നിർവചനവും തെളിവുകളും

1. ഈലാഇന്റെ (ശപഥം ചെയ്ത് ഭാര്യയിൽനിന്നു പിന്മാറൽ) നിർവചനം:

‘ശപഥം’ എന്ന് അർഥമുള്ള ‘അലിയ്യ’ എന്ന പദത്തിൽനിന്ന് എടുക്കപ്പെട്ടതാണ് ഈലാഅ്. ‘ആലാ ഫുലാനുൻ’ എന്നു പഞ്ഞാൽ ‘അക്വ്‌സമ’ (അയാൾ സത്യം ചെയ്തു) എന്നാണർഥം. സംഭോഗത്തിനു ശേഷിയുള്ളവനായിരിക്കെ എന്നെന്നേക്കുമായോ അല്ലെങ്കിൽ നാല് മാസത്തിലധികം കാലമോ ഭാര്യയുമായി ലൈംഗികബന്ധം പുലർത്തുകയില്ലെന്ന് അല്ലാഹുവിനെ കൊണ്ടോ അവന്റെ വിശേഷണങ്ങളിലൊന്നുകൊണ്ടോ ശപഥം ചെയ്യലാണ് മതത്തിന്റെ ഭാഷ്യത്തിൽ ഈലാഅ്.

لِّلَّذِينَ يُؤْلُونَ مِن نِّسَآئِهِمْ تَرَبُّصُ أَرْبَعَةِ أَشْهُرٍ ۖ فَإِن فَآءُو فَإِنَّ ٱللَّهَ غَفُورٌ رَّحِيمٌ ‎﴿٢٢٦﴾‏ وَإِنْ عَزَمُوا۟ ٱلطَّلَٰقَ فَإِنَّ ٱللَّهَ سَمِيعٌ عَلِيمٌ ‎﴿٢٢٧﴾‏

തങ്ങളുടെ ഭാര്യമാരുമായി (ബന്ധപ്പെടുകയില്ലെന്ന്) ശപഥം ചെയ്ത് അകന്നു നിൽക്കുന്നവർക്ക് (അന്തിമ തീരുമാനത്തിന്) നാലുമാസം വരെ കാത്തിരിക്കാവുന്നതാണ്. അതിനിടയിൽ അവർ (ശപഥം വിട്ട് ദാമ്പത്യത്തിലേക്ക്) മടങ്ങുകയാണെങ്കിൽ അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. ഇനി അവർ വിവാഹമോചനം ചെയ്യാൻ തന്നെ തീർച്ചപ്പെടുത്തുകയാണെങ്കിലോ അല്ലാഹു എല്ലാം കേൾക്കുകയും അറിയുകയും ചെയ്യുന്നവനാണല്ലോ. (ഖുർആൻ:2/229)

ഈലാഇന്റെ നിബന്ധനകൾ

1. ലൈംഗികബന്ധത്തിനു ശേഷിയുള്ള ഭർത്താവിൽനിന്നായിരിക്കണം ഈലാഅ്. ശമനം പ്രതീക്ഷയില്ലാത്ത വിധമുള്ള രോഗത്താലോ തളർച്ചയാലോ പൂർണമായി ലൈംഗികാവയവം ഛേദിച്ചുപോയതിനാലോ ലൈംഗികബന്ധത്തിനു അശക്തനായവനിൽനിന്ന് ഈലാഅ് സാധുവാകുകയില്ല.

2. അല്ലാഹുവിനെകൊണ്ടോ അവന്റെ വിശേഷണങ്ങളിലൊന്നുകൊണ്ടോ ശപഥം ചെയ്യണം. ത്വലാക്വ്, അടിമമോചനം, നേർച്ച എന്നിവകൊണ്ടല്ല.

3. നാലുമാസത്തിലധിക കാലം ഭാര്യയുമായി ലൈംഗികബന്ധം പുലർത്തുകയില്ലെന്ന് ശപഥം ചെയ്യണം.

4. ലൈംഗികബന്ധം പുലർത്തുവാനുതകുന്ന ഭാര്യയായിരിക്കണം. ലൈംഗികബന്ധം പുലർത്തുവാൻ തടസ്സമുള്ള സ്ത്രീകളുമായി ഈലാഅ് സാധുവാകുകയില്ല.

ഈലാഇന്റെ മതവിധി

ഈലാഅ് ഇസ്‌ലാമിൽ നിഷിദ്ധമാകുന്നു. കാരണം ഒരു നിർബന്ധകടമ ഉപേക്ഷിക്കുവാനുള്ള ശപഥമാകുന്നു അത്. ഭർത്താവ് തന്റെ ഭാര്യയുമായി ഒരിക്കലും അല്ലെങ്കിൽ നാലുമാസത്തിലധികം ലൈംഗികബന്ധം പുലർത്തുകയില്ലെന്ന് ശപഥം ചെയ്താൽ അയാൾ ‘മൂലിൻ’ (ഈലാഅ് ചെയ്തവൻ) ആണ്. നാലു മാസം തീരുന്നതിനുമുമ്പ് അവൻ ലൈംഗികബന്ധം പുലർത്തുകയും അവന്റെ ശപഥത്തിന് പ്രായച്ഛിത്തം നൽകുകയും ചെയ്താൽ ഉപേക്ഷവരുത്തിയതിൽനിന്ന് അവൻ മടങ്ങിയിരിക്കുന്നു. അവനിൽനിന്ന് ഭവിച്ചതിൽ അല്ലാഹു അവനോട് പൊറുത്തേക്കും. നിർണിത കാലശേഷവും ലൈംഗികബന്ധം പുലർത്തുവാൻ ഭാര്യ താൽപര്യപ്പെട്ടിട്ടും അവൻ വിസമ്മതിക്കുകയാണെങ്കിൽ ഭരണാധികാരി അവനോടു രണ്ടാലൊരു കാര്യം കൽപിക്കണം:

1. തന്റെ ശപഥം തിരിച്ചെടുക്കുക, ഭാര്യയുമായി ലൈംഗികബന്ധം പുലർത്തുക, ശപഥത്തിന് പ്രായച്ഛിത്തം നൽകുക.

2. ശപഥത്തിൽനിന്ന് പിന്മാറുവാൻ ഉദ്ദേശ്യമില്ലെങ്കിൽ ത്വലാക്വ് ചൊല്ലുക.

മേൽപറഞ്ഞ രണ്ടുകാര്യങ്ങളും അവൻ തിരസ്‌കരിച്ചാൽ ക്വാദി ത്വലാക്വ് നിർവഹിക്കുകയോ ഫസ്ഖാക്കുകയോ ചെയ്യണം. കാരണം ഈലാഅ് ചെയ്തവൻ വിസമ്മതിക്കുമ്പോൾ അവന്റെ സ്ഥാനത്ത് നിൽക്കുന്നവനാണ് ക്വാദി. ത്വലാക്വിൽ നിയാബത്ത് (പ്രാതിനിധ്യം) ആകാവുന്നതുമാണ്. ഈലാഇന്റെ സമയപരിധി അവസാനിക്കുകയും ദമ്പതികളിലൊരാൾക്ക് ലൈംഗികബന്ധം പുലർത്തുവാൻ തടസ്സമാകുന്ന ഒഴിവുകഴിവുമുണ്ടെങ്കിൽ എനിക്ക് സാധ്യമാകുമ്പോൾ ഞാൻ ലൈംഗികബന്ധം പുലർത്തുന്നതാണ് എന്നു പറഞ്ഞുകൊണ്ട് ശപഥത്തിൽനിന്നു മടങ്ങുവാൻ ഭർത്താവ് കൽപിക്കപ്പെടണം. കാരണം മടങ്ങുവാനുള്ള ഉദ്ദേശ്യം ഭാര്യയെ ക്ഷതമേൽപിക്കുവാനുദ്ദേശിച്ചത് വേണ്ടെന്നുവെക്കലാണ്.

തന്റെ ഭാര്യക്ക് ക്ഷതമേൽപിക്കുവാൻ ശപഥമൊന്നും കൂടാതെ നാലുമാസത്തിൽ കൂടുതൽ അവളുമായി ലൈംഗികബന്ധം പുലർത്തുന്നത് യാതൊരു ന്യായവുമില്ലാതെ വല്ലവനും ഉപേക്ഷിച്ചാൽ അവനെ ഈലാഅ് ചെയ്തവനോടാണ് മേൽപറഞ്ഞ വിധികളിലെല്ലാം കർമശാസ്ത്ര പണ്ഡിതന്മാർ ചേർത്തിട്ടുള്ളത്.

ഈലാഇന്റെ മതവിധികൾ

ത്വലാക്വ് സാധുവാകുന്ന എല്ലാ ഭർത്താക്കന്മാരിൽനിന്നും ഈലാഅ് ഉണ്ടാകും. ലൈംഗികവേഴ്ചയിൽ ഏർപെട്ട ഭാര്യയാണെങ്കിലും അല്ലെങ്കിലും ശരി. ഈലാഇന്റെ വിഷയത്തിലുള്ള ആയത്തിന്റെ പൊതുതേട്ടം അതാണറിയിക്കുന്നത്.

ഈലാഅ് ചെയ്തവനോട് ലൈംഗികബന്ധം പുലർത്തുവാനോ ത്വലാക്വ് നൽകുവാനോ കൽപിച്ചുകൊണ്ടുള്ള അല്ലാഹുവിൽനിന്നുള്ള യുക്തി പൂർണമായ ഈ നിയമനിർമാണത്തിൽ ഈലാഇന്റെ കാലപരിധി നീട്ടിക്കൊണ്ട് സ്ത്രീകൾക്കുനേരെയുള്ള ഉപദ്രവവും അന്യായവും തുടച്ചുനീക്കലും ജാഹിലിയ്യത്തിൽ ആളുകളുണ്ടായിരുന്ന ദുഷിച്ച സംസ്‌കൃതിയെ ഉടച്ചുവാർക്കലുമാണുള്ളത്.

ഭ്രാന്തനിൽനിന്നും ബോധക്ഷയമുള്ളവനിൽനിന്നും ഈലാഅ് നടക്കുകയില്ല; അവർ പറയുന്നത് അവർക്കുതന്നെ കോലപ്പെടാത്തതിനാലാണത്. ഉദ്ദേശ്യത്തിന് അവരിൽ ഉൺമയില്ല.

 

ഒരു സംഘം പണ്ഡിതന്മാർ രചിച്ച الفقه الميسر في ضوء الكتاب والسنة എന്ന ഗ്രന്ഥത്തിൽനിന്നുമെടുത്തത്

വിവര്‍ത്തനം : അബ്ദുൽ ജബ്ബാർ മദീനി

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *