മനുഷ്യരിലെ വര്‍ണ വൈവിധ്യങ്ങളെ കുറിച്ച് അല്ലാഹു പറയുന്നു:
وَمِنْ ءَايَٰتِهِۦ خَلْقُ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَٱخْتِلَٰفُ أَلْسِنَتِكُمْ وَأَلْوَٰنِكُمْ ۚ إِنَّ فِى ذَٰلِكَ لَـَٔايَٰتٍ لِّلْعَٰلِمِينَ
ആകാശഭൂമികളുടെ സൃഷ്ടിയും, നിങ്ങളുടെ ഭാഷകളിലും വര്‍ണങ്ങളിലുമുള്ള വ്യത്യാസവും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ അറിവുള്ളവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്. (ഖുർആൻ:30/22)
ഒരേ മാതാപിതാക്കളില്‍നിന്ന് ഉത്ഭവിച്ച മനുഷ്യന്‍ പെറ്റുപെരുകി ഇന്നു ഭൂലോകം മുഴുവനും വ്യാപിച്ചു കിടക്കുന്നു. അവരുടെയൊക്കെ വര്‍ണം അത്യന്തം വ്യത്യസ്തമാകുന്നു. എത്രത്തോളമെന്നാല്‍, വ്യത്യസ്ത സമൂഹങ്ങളുടേതുപോകട്ടെ, ഒരേ മാതാപിതാക്കളുടെ രണ്ട് മക്കളുടെ വര്‍ണങ്ങള്‍പോലും തികച്ചും ഒരുപോലെയാകുന്നില്ല. മനുഷ്യരിൽ മാത്രമല്ല വര്‍ണ വൈവിധ്യങ്ങളുള്ളത്. ഭൂമിയിലെ സസ്യവര്‍ഗ്ഗങ്ങളിലും, ജീവവര്‍ഗ്ഗങ്ങളിലും ജന്തുജാലങ്ങളിലുമൊക്കെയും വര്‍ണ വൈവിധ്യങ്ങളുണ്ട്. അല്ലാഹു പറയുന്നു:
وَمَا ذَرَأَ لَكُمْ فِى ٱلْأَرْضِ مُخْتَلِفًا أَلْوَٰنُهُۥٓ ۗ إِنَّ فِى ذَٰلِكَ لَـَٔايَةً لِّقَوْمٍ يَذَّكَّرُونَ
നിങ്ങള്‍ക്ക് വേണ്ടി ഭൂമിയില്‍ വ്യത്യസ്ത വര്‍ണങ്ങളില്‍ അവന്‍ സൃഷ്ടിച്ചുണ്ടാക്കിതന്നിട്ടുള്ളവയും (അവന്‍റെ കല്‍പനയ്ക്ക് വിധേയം തന്നെ.) ആലോചിച്ച് മനസ്സിലാക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്. (ഖുർആൻ:16/13)
‘വ്യത്യസ്ത വര്‍ണ്ണങ്ങളായി നിങ്ങള്‍ക്കുവേണ്ടി ഭൂമിയില്‍ സൃഷ്ടിച്ചിട്ടുള്ളവ’ എന്നു പറഞ്ഞതില്‍, മനുഷ്യനു ഉപകാരപ്രദമായി ഈ ഭൂമിയില്‍ നിലവിലുള്ള സസ്യവര്‍ഗ്ഗങ്ങളും, ജീവവര്‍ഗ്ഗങ്ങലുമടക്കം എല്ലാ ഇനത്തിലും പെട്ട ഭൂവിഭവങ്ങള്‍ ഉള്‍പ്പെടുന്നു. (അമാനി തഫ്സീര്‍)
وَمِنَ ٱلنَّاسِ وَٱلدَّوَآبِّ وَٱلْأَنْعَٰمِ مُخْتَلِفٌ أَلْوَٰنُهُۥ كَذَٰلِكَ ۗ إِنَّمَا يَخْشَى ٱللَّهَ مِنْ عِبَادِهِ ٱلْعُلَمَٰٓؤُا۟ ۗ إِنَّ ٱللَّهَ عَزِيزٌ غَفُورٌ
മനുഷ്യരിലും മൃഗങ്ങളിലും കന്നുകാലികളിലും അതുപോലെ വിഭിന്ന വര്‍ണങ്ങളുള്ളവയുണ്ട്. അല്ലാഹുവെ ഭയപ്പെടുന്നത് അവന്‍റെ ദാസന്‍മാരില്‍ നിന്ന് അറിവുള്ളവര്‍ മാത്രമാകുന്നു. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു. (ഖുർആൻ:35/28)
മനുഷ്യർക്കും മൃഗങ്ങൾക്കും ജീവികൾക്കും ഇടയിൽ പലതരം ഉണ്ട്; നിറങ്ങൾ, ഇനങ്ങൾ. കണ്ണുകൾക്ക് കാണാവുന്ന രൂപങ്ങൾ. ഇവയുടെയെല്ലാമാകട്ടെ അടിസ്ഥാനവും അവ നിർമിക്കപ്പെട്ട ധാതുവും ഒന്നാണ്. എന്നിട്ടും ഇവ തമ്മിലുള്ള വ്യത്യാസം അല്ലാഹുവിന്റെ ദൈവികമായ ഹിതങ്ങളാണ്. ബുദ്ധിപരമായ തെളിവാണിത്. ഓരോന്നിനും അവൻ പ്രത്യേകം പ്രത്യേകം ഗുണങ്ങളും നിറങ്ങളും നൽകി അവയെ അങ്ങനെ സൃഷ്ടിച്ചു എന്നത് അവന്റെ കഴിവിനെയും ശക്തിയെയും തെളിയിക്കുന്നു. അവന്റെ കരുണയും യുക്തിയും മറ്റൊരു തെളിവാണ്. ഈ വൈജാത്യങ്ങളിൽ കാണുന്ന ചില പ്രയോജനങ്ങൾ; വഴിയറിയാനും മനുഷ്യർക്ക് പരസ്പരം തിരിച്ചറിയാനും ഇതുമൂലം സാധിക്കും. അല്ലാഹുവിന്റെ വിശാലമായ അറിവിനും ഇത് തെളിവാകുന്നു. ക്വബ്‌റിലുള്ളവരെ അവൻ ഉയിർത്തെഴുന്നേൽപ്പിക്കുമെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.
എന്നാൽ അശ്രദ്ധനായവൻ ഇതിനെയും ഇതുപോലുള്ള കാര്യങ്ങളെയും അശ്രദ്ധമായാണ് കാണുന്നത്. അവനിൽ അത് യാതൊരു ചിന്തയും ഉണ്ടാക്കുന്നില്ല. മറിച്ച് അതിൽ നിന്ന് പ്രയോജനം നേടുന്നവൻ അല്ലാഹുവിനെ ഭയപ്പെടുന്നവരാണ്. അതിലുള്ള യുക്തി അവൻ ശരിയായ ചിന്തയിലൂടെ മനസ്സിലാക്കുന്നു. അതാണ് അല്ലാഹു പറയുന്നത്: {അല്ലാഹുവിനെ ഭയപ്പെടുന്നവർ അവന്റെ ദാസന്മാരിൽനിന്ന് അറിവുള്ളവർ മാത്രമാണ്}(തഫ്സീറുസ്സഅ്ദി)
www.kanzululoom.com