വിമർശനം പണ്ടുമുതൽ തന്നെ സമൂഹത്തിൽ നിലനിൽക്കുന്നതാണെങ്കിലും ഇക്കാലത്ത് അതിന് പ്രചാരണ സാധ്യത വന്നിട്ടുണ്ട്. സോഷ്യൽ മീഡിയയുടെ സാന്നിധ്യമാണ് അതിനു കാരണം. ഒരാൾ ഒരു സമൂഹത്തിന്നെതിരെ, വ്യക്തി, സംഘടന, ആദർശം എന്നിവയെ ലക്ഷ്യംവെച്ച് വിമർശനം തൊടുത്തു വിടുമ്പോഴേക്ക്, അതിന്ന് ആഡിംഗുകളും ഉപആഡിംഗുകളും കൂടിക്കൂടി വരുന്നു. പിന്നീട് കണ്ടവനും കേട്ടവനും കഥയറിയാതെ ആട്ടം കാണുന്നവനും അതിലിടപെട്ട് ശരവർഷങ്ങളായി മാറുന്നു. മറ്റുള്ളവരെപ്പറ്റി ജനങ്ങൾ മറന്നുപോയ വൈകല്യങ്ങൾവരെ ചികഞ്ഞെടുത്ത് അപരനെ അടിച്ചിരുത്താനുള്ള ശ്രമം ഒടുവിൽ അടുത്തു വരുന്ന മനസ്സുകളെ അകറ്റാനും കെടാറായ ശത്രുതയിൽ കനലൂതി തീ പടർത്താനും കാരണമാകുന്നു.
സത്യത്തിൽ വിമർശനം ഒരു നല്ല കലയാണ്. നല്ലൊരു ഗുണകാംക്ഷിയാണ്. നന്മ കൽപിക്കലും തിന്മ വിരോധിക്കലും സമൂഹത്തിൽ എത്ര കണ്ട് ഗുണകരമാണോ അത്രയും ഗുണകരമാണ് വിമർശനങ്ങൾ. വിമർശിക്കപ്പെടുമ്പോൾ ഉരുളക്കുപ്പേരി മറുപടി കൊടുക്കുന്നതിനു മുമ്പായി ആ വിമർശനത്തിൽ കഴമ്പുണ്ടോ എന്ന് ആത്മപരിശോധന നടത്തുകയാണ് വേണ്ടത്. സ്വയം തിരുത്താൻ അത് സഹായ കമായേക്കും.
നബിﷺ ഖുറയ്ശി പ്രമുഖരോട് പ്രബോധനം നടത്തുന്നതിന്നിടയ്ക്ക് അന്ധനായ അബ്ദുല്ലാഹ് ഉമ്മി മക്തൂം رَضِيَ اللَّهُ عَنْهُ നബിﷺയോട് മതകാര്യങ്ങൾ അന്വേഷിച്ച് വന്ന സംഭവം വിശുദ്ധ ഖുർആനിലെ ‘അബസ’ എന്ന അധ്യായത്തിൽ കാണാം. പ്രമുഖന്മാർ വിശ്വസിച്ചു കിട്ടിയാൽ ഇസ്‌ലാമിക പ്രചാരണത്തിന്ന് ഗുണം ചെയ്യുമെന്ന നല്ല പ്രതീക്ഷയായിരുന്നു നബിﷺക്കുണ്ടായിരുന്നത്. അതിനാൽ ആ അന്ധനെ നബിﷺ അന്നേരം അവഗണിച്ചു. അതിന്റെ പേരിൽ അല്ലാഹു നബിﷺയെ കഠിന ഭാഷയിൽ ആക്ഷേപിച്ചു. ആ നിശിതമായ ആക്ഷപത്തിൽ നിന്ന് നബിﷺ ഏറെ പാഠം പഠിച്ചു. പിന്നീട് അബ്ദുല്ലാഹ് എന്ന ആ അന്ധനെ കാണുമ്പോൾ നബിﷺ ബഹുമാനത്തോടെയും ആദരവോടെയും സ്വീകരിക്കാറുണ്ടായിരുന്നു.
സ്വയം തെറ്റുകൾ കണ്ടറിഞ്ഞു തിരുത്താൻ പലരും ശ്രമിക്കാറില്ല. മറിച്ച് അവയെ ന്യായീകരിക്കാറാണ് പതിവ്. ഇത്തരക്കാർക്ക് വിമർശനം അസഹ്യമായിത്തോന്നുകയും ചെയ്യും. മറുപടി പറഞ്ഞേ തീരൂ എന്ന വികാരം വിവേകത്തെ മറികടന്ന് ക്രമേണ പരസ്പര ആക്ഷേപത്തിലെത്തിച്ചേരും. എന്നാൽ വിമർശകരെ നമ്മെ ശ്രദ്ധാപൂർവം നിരീക്ഷിക്കുന്നവരായി ഗണിച്ചാൽ മതി. അന്ധമായ വിമർശനമാണെങ്കിൽ അയാളുടെ നിരീക്ഷണത്തിൽ പിഴച്ചതാകാം എന്നു കരുതി മാന്യമായി തിരുത്തിക്കൊടുത്താൽ മതി.
وَلَا تَسْتَوِى ٱلْحَسَنَةُ وَلَا ٱلسَّيِّئَةُ ۚ ٱدْفَعْ بِٱلَّتِى هِىَ أَحْسَنُ فَإِذَا ٱلَّذِى بَيْنَكَ وَبَيْنَهُۥ عَدَٰوَةٌ كَأَنَّهُۥ وَلِىٌّ حَمِيمٌ
നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ (തിന്‍മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ (നിന്‍റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു. (ഖു൪ആന്‍:41/34)
വിമർശനത്തെ നാം സമീപിക്കേണ്ട രീതിയെയാണ് ഈ വചനം പഠിപ്പിക്കുന്നത്. വ്യക്തികൾ പരസ്പരമാകട്ടെ, സംഘങ്ങൾ തമ്മിലാകട്ടെ വിമർശിക്കുമ്പോൾ അതിലെന്തെങ്കിലും കഴമ്പുണ്ടോ എന്നു കൂടി നോക്കാനും തിരുത്താനും തയ്യാറാകുമ്പോഴേ ആരോഗ്യകരമായ ഒരു സാമൂഹ്യാന്തരീക്ഷം നിലനിൽക്കുകയുള്ളൂ. പല വിമർശകരും നല്ല നിരീക്ഷകന്മാരാണെന്ന് ഓർക്കണം.
പ്രമാണബദ്ധമായ സംവാദങ്ങളും ആശയങ്ങൾ മാറ്റുരക്കുന്ന ചർച്ചകളും സത്യം വെളിപ്പെടാൻ അനിവാര്യം തന്നെയാണ്. എന്നാൽ ഇതിന്റെ പേരിൽ അന്ധമായി കക്ഷിചേർന്ന് പരസ്പരം വിഴുപ്പലക്കുന്ന ഗ്യാലറിയിലെ കയ്യടിക്കാരെ ആരുടെ ഭാഗത്ത് നിന്നായാലും ഏതു സാമൂഹ്യ മേഖലയിലായാലും ആക്ഷേപിക്കേണ്ടതാണ്; മതരംഗത്ത് വിശേഷിച്ചും. കാരണം ഈ പ്രവണതകൾ ജനങ്ങളെ മതത്തിൽനിന്ന് അകറ്റാനേ സഹായിക്കൂ. അകറ്റാനല്ല, തിരുത്താനായിരിക്കണം വിമർശനങ്ങൾകൊണ്ട് ലക്ഷ്യമാക്കേണ്ടത്. അല്ലാഹു സഹായിക്കട്ടെ.
കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ
www.kanzululoom.com