അല്ലാഹുവിനോടുള്ള الخشية (ഭയം) ന്റേ ശ്രേഷ്ഠതയെക്കുറിച്ചാണ് ചില കാര്യങ്ങൾ ഇവിടെ സൂചിപ്പിക്കുന്നത്. അല്ലാഹു പറയുന്നു:
إِنَّ ٱلَّذِينَ يَخْشَوْنَ رَبَّهُم بِٱلْغَيْبِ لَهُم مَّغْفِرَةٌ وَأَجْرٌ كَبِيرٌ
തീര്‍ച്ചയായും തങ്ങളുടെ രക്ഷിതാവിനെ അദൃശ്യനിലയില്‍ ഭയപ്പെടുന്നവരാരോ അവര്‍ക്ക് പാപമോചനവും വലിയ പ്രതിഫലവുമുണ്ട്. (ഖുർആൻ: 67/12)
ആരെങ്കിലും അല്ലാഹുവിനെ ഭയപ്പെട്ടാൽ അവന് പാപമോചനവും വലിയ പ്രതിഫലവും നൽകുമെന്ന് ഈ ആയത്തിലൂടെ അവൻ വാഗ്ദാനം ചെയ്തിരിക്കുന്നു. സ്വർഗ്ഗപ്രവേശനവും നരകത്തിൽ നിന്നുള്ള മോചനവും ആ വലിയ പ്രതിഫലത്തിൽ ഉൾപ്പെടുന്നു. അല്ലാഹുവിനോടുള്ള ഭയത്തിന്റെ ഫലമായി നിർബന്ധ കർമ്മങ്ങൾ അനുഷ്ഠിക്കാനും, നിരോധിത കാര്യങ്ങൾ വെടിയാനും, അവൻ നിശ്ചയിച്ച അതിർവരമ്പുകളിൽ നിലകൊള്ളാനും ആ വ്യക്തി നിർബന്ധിതനാകുന്നു എന്നതുകൊണ്ടാണത്. കാരണം, അല്ലാഹുവിനെ ഭയപ്പെടുന്നവൻ പാപങ്ങളിൽ നിന്ന് അകന്നുനിൽക്കുകയും അവൻ തൃപ്തിപ്പെടുന്ന കാര്യങ്ങളിലേക്ക് ധൃതിപ്പെടുകയും ചെയ്യും. അല്ലാത്തപക്ഷം, അവൻ തന്റെ അവകാശവാദത്തിൽ കള്ളം പറയുന്നവനാണ്, അല്ലെങ്കിൽ അവനിലുള്ള ഭയം അങ്ങേയറ്റം ദുർബലമാണ്.
യഥാർത്ഥ الخشية, നിർബന്ധ കർമ്മങ്ങൾ അനുഷ്ഠിക്കാനും, നിരോധിത കാര്യങ്ങൾ വെടിയാനും, സൽകർമ്മങ്ങളിലേക്ക് വേഗത്തിൽ മുന്നേറാനും, അല്ലാഹു നിശ്ചയിച്ച അതിർവരമ്പുകളിൽ നിലകൊള്ളാനും സഹായിക്കുക്കുന്നതാണ്. അതുകൊണ്ടാണ് അല്ലാഹു പാപമോചനത്തെയും സ്വർഗ്ഗത്തെയും الخشية മായി ബന്ധിപ്പിച്ചത്. അല്ലാഹുവിനോടുള്ള ഭയം നിർബന്ധ കർമ്മങ്ങൾ അനുഷ്ഠിക്കാനും ഹറാമുകൾ വെടിയാനും പ്രേരിപ്പിക്കുന്നില്ലായിരുന്നുവെങ്കിൽ, അവനെ ഭയപ്പെടുന്നവര്‍ക്ക് പാപമോചനവും വലിയ പ്രതിഫലവും ലഭിക്കുമെന്ന് അല്ലാഹു പറയുമായിരുന്നില്ല.
അല്ലാഹുവിനോടുള്ള الخشية (ഭയം) خوف (ഭയം) എല്ലാ നന്മകൾക്കും കാരണമാകുന്നുവെന്ന് ഇതിലൂടെ മനസ്സിലാക്കാം. അതുപോലെതന്നെ അല്ലാഹു നിരോധിച്ച കാര്യങ്ങളിൽ നിന്ന് അകന്നുനിൽക്കാനും, അല്ലാഹു നിശ്ചയിച്ച അതിർവരമ്പുകളിൽ നിലകൊള്ളാനും അവ കാരണമാകുന്നുവെന്നും. അല്ലാഹുവിനോടുള്ള خوف ഉം അവന്റെ ശിക്ഷയെക്കുറിച്ചുള്ള الخشية ഉം കാരണം സത്യവിശ്വാസി ഈ പരിധികൾ ലംഘിക്കുകയില്ല. അതുകൊണ്ടാണ് മറ്റൊരു സൂക്തത്തിൽ അല്ലാഹു ഇപ്രകാരം പറയുന്നത്:
وَلِمَنْ خَافَ مَقَامَ رَبِّهِۦ جَنَّتَانِ
തന്റെ രക്ഷിതാവിന്റെ സന്നിധിയെ ഭയപ്പെട്ടവന്ന് രണ്ട് സ്വര്‍ഗത്തോപ്പുകളുണ്ട്.(ഖു൪ആന്‍:55/46)
തന്റെ രക്ഷിതാവിന്റെ സന്നിധിയിൽ (വിചാരണയ്ക്കായി) നിൽക്കേണ്ടി വരുന്നതിനെ ആര് ഭയപ്പെട്ടുവോ, അവർക്ക് അല്ലാഹു രണ്ട് സ്വർഗ്ഗത്തോപ്പുകൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അവൻ ഈ സൂക്തത്തിലൂടെ വ്യക്തമാക്കുന്നു. മേൽപറഞ്ഞതുപോലെ, അല്ലാഹുവിനോടുള്ള ഭയം നിർബന്ധ കർമ്മങ്ങൾ അനുഷ്ഠിക്കാനും, നിരോധിത കാര്യങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കാനും, അവൻ നിശ്ചയിച്ച അതിർവരമ്പുകളിൽ നിലകൊള്ളാനും പ്രേരിപ്പിക്കുന്നു എന്നതുകൊണ്ടാണ് ഈ വലിയ പ്രതിഫലം ലഭിക്കുന്നത്.
അല്ലാഹു പറയുന്നു:
وَأَمَّا مَنْ خَافَ مَقَامَ رَبِّهِۦ وَنَهَى ٱلنَّفْسَ عَنِ ٱلْهَوَىٰ ﴿٤٠﴾ فَإِنَّ ٱلْجَنَّةَ هِىَ ٱلْمَأْوَىٰ ﴿٤١﴾
അപ്പോള്‍ ഏതൊരാള്‍ തന്റെ രക്ഷിതാവിന്റെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തില്‍ നിന്ന് വിലക്കിനിര്‍ത്തുകയും ചെയ്തുവോ (അവന്) സ്വര്‍ഗം തന്നെയാണ് സങ്കേതം. (ഖു൪ആന്‍:79/40-41)
തന്റെ റബ്ബിന്റെ സന്നിധിയിൽ നിൽക്കേണ്ടി വരുമെന്ന് ഭയപ്പെടുന്നവൻ, തന്റെ മനസ്സിനെ അതിന്റെ തന്നിഷ്ടങ്ങളിൽ (ٱلْهَوَىٰ) നിന്ന് തടയുന്നു. അല്ലാഹുവിന്റെ നിയമങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുമ്പോൾ അവൻ മനസ്സിനോട് വിയോജിക്കുന്നു. പകരം, അല്ലാഹുവിനെ അനുസരിക്കാൻ അവൻ മനസ്സിനെ നിർബന്ധിക്കുന്നു. നന്മയിൽ ഉറച്ചുനിൽക്കുന്നത് വരെയും, അല്ലാഹു നിർബന്ധമാക്കിയ കാര്യങ്ങൾ അനുസരിക്കുന്നത് വരെയും, അല്ലാഹു നിരോധിച്ച കാര്യങ്ങളിൽ നിന്ന് അകന്നുനിൽക്കുന്നത് വരെയും അവൻ തന്റെ മനസ്സിനോട് നിരന്തരം പോരാടുന്നു.
മനുഷ്യൻ തന്റെ മനസ്സിനെ എങ്ങനെയാണോ ശീലിപ്പിക്കുന്നത്, അതിനനുസരിച്ചായിരിക്കും അത് നിലകൊള്ളുക. ഒരാൾ അല്ലാഹുവിനുവേണ്ടി മനസ്സിനോട് പോരാടുകയും, അതിനെ വിചാരണ ചെയ്യുകയും, അല്ലാഹുവിന്റെ അതിർവരമ്പുകളിൽ അതിനെ തടഞ്ഞുനിർത്തുകയും ചെയ്താൽ ആ മനസ്സ് നേർവഴിയിൽ ഉറച്ചുനിൽക്കുകയും കൃത്യമായ പാതയിലൂടെ സഞ്ചരിക്കുകയും ചെയ്യും. എന്നാൽ, ഒരാൾ മനസ്സിനെ അവഗണിക്കുകയും അതിനോട് വിട്ടുവീഴ്ച കാണിക്കുകയും ചെയ്താൽ അത് അവനെ നാശത്തിലേക്ക് വലിച്ചിഴക്കും. കാരണം, മനസ്സ് ശൈത്വാന്റെ വാഹനമാണ്; ശൈത്വാൻ എല്ലാ തിന്മകളെയും മനസ്സിന് ഭംഗിയായി കാണിച്ചുകൊടുക്കുകയും എല്ലാ നന്മകളിൽ നിന്നും അതിനെ പിന്തിരിപ്പിക്കുകയും ചെയ്യും. അല്ലാഹു പറഞ്ഞതു പോലെ:
وَمَآ أُبَرِّئُ نَفْسِىٓ ۚ إِنَّ ٱلنَّفْسَ لَأَمَّارَةُۢ بِٱلسُّوٓءِ إِلَّا مَا رَحِمَ رَبِّىٓ ۚ
ഞാന്‍ എന്റെ മനസ്സിനെ കുറ്റത്തില്‍ നിന്ന് ഒഴിവാക്കുന്നില്ല. തീര്‍ച്ചയായും മനസ്സ് ദുഷ്പ്രവൃത്തിക്ക് പ്രേരിപ്പിക്കുന്നത് തന്നെയാകുന്നു. എന്റെ രക്ഷിതാവിന്റെ കരുണ ലഭിച്ച മനസ്സൊഴികെ. (ഖു൪ആന്‍:12/53)
അതുകൊണ്ട് മനസ്സിനോട് പോരാടുകയും അതിന് വലിയ പ്രാധാന്യം നൽകുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്. അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കാൻ മനസ്സിനെ ശീലിപ്പിക്കണം. അതുപോലെ അല്ലാഹു നിരോധിച്ച കാര്യങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കാനും അതിനെ പരിശീലിപ്പിക്കണം. കാരണം, മനസ്സിനെ എന്തിനാണോ ശീലിപ്പിക്കുന്നത്, അതിനനുസരിച്ചായിരിക്കും അത് നിലകൊള്ളുക. കവി പാടിയതുപോലെ:
والنفس راغبة إذا رغبتها – وإذا ترد إلى قليل تقنع
മനസ്സിന് നീ ആഗ്രഹങ്ങൾ നൽകിക്കൊണ്ടിരുന്നാൽ അത് കൂടുതൽ കൂടുതൽ ആഗ്രഹിച്ചുകൊണ്ടേയിരിക്കും; എന്നാൽ നീ അതിനെ കുറഞ്ഞ കാര്യങ്ങളിലേക്ക് തിരിച്ചുവിട്ടാൽ (നിയന്ത്രിച്ചാൽ) അത് സംതൃപ്തിയടയുകയും ചെയ്യും.
മനസ്സ് (നഫ്സ്) എന്നത് എന്തിനാണോ ശീലിപ്പിക്കുന്നത് അതിനനുസരിച്ചായിരിക്കും അത് നിലകൊള്ളുക. പാപങ്ങൾ ചെയ്യുന്നതിനും, അലസത കാണിക്കുന്നതിനും, അല്ലാഹുവിന്റെ കൽപ്പനകളിൽ അശ്രദ്ധ കാണിക്കുന്നതിനുമാണ് നീ അതിനെ ശീലിപ്പിക്കുന്നതെങ്കിൽ, അത് അതുമായി ശീലിച്ചുപോവുകയും ആ വഴിക്ക് തന്നെ സഞ്ചരിക്കുകയും ചെയ്യും; അപ്പോൾ അല്ലാഹുവിന് ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുന്നത് ആ മനസ്സിന് വലിയ ഭാരമായി അനുഭവപ്പെടും. എന്നാൽ, നന്മയുടെ പാതയിൽ സഞ്ചരിക്കാനും, ആരാധനാകർമ്മങ്ങളിൽ മുന്നേറാനും, പാപങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കാനുമാണ് നീ അതിനെ ശീലിപ്പിക്കുന്നതെങ്കിൽ, അത് അതുമായി ശീലിക്കുകയും ആ വഴിയിലൂടെ തന്നെ മുന്നോട്ട് പോവുകയും ചെയ്യും.
ഹിദായത്തിനുള്ള തൗഫീഖ് എന്നത് അല്ലാഹുവിന്റെ കയ്യിലുള്ള കാര്യമാണ്. എങ്കിലും, അതിനുള്ള കാരണങ്ങൾ സ്വീകരിക്കാൻ നാം കൽപ്പിക്കപ്പെട്ടിരിക്കുന്നു. അതിനാൽ നാം ഓരോരുത്തരും നമ്മുടെ മനസ്സിനോട് പോരാടുകയും, അല്ലാഹുവിനുവേണ്ടി അതിനെ വിചാരണ ചെയ്യുകയും, അല്ലാഹുവിന്റെ ശിക്ഷയിൽ നിന്ന് ആത്മാവിനെ രക്ഷിക്കാനായി നിരന്തരം പരിശ്രമിക്കുകയും ചെയ്യേണ്ടതുണ്ട്.”
സലഫുകൾ അവരുടെ മനസ്സിനെ മെരുക്കാൻ കഠിനാധ്വാനം ചെയ്യുന്നവരായിരുന്നു. മനസ്സിന്റെ സുഖമാണ് അവര്‍ ആഗ്രഹിച്ചിരുന്നത്. നമസ്കാരം, നോമ്പ്, ഹജ്ജ് തുടങ്ങിയ ആരാധനാ കർമ്മങ്ങളിൽ വളരെയധികം മുഴുകുന്നവരായിരുന്നു അവര്‍. അതായത്, പരലോകത്തെ അതിന്റെ സുഖസൗകര്യങ്ങളാണ് അവരുടെ ലക്ഷ്യം. അല്ലാഹുവിന്റെ ശിക്ഷയിൽ നിന്നും കോപത്തിൽ നിന്നും രക്ഷപ്പെട്ട് പരലോകത്ത് സമാധാനമായിരിക്കാൻ വേണ്ടിയാണ് അവര്‍ ദുൻയാവിൽ അതിനെ കഷ്ടപ്പെടുത്തുന്നത്. അതുകൊണ്ട് ഒരു സത്യവിശ്വാസി തന്റെ മനസ്സിനോട് പോരാടുന്നത് അതിന്റെ തന്നെ സുഖത്തിന് വേണ്ടിയാണ്. അല്ലാഹുവിന്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനും, പരലോകത്ത് ശാശ്വതമായ അനുഗ്രഹങ്ങൾ നേടിയെടുക്കാനും വേണ്ടിയാണത്. ആദരവിന്റെയും സന്തോഷത്തിന്റെയും സൗഭാഗ്യത്തിന്റെയും ഭവനമായ സ്വർഗ്ഗത്തിൽ അല്ലാഹുവിന്റെ സാമീപ്യം സിദ്ധിക്കാൻ വേണ്ടിയാണത്. അല്ലാഹു പറയുന്നു:
إِنَّ ٱلْمُتَّقِينَ فِى جَنَّٰتٍ وَعُيُونٍ ﴿٤٥﴾ ٱدْخُلُوهَا بِسَلَٰمٍ ءَامِنِينَ ﴿٤٦﴾ وَنَزَعْنَا مَا فِى صُدُورِهِم مِّنْ غِلٍّ إِخْوَٰنًا عَلَىٰ سُرُرٍ مُّتَقَٰبِلِينَ ﴿٤٧﴾ لَا يَمَسُّهُمْ فِيهَا نَصَبٌ وَمَا هُم مِّنْهَا بِمُخْرَجِينَ ﴿٤٨﴾
തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ തോട്ടങ്ങളിലും അരുവികളിലുമായിരിക്കും. നിര്‍ഭയരായി ശാന്തിയോടെ അതില്‍ പ്രവേശിച്ച് കൊള്ളുക. (എന്ന് അവര്‍ക്ക് സ്വാഗതം ആശംസിക്കപ്പെടും.) അവരുടെ ഹൃദയങ്ങളില്‍ വല്ല വിദ്വേഷവുമുണ്ടെങ്കില്‍ നാമത് നീക്കം ചെയ്യുന്നതാണ്. സഹോദരങ്ങളെന്ന നിലയില്‍ അവര്‍ കട്ടിലുകളില്‍ പരസ്പരം അഭിമുഖമായി ഇരിക്കുന്നവരായിരിക്കും. അവിടെവെച്ച് യാതൊരു ക്ഷീണവും അവരെ ബാധിക്കുന്നതല്ല. അവിടെ നിന്ന് അവര്‍ പുറത്താക്കപ്പെടുന്നതുമല്ല. (ഖു൪ആന്‍:15/45-48)
അത് അനുഗ്രഹങ്ങളുടെ ഭവനമാണ്. അന്ത്യനാളിൽ അതിന്റെ അവകാശികളോട് ഇപ്രകാരം പറയപ്പെടും:
عَنْ أَبِي سَعِيدٍ الْخُدْرِيِّ، وَأَبِي هُرَيْرَةَ عَنِ النَّبِيِّ صلى الله عليه وسلم قَالَ ” يُنَادِي مُنَادٍ إِنَّ لَكُمْ أَنْ تَصِحُّوا فَلاَ تَسْقَمُوا أَبَدًا وَإِنَّ لَكُمْ أَنْ تَحْيَوْا فَلاَ تَمُوتُوا أَبَدًا وَإِنَّ لَكُمْ أَنْ تَشِبُّوا فَلاَ تَهْرَمُوا أَبَدًا وَإِنَّ لَكُمْ أَنْ تَنْعَمُوا فَلاَ تَبْتَئِسُوا أَبَدًا ”
അബൂസഈദ്(റ)യും അബൂഹുറൈറ(റ)യും നിവേദനം: നബി ﷺ പറഞ്ഞു: സ്വർഗവാസികൾ സ്വർഗത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ ഒരാൾ ഇങ്ങനെ വിളമ്പരം ചെയ്യും. ഇനി ഒരിക്കലും മരണമില്ലാതെ ശാശ്വതമായി ജീവിച്ചിരിക്കുന്നവരാണ് നിങ്ങൾ. നിങ്ങൾ ആരോഗ്യവാന്മാരായിരിക്കും. ഒരിക്കലും രോഗം ബാധിക്കുകയില്ല, നിങ്ങൾ നിത്യ യൗവനമുള്ളവരായിരിക്കും. ഒരിക്കലും വാർദ്ധക്യം ബാധിക്കുകയില്ല. നിങ്ങൾ സുഖാനുഭൂതിയിൽ കഴിയുന്നതാണ്. ഒരിക്കലും പ്രയാസമനുഭവിക്കേണ്ടിവരില്ല … (മുസ്ലിം: 2837)
അവരുടെ അനുഗ്രഹങ്ങൾ ശാശ്വതമാണ്, അവരുടെ യൗവനവും ആരോഗ്യവും നിലനിൽക്കുന്നതാണ്, അവരുടെ സുഖസൗകര്യങ്ങൾ ഒരിക്കലും അവസാനിക്കാത്തതാണ്.
എന്നാൽ ദുൻയാവ് മാറ്റങ്ങളുടെയും പ്രയാസങ്ങളുടെയും ഭവനമാണ്. ഇത് രോഗങ്ങളുടെയും ദുഃഖങ്ങളുടെയും ലോകമാണ്. ഇവിടെ ജീവിതം എത്ര നീണ്ടുനിന്നാലും, ഒരു മനുഷ്യൻ പൂർണ്ണാരോഗ്യം കൊണ്ട് എത്ര അനുഗൃഹീതനായാലും, അവന്റെ അന്ത്യം മരണമാണ്. മരണം അനിവാര്യമാണ്; അതിൽ നിന്ന് ആർക്കും രക്ഷയില്ല.
كُلُّ نَفْسٍ ذَائِقَةُ الْمَوْتِ ۗ
എല്ലാ ദേഹവും [ആളും] മരണത്തെ രുചി നോക്കുന്നതാകുന്നു. (ഖു൪ആന്‍:3/185)
മരണത്തിലും മാറ്റങ്ങളിലും അവസാനിക്കുന്ന ഈ ഭവനത്തിന് ദുനിയാവിന് യാതൊരു വിലയുമില്ല; അതിൽ സൽകർമ്മങ്ങൾ ചെയ്യുന്നവർക്കൊഴികെ. ഈ ലോകത്ത് വെച്ച് നന്മകൾ സമ്പാദിക്കുകയും, അല്ലാഹുവിനുവേണ്ടി മനസ്സിനോട് പോരാടുകയും, അവനെ അനുസരിച്ച് ജീവിക്കുകയും, നന്മകൾ വിതയ്ക്കുകയും ചെയ്യുന്നവർക്ക് ഇതൊരു മഹത്തായ ഇടമാണ്. സത്യത്തിൽ, ഈ ലോകം പരലോകത്തേക്കുള്ള ഒരു കൃഷിയിടമാണ്.
ആരെങ്കിലും ഇവിടെ അല്ലാഹുവിന് തൃപ്തിയുള്ളതും അവനിലേക്ക് അടുപ്പിക്കുന്നതുമായ കാര്യങ്ങൾ വിതയ്ക്കുകയും, അല്ലാഹു നിരോധിച്ച കാര്യങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കുകയും ചെയ്യുന്നുവോ, അവൻ പരലോകത്ത് എല്ലാവിധ സൗഭാഗ്യങ്ങളും നന്മകളും വിളവെടുക്കും; അവൻ ശാശ്വതമായ അനുഗ്രഹങ്ങൾ നേടിയെടുക്കുകയും തന്റെ ശുഭപര്യവസാനത്തിൽ ആനന്ദിക്കുകയും ചെയ്യും.
എന്നാൽ, ആരെങ്കിലും തന്റെ മനസ്സിന് തന്നിഷ്ടങ്ങൾ നൽകുകയും, അല്ലാഹുവിന്റെ കൽപ്പനകളിൽ അശ്രദ്ധ കാണിക്കുകയും, നമസ്കാരത്തിൽ അലസത കാട്ടുകയും, സകാത്ത് നൽകുന്നതിൽ പിശുക്ക് കാണിക്കുകയും, നോമ്പിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യുകയും, മ്ലേച്ഛമായ കാര്യങ്ങളിലും തിന്മകളിലും മുഴുകുകയും ചെയ്യുന്നുവോ, അവൻ പരലോകത്ത് തന്റെ അന്ത്യത്തെക്കുറിച്ച് പരിതപിക്കും. താൻ ചെയ്തുകൂട്ടിയ അതിക്രമങ്ങളെക്കുറിച്ച് അവൻ വല്ലാതെ ഖേദിക്കും. അല്ലാഹു ആരോട് കരുണ കാണിച്ച് മാപ്പ് നൽകുന്നുവോ അല്ലെങ്കിൽ ആർക്ക് നിഷ്കളങ്കമായ പശ്ചാത്താപത്തിന് തൗഫീഖ് നൽകുന്നുവോ അവർക്കൊഴികെ.
തന്റെ മനസ്സിന് തന്നിഷ്ടങ്ങൾ (ٱلْهَوَىٰ) നൽകിയവരെക്കുറിച്ച് അല്ലാഹു പറഞ്ഞ ഈ വചനം ഓർക്കുക:
فَأَمَّا مَن طَغَىٰ ﴿٣٧﴾ وَءَاثَرَ ٱلْحَيَوٰةَ ٱلدُّنْيَا ﴿٣٨﴾ فَإِنَّ ٱلْجَحِيمَ هِىَ ٱلْمَأْوَىٰ ﴿٣٩﴾
എന്നാൽ ആർ അതിക്രമം കാണിക്കുകയും ഐഹികജീവിതത്തിന് പ്രാധാന്യം നല്‍കുകയും ചെയ്തുവോ, അവൻ്റെ സങ്കേതം കത്തിജ്വലിക്കുന്ന നരകം തന്നെയായിരിക്കും. (ഖു൪ആന്‍: 79/37-39)
إِنَّ ٱلْمُجْرِمِينَ فِى عَذَابِ جَهَنَّمَ خَٰلِدُونَ ﴿٧٤﴾ لَا يُفَتَّرُ عَنْهُمْ وَهُمْ فِيهِ مُبْلِسُونَ ﴿٧٥﴾ وَمَا ظَلَمْنَٰهُمْ وَلَٰكِن كَانُوا۟ هُمُ ٱلظَّٰلِمِينَ ﴿٧٦﴾
തീര്‍ച്ചയായും കുറ്റവാളികള്‍ നരകശിക്ഷയില്‍ നിത്യവാസികളായിരിക്കും. അവര്‍ക്ക് അത് ലഘൂകരിച്ച് കൊടുക്കപ്പെടുകയില്ല. അവര്‍ അതില്‍ ആശയറ്റവരായിരിക്കും. നാം അവരോട് അക്രമം ചെയ്തിട്ടില്ല. പക്ഷെ അവര്‍ തന്നെയായിരുന്നു അക്രമകാരികള്‍. (ഖു൪ആന്‍: 43/74-76)
إِنَّ ٱلْأَبْرَارَ لَفِى نَعِيمٍ ﴿١٣﴾ وَإِنَّ ٱلْفُجَّارَ لَفِى جَحِيمٍ ﴿١٤﴾
തീര്‍ച്ചയായും സുകൃതവാന്മാര് സുഖാനുഭവത്തില്‍ തന്നെയായിരിക്കും. തീര്‍ച്ചയായും ദുര്‍മാര്‍ഗികള്‍ ജ്വലിക്കുന്ന നരകാഗ്നിയില്‍ തന്നെയായിരിക്കും. (ഖു൪ആന്‍:82/13-14)
ദുനിയാവിനെ പരിപോഷിപ്പിക്കുകയും പരലോകത്തെ പാഴാക്കി നശിപ്പിക്കുകയും ചെയ്യുന്നതുകൊണ്ടാണ് നാം മരണത്തെ വെറുക്കുന്നത്. എല്ലാ സൗകര്യങ്ങളുമുള്ള ഒരിടത്ത് നിന്നും നശിച്ചുപോയ മറ്റൊരിടത്തേക്ക് പോകാൻ വെറുക്കുന്നതുപോലെ.
ചുരുക്കത്തിൽ ഈ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുക. നമ്മുടെ ആത്മാവിനെ വിചാരണ ചെയ്യുകയും, അല്ലാഹുവിനുവേണ്ടി മനസ്സിനോട് പോരാടുകയും ചെയ്യേണ്ടതുണ്ട്. ആരെങ്കിലും അല്ലാഹുവിനെ സത്യസന്ധമായി ഭയപ്പെടുന്നുവെങ്കിൽ, അവൻ അവന്റെ അനുസരണത്തിലേക്ക് വേഗത്തിൽ മുന്നേറുകയും, കർമ്മങ്ങൾ അനുഷ്ഠിക്കുകയും, നിരോധിത കാര്യങ്ങൾ (ഹറാമുകൾ) ഉപേക്ഷിക്കുകയും ചെയ്യും. അപ്രകാരം ചെയ്യുന്നില്ലെങ്കിൽ, തനിക്ക് അല്ലാഹുവിനോട് ഭയമുണ്ടെന്ന അയാളുടെ അവകാശവാദം ഒന്നുകിൽ കളവാണ്, അല്ലെങ്കിൽ അയാളുടെ ഭയം അത്യന്തം കുറഞ്ഞതോ ദുർബലമോ ആണ്.”
അല്ലാഹുവിനെ ഭയപ്പെടുന്നതിനും അവന്റെ അതിർവരമ്പുകളെ ആദരിക്കുന്നതിനും സഹായിക്കുന്ന കാര്യങ്ങളിൽ ചിലത് ഇവയാണ്: ഖുർആൻ ഉറ്റാലോചിക്കുക, അത് ധാരാളമായി പാരായണം ചെയ്യുക, മരണാനന്തരമുള്ള അവസ്ഥയെക്കുറിച്ച് ആലോചിക്കുക. മരണശേഷം എന്താണ് സംഭവിക്കാൻ പോകുന്നത്? ഖബ്ര്‍ ജീവിതത്തെ കുറിച്ച് ചിന്തിക്കുക; അത് സ്വർഗ്ഗത്തോപ്പുകളിൽ ഒന്നായിരിക്കുമോ അതോ നരകക്കുഴികളിൽ ഒന്നായിരിക്കുമോ? അതിനുശേഷം ഉയിർത്തെഴുന്നേൽപ്പിനെക്കുറിച്ചും പരലോകത്തെ ഒരുമിച്ചുകൂട്ടലിനെക്കുറിച്ചും ചിന്തിക്കുക; സ്വർഗ്ഗാവകാശികളിൽ പെടുമോ അതോ നരകാവകാശികളിൽ പെടുമോ?
ഈ കാര്യങ്ങളെക്കുറിച്ചുള്ള ചിന്തയും ഇതിൽ ശ്രദ്ധ പുലർത്തുന്നതും അല്ലാഹുവിനോടുള്ള ഭയത്തിനും അവനെ മഹത്വപ്പെടുത്തുന്നതിനും കാരണമാകും. കൂടാതെ, അല്ലാഹുവിന് തൃപ്തിയുള്ള കാര്യങ്ങളിലേക്ക് വേഗത്തിൽ മുന്നേറാനും അവന്റെ വിരോധങ്ങളിൽ നിന്ന് അകന്നുനിൽക്കാനും ഇത് കാരണമാകും.
www.kanzululoom.com