വിവാഹം കുറ്റമറ്റ നിലയിൽ നടന്നാൽ ദമ്പതികൾക്കിടയിൽ ധാരാളം കടമകൾ തുടർന്നുണ്ടാകും. അവ താഴെ കൊടുക്കുന്നു:
ഭാര്യയുടെ അവകാശങ്ങൾ:
മഹ്ർ, ജീവിതച്ചെലവ് പോലുള്ള സാമ്പത്തിക അവകാശങ്ങളും നീതി, നല്ല സഹവാസം, സൽപെരുമാറ്റം തുടങ്ങിയുള്ള ധാർമിക അവകാശങ്ങളും ഭാര്യക്ക് ഭർത്താവിൽനിന്നുണ്ട്. അതിന്റെ വിവരണം താഴെവരും വിധമാണ്:
1) മഹ്ർ: ഭർത്താവിൽനിന്ന് ഭാര്യക്കുള്ള നിർബന്ധമായ അവകാശമാണ് മഹ്ർ. അല്ലാഹു പറഞ്ഞു:
وَءَاتُوا۟ ٱلنِّسَآءَ صَدُقَٰتِهِنَّ نِحْلَةً ۚ
സ്ത്രീകൾക്ക് അവരുടെ വിവാഹമൂല്യങ്ങൾ മനഃസംതൃപ്തിയോടുകൂടി നിങ്ങൾ നൽകുക. (ഖുർആൻ:4/4)
ഇതല്ലാതെ വേറേയും തെളിവുകളുണ്ട്.
2) ജീവിതച്ചെലവുകൾ, വസ്ത്രം, പാർപ്പിടം: ഭാര്യക്ക് ഇവ നേടിക്കൊടുക്കൽ ഭർത്താവിനു നിർബന്ധമാണ്. അല്ലാഹു പറഞ്ഞു:
وَٱلْوَٰلِدَٰتُ يُرْضِعْنَ أَوْلَٰدَهُنَّ حَوْلَيْنِ كَامِلَيْنِ ۖ لِمَنْ أَرَادَ أَن يُتِمَّ ٱلرَّضَاعَةَ ۚ وَعَلَى ٱلْمَوْلُودِ لَهُۥ رِزْقُهُنَّ وَكِسْوَتُهُنَّ بِٱلْمَعْرُوفِ ۚ
മാതാക്കൾ തങ്ങളുടെ സന്താനങ്ങൾക്ക് പൂർണമായ രണ്ടു കൊല്ലം മുലകൊടുക്കേണ്ടതാണ്. (കുട്ടിയുടെ) മുലകുടി പൂർണമാക്കണം എന്ന് ഉദ്ദേശിക്കുന്നവർക്കത്രെ ഇത്. അവർക്ക് (മുലകൊടുക്കുന്ന മാതാക്കൾക്ക്) മര്യാദയനുസരിച്ച് ഭക്ഷണവും വസ്ത്രവും നൽകേണ്ടത് കുട്ടിയുടെ പിതാവിന്റെ ബാധ്യതയാകുന്നു. (ഖുർആൻ:2/233)
ٱلرِّجَالُ قَوَّٰمُونَ عَلَى ٱلنِّسَآءِ بِمَا فَضَّلَ ٱللَّهُ بَعْضَهُمْ عَلَىٰ بَعْضٍ وَبِمَآ أَنفَقُوا۟ مِنْ أَمْوَٰلِهِمْ ۚ
പുരുഷൻമാർ സ്ത്രീകളുടെ മേൽ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരിൽ ഒരു വിഭാഗത്തിന് മറു വിഭാഗത്തെക്കാൾ അല്ലാഹു കൂടുതൽ കഴിവ് നൽകിയതുകൊണ്ടും (പുരുഷൻമാർ) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്. (ഖുർആൻ:4/34)
عن حكيم بن معاوية القشيري عن أبيه – رضي الله عنه – قال: قلت يا رسول الله ما حق الزوجة؟ فقال: أن تطعمها إذا طعمت، وأن تكسوها إذا اكتسيت.
ഹകീം ഇബ്നുമുആവിയ അൽക്വുശയ്രി തന്റെ പിതാവിൽനിന്ന് – رضي الله عنه – നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: ‘ഞാൻ ചോദിച്ചു: അല്ലാഹുവിന്റെ തിരുദൂതരേ, ഭാര്യയോടുള്ള കടമയെന്താണ്?’ തിരുമേനിﷺ പ്രതിവചിച്ചു: താങ്കൾ ഭക്ഷണം കഴിക്കുന്നുവെങ്കിൽ അവൾക്കും ഭക്ഷണം നൽകുക. താങ്കൾ വസ്ത്രം ധരിക്കുന്നുവെങ്കിൽ അവൾക്കും വസ്ത്രം നൽകുക. (അബൂദാവൂദ്, അഹ്മദ്, ഹാകിം)
തിരുദൂതരുടെ പ്രസംഗം ജാബിർ رضي الله عنه നിവേദനം ചെയ്തതിൽ ഇപ്രകാരമുണ്ട്:
ولهن عليكم رزقهن وكسوتهن بالمعروف
ന്യായമായ നിലയ്ക്ക് ഭാര്യമാർക്ക് ഭക്ഷണവും വസ്ത്രവും നൽകേണ്ടത് നിങ്ങളുടെ കടമയാണ്. (മുസ്ലിം)
3) സംയോഗത്തിലൂടെ ഭാര്യയെ പതിവ്രതയാക്കുക: ലൈംഗികവേഴ്ചയിൽ അവളുടെ താൽപര്യവും അവകാശവും വകവെച്ചുകൊണ്ടും കുഴപ്പത്തിന്റെ കവാടം അവൾക്കുനേരെ കൊട്ടിയടച്ചുകൊണ്ടുമാണത്. അല്ലാഹു പറഞ്ഞു:
فَإِذَا تَطَهَّرْنَ فَأْتُوهُنَّ مِنْ حَيْثُ أَمَرَكُمُ ٱللَّهُ ۚ
…എന്നാൽ അവർ ശുചീകരിച്ചു കഴിഞ്ഞാൽ അല്ലാഹു നിങ്ങളോട് കൽപിച്ച വിധ ത്തിൽ നിങ്ങൾ അവരുടെ അടുത്ത് ചെന്നുകൊള്ളുക… (ഖുർആൻ:2/222)
نِسَآؤُكُمْ حَرْثٌ لَّكُمْ فَأْتُوا۟ حَرْثَكُمْ أَنَّىٰ شِئْتُمْ ۖ
നിങ്ങളുടെ ഭാര്യമാർ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാൽ നിങ്ങളിച്ഛിക്കും വിധം നിങ്ങൾക്ക് നിങ്ങളുടെ കൃഷിയിടത്തിൽ ചെല്ലാവുന്നതാണ്. (ഖുർആൻ:2/223)
قَالَ رَسُولُ اللَّهِ صلى الله عليه وسلم :وفي بُضْع أحدكم صدقة.
തിരുദൂതർﷺ പറഞ്ഞു: നിങ്ങളിലൊരാൾ തന്റെ ഭാര്യയെ പ്രാപിക്കുന്നത് സ്വദക്വഃയാണ്. (മുസ്ലിം)
4) സൽപെരുമാറ്റവും ന്യായമായ ഇടപഴക്കവും: അല്ലാഹു പറഞ്ഞു:
وَعَاشِرُوهُنَّ بِٱلْمَعْرُوفِ
അവരോട് നിങ്ങൾ മര്യാദയോടെ സഹവർത്തിക്കേണ്ടതുമുണ്ട്. (ഖുർആൻ:4/19)
അതിനാൽ ഭർത്താവ് ഭാര്യയോട് സൽസ്വഭാവിയും ആർദ്രതയുള്ളവനും അവളിൽനിന്ന് തലപൊക്കുന്ന പ്രശ്നങ്ങളിൽ ക്ഷമാലുവും അവളെക്കുറിച്ച് സൽവിചാരമുള്ളവനുമായിരിക്കണം.
قَالَ رَسُولُ اللَّهِ صلى الله عليه وسلم :خيركم خيركم لأهله
തിരുദൂതർﷺ പറഞ്ഞു: നിങ്ങളിൽ ഏറ്റവും ഉത്തമൻ തന്റെ ഭാര്യയോട് ഉത്തമനായവനാണ്. (അഹ്മദ്, അബൂദാവൂദ്)
5) ഒന്നിലധികം ഭാര്യമാരുള്ളവർ ജീവിതച്ചെലവുകളിലും രാപാർക്കലിലും അവർക്കിടയിൽ നീതിയോടെ വർത്തിക്കൽ: അല്ലാഹു പറഞ്ഞു:
فَإِنْ خِفْتُمْ أَلَّا تَعْدِلُوا۟ فَوَٰحِدَةً
എന്നാൽ (അവർക്കിടയിൽ) നീതിപുലർത്താനാവില്ലെന്ന് നിങ്ങൾ ഭയപ്പെടുകയാണെങ്കിൽ ഒരുവളെ മാത്രം (വിവാഹം കഴിക്കുക). (ഖുർആൻ:4/3)
عن أنس رضي الله عنه قال: كان للنبي – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – تسع نسوة، فكان إذا قسم بينهن لا ينتهي إلى المرأة الأولى إلا في تسع …
അനസ് رضي الله عنه വിൽനിന്ന് നിവേദനം: തിരുനബിﷺക്ക് ഒമ്പതു ഭാര്യമാരുണ്ടായിരുന്നു. തിരുനബിﷺ തന്റെ രാവുകൾ അവർക്കിടയിൽ പങ്കുവെച്ചാൽ ഒമ്പതാമത്തെ ദിവസമല്ലാതെ ഒന്നാമത്തെ ഭാര്യയിലേക്ക് എത്തുമായിരുന്നില്ല. (മുസ്ലിം)
ഭർത്താവിന്റെ അവകാശങ്ങൾ
ഭാര്യക്ക് ഭർത്താവിനോടുള്ള കടമകൾ അവളോടുള്ള കടമകളെക്കാൾ മഹത്തരമാണ്. അല്ലാഹു പറഞ്ഞു:
وَلِلرِّجَالِ عَلَيْهِنَّ دَرَجَةٌ ۗ
പുരുഷന്മാര്ക്ക് അവരെക്കാള്‍ ഉപരി ഒരു പദവിയുണ്ട്. (ഖുർആൻ:2/228)
قَالَ رَسُولُ اللَّهِ صلى الله عليه وسلم :لو كنت آمراً أحداً أن يسجد لأحد، لأمرت المرأة أن تسجد لزوجها، ولا تؤدي المرأة حق الله عز وجل عليها كله، حتى تؤدي حق زوجها عليها كله
തിരുനബിﷺ പറഞ്ഞു: ഒരാൾ മറ്റൊരാൾക്ക് സുജൂദു ചെയ്യണമെന്ന് കൽപിക്കുന്നവനായിരുന്നു ഞാനെങ്കിൽ ഒരു സ്ത്രീ തന്റെ ഭർത്താവിനു സുജൂദു ചെയ്യുവാൻ ഞാൻ കൽപിക്കുമായിരുന്നു. ഭർത്താവിനുള്ള കടമകൾ മുഴുവനും ഒരു സ്ത്രീ നിർവഹിക്കുന്നതുവരെ അല്ലാഹുവിനുള്ള തന്റെ കടമകൾ മുഴുവനും അവൾ നിവഹിച്ചവളാവുകയില്ല. (ഇബ്നുമാജ, ബൈഹഖി)
ഭാര്യക്ക് ഭർത്താവിനോടുള്ള കടമകൾ
1) ഭർത്താവിന്റെ രഹസ്യം സൂക്ഷിക്കലും പരസ്യപ്പെടുത്താതിരിക്കലും:
ﻓَﭑﻟﺼَّٰﻠِﺤَٰﺖُ ﻗَٰﻨِﺘَٰﺖٌ ﺣَٰﻔِﻈَٰﺖٌ ﻟِّﻠْﻐَﻴْﺐِ ﺑِﻤَﺎ ﺣَﻔِﻆَ ٱﻟﻠَّﻪُ ۚ
അതിനാല്‍ നല്ലവരായ സ്ത്രീകള്‍ അനുസരണശീലമുള്ളവരും, അല്ലാഹു സംരക്ഷിച്ച പ്രകാരം (പുരുഷന്മാരുടെ) അഭാവത്തില്‍ (സംരക്ഷിക്കേണ്ടതെല്ലാം) സംരക്ഷിക്കുന്നവരുമാണ്. (ഖുർആൻ:4/34)
2) നന്മയിൽ നിർബന്ധമായും അനുസരിക്കൽ:
ٱﻟﺮِّﺟَﺎﻝُ ﻗَﻮَّٰﻣُﻮﻥَ ﻋَﻠَﻰ ٱﻟﻨِّﺴَﺎٓءِ
പുരുഷന്മാര് സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. (ഖുർആൻ:4/34)
3) കിടപ്പറയിലേക്കു ശയനത്തിനു ക്ഷണിച്ചാൽ മതപരമായ വിലക്കില്ലെങ്കിൽ അവസരമേകൽ:
قَالَ رَسُولُ اللَّهِ صلى الله عليه وسلم :إذا دعا الرجل امرأته إلى فراشه، فأبت أن تجيء، فبات غضبان عليها، لعنتها الملائكة حتى تصبح
തിരുനബിﷺ പറഞ്ഞു: ഒരു സ്ത്രീയെ അവളുടെ ഭർത്താവ് തന്റെ ശയ്യയിലേക്ക് ക്ഷണിച്ചിട്ട് അവൾ ചെല്ലാൻ വിസമ്മതിക്കുകയും അയാൾ ആ രാത്രി കോപിഷ്ഠനായി കഴിയുകയും ചെയ്താൽ പുലരുന്നതുവരെ മലക്കുകൾ അവളെ ശപിക്കുന്നതാണ്. (ബുഖാരി, മുസ്ലിം)
4) ഭർത്താവിന്റെ വീട്, സമ്പത്ത്, സന്താനങ്ങൾ എന്നിവ കാത്തുസൂക്ഷിക്കലും സന്താനങ്ങളെ നല്ലനിലയിൽ പരിചരിക്കലും:
قَالَ رَسُولُ اللَّهِ صلى الله عليه وسلم :كلكم راع وكلكم مسؤول عن رعيته … والمرأة راعية في بيت زوجها، وهي مسؤولة عن رعيتها
തിരുനബിﷺ പറഞ്ഞു: നിങ്ങളെല്ലാവരും പ്രജാധിപന്മാരാണ്. തന്റെ പ്രജയെ കുറിച്ച് ചോദിക്കപ്പെ ടുന്നവരുമാണ്….സ്ത്രീ ഭർതൃവീടിന്റെയും സന്താനങ്ങളുടെയും മേൽനോട്ടക്കാരിയാണ്. അവൾ അവരെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നവളാണ്. (ബുഖാരി, മുസ്ലിം)
قَالَ رَسُولُ اللَّهِ صلى الله عليه وسلم :ولكم عليهن أن لا يُوْطئن فرشكم أحداً تكرهونه
തിരുനബിﷺ പറഞ്ഞു: നിങ്ങൾ അനിഷ്ടരാകുന്ന ആരെയും നിങ്ങളുടെ വിരിപ്പിൽ ചവിട്ടിക്കാതിരിക്കുകയെന്നത് ഭാര്യമാരുടെമേൽ നിങ്ങൾക്കുള്ള കടമയാകുന്നു. (മുസ്ലിം)
5) മാന്യമായ സമ്പർക്കവും സൽസ്വഭാവവും ഭർത്താവിൽനിന്ന് ദ്രോഹം ചെറുക്കലും:
قَالَ رَسُولُ اللَّهِ صلى الله عليه وسلم :لا تؤذي امرأة زوجها في الدنيا إلا قالت زوجته من الحور العين: لا تؤذيه قَاتَلَكِ الله، فإنما هو دخيل يوشك أن يفارقك إلينا
തിരുനബിﷺ പറഞ്ഞു: ഭൗതികലോകത്ത് ഒരു സ്ത്രീ തന്റെ ഭർത്താവിനെ ദ്രോഹിച്ചാൽ ഹൂറുൽ ഈനിലെ അയാളുടെ ഇണ പറയുകതന്നെ ചെയ്യും: ‘നീ അദ്ദേഹത്തെ ദ്രോഹിക്കാതെ. അല്ലാഹു നിന്നെ ശപിക്കട്ടെ. അദ്ദേഹം നിന്റെ അടുക്കൽ വന്നിറങ്ങിയ അതിഥി മാത്രമാണ്. അദ്ദേഹം നിന്നോട് വിടചൊല്ലി ഞങ്ങളിലേക്ക് എത്തിപ്പെടാറായി. (അഹ്മദ്, ഇബ്നുമാജ)
ഭാര്യാഭർത്താക്കന്മാർ പങ്കാളികളാകുന്ന കടമകൾ
മുകളിൽ പ്രതിപാദിച്ച മിക്ക അവകാശങ്ങളും ഭാര്യാഭർത്താക്കന്മാർക്കിടയിൽ പങ്കാളിത്തമുള്ളവയാകുന്നു. വിശിഷ്യാ സുഖം പങ്കിടലും അതോടൊന്നിച്ചുള്ള കടമകളും. ഇപ്രകാരമാണ് ഭാര്യാഭർത്താക്കന്മാരിൽ ഓരോരുത്തരും തന്റെ ഇണയോട് സ്വഭാവം നന്നാക്കുകയെന്നതും ഇണയിൽനിന്നുണ്ടാകുന്ന പ്രയാസം സഹിക്കുകയെന്നതും മാന്യമായി പെരുമാറുകയെന്നതും. ഇണയുടെ അവകാശം വകവെക്കുന്നതിൽ അമാന്തിക്കുവാനോ കടമ നിർവഹിക്കുന്നതിൽ നീരസം പ്രകടിപ്പിക്കുവാനോ പാടുള്ളതല്ല. ചെയ്ത നന്മ എടുത്തു പറയുകയോ ശല്യപ്പെടുത്തുകയോ അരുത്.
وَلَهُنَّ مِثْلُ ٱلَّذِى عَلَيْهِنَّ بِٱلْمَعْرُوفِ ۚ
സ്ത്രീകള്‍ക്ക് (ഭര്ത്താക്കന്മാരോട്) ബാധ്യതകള്‍ ഉള്ളതുപോലെ തന്നെ ന്യായപ്രകാരം അവര്‍ക്ക് അവകാശങ്ങള്‍ കിട്ടേണ്ടതുമുണ്ട്. (ഖുർആൻ:2/228)
ഭാര്യയോട് അനിഷ്ടകരമായ അവസ്ഥയാണെങ്കിൽ പോലും അവളെ നിലനിർത്തൽ ഭർത്താവിനു സുന്നത്താകുന്നു. അല്ലാഹു പറഞ്ഞു:
وَعَاشِرُوهُنَّ بِٱلْمَعْرُوفِ ۚ فَإِن كَرِهْتُمُوهُنَّ فَعَسَىٰٓ أَن تَكْرَهُوا۟ شَيْـًٔا وَيَجْعَلَ ٱللَّهُ فِيهِ خَيْرًا كَثِيرًا
അവരോട് നിങ്ങൾ മര്യാദയോടെ സഹവർത്തിക്കേണ്ടതുമുണ്ട്. ഇനി നിങ്ങൾക്കവരോട് വെറുപ്പ് തോന്നുന്ന പക്ഷം (നിങ്ങൾ മനസ്സിലാക്കുക) നിങ്ങളൊരു കാര്യം വെറുക്കുകയും അതേകാര്യത്തിൽ അല്ലാഹു ധാരാളം നന്മ നിശ്ചയിക്കുകയും ചെയ്തെന്നുവരാം. (ഖുർആൻ:4/19)
ഒരു സംഘം പണ്ഡിതന്മാർ രചിച്ച الفقه الميسر في ضوء الكتاب والسنة എന്ന ഗ്രന്ഥത്തിൽനിന്നുമെടുത്തത്
വിവര്‍ത്തനം : അബ്ദുൽ ജബ്ബാർ മദീനി
www.kanzululoom.com