്നുമില്ല. (https://binothaimeen.net/content/12484)
കസേരയിൽ ഇരുന്ന് നിസ്കരിക്കുമ്പോൾ സ്വഫ് ശരിയാക്കുന്ന വിധം
سئل فضيلة الشَّيخ محمد بن صالح العثيمين -رحمه الله: الَّذي يصلِّي على الكرسي في المسجد هل يجعل أرجل الكرسي الخلفيَّة بمحاذاة أرجل المصلِّين أم يجعل أرجله الأماميَّة بمحاذاة أرجل المصلِّين؟ فأجاب رحمه الله: يجعل أرجل الكرسي الخلفيَّة بمحاذاة أرجل المصلِّين.
ശൈഖ് മുഹമ്മദ് ബിന്‍ സ്വാലിഹ് അൽ ഉഥൈമീൻ رحمه الله ചോദിക്കപ്പെട്ടു: കസേരയിൽ ഇരുന്ന് നിസ്കരിക്കുന്ന വ്യക്തി തന്റെ കൂടെ നിസ്കരിക്കുന്നവരുടെ കാൽപാദങ്ങൾക്ക് നേരെ തന്റെ കസേരയുടെ പിൻകാലുകളാണോ, മുൻകാലുകളാണോ വെക്കേണ്ടത്? അദ്ദേഹം പറഞ്ഞു: കസേരയുടെ പിൻകാലുകളാണ് കൂടെ നിസ്കരിക്കുന്നവരുടെ കാൽ പാദങ്ങൾക്ക് നേരെ വെക്കേണ്ടത്.
കാൽ നീട്ടിയിരുന്ന് ക്വുർആൻ ഓതുന്നതിന്റെ വിധി
ശൈഖ് അസീസ് ഫർഹാൻ അൽ അനിസി حَفِظَهُ اللَّهُ പറയുന്നു: ക്വുർആൻ പാരായണം ചെയ്യുമ്പോൾ, കാലുകൾ നീട്ടിയിരിക്കുന്നതിന് പ്രശ്നമൊന്നുമില്ല. അത് അനുവദനീയമാണ്. അനിവാര്യമല്ലെങ്കിൽ പോലും, ഒരാൾക്ക് ക്വുർആൻ പാരായണം ചെയ്യുന്നതിനിടയിൽ കാലുകൾ നീട്ടിയിരിക്കാവുന്നതാണ്. (https://youtu.be/Iey7dr_kEjY)
കഅ്ബയുടെ ചിത്രമുളള നിസ്കാരപ്പായകളിൽ നമസ്ക്കരിക്കാമോ
ശൈഖ് ഇബ്നു ബാസ്’ رحمه الله പറയുന്നു : കഅ്ബയുടെ ചിത്രമുളള അത്തരം സുജ്ജാദകളിൽ (നിസ്കാരപ്പായകളിൽ) നിസ്ക്കരിക്കൽ ശരിയല്ല, കാരണം കഅ്ബയുടെ മുകളിൽ നിൽക്കലും അതിന്മേൽ ചവിട്ടലും (അതിനെ) നിന്ദിക്കുന്ന ഇനങ്ങളിൽ പെട്ടതാകുന്നു.
വിരിപ്പുകളിൽ കഅ്ബയുടെ ചിത്രം ഉണ്ടാക്കൽ അനുവദനീയമല്ല. കഅ്ബയുടെ ചിത്രങ്ങൾ ഉള്ള സുജ്ജാദകൾ കണ്ടാൽ അവ വാങ്ങാതിരിക്കലാകുന്നു ഒരുവന് ചേര്‍ന്നത്. കാരണം (നിസ്കാരത്തിൽ) അത് അവന്റെ മുൻപിലാണെങ്കിൽ അവനെ (ശ്രദ്ധ തിരിച്ചുകൊണ്ട്) തടസ്സപ്പെടുത്തലാകും. ഇനി അതവന്റെ കാലുൾക്ക് താഴെയാണെങ്കിൽ അത് (കഅ്ബയെ) നിന്ദിക്കുന്ന ഇനങ്ങളിൽ പെട്ടതാകുന്നു. അതുകൊണ്ട് ഒരു വിശ്വാസിയുടെ സൂക്ഷ്മതയ്ക്ക് യോജിച്ചത് ഇത്തരം സുജ്ജാദകൾ ഉപയോഗിക്കാതിരിക്കുക എന്നതാകുന്നു. (من تفريغ فتوى صوتية للشيخ رحمه الله)
kanzululoom.com