السَّلَمُ والسلفُ بمعنى واحد، وهو: بيعُ سلعةٍ آجلة موصوفة في الذمة بثمن مُقَدَّم.
നിർണിത ഗുണവിശേഷണങ്ങളുള്ള ഒരു ചരക്ക് നിർണിത അവധിയിൽ തരാമെന്ന് ഉത്തരവാദിത്തമേറ്റു മുൻകൂട്ടി വില സ്വീകരിച്ച് നടത്തുന്ന കച്ചവടമാണ് സലം അഥവാ മുൻകൂർ കച്ചവടം.
ഇത് മതപരമാണെന്നതിന്റെ തെളിവ് താഴെ കൊടുക്കുന്നതാണ്:
عن ابن عباس رضي الله عنهما قال: قدم رسول الله – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – المدينة، وهم يسلفون في الثمار السنة والسنتين، فقال: من أسلف، فليسلف في كيل معلوم ووزن معلوم إلى أجل معلوم.
ഇബ്‌നു അബ്ബാസ് رضى الله عنه വിൽ നിന്ന് നിവേദനം: തിരുദൂതർ ﷺ മദീനയിലേക്ക് ചെന്നു. മദീനക്കാർ പഴങ്ങൾക്ക് ഒന്നോ രണ്ടോ വർഷം മുമ്പുതന്നെ മുൻകൂറായി പണം കൊടുക്കുമായിരുന്നു. അപ്പോൾ തിരുനബിﷺ പറഞ്ഞു: ‘വല്ലവരും മുൻകൂറായി പണം നൽകുകയാണെങ്കിൽ അളവും തൂക്കവും അവധിയും മുൻകൂട്ടി നിശ്ചയിച്ച് അവൻ മുൻകൂർ പണം നൽകട്ടെ’. (ബുഖാരി, മുസ്ലിം)
‘സലം’ മതപരമാക്കിയതിലെ യുക്തി:
ഇസ്‌ലാമിക ശരീഅത്ത് അതിലെ അംഗങ്ങൾക്ക് വിശാലത നൽകിയാണ് സലം അനുവദിച്ചത്. ഒരു കർഷകൻ തന്റെ ഭൂമി കൃഷിയോഗ്യമാക്കുവാനും അതിൽ കൃഷിയിറക്കുവാനും ചെലവുചെയ്യാനുള്ള പണം ഉടമപ്പെടുത്തിക്കൊള്ളണമെന്നില്ല. തനിക്കു കടം തരുന്നവരെയും അയാൾ കണ്ടെത്തിക്കൊള്ളണമെന്നില്ല. തന്റെ ഭൂമിയെ ഫലഭൂയിഷ്ഠമാക്കുകയെന്ന നന്മ അയാൾക്ക് നഷ്ടമാകാതിരിക്കുവാൻ അയാൾക്ക് സലം അനുവദിക്കപ്പെട്ടു.
സലമിന്റെ നിബന്ധനകൾ
കച്ചവടത്തിന്റെ ഇനങ്ങളിലൊന്നാകുന്നു സലം. അതിനാൽ വ്യാപാര ഉടമ്പടിക്കുള്ളതായ, മുകളിൽ പറഞ്ഞ ശർത്ത്വുകൾ സലം സാധുവാകുവാനും ശർത്ത്വാക്കപ്പെടും. താഴെ വരുന്നവ അതോടൊപ്പം ചേർക്കപ്പെടുകയും ചെയ്യും:
1.പരസ്പര തർക്കത്തിലേക്ക് എത്താതിരിക്കുവാൻ അളവ്, തൂക്കം, നീളം എന്നിവകൊണ്ട് സലമിടപാടിലെ ചരക്കിന്റെ തരം നിർണയിക്കുവാൻ സാധിക്കണം.
2. മതപരമായ മാനദണ്ഡംകൊണ്ട് കച്ചവടച്ചരക്കിന്റെ തോത് മനസ്സിലാക്കണം. അതിനാൽ അളെന്നടുക്കുന്നതിൽ തൂക്കവും തൂക്കപ്പെടുന്നതിൽ അളവും ശരിയാവുകയില്ല.
3. അവധിക്കച്ചവടത്തിലെ വസ്തുവിനുള്ള പ്രത്യേകമായ തരംതിരിവുകൾകൊണ്ട് അവയുടെ വർഗവും ഇനവും വ്യക്തമാക്കപ്പെടണം.
4. അവധിക്കച്ചവടത്തിലെ വസ്തു ഉത്തരവാദിത്വത്തിൽ പറഞ്ഞ കടമായിരിക്കണം.
5. അത് അവധി വെക്കപ്പെട്ടതായിരിക്കണം.
6. ഇരുകക്ഷികളാലും നിർണയിക്കപ്പെട്ടതും അറിയപ്പെട്ടതുമായിരിക്കണം അവധി.
7. ഉടമ്പടിയുടെ സദസ്സിൽവെച്ച് ഇടപാടുകാർ പിരിയുന്നതിനു മുമ്പ് നിശ്ചിത തുക പൂർണമായും കൈപ്പറ്റിയിരിക്കണം.
8. ഇടപാടുകാരന് സമയത്തുതന്നെ ഏൽപിച്ചുകൊടുക്കുവാൻ വേണ്ടി സലം നടത്തപ്പെടുന്ന സാധനം അവധിയെത്തുന്ന സമയത്ത് മിക്കവാറും ഉണ്ടാകുന്നതായിരിക്കണം. അവധിയെത്തുമ്പോൾ ഉണ്ടാകുവാൻ ഹിതമില്ലാത്ത വസ്തുവിൽ ശൈത്യകാലത്ത് റുത്വബ് കാരക്കയെന്നപോലെ സലം സാധുവാകുകയില്ല. കാരണം അത് വഞ്ചനാപരമാകുന്നു.
ഒരു സംഘം പണ്ഡിതന്മാർ രചിച്ച الفقه الميسر في ضوء الكتاب والسنة എന്ന ഗ്രന്ഥത്തിൽനിന്നുമെടുത്തത്
വിവര്‍ത്തനം : അബ്ദുൽ ജബ്ബാർ മദീനി
www.kanzululoom.com