ഇസ്ലാമിൽ നായ ഒരു നികൃഷ്ട ജീവിയായിട്ടാണ് പലരും മനസ്സിലാക്കിയിട്ടുള്ളത്. മറ്റ് ചിലരാകട്ടെ നായക്ക് യാതൊരു കുഴപ്പവുമില്ലെന്നും അതൊരു വളർത്തുമൃഗം മാത്രമാണെന്നും കരുതുന്നു. അതിന്റെ അടിസ്ഥാനത്തിൽ വീടുകളിൽ അലങ്കാരത്തിനായി നായയെ വളർത്തുന്ന മുസ്ലിംകൾ വരെയുണ്ട്. ഇസ്ലാമിക പ്രമാണങ്ങൾ പരിശോധിച്ചാൽ യാഥാർത്ഥ്യം ഇതിന് നടുവിലാണെന്ന് കാണാം. അതായത് നായയുമായി ബന്ധപ്പെട്ട് അനുവദിക്കപ്പെട്ടതും വിരോധിക്കപ്പെട്ടതുമായ കാര്യങ്ങളുണ്ട്.
മൂന്ന് കാര്യങ്ങൾക്കായി നായയെ വളർത്തൽ ഇസ്ലാമിൽ അനുവദനീയമാണ്. വന്യജീവികളിൽ നിന്നും ചെന്നായയിൽ നിന്നുമെല്ലാം കന്നുകാലികളെ സംരക്ഷിക്കൽ, കൃഷിയിടത്തെ സംരക്ഷിക്കൽ, വേട്ടക്കാരന് വേട്ടക്ക് വേണ്ടി എന്നിവയാണത്.
ഇന്ന് വീടുകളിൽ നായയെ വളർത്തുന്ന മുസ്ലിംകളെ കാണാം. വീടുകളിൽ കള്ളൻ കയറുകയില്ലെന്നും മറ്റും പറഞ്ഞിട്ടാണ് അവർ നായയെ വളർത്തുന്നത്. മറ്റ് ചിലരാകട്ടെ, അലങ്കാരത്തിന് വേണ്ടിയും. മേൽ വിവരിച്ച മൂന്ന് കാര്യങ്ങൾല്ലാതെ നായയെ വളർത്തൽ ഇസ്ലാമിൽ അനുവദനീയമല്ല.
ശൈഖ് ഇബ്നു ഉഥൈമീൻ (റഹി) പറയുന്നു: മതം ഇളവ് തന്ന കാര്യങ്ങൾക്കല്ലാതെ നായയെ വളർത്തൽ അനുവദനീയമല്ല. മൂന്ന് കാര്യങ്ങൾക്ക് വേണ്ടി നായയെ വളർത്താൻ നബിﷺ ഇളവ് തന്നിട്ടുണ്ട്. ഒന്ന്: വന്യജീവികളിൽ നിന്നും ചെന്നായയിൽ നിന്നുമെല്ലാം കാലികളെ സംരക്ഷിക്കൽ. രണ്ട്: കാലികളിൽ നിന്നും ആടുകളിൽ നിന്നുമെല്ലാം കൃഷിയിടത്തെ സംരക്ഷിക്കൽ. മൂന്ന്: വേട്ടക്കാരന് വേട്ടക്ക് വേണ്ടി. ഈ 3 കാര്യങ്ങൾക്കാണ് നായയെ വളർത്താൻ നബിﷺ ഇളവ് നൽകിയത്. ഇതല്ലാത്ത കാരണങ്ങൾക്ക് അനുവദനീയമല്ല.
ശൈഖ് സുലൈമാൻ റുഹൈലി (ഹഫിള്വഹുല്ലാഹ്) പറയുന്നു: പാശ്ചാത്യരെയും അവിശ്വാസികളെയും അനുകരിച്ച് അലങ്കാരത്തിന് വേണ്ടി നായയെ വളർത്തുന്ന ചില മുസ്‌ലിംകൾ ഇക്കാലത്തുണ്ട്. വലിയ വില കൊടുത്ത് അവർ നായകളെ വാങ്ങുന്നു. എന്നിട്ട് പക്ഷികളെയും പൂച്ചകളെയുമൊക്കെ വളർത്തുന്ന പോലെ അവയെ വളർത്തുന്നു. അവർ പോകുന്ന ഇടങ്ങളിലേക്ക് നായയെയും കൊണ്ടുപോകുന്നു. അത് ഹറാമാണ്. ആ പ്രവൃത്തി പാപമാണെന്ന് മാത്രമല്ല, കർമങ്ങൾക്ക് ലഭിച്ച കൂലിയെ കുറക്കുന്ന കാര്യവുമാണ്.
കൃഷിക്കോ വേട്ടക്കോ കാലികളുടെ സംരക്ഷണത്തിനോ വേണ്ടിയല്ലാതെ നായയെ വളർത്തുന്നവർ വലിയ നഷ്ടക്കാർ തന്നെയാണ്. കാരണം, അവരുടെ മറ്റ് കർമങ്ങൾക്ക് ലഭിച്ച പ്രതിഫലത്തിൽ നിന്ന് പോലും എല്ലാ ദിവസവും ഉഹ്ദ് മലയുടെ അത്ര പ്രതിഫലം കുറഞ്ഞു കൊണ്ടിരിക്കുമെന്ന് നബിﷺ പറഞ്ഞിട്ടുണ്ട്.
عَنِ ابْنِ عُمَرَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنِ اقْتَنَى كَلْبًا إِلاَّ كَلْبَ مَاشِيَةٍ أَوْ ضَارِي نَقَصَ مِنْ عَمَلِهِ كُلَّ يَوْمٍ قِيرَاطَانِ
ഇബ്നു ഉമർ(റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : കന്നുകാലികളെ സംരക്ഷിക്കുന്നതിനോ വേട്ടക്കോ വേണ്ടിയല്ലാതെ ആരെങ്കിലും നായയെ വളർത്തിയാൽ എല്ലാ ദിവസവും അവന്റെ പ്രവർത്തനങ്ങളുടെ (പ്രതിഫലത്തിൽ) നിന്നും രണ്ട് ഖീറാത്ത് കുറഞ്ഞു കൊണ്ടിരിക്കും. (മുസ്ലിം:1574)
عَنِ ابْنِ عُمَرَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنِ اتَّخَذَ كَلْبًا إِلاَّ كَلْبَ زَرْعٍ أَوْ غَنَمٍ أَوْ صَيْدٍ يَنْقُصُ مِنْ أَجْرِهِ كُلَّ يَوْمٍ قِيرَاطٌ
ഇബ്നു ഉമർ(റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു :കൃഷി സ്ഥലത്തിന്റെയോ കന്നുകാലികളുടെയോ സംരക്ഷണത്തിനോ വേട്ടക്കോ വേണ്ടിയല്ലാതെ ആരെങ്കിലും നായയെ വളർത്തിയാൽ എല്ലാ ദിവസവും അവന്റെ പ്രവർത്തനങ്ങളുടെ (പ്രതിഫലത്തിൽ) നിന്നും ഖീറാത്ത് കുറഞ്ഞു കൊണ്ടിരിക്കും. (മുസ്ലിം:1574)
കൃഷിക്കോ വേട്ടക്കോ കാലികളുടെ സംരക്ഷണത്തിനോ വേണ്ടിയോ മാത്രമേ നായയെ വളർത്താവൂ എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. മറ്റൊരു ഹദീസ് കൂടി കാണുക:
عَنْ عَدِيِّ بْنِ حَاتِمٍ، قَالَ سَأَلْتُ النَّبِيَّ صلى الله عليه وسلم فَقَالَ ” إِذَا أَرْسَلْتَ كَلْبَكَ الْمُعَلَّمَ فَقَتَلَ فَكُلْ، وَإِذَا أَكَلَ فَلاَ تَأْكُلْ، فَإِنَّمَا أَمْسَكَهُ عَلَى نَفْسِهِ ”. قُلْتُ أُرْسِلُ كَلْبِي فَأَجِدُ مَعَهُ كَلْبًا آخَرَ قَالَ ” فَلاَ تَأْكُلْ، فَإِنَّمَا سَمَّيْتَ عَلَى كَلْبِكَ، وَلَمْ تُسَمِّ عَلَى كَلْبٍ آخَرَ ”.
അദിയ്യ്(റ) വിൽ നിന്ന് നിവേദനം: ഞാനൊരിക്കല്‍ നബി ﷺ യോട് (വേട്ടനായയെക്കുറിച്ച്) ചോദിച്ചു. അപ്പോള്‍ അവിടുന്നു അരുളി: പരിശീലനം നല്‍കിയ നിന്റെ നായയെ നീ വേട്ടക്ക് ഊരിവിടുകയും എന്നിട്ട് അത് ജീവിയെ വധിക്കുകയും ചെയ്താല്‍ നീ അതു ഭക്ഷിക്കുക. ആ നായ അതില്‍ നിന്ന് ഭക്ഷിച്ചാല്‍ നീ അതു ഭക്ഷിക്കരുത്. കാരണം അതിന് തിന്നാന്‍ വേണ്ടിയാണത് പിടിച്ചിരിക്കുന്നത്. ഞാന്‍ ചോദിച്ചു; ഞാനെന്റെ നായയെ അയക്കും. എന്നിട്ട് അതിന്റെ കൂടെ മറ്റൊരു നായയെ ചിലപ്പോള്‍ ഞാന്‍ കാണാറുണ്ട്. അവിടുന്നു പറഞ്ഞു. നീ അതു ഭക്ഷിക്കരുത്. കാരണം നിന്റെ നായയെ മാത്രമാണ് നീ ബിസ്മി ചൊല്ലി അയച്ചിട്ടുളളത്. മറ്റെ നായയെ നീ ബിസ്മി ചൊല്ലി അയച്ചിട്ടില്ല. (ബുഖാരി:175)
മാത്രമല്ല, അല്ലാഹുവും അവന്റ റസൂൽ ﷺ യും അനുവദിക്കാത്ത കാര്യങ്ങൾക്ക് വേണ്ടി നായയെ വളർത്തുന്ന വീട്ടിൽ മലക്കുകൾ പ്രവേശിക്കുകയില്ല.
عَنْ أَبِي طَلْحَةَ ـ رضى الله عنهم ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : لاَ تَدْخُلُ الْمَلاَئِكَةُ بَيْتًا فِيهِ كَلْبٌ وَلاَ صُورَةٌ
അബൂത്വൽഹയിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നായയോ രൂപങ്ങളോ (ജീവനുള്ളവയുടെ ചിത്രങ്ങളോ) ഉള്ള വീട്ടിൽ മലക്കുകൾ പ്രവേശിക്കുകയില്ല. (ബുഖാരി:3322)
عَنْ عَائِشَةَ، أَنَّهَا قَالَتْ وَاعَدَ رَسُولَ اللَّهِ صلى الله عليه وسلم جِبْرِيلُ عَلَيْهِ السَّلاَمُ فِي سَاعَةٍ يَأْتِيهِ فِيهَا فَجَاءَتْ تِلْكَ السَّاعَةُ وَلَمْ يَأْتِهِ وَفِي يَدِهِ عَصًا فَأَلْقَاهَا مِنْ يَدِهِ وَقَالَ ” مَا يُخْلِفُ اللَّهُ وَعْدَهُ وَلاَ رُسُلُهُ ” . ثُمَّ الْتَفَتَ فَإِذَا جِرْوُ كَلْبٍ تَحْتَ سَرِيرِهِ فَقَالَ ” يَا عَائِشَةُ مَتَى دَخَلَ هَذَا الْكَلْبُ هَا هُنَا ” . فَقَالَتْ وَاللَّهِ مَا دَرَيْتُ . فَأَمَرَ بِهِ فَأُخْرِجَ فَجَاءَ جِبْرِيلُ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ” وَاعَدْتَنِي فَجَلَسْتُ لَكَ فَلَمْ تَأْتِ ” . فَقَالَ مَنَعَنِي الْكَلْبُ الَّذِي كَانَ فِي بَيْتِكَ إِنَّا لاَ نَدْخُلُ بَيْتًا فِيهِ كَلْبٌ وَلاَ صُورَةٌ .
ആയിശ رضي الله عنها പറഞ്ഞു : ജിബ്രീൽ عليه السلام നബി ﷺ യോട് ഇന്ന സമയത്ത് അദ്ദേഹത്തിന്റെ അടുത്ത് എത്താം എന്ന് വാഗ്ദാനം നൽകി, ആ സമയം എത്തിച്ചർന്നിട്ടും , അദ്ദേഹം വന്നില്ല , നബി ﷺ യുടെ കയ്യിൽ ഒരു വടി ഉണ്ടായിരുന്നു, അത് അദ്ദേഹം കയ്യിൽ നിന്ന് എറിഞ്ഞു , എന്നിട്ട് പറഞ്ഞു : അല്ലാഹുവോ അല്ലാഹുവിന്റെ ദൂതന്മാരോ ഇത് വരെ അവരുടെ വാഗ്ദാനം ലംഘിച്ചിട്ടില്ല. അപ്പോഴാണ് തന്റെ കട്ടിലിനടിയിൽ ഒരു നായകുട്ടിയെ ശ്രദ്ധിച്ചത് , അദ്ദേഹം പറഞ്ഞു :അല്ലയോ ആയിശാ! ഈ നായ ഇവിടെ എപ്പോഴാണ് പ്രവേശിച്ചത് ? ആയിശ رضي الله عنها പറഞ്ഞു: അല്ലാഹുവാണെ സത്യം ! ഞാൻ അറിയില്ല. അദ്ദേഹം കൽപിച്ചത് പ്രകാരം അതിനെ പുറത്താക്കപ്പെട്ടു. അങ്ങനെ ജിബ്രീൽ عليه السلام വന്നു. അപ്പോൾ നബി ﷺ പറഞ്ഞു: താങ്കൾ എന്നോട് വാഗ്ദാനം നൽകിയത് പ്രകാരം ഞാൻ കാത്തിരിന്നു, എന്നാൽ താങ്കൾ വന്നില്ല. ജിബ്രീൽ عليه السلام പറഞ്ഞു : താങ്കളുടെ വീട്ടിൽ ഉണ്ടായിരുന്ന നായ എന്നെ താങ്കളിലക്ക് പ്രവേശിക്കുന്നതിനെ തടഞ്ഞു, നിശ്ചയമായും ഞങ്ങൾ (മലക്കുകൾ) നായ ഉള്ള വീടുകളിലും ചിത്രം ഉള്ള വീടുകളിലും പ്രവേശിക്കുകയില്ല. (മുസ്ലിം:2104)
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : لاَ تَصْحَبُ الْمَلاَئِكَةُ رُفْقَةً فِيهَا كَلْبٌ وَلاَ جَرَسٌ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നായയോ മണിനാദമോ കൂടെയുള്ള യാത്രാ സംഘത്തിൽ മലക്കുകൾ സഹവസിക്കുകയില്ല. (മുസ്‌ലിം: 2113)
നായയെ വിറ്റ് ലഭിക്കുന്ന തുക നിഷിദ്ധം
عَنْ أَبِي جُحَيْفَةَ، أَنَّهُ اشْتَرَى غُلاَمًا حَجَّامًا فَقَالَ إِنَّ النَّبِيَّ صلى الله عليه وسلم نَهَى عَنْ ثَمَنِ الدَّمِ، وَثَمَنِ الْكَلْبِ، وَكَسْبِ الْبَغِيِّ، وَلَعَنَ آكِلَ الرِّبَا وَمُوكِلَهُ وَالْوَاشِمَةَ وَالْمُسْتَوْشِمَةَ وَالْمُصَوِّرَ.
അബൂ ജുഹൈഫ رضي الله عنه നിന്ന് നിവേദനം:….. നബി ﷺ രക്തം വിറ്റ് ലഭിക്കുന്ന തുക , നായയെ വിറ്റ് ലഭിക്കുന്ന തുക , വ്യഭിചാരിയുടെ പ്രതിഫലതുക എന്നിവയെ നിരോധിച്ചു , പലിശ നൽകുന്നവനെയും വാങ്ങുന്നവനെയും , പച്ചകുത്തുന്നവനെയും കുത്താൻ ആവശ്യപെടുന്നവനേയും , ചിത്രം നിർമിക്കുന്നവരെയും ശപിച്ചു. (ബുഖാരി:5692)
നായയോട് കാരുണ്യം കാണിച്ചാൽ പ്രതിഫലം
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ النَّبِيَّ صلى الله عليه وسلم قَالَ ” بَيْنَا رَجُلٌ بِطَرِيقٍ، اشْتَدَّ عَلَيْهِ الْعَطَشُ فَوَجَدَ بِئْرًا فَنَزَلَ فِيهَا فَشَرِبَ، ثُمَّ خَرَجَ، فَإِذَا كَلْبٌ يَلْهَثُ يَأْكُلُ الثَّرَى مِنَ الْعَطَشِ، فَقَالَ الرَّجُلُ لَقَدْ بَلَغَ هَذَا الْكَلْبَ مِنَ الْعَطَشِ مِثْلُ الَّذِي كَانَ بَلَغَ مِنِّي، فَنَزَلَ الْبِئْرَ، فَمَلأَ خُفَّهُ مَاءً، فَسَقَى الْكَلْبَ، فَشَكَرَ اللَّهُ لَهُ، فَغَفَرَ لَهُ ”. قَالُوا يَا رَسُولَ اللَّهِ وَإِنَّ لَنَا فِي الْبَهَائِمِ لأَجْرًا فَقَالَ ” فِي كُلِّ ذَاتِ كَبِدٍ رَطْبَةٍ أَجْرٌ ”
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ഒരാള്‍ ഒരു വഴിയിലൂടെ നടന്നുപോകവേ അയാള്‍ ദാഹിച്ചുവലഞ്ഞു. അയാള്‍ അവിടെ ഒരു കിണര്‍ കണ്ടു. അതിലിറങ്ങി വെള്ളം കുടിച്ചു. പുറത്തുവന്നപ്പോള്‍ ഒരു നായ ദാഹാധിക്യത്താല്‍ മണ്ണ് കപ്പുന്നതു കണ്ടു. ‘ഈ നായക്ക് കഠിനമായ ദാഹമുണ്ട്; എനിക്കുണ്ടായിരുന്നപോലെ’ എന്ന് ആത്മഗതം ചെയ്ത് അയാള്‍ കിണറ്റിലിറങ്ങി. ഷൂവില്‍ വെള്ളം നിറച്ച് വായകൊണ്ട് കടിച്ചുപിടിച്ച് കരക്കുകയറി നായയെ കുടിപ്പിച്ചു. ഇതിന്റെ പേരില്‍ അല്ലാഹു അയാളോട് നന്ദികാണിച്ചു. അയാള്‍ക്ക് പൊറുത്തു കൊടുത്തു.’ ഇതുകേട്ട് അവിടത്തെ അനുചരന്മാര്‍ ചോദിച്ചു: മൃഗങ്ങളുടെ കാര്യത്തിലും ഞങ്ങള്‍ക്കു പ്രതിഫലമുണ്ടോ? നബി ﷺ പ്രതിവചിച്ചു: പ’ച്ചക്കരളുള്ള എല്ലാറ്റിന്റെ കാര്യത്തിലും നിങ്ങള്‍ക്കു പ്രതിഫലമുണ്ട്.'(ബുഖാരി:2466)
പാത്രത്തിൽ നിന്ന് നായ കുടിച്ചാൽ
നായ കുടിച്ചതിന്റെ ബാക്കി നജിസാണ്. നായ തലയിട്ട പാത്രത്തിലുള്ളത് ഒഴിച്ചു കളയാനും, പാത്രം ഏഴു തവണ കഴുകാനും നബി ﷺ പറഞ്ഞു.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِذَا وَلَغَ الْكَلْبُ فِي إِنَاءِ أَحَدِكُمْ فَلْيُرِقْهُ ثُمَّ لْيَغْسِلْهُ سَبْعَ مِرَارٍ
അബൂഹുറൈറ(റ)വിൽനിന്ന് നിവേദനം: നബി ﷺ പറഞ്ഞു:നിങ്ങളിൽ ആരുടെയെങ്കിലും പാത്രത്തിൽ നായ തലയിട്ടാൽ അത് അവൻ ഒഴിച്ചു കളയട്ടെ. ശേഷം ആ പാത്രം ഏഴു തവണ കഴുകുകയും ചെയ്യട്ടെ. (മുസ്‌ലിം: 279)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ طُهُورُ إِنَاءِ أَحَدِكُمْ إِذَا وَلَغَ فِيهِ الْكَلْبُ أَنْ يَغْسِلَهُ سَبْعَ مَرَّاتٍ أُولاَهُنَّ بِالتُّرَابِ
അബൂഹുറൈറ(റ)വിൽനിന്ന് നിവേദനം: നബി ﷺ പറഞ്ഞു:നായ നിങ്ങളിലാരുടെയെങ്കിലും പാത്രത്തിൽ തലയിട്ടാൽ അത് ശുദ്ധീകരിക്കേണ്ടത് ഏഴു തവണ ആ പാത്രം കഴുകിക്കൊണ്ടാണ്. അതിൽ ആദ്യത്തെ തവണ മണ്ണ് കൊണ്ടായിരിക്കണം. (മുസ്‌ലിം: 279)
രാത്രി നായ കുരക്കുന്നത് കേട്ടാൽ
عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِذَا سَمِعْتُمْ نُبَاحَ الْكِلاَبِ وَنَهِيقَ الْحُمُرِ بِاللَّيْلِ فَتَعَوَّذُوا بِاللَّهِ فَإِنَّهُنَّ يَرَيْنَ مَا لاَ تَرَوْنَ
ജാബിർ ബിൻ അബ്ദില്ല(റ) വിൽനിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങള്‍ രാത്രിയില്‍ നായകള്‍ കുരക്കുന്നതോ കഴുതകള്‍ കരയുന്നതോ കേട്ടാല്‍ നിങ്ങള്‍ അല്ലാഹുവിനോട് രക്ഷ ചോദിക്കുക. കാരണം നിങ്ങള്‍ കാണാത്ത ചിലത് (പിശാചുക്കളെയോ മറ്റൊ) അവ കാണുന്നുണ്ട്. (അബൂദാവൂദ്:5103 – സ്വഹീഹ് അൽബാനി)
നായയെ കൊല്ലുന്നതിന്റെ വിധിയെന്താണ്?
സഊദി അറേബ്യയുടെ ഔദ്യോഗിക പണ്ഡിതസഭയായ ലജ്നത്തുദ്ദാഇമ പറയുന്നു: ഉപദ്രവകാരികളല്ലാത്ത നായകളെ കൊല്ലാനോ ഉപദ്രവിക്കാനോ പാടില്ല. അത് അനുവദനീയമല്ല. എന്നാൽ, ഉപദ്രവകാരികളായ നായകളെ കൊല്ലാവുന്നതാണ്. അങ്ങനെ കൊല്ലുമ്പോൾ, ഉപദ്രവകാരികളല്ലാത്ത നായകളെ കൂടി ബാധിക്കുന്ന രീതിയിൽ ആകാതിരിക്കണം. ഉപദ്രവകാരികളെന്നോ അല്ലാത്തവയെന്നോ വേർതിരിവില്ലാതെ, നായകളെ കൂട്ടമായി കൊന്നൊടുക്കുന്ന രീതി അനുവദനീയമല്ല. കാരണം, നായകളെ കൊല്ലുന്നത് നബിﷺ വിലക്കിയിട്ടുണ്ട്. അവയുടെ കൂട്ടത്തിലെ ഉപദ്രവകാരികളെ കൊല്ലാനാണ് അനുവാദം നൽകിയിട്ടുള്ളത്. (മുസ്‌ലിം: 1572, ബുഖാരി: 1828) (https://bit.ly/3BFJr5E)
കാരണങ്ങൾ ഒന്നുമില്ലാതെ നായയെ കൊല്ലാൻ പാടുണ്ടോ?
ശൈഖ് സ്വാലിഹ് അൽ ഫൗസാൻ (ഹഫിള്വഹുള്ളാഹ്) പറയുന്നു: പാടില്ല. ഉപദ്രവകാരികളായ നായകളെ മാത്രമേ കൊല്ലാൻ അനുവാദമുള്ളൂ. (മുസ്‌ലിം: 1572, ബുഖാരി: 1828) ഉപദ്രവകാരികളല്ലാത്ത നായകളെ കൊല്ലരുത്. അത് അനുവദനീയമല്ല. (https://youtu.be/j3FSRI6hLkc)
kanzululoom.com