മുലപ്പാലും മുലയൂട്ടലും

മാതാവിന്, തന്റെ ജനിച്ച കുഞ്ഞിന് പകര്‍ന്ന് നല്‍കാനാകുന്ന അമൃതമാണ് മുലപ്പാല്‍. ജനിച്ച ഉടനെ കുഞ്ഞിന് നല്‍കാന്‍ മുലപ്പാലോളം പോഷക സമൃദ്ധമായ മറ്റൊരു പ്രകൃതിദത്ത ഭക്ഷണം ലോകത്തെവിടെയും ലഭ്യമില്ല. നവജാത ശിശുവിന് ഇതിലേറെ സുരക്ഷിതവും സമ്പൂര്‍ണവുമായ മറ്റൊരാഹാരവുമില്ല. മറ്റു ഭക്ഷ്യവസ്തുക്കള്‍ കഴിക്കാനുള്ള പല്ലുകളും ദഹിക്കാനുള്ള സംവിധാനവും ഇല്ലാത്ത നവാഗതശിശുവിന് ഏറ്റവും അനുയോജ്യമായ ആഹാരമാണ് മുലപ്പാല്‍. ഇളം മഞ്ഞനിറമുള്ള ആദ്യത്തെ ദിവസങ്ങളില്‍ ചുരത്തുന്ന ‘മഞ്ഞപ്പാല്‍’ (Colostrum) പോഷക സമ്പുഷ്ടമാണ്. സ്വയം രോഗപ്രതിരോധ ശേഷി കൈവരിക്കാന്‍ സമയമായിട്ടില്ലാത്തത് കൊണ്ട് കുഞ്ഞിന്റെ രോഗപ്രതിരോധ ശക്തിക്കാവശ്യമായ എല്ലാതരം പ്രോട്ടീനുകളും എന്‍സൈമുകളും ഇതില്‍ അടങ്ങിയിരിക്കുന്നു. ജനിച്ച ആദ്യമാസങ്ങളിലെ വയറിളക്കം, ശ്വാസകോശത്തിലെ അണുബാധകള്‍ എന്നിവയില്‍ നിന്നെല്ലാം സംരക്ഷണം നല്‍കാന്‍ അല്ലാഹു ഒരുക്കിയ മഹത്തായ ഈ സംവിധാനം വലിയൊരു അത്ഭുതം തന്നെയാണ്.

ജനിച്ച് ആറുമാസം വരെ മുലപ്പാല്‍ മാത്രമെ നല്‍കാവൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പ്രസവിച്ച് അരമണിക്കൂറിനുള്ളിലും സിസേറിയനാണെങ്കില്‍ ഒരു മണിക്കൂറിനുള്ളിലും പാലൂട്ടാമെന്ന് പറയുന്നു. ഗര്‍ഭപാത്രം വേഗത്തില്‍ ചുരുങ്ങുന്നതിനും രക്തസ്രാവം കുറക്കുന്നതിനും നേരത്തെയുള്ള മുലയൂട്ടല്‍ സഹായകമാണ്. ആദ്യമാസങ്ങളില്‍ കുഞ്ഞ് കൂടുതലും ഉറങ്ങുന്നത് കൊണ്ട് 2-3 മണിക്കൂര്‍ ഇടവിട്ട് (ദിവസത്തില്‍ 8 – 12 തവണ) മുലയൂട്ടണം. പാല്‍ കുറവാണെന്ന് തോന്നിയാലും നിര്‍ബന്ധമായും മുലകൊടുക്കണം. കാരണം കുട്ടി കുടിക്കുന്നതിനനുസരിച്ചാണ് പാലുല്‍പാദനം നടക്കുന്നത്.

മുലയൂട്ടുന്നത് കുഞ്ഞിന് മാത്രമല്ല മാതാവിനും ഏറെ ഗുണകരമാണ്. സ്തനാര്‍ബുദവും ഗള്‍ഭാശയാര്‍ബുദവും ചെറുക്കാനും  അണ്ഡവിസര്‍ജനത്തെ വൈകിപ്പിക്കുന്നത് വഴി ഒരു പരിധിവരെ അടുത്ത ഗര്‍ഭധാരണത്തെ വൈകിപ്പിക്കാനും കൃത്യമായ മുലയൂട്ടല്‍ കൊണ്ട് സാധ്യമാവും. രണ്ട് വര്‍ഷമെങ്കിലും കൃത്യമായി മുലയൂട്ടുന്നത് അമ്മയുടെ ശരീരഭാരം ഗര്‍ഭത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചെത്തിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നു. രണ്ട് വര്‍ഷമെങ്കിലും മുലയൂട്ടണമെന്നാണ് ലോകാരോഗ്യ സംഘടന ഇപ്പോള്‍ പറയുന്നത്. ഇത് തന്നെയാണ് 14 നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വിശുദ്ധ ക്വുര്‍ആന്‍ പഠിപ്പിച്ചത്.

وَٱلْوَٰلِدَٰتُ يُرْضِعْنَ أَوْلَٰدَهُنَّ حَوْلَيْنِ كَامِلَيْنِ ۖ لِمَنْ أَرَادَ أَن يُتِمَّ ٱلرَّضَاعَةَ ۚ

മാതാക്കള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് പൂര്‍ണ്ണമായ രണ്ടു കൊല്ലം മുലകൊടുക്കേണ്ടതാണ്‌. (കുട്ടിയുടെ) മുലകുടി പൂര്‍ണ്ണമാക്കണം എന്ന് ഉദ്ദേശിക്കുന്നവര്‍ക്കത്രെ ഇത്‌. (ഖുര്‍ആൻ:2/233)

മുലയൂട്ടുന്ന മനുഷ്യേതര ജീവികളുടെ മുലപ്പാലില്‍ നിന്ന് പലതുകൊണ്ടും വ്യത്യസ്തമാണ് മനുഷ്യന്റെ മുലപ്പാല്‍. ആനയെ പോലുള്ള വലിയ ജീവികളുടെ മുലപ്പാലില്‍ ശാരീരിക വളര്‍ച്ചക്ക് ഉപയുക്തമായ ഘടകങ്ങളാണ് കൂടുതല്‍ അടങ്ങിയിട്ടുള്ളതെങ്കില്‍ സ്ത്രീയുടെ മുലപ്പാല്‍ തലയും തലച്ചോറും കൂടുതല്‍ വളരാന്‍ ആവശ്യമായ മൂലകങ്ങളും ഘടകങ്ങളുമടങ്ങിയതാണെന്നറിയുമ്പോഴാണ് മുലയൂട്ടലിന്റെ പ്രാധാന്യവും സ്രഷ്ടാവിന്റെ കാരുണ്യവും ഒരുപോലെ നമുക്കുള്‍ക്കൊള്ളാന്‍ കഴിയുക.

മാതൃത്വത്തിന്റെ അണമുറിയാത്ത, മുറിക്കാന്‍ കഴിയാത്ത ബന്ധത്തിന്റെ അടയാളം കൂടിയാണ് മുലയൂട്ടല്‍. മുലപ്പാല്‍ കുഞ്ഞിന് പോഷകമാവുന്നത് പോലെ, മുലയൂട്ടുന്ന മാതാവില്‍നിന്ന് കുഞ്ഞിലേക്ക് സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും കാരുണ്യത്തിന്റെയും വികാരമാണ് പ്രസരിക്കുന്നത്. ലോകാവസാനത്തിന്റെ ഭീകരത മനുഷ്യന് ബോധ്യപ്പെടുത്താന്‍ അല്ലാഹു എടുത്തു കാണിക്കുന്ന വിവിധ രംഗങ്ങളില്‍ ഒന്ന് മുലയൂട്ടുന്ന മാതാവ് തന്റെ കുഞ്ഞിനെക്കുറിച്ച് അശ്രദ്ധയിലായിപ്പോകുമെന്നാണ്.

يَٰٓأَيُّهَا ٱلنَّاسُ ٱتَّقُوا۟ رَبَّكُمْ ۚ إِنَّ زَلْزَلَةَ ٱلسَّاعَةِ شَىْءٌ عَظِيمٌ ‎﴿١﴾‏ يَوْمَ تَرَوْنَهَا تَذْهَلُ كُلُّ مُرْضِعَةٍ عَمَّآ أَرْضَعَتْ وَتَضَعُ كُلُّ ذَاتِ حَمْلٍ حَمْلَهَا وَتَرَى ٱلنَّاسَ سُكَٰرَىٰ وَمَا هُم بِسُكَٰرَىٰ وَلَٰكِنَّ عَذَابَ ٱللَّهِ شَدِيدٌ ‎﴿٢﴾

മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക, തീര്‍ച്ചയായും ആ അന്ത്യസമയത്തെ പ്രകമ്പനം ഭയങ്കരമായ ഒരു കാര്യം തന്നെയാകുന്നു. നിങ്ങള്‍ അത് കാണുന്ന ദിവസം ഏതൊരു മുലകൊടുക്കുന്ന മാതാവും താന്‍ മുലയൂട്ടുന്ന കുഞ്ഞിനെപ്പറ്റി അശ്രദ്ധയിലായിപ്പോകും. ഗര്‍ഭവതിയായ ഏതൊരു സ്ത്രീയും തന്‍റെ ഗര്‍ഭത്തിലുള്ളത് പ്രസവിച്ചു പോകുകയും ചെയ്യും. ജനങ്ങളെ മത്തുപിടിച്ചവരായി നിനക്ക് കാണുകയും ചെയ്യാം. (യഥാര്‍ത്ഥത്തില്‍) അവര്‍ ലഹരി ബാധിച്ചവരല്ല.പക്ഷെ, അല്ലാഹുവിന്‍റെ ശിക്ഷ കഠിനമാകുന്നു. (ഖുര്‍ആൻ:22/1-2)

മുലയൂട്ടുന്ന മാതാവിന്റെയും തന്റെ കുഞ്ഞിന്റെയും ഇടയില്‍ വളര്‍ന്ന് പന്തലിക്കുന്ന ആത്മ ബന്ധത്തിന്റെ ശക്തി മനസ്സിലാക്കാന്‍ ഇതിലും വലിയ ഒരു ഉദാഹരണമില്ല.

നാട്ടില്‍ സുരക്ഷിതത്വം പൂര്‍ണമായി നഷ്ടപ്പെടുകയും ജനിക്കുന്ന ആണ്‍കുഞ്ഞുങ്ങളെ പിടിച്ച് കൊന്നുകളയുകയും ചെയ്യുന്ന അതിഭീകരമായ ഒരു ചുറ്റുപാട് നിലനിന്ന ഫറോവയുടെ ഭരണകാലത്ത് മൂസാ عليه السلام യെ സുരക്ഷിതമാക്കാന്‍ അല്ലാഹു ഏര്‍പെടുത്തിയ സംവിധാനത്തെ കുറിച്ച് നാം വിശുദ്ധ ക്വുര്‍ആനില്‍ വായിക്കുന്നുണ്ട്. കുട്ടിയെ പെട്ടിയിലാക്കി അല്ലാഹുവിന്റെ കല്‍പന ശിരസ്സാവഹിച്ച് നൈലിന്റെ ഒഴുക്കിലേക്ക് വെച്ചുകൊടുക്കുന്നു. സംരക്ഷണം അല്ലാഹു ഏറ്റെടുക്കുന്നു. ആ കുഞ്ഞിന് മാതാവിന്റെ മുലപ്പാല്‍ തന്നെ ലഭിക്കാനുള്ള അവസരം അല്ലാഹു ഒരുക്കിവെക്കുന്നു! സ്വന്തം മാതാവിന്റെ മുലപ്പാല്‍ കിട്ടാനുള്ള അവസരം നഷ്ടമാക്കിക്കൂടാ എന്നര്‍ഥം. മറ്റൊന്നും അതിന് പകരമാകില്ല. കാരണം അല്ലാഹു അതില്‍ ഭൗതികവും ആത്മീയവുമായി നമുക്കറിയുന്നതും അറിയാത്തതുമായ പലതും ഒളിപ്പിച്ച് വെച്ചിട്ടുണ്ട്.

ഗാമിദിയാ ഗോത്രത്തിലെ ഒരു സ്ത്രീ വ്യഭിചാരക്കുറ്റം സ്വയം ഏറ്റുപറഞ്ഞ് ശിക്ഷ ചോദിച്ചുവാങ്ങിയ സംഭവം ഇസ്ലാമിക ചരിത്രത്തിൽ കാണാം. അന്നേരം അവര്‍ ഗര്‍ഭിണിയായിരുന്നു. നബി ﷺ അവരോട് പ്രസവം കഴിഞ്ഞ് വരാന്‍ പറഞ്ഞു. പ്രസവാനന്തരം കുഞ്ഞിനെയുംകൊണ്ട് വന്ന് തന്റെ ശിക്ഷ നടപ്പാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ തിരിച്ച് പോയി മറ്റു ഭക്ഷണം കഴിക്കാന്‍ ആകുന്നതുവരെ കുഞ്ഞിന് മുലയൂട്ടുവാനാണ് നബി ﷺ കല്‍പിച്ചത്.

കുട്ടിക്ക് രണ്ട് വയസ്സ് തികയുന്നതിന് മുമ്പ് മുലകുടി നിർത്താൻ പാടുണ്ടോ?

ശൈഖ് അസീസ് ഫർഹാൻ അൽ അനസി حَفِظَهُ اللَّهُ പറയുന്നു: വിശുദ്ധഖുർആനിൽ അല്ലാഹു പറയുന്നു: “മാതാക്കള്‍ തങ്ങളുടെ മക്കളെ രണ്ടുവര്‍ഷം ‎പൂര്‍ണമായും മുലയൂട്ടണം. മുലകുടികാലം ‎ പൂർത്തീകരിക്കണമെന്ന് ഉദ്ദേശിക്കുന്നു എങ്കിലാണിത്.” (ഖു൪ആന്‍ :2/233)

‘മുലകുടികാലം ‎ പൂർത്തീകരിക്കണമെന്ന് ഉദ്ദേശിക്കുന്നുവെങ്കിലാണിത്’ എന്ന പ്രയോഗം, രണ്ട് വയസിന് മുമ്പ് മുലകുടി നിർത്താമെന്നതിന് തെളിവാണ്. പക്ഷേ, അങ്ങനെ നിർത്തണമെങ്കിൽ രണ്ട് നിബന്ധനയുണ്ട്. ഒന്നാമത്തെ നിബന്ധന: കുട്ടിക്ക് പ്രയാസമുണ്ടാകരുത്. അപ്പോൾ, മുലപ്പാലിന് പകരം പാലോ അല്ലെങ്കിൽ, ഡോക്ടർ നിർദ്ദേശിക്കുന്ന വല്ലതോ ഉണ്ടാവണം. രണ്ടാമത്തെ നിബന്ധന: കുട്ടിയുടെ ഉമ്മയുടെയും ഉപ്പയുടെയും സംതൃപ്തിയുണ്ടാവണം. ഏതെങ്കിലുമൊരാൾക്ക് കുട്ടിയുടെ മുലകുടി നിർത്താൻ സമ്മതമല്ലെങ്കിൽ നിർത്താൻ പറ്റില്ല. (https://youtu.be/9uOe0_ec8bQ)

ഇത് മുലകുടി നിർത്താനുള്ള പ്രോത്സാഹനമല്ല.മറിച്ച്, നിർത്തേണ്ട ആവശ്യം വരികയാണെങ്കിൽ, അങ്ങനെ ചെയ്യാമെന്ന് മാത്രം.

പൂര്‍ണമായ രണ്ട് കൊല്ലമാണ് മുലകുടിയുടെ കാലം. മൂന്നോ നാലോ മാസം കഴിയുമ്പോള്‍ മുലപ്പാലിന് പുറമെ മറ്റു ഭക്ഷണങ്ങളും കുറേശ്ശെ കുട്ടി കഴിക്കുമെങ്കിലും അക്കാലത്ത് മുലപ്പാലിന്‍റെ ആവശ്യം കുട്ടിക്ക് ഇല്ലാതാകുന്നില്ല എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. ആരോഗ്യശാസ്ത്രം മറ്റാരെക്കാളും അറിയുക അല്ലാഹുവിനാണല്ലോ. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 2/233 ന്റെ വിശദീകരണം)

കുട്ടിയുടെ മാതാപിതാക്കളുടെ സമ്മതത്തോടെ മുലകുടി നിർത്തുന്നതിനെ പറ്റി ഖുർആൻ പറയുന്നു:

فَإِنْ أَرَادَا فِصَالًا عَن تَرَاضٍ مِّنْهُمَا وَتَشَاوُرٍ فَلَا جُنَاحَ عَلَيْهِمَا

ഇനി അവര്‍ ഇരുവരും തമ്മില്‍ കൂടിയാലോചിച്ച് തൃപ്തിപ്പെട്ടുകൊണ്ട് (കുട്ടിയുടെ) മുലകുടി നിര്‍ത്താന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവര്‍ ഇരുവര്‍ക്കും കുറ്റമില്ല; (ഖുര്‍ആൻ:2/233)

അനിവാര്യമെങ്കില്‍ മറ്റൊരു സ്ത്രീയെകൊണ്ട് കുഞ്ഞിന് മുലകൊടുപ്പിക്കാം.

وَإِنْ أَرَدتُّمْ أَن تَسْتَرْضِعُوٓا۟ أَوْلَٰدَكُمْ فَلَا جُنَاحَ عَلَيْكُمْ إِذَا سَلَّمْتُم مَّآ ءَاتَيْتُم بِٱلْمَعْرُوفِ

ഇനി നിങ്ങളുടെ കുട്ടികള്‍ക്ക് (മറ്റാരെക്കൊണ്ടെങ്കിലും) മുലകൊടുപ്പിക്കാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിലും നിങ്ങള്‍ക്ക് കുറ്റമില്ല; (ആ പോറ്റമ്മമാര്‍ക്ക്‌) നിങ്ങള്‍ നല്‍കേണ്ടത് മര്യാദയനുസരിച്ച് കൊടുത്തു തീര്‍ക്കുകയാണെങ്കില്‍. (ഖുര്‍ആൻ:2/233)

മുലയൂട്ടലാകുന്ന മഹനീയ ദൗത്യം നിര്‍വഹിക്കുന്ന അന്യയായ ആ സ്ത്രീയെ ഇസ്‌ലാം തന്മൂലം യഥാര്‍ഥ മാതാവിന്റെ സ്ഥാനത്തേക്കുയര്‍ത്തുന്നു. രക്തബന്ധം പോലെ ആ ബന്ധത്തെ പവിത്രമാക്കുന്നു. മാതാവിന്റെ മഹാദൗത്യം നിര്‍വഹിച്ചതിനാല്‍ അവര്‍ മാതാവും അവരുടെ മക്കള്‍ വിവാഹബന്ധം പാടില്ലാത്ത വിധം സഹോദര – സഹോദരിമാരും ആയിത്തീരുകയും ചെയ്യുന്നു. അഥവാ ഇസ്‌ലാം അവര്‍ക്ക് ആ പദവി നല്‍കുന്നു.

حُرِّمَتْ عَلَيْكُمْ أُمَّهَٰتُكُمْ وَبَنَاتُكُمْ وَأَخَوَٰتُكُمْ وَعَمَّٰتُكُمْ وَخَٰلَٰتُكُمْ وَبَنَاتُ ٱلْأَخِ وَبَنَاتُ ٱلْأُخْتِ وَأُمَّهَٰتُكُمُ ٱلَّٰتِىٓ أَرْضَعْنَكُمْ وَأَخَوَٰتُكُم مِّنَ ٱلرَّضَٰعَةِ

…… നിങ്ങളെ മുലകുടിപ്പിച്ച പോറ്റമ്മമാര്‍, മുലകുടി മുഖേനയുള്ള നിങ്ങളുടെ സഹോദരിമാര്‍ (അവരെ വിവാഹം ചെയ്യല്‍) നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. (ഖു൪ആന്‍ :4/23)

മുലകുടിയുടെ കാലം രണ്ടു കൊല്ലമാണെന്ന് നിശ്ചയിക്കപ്പെട്ടതില്‍ നിന്ന് മറ്റൊരുകാര്യം കൂടി ഗ്രഹിക്കുവാന്‍ കഴിയും. മുലകൊടുക്കുന്നത് കുട്ടിയുടെ യഥാര്‍ത്ഥ മാതാവല്ലാത്ത മറ്റുവല്ല സ്ത്രീയുമാണെങ്കില്‍, മുല കുടിച്ച കുട്ടിയും അവളുമായി ആ മുലകുടി നിമിത്തം ഒരു മാതൃബന്ധം ഉണ്ടായിത്തീരുമെന്നും, വിവാഹകാര്യങ്ങളിലും മറ്റും ഈ മുലകുടി ബന്ധം കുടുംബ ബന്ധം പോലെത്ത ന്നെ പരിഗ ണിക്കപ്പെടുമെന്നുമാണല്ലോ ഇസ്‌ലാമിലെ വിധി. ഈ മുലകുടി ബന്ധം സ്ഥാപിതമാകുന്നത് കുട്ടിക്ക് രണ്ട് വയസ്സ്തികയും മുമ്പായി മുലകുടിക്കുമ്പോള്‍ മാത്രമായിരിക്കുമെന്നും, പിന്നീട് മുലകുടിക്കുന്നതുകൊണ്ട് ഈ ബന്ധം സ്ഥാപിതമാകുകയില്ലെന്നും ഇതില്‍ നിന്ന് – മുലകുടിയുടെപൂര്‍ണമായ കാലം രണ്ടു കൊല്ലമാണ് എന്ന് പറഞ്ഞതില്‍ നിന്ന് – മനസ്സിലാക്കാവുന്നതാണ്. ഭൂരിപക്ഷം പണ്ഡിതന്‍മാരുടെ അഭിപ്രായവും അതാണ്. ഹദീഥിന്‍റെ പിന്‍ബലവും അതിനാണുള്ളത്. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 2/233 ന്റെ വിശദീകരണം)

കുട്ടികളുടെ മാതാക്കളാണ് – അഥവാ കുട്ടികളെ പ്രസവിച്ചവരാണ് – അവര്‍ക്ക്മുലകൊടുക്കേണ്ടത്. ‘മാതാക്കള്‍ അവരുടെ സന്താനങ്ങള്‍ക്ക് മുലകൊടുക്കണം (وَالْوَالِدَاتُ يُرْضِعْنَ أَوْلَادَهُنَّ)’ എന്നാണ് അല്ലാഹു പറഞ്ഞ വാക്ക്. അവര്‍ പ്രസവിച്ചകുട്ടികള്‍ക്ക് അവരാണല്ലോ മുലകൊടുക്കുവാന്‍ ബാദ്ധ്യസ്ഥരും അവകാശപ്പെട്ടവരും എന്നൊരു സൂചന ആ വാക്യത്തില്‍ കാണാം. അപ്പോള്‍ മാതാക്കള്‍ക്ക് അത് നിറവേറ്റുവാന്‍ കഴിയാത്ത സാഹചര്യത്തിലേ മറ്റു മാര്‍ഗങ്ങള്‍ ആരായേണ്ടതുള്ളൂവെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. മുലപ്പാലല്ലാത്ത മറ്റു പാലുകളോ, കൃത്രിമാഹാരങ്ങളോ നല്‍കി ശിശുക്കളെ വളര്‍ത്തുകയും, അമ്മമാര്‍ അവരുടെ യുവത്വവും സൗന്ദര്യവും കാത്തുസൂക്ഷിക്കുകയും ചെയ്തുകൊണ്ട് ആ കൃത്യത്തില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നത് ഒരുപരിഷ്‌കാരമായി ചിലര്‍ കരുതാറുണ്ട്. പക്ഷേ, ശിശുക്കളുടെ ആരോഗ്യത്തിനും നന്മക്കും – മാതാക്കളുടെ നന്മക്കുതന്നെയും – ഈ പരിഷ്‌കാരം ഹാനി വരുത്തുമെന്നുള്ള വസ്തുത വൈദ്യശാസ്ത്ര വിദഗ്ദ്ധന്‍മാര്‍ക്കിടയില്‍ സമ്മതിക്കപ്പെട്ട ഒരു യാഥാര്‍ത്ഥ്യമാകുന്നു. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 2/233 ന്റെ വിശദീകരണം)

കുഞ്ഞിന്  മാതാവിന്റെ മുലപ്പാലിന് പകരം മൃഗത്തിന്റെ പാല്‍ നല്‍കുമ്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ശാസ്ത്രീയ പഠനങ്ങള്‍ സൂചിപ്പിക്കുന്ന കാര്യങ്ങള്‍ മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. മൃഗത്തിന്റെ മുലപ്പാലില്‍ അടങ്ങിയ പല മൂലകങ്ങളും കുഞ്ഞിന്റെ വളര്‍ച്ചയില്‍ പ്രത്യാഘാതമുണ്ടാക്കുന്നതാണ്; പ്രത്യേകിച്ച് ആദ്യത്തെ ഒരു വര്‍ഷം. അത്‌പോലെ പ്രസവിച്ച ഉടന്‍ വരുന്ന കൊഴുപ്പുള്ള മഞ്ഞപ്പാല്‍ യാതൊരു കാരണവശാലും നിഷേധിക്കരുത്.

അതെ, മുലപ്പാൽ കുഞ്ഞിന്റെ അവകാശമാണ്. അത് അല്ലാഹു കുഞ്ഞിന് നിശ്ചയിച്ചിട്ടുള്ളതാണ്. മതിയായ കാരണങ്ങളില്ലാതെ കുഞ്ഞിന് മുലപ്പാൽ നിഷേധിക്കുന്നവര്‍ പരലോകത്ത് ശിക്ഷിക്കപ്പെടുന്നതാണ്.

……. ثمَّ انطُلِقَ بي فإذا أنا بنساءٍ تنهشُ ثُدِيَّهُنَّ الحيّاتُ فقلتُ ما بالُ هؤلاءِ فقالَ هؤلاءِ اللَّواتي يمنعنَ أولادَهنَّ ألبانَهنَّ

നബി ﷺ പറഞ്ഞു: …… പിന്നെയും എന്നെയും കൊണ്ട് അവ൪ പോവുകയുണ്ടായി. അപ്പോഴതാ ഞാന്‍ ഒരു വിഭാഗം സ്ത്രീകളുടെ അടുക്കല്‍ എത്തി. അവരുടെ മുലകളെ പാമ്പുകള്‍ കൊത്തിവലിക്കുന്നു. ഞാന്‍ ചോദിച്ചു: ഈ സ്ത്രീകളുടെ കാര്യം എന്താണ് ? അവ൪ പറഞ്ഞു: ഈ സ്ത്രീകള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് അവരുടെ പാലുകള്‍ തടഞ്ഞിരുന്നവരാണ്. (സ്വഹീഹ് ഇബ്നുഖുസൈമ – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *