قال النبي صلى الله عليه وسلم: بُنِيَ الإِسْلامُ عَلَى خَمْسٍ: شَهَادَةِ أَنَّ لا إِلَهَ إِلا الله، وَأَنَّ مُحَمَّدًا رَسُولُ اللهِ، وإِقَامِ الصَّلاةِ، وَإِيتَاءِ الزَّكَاةِ، وَحِجِّ البَيتِ، وَصَومِ رَمَضَانَ.
നബി ﷺ പറഞ്ഞു: ഇസ്‌ലാം അഞ്ച് കാര്യങ്ങളിന്മേലാണ് പടുത്തുയർത്തപ്പെട്ടിരിക്കുന്നത്: അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് ﷺ അല്ലാഹുവിന്റെ റസൂലാണെന്നും സാക്ഷ്യം വഹിക്കൽ, നമസ്കാരം മുറപോലെ നിർവ്വഹിക്കൽ, സകാത്ത് നൽകൽ, കഅ്ബാലയത്തിൽ പോയി ഹജ്ജ് ചെയ്യൽ, റമളാനിൽ നോമ്പനുഷ്ഠിക്കൽ. (ബുഖാരി, മുസ്ലിം)
ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല) എന്ന സാക്ഷ്യവചനത്തിന്റെ അർത്ഥം: ഉലൂഹിയ്യത്തിനും ഉബൂരിയ്യത്തിനും (ആരാധനയ്ക്കും അടിമപ്പെടലിനും) അർഹനായി അല്ലാഹു അല്ലാതെ മറ്റാരുമില്ലെന്നും, അവൻ ഏകനും പങ്കാളികളില്ലാത്തവനുമാണെന്ന് ഒരു ദാസൻ അറിയലും അടിയുറച്ചു വിശ്വസിക്കലും അത് ജീവിതത്തിൽ പാലിക്കലുമാണ്.
അത് ദാസനിൽ നിർബന്ധമാക്കുന്നത് ഇതാണ്: മതം മുഴുവൻ അല്ലാഹുവിന് മാത്രമായി നിഷ്കളങ്കമാക്കുക (ഇഖ്‌ലാസ്), ഒരാളുടെ ബാഹ്യവും ആന്തരികവുമായ എല്ലാ ആരാധനകളും അല്ലാഹുവിന് മാത്രമായിരിക്കുക; മതപരമായ എല്ലാ കാര്യങ്ങളിലും അവനോട് യാതൊന്നിനെയും പങ്കുചേർക്കാതിരിക്കുക.
ഇതാണ് പ്രവാചകന്മാരുടെയും അവരുടെ അനുയായികളുടെയും, മതത്തിന്റെ മൗലികമായ അടിസ്ഥാനം; അല്ലാഹു പറഞ്ഞതുപോലെ:
ﻭَﻣَﺎٓ ﺃَﺭْﺳَﻠْﻨَﺎ ﻣِﻦ ﻗَﺒْﻠِﻚَ ﻣِﻦ ﺭَّﺳُﻮﻝٍ ﺇِﻻَّ ﻧُﻮﺣِﻰٓ ﺇِﻟَﻴْﻪِ ﺃَﻧَّﻪُۥ ﻻَٓ ﺇِﻟَٰﻪَ ﺇِﻻَّٓ ﺃَﻧَﺎ۠ ﻓَﭑﻋْﺒُﺪُﻭﻥِ
ഞാനല്ലാതെ യാതൊരു ആരാധ്യനുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല. (ഖു൪ആന്‍:21/25)
മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണ് (റസൂൽ) എന്ന സാക്ഷ്യവചനം എന്നാൽ: അല്ലാഹു മുഹമ്മദ് നബിയെ സകല മനുഷ്യരിലേക്കും ജിന്നുകളിലേക്കും റസൂലായി അയച്ചതാണെന്ന് ഒരു ദാസൻ വിശ്വസിക്കലാണ്;
മനുഷ്യരിലേക്കും ജിന്നുകളിലേക്കും, സന്തോഷവാർത്ത അറിയിക്കുന്നവനും താക്കീത് നൽകുന്നവനുമായിട്ടാണ് (നബി ﷺ നിയോഗിക്കപ്പെട്ടത്). (എല്ലാ കാര്യത്തിലും) അല്ലാഹുവിനെ ഏകനാക്കുന്നതിലേക്കും അവനെ അനുസരിക്കുന്നതിലേക്കും അവിടുന്ന് അവരെ ക്ഷണിക്കുന്നു; അവിടുന്ന് അറിയിച്ചുതന്ന വിവരങ്ങളെ സത്യപ്പെടുത്തലിലൂടെയും, അവിടുത്തെ കൽപ്പനകൾ ജീവിതത്തിൽ പകർത്തലിലൂടെയും, അവിടുന്ന് വിലക്കിയ കാര്യങ്ങളിൽ നിന്ന് അകന്നുനിൽക്കലിലൂടെയുമാണ് അത് സാധ്യമാകുന്നത്. അവിടുത്തെ കൊണ്ടുള്ള വിശ്വാസവും (ഈമാൻ) അവിടുത്തെ അനുസരണവും കൊണ്ടല്ലാതെ ദുനിയാവിലും ആഖിറത്തിലും യാതൊരു വിജയമോ നന്മയോ ഇല്ലെന്നും, സ്വന്തം ശരീരത്തെക്കാളും മക്കളെക്കാളും മറ്റെല്ലാ മനുഷ്യരെക്കാളും പ്രവാചകനോടുള്ള സ്നേഹത്തിന് മുൻഗണന നൽകൽ നിർബന്ധമാണെന്നും (അവൻ വിശ്വസിക്കണം).
തന്റെ പ്രവാചകത്വത്തെ (രിസാലത്ത്) വ്യക്തമായി സൂചിപ്പിക്കുന്ന മുഅ്ജിസത്തുക്കൾ കൊണ്ടും, പരിപൂർണ്ണമായ അറിവ്, ഉന്നതമായ സ്വഭാവ മഹിമ എന്നിവ പ്രകൃത്യാ തന്നെ അവിടുന്ന് നൽകപ്പെട്ടതിലൂടെയും, അവിടുത്തെ മതം ഉൾക്കൊള്ളുന്ന നേർമാര്‍ഗം, കാരുണ്യം, സത്യം, കൂടാതെ ദിനീപരവും ഭൗതികവുമായ സർവ്വ നന്മകൾ എന്നിവ കൊണ്ടും അല്ലാഹു അവിടുത്തെ ശക്തിപ്പെടുത്തിയിരിക്കുന്നു (എന്നും അവൻ വിശ്വസിക്കണം).
നബി ﷺ യുടെ ഏറ്റവും വലിയ മുഅ്ജിസത്ത് ഈ മഹത്തായ ഖുർആൻ ആകുന്നു; വാർത്തകളിലും കൽപ്പനകളിലും വിലക്കുകളിലും അതുൾക്കൊള്ളുന്ന സത്യസന്ധതയും കൃത്യതയും കാരണത്താൽ. അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ.
ശൈഖ് നാസിര്‍ അസ്സഅദി رحمة الله യുടെ كتاب منهج السالكين وتوضيح الفقة في الدين എന്ന കൃതി, كتاب الطهارة (ശുദ്ധീകരണത്തിന്റെ അദ്ധ്യായം) ൽ നിന്നും
www.kanzululoom.com