അല്ലാഹുവിന്റെ ആയത്തുകളിൽ ഇൽഹാദ് കാണിക്കുന്നവര്‍

 إِنَّ ٱلَّذِينَ يُلْحِدُونَ فِىٓ ءَايَٰتِنَا لَا يَخْفَوْنَ عَلَيْنَآ ۗ أَفَمَن يُلْقَىٰ فِى ٱلنَّارِ خَيْرٌ أَم مَّن يَأْتِىٓ ءَامِنًا يَوْمَ ٱلْقِيَٰمَةِ ۚ ٱعْمَلُوا۟ مَا شِئْتُمْ ۖ إِنَّهُۥ بِمَا تَعْمَلُونَ بَصِيرٌ

നമ്മുടെ ദൃഷ്ടാന്തങ്ങളുടെ നേരെ വക്രത കാണിക്കുന്നവരാരോ അവര്‍ നമ്മുടെ ദൃഷ്ടിയില്‍ നിന്ന് മറഞ്ഞു പോകുകയില്ല; തീര്‍ച്ച. അപ്പോള്‍ നരകത്തിലെറിയപ്പെടുന്നവനാണോ ഉത്തമന്‍ അതല്ല ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ നിര്‍ഭയനായിട്ട് വരുന്നവനോ? നിങ്ങള്‍ ഉദ്ദേശിച്ചത് നിങ്ങള്‍ ചെയ്തുകൊള്ളുക. തീര്‍ച്ചയായും അവന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടറിയുന്നവനാകുന്നു. (ഖുർആൻ:41/40)

الإِلْحَادُ (ഇൽഹാദ്) എന്നാൽ ഭാഷാപരമായി നേരായ പാതയിൽ നിന്നുള്ള ചായ്‌വ് അല്ലെങ്കിൽ വ്യതിചലനം (المَيْلُ عَنِ الصَّوَابِ) എന്നാണ് അര്‍ത്ഥം. ഖബറിന്റെ ഒരു വശത്തേക്ക് ചരിഞ്ഞു വെട്ടുന്ന ഭാഗത്തിന് ‘ലഹദ്’ (الَلَّحْدُ) എന്ന് പറയുന്നത് ഇതുകൊണ്ടാണ് (നേരെ താഴോട്ട് പോകാതെ വശത്തേക്ക് തിരിയുന്നത് കൊണ്ട്). ഖുർആൻ വചനങ്ങളുടെ ശരിയായ അർത്ഥത്തിൽ നിന്നും ലക്ഷ്യത്തിൽ നിന്നും വ്യതിചലിച്ച് തെറ്റായ വഴിയിലേക്ക് പോകുന്നതിനാണ് ‘ഇൽഹാദ്’ എന്ന് പറയുന്നത്.

قال ابن عباس : الإلحاد : وضع الكلام على غير مواضعه.

ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: ‘ഇൽഹാദ് എന്നാൽ വാക്കുകളെ അതിന്റേതല്ലാത്ത സ്ഥാനങ്ങളിൽ വെക്കലാണ്. (ഇബ്നുകസീര്‍)

{إِنَّ ٱلَّذِينَ يُلْحِدُونَ فِىٓ ءَايَٰتِنَا} يميلون عن الحق في أدلتنا.

{നമ്മുടെ ദൃഷ്ടാന്തങ്ങളുടെ നേരെ വക്രത കാണിക്കുന്നവര്‍} അതായത് നമ്മുടെ തെളിവുകളിൽ നിന്ന് സത്യത്തെ വെടിഞ്ഞ് തെറ്റിലേക്ക് ചരിയുന്നവർ.

قال مجاهد : يلحدون في آياتنا بالمكاء والتصدية واللغو واللغط.

മുജാഹിദ് رحمه الله പറഞ്ഞു: ‘അവർ നമ്മുടെ ആയത്തുകളിൽ ഇൽഹാദ്  കാണിക്കുന്നത് വിസിലടിച്ചും കൈയടിച്ചും അനാവശ്യ ബഹളങ്ങളും കൂക്കിവിളികളും ഉണ്ടാക്കിയുമാണ്.

قال قتادة : يكذبون في آياتنا .

ഖതാദ رحمه الله പറഞ്ഞു: ‘അവർ നമ്മുടെ ആയത്തുകളെ വ്യാജമാക്കുകയാണ് ചെയ്യുന്നത്.’

قال السدي : يعاندون ويشاقون.

അസ്സുദ്ദീ رحمه الله പറഞ്ഞു: ‘അവർ കടുത്ത വാശികാണിക്കുകയും ശത്രുത പുലർത്തുകയും ചെയ്യുന്നു.’ (ബഗ്‌വി)

الإلحاد في آيات الله: الميل بها عن الصواب، بأي وجه كان: إما بإنكارها وجحودها، وتكذيب من جاء بها، وإما بتحريفها وتصريفها عن معناها الحقيقي، وإثبات معان لها، ما أرادها الله منها.

അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിലുള്ള ഇൽഹാദ്: ശരിയിൽനിന്നും തെറ്റിപ്പോകലാണ്. അത് ഏത് രൂപത്തിലായാലും ശരി; അതിനെ എതിർക്കലാകാം, നിഷേധിക്കലുമാകാം. അതു കൊണ്ടുവന്നവനെ കളവാക്കലുമാകാം. അതുമല്ലെങ്കിൽ അതിൽ മാറ്റത്തിരുത്തലുകൾ വരുത്തലും യഥാർഥ അർഥത്തിൽനിന്ന് തെറ്റിക്കലുമാകാം. അല്ലാഹു ഉദ്ദേശിക്കാത്ത അർഥം സ്ഥാപിക്കലുമാകാം. (തഫ്സീറുസ്സഅ്ദി)

ചുരുക്കത്തിൽ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളുടെ നേരെ ‘ഇൽഹാദ്’ പ്രധാനമായും നാല് രീതിയിലാണ് സംഭവിക്കുന്നത്:

1.തഹ്‌രീഫും ദുർവ്യാഖ്യാനവും

ഖുർആൻ വചനങ്ങളുടെ ശരിയായ ഭാഷാപരവും ശർഈയുമായ അർത്ഥങ്ങളെ മാറ്റുകയും അല്ലാഹു ഉദ്ദേശിക്കാത്ത തെറ്റായ ആശയങ്ങൾ അതിലേക്ക് കൂട്ടിച്ചേർക്കുകയും ചെയ്യുക.

2.പരസ്യമായ നിഷേധവും വ്യാജമാക്കലും

അല്ലാഹുവിന്റെ ആയത്തുകൾ അവിശ്വസിക്കുകയും അവ പ്രവാചകനിലേക്ക് അവതരിപ്പിക്കപ്പെട്ടതല്ലെന്ന് പറഞ്ഞ് തള്ളിക്കളയുകയും ചെയ്യുക.

3.ശത്രുതയും വെല്ലുവിളിയും

സത്യവും തെളിവുകളും ബോധ്യപ്പെട്ടിട്ടും അഹങ്കാരത്തോടെ അതിനെതിരെ യുദ്ധം ചെയ്യുകയും പിടിവാശി കാണിക്കുകയും ചെയ്യുക.

4.കേൾക്കാതിരിക്കാൻ ബഹളമുണ്ടാക്കൽ

ഖുർആൻ പാരായണം ചെയ്യപ്പെടുമ്പോൾ അത് ജനങ്ങളിലേക്ക് എത്താതിരിക്കാൻ കൈയടിച്ചും വിസിലടിച്ചും അനാവശ്യ ബഹളങ്ങൾ സൃഷ്ടിച്ച് തടസ്സപ്പെടുത്തുക.

ٱلَّذِينَ يُلْحِدُونَ എന്ന വാക്കിനാണ് ‘വക്രത കാണിക്കുന്നവർ’ എന്നു നാം അർത്ഥം കൽപിച്ചത്. കുത്തിപ്പറയുക, മാറ്റിമറിക്കുക, വളച്ചുതിരിക്കുക, ദുർവ്യാഖ്യാനം നടത്തുക മുതലായ വിക്രിയകൾ മുഖേന നേരായ മാർഗ്ഗത്തിൽനിന്നു തെറ്റിപ്പോയവര്‍ എന്നാണതുകൊണ്ടു ഉദ്ദേശ്യം. അതുകൊണ്ടാണ് നിർമ്മതവാദികൾക്കും മതകാര്യങ്ങളില്‍ താന്തോന്നിത്തരം പറയുന്നവർക്കും ملحد (മുൽഹിദ്) എന്നു പറയുന്നത്. യുക്തിവാദങ്ങളും, ദുർന്യായങ്ങളും വഴി അല്ലാഹുവിന്റെ ലക്ഷ്യദൃഷ്ടാന്തങ്ങളെയും, വേദവാക്യങ്ങളെയും വിമർശിച്ചു തള്ളുന്നവരും, ദുർവ്യാഖ്യാനംവഴി സത്യത്തെ അലങ്കോലപ്പെടുത്തി പ്രദർശിപ്പിക്കുന്നവരും അല്ലാഹു നൽകിയ ഈ കനത്ത താക്കീതുകൾക്കു പാത്രങ്ങളാകുന്നു. ആദ്യം അര്‍ത്ഥഗർഭമായ ഒരു താക്കീതു നൽകി. അതായതു, അവർ നമ്മുടെ ദൃഷ്ടിയിൽ പെടാതെ മറഞ്ഞുപോകയില്ല എന്ന്. അവർ നരകത്തിൽ ഇടപ്പെടുമെന്നും ഖിയാമത്തുനാളിൽ അവർക്കു ഒരു രക്ഷയുമില്ല എന്നും തുടർന്നു ചൂണ്ടിക്കാട്ടി. ഇതുകൊണ്ടും അവസാനിപ്പിക്കാതെ, ‘ഹേ കൂട്ടരേ, നിങ്ങളുദ്ദേശിച്ചതു നിങ്ങൾ പ്രവർത്തിച്ചേക്കുവിൻ, നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാണ്’{ٱعْمَلُوا۟ مَا شِئْتُمْ ۖ إِنَّهُۥ بِمَا تَعْمَلُونَ بَصِيرٌ} എന്നു ശക്തിയായ ഭാഷയിൽ നാലാമതു നേരിട്ടൊരു താക്കീതും! അല്ലാഹുവിന്റെ ആയത്തുകളിൽ വക്രത കാണിക്കുന്നവരെക്കുറിച്ച് അവന്നുള്ള വെറുപ്പിന്റെയും, അമർഷത്തിന്റെയും കാഠിന്യത്തെയാണ് ഇതെല്ലാം കാണിക്കുന്നത്. (അമാനി തഫ്സീര്‍)

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *