അവർ അറിഞ്ഞിരുന്നുവെങ്കിൽ

വിശുദ്ധ ഖുർആൻ ചില വിഷയങ്ങൾ വിവരിക്കുന്നതിനടയിൽ അവര്‍ അറിഞ്ഞിരുന്നുവെങ്കിൽ, അവർ മനസ്സിലാക്കിയിരുന്നുവെങ്കില്‍, അവർ ഗ്രഹിച്ചിരുന്നുവെങ്കിൽ എന്നൊക്കെ ചേർത്ത് പ്രസ്താവിച്ചിട്ടുള്ളതായി കാണാം. പ്രസ്തുത വിഷയത്തെ കുറിച്ച് അവർ സൂക്ഷമമായും ഗൗരവമായും അറിയുകയും ഗ്രഹിക്കുകയും ചെയ്തിരുന്നുവെങ്കിൽ അവർ ഈ തിൻമയിൽ അകപ്പെടില്ലായിരുന്നു, ഈ നൻമയിൽ നിന്ന് പുറം തിരിഞ്ഞു നിൽക്കുകയില്ലായിരുന്നു എന്നൊക്കെയാണ് ഈ പ്രസ്താവനയുടെ ആശയം. വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്ന അവസരത്തിൽ ഈ പ്രസ്താവനകൾ കാണുമ്പോൾ  പ്രസ്തുത വിഷയം സൂക്ഷമമായും ഗൗരവമായും അറിയുകയും ഗ്രഹിക്കുകയും ചെയ്യാൻ നമുക്ക് കഴിയണം. എങ്കിൽ നമുക്കും അല്ലാഹു സൂചിപ്പിച്ചിട്ടുള്ള തിൻമയിൽ നിന്ന് വിട്ടു നിൽക്കുവാനും നൻമകൾ പ്രവർത്തിക്കുവാനും സാധിക്കുന്നതാണ്. പ്രസ്തുത പ്രസ്താവനകളിൽ പ്രധാനപ്പെട്ട ചിലത് കാണുക:

مَثَلُ ٱلَّذِينَ ٱتَّخَذُوا۟ مِن دُونِ ٱللَّهِ أَوْلِيَآءَ كَمَثَلِ ٱلْعَنكَبُوتِ ٱتَّخَذَتْ بَيْتًا ۖ وَإِنَّ أَوْهَنَ ٱلْبُيُوتِ لَبَيْتُ ٱلْعَنكَبُوتِ ۖ لَوْ كَانُوا۟ يَعْلَمُونَ

അല്ലാഹുവിന് പുറമെ വല്ല രക്ഷാധികാരികളെയും സ്വീകരിച്ചവരുടെ ഉപമ എട്ടുകാലിയുടേത് പോലെയാകുന്നു. അത് ഒരു വീടുണ്ടാക്കി. വീടുകളില്‍ വെച്ച് ഏറ്റവും ദുര്‍ബലമായത് എട്ടുകാലിയുടെ വീട് തന്നെ. അവര്‍ കാര്യം മനസ്സിലാക്കിയിരുന്നുവെങ്കില്‍. (ഖു൪ആന്‍:29/41)

അല്ലാഹുവിന് പുറമെ രക്ഷാധികാരികളെ സ്വീകരിക്കുകയും, അവരെ ആരാധിക്കുകയും, അവരോടു പ്രാര്‍ത്ഥിക്കുകയും, അവര്‍ക്ക് നേര്‍ച്ചവഴിപാടുകള്‍ നടത്തുകയും ചെയ്യുന്നവ൪ എട്ടുകാലിയുടെ വീട്ടില്‍ അഭയം തേടിയവരെ പോലെയാണെന്നാണ് അല്ലാഹു ഇവിടെ ഉപമിക്കുന്നത്. വെയില്‍, തണുപ്പ്, മഴ, കാറ്റ് എന്നിവയില്‍ നിന്നെല്ലാം മനുഷ്യ൪ക്ക് സംരക്ഷണം ലഭിക്കുന്ന അഭയ കേന്ദങ്ങളാണ് വീടുകള്‍. പകലില്‍ ജോലി ചെയ്യുന്ന മനുഷ്യ൪ രാത്രിയില്‍ അവരുടെ വീടുകളിലാണ് അഭയം തേടുന്നത്. എട്ടുകാലിയുടെ വീടാകുന്ന വലയുടെ ദൗര്‍ബ്ബല്യത്തെപ്പറ്റി എല്ലാവ൪ക്കും അറിയാം. ചൂടോ, തണുപ്പോ, വെയിലോ, മഴയോ, കാറ്റോ ഒന്നും തന്നെ തടുക്കുവാന്‍ അതു പര്യാപ്തമല്ല. മാത്രമല്ല കാറ്റോ, മറ്റേതെങ്കിലും വസ്തുക്കളോ അതിനെ സ്പര്‍ശിക്കുമ്പോഴേക്കും അതു കേട് വന്നുപോകയും ചെയ്യും. അല്ലാഹു അല്ലാത്തവരെ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കുകയും, അവരെ ആരാധിക്കുകയും അവരോട് പ്രാർത്ഥിക്കുകയും ചെയ്യുന്നവ൪ എട്ടുകാലിയുടെ കൂട്ടില്‍ അഭയം തേടിയവനെപ്പോലെയാണ്. യാതൊരു സംരക്ഷണവും ലഭിക്കാത്തിടത്താണ് അവ൪ അഭയം തേടിയിരിക്കുന്നത്. യാതൊരു സുരക്ഷിതത്വവും അവ൪ക്ക് ലഭിക്കുകയില്ല.

അതോടൊപ്പം മറ്റൊരു വസ്തുതയും ഈ ഉപമയില്‍ നിന്ന് വ്യക്തമാണ്. എട്ടുകാലിയുടെ വീടാകുന്ന വല യഥാ൪ത്ഥത്തില്‍ ഒരു വീടല്ല, അതൊരു കെണിയാണ്. ദു൪ബല ജീവികള്‍ മാത്രമേ അതില്‍ അകപ്പെടുകയുള്ളൂ. അതില്‍ അകപ്പെടുന്ന ജീവികള്‍ക്ക് അഭയമല്ല, മരണമാണ് ലഭിക്കുന്നത്. അല്ലാഹു അല്ലാത്തവരെ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കുകയും, അവരെ ആരാധിക്കുകയും അവരോട് പ്രാർത്ഥിക്കുകയും  ചെയ്യുന്നവരുടെ അവസ്ഥയും ഇതുതന്നെയാണ്. അഥവാ അല്ലാഹു അല്ലാത്തവരെ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കുന്നവ൪ക്ക് അവരില്‍ നിന്നും യാതൊരു രക്ഷയും സഹായവും ലഭിക്കില്ലെന്ന് മാത്രമല്ല അതുവഴി അവ൪ ശി൪ക്കിലെത്തി നരകത്തില്‍ പതിക്കുകയാണ് ചെയ്യുന്നത്.

അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനോട് മാത്രം പ്രാര്‍ത്ഥിക്കുകയും, അവന്റെ അവലംബം മാത്രം പ്രതീക്ഷിക്കുകയും ചെയ്യുന്നവ൪ ഉറപ്പുള്ള പാശത്തിലാണ് പിടിച്ചിരിക്കുന്നത്.

فَمَن يَكْفُرْ بِٱلطَّٰغُوتِ وَيُؤْمِنۢ بِٱللَّهِ فَقَدِ ٱسْتَمْسَكَ بِٱلْعُرْوَةِ ٱلْوُثْقَىٰ لَا ٱنفِصَامَ لَهَا ۗ وَٱللَّهُ سَمِيعٌ عَلِيمٌ

……. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടി പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. (ഖു൪ആന്‍:2/256)

അല്ലാഹു പറഞ്ഞതുപോലെ, അല്ലാഹു അല്ലാത്തവരെ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കുകയും, അവരെ ആരാധിക്കുകയും അവരോട് പ്രാർത്ഥിക്കുകയും ചെയ്യുന്നവ൪  അത് മനസ്സിലാക്കിയിരുന്നുവെങ്കിൽ ഈ കെണിയിൽ അവർ പെടുകയില്ലായിരുന്നു.

ﻭَﻣَﺎ ﻫَٰﺬِﻩِ ٱﻟْﺤَﻴَﻮٰﺓُ ٱﻟﺪُّﻧْﻴَﺎٓ ﺇِﻻَّ ﻟَﻬْﻮٌ ﻭَﻟَﻌِﺐٌ ۚ ﻭَﺇِﻥَّ ٱﻟﺪَّاﺭَ ٱﻻْءَﺧِﺮَﺓَ ﻟَﻬِﻰَ ٱﻟْﺤَﻴَﻮَاﻥُ ۚ ﻟَﻮْ ﻛَﺎﻧُﻮا۟ ﻳَﻌْﻠَﻤُﻮﻥَ

ഈ ഐഹികജീവിതം വിനോദവും കളിയുമല്ലാതെ മറ്റൊന്നുമല്ല. തീര്‍ച്ചയായും പരലോകം തന്നെയാണ് യഥാര്‍ത്ഥ ജീവിതം. അവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍. (ഖു൪ആന്‍:29/64)

ഐഹിക ജീവിതത്തില്‍ മനുഷ്യന്റെ സുഖസൗകര്യങ്ങള്‍ക്കുള്ള മാര്‍ഗ്ഗങ്ങളും, ഉപാധികളുമായി പലതുണ്ടെങ്കിലും, അവയുടെ ആകെത്തുക പരിശോധിച്ചു നോക്കിയാല്‍ വെറും കളിവിനോദമാണെന്നു കാണാം. ഒന്നിനും നിലനില്‍പില്ല. എല്ലാം ക്ഷണഭംഗുരങ്ങളാണ്. ഭാവിയിലേക്കു നേട്ടമുണ്ടാക്കുന്നതോ, ശാശ്വതമായി നിലകൊള്ളുന്നതോ ഒന്നുംതന്നെ അതിലില്ല. അനശ്വരമായ പാരത്രിക ജീവിതമാണ് അവനെ സംബന്ധിച്ചിടത്തോളം യഥാര്‍ത്ഥമായ ജീവിതം. ഇഹലോകവും, പരലോകവും തമ്മിലുള്ള അന്തരം നബി ﷺ വിവരിക്കുന്നത് കാണുക:

عَنْ مُسْتَوْرِدًا،قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : وَاللَّهِ مَا الدُّنْيَا فِي الآخِرَةِ إِلاَّ مِثْلُ مَا يَجْعَلُ أَحَدُكُمْ إِصْبَعَهُ هَذِهِ – وَأَشَارَ يَحْيَى بِالسَّبَّابَةِ – فِي الْيَمِّ فَلْيَنْظُرْ بِمَ يَرْجِعُ

മുസ്‌തൗരിദ്(റ) വില്‍ നിന്ന്‌ നിവേദനം: നബി ﷺ പറഞ്ഞു: പരലോകത്തെ അപേക്ഷിച്ച്‌ ഇഹലോകത്തെ അവസ്ഥ നിങ്ങളൊരാള്‍ സ്വന്തം വിരല്‍ സമുദ്രത്തില്‍ മുക്കിയെടുത്തതു പോലെയാണ്‌. (അതില്‍ നിന്ന്‌) അവന്‍ എന്തുമായി മടങ്ങിയെന്ന്‌ അവന്‍ നോക്കട്ടെ. (മുസ്‌ലിം:2858)

ഐഹിക ജീവിതം ക്ഷണികവും നശ്വരവുമാണ്‌. അനശ്വരമായ പാരത്രിക ജീവിതത്തിന്‌ വേണ്ടി അധ്വാനിക്കാനുള്ളതാണ്‌ ഈ ലോക ജീവിതം. അല്ലാഹു പറഞ്ഞതുപോലെ, ആളുകൾ ഈ വസ്തുത മനസ്സിലാക്കിയിരുന്നുവെങ്കിൽ അവർ അനശ്വരമായ പരലോക ജീവിതത്തിലെ സുഖസൗകര്യങ്ങൾക്ക് വേണ്ടി പണിയെടുക്കുമായിരുന്നു.

فَرِحَ ٱلْمُخَلَّفُونَ بِمَقْعَدِهِمْ خِلَٰفَ رَسُولِ ٱللَّهِ وَكَرِهُوٓا۟ أَن يُجَٰهِدُوا۟ بِأَمْوَٰلِهِمْ وَأَنفُسِهِمْ فِى سَبِيلِ ٱللَّهِ وَقَالُوا۟ لَا تَنفِرُوا۟ فِى ٱلْحَرِّ ۗ قُلْ نَارُ جَهَنَّمَ أَشَدُّ حَرًّا ۚ لَّوْ كَانُوا۟ يَفْقَهُونَ

(യുദ്ധത്തിനു പോകാതെ) പിന്‍മാറി ഇരുന്നവര്‍ അല്ലാഹുവിന്‍റെ ദൂതന്‍റെ കല്‍പനക്കെതിരായുള്ള അവരുടെ ഇരുത്തത്തില്‍ സന്തോഷം പൂണ്ടു. തങ്ങളുടെ സ്വത്തുക്കള്‍കൊണ്ടും ശരീരങ്ങള്‍കൊണ്ടും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യുവാന്‍ അവര്‍ ഇഷ്ടപ്പെട്ടില്ല. അവര്‍ പറഞ്ഞു: ഈ ഉഷ്ണത്തില്‍ നിങ്ങള്‍ ഇറങ്ങിപുറപ്പെടേണ്ട. നബിയേ പറയുക: നരകാഗ്നി കൂടുതല്‍ കഠിനമായ ചൂടുള്ളതാണ്‌. അവര്‍ കാര്യം ഗ്രഹിക്കുന്നവരായിരുന്നെങ്കില്‍. (ഖു൪ആന്‍:9/81)

ഇസ്ലാമിലെ ആദ്യ കാലത്തുണ്ടായ യുദ്ധങ്ങളിൽ പലതും ശക്തമായ ചൂടു കാലത്തായിരുന്നു. ശക്തമായ ചൂട് കാരണം ആളുകൾ പുറത്തിറങ്ങാൻ പോലും മടി കാണിച്ച സമയത്താണ് തബൂക്കിലേക്ക് നബി ﷺ യും സ്വഹാബികളും യുദ്ധത്തിന് വേണ്ടി പുറപ്പെട്ടത്. എന്നാല്‍ കപടവിശ്വാസികള്‍ യുദ്ധത്തിന് വേണ്ടി പുറപ്പെട്ടില്ലെന്നു മാത്രമല്ല, യുദ്ധത്തിന് പോകുന്നവരോട് ഈ കൊടുംചൂടില്‍ യുദ്ധത്തിന് പോകേണ്ടതില്ലെന്ന് പറഞ്ഞ് അവരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍, അവര്‍ക്ക്‌ അനുഭവിക്കാനിരിക്കുന്ന നരകാഗ്നിയുടെ ഉഷ്‌ണം അതിനെക്കാള്‍ എത്രയോ കഠിനതരമാണെന്ന്‌ അവര്‍ ഓര്‍ത്തിരിക്കട്ടെയെന്ന് അല്ലാഹു അവരെ ഓ൪മ്മിപ്പിച്ചു.

പരലോകത്ത് നരകത്തില്‍ ചൂട് കൊണ്ടാണ് മനുഷ്യരെ അല്ലാഹു ശിക്ഷിക്കുന്നത്. ഇന്ന് ഈ ഭൂമിയില്‍ കഠിനമായ ചൂട് അനുഭവിക്കുമ്പോള്‍ നരകത്തിലെ തീയെ കുറിച്ച് ചിന്തിക്കാന്‍ സത്യവിശ്വാസികള്‍ക്ക് കഴിയണം.

عَنْ أَبِي هُرَيْرَةَ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏”‏ نَارُكُمْ هَذِهِ الَّتِي يُوقِدُ ابْنُ آدَمَ جُزْءٌ مِنْ سَبْعِينَ جُزْءًا مِنْ حَرِّ جَهَنَّمَ ‏”‏ ‏.‏ قَالُوا وَاللَّهِ إِنْ كَانَتْ لَكَافِيَةً يَا رَسُولَ اللَّهِ ‏.‏ قَالَ ‏”‏ فَإِنَّهَا فُضِّلَتْ عَلَيْهَا بِتِسْعَةٍ وَسِتِّينَ جُزْءًا كُلُّهَا مِثْلُ حَرِّهَا

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ അരുളി: മനുഷ്യൻ കത്തിക്കുന്ന നിങ്ങളുടെ ഈ തീ നരകതാപത്തിന്റെ എഴുപതില്‍ ഒരംശംമാത്രമാണ്. സ്വഹാബത്ത് പറഞ്ഞു: ദൈവദൂതരേ, ഇതുതന്നെ വേണ്ടത്ര ചൂടുണ്ടല്ലോ? തിരുമേനി(സ്വ) അരുളി: നരകത്തീ ഇതിനേക്കാൾ അറുപത്തൊമ്പത് ഇരട്ടി ചൂടുള്ളതായിരിക്കും. ഓരോ ഇരട്ടിയും ഇതുപോലെ ചൂടുള്ളതാണ്.(മുസ്‌ലിം: 2843)

ഇന്ന് ചൂടിന്റെ കാരണം പറഞ്ഞ് പള്ളിയിൽ പോയി ജമാഅത്ത് നമസ്കാരം നിർവ്വഹിക്കാത്ത പുരുഷൻമാരുണ്ട്. ചൂടിന്റെ കാരണം പറഞ്ഞ് ഇസ്ലാമിക വേഷം ഒഴിവാക്കുന്ന സ്ത്രീകളുണ്ട്. ചൂടിന്റെ കാരണം പറഞ്ഞ് നോമ്പ് പോലെയുള്ള ഇബാദത്തുകളിൽ അലസത കാണിക്കുന്ന സ്ത്രീ-പുരുഷൻമാരുണ്ട്. അല്ലാഹു പറഞ്ഞതുപോലെ, ആളുകൾ ഈ വസ്തുത മനസ്സിലാക്കിയിരുന്നുവെങ്കിൽ അവർ കുറച്ചുകാലം മാത്രം സഹിക്കേണ്ടുന്ന ചൂടിനെ അവഗണിക്കുകയും പരലോകത്തെ അനശ്വരമായിട്ടുള്ള കടുത്ത ചൂടിൽ നിന്ന് രക്ഷപെടുന്നതിനായി പരിശ്രമിക്കുകയും ചെയ്യുമായിരുന്നു.

كَذَّبَ ٱلَّذِينَ مِن قَبْلِهِمْ فَأَتَىٰهُمُ ٱلْعَذَابُ مِنْ حَيْثُ لَا يَشْعُرُونَ – فَأَذَاقَهُمُ ٱللَّهُ ٱلْخِزْىَ فِى ٱلْحَيَوٰةِ ٱلدُّنْيَا ۖ وَلَعَذَابُ ٱلْءَاخِرَةِ أَكْبَرُ ۚ لَوْ كَانُوا۟ يَعْلَمُونَ

അവര്‍ക്ക് മുമ്പുള്ളവരും സത്യത്തെ നിഷേധിച്ചു കളഞ്ഞു. അപ്പോള്‍ അവര്‍ അറിയാത്ത ഭാഗത്ത്കൂടി അവര്‍ക്ക് ശിക്ഷ വന്നെത്തി. അങ്ങനെ ഐഹികജീവിതത്തില്‍ അല്ലാഹു അവര്‍ക്ക് അപമാനം ആസ്വദിപ്പിച്ചു. പരലോകശിക്ഷ തന്നെയാകുന്നു ഏറ്റവും ഗുരുതരമായത്‌. അവര്‍ അത് മനസ്സിലാക്കിയിരുന്നെങ്കില്‍! (ഖുർആൻ:39/25-26)

സത്യത്തെ നിഷേധിച്ചുതള്ളി, ഭൗതിക സുഖം മാത്രം ലക്ഷ്യമാക്കി ജീവിക്കുന്നവര്‍ക്ക് അപമാനകരമായ ജീവിതമാണ് ഇരു ലോകത്തും ഉണ്ടാവുക. ഇഹത്തില്‍വെച്ച്  ലഭിച്ചേക്കാവുന്ന ശിക്ഷയേക്കാള്‍ എത്രയോ വമ്പിച്ചതായിരിക്കും പരലോകത്തുവെച്ചു ലഭിക്കുന്ന ശിക്ഷ. ജനങ്ങള്‍ വാസ്തവം മനസ്സിലാക്കിയിരുന്നുവെങ്കില്‍,  അവര്‍ ഒരിക്കലും ഇത്തരം ദുഷിച്ച ചെയ്തികള്‍ക്ക് വശംവദരാകുമായിരുന്നില്ല.

وَٱلَّذِينَ هَاجَرُوا۟ فِى ٱللَّهِ مِنۢ بَعْدِ مَا ظُلِمُوا۟ لَنُبَوِّئَنَّهُمْ فِى ٱلدُّنْيَا حَسَنَةً ۖ وَلَأَجْرُ ٱلْءَاخِرَةِ أَكْبَرُ ۚ لَوْ كَانُوا۟ يَعْلَمُونَ

അക്രമത്തിന് വിധേയരായതിന് ശേഷം അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞ് പോയവരാരോ അവര്‍ക്ക് ഇഹലോകത്ത് നാം നല്ല താമസസൌകര്യം ഏര്‍പെടുത്തികൊടുക്കുകതന്നെ ചെയ്യും. എന്നാല്‍, പരലോകത്തെ പ്രതിഫലം തന്നെയാകുന്നു ഏറ്റവും മഹത്തായത്‌. അവര്‍ (അത്‌) അറിഞ്ഞിരുന്നുവെങ്കില്‍ (ഖുർആൻ:16/41)

മുഹമ്മദ് അമാനി മൗലവി (റഹി) പറയുന്നു: ഈ വാഗ്ദാനം അന്നത്തെ ആ സത്യവിശ്വാസികളില്‍ മാത്രമല്ല അല്ലാഹു പാലിച്ചിരിക്കുന്നത്. സത്യവിരോധികളാല്‍ മതത്തിന്റെ പേരില്‍ അക്രമമര്‍ദ്ദനങ്ങള്‍ക്കു വിധേയരായിക്കൊണ്ടും, അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും ലക്ഷ്യമാക്കിക്കൊണ്ടും നാടുവിട്ടുപോകേണ്ടി വരുന്ന സത്യവിശ്വാസികളില്ലെല്ലാം തന്നെ ഈ വാഗ്ദാനം അല്ലാഹു പൂര്‍ത്തിയാക്കിയിട്ടുണ്ട്. അതവന്‍ ഭാവിയിലും പാലിക്കുകയും ചെയ്യും. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 16/41ന്റെ വിശദീകരണം)

ﻭَﺇِﻥ ﻛَﺎﻥَ ﺫُﻭ ﻋُﺴْﺮَﺓٍ ﻓَﻨَﻈِﺮَﺓٌ ﺇِﻟَﻰٰ ﻣَﻴْﺴَﺮَﺓٍ ۚ ﻭَﺃَﻥ ﺗَﺼَﺪَّﻗُﻮا۟ ﺧَﻴْﺮٌ ﻟَّﻜُﻢْ ۖ ﺇِﻥ ﻛُﻨﺘُﻢْ ﺗَﻌْﻠَﻤُﻮﻥَ

ഇനി (കടം വാങ്ങിയവരില്‍) വല്ല ഞെരുക്കക്കാരനും ഉണ്ടായിരുന്നാല്‍ (അവന്) ആശ്വാസമുണ്ടാകുന്നത് വരെ ഇടകൊടുക്കേണ്ടതാണ്‌. എന്നാല്‍ നിങ്ങള്‍ ദാനമായി (വിട്ടു) കൊടുക്കുന്നതാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം. നിങ്ങള്‍ അറിവുള്ളവരാണെങ്കില്‍. (ഖു൪ആന്‍ :2/280)

കടക്കാരന് കടം വീട്ടുവാന്‍ സാധിക്കാത്തവിധം ഞെരുക്കം ബാധിച്ചാല്‍, അതിനുള്ള സൗകര്യം ഉണ്ടാകുന്നതുവരെ അവനെ ബുദ്ധിമുട്ടിക്കാതെ ഒഴിവുകൊടുക്കുന്നവന് അല്ലാഹു നല്ല പ്രതിഫലം നല്‍കുന്നതാണ്. എന്നാൽ കടം വാങ്ങിയവന്‍ പാവപ്പെട്ടവനോ ദരിദ്രനോ അത് കൊടുത്ത് വീട്ടാന്‍‌ കഴിവില്ലാത്തവനോ ആണെങ്കില്‍ അത് വിട്ടുകൊടുക്കുന്നതും ഏറെ പുണ്യകരമാണെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. ആളുകൾ അത് അറിവുള്ളവരാണെങ്കിൽ ഈ പുണ്യം നേടാൻ പരിശ്രമിക്കുന്നവരായിരിക്കും.

ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮٓا۟ ﺇِﺫَا ﻧُﻮﺩِﻯَ ﻟِﻠﺼَّﻠَﻮٰﺓِ ﻣِﻦ ﻳَﻮْﻡِ ٱﻟْﺠُﻤُﻌَﺔِ ﻓَﭑﺳْﻌَﻮْا۟ ﺇِﻟَﻰٰ ﺫِﻛْﺮِ ٱﻟﻠَّﻪِ ﻭَﺫَﺭُﻭا۟ ٱﻟْﺒَﻴْﻊَ ۚ ﺫَٰﻟِﻜُﻢْ ﺧَﻴْﺮٌ ﻟَّﻜُﻢْ ﺇِﻥ ﻛُﻨﺘُﻢْ ﺗَﻌْﻠَﻤُﻮﻥَ

സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്കാരത്തിന് വിളിക്കപ്പെട്ടാല്‍ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയിലേക്ക് നിങ്ങള്‍ വേഗത്തില്‍ വരികയും, വ്യാപാരം ഒഴിവാക്കുകയും ചെയ്യുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം, നിങ്ങള്‍ കാര്യം മനസ്സിലാക്കുന്നുവെങ്കില്‍. (ഖു൪ആന്‍: 62/9)

വെള്ളിയാഴ്ച നമസ്കാരത്തിന് വിളിക്കപ്പെട്ടാല്‍, ശേഷമുള്ള കച്ചവടങ്ങളും ജോലികളുമെല്ലാം ഹറാമാകുന്നു. ജുമുഅക്ക് പുറപ്പെടേണ്ടതിന്റെ അവസാനത്തെ അവസരമാണ് ബാങ്ക് കുറിക്കുന്നത്. ഖത്തീബ് മിമ്പറില്‍ കയറി ഇരിക്കുകയും മുഅദ്ദിന്‍ ബാങ്ക് കൊടുക്കുകയും ചെയ്താല്‍പിന്നെ താമസിക്കാവാന്‍ പാടില്ല. മറ്റെല്ലാ ജോലികളും മാറ്റിവെച്ച് അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയിലേക്ക് അഥവാ ഖുത്വുബ ശ്രവിക്കുന്നതിനും നമസ്കാരം നിർവ്വഹിക്കുന്നതിനും കടന്നുവരണം. അല്‍പനേരം നിങ്ങളുടെ ഭൌതിക കാര്യങ്ങളും ജോലിത്തിരക്കുകളും ഒന്നു നിറുത്തിവെച്ചാലുണ്ടാകുന്ന നഷ്ടവും, ജുമുഅയില്‍ പങ്കെടുത്താല്‍ ലഭിക്കുവാനിരിക്കുന്ന നേട്ടങ്ങളും ഒന്നു തുലനം ചെയ്യുമ്പോള്‍ ‘ഇതാണ് നിങ്ങള്‍ക്കു ഉത്തമവും കൂടുതല്‍ ലാഭകരവും’ എന്ന് മനസ്സിലാക്കാമെന്നും അല്ലാഹു ഓ൪മ്മിപ്പിക്കുന്നു. അല്ലാഹു പറഞ്ഞതുപോലെ ആളുകൾ അത് മനസ്സിലാക്കിയിരുന്നെങ്കിൽ, ജുമുഅക്ക് ബാങ്ക് വിളിച്ചാൽപിന്നെ ജോലി ചെയ്യുന്ന കച്ചവടം ചെയ്യുന്ന മുസ്ലിംകൾ ഉണ്ടാകുമായിരുന്നില്ല.

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *